#സുപ്രീംകോടതിയിൽ_ഇടതുസർക്കാർവക_'കള്ളവാങ്മൂലം!'
കേരളത്തിലെ നെറികെട്ട കത്തോലിക്കാ നേതൃത്വവും ഇടതു ഭരണ നേതൃത്വവും കൈകോർത്തു പിടിച്ച് സത്യത്തിൻ്റെയും നീതിയുടെയും കഴുത്തു ഞെരിക്കുന്ന കാഴ്ചയാണ്, എറണാകുളം ഭൂമിയിടപാടു കേസിൽ കർദ്ദിനാൾ ആലഞ്ചേരിക്ക് ക്ലീൻ ചിട്ട് നൽകിക്കൊണ്ട്, പിണറായി സർക്കാർ സുപ്രീം കോടതിയിൽ നൽകിയിരിക്കുന്ന 'കള്ളവാങ്മൂല'ത്തിലൂടെ നാം കാണുന്നത്. ഈ ഭൂമിയിടപാടിൽ വിവിധ അന്വേഷണ ഏജൻസികളും ഗവൺമെൻറ് ഡിപ്പാർട്ടുമെൻറുകൾ തന്നെയും കണ്ടെത്തിയ തട്ടിപ്പുകളും തെറ്റായ നടപടിക്രമങ്ങളുമൊന്നും കണ്ടില്ലെന്ന് നടിച്ച് കൊടുത്തിരിക്കുന്ന ഈ അസത്യവാങ്മൂലം, ഗവൺമെൻറിൻ്റെ നഗ്നമായ മതപ്രീണനനയം തുറന്നു കാട്ടാൻ പോരുന്നതാണ്. സത്യത്തോടും നീതിയോടും മതനിരപേക്ഷതയോടും കൂറുള്ള ആരും പിണറായി ഗവൺമെൻ്റിൻ്റെ ഈ വെള്ളപൂശലിനെ അംഗീകരിക്കുമെന്നു തോന്നുന്നില്ല.
രാഷ്ട്രീയ നേതൃത്വവും മതപൗരോഹിത്യവും ചേർന്നുള്ള അവിഹിതവേഴ്ചകൾ എക്കാലവും പ്രസവിച്ചിട്ടുള്ളത് മനുഷ്യത്വരഹിതമായ ഇരുണ്ട കാലഘട്ടങ്ങളെയാണെന്ന് ചരിത്രം നമുക്കു കാട്ടിത്തരുന്നുണ്ട്. അധികാരത്തിമിരം മൂലം കാഴ്ച നഷ്ടപ്പെട്ട കേരളത്തിലെ മതനേതൃത്വങ്ങളും രാഷ്ട്രീയ നേതൃത്വങ്ങളും ചേർന്ന് കേരളസമൂഹത്തെ നയിക്കുന്നത് അന്ധകാര ഗർത്തത്തിലേക്കാണോ എന്ന് നാം സംശയിക്കണം.
കേരളസർക്കാറിനു വേണ്ടി അണ്ടർ സെക്രട്ടറി സേവ്യർ കെ. കെ സുപ്രീംകോടതിയിൽ കൊടുത്തിരിക്കുന്ന 'സത്യവാങ്മൂലം', ഈ ഭൂമിയിടപാട് സംബന്ധിച്ച് കേന്ദ്ര സർക്കാരിൻ്റെയും കേരളസർക്കാരിൻ്റെ തന്നെയും പല കണ്ടെത്തലുകളെയും നടപടികളെയും പ്രകടമായിത്തന്നെ നിരാകരിക്കുന്നതാണ് എന്ന വസ്തുത പൊതുസമൂഹത്തിന് അറിവുള്ളതാണ്. അതായത്, ഇവിടുത്തെ പൗരസമൂഹത്തിൻ്റെ സാമാന്യ യുക്തിയെയും അറിവിനെയും അപഹസിക്കുന്ന തരത്തിൽ, സത്യം മറച്ചുപിടിച്ചുള്ള ഒരു വ്യാജ സത്യവാങ്മൂലമാണ്, രാജ്യത്തിൻ്റെ പരമോന്നത കോടതിയിൽ കേരളത്തിലെ ജനാധിപത്യ ഗവൺമെൻറ് നൽകിയിരിക്കുന്നത്! 'സത്യമേവ ജയതേ!' എന്ന് ഉച്ചൈസ്തരം ഉദ്ഘോഷിച്ചുനിൽക്കുന്ന ഇന്ത്യയുടെ ആത്മാവിനേറ്റ കടുത്ത പ്രഹരമായി മാത്രമേ ഈ നടപടിയെ കാണാനാകൂ.
