ലിറ്റർജിക്കൽ റിസർച്ച് സെന്റർ പഠനപരമ്പര
PUBLISHED ON MARCH 20, 2026
വിശുദ്ധ ഗ്രിഗറി നസിയാൻസൻ ഭാരതസഭയെ കുറിച്ച്
329 ൽ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ൽ വൈദികനായി അഭിഷിക്തനായി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന വിശുദ്ധ ബേസിൽ ഗ്രിഗറിയെ മെത്രാനായി വാഴിച്ചു. എന്നാൽ അദ്ദേഹം കുറേ വർഷത്തേക്ക് മെത്രാനടുത്ത ജോലി ചെയ്യാതെ ഏകാന്തതയിൽ ജീവിച്ചു.
ഗ്രിഗറിയുടെ മാതാപിതാക്കളുടെ മരണശേഷം കോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങളുടെ നിർബന്ധം മൂലം 379ൽ അദ്ദേഹം അവരുടെ മെത്രാനായി ശുശ്രൂഷ ആരംഭിച്ചു. പിന്നീട് അദ്ദേഹം നസിയാൻസനിലെ മെത്രാനായി. ഗ്രീക്കുസഭ വിശുദ്ധ നസിയാൻസനെ അവരുടെ ദൈവശാസ്ത്രജ്ഞനായി അംഗീകരിക്കുന്നുണ്ട്.
380 ൽ കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ആര്യൻ പാഷണ്ഡികൾക്കെതിരെ സംസാരിച്ചു. ആ അവസരത്തിൽ അദ്ദേഹം ഓരോ അപ്പസ്തോലനും സുവിശേഷം അറിയിച്ച രാജ്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിൽ സുവിശേഷം അറിയിച്ചത് തോമാശ്ലീഹാ ആണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: അപ്പസ്തോലന്മാർ പ്രവർത്തിച്ച രാജ്യങ്ങളിൽ അവർ പരദേശികൾ ആയിരുന്നില്ല. അവിടെയെല്ലാം അവർ സുവിശേഷത്തിന്റെ വെളിച്ചം പ്രസരിപ്പിച്ചു. മരണത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്നവർക്ക് പ്രകാശം ലഭിച്ചു. പത്രോസ് യഹൂദയായിലും പൗലോസ് വിജാതീയരുടെ ഇടയിലും ലൂക്കാ അക്കായിയായിലും അന്ത്രയോസ് എപ്പിറസിലും യോഹന്നാൻ എഫേസോസിലും തോമസ് ഇന്ത്യയിലും മർക്കോസ് ഇറ്റലിയിലും സുവിശേഷം അറിയിച്ചു.
അവർ പ്രവർത്തിച്ച രാജ്യങ്ങൾ ഒരിക്കലും അവർ സ്വന്തമായി കണക്കാക്കിയില്ല. അവർ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ് എന്നുള്ള ചിന്തയാണ് അവരെ ഭരിച്ചത്. ദൈവം ഇസ്രായേൽക്കാരോട് പറഞ്ഞിട്ടുണ്ട് ' രാജ്യം ഏതാണ്, നിങ്ങൾ രാജ്യത്തിന്റേതല്ല'.
വേദപുസ്തകം പഠിപ്പിക്കുന്നത് തന്നെയാണ് ഗ്രീക്ക് തത്വശാസ്ത്രവും പഠിപ്പിക്കുന്നത്. ഒരു മനുഷ്യനും ഈ ഭൂമിയുടെതല്ല, ആർക്കും ഈ ഭൂമിയുടെ മേൽ അവകാശമില്ല, എല്ലാവരും ഇവിടെ പരദേശികളാണ്, യഥാർത്ഥരാജ്യം സ്വർഗ്ഗമാണ്, അതുകൊണ്ട് ഈ ലോകത്തോട് അനുരൂപപ്പെടരുത്, ലോകത്തിന്റെ വശീകരണങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഗ്രിഗറി വ്യക്തമായ ഭാഷയിൽ പറയുന്നുണ്ട്, യൂദയാ എങ്ങനെ പത്രോസിന്റെ പ്രേഷിത പ്രവർത്തനരംഗമായിരുന്നോ അതുപോലെയാണ് ഇന്ത്യ തോമസ് അപ്പസ്തോലനും. വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്ന ആതൻസ് സർവകലാശാലയിൽ പഠിച്ചിരുന്ന ഗ്രിഗറിക്ക് ഇന്ത്യയെ കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പസ്തോലൻ തോമസിന്റെ പ്രേഷിതരംഗം ഇന്ത്യ ആണെന്ന് വ്യക്തമായും കൃത്യമായും വിശുദ്ധ ഗ്രിഗറി അവതരിപ്പിക്കുന്നത്.
https://syromalabarvision.com/8725/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