.
വിചാരധാര: ദേശീയതയുടെ ഉരകല്ല്
ഗോൾവാക്കർ
"ഇതു ഹിന്ദുരാഷ്ടമാണെന്ന്" നാം പറയുമ്പോൾ ഉടനെ "ഇവിടെ താമസിക്കുന്ന മുസ്ളീങ്ങളെയും , ക്രൈസ്തവരെയും പറ്റി എന്തു പറയുന്ന.?
അവരും ഇവിടെ ജനിച്ചു വളർന്നവരല്ലേ ? വിശ്വാസം മാറ്റിയതു കൊണ്ട് മാത്രം അവരെങ്ങിനെ പരദേശികളാകും?" എന്നൊക്കെയുള്ള ചോദ്യങ്ങളുമായി വരുന്ന ചിലരുണ്ട്. ഈ മണ്ണിന്റെ മക്കളാണെന്ന് അവർ ഓർമ്മിക്കുന്നുണ്ടോ എന്നതാണ് മർമ്മപ്രധാനമായ പ്രശ്നം. നാം മാത്രം ഓർമ്മിച്ചിട്ട് എന്തു ഫലം ? ആ വികാരവും സ്മരണയുമൊക്കെ അവർ തന്നെ പുലർത്തേണ്ടതുണ്ട്. ആരാധനാ രീതിയിൽ മാറ്റം വരുത്തുന്നതു കൊണ്ട് ആരെങ്കിലും ഈ മണ്ണിന്റെ പുത്രൻ അല്ലാതായി തീരുന്നുവെന്ന് പറയത്തക്ക അൽപ്പന്മാരല്ല നാം. ഏതു പേരു കൊണ്ടും ഈശ്വരനെ വിളിക്കുന്നതിന് നമുക്ക് വിരോധമില്ല. സംഘത്തിലുള്ള നാം അങ്ങേയറ്റം വരെ ഹിന്ദുക്കളാണ്. അതു കൊണ്ടാണ് നമുക്ക് എല്ലാ വിശ്വാസങ്ങളോടും , മതങ്ങളോടും ബഹുമാനമുള്ളത്. മറ്റു വിശ്വാസങ്ങളോട് അസഹിഷ്ണുത പുലർത്തുന്നവന് ഹിന്ദുവാകാൻ കഴിയില്ല. എന്നാൽ ഇപ്പോൾ നമ്മുടെ മുന്നിലുള്ള പ്രശ്നം ഇസ്ളാമിലേക്കോ , ക്രിസ്തു മതത്തിലേക്കോ പരിവർത്തനം ചെയ്യപ്പെടുന്നവരുടെ നിലപാട് എന്താണെന്നതാണ് . അവർ ഈ നാട്ടിലാണ് ജനിച്ചത്; സംശയമില്ല - പക്ഷേ , അവരിതിനോട് കൂറുള്ളവരാണോ ? തങ്ങളെ വളർത്തിക്കൊണ്ടു വന്ന ഈ നാടിനോട് കൃതജ്ഞത ഉള്ളവരാണോ ? തങ്ങൾ ഈ നാടിന്റെയും , പാരമ്പര്യത്തിന്റെയും സന്താനങ്ങൾ ആണെന്നും, അതിനെ സേവിക്കാൻ അവസരം ലഭിക്കുന്നത് മഹാ ഭാഗ്യമാണെന്നും അവർക്ക് തോന്നുന്നുണ്ടോ ? ഈ മാതൃഭൂമിയെ സേവിക്കുന്നത് തങ്ങളുടെ കടമയാണെന്ന് അവർ കരുതുന്നുണ്ടോ ? ഇല്ല! മത വിശ്വാസത്തിൽ മാറ്റം വരുത്തുന്നതോടൊപ്പം രാഷ്ട്രത്തോടുള്ള അവരുടെ സ്നേഹവും , ഭക്തിഭാവവും വേറിട്ടു പോകുന്നു. അവിടെയും അത് അവസാനിക്കുന്നില്ല. നാടിന്റെ ശത്രുക്കളോട് താദാത്മ്യം പ്രാപിക്കുന്ന വികാരം അവർ വളർത്തിക്കൊണ്ടു വരിക കൂടി ചെയ്യുന്നു. തങ്ങളുടെ പുണ്യ സ്ഥലമായി വല്ല വിദേശത്തെയും അവർ കാണുന്നു. 