ഇസ്രായേലിലെ ജൂതമതക്കാരല്ലാത്തവർ (പ്രത്യേകിച്ച് ക്രിസ്ത്യാനികളും മുസ്ലീങ്ങളൂം) നേരിടുന്ന വിവേചനത്തെപ്പറ്റി എഴുതിക്കൊണ്ടിരിക്കുന്ന പോസ്റ്റുകളുടെ ഭാഗമാണിത്.
ഇസ്രായേൽ സ്വന്തമായി അതിർത്തികൾ നിർണയിച്ചിട്ടില്ല എന്നൊരു പ്രശ്നം ഇതിലുണ്ട്. യു എൻ റെസല്യൂഷൻ 181 അനുസരിച്ച് 1947-ൽ നിശ്ചയിച്ച അതിർത്തികൾക്ക് (ഒന്നാമത്തെ ചിത്രം) വെളിയിലേയ്ക്ക് ഇസ്രായേൽ വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട് (രണ്ടാമത്തെ ചിത്രം). ഈ വ്യാപനം മീഡിയയൊക്കെ വളരെ സ്വാഭാവികമെന്നപോലെ അംഗീകരിച്ചിട്ടുമുണ്ട്!
ഉദാഹരണത്തിന് ഇസ്രായേലിന്റെ നോർതേൺ പ്രോവിൻസിന്റെ നല്ലൊരു ഭാഗം യു എൻ റെസല്യൂഷൻ അനുസരിച്ച് പാലസ്തീനാണ്. ഇങ്ങോട്ട് ഹിസ്ബുള്ള മിസൈലാക്രമണം നടത്തിയാൽ ഇസ്രായേൽ അധിനിവേശ പലസ്തീനിലേയ്ക്ക് ഹിസ്ബുള്ള ആക്രമണം നടത്തി എന്നല്ല മീഡിയയിൽ വാർത്ത വരിക. ഇസ്രായേലിലേയ്ക്ക് ഹിസ്ബുള്ള ആക്രമണം നടത്തി എന്നാണ്. ഇന്ത്യ പാലസ്തീൻ എന്ന രാജ്യത്തെ അംഗീകരിച്ചിട്ടുണ്ട്. നിയമപരമായി ഈ പ്രദേശത്തെ ഇന്ത്യൻ ഗവണ്മെന്റും ഇന്ത്യൻ പത്രങ്ങളും പലസ്തീനായാണ് കരുതേണ്ടതും പരാമർശിക്കേണ്ടതും. പക്ഷേ അങ്ങനെയല്ല കണ്ടുവരുന്നത്! അതവിടെ നിൽക്കട്ടെ.
ഇന്ന് ലോകം ഇസ്രായേലായി കരുതുന്ന പ്രദേശത്തെ ജൂതന്മാരായ മനുഷ്യർ വിവേചനമനുഭവിക്കുന്നുണ്ടോ? ഉണ്ട്!!! ചുരുക്കി പോയിന്റുകളായി പറയാം.
1. നിങ്ങൾ ഇസ്രായേലിൽ ജീവിക്കുന്ന ഒരു ക്രിസ്ത്യാനിയാണ് എന്ന് കരുതുക. നിങ്ങൾ ഒരു ഇസ്രായേലി ജൂതനുമായോ മുസ്ലീമുമായോ പ്രണയത്തിലായി. വിവാഹം കഴിക്കണമെന്നുണ്ട്! എന്ത് ചെയ്യും? ഒന്നും ചെയ്യാൻ പറ്റില്ല!!! ഇസ്രായേലിൽ വച്ച് നിങ്ങളുടെ കല്യാണം നടക്കില്ല. പുറം രാജ്യത്ത് വല്ലതും പോയി കല്യാണം കഴിക്കണം. ഇത് തുല്യതയാണോ?
2. ഇനി ഇസ്രായേലി പൗരത്വമുള്ള ഏതെങ്കിലും മതക്കാരനായ നിങ്ങൾ വെസ്റ്റ് ബാങ്കിലേയ്ക്ക് പോകുന്നു. അവിടെ ഒരാളെ കണ്ട് ഇഷ്ടപ്പെടുന്നു. വിവാഹം കഴിക്കുന്നു. അയാളെ ഇസ്രായേലിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നു. നിങ്ങളും പങ്കാളിയും ജൂതമതക്കാരാണെങ്കിൽ ഇതിൽ ഒരു പ്രശ്നവുമില്ല! ജൂതന്മാർക്ക് എപ്പോഴും ഇസ്രായേലിൽ വരാമല്ലോ?
