2026 ജൂലൈ 2, വ്യാഴാഴ്‌ച

GREGORIAN THOUGHTS Dr Paulos Mar Gregorios

GREGORIAN THOUGHTS 
Dr Paulos Mar Gregorios 

We should recognize the freedom of human beings to adhere to one religion or another or to none and be a secularist. But neither religion nor secularism should claim scientific sanctions. 

A government has no right to promote secularism as an ideology. The separation of state and religion must apply also to secularism, since it functions as a religion and is not based on any consensus in the scientific community.

The implication of this point is that the state has no right to demand from me a commitment to a so-called 'secular' state. Whether one holds a secular view or a religious view of reality is not for the state to decide.

In place of the so-called Secular State, I prefer to speak of a Pluralistic State, if we want to avoid the idea of a Hindu State, Islamic State, etc. 

A Pluralistic State is one in which people of religions and of no religion (secularists) can be commonly committed to a single nation and its national goals and purposes, as adumbrated in the Constitution and in democratic parliamentary decisions and enactments.

Communal harmony, respect for other religions or no religion and the willingness of all regional, linguistic or communal groups to subordinate their interests to the larger just interests of the nation, would form part of the commitment of every citizen in a Pluralistic State.
PMG 

ഗ്രിഗോറിയൻ ചിന്തകൾ 
ഡോ പൗലൊസ് മാർ ഗ്രീഗോറിയോസ് 

ഒന്ന് അല്ലെങ്കിൽ മറ്റൊരു  മതത്തിൽ  ഉറച്ചുനിൽക്കാനോ ഒന്നിനോടും ചേർന്നു പോകാതിരിക്കാനോ  ഉള്ള മനുഷ്യ സ്വാതന്ത്ര്യം നാം അംഗീകരിക്കണം.  എന്നാൽ മതമോ മതേതരത്വമോ,  ശാസ്ത്രീയമായ അംഗീകരണം  അവകാശപ്പെടരുത്. 

മതനിരപേക്ഷത ദർശനമായി വളർത്തുവാൻ  ഒരു സർക്കാരിനും അധികാരമില്ല. ശാസ്ത്ര വിഭാഗത്തിലെ  ഏതെങ്കിലും ഒരു സമവായത്തിന്റെ അടിസ്ഥാനമില്ലാതെ,  കേവലം  ഒരു മതമായി പ്രവർത്തിക്കുന്നിടത്തോളം,  രാഷ്ട്രവും മതവും തമ്മിലുള്ള വേർതിരിവ്  മതേതരത്വത്തിനും ബാധകമാകണം.  

ഒരുവന്  മതേതര വീക്ഷണമോ സത്യത്തെക്കുറിച്ചുള്ള മതപരമായ വീക്ഷണമോ ഉണ്ടോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാനമല്ല. ഇതിന്റെ അർത്ഥം 'മതേതര' രാഷ്ട്രം എന്ന് വിളിക്കപ്പെടുന്നതിനോട്  ഒരുവനിൽ നിന്നു പ്രതിബദ്ധത ആവശ്യപ്പെടാൻ രാഷ്ട്രത്തിന് അവകാശമില്ല എന്നതാണ്. 

ഒരു ഹിന്ദു രാഷ്ട്രം, ഇസ്ലാമിക് രാഷ്ട്രം തുടങ്ങിയ ആശയങ്ങൾ ഒഴിവാക്കാൻ ഞാൻ ആഗ്രഹിക്കുന്നുവെങ്കിൽ, മതേതര രാഷ്ട്രം എന്ന് വിളിക്കപ്പെടുന്നതിനു പകരം, ഒരു ബഹുസ്വര രാഷ്ട്രത്തെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. 

ഭരണഘടനയിലും ജനാധിപത്യ പാർലമെന്ററി തീരുമാനങ്ങളിലും നിയമനിർമ്മാണങ്ങളിലും രൂപരേഖ ആക്കിയിരിക്കുന്നതു പോലെ, മതങ്ങളുടെയും മത രാഹിത്യത്തിന്റെയും  (മതേതരവാദികൾ) ആളുകൾക്ക്,  ഒരു രാഷ്ട്രത്തിനും അതിന്റെ ദേശീയ ലക്ഷ്യങ്ങൾക്കും ഉദ്ദേശ്യങ്ങൾക്കും പൊതുവായി പ്രതിജ്ഞാബദ്ധരാകാൻ കഴിയുന്ന ഒന്നാണ്,  ബഹുസ്വര രാഷ്ട്രം.

