2017 ഏപ്രിൽ 24, തിങ്കളാഴ്‌ച

ക്രൈസ്തവ സഭകളുടെ “മദ്യ നിരോധന ” മുദ്രാവാക്യം ബാലിശം.


ഒരു വർഷത്തോളം ആസ്‌ട്രേലിയയിൽ കഴിയാനുള്ള അവസരം എനിക്ക് ലഭിച്ചു .ആസ്ടേലിയയിലെ ജനങ്ങളിൽ 60 ശതമാനം ക്രിസ്ത്യാനികൾ തന്നെ .30 ശതമാനം ജനങ്ങൾ മതരഹിതർ .രണ്ടര ശതമാനം മാത്രമാണ് മറ്റെല്ലാ മതങ്ങളിൽ പെട്ടവർ . ഈസ്ററർ ദിനത്തിൽ ക്രിസ്തുവിൻറെ സ്വന്തം നാട്ടുകാരായ സിറിയൻ വംശജർ ദേവാലയത്തിലെത്തിയവർക്ക് വീഞ്ഞു വിളമ്പുന്നത് കാണാൻ കഴിഞ്ഞു. അവിടെ മദ്യ വിൽപ്പന കേന്ദ്രങ്ങൾ സുലഭം . സ്ത്രീകളടക്കമുള്ളവർ മദ്യ വില്പന ശാലകളിൽ ചെന്ന് ഇഷ്ടമുള്ളവ തെരഞ്ഞെടുക്കുന്നത് കണ്ടു. മദ്യ ലഭ്യത കൂടുതലാണെന്നതു കൊണ്ട് അമിതമായി മദ്യപിച്ച് തെരുവിൽ കൂത്താടുന്നവരെ എങ്ങും കാണാൻ കഴിഞ്ഞില്ല. മദ്യപിച്ച് വാഹനമോടിക്കുന്നവർക്ക് കടുത്ത ശിക്ഷ അവിടെ ഉറപ്പ് .യാതൊരു അസ്വാഭാവികതയും,എതിർപ്പും ഇത്തരം മദ്യ വില്പന കേന്ദ്രങ്ങൾക്ക് എതിരായി അവിടത്തെ ക്രൈസ്തവ സഭകൾ ഉയർത്താറില്ല .ക്രൈസ്തവർ എണ്ണത്തിൽ നിർണ്ണായക ശക്തി ആയ യൂറോപ്പിലോ ,ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലോ ഒന്നും നടപ്പിലാക്കാൻ കഴിയാത്ത മദ്യ നിരോധനം കേരളത്തിൽ നടപ്പിലാക്കണമെന്ന ക്രൈസ്തവ സഭകളുടെ ദുർ വാശി ബാലിശം തന്നെ .മദ്യലഭ്യത കുറക്കുകയല്ല മദ്യവിപത്തിനെതിരായ ബോധവൽക്കരണം തന്നയാണ് കൂടുതൽ ഫലവത്താകുക.ക്രൈസ്തവ സഭകൾ ആദ്യം ചെയ്യേണ്ടത് മദ്യപാനികളെയും,മദ്യവ്യാപാരികളെയും സഭാസമിതികളുടെ ഭാരവാഹികളാകുന്നതിൽനിന്നും വിലക്കട്ടെ.മദ്യപാനം സഭാകുറ്റമായി പ്രഖ്യാപിച്ച് വിലക്കു ലംഘിക്കുന്നവർക്കെതിരെ  സഭാപരമായ നടപടി സ്വീകരിക്കൂ. മദ്യ വ്യാപാരികളിൽ നിന്നും നേർച്ചയായോ ,സംഭാവനയായോ പണം സ്വീകരിക്കില്ലെന്ന് പരസ്യമായി പ്രഖ്യാപിക്കൂ. എന്നിട്ടാവാം മദ്യ നി രോധനം .കൂട്ടത്തിൽ പറയട്ടെ ഞാൻ മദ്യത്തെ വെറുക്കുന്ന ആളാണ് .പക്ഷെ ഞാൻ അറിയുന്ന പള്ളി പ്രമാണിമാരിൽ ഭൂരിപക്ഷവും മദ്യപാനികളോ,മദ്യ വ്യാപാരികളോ ആണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയും തിരുമേനിമാരേ..!

