തോമ്മാശ്ളീഹാ കേരളത്തിൽ വന്നോ?
ഇന്ന് #ദുക്റാന (ഓർമദിവസം) ആണ്. തോമ്മാ ശ്ലീഹ യെ അനുസ്മരിക്കുന്ന ദിനം.
ഇന്ത്യയിലേക്കുള്ള ആദ്യത്തെ മിഷനറി യേശുവിന്റെ ശിഷ്യനായ സെന്റ് തോമസ് തന്നെയാണ്. ഇവിടത്തെ ക്രിസ്ത്യാനികൾ അദ്ദേഹത്തെ "തോമ്മാ ശ്ലീഹ" (Apostle Thomas) എന്ന് വിളിച്ചുപോരുന്നു.
1. ആക്ട തോമേ (Acta Thomae) എന്നത് സുറിയാനി ഭാഷയിൽ 240 എഡി ക്കു മുൻപ് എഴുതപ്പെട്ട ഗ്രന്ഥമാണ്. ഇതിന്റെ ഗ്രീക്ക് ഭാഷയിലുള്ള വിവർത്തനവും ലഭ്യമാണ്.
Acta Thomae എന്ന ഗ്രന്ഥം തോമ്മാ ശ്ലീഹായുടെ ഇന്ത്യയിൽ പ്രേഷിത പ്രവർത്തനത്തെകുറിച്ച് വിവരിക്കുന്നു. അക്കാലത്തു ഇന്ത്യ എന്ന് പറഞ്ഞാൽ ഇന്നത്തെ അഫ്ഘാനിസ്ഥാനും പാകിസ്താനും ഇറാക്ക്, ഇറാൻ എന്നിവയെല്ലാം അന്നത്തെ പാർത്തിയൻ രാജ്യവും അതിൽ ഉൾപ്പെടുമായിരുന്നു.
എഡി 40-ൽ തോമ്മാ ശ്ലീഹ വടക്കുപടിഞ്ഞാറുള്ള ഇന്ത്യ പ്രദേശത്തു വരികയും, അവിടെ തലസ്ഥാന നഗരിയായ #തക്ഷശിലയിൽ എത്തുകയും അവിടെ പ്രവർത്തിക്കുകയും ചെയ്തു. #ഗൊണ്ടഫോരെസ് രാജാവിന് വേണ്ടി കൊട്ടാരം പണിയുന്ന ജോലി ഏൽപ്പിച്ചിരുന്നു എന്നും പറയപ്പെടുന്നുണ്ട്.
ഗോണ്ടഫോറെസ് രാജാവിനെയും അദ്ദേഹത്തിന്റെ സഹോദരനെയും തോമ്മാ ശ്ലീഹ മനസാന്തരപ്പെടുത്തിയതായി ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.
എന്നാൽ രാജാവിന്റെ വൈസ്രോയി ആയിരുന്ന മിസ്ദേവൂസിന്റെ ഭാര്യമാരെയും ബന്ധുക്കളെയും മനസാന്തരപ്പെടുത്തിയത് മിസ്ദേവൂസിന് ഇഷ്ടമായില്ല, അതിനാൽ അദ്ദേഹം തോമസിനെ കുന്തം കൊണ്ട് കുത്തി കൊലപ്പെടുത്തി എന്നാണു ആക്ട തോമേയിൽ പറയുന്നത്.
Acta Thomae എന്ന ഗ്രന്ഥം തോമ്മാ ശ്ലീഹായുടെ പ്രേഷിത പ്രവർത്തനത്തെ വിവരിക്കുന്നുണ്ടെങ്കിലും, മുൻകാലങ്ങളിൽ Acta Thomae പലരും കാര്യമായി എടുത്തിരുന്നില്ല. തന്നെയുമല്ല ആക്ട തോമസ് ഒരു സുവിശേഷഗ്രന്ഥമല്ല എന്ന് നിഖ്യായിലെ സൂനഹദോസ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാൽ പിൽക്കാലത്തു പഞ്ചാബിൽ നിന്നും സിന്ധിൽ നിന്നും അഫ്ഗാനിസ്ഥാനിൽ നിന്നും ലഭിച്ചിട്ടുള്ള നാണയങ്ങളുടെ വെളിച്ചത്തിൽ അന്ന് ഗോണ്ടോഫോറസ് എന്ന രാജാവ് #പാർത്തിയ എന്ന രാജ്യം ഭരിച്ചിരുന്നു എന്ന് തെളിഞ്ഞിട്ടുണ്ട്. ലാഹോർ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുള്ള ഒരു കൽഫലകം അറിയപ്പെടുന്നത് Takht-i-Bahi എന്നാണ്. അതനുസരിച്ചു ഗോണ്ടഫോര്സിന്റെ ഭരണം ആരംഭിക്കുന്നത് എ.ഡി.46-ലാണ്. ഇത് തോമ്മാ ശ്ലീഹായുടെ പ്രവർത്തന സമയവുമായി ചേർന്ന് പോകുന്നുണ്ട്.
യഹൂദന്മാർ ഉള്ള സ്ഥലങ്ങളിലേക്കാണ് യേശുവിന്റെ ശിഷ്യന്മാരോക്കെ പോയത്. കേരളം തീരത്തു യഹൂദരും അറബികളും നമ്മുടെ വ്യഞ്ജനങ്ങളുടെ കച്ചവടത്തിന് വരുന്നുണ്ടായിരുന്നു. അതിനാലാണ് കേരളം തീരത്തെക്കു വരാൻ കാരണം.
അങ്ങനെ തന്റെ രണ്ടാമത്തെ യാത്രയിൽ അദ്ദേഹം തെക്കോട്ടു യാത്ര ചെയ്തു, എ.ഡി.52-ൽ കേരളത്തിൽ (മലബാർ തീരത്തു) എത്തി.
തോമ്മാ ശ്ലീഹ കേരളത്തിൽ വന്നു എന്നതിന് വേറെയും ധാരാളം തെളിവുകൾ ഉണ്ട്. അതേക്കുറിച്ചു താഴെ പറയുന്നുണ്ട്.
മലബാർ തീരത്തു പല സ്ഥലങ്ങളിലും പ്രസംഗിക്കുകയും യേശുവിനെ പിഞ്ചെല്ലുന്ന ചെറിയ സമൂഹങ്ങളെ സൃഷ്ടിക്കുകയും ചെയ്തു.
കൊടുങ്ങല്ലൂർ , പാലയൂർ , കോട്ടക്കാവ് (നോർത്ത് പറവൂർ), കോക്കമംഗലം , നിരണം , നിലക്കൽ , കൊല്ലം, തിരുവിതാംകോട് എന്നീ സ്ഥലങ്ങളിൽ പ്രസംഗിക്കുകയും ക്രൈസ്തവരുടെ ചെറിയ സമൂഹങ്ങളെ രൂപപ്പെടുത്തുകയും ചെയ്തു എന്നാണ് ചരിത്രം. ഈ സ്ഥലങ്ങളിലെല്ലാം പള്ളികൾ സ്ഥാപിച്ചു എന്ന് പറയുമ്പോൾ സമൂഹങ്ങൾ സൃഷ്ട്ടിച്ചു എന്നതാണ് പ്രധാനം. ഇന്നത്തെപ്പോലെയുള്ള പള്ളി പണിതു എന്ന് കരുതരുത്. എന്നാൽ അവിടെല്ലാം പ്രാർത്ഥനാലയങ്ങൾ ഉണ്ടായി എന്ന് പറയുന്നതിൽ തെറ്റില്ല.
കുട്ടനാട് ഭാഗത്തെ മിക്ക പള്ളികളുടെയും മാതൃദേവാലയം നിരണം സൈന്റ്റ് മേരീസ് പള്ളി ആണ്.
ഇവിടെ നിന്ന് തോമ്മാ ശ്ലീഹാ കോറോമാൻഡൽ തീരത്തേക്ക് പോകുകയും അവിടത്തെ രാജാവിന്റെ അപ്രീതിക്ക് പത്രമാകുകയും അതിനാൽ എ.ഡി.72-ൽ വധിക്കപ്പെടുകയും ചെയ്തു എന്നാണ് ചരിത്രം.
തോമ്മാ ശ്ലീഹായുടെ കേരളത്തിലെ പ്രവർത്തനത്തി വേറെയും തെളിവുകളുണ്ട് അതിൽ പ്രധാനം ക്രൈസ്തവവിശ്വാസികളുടെ പാരമ്പര്യം തന്നെയാണ്.
2. എന്നാൽ ഇതിനെ സംബന്ധിച്ച് ആശയക്കുഴപ്പം ഉണ്ടാകാൻ #ബെനഡിക്ട്_പതിനാറാമൻ മാർപ്പാപ്പ കാരണമായി. അതിനെ കുറിച്ച് ആദ്യം പറയാം.
