നൂറ്റാണ്ടുകൾ പഴക്കമുള്ള യാക്കോബായ/ഓർത്തഡോക്സ് സഭാ തർക്കം കേരളത്തിലെ സാമൂഹിക അന്തരീക്ഷത്തിൽ കരിനിഴൽ വീഴ്ത്തുന്ന ക്രമ സമാധാന പ്രശ്നമായി വളർന്നിട്ടുണ്ട്. സർക്കാരിന്റെ ഔദ്യോഗിക സെൻസ് റിപ്പോർട്ട് പ്രകാരം ഇരു വിഭാഗത്തിനും തുല്യ അംഗബലം ഉണ്ട്. ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കങ്ങളെ കേവലം സ്വത്ത് ഭരണാധികാര തർക്കം മാത്രമായി വിലയിരുത്തി പാതി മാത്രം ജനപിന്തുണയുള്ള ഓർത്തഡോക്സ് വിഭാഗത്തിന് സ്വത്തധികാരം പൂർണ്ണമായി നൽകുന്ന നീതിപീഠ വിധികളാണുണ്ടായത്. കണ്ണും പൂട്ടി ഈ വിധി നടപ്പാക്കണമെന്ന ഓർത്തഡോക്സ് വിഭാഗത്തിന്റെ ശാഠ്യമാണ് തെരുവ് സംഘർഷത്തിലേക്ക് എത്തിക്കുന്നത്.
1950 ൽ ബോംബെ പ്രൊവിൻസ് സർക്കാർ പാസാക്കിയ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ടിന്റെ പരിധിയിൽ ക്രൈസ്തവ സഭകൾ ഉൾപ്പെടെ എല്ലാ മതങ്ങളും ഉൾപ്പെടും. 1954 ൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഭേദഗതികളോടെ അംഗീകരിച്ച ആ നിയമ പ്രകാരം മതസ്വത്ത് ഭരണം സർക്കാർ ഏറ്റെടുക്കുകയല്ല, അതാത് മതവിശ്വാസികളാൽ തെരഞ്ഞെടുക്കപ്പെടുന്ന ഗവേണിംഗ് ബോർഡിന് മതസ്വത്ത് ഭരണ ചുമതല നൽകുകയാണ് ചെയ്യുന്നത്. മതസ്വത്ത് ഭരണം അഴിമതി രഹിതവും , സുതാര്യവും ആകാൻ ആ നിയമം ഏറെ സഹായകരമായി. ഇതേ തുടർന്ന് നിരവധി സംസ്ഥാനങ്ങളിൽ ഇതിനകം മത സ്വത്ത് ഭരണ നിയമങ്ങൾ രൂപം കൊണ്ട് കഴിഞ്ഞു.
കേരളത്തിലെ ക്രൈസ്തവ സഭാ സ്വത്ത് ഭരണം ഫ്യൂഡൽ കാല അവശിഷ്ടമായ പൗരോഹിത്യ കേന്ദ്രീകൃതമായ നിയമങ്ങളാലാണ് ഇപ്പോഴും നടത്തപ്പെടുന്നത് .
സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് കഴിഞ്ഞിട്ടും കേരളത്തിൽ മാറി മാറി അധികാരത്തിൽ വന്ന സർക്കാരുകൾ സമാനമായ നിയമ നിർമ്മാണത്തി തയ്യാറായില്ല എന്നത് ഏറെ ലജ്ജാകരമാണ്. നവോത്ഥാന നായകന്മാരാൽ ഉഴുത് മറിച്ച നവോത്ഥാന ആശയങ്ങൾക്ക് ഏറെ സ്വാധിനമുള്ള കേരളത്തിൽ ഇനിയും അത്തരം നിയമങ്ങൾ ഉണ്ടാകുന്നില്ല എന്നത് ഫ്യൂഡൽ ആശയങ്ങളുടെ മുന്നിലുള്ള കീഴടങ്ങൽ മാത്രമാണ്.
ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ചെയർമാൻ ആയ നിയമ പരിഷ്കാര കമ്മീഷൻ സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകരിച്ച ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് വ്യവസ്ഥകളെ ആധാരമാക്കി ഉള്ളതായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടേ ആ നിയമം ഇപ്പോഴും ശാപമോക്ഷം കാത്ത് നിയമകാര്യ വകുപ്പ് ഫയലിൽ ഉറങ്ങുകയാണ്. ആ നിയമം പാസായിരുന്നെങ്കിൽ യാക്കോബായ/ഓർത്തഡോക്സ് തർക്കം സംബന്ധിച്ച് സുപ്രീം കോടതി വിധികളുടെ ദിശ മാറുമായിരുന്നു.