“അനന്യാസുമാരും, സഫീറമാരും” പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു

കൈസർക്കു ഉള്ളത് കൈസർക്കു നൽകൂ…! പിന്നീടാവാം വചന പ്രഘോഷണങ്ങൾ ” 

ആദിമ ക്രൈസ്തവ സഭയില്‍ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങൾ ക്രിസ്തു ശിഷ്യന്മാരുടെ മുമ്പില്‍ മറച്ചു വച്ചതിന് മരണ ശിക്ഷ ഏറ്റു വാങ്ങിയ ദമ്പതികളായിരുന്നു അനന്യാസും, സഫീറയും. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചു മരിച്ച ബൈബിള്‍ കഥാപാത്രങ്ങള്‍ മാത്രമല്ല അനന്യാസും സഫീറയും. സഭാവ്യത്യാസങ്ങളില്ലാതെ ബഹുഭൂരിപക്ഷം ക്രൈസ്തവ പുരോഹിതന്‍മാരില്‍ കൂടിയും ,സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കൂടിയും അനന്യാസുമാരും സഫീറമാരും ഇപ്പോഴും പുനര്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു.” റോമൻ ഭരണകൂടത്തിന് നികുതി കൊടുക്കണമോ എന്ന പരീശന്മാരുടെ ചോദ്യത്തിന് ഉത്തരമായി “ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം” എന്ന് കല്‍പ്പിച്ച ക്രിസ്തുവിന്‍റെ അഭിഷക്തരായ പൂരോഹിതരും,അവര്‍ നടത്തുന്ന സ്ഥാപനങ്ങളും ആദായനികുതി വകുപ്പില്‍ നിന്നും യഥാര്‍ത്ഥ വരുമാനം മറച്ചു വച്ച് വന്‍ തോതില്‍ ആദായ നികുതി വെട്ടിക്കുന്നതില്‍ വിരുതന്മാരാണെന്നതാണ് സത്യം.
ക്രൈസ്തവസഭകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,ആശുപത്രികളിലും മിനിമം കൂലി പോലും നല്‍കാതെ  ,കൊടുക്കുന്ന കൂലി സംബന്ധിച്ച വ്യാജ കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നരാണ് ബഹു ഭൂരിപക്ഷം പുരോഹിതരും. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ സംബന്ധിച്ച് വ്യാജ റിപ്പോർട്ടുകളാണ് തൊഴിൽ കാര്യ വകുപ്പിന് ചുമതലക്കാരായ പുരോഹിത ശ്രേഷ്‌ഠർ നൽകുന്നതെന്നതാണ് സത്യം .
സഭകൾ നടത്തുന്ന സർക്കാർ എയ്‌ഡഡ്‌ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്ന നിലയിൽ നല്ലൊരു വിഭാഗം  ക്രൈസ്തവ പുരോഹിതർക്ക് ലഭിക്കുന്ന കൊഴുത്ത ശമ്പളവും, പെൻഷനും പുറമെ ,പുരോഹിത ജോലിക്കു ലഭിക്കുന്ന വരുമാനവും കൂടി ആദായ നികുതി വകുപ്പിന് സമർപ്പിക്കുന്ന വാർഷിക റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണെങ്കിലും,ബഹു ഭൂരിപക്ഷം മതപുരോഹിതരും ,ആത്മീയ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം അനന്യാസിനെയും സഫീറയെയും പോലെ ഒഴിവാക്കിയാണ് ആദായനികുതി വാർഷിക റിട്ടേൺ സമർപ്പിക്കുക .ധ്യാന ഗുരുക്കന്മാരും വചന പ്രഘോഷിതരും എല്ലാം ഉൾക്കൊള്ളുന്ന പുരോഹിത സമൂഹം അറിഞ്ഞുകൊണ്ട് നടത്തുന്ന ഇത്തരം നികുതി വെട്ടിപ്പിനെയും നിയമ ലംഘനത്തെയും എങ്ങിനെയാണ് മതങ്ങൾക്കും സഭകൾക്കും ന്യായീകരിക്കാൻ കഴിയുക.?
പുരോഹിത വൃത്തി ആത്മീയ പ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തനം കൂടിയാണ് .പൊതു പ്രവർത്തകർ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം സംബന്ധിച്ച സത്യവാങ്മൂലം വർഷം തോറും പരസ്യപ്പെടുത്താൻ സർക്കാർ നിഷ്‌കർക്കിക്കുന്നതിനു സമാനം,മത പുരോഹിതർ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ വർഷം തോറും പരസ്യപ്പെടുത്തണമെന്നു നിഷ്‌കർക്കുന്നതിനു മതങ്ങൾ തയ്യാറാകുമോ ?  എങ്കിൽ മാത്രമേ പുരോഹിതർക്കിടയിലെ കള്ള നാണയങ്ങളായ “അനന്യാസുമാരെയും സഫീറമാരെയും” കണ്ടെത്താൻ കഴിയൂ ..!