മാർ തോമ്മാ ക്രിസ്ത്യാനികളുടെ പരമ്പരാഗതമായ വിശ്വാസത്തിനു മങ്ങൽ ഏൽപ്പിച്ചത് സഭയുടെ തലവൻ തന്നെയാണ്. The unkindest cut of all ! തോമ്മാ ശ്ലീഹായുടെ കേരളത്തിലെ പ്രേഷിതപ്രവർത്തനത്തെ നിഷ്പ്രഭമാക്കിക്കൊണ്ടു ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പ 2006 സെപ്തംബര് 27-നു തന്റെ പ്രഭാഷണവേളയിൽ പറഞ്ഞു: "സൈന്റ്റ് തോമസ് ആദ്യം പേർഷ്യയിലെ സിറിയയിലും പ്രേഷിതപ്രവർത്തനം നടത്തി; അതിനു ശേഷം പശ്ചിമ ഇന്ത്യയിലും പ്രേഷിതപ്രവർത്തനം നടത്തുകയുണ്ടായി”.
എന്ന് പറഞ്ഞാൽ ഇന്നത്തെ പാകിസ്താനിലും വടക്കുപടിഞ്ഞാറൻ ഇന്ത്യയിലും മാത്രമേ പ്രേഷിത പ്രവർത്തനം നടത്തിയുള്ളൂ എന്ന് വ്യാഖ്യാനിക്കാൻ തുടങ്ങി. പക്ഷെ അദ്ദേഹം അത് അങ്ങനെ വിവക്ഷിച്ചോ? ഇല്ല എന്നാണ് വ്യക്തമാകുന്നത്. അത് ഒരു വാചകപ്പിഴ മാത്രമായിരുന്നു.
അത് അദ്ദേഹം അന്ന് തന്നെ തിരുത്തി; അതിനാൽ അന്ന് വൈകിട്ട് തന്നെ വത്തിക്കാൻ വെബ്സൈറ്റ് തിരുത്തലുമായി രംഗത്തെത്തി. വത്തിക്കാൻ വെബ്സൈറ്റ് പ്രസംഗം തിരുത്തി ഇങ്ങനെ എഴുതി "and finally he reached South India”. വെബ്സൈറ്റ് പരിശോധിക്കാവുന്നതാണ്.
മാത്രമല്ല പിൽക്കാലത്തുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളിൽ “St. Thomas the Great Apostle of India” എന്ന് അദ്ദേഹം എടുത്തെടുത്തു പറഞ്ഞിട്ടുണ്ട്. സിറോ മലങ്കര ബിഷപ്സിന്റെ സമ്മേളനത്തിലും ബെനഡിക്ട് XVI-മൻ "നിങ്ങളുടെ അപോസ്തോലിക്ക് പാരമ്പര്യത്തെ മാനിക്കുന്നു" എന്ന് എടുത്തു പറയുകയുണ്ടായി.
2006-ലെ ബെനഡിക്ട് പതിനാറാമൻ മാർപ്പാപ്പയുടെ ആ പ്രസ്താവന അവിടെ നിൽക്കട്ടെ. അദ്ദേഹത്തിന്റെ ആ താൽക്കാലിക പിശകിനെപറ്റി പറയുമ്പോൾ അദ്ദേഹത്തെ കുറിച്ച് തന്നെ എനിക്ക് പറയേണ്ടി എനിക്ക് വരും.
ഞാൻ ലുവൈൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രൊഫസർ ഫ്രാൻസ് നെറിങ്കിന്റെ കീഴിൽ ഗ്രാഡുവേഷൻ നേടിയ ശേഷം ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് ചെയ്യാൻ ആലോചിച്ചു. ആരുടെ കീഴിൽ ചെയ്യും എന്ന് നോക്കിയപ്പോൾ അന്ന് ദൈവശാസ്ത്രമേഖലയിൽ തിളങ്ങിനിന്നവരെ നോക്കി: റ്റൂബിങ്നിലെ ഹാൻസ് ക്യൂങ് (Hans Kung), നിയ്മേഗെനിലെ ജൊഹാൻ ബാപ്റ്റിസ്റ്റ് മെട്സ് (Metz), പാരിസിലെ ഇവ് കോൺഗർ (Yves Congar), ജർമനിയിലെ #കാൾ_റാനെർ (#Karl_Rahner). എന്റെ ശ്രദ്ധ അന്നു റെഗെൻസ്ബർഗിൽ പഠിപ്പിച്ചിരുന്ന #ജോസഫ്റാറ്റ്സിങ്ങർ (Josef Ratzinger) നെ കുറിച്ച് ഓർത്തു പോലുമില്ല. (ജോസഫ് റാറ്റ്സിങ്ങർ ആണ് ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ആയതു).