ഒരു ബഹുസ്വര രാഷ്ട്രത്തിലെ ഓരോ പൗരന്റെയും പ്രതിബദ്ധതയുടെ ഭാഗമായി സാമുദായിക ഐക്യം, മറ്റ് മതങ്ങളോടുള്ള ബഹുമാനം അല്ലെങ്കിൽ മതമില്ലാതിരിക്കുക, എല്ലാ പ്രാദേശിക, ഭാഷാ, സാമുദായിക വിഭാഗങ്ങളുടെയും താൽപ്പര്യങ്ങൾ രാഷ്ട്രത്തിന്റെ  നീതിപൂർവകമായ വലിയ താൽപ്പര്യങ്ങൾക്ക് കീഴ്പ്പെടുത്താനുള്ള സന്നദ്ധത എന്നിവ ഉണ്ടാകണം.
PMG

2026 ജൂൺ 30, ചൊവ്വാഴ്ച

ഹിന്ദുത്വ ദളിത് വിവേചനത്തിനെതിരാ പോരാളി ആയിരുന്നു.പോയ്കയിൽ അപ്പച്ചൻ

പിആർഡിഎസുകാർ പൊയ്കയിൽ യോഹന്നാനെ (അപ്പച്ചൻ) അർദ്ധനഗ്നനായി പ്രദർശിപ്പിക്കുന്നത് ചരിത്രത്തോടും അദ്ദേഹത്തോടും നീതിപുലർത്താത്ത ഒരു കാര്യമാണ് . അപ്പച്ചന്റെ ഇന്നത്തെ ഈ വേഷം തന്നെ അപ്പച്ചന്റെ ആശയത്തിന് എതിരാണ്. ഇപ്പോൾ കാണുന്ന വേഷം ഒരു ഹിന്ദു സന്യാസിയുടെ താണ്. ഹിന്ദുമതത്തിന്റെ പുറവഴിയെ സഞ്ചരിച്ചിട്ടും അപമാനവും പീഡനവും അല്ലാതെ മറ്റൊന്നും ലഭിച്ചിട്ടില്ലെന്ന് അപ്പച്ചൻ തന്നെ പാടിയിട്ടുണ്ട്. ക്രിസ്ത്യാനിയായെങ്കിലും അതിൻറെ പുറവഴിയെ അല്ലാതെ രാജവീഥിയിലൂടെ സഞ്ചരിക്കാൻ ദളിതർക്ക് കഴിഞ്ഞില്ലന്ന വാസ്തവം അപ്പച്ചനോളം ഉറക്കെ ആരും ഒരിക്കലും പറഞ്ഞിട്ടില്ല. ഇനിയൊട്ടു പറയാനും പോകുന്നില്ല. കാരണം അവർ എല്ലാവരും വിശ്വാസം കൊണ്ട് കണ്ണു കാണാൻ വയ്യാത്ത ആളുകളാണ്. രണ്ടു മതങ്ങളോടും സമരസപ്പെടാതെ മലയാളികൾക്ക് പരിചിതമല്ലാത്ത ക്രിസ്ത്യൻ പാഠങ്ങളുമായാണ് അപ്പച്ചൻ മുന്നോട്ടുപോയത്.  ഇസ്രായേൽ ജനത മിസ്രയീമിൽ അനുഭവിച്ച പീഡനങ്ങൾ കേരളത്തിലെ അടിമകളുടെ ജീവിതവുമായി താരതമ്യം ചെയ്തു കൊണ്ടാണ് അദ്ദേഹം ബൈബിളിനെ വ്യാഖ്യാനിച്ചത്. ഹിന്ദുക്കളെ പോലെ തന്നെ നായർ - ഈഴവ ക്രിസ്ത്യാനികളും പെരുമാറിയ കാര്യം ഒട്ടും മറച്ചു വെക്കാതെ തന്നെ അപ്പച്ചൻ വളരെ വ്യക്തമായി ധീരതയോടെ പറഞ്ഞിട്ടുണ്ട്." ഒരുവൻ ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയെത്രെ! " ക്രിസ്തുവിൽ ഒന്നാണെന്ന് പറഞ്ഞിട്ടും പറയനും പുലയനും വേട്ടനും വേറെ വേറെ പള്ളി പണിതവരാണ് കേരളത്തിലെ ക്രിസ്ത്യാനികൾ. അതിനിടയിലൂടെയാണ് അപ്പച്ചന്റെ ക്രിസ്തീയത മുന്നോട്ട് പോയത്. വൃത്തിയും  സാമ്പത്തിക  സുരക്ഷിതത്വവും ഉള്ള ഒരു ജനതയായി തൻറെ അനുയായികളെ വാർത്തെടുക്കുവാൻ ശ്രമിച്ച അദ്ദേഹം വസ്ത്രധാരണത്തിൽ വലിയ പ്രാധാന്യം കൊടുത്ത ആളാണ്. വൃത്തിയുള്ള വെള്ള വസ്ത്രം അദ്ദേഹം തെരഞ്ഞെടുത്തത് സമൂഹത്തിൽ വസ്ത്രത്തിനുള്ള പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് തന്നെയാണ്. മാന്യമായി അന്തസ്സുള്ള വേഷം ധരിച്ചുകൊണ്ട് മാത്രം പുറത്തിറങ്ങിയ അപ്പച്ചനെ നമ്മൾ ചിത്രത്തിൽ കാണുന്ന കോലത്തിൽ ഇരുത്തുക എന്ന് പറഞ്ഞാൽ അദ്ദേഹത്തെ പരിപൂർണ്ണമായി അപമാനിക്കുക എന്നൊരു കൃത്യമാണ് ചെയ്തത് വെച്ചിരിക്കുന്നത്. ദളിതർ അർദ്ധനഗ്നരായി മാത്രം നടക്കണമെന്ന് വാശിപിടിച്ചവർക്കും മുമ്പിൽ മാന്യമായി വസ്ത്രം ധരിക്കാൻ ആഹ്വാനം ചെയ്ത വിപ്ലവം അനുയായികൾ കാറ്റിൽ പറത്തുകയാണ്. 