2013 ഏപ്രിൽ 28, ഞായറാഴ്‌ച

പമ്പയില്‍ ആദ്യം വഞ്ചിയോടട്ടെ പിന്നീടാകാം വിമാനം: മാര്‍ ക്രിസോസ്റ്റം




 പമ്പാനദിയില്‍ ആദ്യം വഞ്ചിയോടട്ടെ, പിന്നീടാകാം വിമാനമെന്ന് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത പറഞ്ഞു. വികസനത്തിന് എതിരല്ല, എന്നാല്‍ മനുഷ്യ ജീവിതം അസാധ്യമാക്കുന്ന വികസനം അംഗീകരിക്കാനാവില്ല. ജന്മദിന ആശംസ നേരാന്‍ മാരാമണ്‍ അരമനയിലെത്തിയ കവി സുഗതകുമാരിയോടാണ് വലിയ മെത്രാപോലീത്ത മനസ്സുതുറന്നത്. തൊണ്ണൂറ്റിയേഴാം വയസ്സിലേക്ക് കടന്ന മാര്‍ ക്രിസോസ്റ്റത്തിന് ദീര്‍ഘായുസ്സ് നേരാന്‍ ശനിയാഴ്ച പകല്‍ 12.30നാണ് സുഗതകുമാരി എത്തിയത്. പമ്പാനദി കണ്ടിട്ട് സഹിക്കുന്നില്ലെന്നും ഇത് അഴുക്കുചാലായി മാറിയെന്നും പറഞ്ഞാണ് അവര്‍ സംഭാഷണത്തിന് തുടക്കമിട്ടത്. ബാല്യത്തില്‍ പമ്പയില്‍ കുളിച്ചിരുന്ന ഓര്‍മകള്‍ ക്രിസോസ്റ്റം പങ്കുവച്ചു. മീനും വെള്ളവുമൊഴിച്ച് മറ്റെല്ലാം പമ്പയിലുണ്ടെന്ന് തിരുമേനി സരസമായി പറഞ്ഞു. തുടര്‍ന്ന് ആയിരക്കണക്കിനേക്കര്‍ പാടശേഖരവും തണ്ണീര്‍ത്തടങ്ങളും ഇല്ലാതാകുന്ന വിമാനത്താവളത്തെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി എ കെ ആന്റണിയെ കണ്ടപ്പോള്‍ മനുഷ്യനെ നശിപ്പിച്ച്് വികസനം പാടില്ലെന്ന തന്റെ അഭിപ്രായം പറഞ്ഞു. മറ്റെവിടേക്കെങ്കിലും ഇത് മാറ്റരുതോ എന്ന് ചോദിച്ചതായും അദ്ദേഹം പറഞ്ഞു. നിരവധി അനുവാദങ്ങള്‍ കിട്ടിയതായും മറ്റൊരു സ്ഥലത്ത് ഇനിയും അനുവാദം കിട്ടാന്‍ ബുദ്ധിമുട്ടാണെന്നുമാണ് ആന്റണി മറുപടി പറഞ്ഞത്. ആറന്മുളയില്‍ വയലുകള്‍ നികത്തില്ലെന്നത് പച്ചക്കള്ളമാണെന്നും ഇതിനകംതന്നെ തോടുകളടക്കമുള്ള തണ്ണീര്‍ത്തടങ്ങളാണ് നികത്തിയതെന്നും സുഗതകുമാരി വ്യക്തമാക്കി. 