കാരണം അദ്ദേഹം അത്രയ്ക്ക് അക്കാലത്തു ശ്രദ്ധിക്കപ്പെടുന്ന ദൈവശാസ്ത്രജ്ഞൻ അല്ലായിരുന്നു. ഞാൻ എന്റെ ഡോക്ടറേറ്റിനുള്ള ഗൈഡ് ആയി തെരഞ്ഞെടുത്തത് കാൾ റാനെർനെ (Karl Rahner) ആയിരുന്നു. കാരണം അദ്ദേഹം ദൈവശാസ്ത്രജ്ഞന്മാരുടെ ദൈവശാസ്ത്രജ്ഞനായിരുന്നു.
റാറ്റ്സിങ്ങർ മാർപാപ്പ ആയശേഷവും അദ്ദേഹത്തെ കാണണമെന്നു എനിക്ക് തോന്നിയിട്ടില്ല. കാരണം അത്രയ്ക്ക് പിന്തിരിപ്പൻ ദൈവശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം, എന്ന് പറയാതെ വയ്യ. അപ്പോൾ അദ്ദേഹം ഇങ്ങനൊരു വീഴ്ച സഭ ചരിത്രത്തിന്റെ കാര്യത്തിൽ ചെയ്തെങ്കിൽ അതിനെക്കുറിച്ചും എനിക്ക് അത്ഭുതമില്ല. അദ്ദേഹം ചെയ്തത് ആക്ട തോമ മാത്രം വായിച്ചു അഭിപ്രായം പറഞ്ഞതാകാം. അത് ചരിത്രാന്വേഷണത്തോടു ചെയ്യുന്ന തെറ്റല്ലേ?
നമുക്ക് ഏതായാലും ചരിത്രം പരിശോധിക്കാം.
Acta Thommae തന്നെയാണ് തോമ്മാ ശ്ലീഹ ഇന്ത്യയിൽ വന്നു എന്നതിനുള്ള ആദ്യ തെളിവ്. അതിനെക്കുറിച്ചു മുകളിൽ പറഞ്ഞുവല്ലോ. പക്ഷെ അത് തോമസ് ശ്ലീഹായുടെ പാർഥിയായിലെ പ്രവർത്തനത്തെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ.
3. #പാരമ്പര്യം
കേരളത്തിലെ ക്രൈസ്തവ പാരമ്പര്യം മനസ്സിലാക്കാവുന്നത് അവരുടെ സമൂഹത്തിൽ പ്രചരിച്ചിരുന്ന ഗാനങ്ങളിലൂടെയാണ്. "#വീരടിയാൻ പാട്ടു", "#മാർഗംകളി പാട്ടു", "#റമ്പാൻ പാട്ട്" എന്നിവ തോമ്മാ ശ്ലീഹ ഇവിടെ പ്രവർത്തിച്ചത് എങ്ങനെയെന്ന് വിവരിക്കുന്നുണ്ടു. റമ്പാൻ പാട്ടിലെ "അരുൾ മാർഗത്തിൽ" എന്ന് തുടങ്ങുന്ന ഗീതം തോമ്മാ ശ്ലീഹ അറബിയയിൽ നിന്ന് മാല്യങ്കരയിൽ (Kodungaloor) എത്തിയതായി വിവരിക്കുന്നുണ്ട്.
4. #മാർ എഫ്രേം (306-373)
മാർ എഫ്രേം പരിശുദ്ധാത്മാവിന്റെ വീണ എന്ന തന്റെ ഗ്രന്ഥത്തിൽ തോമസ് ശ്ളീഹായുടെ തിരുശേഷിപ്പ് ഇന്ത്യയിൽ നിന്ന് (ഇന്നത്തെ തുർക്കിയിലുള്ള) എഡേസ്സ എന്ന സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടത്തെ സൈന്റ്റ് തോമസ് ദേവാലയത്തിൽ അത് സൂക്ഷിച്ചു എന്നുമാണ്.