'ഷെയിക്കുകളെന്നും' 'സയ്യിദുകൾ' എന്നും അവർ സ്വയം വിളിക്കുന്നു. ഷെയിക്കുകളും ,സയ്യിദുകളും അറേബ്യയിലെ ചില ഗോത്രങ്ങളാണ്. അവരുടെ പിൻഗാമികളാണ് തങ്ങളെന്ന് ഇവർക്ക് തോന്നാൻ കാരണമെന്ത് ? ഈ നാടുമായുള്ള , അവരുടെ ദേശീയ പൈതൃകത്തോടുള്ള ബന്ധങ്ങൾ മുറിച്ചു കളഞ്ഞ് അക്രമികളായി വരുന്നവരോട് മാനസികമായി ചേർന്നു കഴിഞ്ഞതാണ് ഇതിന് കാരണം. അവർ ഇവിടെ വന്നത് ആക്രമിച്ചു കീഴടക്കാനും , അവരുടെ സാമ്രാജ്യങ്ങൾ സ്ഥാപിക്കാനും മാത്രമാണെന്ന് അവർ ഇപ്പോഴും വിചാരിക്കുന്നു. ഇത് വെറും മതവിശ്വാസത്തിൽ മാറ്റം വരുത്തലല്ലെന്നും ദേശീയതയിൽ കൂടി വരുത്തുന്ന മാറ്റമാണെന്നും ഇതിൽ നിന്ന് നാം കാണുന്നു. മാതൃ രാഷ്ട്രത്തെ ദുരവസ്ഥയിൽ വിട്ട് ശത്രുവിന്റെ പാളയത്തോട് ചേരുന്നത് രാഷ്ടദ്രോഹമല്ലാതെ മറ്റെന്താണ് ? "മുസ്ളീങ്ങളും ക്രൈസ്തവരും ഇതേ നാട്ടുകാരാണ്. അവരെ നിങ്ങളുടെ സ്വന്തം ആളുകളായി താങ്കൾ പരിഗണിക്കാത്തത് എന്തു കൊണ്ടാണ് ?" എന്ന് അമേരിക്കക്കാരനായ ഒരു പ്രമുഖ പ്രൊഫസർ എന്നോടൊരിക്കൽ ചോദിച്ചു. ഇതിനുത്തരമായി ഞാൻ മറു ചോദ്യം തൊടുത്തു വിട്ടു."ഞങ്ങളുടെ നാട്ടുകാരനായ ഒരാൾ അമേരിക്കയിൽ പോയി കുടിയേറി പാർത്ത് അമേരിക്കൻ പൗരനായി തീരാൻ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. എന്നാൽ അയാൾ നിങ്ങളുടെ ലിങ്കൺ ,വാഷിംഗ്ടൺ, ജഫേഴ്സൺ തുടങ്ങിയവരെ തന്റെ ദേശീയ പുരുഷന്മാരായി സ്വീകരിക്കാൻ തയ്യാറില്ലതാനും. അങ്ങിനെയാണെങ്കിൽ അയാളെ അമേരിക്കക്കാരനായി താങ്കൾ പരിഗണിക്കുമോ? എന്നോട് വെട്ടിത്തുറന്നു പറയൂ." ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്പോൾ ഞാൻ പറഞ്ഞു. "അതേ അളവുകോൽ തന്നെ എന്തുകൊണ്ട് ഞങ്ങളുടെ രാഷ്ട്രത്തിന്മേലും പ്രയോഗിക്കുന്നില്ല. ഇവിടെ ജീവിക്കുമ്പോൾ ഇന്നാട്ടിന്റെ അഭിമാനത്തിനും , പാരമ്പര്യത്തിനും എതിരായി എതിരായി പ്രവർത്തിക്കുകയും , ഞങ്ങളുടെ ദേശീയ വീര പുരുഷന്മാരെയും , മാനബിന്ദുക്കളെയും അപമാനിക്കുകയും ചെയ്യുന്നവരെ ഇവിടത്തെ ദേശീയർ എന്ന് വിളിക്കണമെന്ന് നിങ്ങളെങ്ങിനെ പറയും ?"
