മലങ്കര ചർച്ച് ബിൽ 2020 കരട് ബില്ലിന് ഇടതു മുന്നണി അംഗീകാരം നൽകിയതായുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. സുപ്രീം കോടതി വിധിയുടെ പരിധിക്കുള്ളിൽ നിന്ന് യാക്കോബായ സഭക്ക് ആരാധനാവകാശം ഉറപ്പാക്കുന്ന നിയമ നിർമ്മാണം എന്നാണ് വാർത്തളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. കരട് ബിൽ ജസ്റ്റീസ് കെ.ടി.തോമസ് ചെയർമാനായ നിയമ പരിഷ്കാര കമ്മീഷൻ പ്രസിദ്ധീകരിച്ച കരട് ബില്ലിൽ നിന്ന് വ്യത്യസ്തമാകാനാണ് സാധ്യത.
നിയമ പരിഷ്കാര കമ്മീഷൻ ശുപാർശ ചെയ്ത കരട് ബിൽ ഇടവക പള്ളികളുടെ അംഗബലം പരിശോധിച്ച് ഭൂരിപക്ഷത്തിന് പള്ളിയുടെ ഉടമാവകാശം നൽകുന്നതായിരുന്നു. ഈ നിയമം മൂലം സുപ്രീം കോടതി വിധി പ്രകാരം ലഭിച്ച ഭരണാവകാശം തങ്ങൾക്ക് നഷ്ടപ്പെടുമെന്ന ആക്ഷേപം ആയിരുന്നു ഓർത്തഡോക്സ് സഭ ഉന്നയിച്ചിരുന്നത്. ഈ ആക്ഷേപം കണക്കിലെത്താകണം ഇടത് മുന്നണി ഇരുപക്ഷത്തെയും വേദനിപ്പിക്കാത്ത വ്യത്യസ്ഥ നിയമ നിർമ്മാണത്തിലേക്ക് നീങ്ങാൻ കാരണം.
ഓർത്തഡോക്സ്/ യാക്കോബായ തർക്കം മാത്രമല്ല കേരളത്തിലെ ക്രൈസ്തവ സഭകളിലാകെ ഉടലെടുക്കുന്ന സ്വത്തധികാര തർക്കങ്ങൾ പരിഹരിക്കാൻ 2009 ൽ ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ചെയർമാനായ നിയമ പരിഷ്കാര കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് പാസാക്കാനായിരുന്നു സർക്കാർ തയ്യാറാകേണ്ടിയിരുന്നത്. വിശ്വാസികളുടെ സമ്പത്താൽ നിർമ്മിക്കപ്പെട്ട ഇടവക പള്ളികളുടെ സ്വത്ത് ഭരണാവകാശം ആ നിയമത്തിൽ കൂടി മാത്രമേ പരിരക്ഷിക്കാൻ കഴിയൂ. പുതിയ നിയമ നിർമ്മാണം നടപ്പാക്കുമ്പോൾ സുപ്രീംകോടതി വിധി മൂലം സ്വത്തധികാരം ഉള്ളവരും, സ്വത്തധികാരം നിഷേധിക്കപ്പെടുന്നവരുമായ രണ്ട് വിഭാഗങ്ങൾ സഭയിലുണ്ടാകും. ശാശ്വത സമാധാനത്തിന് പകരം ശ്മശാന സമാധാനം മാത്രമാകും ഉണ്ടാകുക.
ഇടവകപള്ളികളിലെ സ്വത്ത് ഭരണത്തിൽ പ്രത്യേക പരിരക്ഷയോടെ പൗരോഹിത്യ സ്ഥാനികൾക്കുള്ള പ്രത്യക്ഷമോ, പരോക്ഷമോ ആയി ലഭിക്കുന്ന നിലവിലുള്ള സ്വത്തധികാരം പൂർണ്ണമായും ഇല്ലാതാക്കുന്ന നിയമ നിർമ്മാണത്തിൽ കൂടി മാത്രമേ ജനാധിപത്യപരവും , സാമൂഹിക നീതിയും ഉറപ്പാക്കുന്ന ശാശ്വത തർക്ക പരിഹാരം സാധ്യമാകൂ.
2019 ൽ പിണറായി സർക്കാർ പാസാക്കിയ യാക്കോബായ / ഓർത്തഡോക്സ് സഭകൾക്ക് മാത്രം ബാധകമായ സെമിത്തേരി നിയമം പരിമിതികൾ ഏറെയുണ്ടെങ്കിലും ചർച്ച് ആക്ടിലേക്കുള്ള ആദ്യ പടിയായി വേണം അതിനെ കാണാൻ. സുപ്രീം കോടതി വിധി മൂലം ഓർത്തഡോക്സ് പൗരോഹിത്യ നേതൃത്വത്തിന് കീഴ് വഴങ്ങാത്ത യാക്കോബായ സഭാംഗങ്ങൾക്ക് നഷ്ടപ്പെട്ട മൃതദേഹ സംസ്കാരാവകാശം ഉറപ്പാക്കാൻ കഴിഞ്ഞത് സെമിത്തേരി നിയമം മൂലം മാത്രമായിരുന്നു.