2013 ഫെബ്രുവരി 16, ശനിയാഴ്‌ച

അധികാരകേന്ദ്രങ്ങളിലെ അഴിമതിയുടെ കണക്ക് ഞെട്ടിക്കുന്നത്: സൂസപാക്യം

തിരു: അധികാരവും സ്വാധീനവുമുള്ള ന്യൂനപക്ഷത്തിന്റെ നിയന്ത്രിക്കാനാകാത്ത ആര്‍ത്തിയും ധൂര്‍ത്തും ആഡംബരഭ്രമവും രാജ്യത്തെ വന്‍ പ്രതിസന്ധിയിലെത്തിച്ചിരിക്കുകയാണെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് ഡോ. സൂസപാക്യം. സമീപകാലത്തായി പുറത്തു വന്നുകൊണ്ടിരിക്കുന്ന കോടികളുടെ അഴിമതി ഞെട്ടിക്കുന്നതാണെന്നും തപസുകാലത്തോടനുബന്ധിച്ച് പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു. രാജ്യം എത്ര സമ്പന്നമാണെന്നു തെളിയിക്കാന്‍ സ്വിസ് ബാങ്കില്‍ ഇന്ത്യന്‍ സമ്പന്നര്‍ക്കുള്ള നിക്ഷേപങ്ങളുടെ കണക്കുകള്‍ മാത്രം മതി. ഏതാണ്ട് 70 ലക്ഷം കോടി രൂപയാണ് സ്വിസ് ബാങ്കില്‍ ഇന്ത്യക്കാരുടെ നിക്ഷേപം. ബ്രിട്ടന്റെ സ്വിസ് ബാങ്കിലെ നിക്ഷേപം 20 ലക്ഷം കോടി പോലുമില്ല. ഈ തുകയുടെ ഒരംശം മതി ഇന്ത്യയുടെ വിദേശകടങ്ങളെല്ലാം വീട്ടാന്‍. ഇതിനിടയില്‍ രാജ്യത്തെ നല്ലൊരു ഭാഗം ആളുകളും ദാരിദ്ര്യ രേഖയ്ക്കു താഴെയാണ്. പോഷകാഹാരം കിട്ടാതെ മരണമടയുന്ന കുഞ്ഞുങ്ങളുടെ എണ്ണം ഞെട്ടിപ്പിക്കുന്നതാണ്. 30 കോടിയിലേറെപ്പേര്‍ നിരക്ഷരരായി കഴിയുന്നു. കോടികള്‍ക്ക് സ്വന്തമായി വീടും ഭൂമിയുമില്ല. 12 കോടിയിലധികം ദരിദ്രഭവനങ്ങളില്‍ പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യമില്ല. ശുദ്ധജലത്തിന്റെയും ശുചിത്വത്തിന്റെയും അഭാവംമൂലം പ്രതിവര്‍ഷം അഞ്ചുലക്ഷം പേര്‍ മാരകരോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും ഇരയാകുന്നുവെന്നും ബിഷപ് പറഞ്ഞു. ക്രൈസ്തവര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആര്‍ഭാടപൂര്‍വമായ ആഘോഷങ്ങളും ധൂര്‍ത്തും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

