2017, ഏപ്രിൽ 24, തിങ്കളാഴ്‌ച

“അനന്യാസുമാരും, സഫീറമാരും” പുനര്‍ജനിച്ചു കൊണ്ടേയിരിക്കുന്നു

കൈസർക്കു ഉള്ളത് കൈസർക്കു നൽകൂ…! പിന്നീടാവാം വചന പ്രഘോഷണങ്ങൾ ” 

ആദിമ ക്രൈസ്തവ സഭയില്‍ യഥാര്‍ത്ഥ സ്വത്ത് വിവരങ്ങൾ ക്രിസ്തു ശിഷ്യന്മാരുടെ മുമ്പില്‍ മറച്ചു വച്ചതിന് മരണ ശിക്ഷ ഏറ്റു വാങ്ങിയ ദമ്പതികളായിരുന്നു അനന്യാസും, സഫീറയും. രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ജീവിച്ചു മരിച്ച ബൈബിള്‍ കഥാപാത്രങ്ങള്‍ മാത്രമല്ല അനന്യാസും സഫീറയും. സഭാവ്യത്യാസങ്ങളില്ലാതെ ബഹുഭൂരിപക്ഷം ക്രൈസ്തവ പുരോഹിതന്‍മാരില്‍ കൂടിയും ,സഭകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ കൂടിയും അനന്യാസുമാരും സഫീറമാരും ഇപ്പോഴും പുനര്‍ ജനിച്ചു കൊണ്ടേയിരിക്കുന്നു.” റോമൻ ഭരണകൂടത്തിന് നികുതി കൊടുക്കണമോ എന്ന പരീശന്മാരുടെ ചോദ്യത്തിന് ഉത്തരമായി “ കൈസര്‍ക്കുള്ളത് കൈസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനും കൊടുക്കണം” എന്ന് കല്‍പ്പിച്ച ക്രിസ്തുവിന്‍റെ അഭിഷക്തരായ പൂരോഹിതരും,അവര്‍ നടത്തുന്ന സ്ഥാപനങ്ങളും ആദായനികുതി വകുപ്പില്‍ നിന്നും യഥാര്‍ത്ഥ വരുമാനം മറച്ചു വച്ച് വന്‍ തോതില്‍ ആദായ നികുതി വെട്ടിക്കുന്നതില്‍ വിരുതന്മാരാണെന്നതാണ് സത്യം.
ക്രൈസ്തവസഭകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും,ആശുപത്രികളിലും മിനിമം കൂലി പോലും നല്‍കാതെ  ,കൊടുക്കുന്ന കൂലി സംബന്ധിച്ച വ്യാജ കണക്കുകള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുന്നരാണ് ബഹു ഭൂരിപക്ഷം പുരോഹിതരും. സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിവരങ്ങൾ സംബന്ധിച്ച് വ്യാജ റിപ്പോർട്ടുകളാണ് തൊഴിൽ കാര്യ വകുപ്പിന് ചുമതലക്കാരായ പുരോഹിത ശ്രേഷ്‌ഠർ നൽകുന്നതെന്നതാണ് സത്യം .
സഭകൾ നടത്തുന്ന സർക്കാർ എയ്‌ഡഡ്‌ വിദ്യഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്ന നിലയിൽ നല്ലൊരു വിഭാഗം  ക്രൈസ്തവ പുരോഹിതർക്ക് ലഭിക്കുന്ന കൊഴുത്ത ശമ്പളവും, പെൻഷനും പുറമെ ,പുരോഹിത ജോലിക്കു ലഭിക്കുന്ന വരുമാനവും കൂടി ആദായ നികുതി വകുപ്പിന് സമർപ്പിക്കുന്ന വാർഷിക റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതാണെങ്കിലും,ബഹു ഭൂരിപക്ഷം മതപുരോഹിതരും ,ആത്മീയ പ്രവർത്തനത്തിന്റെ ഭാഗമായി ലഭിക്കുന്ന വരുമാനം അനന്യാസിനെയും സഫീറയെയും പോലെ ഒഴിവാക്കിയാണ് ആദായനികുതി വാർഷിക റിട്ടേൺ സമർപ്പിക്കുക .ധ്യാന ഗുരുക്കന്മാരും വചന പ്രഘോഷിതരും എല്ലാം ഉൾക്കൊള്ളുന്ന പുരോഹിത സമൂഹം അറിഞ്ഞുകൊണ്ട് നടത്തുന്ന ഇത്തരം നികുതി വെട്ടിപ്പിനെയും നിയമ ലംഘനത്തെയും എങ്ങിനെയാണ് മതങ്ങൾക്കും സഭകൾക്കും ന്യായീകരിക്കാൻ കഴിയുക.?
പുരോഹിത വൃത്തി ആത്മീയ പ്രവർത്തനത്തോടൊപ്പം പൊതുപ്രവർത്തനം കൂടിയാണ് .പൊതു പ്രവർത്തകർ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരം സംബന്ധിച്ച സത്യവാങ്മൂലം വർഷം തോറും പരസ്യപ്പെടുത്താൻ സർക്കാർ നിഷ്‌കർക്കിക്കുന്നതിനു സമാനം,മത പുരോഹിതർ തങ്ങളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ വിവരങ്ങൾ വർഷം തോറും പരസ്യപ്പെടുത്തണമെന്നു നിഷ്‌കർക്കുന്നതിനു മതങ്ങൾ തയ്യാറാകുമോ ?  എങ്കിൽ മാത്രമേ പുരോഹിതർക്കിടയിലെ കള്ള നാണയങ്ങളായ “അനന്യാസുമാരെയും സഫീറമാരെയും” കണ്ടെത്താൻ കഴിയൂ ..!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