ഈ സത്യവാങ്മൂലം വായിച്ചാൽ, കേരള ഗവൺമെൻറ് അധികാരത്തിലേറിയത് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനത്തിലാണോ, അതോ കാനോൻ നിയമത്തിൻ്റെ അടിസ്ഥാനത്തിലാണോ എന്ന് ആരും സംശയിച്ചുപോകും. കാരണം,
“മറ്റൂരിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതിനു വായ്പയെടുത്തതുമായും, വായ്പ തിരിച്ചടയ്ക്കുന്നതിനു ഭൂമി വിറ്റതുമായും ബന്ധപ്പെട്ട്, രൂപതയുടെ ചട്ടങ്ങളും കാനൻ നിയമങ്ങളും അനുശാസിക്കുന്ന തരത്തിൽ ചർച്ചകൾ നടത്തി തീരുമാനങ്ങളിലെത്തുകയും ആയത് മിനുട്‌സിൽ രേഖപ്പെടുത്തുകയും ചെയ്‌തിട്ടുള്ളതായി അന്വേഷണത്തിൽ കണ്ടെത്തി” എന്നതാണ് ഈ സർക്കാർ സത്യവാങ്മൂലത്തിൻ്റെ കാതൽ (കാണുക: പേജ്,....). മാർ ആലഞ്ചേരി ഒരു മീറ്റിങ്ങിൽ ആഗ്രഹിച്ചു പ്രസംഗിച്ചതുപോലെ, അദ്ദേഹത്തിനു കീഴിൽ ഒരു മെത്രാനായി പ്രവർത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറായി എന്നുവേണം കരുതാൻ. എത്ര അഴിമതി കാട്ടിയാലും മെത്രാനാണെങ്കിൽ, അവർക്കൊപ്പമാണ് താൻ എന്ന സന്ദേശം, ബിഷപ്പ് അറയ്ക്കൽ, സി.എസ്.ഐ മോഡറേറ്റർ ധർമരാജ് റസാലം, ബിഷപ്പ് കെ പി യോഹന്നാൻ, ഫ്രാങ്കോ മുളയ്ക്കൽ മുതലായവരുമായുള്ള ചങ്ങാത്തത്തിലൂടെ അദ്ദേഹം കേരളസമൂഹത്തിന് നേരത്തെതന്നെ നൽകിയിട്ടുണ്ടല്ലോ.
ഭരണഘടനയുടെ ഇരുപത്തിയാറാം അനുച്ഛേദ പ്രകാരം, സഭാ സ്വത്തുക്കളും സ്ഥാപനങ്ങളും ഭരിക്കാൻ ഒരു നിയമ നിർമ്മാണം (ചർച്ച് ആക്ട്) നടത്തേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയും അതാവശ്യപ്പെട്ടും രണ്ടു ലക്ഷത്തോളം പേർ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രതിധ്വനിച്ച ശക്തമായ ജനസ്വരത്തിനെതിരെ ചെവി കൊട്ടിയടച്ചുകൊണ്ട്, ഏതാനും മെത്രാന്മാരുടെ വാക്കു കേട്ട് ഒരു ചർച്ചയ്ക്കു പോലും അവസരം നൽകാതെ, വളരെ നിസ്സാരമായ ഒരു കാര്യത്തിൽ തീരുമാനം അറിയിക്കുന്നതു പോലെ, 'ചർച്ച് ആക്ട് നടപ്പാക്കാൻ ഗവൺമെൻറ് ഉദ്ദേശിക്കുന്നില്ല' എന്ന് ബന്ധപ്പെട്ട ചർച്ച് ആക്ട് പ്രസ്ഥാനങ്ങൾക്ക് ഓരോ കത്തിട്ടു കൊണ്ട് മെത്രാന്മാരുടെ പ്രശ്നം എളുപ്പത്തിൽ പരിഹരിച്ചു കൊടുത്ത അധികാരിയുമാണ് അദ്ദേഹം. അങ്ങനെ, തനിക്ക് ഇന്ത്യയുടെ ഭരണഘടനയോട് ഉള്ളതിനെക്കാൾ പ്രതിബദ്ധത, പുരോഹിത-മെത്രാൻ നിർമ്മിത സഭാ നിയമങ്ങളോടും വത്തിക്കാൻ മതരാഷ്ട്രത്തിൻ്റെ കാനോൻ നിയമത്തോടുമാണെന്നും, ഇവിടുത്തെ ക്രൈസ്തവ സമൂഹത്തോട് ഉള്ളതിനേക്കാൾ പ്രതിപത്തി അവരുടെ യാതൊരു പ്രാതിനിധ്യവും അവകാശ പ്പെടാനാവാത്ത മെത്രാന്മാരോടാണെന്നും പ്രവൃത്തികൾ കൊണ്ട് തെളിയിച്ചിട്ടുള്ള ഒരു അധികാരിയിൽ നിന്ന് ഇത്തരമൊരു കാനോൻ നിയമാധിഷ്ഠിത കള്ളവാങ്മൂലം സുപ്രീംകോടതിയിൽ സമർപ്പിക്കപ്പെട്ടതിൽ അത്ഭുതത്തിനവകാശമില്ല.