അപ്പച്ചന്റെ മരണശേഷം ഉണ്ടായ അധികാര ബലപരീക്ഷണത്തിനിടയിൽ കരുതാർജിക്കുവാൻ വേണ്ടി    ഹിന്ദുമതത്തെ ആശ്ലേഷിച്ചത് മത്സരിച്ചവരുടെ ആവശ്യമാണെങ്കിലും ചരിത്രത്തിൽ അത് ഏറ്റവും വലിയ ഒരു കളങ്കമായി അവശേഷിക്കുന്നു എന്ന് ചിലർക്കെങ്കിലും ബോധ്യമാകും.അയ്യങ്കാളിക്കൊപ്പം നിന്ന് കൈ മെയ്യ് മറന്ന് പോരാടിയവരെ അപ്രത്യക്ഷമാക്കിയത് പോലെ പിആർഡിഎസിന്റെ ചരിത്രത്തിലെ യഥാർത്ഥ നട്ടെല്ല് ആയ ഞാലിയാക്കുഴി അപ്പച്ചനെ എത്ര വിദഗ്ധമായാണ് അപ്രത്യക്ഷമാക്കിയത് എന്ന് ദളിത് ബുദ്ധിജീവികൾ അടക്കം ആരും ചോദിക്കാൻ ധൈര്യപ്പെടില്ല. കാരണം അവരെ സംബന്ധിച്ച് അവിടെ ഒരു  ഇരിപ്പിടമുണ്ട്. ഇതര സമൂഹങ്ങൾക്കൊപ്പം എത്തുന്നതിനു വേണ്ടി ഭൂമിയും സമ്പത്തും ആവശ്യമാണെന്ന് തിരിച്ചറിഞ്ഞ അപ്പച്ചൻ പ്രജാസഭയിലെ അംഗമായിരുന്നു കൊണ്ടു തന്നെ അത് സാധിച്ചെടുക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. മനോഹരമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ഭരണാധികാരികളോട് കലഹിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്തുകൊണ്ട് കാര്യങ്ങൾ നേടിയെടുക്കുന്നുണ്ട്. ഒരു ജനതയുടെ ആവശ്യങ്ങൾ സാധ്യമാക്കി കൊടുക്കുന്നത് ഭരണാധികാരികൾ ആണ്. അതെങ്ങനെ ആണെന്ന് അതിൻറെ സാഹചര്യങ്ങൾക്ക് അനുസരിച്ച് വേണം പെരുമാറാൻ എന്നുള്ളത് സാമാന്യ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകുന്ന കാര്യമാണ്. അന്നത്തെ സാഹചര്യത്തിൽ എങ്ങനെ ഇടപെട്ടാൽ കാര്യം നടക്കുമെന്ന് അറിയാവുന്ന അത്തരം നീക്കങ്ങളാണ് നടത്തിയത്. സമൂഹത്തിൽ തുല്യപ്രാതി നിത്യം ലഭിക്കുന്നതിനുവേണ്ടിയുള്ള അപ്പച്ചന്റെ പ്രവർത്തനങ്ങൾ പൂർണമായി നടപ്പാക്കിയെടുക്കാൻ കഴിയാതെയാണ് അദ്ദേഹം കടന്നുപോയത്. ശേഷിക്കുന്നത് ആ വഴിയിലൂടെ സഞ്ചരിച്ചു കൊണ്ട് നേടിയെടുക്കേണ്ടത്  അനന്തര ഗാമികളുടെ ഉത്തരവാദിത്തമാണ്. കാര്യങ്ങൾ കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായതുകൊണ്ട് അതിനുപകരം അപ്പച്ചനേ ദൈവമാക്കിക്കൊണ്ട് അദ്ദേഹത്തോട് അപേക്ഷിക്കുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ദൈവമാക്കാനും ആരാധിക്കുനുമുള്ള അവകാശം ആർക്കും ഉണ്ട്. അതിനെ ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ല. എന്നാൽ അതിൻറെ ശരിതെറ്റുകളെ കുറിച്ച് സംസാരിക്കാനുള്ള അവകാശം ആർക്കുമുണ്ട് എന്നാണ് ഞാൻ കരുതുന്നത്. 