വിവാദകരമായ സുപ്രീംകോടതി വിധിയിൽ നിർദ്ദേശിച്ചത് പ്രകാരം സർക്കാർ ഇരു വിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റും ഇരുത്തി അനുരജ്ഞനത്തിന് തയ്യാറായെങ്കിലും വിട്ടുവീഴ്ച ചെയ്യാൻ ഓർത്തഡോക്സ് വിഭാഗം തയ്യാറായില്ല. വിശ്വാസപരമായ വിഷയം എന്ന നിലയിൽ കേരളത്തിലെ ഇതര ക്രൈസ്തവ വിഭാഗങ്ങളുടെ മദ്ധ്യസ്ഥതയിലുള്ള തർക്ക പരിഹാര മാർഗം സ്വീകരിച്ചെങ്കിലും ആ നിർദ്ദേശവും ഓർത്തഡോക്സ് വിഭാഗം പരിഹാസപൂർവ്വം നിരാകരിച്ചു.
ഈ സാഹചര്യത്തിലാണ് ആദ്യഘട്ടമായി സുപ്രീംകോടതി വിധി മൂലം മൃതദേഹ സംസ്കാരാവകാശം നിഷേധിക്കപ്പെട്ട വിശ്വാസികളുടെ മൃതദേഹം സംസ്കാരാവകാശം ഉറപ്പു വരുത്തുന്ന സെമിത്തേരി നിയമം സംസ്ഥാന സർക്കാർ പാസാക്കിയത്. ആ നിയമം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ ഓർത്തഡോക്സ് വിഭാഗം സമീപിച്ചെങ്കിലും നിരാകരിക്കപ്പെട്ടു.
https://www.newindianexpress.com/states/kerala/2021/feb/06/kerala-high-court-declinesto-stay-burial-act-2260189.html
ആരാധനാലയങ്ങളിൽ ആരാധനാവകാശം നഷ്ടപ്പെട്ട് തെരുവിലിറക്കപ്പെട്ട വിശ്വാസി സമൂഹത്തിന് നിഷേധിക്കപ്പെട്ട അവകാശം പുനസ്ഥാപിക്കുന്ന നിയമ നിർമ്മാണം നടത്തുമെന്ന് കേരളാ സർക്കാരിനെ നിയന്ത്രിക്കുന്ന ഇടതു മുന്നണി പ്രഖ്യാപിച്ചത് ഏറെ സ്വാഗതാർഹമാണ്. ഈ നിയമ നിർമ്മാണം വിവാദപരമായ ജസ്റ്റീസ് അരുൺമിശ്രയുടെ തന്നെ വിധിയുടെ പരിധിക്കുള്ളിൽ നിന്നു കൊണ്ടാണ് നടപ്പാക്കുന്നത്.
ദൗർഭാഗ്യകരമെന്ന് പറയട്ടേ ഓർത്തഡോക്സ് വിഭാഗം നിർദ്ദിഷ്ട നിയമം നിർമ്മാണത്തെ ഭരണകൂട ഭീകരത എന്നാണ് വിശേഷിപ്പിച്ചത് .
എന്താണ് ഭരണകൂട ഭീകരത ?
രാജ്യത്തിന്റെ ഭരണഘടന നൽകുന്ന അവകാശങ്ങളെ മറികടന്ന് സർക്കാർ നടത്തുന്ന സ്വേഛാധിപത്യ ഭരണ നടപടികളെയാണ് സാധാരണയായി ഭരണകൂട ഭീകരതയായി വിലയിരുത്തപ്പെടുക.
അത്തരം ഏതെങ്കിലും ഭരണഘടനാ വിരുദ്ധമായ നടപടികൾ ഏതെങ്കിലും സർക്കാരുകൾ സ്വീകരിച്ചാൽ അതിൽ ഇടപെട്ട് തടയാൻ ജുഡീഷ്യറിക്ക് അധികാരം നൽകുന്ന ഭരണഘടനയാണ് രാജ്യത്ത് നിലവിലുള്ളത്.
ഇന്ത്യൻ ഭരണഘടന മതവിശ്വാസത്തെയും, മതസ്വത്ത് ഭരണത്തെയും ഒരു പോലെയല്ല കാണുന്നത്. മതവിശ്വാസത്തെയും, ആചാരങ്ങളെയും പുലർത്താനുള്ള അവകാശം അനുവദിക്കുമ്പോൾ തന്നെ , മത സ്വത്ത് ഭരണത്തിന്
സമഗ്ര നിയമ നിർമ്മാണത്തിനുള്ള അധികാരം ലെജിസ്ളേച്ചറുകൾക്ക് നൽകുന്നുണ്ട്.
ഇത്തരം നിയമ നിർമ്മാണത്തിൽ കൂടി സർക്കാർ മതസ്വത്ത് ഭരണം ഏറ്റെടുക്കുകയല്ല, സ്വത്ത് ഭരണത്തിൽ പുറമ്പോക്കിൽ നിന്നിരുന്ന അൽമായ സമൂഹത്തിന് ലിംഗ സമത്വം ഉറപ്പാക്കി നിഷേധിക്കപ്പെട്ട ഭരണാധികാരം നൽകുകയാണ്.