നിങ്ങളുടെ പങ്കാളി ഒരു ക്രിസ്ത്യാനിയോ മുസ്ലീമോ ആണെങ്കിൽ പക്ഷേ കാര്യം നടക്കില്ല! Citizenship and Entry into Israel Law 5763 അനുസരിച്ച് ഗാസയിൽ നിന്നോ വെസ്റ്റ്ബാങ്കിൽ നിന്നോ ഉള്ള നിങ്ങളുടെ പങ്കാളിക്ക് രാജ്യത്ത് പ്രവേശിക്കാൻ തന്നെ അനുവാദം കിട്ടണമെന്നില്ല. പങ്കാളികൾക്ക് മാത്രമല്ല, കുട്ടികൾക്കും മറ്റ് ബന്ധുക്കൾക്കുമൊക്കെ ഈ വിവേചനമുണ്ട്.
* ഇസ്രായേലിലെ ജൂതഭൂരിപക്ഷ ഏരിയകളിൽ ഗവണ്മെന്റ് നടത്തുന്ന നിക്ഷേപം ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഭൂരിപക്ഷമുള്ള ഏരിയകളിലെ നിക്ഷേപത്തേക്കാൾ വളരെ കൂടുതലാണ്. ചില ഉദാഹരണങ്ങൾ പറയാം.
3. ഇസ്രായേലിൽ ആകെ നികുതിപ്പണം ഉപയോഗിച്ച് നിർമിച്ച 11,776 ബോംബ് ഷെൽട്ടറുകളുണ്ട്. ഇതിൽ 37 എണ്ണം മാതമാണ് അറബ് ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലുള്ളത്. ഇതിൽ എട്ടെണ്ണം ഉപയോഗിക്കാനും സാധിക്കാത്ത സ്ഥിതിയിലാണ്. ഇസ്രായേലിലെ 75,000 ജനസംഖ്യയുള്ള ഒരു അറബ് പട്ടണമായ റാഹത്തിൽ 8 ബോംബ് ഷെൽട്ടറുകളാണുള്ളതെങ്കിൽ സമീപത്തുള്ള ജൂതപട്ടണമായ ഒഫാക്കിമിലെ ജനസംഖ്യ 35,000വും ബോംബ് ഷെൽട്ടറുകളുടെ എണ്ണം 150ഉമാണ്. ഇസ്രായേൽ എന്തായാലും തങ്ങളുടെ ജൂത പൗരന്മാരുടെ ജീവന് കൊടുക്കുന്ന വില അറബ് പൗരന്മാർക്ക് കൊടുക്കുന്നില്ല (ഇസ്രായേലിലെ അറബ് ജനസംഖ്യ 21 ശതമാനമാണ്. നിരത്തി നിർത്തി വെടിവച്ച് കൊന്നും ബലാത്സംഗം ചെയ്തും ഓടിക്കാൻ സാധിക്കാതിരുന്ന അറബ് മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഡ്രൂസുകളും ഒക്കെയാണിവർ - ഇതെപ്പറ്റിയൊക്കെ എഴുതിയിട്ടുണ്ട്. #israel_ajay എന്ന ഹാഷ് ടാഗും കമന്റ് ബോക്സും നോക്കുക)
4. സ്കൂളുകൾക്ക് വേണ്ടി ചിലവഴിക്കുന്ന പണം. അറബ് ഭൂരിപക്ഷ മേഖലകളിൽ ഒരു സ്റ്റുഡന്റിന് വേണ്ടി വർഷം മുടക്കുന്ന ശരാശരി തുക ഏകദേശം നാലായിരം ഡോളറാണെങ്കിൽ അതിനേക്കാൽ 25% കൂടുതൽ തുക (5000 ഡോളറിന് മുകളിൽ) ജൂതഭൂരിപക്ഷ സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി മുടക്കുന്നുണ്ട്.