രാഷ്ട്രത്തിൻ്റെ ഭരണഘടനയെപ്പിടിച്ച് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ മുഖ്യമന്ത്രിക്കും ഭരണകൂടത്തിനും ഈ ഭൂമിയിടപാടുമായി ബന്ധപ്പെട്ടു നടന്ന ആധികാരിക നടപടികൾക്കെതിരെ കണ്ണടയ്ക്കാൻ കഴിയുന്നതെങ്ങനെ? ഇൻകം ടാക്സ് വകുപ്പ് കണ്ടെത്തിയ ഫണ്ട് ദുരുപയോഗം, കള്ളപ്പണ ഇടപാട്, റിയൽ എസ്റ്റേറ്റ് ഇടപാട് മുതലായവയും അതിൻ്റെ പേരിൽ ആറ് കോടിയോളം രൂപ പിഴയിട്ട നടപടിയും കണ്ടില്ലെന്ന് നടിക്കാൻ ഒരു സർക്കാരിന് എങ്ങനെ കഴിയുന്നു? തൃക്കാക്കരയിൽ വിറ്റ ചില പ്ളോട്ടുകൾ ശരിയായ രജിസ്ട്രേഷനുള്ളവ ആയിരുന്നില്ലെന്ന് കേരള ഗവൺമെൻ്റിൻ്റെ കീഴിലുള്ള തഹസീൽദാരും വില്ലേജ് ഓഫീസറും വെളിപ്പെടുത്തിയത് എന്തേ കാണാതെ പോയി? 1992-ൽ മാത്രം എറണാകുളം- അങ്കമാലി എന്ന് പേരുമാറ്റമുണ്ടായ രൂപതയിലെ ചില സ്ഥലങ്ങളുടെ പഴയ മൂലാധാരങ്ങളിൽ, എറണാകുളം-അങ്കമാലി എന്നു കാണുന്നതിൽ നിന്ന് അത് പിന്നീടുണ്ടാക്കിയ വ്യാജ ആധാരമാണെന്ന് തെളിഞ്ഞതാണെന്ന വസ്തുതയും, അസി. കമ്മീഷണർ ഓഫ് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ കാണാതെ പോയി! ദേവികുളത്ത് വാങ്ങിയ സ്ഥലത്തിൻ്റെ വില രേഖ പ്രകാരം 1.16 കോടി! ഭൂമിയുടെ ഉടമസ്ഥനു ലഭിച്ചത് 3 കോടി! ഇവിടെ നടന്ന കള്ളപ്പണ ഇടപാടും കാണാതെ പോയി.
ഇങ്ങനെ, എല്ലാം ശരിയായിരുന്നു എന്നുറപ്പിച്ച് ഇത്തരത്തിലൊരു സത്യവാങ്മൂലം, അതും സുപ്രീം കോടതിയിൽ, കൊടുക്കുന്നതിനു മുമ്പ് ബന്ധപ്പെട്ടവർ,
ഈ വിഷയം അന്വേഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന കമ്മീഷനുകളുടെ റിപ്പോർട്ടുകൾ ഒന്ന് നോക്കുകയെങ്കിലും ചെയ്യേണ്ടിയിരുന്നു. സർക്കാരിനെ പ്രതിനിധീകരിച്ച ഉദ്യോഗസ്ഥർ എന്തു കൊണ്ട്, ഭൂമി വിവാദത്തിൻ്റെ തുടക്കത്തിൽ സീറോ-മലബാർ സിനഡു തന്നെ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് പ്രസിഡണ്ടായി നിയോഗിച്ച കമ്മീഷൻ്റെ, കർദ്ദിനാൾ ആലഞ്ചേരി കുറ്റക്കാരനാണെന്ന കണ്ടെത്തൽ ശ്രദ്ധിച്ചില്ല? ആലഞ്ചേരിയെ അതിരൂപതയുടെ മുഴുവൻ അധികാരങ്ങളിൽ നിന്നും വത്തിക്കാൻ മാറ്റിനിർത്തിയത്, അദ്ദേഹം കുറ്റക്കാരനാണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാക്കാൻ പോലും, കാനോൻ നിയമത്തെ ആരാധ്യമായി കാണുന്ന കേരളസർക്കാർ തയ്യാറാകാഞ്ഞത് എന്തേ? അപ്പോസ്തോലിക അഡ്മിനിസ്ട്രേറ്റർ നിയോഗിച്ചിരുന്ന ഇഞ്ചോടി കമ്മീഷനും ആലഞ്ചേരിയെ കുറ്റ വിമുക്തനാക്കിയിട്ടില്ല എന്ന വസ്തുതയ്ക്കു നേരെയും സത്യവാങ്മൂല നിർമ്മാതാക്കൾ കണ്ണടച്ചു. 2019 മാർച്ചിൽ പുറത്തുവിട്ട, KPMG റിപ്പോർട്ട് ഒന്നു മറിച്ചു നോക്കാൻ പോലും സത്യവാങ്മൂലം മെനഞ്ഞ ഉദ്യോഗസ്ഥർ തയ്യാറായില്ല എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. അതിൽ, ആലഞ്ചേരി നേതൃത്വം കൊടുത്തു നടത്തിയ ഭൂമിയിടപാടിൽ കാനോൻ നിയമ വകുപ്പുകളെ മറികടന്നുള്ള നിരവധി ഇടപാടുകളെ കുറിച്ച് അക്കമിട്ട് പറയുന്നുണ്ട്. ഉദാഹരണത്തിന്, പ്രസ്തുത റിപ്പോർട്ടിൻ്റെ പതിനഞ്ചാം പേജിൽ ഇങ്ങനെ കാണാം: “ഫിനാൻസ് കൗൺസിലിൻ്റെയും കൺസൾട്ടേറ്റീവ് ഫോറത്തിൻ്റെയും മിനിറ്റ്സിനെ കുറിച്ചുള്ള ഞങ്ങളുടെ ചർച്ചകളുടെയും വിലയിരുത്തുകളുടെയും അടിസ്ഥാനത്തിൽ കാണപ്പെടുന്നത്, ഭൂമിയുടെ വാങ്ങലുകളും വിൽപനകളും സംബന്ധിച്ച സുപ്രധാന തീരുമാനങ്ങൾ ചർച്ചകൾ നടത്തിയോ അതിൻ്റേതായ വേദികളിൽ വേണ്ടതു പോലെ പര്യാലോചന നടത്തിയോ അല്ല എടുത്തിട്ടുള്ളത് എന്നാണ്...." കൂടാതെ, "...വിൽപനക്കാരായ മൂപ്പൻ കുടുംബവും അതിരൂപതയും തമ്മിലുള്ള കരാറുകളുടെ അവലോകനത്തിൽ നിന്ന്, ഫിനാൻസ് കൗൺസിൽ സ്ഥലം വാങ്ങാൻ തീരുമാനമെടുത്തതിനു വളരെ മുമ്പേ തന്നെ, 4.01 കോടി രൂപാ അഡ്വാൻസ് നൽകിയിരുന്നതായി കണ്ടു" എന്നും, അതിൽ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപാ കറൻസിയായാണ് നൽകിയതെന്നും ഈ റിപ്പോർട്ടിലുണ്ട്. നേരത്തെ തന്നെ കച്ചവടം ഉറപ്പിച്ച് എഗ്രിമെൻ്റെഴുതി അഡ്വാൻസ് കൊടുത്തതിനു ശേഷം നടത്തുന്ന ഫിനാൻസ് കൗൺസിൽ യോഗത്തിന് എന്തർത്ഥമാണുള്ളത്?