ജനിച്ചു വളരലല്ല. സംസ്കാരമാണ് ഗണിക്കേണ്ടത് .
ഏതെങ്കിലും പ്രത്യേക സ്ഥലത്ത് ജനിച്ചത് കൊണ്ടൊ വളർത്തപ്പെട്ടതോ കൊണ്ടോ മാത്രം അതിന് അനുസൃതമായ മനോഭാവം ഇല്ലെങ്കിൽ ആർക്കും അവിടത്തെ ദേശീയന്റെ പദവി ലഭിക്കുന്നില്ല. ദേശീയതക്കും സാർവ്വലൗകീകമായി അംഗീകരിക്കപ്പെട്ടിട്ടുള്ള ഉപാധി മാനസികമായ കൂറാണ്.
നമുക്ക് ഗുണപാഠമരുളുന്ന ഈ പഴയ കഥയുണ്ട് . കാട്ടിൽ അലയുന്ന ഒരു പെൺസിംഹം ഒരിക്കൽ ഒരു കുറുനരിക്കുഞ്ഞിനെ കാണുകയും അതിനെ തൻ്റെ ഗുഹയിലേക്ക് കൊണ്ടുവരികയും ചെയ്‌തു. ആ പെൺസിംഹത്തിനു കുറെ കുഞ്ഞുങ്ങളുണ്ടായിരുന്നു. അവയോടൊപ്പം തന്നെ ഈ കുറുനരിക്കുഞ്ഞിനെയും സിംഹം സ്വന്തം പാലൂട്ടി വളർത്തി. കുഞ്ഞുങ്ങൾ സഹോദരന്മാരെ പോലെ കളിച്ചു വളർന്നു . ഒരിക്കൽ അവർ കാട്ടിനുള്ളിൽ വച്ചു ഒരു ആന ആ വഴിക്ക് വരുന്നത് കണ്ടു. കുറുനരിക്കുഞ്ഞു ഭീമാകാരനായ ആ മൃഗത്തെ കണ്ടതോടെ ഭയപ്പെട്ടു സ്വന്തം സഹോദരമാരോട് ഓടി രക്ഷപെടാമെന്ന് നിർദ്ദേശിച്ചു. സിംഹക്കുട്ടികൾ മറുപടി നൽകി “ നീ എന്ത് വിഡ്ഢിയാണ് ! വളരെ ദിവസങ്ങൾക്ക് ശേഷമാണ് ഞങ്ങൾക്ക് ഇത്ര നല്ല ഇര കിട്ടുന്നത്. നിനക്ക് ഭയമാണെങ്കിൽ വീട്ടിലേക്കു ഓടിപ്പോകൂ ഞങ്ങൾ ഇതിനോട് മല്ലിടും “ കുറുനരിക്കുഞ്ഞു ഓടി പെൺസിംഹത്തിന്റെ അടുത്ത് വന്നു .തന്റെ ഉപദേശം ചെവിക്കൊള്ളാത്ത അനുജന്മാർ മഹാ വിപത്തിൽപെട്ടിരിക്കുന്നു എന്ന് പറഞ്ഞു .പെൺസിംഹം പുഞ്ചിരി തൂക്കിക്കൊണ്ട് ഇപ്രകാരം പറഞ്ഞു ; “ഇവിടെ എന്റെ പാൽ കുടിച്ചാണ് നീ വളർന്നതെന്നതിന് സംശയം ഇല്ല . പക്ഷെ നിന്റെ സഹജ സ്വഭാവം എവിടെ പോകാനാണ് .” നീ ശൂരനും വിദ്യ അഭ്യസിച്ചവനും കാണാൻ ഭം.ഗി ഭംഗി ഉള്ളവനുമാണ് .പക്ഷെ നീ ജനിച്ച കുലം ആനയെ കൊല്ലാൻ കഴിവുള്ളതല്ല” { പഞ്ച തന്ത്രം .ലബ്ധപ്രണാശം ,9 }
രാഷ്ട്രങ്ങളുടെ വിഷയത്തിലും ഇപ്രകാരം തന്നെയാണ് പ്രത്യേക ദേശത്തു ഒരുമിച്ച് താമസിക്കുന്നു എന്നതുകൊണ്ട് മാത്രം പൊതുവായ സ്വഭാവവും ഗുണങ്ങളുമുള്ള ഏകീകൃത ദേശീയ സമാജം രൂപം കൊള്ളുകയില്ല .പുതുതായി വന്നുചേരുന്നവർ തങ്ങളുടെ ജീവിത വീക്ഷണത്തിൽ സമ്പൂർണ്ണമായ പരിവർത്തനം വരുത്തുകയും പ്രാചീന രാഷ്ട്ര പാരമ്പര്യത്തിൽ പുനർജന്മംതന്നെ സ്വീകരിക്കുകയും വേണം .
