2022, ഓഗസ്റ്റ് 1, തിങ്കളാഴ്‌ച

വിമോചനസമരത്തിന്റെ 
ബാക്കിപത്രം - എം എ ബേബി എഴുതുന്നു

കമ്യൂണിസ്റ്റ് പാർടി നേതൃത്വം കൊടുത്ത കേരളത്തിലെ ആദ്യ സർക്കാരിനെ പിരിച്ചു വിട്ടതിന്റെ അറുപത്തിമൂന്നാം വാർഷിക വേളയാണിത്‌. വിമോചന സമരമെന്നു വിളിക്കപ്പെട്ട കുപ്രസിദ്ധമായ അക്രമസമരത്തെ തുടർന്ന് 1959 ജൂലൈ 31നാണ്  ഇ എം എസിന്റെ നേതൃത്വത്തിലുള്ള സർക്കാരിനെ നെഹ്‌റു സർക്കാർ പിരിച്ചു വിട്ടത്. കേരള സമൂഹത്തെ ഇത്രയേറെ പിന്നോട്ടടിപ്പിച്ച മറ്റൊരു സംഭവം ഇല്ല.

കേരള സമൂഹത്തെ ആധുനീകരിച്ച, ഫ്യൂഡൽ സാമൂഹ്യ ബന്ധങ്ങളുടെ സാമ്പത്തിക അടിത്തറ തകർത്ത ഭൂപരിഷ്കരണവും വിദ്യാഭ്യാസ രംഗത്തെ നവീനമാക്കിയ വിദ്യാഭ്യാസബില്ലും ആ സർക്കാർ നടത്തിയ ഐതിഹാസിക പ്രവർത്തനങ്ങളിൽ രണ്ടെണ്ണം മാത്രമാണ്. കേരളത്തിന്റെ വ്യവസായവൽക്കരണം, അധികാരവി കേന്ദ്രീകരണം, ജനപക്ഷ ഭരണപരിഷ്‌കാരം ഇവയ്‌ക്കൊക്കെ തുടക്കം കുറിച്ച് നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യവൽക്കരണത്തിന് അടിത്തറ പാകിയത് 848 ദിവസംമാത്രം നീണ്ടു നിന്ന അന്നത്തെ സർക്കാരായിരുന്നു.

പക്ഷേ, ഭൂപരിഷ്‌കരണവും വിദ്യാഭ്യാസ പരിഷ്‌കരണവുമടക്കമുള്ള കാര്യങ്ങളിൽ തുടർന്നു വന്ന കോൺഗ്രസ് സർക്കാരുകളുടെ ഭാഗത്തു നിന്ന് ഇടങ്കോലിടൽ തടസ്സങ്ങളുണ്ടായത് കേരള സമൂഹത്തെ വലിയതോതിൽ പിന്നോട്ടടിച്ചു. ഇന്നും കേരളത്തിൽ ഭൂരഹിതരും പുറമ്പോക്കിൽ താമസിക്കുന്നവരുമുണ്ടാകാൻ പ്രധാന കാരണം വിമോചന സമരമാണ് 

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ശ്രദ്ധേയമായ നേട്ടങ്ങളുണ്ടെങ്കിലും നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പരിമിതികൾക്കും വ്യവസ്ഥയില്ലായ്മയ്ക്കും നിലവാര ഇല്ലായ്മയ്‌ക്കും ഉള്ള കാരണങ്ങൾ വിതയ്ക്കപ്പെട്ടത് വിമോചന സമരത്താലാണ്. മാത്രമല്ല, കേരളം കണ്ട ഏറ്റവും അക്രമാസക്തമായ അട്ടിമറി സമരമായിരുന്നു അത്. കള്ള പ്രചാരവേലകളിലൂടെ വിദ്യാർഥികളെ അക്രമത്തിന് ഇറക്കുക എന്ന രീതി കോൺഗ്രസ് തുടങ്ങിയത് ഈ സമരത്തിലാണ്. മത വർഗീയ ശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടാൻ തുടങ്ങി എന്നതായിരുന്നു വിമോചന സമരത്തിന്റെ ഏറ്റവും വലിയ പ്രത്യാഘാതം. ഈ സമരത്തിൽ യുഎസ്എ എന്ന വിദേശരാജ്യവും അവരുടെ ചാരസംഘടനയായ  സിഐഎയും ഡോളറും നടത്തിയ നേരിട്ടുള്ള ഇടപെടലുകളും നമ്മുടെ രാജ്യത്തിന്റെ സ്വതന്ത്ര അസ്തിത്വത്തിനു വെല്ലുവിളിയായി. ഈ സമരത്തിൽ കത്തോലിക്കാ സഭ വഹിച്ച പങ്ക് നേതൃത്വപരമായിരുന്നു. സഭ അങ്ങനെ ഒരിക്കലും നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടാൻ പാടില്ലായിരുന്നു. വിമോചന സമരം കാരണം കേരളം നേരിട്ട എല്ലാ പിന്നോട്ടടികൾക്കും ഒരു പരിധി വരെ അങ്ങനെ സഭ നേരിട്ടുത്തരവാദിയായി. സർക്കാരിനെ പിരിച്ചു വിട്ടതിന്റെ വാർഷികം പോലുള്ള സന്ദർഭങ്ങൾ ഇത്തരം കാര്യങ്ങളിലുള്ള പുനർ വിചിന്തനത്തിനുള്ള വേളയാകണം. വിമോചന സമരത്തിലെ പങ്ക് ശരിയായിരുന്നോയെന്ന് കേരളത്തിലെ കത്തോലിക്കാസഭ പുനരാലോചിക്കുമോ?