5. അറബ് ഭൂരിപക്ഷ മേഖലകളിലെ വികസനത്തിന് നീക്കിവയ്ക്കുന്ന ബഡ്ജറ്റ് വിഹിതം മറ്റാവശ്യങ്ങൾക്ക് വേണ്ടി ഇനം മാറ്റുക എന്നത് സ്ഥിരം നടപടിയാണ്. ആശുപത്രികളെയും മറ്റ് സിവിക് അമെനിറ്റികളെയും ഒക്കെ ഇത് ബാധിക്കുന്നുണ്ട്. ജൂതന്മാരുടെ ആയുർ ദൈർഖ്യം ശരാശരി 83.3 വർഷമാണെങ്കിൽ അറബികളുടേത് ഇതിനേക്കാൾ നാല് വർഷം കുറവാണ് (79.8 വർഷം). ഇവരുടെയെല്ലാം പൂർവ്വികർ ഇവിടെ ആയിരക്കണക്കിന് വർഷം മുൻപുണ്ടായിരുന്നവരാണെന്നും ഇവർ തമ്മിൽ കാര്യമായ ജനിതകവ്യത്യാസങ്ങൾ ഇല്ല എന്നും കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞിരുന്നു. ആയുസ്സിലെ വ്യത്യാസത്തിന് കാരണം ജനിതകമല്ല. വിവേചനമാണ്!
6. സൈനികസേവനത്തിലും വ്യത്യാസങ്ങളുണ്ട്. ഇസ്രായേലി അറബ് മുസ്ലീങ്ങൾക്ക് നിർബന്ധിത സൈനികസേവനമില്ലെങ്കിലും അവർക്ക് സൈന്യത്തിൽ ചേരാം. അവർക്ക് ഇന്റലിജൻസ് ജോലികളോ, വ്യോമസേന പോലെ (ആണവായുധം കൈകാര്യം ചെയ്യുന്ന) റോളുകളിലോ ജോലി നൽകില്ല! ഏറ്റവും ഉയർന്ന പൊസിഷനുകളിൽ അവർ ഇതുവരെ എത്തിയിട്ടില്ല! [ഇന്ത്യയിൽ മുസ്ലീങ്ങളും ക്രിസ്ത്യാനികളും പാഴ്സികളും സിഖുകാരും സേനാവിഭാഗങ്ങളുടെ മേധാവികളായിട്ടുണ്ട് എന്നോർക്കുക]
* ഇതൊക്കെ വിവേചനം മാത്രമാണ്. ഇസ്രായേലിലെ മത ന്യൂനപക്ഷങ്ങൾ ആക്രമണങ്ങളും നേരിടുന്നുണ്ട്. സ്ഥിരമായി!!!
7. ഇസ്രായേലിന്റെ ഭാഗമാണ് എന്ന് ഇന്ന് മാധ്യമങ്ങളും ലോകവും മുഴുവൻ അംഗീകരിക്കുന്ന ജെറുസലേമിലും (ഇത് പലസ്തീനിനുള്ളിലെ ഒരു ന്യൂട്രൽ പ്രദേശമായിട്ടാണ് ഐക്യരാഷ്ട്രസഭ വിഭാവനം ചെയ്തതെങ്കിലും പിന്നീട് ഇസ്രായേൽ ഇത് സൈനികശക്തി ഉപയോഗിച്ച് പിടിച്ചെടുത്തതാണ് എന്ന് ഭൂപടങ്ങളിൽ കാണാം) ഹൈഫയിലും ഗലീലിയിലും ഒക്കെയായി ഈ വർഷം വെറും മൂന്ന് മാസം കൊണ്ട് 83 ആക്രമണങ്ങൾ ക്രിസ്ത്യാനികൾക്കും ക്രിത്യൻ സ്ഥാപനങ്ങൾക്കും എതിരേ നടന്നിട്ടുണ്ട്. (വെസ്റ്റ് ബാങ്കിലെയോ ഗാസയിലെയോ കാര്യം ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല)
ഇതിന്റെയെല്ലാം അർത്ഥമെന്താണ്? ഇസ്രായേൽ തുല്യതയുള്ള ഒരു രാജ്യമല്ല!!!
പത്രവാർത്തകളുടെയും സ്രോതസ്സുകളുടെയും ഈ സീരീസിൽ മുൻപെഴുതിയ പോസ്റ്റുകളുടെയും ലിങ്കുകൾ കമന്റിൽ ചേർത്തിട്ടുണ്ട്.
[ഇസ്രായേലിന്റെ പേരും ഭൂപടവും ഒക്കെ വച്ചെഴുതുന്ന പോസ്റ്റാണ്. മുഴുവൻ വായിച്ച ആരെങ്കിലും ഉണ്ടെങ്കിൽ എന്തെങ്കിലും കമന്റ് ചെയ്തിട്ട് പോകാൻ അപേക്ഷ. ഇല്ലെങ്കിൽ റീച്ച് നന്നായി കുറയും എന്നാണ് അനുഭവം.]
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