ആദർശാധിപത്യ രാഷ്ട്രമായ ഇംഗ്ലണ്ടിന്റെ ദൃഷ്ടാന്തം ശ്രദ്ധേയമാണ് .നൂറു വർഷങ്ങൾക്കു മുൻപ് ചില ജർമ്മൻകാർ അവിടെ കുടിയേറി പാർക്കുകയും അവർക്ക് പൗരാവകാശങ്ങൾ നൽകപ്പെടുകയും ചെയ്തു അവർ അന്യരായി .കണക്കാക്കപ്പെട്ടില്ല. അവരിലൊരാൾ ഇംഗ്ലണ്ടിന്റെ സേവകനെന്ന നിലയിൽ മദ്ധ്യപ്രദേശിൽ ഐ സി എസ് ഉദ്യോഗസ്ഥനായി നിയമിതനാവുകയും ചെയ്‌തു. പക്ഷെ 1914 ൽ യുദ്ധം പൊട്ടി പുറപ്പെട്ടപ്പോൾ ജർമ്മനിയോടുള്ള കൂറ് ഉയർത്തപ്പെടുമോ എന്ന ഭയം കൊണ്ട് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതാണ് ദേശീയതയെ കുറിച്ചുള്ള അവരുടെ പക്വവും സാധുവുമായ ധാരണ.
നമ്മുടെ രാഷ്ട്രത്തിനും ഇത് ഇങ്ങിനെ തന്നെയാണ്. പൊതുവായ വാസസ്ഥലമോ ,ജനനമോ, വളർച്ചയോ നമ്മുടെ ഭൂമിയിലാണെന്നതു കൊണ്ട് മാത്രം ഒരേ കൂറും ഗുണങ്ങളും ജീവിത മാതൃകയും ഇവിടത്തെ താമസക്കാരിലെല്ലാം ഉണ്ടായിക്കൊള്ളണമെന്നില്ല
അടിമത്തത്തെ വലിച്ചെറിയാനുള്ള ആഹ്വാനം
അതിനാൽ നാം പറയുന്നത് ഇവിടത്തെ മുസ്ളീങ്ങളും ക്രൈസ്തവരും തങ്ങളുടെ ഇന്നത്തെ വിദേശിയ മനോഭാവം ഉപേക്ഷിച്ച് പൊതുവായ രാഷ്ട്ര ജീവിതധാരയിൽ അലിഞ്ഞു ചേരണമെന്നു മാത്രമാണ്.
