2023, മാർച്ച് 19, ഞായറാഴ്‌ച

സഭാ തർക്ക പരിഹാര നിയമ പരിഷ്കാര കമ്മീഷൻ നിർദ്ദേശം പഴുതടച്ചത്

മലങ്കര സഭാ തർക്കം സംബന്ധിച്ച സുപ്രീം കോടതി  വിധികൾ മുഴുവൻ പലവട്ടം ഇഴകീറി പഠിച്ച ശേഷമാണ്  യാക്കോബായ/ ഓർത്തഡോക്സ് തർക്കം പരിഹരിക്കാൻ നിയമ നിർമ്മാണത്തിന് സർക്കാർ തുനിയുന്നത്. ഇരുസഭകളും തമ്മിലുള്ള സ്വത്ത്  ഭരണാധികാര തർക്കങ്ങളുടെ ഫലമായി കോടിക്കണക്കിന് രൂപയാണ് ക്രമ സമാധാന പാലനത്തിന് സർക്കാർ ഖജനാവിൽ  നിന്ന് ഇപ്പോൾ നഷ്ടപ്പെടുന്നത്. ശാശ്വതമായ തർക്ക പരിഹാരത്തിനായി നിയമ പരിഷ്കാര കമ്മീഷൻ സംസ്ഥാന  സർക്കാരിന് സമർപ്പിച്ച കരട് നിർദ്ദേശങ്ങളെ ആധാരമാക്കിയുള്ള നിയമ നിർമ്മാണമാണ് സർക്കാരിന്റെ പരിഗണനയിലുള്ളത്.

നിർദ്ദിഷ്ട നിയമത്തിലെ ഹിത പരിശോധന നിർദേശം ഉൾപ്പടെ ഇനി സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാൽ പോലും പൂർണ്ണമായി നിലനിൽക്കുന്ന തരത്തിൽ എല്ലാ രീതിയിലുമുള്ള പഴുതടച്ചുള്ള നിയമ നിർമ്മാണമാണ് സർക്കാർ പരിഗണനയിലുള്ളത്.

1934 ഓർത്തഡോക്സ് ഭരണഘടന  രജിസ്റ്റർ ചെയ്യാത്തതിനാൽ 100 രൂപയിൽ കൂടുതൽ ഉള്ള സ്വത്ത് അവകാശപ്പെടാൻ ആവില്ല എന്നത് രാജ്യത്തെ അംഗീകൃത നിയമമാണ്,  രജിസ്റ്റർ ചെയ്യാത്ത നിയമാവലി വെച്ച് അവകാശപ്പെടാവുന്ന പരമാവധി വസ്തു മൂല്യം നിലവിലുള്ള നിയമ പ്രകാരം 100 രൂപ മാത്രമാണ്..   

ഇടവക/ ഭദ്രാസന/സഭാ സ്വത്തുക്കളുടെ  റൈറ്റ് , ഡീഡ് , ടൈറ്റിൽ എന്നിവ ഒന്നും 1934 ഭരണഘടന വെച്ച് അവകാശപെടാൻ ആർക്കും കഴിയില്ലെന്ന്  ജസ്റ്റിസ് അരുൺ മിശ്ര തന്റെ വിധിയിൽ വ്യക്തമാക്കിയിരുന്നു. ഇക്കാരണങ്ങളാലാണ് ഓർത്തഡോക്സ് ഭരണഘടന രജിസ്റ്റർ ചെയ്യണ്ട ആവശ്യമില്ല എന്ന നിഗമനത്തിൽ സുപ്രീംകോടതി എത്തിയത്.. 1934 ഭരണഘടന കേവലം ഒരു ഭരണക്രമ നിയമാവലി മാത്രമാണ് എന്നും സുപ്രീംകോടതി വിധിയിൽ പറയുന്നു. ജസ്റ്റീസ് അരുൺ മിശ്രയുടെ വിധിയിൽ സെക്കുലർ ഭരണാധികാരികളായ വികാരി/പുരോഹിത നിയമനം സംബന്ധിച്ച് നിയമം നിർമിക്കാനുള്ള ലെജിസ്ളേച്ചറുടെ അവകാശം കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട് .

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ തർക്കത്തിലുള്ള പള്ളികളുടെ റൈറ്റ് , ഡീഡ് , ടൈറ്റിൽ എങ്ങനെ, ആർക്കാണ് എന്ന്  വ്യക്തത വരുത്തേണ്ടത് സർക്കാരിന്റെ കടമയാണ് . അതായത് സുപ്രീം കോടതി വ്യക്തത വരുത്താത്ത ഭാഗമാണ് കമ്മിഷൻ ശുപാർശ ചെയ്യുന്ന നിയമ നിർമ്മാണത്തിലൂടെ രൂപം കൊള്ളുന്നത്. 

പുതിയ നിയമ നിർമ്മാണം സുപ്രീം കോടതി വിധിക്ക് എതിരായല്ല, അതിന അനുരൂപമായി തന്നെയാണ് നടപ്പാക്കുക. നിയമ പരിഷ്കാര കമ്മിഷൻ ശുപാർശ നടപ്പാക്കുന്നതോടെ വിശ്വാസികളുടെ അവകാശം പൂർണ്ണമായി സംരക്ഷിക്കാൻ സാധിക്കും . 