സത്യവാങ്മൂലത്തിൽ തുകകൾ മുഴുവൻ അതിരൂപതയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുകയായിരുന്നു എന്ന സത്യവാങ് പരാമർശവും കള്ളമാണെന്ന് കമ്മീഷൻ റിപ്പോർട്ടിലെ ഈ പരാമർശത്തിൽ നിന്നു തെളിയുന്നുണ്ടല്ലോ. കമ്മീഷൻ്റെ മറ്റൊരു കണ്ടെത്തൽ കൂടി കാണുക: "50 കോടി രൂപയിൽ കൂടുതലുള്ള ഇടപാടുകൾക്ക് മേജർ ആർച്ച് ബിഷപ്പിന്റെയും മെത്രാൻ സിനഡിന്റെയും സമ്മതം ആവശ്യമാണ് എന്ന സഭാ നിയമം അവഗണിച്ച്, സിനഡിന്റെ അംഗീകാരം നേടാതെയാണ്, മൊത്തം 59.91 കോടി രൂപ പർച്ചേസ് മൂല്യമുള്ള മറ്റൂർ ഭൂമിയിടപാട് നടത്തിയത് " എന്നതാണത്. മാത്രമല്ല, അക്കാര്യത്തിൽ തെറ്റു സംഭവിച്ചെന്ന് കർദ്ദിനാൾ ആലഞ്ചേരി രേഖാമൂലം കുറ്റസമ്മതം നടത്തിയതായും KPMG കമ്മീഷൻ റിപ്പോർട്ടിലുണ്ട്.... ഇങ്ങനെ, ആലഞ്ചേരി നടത്തിയ ഭൂമിയിടപാടുകളിൽ നിരവധിയായ കാനോൻ നിയമ ലംഘനങ്ങളുണ്ടായിട്ടുണ്ട് എന്നിരിക്കെയാണ്, കാനോൻ നിയമപരമായി എല്ലാം ശരിയാണ് എന്ന മട്ടിൽ കേരളസർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുന്നത് എന്നോർക്കുക.
ഇങ്ങനെ, ഭരണഘടനാപരമായി മാത്രമല്ല, കാനോൻ നിയമപ്രകാരവും തെറ്റായ പല നടപടികളും ഈ ഭൂമിയിടപാടിൽ ഉണ്ടായതൊന്നും കണക്കിലെടുക്കാതെ തികഞ്ഞ ലാഘവബുദ്ധിയോടെ, മാർ ആലഞ്ചേരിക്ക് എങ്ങനെയും നിയമസംരക്ഷണം നൽകണം എന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തി തയ്യാറാക്കിയതാണ് ഈ 'സത്യവാങ്മൂലം' എന്നു മാത്രമേ സത്യബോധമുള്ള ആർക്കും കരുതാനാവൂ. ഇത്തരമൊരു അസത്യവാങ്മൂലം സുപ്രീംകോടതിക്ക് നൽകിയ ഈ സർക്കാർ, ഇവിടുത്തെ പ്രബുദ്ധമായ ക്രൈസ്തവസമൂഹത്തിനു മാത്രമല്ല, പൊതുസമൂഹത്തിനും അപമാനമായിരിക്കുകയാണ്.
ജനങ്ങളോടും ഭരണഘടനയോടും ഉത്തരവാദിത്വം പുലർത്തേണ്ട രാഷ്ട്രീയ പാർട്ടികളും ഭരണാധികാരികളും സർക്കാരും നിലവിലുള്ള പുരോഹിതാധികാരികളോടും അവരുടെ മതനിയമങ്ങളോടും വിധേയത്വം പുലർത്തുന്നുവെന്നത് ഇന്നിൻ്റെ ഒരു യാഥാർത്ഥ്യമാണ്. അതിൻ്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ആലഞ്ചേരിക്കേസിൽ കേരളസർക്കാർ നൽകിയിരിക്കുന്ന ഈ കള്ളവാങ്മൂലം. അത് ഓരോ മതസമൂഹത്തിലും, പ്രത്യേകിച്ച് ന്യൂനപക്ഷ മതസമൂഹങ്ങളിൽ, ഇന്ന് വളർന്നുവരുന്ന പുരോഹിതജന്മിത്വത്തെ പ്രീണിപ്പിക്കലാണ്; വിശ്വാസിസമൂഹത്തിൻ്റെ ഭരണഘടനാപരമായ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും നിരാകരിക്കാലാണ്. അതുകൊണ്ടു തന്നെ അത് നെറികേടാണ്; അങ്ങേയറ്റം അപലപനീയമാണ്. ഒരു മതേതര ജനാധിപത്യ സർക്കാർ ഒരുകാലത്തും അനുവർത്തിക്കാൻ പാടില്ലാത്ത കാര്യമാണ്.
ഒരു കാലത്ത് ജന്മിത്വത്തിനും പൗരോഹിത്യത്തിനും എതിരെ പോരാടി കേരള ജനതയുടെ മനം കവർന്ന്, അവരുടെ നവോത്ഥാന പ്രതീക്ഷകൾക്കും കർമ്മോത്സുകതയ്ക്കും ശക്തിപകർന്ന ഇടതുപക്ഷ പ്രസ്ഥാനത്തെ സംബന്ധിച്ച് ഈ കള്ളവാങ്മൂലം ആ പ്രസ്ഥാനത്തിനു തന്നെ എതിർ സാക്ഷ്യമായിരിക്കുന്നു.
- ജോർജ് മൂലേച്ചാലിൽ,
എഡിറ്റർ, സത്യജ്വാല(by KCRM).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