ഒരുപിടി മുസ്ളീങ്ങൾ മാത്രമാണ് ഇവിടെ ശത്രുക്കളും അക്രമികളുമായി വന്നതെന്ന് എല്ലാവർക്കുമറിയാം. അതു പോലെ തന്നെ കുറച്ചു വിദേശീയ ക്രൈസ്തവ പാതിരിമാരും ഇവിടെ വന്നു.ഇന്നാകട്ടെ മുസ്ളീങ്ങളുടെയും, ക്രൈസ്തവരുടെയും എണ്ണമിവിടെ വർദ്ധിച്ചിരിക്കുന്നു . മത്സ്യങ്ങളെ പോലെ പെരുകുക മാത്രമല്ല അവർ ചെയ്തത്. ഇവിടത്തെ ജനങ്ങളെ മത പരിവർത്തനം ചെയ്തു. നമ്മുടെ കഴിഞ്ഞ തലമുറകളിലൂടെ പിന്നോട്ട് നോക്കുമ്പോൾ പൊതുവായ മൂല സ്വരൂപത്തിൽ ചെന്നെത്തും. അതിൽ നിന്ന് അടർത്തി എടുക്കപ്പെട്ട വിഭാഗത്തിൽ കുറെ മുസ്ളീങ്ങളും, ബാക്കിയുള്ളവർ ക്രൈസ്തവരും ആകുകയാണുണ്ടായത്. അങ്ങിനെ മതപരിവർത്തനം ചെയ്യപ്പെടാതെ ശേഷിച്ചവർ ഹിന്ദുക്കളായി നില നിന്നു. എങ്ങിനെയാണ് അവരെല്ലാം തങ്ങളുടെ തറവാട് വിട്ടു പോയത്. സ്വന്തം ഇഷ്ടപ്രകാരവും , ഇതര മതങ്ങളുടെ മേന്മയെ കുറിച്ച് പൂർണ്ണ ബോധം വന്നതു കൊണ്ടുമാണൊ ? അത്തരത്തിലുള്ള ഒരൊറ്റ ഉദാഹരണം പോലും ചരിത്രം രേഖപെടുത്തിയിട്ടില്ല. അധികാരം , പദവി തുടങ്ങിയ പ്രലോഭനങ്ങൾ കൊണ്ടും അധികാര സ്ഥാനത്തുള്ളവരെ അവരുടെ ആചാരങ്ങളും സമ്പ്രദായങ്ങളും ഒടുവിൽ അവരുടെ മത വിശ്വാസവും സ്വീകരിച്ച് സന്തോഷിപ്പിക്കാനുള്ള ആഗ്രഹം കൊണ്ടുമാണ് ഇങ്ങനെ വന്നതെന്ന് ചരിത്രം നമ്മോടു പറയുന്നു. ധാരാളം വഞ്ചനയും നടന്നിട്ടുണ്ട്. ഗോമാംസത്തിന്റെ കഷണം ഗ്രാമത്തിലെ പൊതു ജലാശയത്തിൽ ഇടുകയും അതറിയാത്ത ഗ്രാമീണർ ആ വെള്ളം പതിവുപോലെ ഉപയോഗിക്കുകയും ചെയ്യുന്നു. അശുദ്ധമായ ജലം ഉപയോഗിച്ചതിനാൽ അവരുടെ മതത്തിൽ നിന്ന് ഭ്രഷ്ടരായിരിക്കുന്നു എന്നും ഇനി അവർക്കുള്ള ഒരേയൊരു വഴി തങ്ങളുടെ കൂട്ടത്തിൽ ചേരുക മാത്രമാണെന്നും പറയുന്നു. ഈ വിധത്തിൽ ഗ്രാമങ്ങളൊട്ടാകെ ഉത്തര ഭാരതത്തിൽ ഇസ്ലാം മതത്തിലേക്കും , പശ്ചിമ തീരത്ത് ക്രിസ്തു മതത്തിലേക്കും ചേർക്കപ്പെട്ടിട്ടുണ്ട്. നഗ്നമായ കൊടും വഞ്ചനയാണിത്. രാഷ്ട്രീയ അധീശത്വം ലഭിക്കാൻ എണ്ണം വർദ്ധിപ്പിക്കുകയെന്ന ഭ്രാന്ത് പിടിച്ച വെപ്രാളമാണിത്. മതത്തിന്റെ മറ പിടിച്ചുള്ള രാഷ്ട്രീയ ഗൂഢ തന്ത്രമായിരുന്നു ഇത്. വിദേശിയ ആക്രമി അവരെ രാഷ്ട്രീയമായും സാംസ്കാരികമായും കീഴടക്കുക മാത്രമല്ല; തന്റെ മതവിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്യിക്കുക കൂടി ചെയ്തു. ഇത് വിദേശാധിപത്യം കൂടി ആയിരുന്നു.രാഷ്ട്രീയവും, സാംസ്കാരികവും, സാമ്പത്തികവുമായ ആധിപത്യങ്ങളുണ്ട്. ഇത് മതപരമായ ആധിപത്യമാണ്.