കേരളത്തിലെ കത്തോലിക്കാ സഭ ഇന്ന് ‘വിമോചന' സമരകാലത്തു നിന്ന് ഒരുപാട് മാറിയിരിക്കുന്നു. കേരളത്തിലെ ഇടതുപക്ഷ രാഷ്ട്രീയം സമൂഹത്തിന് നൽകുന്ന സംഭാവന അംഗീകരിക്കാനാകില്ല എന്ന ബോധം എല്ലാവരിലും ഉണ്ട്. സഭയ്ക്കുള്ളിൽ തന്നെ ഉയർന്നു വന്ന വിമോചന ദൈവശാസ്ത്ര ചിന്തകളും ഇതിൽ ഒരു പങ്കു വഹിച്ചു. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരുകൾ നടത്തുന്ന ജനക്ഷേമകരമായ പരിപാടികളോട് സഹകരിക്കുന്ന നിലപാട് ഇന്ന് കത്തോലിക്കാ സഭയും ഇതര ക്രിസ്‌തീയ സഭാ വിഭാഗങ്ങളും സ്വീകരിക്കുന്നുമുണ്ട്.  ഇതെല്ലാം, ഫ്രാൻസിസ് മാർപാപ്പയുടെ  ഈ കാലത്ത് വിമോചന സമരത്തെ കുറിച്ച് ഒരു പുനർവിചിന്തനത്തിന് കാരണമാകണം.

ലോകം ആദരിക്കുന്ന ഫ്രാൻസിസ് മാർപാപ്പ ക്യാനഡ സന്ദർശനം പൂർത്തിയാക്കി റോമിലേക്ക് മടങ്ങി. അനാരോഗ്യം അദ്ദേഹത്തെ വേട്ടയാടുന്നു. ക്യാനഡയിലേക്ക് ഒരു യാത്രയ്ക്കുള്ള അവസ്ഥയിൽ ആയിരുന്നില്ല അദ്ദേഹം. എന്നിട്ടും ആ പീഡ അദ്ദേഹം ഏറ്റെടുത്തു. കാൽമുട്ടിലെ വേദന സഹിച്ചും അദ്ദേഹം പോയത് അവിടത്തെ തദ്ദേശീയ ജനതയുടെ മേൽ സഭ നടത്തിയ അക്രമങ്ങളിൽ മാപ്പ്‌ പറയാനാണ്. വാക്കുകൾക്ക് ഒരു ലോഭവും ഇല്ലാതെയാണ് അദ്ദേഹം  മാപ്പ്‌ പറഞ്ഞതും. ക്യാനഡയിൽ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ 1970കൾവരെ തദ്ദേശ ജനവിഭാഗങ്ങളിൽ പെടുന്ന കുട്ടികൾക്കായി സഭ നടത്തിയ സ്കൂളുകളിൽ നടന്ന ""നിന്ദിക്കപ്പെടേണ്ട പ്രവർത്തനങ്ങളിൽ ഞാൻ മാപ്പു പറയുന്നു, ക്ഷമ യാചിക്കുന്നു''–-  എന്നാണദ്ദേഹം പറഞ്ഞത്. തദ്ദേശീയ ജനതയിലെ കുട്ടികളെ അവരുടെ അച്ഛനമ്മമാരിൽ നിന്ന് പിടിച്ചുകൊണ്ടു വന്ന് ഈ റസിഡൻഷ്യൽ സ്കൂളുകളിൽ പാർപ്പിച്ചിരുന്നു. അവരുടെ സംസ്കാരത്തിൽ നിന്ന് അകറ്റി അവരെ വളർത്താനാണ് ഇങ്ങനെ ചെയ്തത്. ഈ കുട്ടികളുടെ കാര്യത്തിൽ മഹത്തായ കാര്യമാണ് സഭ ചെയ്യുന്നത് എന്നാണ് 1970 കൾ വരെ സഭയും കാനഡ സർക്കാരും കരുതിയിരുന്നത്. പക്ഷേ, ശാരീരിക പീഡനവും ലൈംഗിക ചൂഷണവും ഈ സ്കൂളുകളിൽ അഴിഞ്ഞാടിയെന്ന് ഇന്ന് വ്യക്തമായി. കുട്ടികളെ കൂട്ടമായി മറവു ചെയ്ത നിരവധി കുഴിമാടങ്ങൾ കൂടെ കണ്ടെത്തിയതോടെയാണ്  പോപ്പ് ഫ്രാൻസിസ് ‘പേപ്പൽ അപ്പോളജി’ നടത്തിയിരിക്കുന്നത്. 

വിമോചന സമരത്തിന്റെ കാര്യത്തിൽ ഒരു പുനരാലോചനയ്‌ക്ക് കേരളത്തിലെ കത്തോലിക്കാ സഭ തയ്യാറാകുമോ.?

സകല പ്രതിലോമ- വർഗീയ- ജനാധിപത്യ വിരുദ്ധ ശക്തികളെയും അണിനിരത്തി രണ്ടാം വിമോചന സമരത്തിന് ബിജെപിയുമായി കൈകോർക്കുന്ന കോൺഗ്രസ്‌, ചരിത്രത്തിൽ നിന്ന് ഇനിയും ഒന്നും പഠിക്കില്ലെന്നു വേണമോ കരുതാൻ.
Read more: https://www.deshabhimani.com/articles/m-a-baby-article/1035484


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