സെമിത്തേരി നിയമം പാസാക്കിയെങ്കിലും ആ നിയമം മൂലം യാക്കോബായ സഭയിലെ പൗരോഹിത്യ സ്ഥാനികൾക്ക് സെമിത്തേരികളിൽ പ്രവേശനാവകാശം ലഭിച്ചിരുന്നില്ല. സ്വന്തം ബന്ധുക്കളുടെ കബറിടങ്ങളിൽ പോലും പ്രാർത്ഥന നടത്താൻ കഴിയാതെ ഗേറ്റിന് പുറത്തു നിൽക്കേണ്ടി സ്ഥിതി അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെ പോലും ലംഘനമായിരുന്നു..
സെമിത്തേരി നിയമം കേരളത്തിലെ എല്ലാ ക്രൈസ്തവർക്കും ബാധകമാകും വിധം നിലവിലുള്ള ആക്ഷേപങ്ങൾ പരിഹരിച്ച് ഉചിതമായ ഭേദഗതികളോടെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സർക്കാർ തയ്യാറാകണംചർച്ച് ആക്ടിലേക്കുള്ള രണ്ടാം ഘട്ടമായ പുതിയ നിയമ നിർമ്മാണം മൂലം പള്ളികളുടെ പടിക്ക് പുറത്ത് അയിത്തം കൽപ്പിച്ച് അകലെ നിർത്തിയിരുന്ന യാക്കോബായ സഭാ പുരോഹിതർക്ക് അവർക്ക് ഭുരിപക്ഷമുള്ള പള്ളികളിലും, സെമിത്തേരികളിലും, ആരാധനാവകാശം ലഭിക്കുമെന്നത് ഉറപ്പാണ്.
സുപ്രീം കോടതി വിധി പ്രകാരം യാക്കോബായ സഭാംഗങ്ങൾക്ക് നഷ്ടപ്പെട്ട ആരാധനാവകാശം പുനസ്ഥാപിക്കപ്പെടുന്നതോടെ ഗോപ്യമായി പള്ളി സ്വത്തുക്കൾ തന്നിഷ്ടപ്രകാരം കയ്യടക്കാൻ കഴിയുമെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ദുർമ്മോഹത്തിനാണ് തിരിച്ചടി നേരിടേണ്ടി വരിക. സുപ്രീം കോടതി വിധിയുടെ മറവിൽ പള്ളികൾ കൈവശപ്പെടുത്തിയ ഓർത്തഡോക്സ് വിഭാഗം സ്വേഛാപരമായ നടപടികളിൽ കൂടി പള്ളി സ്ഥാവര ജംഗമ വസ്തുക്കൾ അന്യാധീനപ്പെടുത്തുന്നതായി നിരവധി ആക്ഷേപങ്ങൾ ഉയർന്നു വന്നിരുന്നു.
ഈ നിയമ നിർമ്മാണം പൂർത്തിയായാൽ സുപ്രീംകോടതി വിധി മൂലം ഓർത്തഡോക്സ് പൗരോഹിത്യ നേതൃത്വത്തിന് കീഴ് വഴങ്ങാത്തതിനാൽ പള്ളി കോമ്പൗണ്ടിൽ ഉള്ളിൽ പ്രവേശനം നിഷേധിക്കപ്പെട്ട യാക്കോബായ സഭാംഗങ്ങൾക്ക് സ്വന്തം ഇടവക പള്ളികളിൽ തങ്ങൾക്ക് സ്വീകാര്യമായ പുരോഹിതരിൽ നിന്ന് കുമ്പസാരം ഉൾപ്പെടെയുള്ള ആത്മീയ കൂദാശകൾ സ്വീകരിക്കാൻ കഴിയും.
ഒൻപതംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിൽ ഇരിക്കുന്ന ശബരിമല കേസിൽ ഉണ്ടാകുന്ന വിധി ക്രൈസ്തവ സഭകൾക്കും നിർണ്ണായകമാണ്. ഭരണഘടനാ ധാർമ്മികതക്ക് പരിഗണന നൽകാതെ യാന്ത്രികമായ മുൻകാല സുപ്രീംകോടതി വിധികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയുടെ അടിത്തറയെ തന്നെ ദുർബ്ബലപ്പെടുത്താനുള്ള സാധ്യത ഏറെയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