നൂറ്റാണ്ടുകളായി മതപരമായ അടിമത്തം കൊണ്ട് കഷ്ടപ്പെടുന്ന നമ്മുടെ നമ്മുടെ നിസഹായരായ സഹോദരന്മാരെ അവരുടെ തറവാട്ടിലേക്ക് തിരികെ വിളിച്ഛു കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ്. സത്യസന്ധരായ സ്വാതന്ത്ര്യ പ്രേമികളെ പോലെ അവർ അടിമത്തിന്റെയും ആധിപത്യത്തിന്റെയും അടയാളങ്ങളെല്ലാം വലിച്ഛെറിഞ്ഞ് തങ്ങളുടെ പാരമ്പര്യ ആരാധനാ രീതികളും ദേശീയ ജീവിതവും അനുവർത്തിക്കട്ടെ. ഏതു തരത്തിലുള്ള അടിമത്തവും നമ്മുടെ പ്രകൃതിക്ക് യോജിക്കാത്തതും അതിനാൽ ഉപേക്ഷിക്കപ്പെടേണ്ടതും ആണ്. ആ സഹോദരന്മാരോടെല്ലാം നമ്മുടെ ദേശീയ ജീവിതത്തിൽ അവരുടെ പൂർവ്വ സ്ഥാനം സ്വീകരിക്കാനുള്ള ആഹ്വാനമാണ് ഇത്. നമ്മുടെ സമാജത്തിൽ നിന്ന് ഓടിപ്പോയ ഈ ധൂർത്ത് പുത്രന്മാർ തിരിച്ചു വരുമ്പോൾ നമുക്ക് ഒന്നിച്ച് തിരുവോണം ആഘോഷിക്കാം. ധൂർത്ത പുത്രന്റെ കഥ ബൈബിളിൽ കാണാം. സ്വന്തം കുടുംബത്തിൽ നിന്ന് സ്വത്തിന്റെ ഭാഗം വാങ്ങി ഒരു പുത്രൻ പിരിഞ്ഞു പോയി. ആ മനുഷ്യൻ വാരിക്കോരി ചെലവ് ചെയ്തു ജീവിച്ചു ഒടുവിൽ മുടിഞ്ഞു. അയാൾ സ്വന്തം സ്ഥലത്തേക്ക് മടങ്ങിയെങ്കിലും വീട്ടിൽ പോകാൻ ധൈര്യം ഇല്ലാത്തതിനാൽ ഗ്രാമത്തിന് പുറത്തു താമസിച്ചു. കൃഷി സ്ഥലത്ത് പോയിരുന്ന പിതാവ് തലതാഴ്ത്തി നിൽക്കുന്ന പുത്രനെ സ്വൽപ്പം ദൂരത്തായി കണ്ടു. അയാളെ സമീപത്തേക്ക് വിളിച്ച് ആലിംഗനം ചെയ്തു കൊണ്ട് പറഞ്ഞു." നീ തിരികെ വന്നതിൽ ഞാൻ അങ്ങേയറ്റം സന്തുഷ്ടനാണ്." മറ്റേ പുത്രനോട് വീട്ടിൽ പോയി ഗംഭീരമായ സദ്യ ഒരുക്കാൻ പിതാവ് പറഞ്ഞു. അത്ഭുത പരതന്ത്രനായ മറ്റവൻ അഛനോട് ചോദിച്ചു." അഛാ ; ഞാൻ അങ്ങയോട് ഭക്തിയോടെ ഇവിടെ ജിവിക്കുക ആയിരുന്നല്ലോ. പക്ഷെ എനിക്ക് വേണ്ടി അഛൻ ഒരിക്കലും സദ്യ ഒരുക്കിയിട്ടില്ല. സ്വന്തം ധനമൊക്കെ കളഞ്ഞു കുളിച്ച ഈ മനുഷ്യനു വേണ്ടി അങ്ങ് സദ്യ ഒരുക്കുന്നു.!" അഛൻ മറുപടി പറഞ്ഞു." ശരിയാണ് എന്റെ കുട്ടീ , നിന്റെ സഹോദരൻ കുറച്ചു കാലമായി നമ്മെ വിട്ട് പോയിരുന്നു. അവൻ പൊയ്പോയെന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇപ്പോൾ ഈശ്വരകൃപയാൽ എനിക്കെന്റെ പുത്രനെ വീണ്ടു കിട്ടി. പഴയതു പോലെ അവനെ നമുക്ക് സ്നേഹിക്കരുതൊ ? അവനെ നമുക്കു ബഹുമാനിച്ചു കൂടേ ? അവൻ വീട്ടിൽ വരുമ്പോൾ നമ്മൾ ആഘോഷിക്കേണ്ടതല്ലേ ? "