2012 സെപ്റ്റംബർ 12, ബുധനാഴ്‌ച

കേരളത്തെ എമര്‍ജ് ചെയ്യേണ്ടത് നിശാക്ലബ്ബിലൂടെയല്ല: മാര്‍ ക്രിസോസ്റ്റം



കൊല്ലം: കേരളത്തെ "എമര്‍ജ്" ചെയ്യേണ്ടത് നിശാക്ലബ്ബുകളിലൂടെയല്ലെന്ന് മലങ്കര മാര്‍ത്തോമ്മ സഭ വലിയ മെത്രാപോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന "എമര്‍ജിങ് കേരള" ആഗോള നിക്ഷേപക സംഗമത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി മാര്‍ ക്രിസോസ്റ്റം രംഗത്ത് . കുടിക്കാന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ സായിപ്പ് നമ്മുടെ നാട്ടിലേക്കു വരില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഗാന്ധിജി സായിപ്പിനെ നാടുകടത്താനാണ് ശ്രമിച്ചത്. നമ്മള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം വിദേശികള്‍ കൊണ്ടുപോകരുതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. അദ്ദേഹം വിദേശാധിപത്യത്തിനെതിരെ പ്രതികരിച്ചു. വലിയൊരു ആദര്‍ശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഇപ്പോള്‍ ഗാന്ധിശിഷ്യര്‍ ഗാന്ധിജിയുടെ യഥാര്‍ഥ ആദര്‍ശത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. നിശാക്ലബ് സമൂഹത്തില്‍ അധര്‍മം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണ്. എങ്ങനെയും പണമുണ്ടാക്കി ഇത്തരം ക്ലബ്ബിലേക്ക് ആള്‍ക്കാര്‍വരും. കാലക്രമേണ നമ്മുടെ യുവതലമുറ ഈ അധമ സംസ്കാരത്തിന്റെ അടിമകളാകും. വികസനം കൊണ്ടുവരേണ്ടത് ഈ വിധത്തിലല്ല. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രകൃതിയെ നശിപ്പിക്കുന്ന ഏതു പ്രവര്‍ത്തനവും അപരാധമാണ്. മനുഷ്യത്വത്തെ നശിപ്പിക്കുന്ന വികസനം സമൂഹത്തിനു ഭൂഷണമല്ല. പാട്ടത്തിനു ഭൂമി നല്‍കുമ്പോള്‍ ഏറ്റെടുക്കുന്നവര്‍ അവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അന്വേഷിക്കണം. നൂറു വര്‍ഷത്തിനുശേഷം നാമാവശേഷമായ ഭൂമിയാണ് തിരികെ തരുന്നതെങ്കില്‍ എന്തുഗുണം. കര്‍ഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായംകൂടി കേട്ടിട്ടേ ഭൂമി വികസന ആവശ്യത്തിന് വിട്ടുകൊടുക്കാവൂ. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവര്‍ ചെയ്യുന്നതിന്റെ ദോഷം നന്നായി അറിയാം. ആ സ്ഥാനത്ത് ഇരിക്കാന്‍ ഇങ്ങനെയൊക്കെ ചിലത് ചെയ്യണം. മുഖ്യമന്ത്രിയുടെ പോക്കറ്റിലിരിക്കുന്നത് കുഴപ്പക്കാരാണ്. കേരളീയ സംസ്കാരത്തെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരുടേത് നല്ല ഭരണമല്ല. ആശയ രൂപീകരണത്തിന് മാധ്യമങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്നു മാധ്യമങ്ങള്‍ തെറ്റായ ആശയങ്ങളാണു നല്‍കുന്നത്. കൊലപാതകത്തെക്കുറിച്ച് പേജുകള്‍ എഴുതിത്തള്ളുന്ന പത്രങ്ങള്‍ സാധുഭവനത്തിലാക്കപ്പെട്ട വൃദ്ധയെ തിരിഞ്ഞുനോക്കില്ല- മാര്‍ ക്രിസോസ്റ്റം 

2012 സെപ്റ്റംബർ 3, തിങ്കളാഴ്‌ച

മതനിന്ദ കേസ്:പാകിസ്ഥാനില്‍ ഇമാം അറസ്റ്റില്‍




ഇസ്ലാമാബാദ്: മതനിന്ദ നടത്തിയെന്ന ആക്ഷേപത്തെതുടര്‍ന്ന് പാകിസ്ഥാനില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടി അറസ്റ്റിലായ സംഭവവുമായി ബന്ധപ്പെട്ട് ഇമാം അറസ്റ്റില്‍. കടലാസുകള്‍ കത്തിച്ചതിനൊപ്പം ഖുര്‍ ആന്‍ ഭാഗങ്ങളുമുണ്ടായിരുന്നെന്ന് ആരോപിച്ച് അയല്‍വാസികളാണ് ആഗസ്ത് 16ന് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇസ്ലാമാബാദ് നഗരപ്രാന്തത്തില്‍നിന്ന് പിടികൂടി പൊലീസിന് കൈമാറിയത്. എന്നാല്‍, ഇതില്‍ കണ്ട ഖുര്‍ ആന്‍ ഭാഗങ്ങള്‍ ഇമാം വച്ചതായി സാക്ഷി മൊഴി നല്‍കിയതോടെയാണ് കേസിന്റെ ഗതി മാറിയത്. ഇസ്ലാമാബാദിലെ മെഹ്രിയ ജാഫര്‍ മേഖലയിലെ ഇമാം ഖാലിദ് ചിസ്തിയാണ് പിടിയിലായത്. മേഖലയിലെ ക്രിസ്ത്യാനികളെയാകെ ഓടിക്കാനാണ് താന്‍ ഇത് ചെയ്യുന്നതെന്ന് ഇയാള്‍ പറഞ്ഞതായും സാക്ഷി വെളിപ്പെടുത്തി. ഇതേസമയം, കുട്ടിയെ വിട്ടയക്കണമെന്നും മറ്റു മതക്കാര്‍ക്കുനേരെയുണ്ടാകുന്ന പീഡനങ്ങള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആറ് അമേരിക്കന്‍ സെനറ്റര്‍മാര്‍ പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിക്ക് കത്തയച്ചു.