യാക്കോബായ/ ഓർത്തഡോക്സ് സഭാ വിഭാഗങ്ങൾക്ക് മാത്രമായി എങ്ങനെ  നിയമം നിർമ്മിക്കാൻ കഴിയുമെന്ന്  ചിലർ ചോദിക്കാറുണ്ട്. എല്ലാ ഹൈന്ദവ ക്ഷേത്രങ്ങൾക്കും ബാധകമാകാതെ ചില ക്ഷേത്രങ്ങൾക്കു വേണ്ടി മാത്രം ബാധകമായ ദേവസ്വം നിയമവും, കുറച്ചു മുസ്ലിം പള്ളികൾക്കു മാത്രമായുള്ള വഖഫ് നിയമവും സർക്കാർ  ഉണ്ടാക്കിയത് ഈ കേരളത്തിൽ തന്നെയാണ്. ഇതു  പോലെ തന്നെ തർക്കമുള്ള കുറച്ചു പള്ളികൾക്കു മാത്രം ബാധകമായ നിയമം ഉണ്ടാക്കാൻ ഗവണ്മെന്റിന്‌ കഴിയും എന്നത് ഉറപ്പാണ്..

സർക്കാർ നിയമം നിർമ്മിച്ചാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് ഓർത്തഡോക്സ് സഭയുടെ ഭീഷണി. അതിന് അവർക്കുള്ള ഭരണഘടനാപരമായ അവകാശം അവർ ഉപയോഗിച്ചാലും ജുഡീഷ്യറി ഇത്തരം തർക്കങ്ങളിൽ എങ്ങനെ തീർപ്പ് കൽപ്പിക്കണം എന്നത് സംബന്ധിച്ച് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് കൃത്യമായ മാർഗ നിർദേശങ്ങൾ തയ്യാറാക്കിയിട്ടുണ്ട് 

 നിർദ്ദിഷ്ട നിയമം ഇന്ത്യൻ ഭരണഘടനയുടെ ഏതെങ്കിലും മൗലികാവാശങ്ങൾ ലംഘിക്കുന്നുണ്ടൊ എന്നതും, നിയമ നിർമ്മാണാധികാരം സ്റ്റേറ്റ്/കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്നതാണോ എന്നതും ആണ് ജുഡീഷ്യറി പരിശോധിക്കുക . മതസ്വത്ത് ഭരണം സംബന്ധിച്ച നിയമ നിർമ്മാണാധികാരം കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമാണ്. ഈ രണ്ട് വിഷയങ്ങളിലും ഓർത്തഡോക്സ് സഭ നാളിതു വരെ യാതൊരു ആക്ഷേപവും ഉന്നയിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കുക.

ഹിത പരിശോധന എന്ന ജനാധിപത്യ തത്വം ഉയർത്തിപ്പിടിച്ചാണ് സർക്കാർ നിയമ നിർമ്മാണത്തിന് തുനിയുന്നത്.  നിക്ഷ്പക്ഷമായി തീരുമാനം എടുത്ത് നീതി നടപ്പാക്കാനുള്ള ഭരണഘടനാപരമായ കടമയാണ് ഇതുവഴി സർക്കാർ നടപ്പാക്കുന്നത് ഇത് മാത്രമല്ല അനർഹമായി പള്ളി പിടിച്ച് കൊടുക്കാൻ പോലീസ്  സേനയെ ഉപയോഗിക്കുന്നതിന്  കോടി കണക്കിന് രൂപ ദുർവ്യയം ചെയ്യുന്നത് ഒഴിവാക്കാനും സർക്കാരിന് കഴിയും.

നിലവിൽ അറുനൂറോളം പള്ളികളിലാണ് തുർച്ചയായി പോലീസ് സംരക്ഷണം 365 ദിവസവും ഏർപ്പെടുത്തേണ്ടി വരുന്നത്..  ഓർത്തഡോക്സ് വിശ്വാസികളുടെ അംഗബലം ശുഷ്കമായ  പള്ളികളിൽ ഏകദേശം 20 പോലീസുകാർ വീതമാണ് ക്രമസമാധാന പാലത്തിനടിയിൽ വിട്ടു കൊടുക്കേണ്ടി വരുന്നത്.  ഇതിനായി ഒരു പള്ളിയിൽ 20 എന്ന രീതിയിൽ കണക്കു കൂട്ടിയാൽ തന്നെ 12000 പോലീസുകാർ മറ്റു ജോലികൾ ഉപേക്ഷിച്ചു യാക്കോബായ സഭയിൽ നിന്ന് പിടിച്ചെടുക്കുന്ന പള്ളിക്ക്  കാവൽ നിൽക്കാൻ നൽകേണ്ടി വരുന്നുണ്ട് , ഈ 600 പളളികൾ കൂടാതെ 300 പള്ളികളിൽ കൂടി തർക്കം ഉന്നയിച്ച് സിവിൽ കോടതികളിൽ കേസുകൾ നിലവിലുണ്ട്. ,അവിടെയും 6000 പോലീസുകാരുടെ സേവനം ആവശ്യമായി വരും , അങ്ങനെ മൊത്തം 18000 പോലീസുകാർ സഭ തർക്കത്തിന്റെ മാത്രം പേരിൽ 365 ദിവസവും മറ്റ് ജോലികൾ ഒഴിവാക്കി തർക്കത്തിലുള്ള പള്ളികളുടെ സംരക്ഷണത്തിനായി മാത്രം ഉപയോഗിക്കേണ്ട സാഹചര്യം തുടരാൻ ഒരു ജനാധിപത്യ സർക്കാരിനും കഴിയില്ല.  കേരളത്തിലെ നാലുകോടി ജനങ്ങളുടെ ക്ഷേമ  പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട പണമാണ് ഇങ്ങനെ ദുർവ്യയം ചെയ്യപ്പെടുന്നത്. ഇത്തരം ദുർവ്യയങ്ങൾ ഈ നിയമ നിർമ്മാണം  വഴി ഒഴിവാക്കാൻ കഴിയും .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