അതു പോലെ തന്നെ വീടിന് പുറത്ത് അനേക നൂറ്റാണ്ടുകളായി അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന നമ്മുടെ സഹോദരന്മാരെല്ലാം നമ്മളിലേക്ക് മടങ്ങി വരുമ്പോൾ നാം അത് ആഘോഷിക്കുകയും സ്നേഹ ബഹുമാനാദികൾ നൽകുകയും ചെയ്യുക. ഇവിടെ നിർബന്ധത്തിന്റെ പ്രശ്നമില്ല. ഇതു ശരിക്ക് കാര്യങ്ങൾ ശരിക്കു മനസിലാക്കുന്നതിനും തിരിച്ചു വന്ന് വസ്ത്ര ധാരണത്തിലും, ആചാരങ്ങളിലും , ഭവന നിർമ്മാണത്തിലും , വിവാഹചടങ്ങിലും , ശവസംസ്‌കാര ചടങ്ങുകളിലും മറ്റുമെല്ലാം ഹൈന്ദവ രീതികളുമായി താദാന്മ്യം പ്രാപിക്കുവാനുള്ളള ആഹ്വാനവും , അഭ്യർത്ഥനയും മാത്രമാണ്.
രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ ഹിന്ദുക്കളുടെയും മുസ്ളീങ്ങളുടെയും ക്രൈസ്തവരുടെയും ഐക്യം തങ്ങൾ നേടി കഴിഞ്ഞു എന്ന് പ്രഖ്യാപിക്കുന്ന ചിലയാളുകളുണ്ട്. എന്നാൽ എന്തുകൊണ്ട് ഈ ഐക്യം അവിടം കൊണ്ട് അവസാനിപ്പിക്കണം. ? എന്തുകൊണ്ട് അവരെയെല്ലാം കാണാതായ സഹോദരന്മാരെ പോലെ , ഹിന്ദു ജീവിതരീതിയിൽ , നമ്മുടെ ധർമ്മത്തിൽ , വീണ്ടും കൂട്ടി ഇണക്കി കൊണ്ട് ഇതിനെ കൂടുതൽ വിശാലവും , സമഗ്രവും ആക്കിക്കൂടാ ? രാഷ്ട്രീയവും., സാമ്പത്തികവുമായ മണ്ഡലങ്ങളിലെ ഐക്യത്തെക്കുറിച്ച് പറയുന്നവരോട് നാം പറയുന്നത് നാം അവക്കു വേണ്ടി മാത്രമല്ല സാസ്‌കാരികവും , മതപരവുമായ ഐക്യത്തിന് വേണ്ടിയും കൂടിയാണ് നില കൊള്ളുന്നത് എന്നാണ്. നമ്മുടെ ഗൃഹങ്ങളും , പവിത്ര സ്ഥലങ്ങളും , ക്ഷേത്രങ്ങളും യുഗങ്ങളോളം പഴക്കം ചെന്ന സംസ്കാരവും പാരമ്പര്യവും എല്ലാം അവർക്കായി നാം തുറന്ന് വച്ചിരിക്കുന്നു. കൂടുതൽ വിശാലമായ വീക്ഷണം ഇതാണെന്നതിന് സംശയമില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