ബുഷിനെയും ബ്ലെയറിനെയും വിചാരണ ചെയ്യണം: ആര്‍ച്ച് ബിഷപ് ടുടു




ലണ്ടന്‍: ഇറാഖില്‍ വിനാശകാരിയായ ആയുധങ്ങളുണ്ടെന്ന് നുണ പ്രചരിപ്പിച്ച് യുദ്ധം നടത്തിയതിന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിനെയും ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ടോണി ബ്ലെയറിനെയും വിചാരണ ചെയ്യണമെന്ന് നൊബേല്‍ സമാധാന ജേതാവ്ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടു ആവശ്യപ്പെട്ടു. ഹേഗിലെ അന്താരാഷ്ട്ര കോടതിയുടെ വിചാരണയ്ക്ക് ഇവരെയും വിധേയമാക്കണം-"ദ ഒബ്സര്‍വര്‍" പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ലോകത്തെ അരക്ഷിതമാക്കിയ ഇറാഖ് യുദ്ധത്തിനെതിരെ ആര്‍ച്ച് ബിഷപ് ആഞ്ഞടിച്ചത്. ഇറാഖിലെ പാശ്ചാത്യ അധിനിവേശം ലോകത്തെ കൂടുതല്‍ അരക്ഷിതാവസ്ഥയിലേക്കും വിഭജനത്തിലേക്കുമാണ് തള്ളിവിട്ടത്. ബുഷും ബ്ലെയറും ഇതിന് ഉത്തരം പറയേണ്ടവരാണ്. സദ്ദാം ഹുസൈനെ അധികാരത്തില്‍നിന്ന് പുറന്തള്ളാന്‍ നടത്തിയ ഈ ഗൂഢപദ്ധതികളാണ് ലോകത്ത് ഇന്നുണ്ടായിരിക്കുന്ന ഒട്ടു മിക്ക സംഘര്‍ഷങ്ങള്‍ക്കും പിന്നിലും. സിറിയന്‍ ആഭ്യന്തരപ്രശ്നങ്ങളും മധ്യേഷ്യന്‍ സംഘര്‍ഷങ്ങള്‍ക്കും കാരണം അമേരിക്കയുടെയും ബ്രിട്ടന്റെയും നടപടികളാണ്. ദക്ഷിണാഫ്രിക്കന്‍ വര്‍ണവിവേചന സമരത്തിന്റെ നായകനായ ആര്‍ച്ച് ബിഷപ് ഡെസ്മണ്ട് ടുടുവിന് 1984ലാണ് സമാധാനത്തിനുള്ള നൊബേല്‍സമ്മാനം ലഭിച്ചത്. ആഫ്രിക്കന്‍ ജനതയുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായും നിരന്തരം പോരാടുന്ന ആര്‍ച്ച് ബിഷപ് പാശ്ചാത്യരുടെ ഇരട്ടത്താപ്പിനെയും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. തങ്ങളുടെ താല്‍പ്പര്യത്തിനുസരിച്ച് തയ്യാറാക്കിയ തെളിവുകളാണ് ഇറാഖ് ജനതയെ ദുരിതത്തിലേക്ക് തള്ളിവിടാന്‍ ഉപയോഗിച്ചത്. അന്താരാഷ്ട്ര കോടതിയുടെ വിചാരണകളിലും പാശ്ചാത്യ-ആഫ്രിക്കന്‍ വിവേചനം നിലനില്‍ക്കുന്നു. ഇതിലും ചെറിയ കുറ്റങ്ങള്‍ക്ക് ആഫ്രിക്കന്‍ നേതാക്കളെ വിചാരണ ചെയ്യുന്ന അന്താരാഷ്ട്ര കോടതിക്ക് ഇറാഖില്‍ യുദ്ധത്തിനുമുമ്പും ശേഷവും കൊല്ലപ്പെട്ടവരുടെ കണക്കുനോക്കിയാല്‍ ബുഷിനെയും ബ്ലെയറിനെയും വിചാരണയ്ക്ക് വിധേയരാക്കാം- അദ്ദേഹം വ്യക്തമാക്കി.