മരിക്കുന്നതുവരെ യോഹന്നാൻ എന്ന ക്രിസ്ത്യൻ ഉപദേശി ആയിരുന്ന ഒരാൾ, അന്തസ്സുള്ള വസ്ത്രം ധരിച്ച ഒരാൾ,  ഒരിക്കലും ഒരു ഹിന്ദു സന്യാസിയെ പോലെ നിലത്തു  അർദ്ധ  നഗ്നനായി കുത്തിയിരിക്കുമെന്ന്  കരുതുന്നില്ല.  ഇനിയിപ്പോൾ പി.ആർ.ഡി.എസ് കാർ പറയുന്നതുപോലെ അപ്പച്ചൻ ബൈബിൾ കത്തിച്ച് ക്രിസ്ത്യൻ സഭ ഉപേക്ഷിച്ച് മറ്റൊരു പ്രസ്ഥാനത്തിന് രൂപം കൊടുത്തെങ്കിൽ പോലും തങ്ങളെ അപമാനിക്കുകയും പീഡിപ്പിക്കുകയും ചെയ്ത ഹിന്ദു ലോകത്തിലെ സന്യാസിമാരുടെ വേഷത്തിൽ ഇരിക്കാനുള്ള ഒരു സാധ്യതയും കാണുന്നില്ല.

സത്യസന്ധതയില്ലാത്ത ചരിത്രം കൊണ്ട് അപമാനിക്കപ്പെട്ടവരാണ് നമ്മൾ. അല്ലെങ്കിൽ നമ്മൾ അപമാനിക്കപ്പെട്ടത് ചരിത്രം സത്യസന്ധമായി  രേഖപ്പെടുത്താത്തതുകൊണ്ടാണ്. അങ്ങനെയുള്ളവർ തന്നെ വികല ചരിത്രം  രചിച്ചു കൊണ്ടിരിക്കുന്നത് വലിയ ദുരന്തമാണ്. 

കേരള ചരിത്രത്തിൽ ഹിന്ദുമതത്തിന് മുമ്പിൽ അഭിമാനം അടിയറക്കാതിരുന്ന രണ്ടു മഹാന്മാരിൽ ഒരാളാണ് അപ്പച്ചൻ. മറ്റൊരാൾ സഹോദരൻ അയ്യപ്പൻ. ബാക്കിയെല്ലാവരും ഏറിയും കുറഞ്ഞും ഹിന്ദുമതത്തിന്റെ അടിമത്തം സ്വീകരിച്ചവരാണ്. അതുകൊണ്ടാണ് അവരുടെ അനുയായികൾ ഇന്ന് കടുത്ത ഹിന്ദു തീവ്രവാദികൾ പോലും ആകുന്നത്. അങ്ങനെയുള്ള ഒരു മഹാത്മാവിനെ തെറ്റായി ചിത്രീകരിക്കുന്നത് ചരിത്രത്തെയും അദ്ദേഹത്തെയും സ്നേഹിക്കുന്നവർക്ക് വേദനയുളവാക്കുന്ന കാര്യമാണ് .

2026 ജൂൺ 17, ബുധനാഴ്‌ച

നിഖ്യാ വിശ്വാസപ്രമാണം ഒരു ഹ്രസ്വ പഠനം - 9 ഡോ.തോമസ് അത്താനാസിയോസ്


നിഖ്യാ വിശ്വാസ പ്രമാണത്തിന്റെ ആദ്യ പാഠ(text)ത്തിൽ പല സഭകളും വ്യത്യാസങ്ങൾ വരുത്തുകയുണ്ടായി. കത്തോലിക്കാ സഭയും സുറിയാനിസഭയും നവീകരണസഭകളും ഇത്തരം തിരുത്തലുകൾ നടത്തിയിട്ടുണ്ട്. കത്തോലിക്കാ സഭയും ബൈസൻ്റയിൻ ഓർത്തഡോക്സ് സഭകളും തമ്മിൽ ഭിന്നിച്ചതിന്റെ (AD 1054 )ഒരു കാരണം നിഖ്യാ വിശ്വാസപ്രമാണത്തിൽ കത്തോലിക്കാ സഭ നടത്തിയ പാഠഭേദമാണ് . അതു കൊണ്ട് ഇത്തരം തിരുത്തലുകളും അവയ്ക്ക് സഭ നൽകിയ  വിശദീകരണങ്ങളും സംബന്ധിച്ച അന്വേഷണം പഠനം സമഗ്രമാക്കുവാൻ ആവശ്യമാണ് . 