5. #പന്തേനൂസ് (AD.194)
ഈജിപ്തിലെ ഫറവോ യുടെ കാലം തൊട്ടു #സിൽക്ക് റൂട്ട് ഉണ്ടായിരുന്നു. അതായതു അലക്സാണ്ഡ്രിയ മുതൽ ചൈന വരെ നീളുന്ന ഒരു റൂട്ട് ആയിരുന്നു. അലക്സാണ്ഡ്രിയ മുതൽ കപ്പൽ മാർഗമുള്ള വഴിയായിരുന്നു അത്. പക്ഷെ ഇന്നത്തെപോലെ തുടർച്ചയായി അന്ന് യാത്രചെയ്യുക സാധ്യമായിരുന്നില്ല. ഈ റൂട്ടിലൂടെ കച്ചവടം പൊടിപൊടിച്ചിരുന്നു. അന്നത്തെ പായക്കപ്പൽ വഴിയായിരുന്നല്ലോ യാത്രകൾ. അതുകൊണ്ടു ഇന്നത്തെപോലെ തുടർച്ചയായി യാത്രചെയ്യുക അന്ന് സാധ്യമായിരുന്നില്ല. അതിനാൽ കരയിലൂടെയും കപ്പലിലൂടെയുമായിരുന്നു യാത്രകൾ.
അപ്പോൾ കപ്പൽ മാർഗം ധാരാളം കച്ചവടക്കാർ ഇന്ത്യയുടെ തീരങ്ങളിൽ പ്രത്യേകിച്ച് മലബാർ തീരങ്ങളിൽ വന്നു നമ്മുടെ വ്യഞ്ജനങ്ങളും മറ്റും വാങ്ങി പോയിട്ടുമുണ്ട്.
ഈജിപ്തിലെ അലക്സാണ്ഡ്രിയയിൽ സ്റ്റോയിക്ക് തത്വശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ആളാണ് #പന്തേനൂസ്. അദ്ദേഹം ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും അതേനഗോറാസിന് ശേഷം അലക്സാണ്ഡ്രിയയിലെ പഠനകേന്ദ്രത്തിന്റെ അധിപനായിരുന്നു.
പന്തേനൂസ് എ.ഡി.194-ൽ ഇന്ത്യ സന്ദർശിച്ചു എന്നും അവിടെ ഒരു ക്രൈസ്തവ സമൂഹത്തെ കണ്ടുവെന്നും അവരുടെ പക്കൽ ഹീബ്രൂ ഭാഷയിൽ എഴുതിയ മത്തായിയുടെ സുവിശേഷം കണ്ടെത്തി എന്നുമാണ് പറയുന്നത്.
പന്തേനൂസ്ന്റെ ജനനത്തെക്കുറിച്ചു കൃത്യമായി തീയതി അറിഞ്ഞുകൂടാ. പക്ഷെ അദ്ദേഹം എ.ഡി.200-ൽ ദിവംഗതനായിട്ടാണ് ചരിത്ര രേഖകൾ പറയുന്നത്.
അദ്ദേഹത്തെകുറിച്ചു വ്യക്തമായി പറയുന്നത് #എവ്സേബിയൂസ് (Eusebius) എന്ന ചരിത്രകാരനാണ്. അദ്ദേഹത്തിന്റെ (Ἐκκλησιαστικὴ Ἱστορία) #എക്കല്ഷ്യസ്റ്റിക_ഹിസ്റ്റോറിയ എന്ന പുസ്തകത്തിന്റെ അഞ്ചാം വാല്യത്തിൽ പത്താം അധ്യായത്തിൽ പറയുന്നത് അലക്സാൻഡ്രിയായിൽ തത്വചിന്തകനായിരുന്ന പന്തേനൂസ് എ.ഡി.194-ൽ ഇന്ത്യ സന്ദർശിച്ചു എന്നും അവിടെ ഒരു ക്രൈസ്തവ സമൂഹത്തെ കണ്ടുവെന്നും അവരുടെ പക്കൽ ഹീബ്രൂ ഭാഷയിൽ എഴുതിയ മത്തായിയുടെ സുവിശേഷം കണ്ടെത്തി എന്നുമാണ്. (അരാമയ്ക്ക് ഭാഷയിലുള്ള സുവിശേഷം ആകാനാണ് സാധ്യത. കാരണം പന്തേനുസിന് ഹീബ്രുവും അരമയ്ക്കും തമ്മിൽ തിരിച്ചറിയാൻ സാധ്യമായിരുന്നില്ല.).
