2012, സെപ്റ്റംബർ 12, ബുധനാഴ്‌ച

കേരളത്തെ എമര്‍ജ് ചെയ്യേണ്ടത് നിശാക്ലബ്ബിലൂടെയല്ല: മാര്‍ ക്രിസോസ്റ്റം



കൊല്ലം: കേരളത്തെ "എമര്‍ജ്" ചെയ്യേണ്ടത് നിശാക്ലബ്ബുകളിലൂടെയല്ലെന്ന് മലങ്കര മാര്‍ത്തോമ്മ സഭ വലിയ മെത്രാപോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. യുഡിഎഫ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന "എമര്‍ജിങ് കേരള" ആഗോള നിക്ഷേപക സംഗമത്തോടുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി മാര്‍ ക്രിസോസ്റ്റം രംഗത്ത് . കുടിക്കാന്‍ സൗകര്യം നല്‍കിയില്ലെങ്കില്‍ സായിപ്പ് നമ്മുടെ നാട്ടിലേക്കു വരില്ലെന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. ഗാന്ധിജി സായിപ്പിനെ നാടുകടത്താനാണ് ശ്രമിച്ചത്. നമ്മള്‍ ജോലിചെയ്തുണ്ടാക്കുന്ന പണം വിദേശികള്‍ കൊണ്ടുപോകരുതെന്നായിരുന്നു ഗാന്ധിജിയുടെ നിലപാട്. അദ്ദേഹം വിദേശാധിപത്യത്തിനെതിരെ പ്രതികരിച്ചു. വലിയൊരു ആദര്‍ശമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. ഇപ്പോള്‍ ഗാന്ധിശിഷ്യര്‍ ഗാന്ധിജിയുടെ യഥാര്‍ഥ ആദര്‍ശത്തിനു വിപരീതമായി പ്രവര്‍ത്തിക്കുന്നു. നിശാക്ലബ് സമൂഹത്തില്‍ അധര്‍മം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമാണ്. എങ്ങനെയും പണമുണ്ടാക്കി ഇത്തരം ക്ലബ്ബിലേക്ക് ആള്‍ക്കാര്‍വരും. കാലക്രമേണ നമ്മുടെ യുവതലമുറ ഈ അധമ സംസ്കാരത്തിന്റെ അടിമകളാകും. വികസനം കൊണ്ടുവരേണ്ടത് ഈ വിധത്തിലല്ല. സാധാരണക്കാരന്റെ ജീവിതനിലവാരം ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് വേണ്ടത്. പ്രകൃതിയെ നശിപ്പിക്കുന്ന ഏതു പ്രവര്‍ത്തനവും അപരാധമാണ്. മനുഷ്യത്വത്തെ നശിപ്പിക്കുന്ന വികസനം സമൂഹത്തിനു ഭൂഷണമല്ല. പാട്ടത്തിനു ഭൂമി നല്‍കുമ്പോള്‍ ഏറ്റെടുക്കുന്നവര്‍ അവിടെ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് അന്വേഷിക്കണം. നൂറു വര്‍ഷത്തിനുശേഷം നാമാവശേഷമായ ഭൂമിയാണ് തിരികെ തരുന്നതെങ്കില്‍ എന്തുഗുണം. കര്‍ഷകരുടെയും പ്രദേശവാസികളുടെയും അഭിപ്രായംകൂടി കേട്ടിട്ടേ ഭൂമി വികസന ആവശ്യത്തിന് വിട്ടുകൊടുക്കാവൂ. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അവര്‍ ചെയ്യുന്നതിന്റെ ദോഷം നന്നായി അറിയാം. ആ സ്ഥാനത്ത് ഇരിക്കാന്‍ ഇങ്ങനെയൊക്കെ ചിലത് ചെയ്യണം. മുഖ്യമന്ത്രിയുടെ പോക്കറ്റിലിരിക്കുന്നത് കുഴപ്പക്കാരാണ്. കേരളീയ സംസ്കാരത്തെ നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരുടേത് നല്ല ഭരണമല്ല. ആശയ രൂപീകരണത്തിന് മാധ്യമങ്ങളാണ് മുന്നിട്ടിറങ്ങേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്നു മാധ്യമങ്ങള്‍ തെറ്റായ ആശയങ്ങളാണു നല്‍കുന്നത്. കൊലപാതകത്തെക്കുറിച്ച് പേജുകള്‍ എഴുതിത്തള്ളുന്ന പത്രങ്ങള്‍ സാധുഭവനത്തിലാക്കപ്പെട്ട വൃദ്ധയെ തിരിഞ്ഞുനോക്കില്ല- മാര്‍ ക്രിസോസ്റ്റം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