നിഖ്യാ വിശ്വാസപ്രമാണത്തിന്റെ രണ്ടാം ഖണ്ഡികയിൽ കർത്താവിൻ്റെ ഉയിർപ്പിനെ പറ്റി പ്രതിപാദിക്കുമ്പോൾ പറയുന്നത് : തിരുവചനപ്രകാരം ( according to the scripture ) അവൻ മൂന്നാം നാൾ ഉയിർത്തു എന്നാണ് . ഈ പ്രയോഗത്തിന് തിരുവെഴുത്തിൻ്റെ തന്നെ സാധൂകരണവും ഉണ്ട് ( 1 കൊരി 15:3 ). ലൂക്കോസിന്റെ സുവിശേഷത്തിൽ ഉത്ഥിതനായ ക്രിസ്തു തന്നെ തൻ്റെ ഉയിർപ്പ് പ്രവചന നിവൃത്തിയാണ് എന്ന് പറയുന്നു : " നിങ്ങൾ എത്ര ബുദ്ധിശൂന്യരാണ് . പ്രവാചകന്മാർ പറഞ്ഞതിൽ നിങ്ങൾക്ക് വിശ്വാസമില്ല. മിശിഹാ പീഡ അനുഭവിക്കുകയും മഹത്വീകരിക്കപ്പെടുകയും ചെയ്യേണ്ടതല്ലയോ ( ലൂക്കോ 24 :26 ; അ പ്ര 2:31 ; ലൂക്കോ 18 : 31 - 34 ). 

എന്നാൽ സുറിയാനി സഭയിൽ നിലവിലിരിക്കുന്ന വിശ്വാസ പ്രമാണത്തിൽ തിരുവചന പ്രകാരം എന്ന പദം മാറ്റിയിട്ടുണ്ട് . അതിനുപകരം തൻ്റെ ഇച്ഛപ്രകാരം ( according to his will = ayk sebioneh)എന്നാക്കി . ഇത് ഉയിർപ്പിന്റെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയല്ല പ്രത്യുത  ദൈവപുത്രന്റെ മനുഷ്യാവതാരം , സഹനം, മരണം, ഉയിർപ്പ് , സ്വർഗ്ഗാരോഹണം , വീണ്ടും വരവ് എന്നിവയ്ക്കെല്ലാം പൊതുവായി  ' അവൻ്റെ ഇച്‌ഛപ്രകാരം ' എന്ന  വിശേഷണം ബാധകം ആക്കിയിരിക്കുകയാണ് . 

ഈ പ്രയോഗത്തിനും പുതിയനിയമത്തിൻ്റെ പിന്തുണയുണ്ട് . യോഹ . 10: 18 പറയുന്നു : " ഞാൻ എൻ്റെ ജീവൻ അർപ്പിക്കുവാനും വീണ്ടും പ്രാപിക്കുവാനും എനിക്ക് അധികാരമുണ്ട്  " . സമാന വേദഭാഗങ്ങൾ പലയിടത്തും കാണാം ( മർക്കോ 8:31 ; 9:31 ; 10:34 ). ഇവിടെ ഉയിർപ്പ് ഉൾപ്പെടെയുള്ള മനുഷ്യാവതാര പ്രവൃത്തികൾ  ' തിരു ഇച്‌ഛപ്രകാരം'  എന്നതും തിരുവചനാധിഷ്ഠിതമാണ്. അതായത് മനുഷ്യാവതാരം ദൈവപുത്രന്റെ ഒരു ബോധപൂർവ്വമായ പ്രവൃത്തി ( intentional act )യാണ് . തിരുവെഴുത്തിൽ എഴുതിയതുകൊണ്ടു മാത്രമല്ല , എന്ന് സൂചന. തിരുവെഴുത്തിൻ പ്രകാരം എന്നു പറയുമ്പോൾ ക്രിസ്തുവിൻ്റെ  ഉയിർപ്പ് ആകസ്മികമായല്ല പ്രത്യുത ദൈവികപദ്ധതി പ്രകാരമാണ് എന്നും അത് തിരുവെഴുത്തിൽ മുമ്പേ തന്നെ രേഖപ്പെടുത്തിയ പ്രകാരമാണ് നടന്നത് എന്നും സൂചനയാണ് ഉള്ളത് . കൂടാതെ,  പഴയനിയമത്തിനും  തിരുവചനം എന്ന നിലയിൽ അതിന് സഭ നൽകുന്ന സാധൂകരണവും ഇവിടെ വ്യക്തമാണ്. എന്നാൽ 'തൻ്റെ ഇച്ഛപ്രകാരം '  എന്നു പറയുമ്പോൾ ക്രിസ്തുവിൻ്റെ  ദൈവത്വം , അധികാരം , സ്വാതന്ത്ര്യം , എന്നിവയ്ക്കെല്ലാം ഊന്നൽ കൊടുത്ത് രക്ഷാപദ്ധതി മുഴുവനും നടന്നത് ദൈവത്തിൻ്റെ ഇച്ഛപ്രകാരമായിരുന്നു എന്ന് സ്ഥാപിക്കയാണ്. വീണ്ടും തിരുവചനപ്രകാരം എന്ന ഭാഷ്യത്തിന് മനുഷ്യാവതാരം നടന്നത് ഒരു തിരക്കഥയുടെ അരങ്ങേറ്റം എന്നപോലെ എന്ന രീതി വരുന്നു . എന്നാൽ അങ്ങനെയല്ല . അതു നടന്നതിൻ്റെ പിന്നിൽ ദൈവപുത്രന്റെ തീരുമാനം നടപ്പിലാക്കൽ ആയിരുന്നു എന്ന ചിന്തയ്ക്ക് പ്രാമുഖ്യം വരുന്നു . 