അക്കാലത്തു ഇവിടെ ക്രൈസ്തവരെ കണ്ടുവെങ്കിൽ അവർ സ്വർഗത്തിൽ നിന്ന് കെട്ടിയിറക്കപ്പെട്ടവർ ആയിരിക്കില്ലല്ലോ. ഇവിടെ ആരെങ്കിലും ക്രിസ്തുവിനെക്കുറിച്ചു പ്രസംഗിച്ചിരിക്കണം, പറഞ്ഞിരിക്കണം , ആ വിശ്വാസം അവർക്കു പകർന്നു കൊടുത്തിരിക്കണം. അപ്പോൾ അക്കാലത്തു മറ്റു തെളിവുകളുടെ പിന്തുണയിൽ അത് തോമ്മാ ശ്ലീഹ തന്നെ ആയിരിക്കും എന്ന് ഉറപ്പിക്കാം.
6. "Periplus Maris Erythraei" എന്ന ഗ്രീക്ക് ഗ്രന്ഥത്തിൽ പറയുന്നതുപോലെ റോമൻ സാമ്രാജ്യവും ഇന്ത്യയുമായി ബിസി ഒന്നാം നൂറ്റാണ്ടു മുതൽതന്നെ വാണിജ്യം നടന്നിരുന്നു.
ഈജിപ്തിലെ അലക്സാണ്ഡ്രിയ യിൽ നിന്നുള്ള ഒരു കച്ചവടക്കാരൻ ആയിരുന്ന #കോസ്മാസ് ഇൻഡികോപ്ല്യ്സ്റ്റ്സ് (Cosmas Indicopleustus) ആണ് ആദ്യമായി ഇന്ത്യയിലേക്ക് യാത്ര ചെയ്തതും അതിനെക്കുറിച്ചു എഴുതിയതും.
അദ്ദേഹം #ക്രിസ്ത്യൻ_ടോപോഗ്രാഫി (Christian Topography) എന്ന ഗ്രന്ഥം രചിച്ചിട്ടുണ്ട്. അതിൽ അദ്ദേഹം പറയുന്നത് അദ്ദേഹം കല്യാണിലും മലബാറിലും ക്രൈസ്തവ വിശ്വാസികളെ കണ്ടുമുട്ടി എന്നും, അവർക്കു മെത്രാന്മാരെ പേർഷ്യയിൽ നിന്ന് ലഭിച്ചിരുന്നു എന്നുമാണ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇപ്രകാരം ആണ്:
"അവിടെ ക്രിസ്ത്യാനികളുടെ ഒരു സഭയുണ്ട്. വൈദികരും കുറെ വിശ്വാസികളും. ഇനിയും ഉള്ളിലേക്ക് പോയാൽ കൂടുതൽ ക്രിസ്ത്യാനികൾ അവിടെ ഉണ്ടാകുമോ എന്ന് എനിക്കറിഞ്ഞുകൂടാ”.
“ആ രാജ്യത്തു കുരുമുളക് ധാരാളമായി കൃഷി ചെയ്യുന്നു… കൂടാതെ കല്യാണ എന്ന് പറയുന്ന സ്ഥലത്തും പള്ളിയുണ്ട്, പേർഷ്യയിൽ നിന്നും നിയമിതനായ ഒരു മെത്രാനും ഉണ്ട്. അവിടെ വൈദികർക്ക് പട്ടം കിട്ടുന്നത് പേർഷ്യയിൽ നിന്നാണ്. ... അവിടെ ധാരാളം ക്രിസ്ത്യാനികൾ ഉണ്ട്. അവർ "#സൊറിയാനി" ക്രിസ്ത്യാനികൾ ആണ്. അവർക്കൊരു ഡീക്കൻ ഉണ്ട്; പള്ളിയിൽ പ്രത്യകമായ പ്രാർഥന രീതികളും.... പക്ഷെ മറ്റുള്ളവരും അവരുടെ രാജാക്കന്മാരും വിജാതീയരാണ്."
#
(കല്യാണ എന്ന് പറയുന്നത് “കൊല്ലം” ആകാൻ സാധ്യതയുണ്ട്. കൊടുങ്ങലൂരിന് ക്രാങ്ങനൂര് എന്നും ഉദയംപേരൂരിനു ഡയമ്പർ എന്നുമൊക്കെയേ വിദേശികൾക്ക് പേരിടാൻ സാധ്യമായിരുന്നുള്ളൂ.)
സൊറിയാനി ക്രിസ്ത്യാനികൾ (സുറിയാനി ക്രിസ്ത്യാനികൾ) എന്ന് ആദ്യമായി വിളിച്ചത് അദ്ദേഹമായിരിക്കാം.
(തുടരും ...)
#FrCyriacThundiyil
#indian #india #life #love #nature #faith #christian #christianity #new #news
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