അതാതു മതങ്ങളിലെ വിശ്വാസ സമൂഹത്തിന് വിവേചനരഹിതമായി സ്വത്ത് ഭരണാധികാരം ലഭിക്കുന്ന നിയമ നിർമ്മാണത്തിൽ കൂടി മതസ്വത്ത് ഭരണം കൂടുതൽ സംശുദ്ധവും, സുതാര്യവും ആകും. ലെജിസ്ളേച്ചറുകൾ തങ്ങളിൽ നിക്ഷിപ്തമായ ഭരണഘടനാധികാരം ഉപയോഗിക്കുന്നത്, ഫ്യൂഡൽ നിയമാവലികളുടെ ബലത്തിൽ വിശ്വാസികളെ ചൂഷണം ചെയ്തിരുന്ന പൗരോഹിത്യ ദുഷ്പ്രഭുത്വത്തിന് ആശങ്ക ഉളവാക്കുക സ്വാഭാവികം തന്നെ.
ലെജിസ്ളേച്ചറുകളുടെ നിയമ നിർമ്മാണാധികാരം ജനങ്ങളുടെ താൽപര്യങ്ങൾക്ക് മുൻതൂക്കം നൽകിയാകണം വിനിയോഗിക്കേണ്ടത്. ലെജിസ്ളേച്ചറുകളുടെ ഭരണഘടനാപരമായ ഉത്തരവാദിത്ത നിർവ്വഹണത്തിൽ വീഴ്ച വരുത്തി , നാടുവാഴിത്ത അവശിഷ്ടമായ കാലഹരണപ്പെട്ട മത സ്വത്ത് നിയമാവലികൾ ഉപയോഗിച്ചുള്ള ചൂഷണത്തിനായി വിശ്വാസികളെ വിട്ടു കൊടുക്കുന്നതാണ് യഥാർത്ഥ ഭരണകൂട ഭീകരത.
മത സ്വത്ത് ഭരണാവകാശ നിഷേധിക്കപ്പെടുന്ന മതവിശ്വാസികൾക്ക് ബാഹ്യാധികാര നിയന്ത്രണമില്ലാതെ സ്വത്ത് ഭരണാധികാരം നൽകുന്നത് നവോത്ഥാന ആശയമാണ്.
ഇതിനായുള്ള നിയമ നിർമ്മാണം ജന്മിത്വത്തെ ദുർബലപ്പെടുത്തുകയും , ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയും ചെയ്യും.
ലിംഗ സമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശങ്ങളിൽ ഉൾപ്പെടും. ലിംഗഭേദത്തിന്റെ പേരിൽ സ്ത്രീകളെ , പൊതു ഇടങ്ങളിൽ നിന്നും, ഭരണാധികാര പദവികളിൽ നിന്നും അകറ്റി നിർത്തുന്നത് പുതിയ രീതിയിലുള്ള അയിത്തം ആയി കണക്കാക്കാം എന്നാണ് സുപ്രീംകോടതി കണ്ടെത്തിയിട്ടുള്ളത്.
ലിംഗ സമത്വം ഉറപ്പാക്കുന്ന മതസ്വത്ത് ഭരണ നിയമാവലി രൂപീകരണ ചുമതലയിൽ നിന്ന് ഏതെങ്കിലും ബാഹ്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ലെജിസ്ളേച്ചർ ഒഴിഞ്ഞു മാറുന്നതും ഭരണകൂട ഭീകരത തന്നെ.
കാലഹരണപ്പെട്ട നിയമാവലികളുടെ കാവലാളുകളായി മാറുന്ന ഏതൊരു ഭരണ സംവിധാനവും ഭരണകൂട ഭീകരതയുടെ പര്യായമാണ്.
ജനാധിപത്യ യുഗത്തിൽ ജനങ്ങളാണ് അവസാനവാക്ക് എന്നതാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില. ജനാഭിപ്രായങ്ങളോട് മുഖം തിരിഞ്ഞ് അവർക്ക് നീതി നിഷേധിക്കുന്നതും ഭരണകൂട ഭീകരത തന്നെ.
ഭൂരിപക്ഷത്തിന്റെ മേൽ ന്യൂനപക്ഷത്തിന്റെ അധീശത്വം എന്നത് ജനാധിപത്യ യുഗത്തിന് ഇണങ്ങാത്ത അശ്ളീലം നിറഞ്ഞ , കാട്ടു നീതിയാണ്. ഭരണ നടപടികളിലെ ഇത്തരം കാട്ടുനീതികളാണ് ഭരണകൂട ഭീകരതയായി രൂപാന്തരപ്പെടുന്നത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