'തിരുവചന പ്രകാരം' എന്നു പറയുമ്പോൾ ഒരു പാഠ(text)ത്തിൻ്റെ വ്യാഖ്യാന വിഷയമായി അത് മാറുന്നു . വേദപുസ്തക ഭാഗങ്ങൾ പലതരത്തിലും വ്യാഖ്യാനിക്കപ്പെടാം . അതുകൊണ്ട് അത് വ്യാഖ്യാന സാധ്യതയുടെ വിഷയമാണ് . എന്നാൽ ദൈവ ഇച്‌ഛപ്രകാരം ആണ് എന്നു പറയുമ്പോൾ മനുഷ്യാവതാരം നടന്നത് ദൈവപുത്രന്റെ ലക്ഷ്യാധിഷ്ഠിത പ്രവൃത്തി എന്നു വരും . അതായത് നിഖ്യാ വിശ്വാസപ്രമാണത്തിന്റെ മൂല പാഠം ( original text ) ദൈവികപദ്ധതിക്കും അതിൻ്റെ പ്രവചന നിവൃത്തിക്കും  പ്രാധാന്യം നൽകുമ്പോൾ സുറിയാനി പ്രയോഗം ദൈവപുത്രന്റെ സ്വാഭാവികമായ ഇച്ഛ , സ്വാതന്ത്ര്യം , അധികാരം എന്നിവയ്ക്ക് ഊന്നൽ നൽകുന്നു . സുറിയാനിചിന്തയിൽ എഴുതപ്പെട്ട വചനത്തെക്കാൾ ദൈവത്തിൻ്റെ ജീവിക്കുന്ന പ്രവൃത്തിക്ക് പ്രാധാന്യം നൽകുന്ന രീതിയാണുള്ളത് .  രേഖയെക്കാൾ വ്യക്തിക്കും പ്രവൃത്തിക്കും അംഗീകാരം കൂടും . അതായത് മനുഷ്യാവതാരം , ഉയിർപ്പ് , സ്വർഗ്ഗാരോഹണം എന്നിവ നടന്നത് ദൈവപുത്രൻ്റെ ഇച്ഛ പ്രകാരമാണ് . മറിച്ച് അങ്ങനെ തിരുവെഴുത്തിൽ എഴുതപ്പെട്ടിരുന്നു എന്നതുകൊണ്ട് മാത്രമല്ല എന്ന് ചുരുക്കം. 

ഒപ്പം തന്നെ ഇവിടെ ക്രിസ്തു വിജ്ഞാനീയത്തിന്റെ സ്വാധീനവും ഉണ്ടാകാം . പാശ്ചാത്യ സുറിയാനി ക്രിസ്തുശാസ്ത്രം അന്ത്യോഖ്യൻ പാരമ്പര്യം വിട്ട് അലക്സന്ത്രിയൻ  സ്വാധീനത്തിൽ വന്നു . ക്രിസ്തുവിലെ മനുഷ്യത്വത്തിന് പ്രാധാന്യവും ഐക്യത്തിനു ശേഷം ക്രിസ്തുവിൽ ഇരു സ്വഭാവങ്ങളും നിലനിൽക്കുന്നു എന്നതായിരുന്നു അന്ത്യോഖ്യൻ പാരമ്പര്യം. എന്നാൽ അലക്സന്ത്രിയൻ വേദശാസ്ത്ര പ്രകാരം ഐക്യത്തിനു ശേഷവും മനുഷ്യാവതാര പ്രക്രിയയുടെ കർത്താവ് (subject) ദൈവപുത്രൻ തന്നെയാണ് . ഇവിടെ ദൈവപുത്രൻ മനുഷ്യത്വം ' സ്വന്ത ഇച്‌ഛ പ്രകാരം എടുക്കുകയായിരുന്നു . മറ്റാരുടെയോ ഇടപെടൽ വഴി ദൈവത്വവും മനുഷ്യത്വവും ക്രിസ്തുവിൽ  യോജിക്കുകയായിരുന്നില്ല .  വിശ്വാസപ്രമാണത്തിന്റെ അവതരണത്തിലും അതാണ് വ്യക്തമാകുന്നത്. ദൈവത്തിൻ്റെ ഏക പുത്രൻ തന്നെയാണ് രണ്ടാം ഖണ്ഡികയിലുള്ള എല്ലാ പ്രവർത്തനങ്ങളുടെയും കർത്താവ് ( subject) . ആ ദൈവികപ്രവൃത്തി തിരുവചന പ്രകാരമാണ് നടന്നതെങ്കിലും ആ പ്രവർത്തനത്തിന്റെ കർത്താവ് (ടubject) ആയ ദൈവപുത്രൻ്റെ ഇച്ഛപ്രകാരമാണ് അത് നടന്നത് എന്ന്  പറയുന്നതിൽ ഓറിയന്റൽ സഭയുടെ ക്രിസ്തു വിജ്ഞാനീയമാണ് ഇവിടെ പ്രകടമാകുന്നത് . അതായത് ഇത് നെസ്തോറിയൻ / കല്ക്കിദോന്‍ ക്രിസ്തു വിജ്ഞാനീയത്തിന്മേലുള്ള സുറിയാനിസഭയുടെ ഒരു കാഴ്ചപ്പാടിന്റെ തിരുത്തലായി മനസ്സിലാക്കാവുന്നതാണ്. 

സുറിയാനിസഭയിൽ വിശ്വാസപ്രമാണ പാഠ (text)ത്തിൻ്റെ standardization നടക്കുന്നതായി കാണുന്നില്ല. അതായത് ആരാധനയിൽ പ്രയോജനപ്പെടുത്തിയാണ് അതിൻ്റെ ഉപയോഗം നിലനിന്നു വന്നത്. അതുകൊണ്ട് മാറിവരുന്ന സാഹചര്യങ്ങളിൽ ആശയ വ്യക്തതയ്ക്കു വേണ്ടി തിരുവചനത്തിനു വിരുദ്ധമല്ലാത്ത കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും ഉണ്ടാകേണ്ടി വരുന്നു . അതാണ് ഈ  വ്യത്യസ്തഭാഷ്യത്തിന് അടിസ്ഥാനം എന്ന് മനസ്സിലാക്കാം. അതു കൊണ്ട് മനുഷ്യാവതാരത്തിലും ഉയിർപ്പിലും പ്രവചനപ്രകാരമുള്ള പൂർത്തീകരണം നടക്കുകയായിരുന്നു എന്ന വസ്തുത നിഷേധിക്കാതെ എങ്കിലും ഇതിൽ ദൈവപുത്രന്റെ സ്വതന്ത്രമായ ഇടപെടലിന് ഈ തിരുത്ത് വഴി പ്രാമുഖ്യം കൈവരുന്നു  എന്ന് ഇവിടെ ഏറ്റുപറയുന്നു. 

 ഇവിടെ ക്രിസ്തുവിൻ്റെ  വ്യക്തിപരമായ ഇച്ഛയ്ക്കും അതിൻപ്രകാരമുള്ള നടപടികൾക്കും സാഹചര്യ - തിരുവചന പ്രകാരമുള്ള നിവൃത്തിയേക്കാൾ സുറിയാനിപാരമ്പര്യത്തിൽ പ്രാധാന്യം കൂടുന്നതായി നാം മനസ്സിലാക്കുന്നു . അതുകൊണ്ട്  ക്രിസ്തുവിൻ്റെ ഇച്ഛയ്ക്ക് തിരുവെഴുത്തുകളുടെ നിവൃത്തി നിഷേധിക്കാതെ പൂർത്തീകരണത്തിന് ഊന്നൽ നൽകുന്നു . മാത്രമല്ല , നടക്കുന്ന സംഭവങ്ങളിൽ ഭാഷാശാസ്ത്ര പ്രകാരം കർത്താവി(subject)ന്  അതിലെ പ്രവൃത്തിയുടെ സാഹചര്യത്തേക്കാൾ പ്രാധാന്യം ഉണ്ടാകണമല്ലോ. ദൈവപുത്രന്റെ  നടപടികൾ മറ്റൊന്നിനാല്‍ നിയന്ത്രിതമാകരുത് എന്ന് ഈ കൂടിച്ചേർക്കൽ സൂചിപ്പിക്കുന്നു .

ഗ്രീക്ക് - ലത്തീൻ വേദശാസ്ത്രത്തിൽ ക്രിസ്തുവിൻ്റെ ഉയിർപ്പ് ഉൾപ്പെടെയുള്ള മനുഷ്യാവതാര പ്രവർത്തനം ത്രിത്വ സഹകരണത്തിൽ നടക്കുന്നതായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത് . ദൈവം ക്രിസ്തുവിനെ ഉയിർപ്പിച്ചു എന്നാണ് സാധാരണയുള്ള പ്രയോഗം .റോമ 6:4 ; എഫേ 2:4 എന്നീ വേദഭാഗങ്ങൾ അതിന് സാധൂകരണം നൽകുന്നു. ഇതിന് ഭാഷാപരമായ ഒരു അടിസ്ഥാനവും ഉണ്ട്. 'anastanta' എന്ന ഗ്രീക്ക് പദം ഉയിർത്തെഴുന്നേറ്റു എന്നപോലെ ഉയിർപ്പിക്കപ്പെട്ടു എന്നും അർത്ഥമാകാം . എന്നാൽ സുറിയാനിയിൽ ' ക്യം ' എന്ന പദത്തിന് സ്വയം ഉയിരുക എന്നു മാത്രമാണർത്ഥം. അതുകൊണ്ട് ക്രിസ്തുവിൻ്റെ ഉയിർപ്പ് ക്രിസ്തുവിൻ്റെ വ്യക്തിപരമായ സ്വാതന്ത്ര്യം , ഇച്ഛ എന്നീ കാര്യങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു . 

സുറിയാനിസഭയിൽ നിലനിൽക്കുന്ന നിഖ്യാ വിശ്വാസപ്രമാണ ഭാഷ്യം ഒരിക്കലും മൂല ഗ്രീക്ക് രേഖ അസാധുവാക്കുന്ന ഒന്നല്ല . നേരേ മറിച്ച് തിരുവചന പിന്തുണയോടെ സുറിയാനി ക്രിസ്തുവിജ്ഞാന - ഭാഷാശാസ്ത്ര പിന്തുണയോടെയുള്ള  വിശദീകരണ / വ്യക്തമാക്കൽ വഴി വിശ്വാസ പ്രഖ്യാപനത്തെ  സമ്പുഷ്ടമാക്കുക മാത്രമാണ് ചെയ്തിരിക്കുന്നത് . (തുടരും ...)

വിഖ്യാതനായ അന്ത്യോഖ്യാ പാത്രീയർക്കീസും വിക്ടോറിയ മഹാരാജ്ഞിയും © സാബു കുര്യൻ കല്ലും പാലത്തിങ്കൽ

വിഖ്യാതനായ അന്ത്യോഖ്യാ പാത്രീയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ബാവാ 1875 ൽ, ലണ്ടനിൽ ബ്രിട്ടീഷ് ചക്രവർത്തിനീ വിക്ടോറിയ മഹാ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് രാജ്ഞി പാത്രീയർക്കീസ് ബാവായ്ക്ക് രണ്ടു പ്രാവശ്യം വിരുന്നൊരുക്കി. ബ്രിട്ടൻ്റെ അത്യുന്നത ബഹുമതി നൽകി രാജ്ഞി ബാവയെ ആദരിച്ചു. 

ഇന്ത്യാ കാര്യ സെക്രട്ടറി  സാലീസ്ബറി പ്രഭുവുമായും കൂടിക്കാഴ്ച നടത്തി. ഇൻഡ്യയിലെ വൈസ്രോയിക്കും, ഗവർണ്ണർമാർക്കുമുള്ള കത്തുകൾ പാത്രീയർക്കീസിന് കൈമാറി,
അതിനുശേഷം, ഐതിഹാസികമായ മലങ്കര സന്ദർശനം ആരംഭിച്ചു. ബ്രിട്ടീഷുകാരായ രണ്ട് അംഗരക്ഷകരെയും പാതിയർക്കീസ്     ബാവായുടെ കൂടെ രാജ്ഞി ഇന്ത്യയിലേക്ക് അയച്ചു. 

ഈ കാലത്താണ് 
ബ്രിട്ടീഷ് രാജ്ഞിയുടെ പുത്രൻ പ്രിൻസ് ഓഫ് വെയിൽസ് കൽക്കട്ടായിൽ എത്തിയത്, അന്ന് കൽക്കട്ട ആയിരുന്നു ഇൻ  ഡ്യയുടെ തലസ്ഥാനം പ്രിൻസ് ഓഫ് വെയിൽസിൻ്റെ ദർബാറിൽ പങ്കെടുക്കാൻ ഇൻഡ്യയിലെ എല്ലാ നാട്ടു രാജക്കൻമാരും എത്തി ചേരണം, തിരുവിതാം കൂർ മഹാരാജാവ്  ആയില്യം തിരുനാളിനും പങ്കെടുക്കണമായിരുന്നു. ബാവയുടെ കൂടെ വന്ന  
അംഗരക്ഷകർ കേരളത്തിൽ വന്നതിന് ശേഷം തിരികെ പോവുകയും പ്രിൻസ് ഓഫ് വെയിൽസിൻ്റെ അംഗരക്ഷ സംഘത്തിൽ ചേരുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഒരു സംഭവം കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. 

നയതന്ത്രവിശാരദനായ അന്ത്യോഖ്യാ പാത്രിയർക്കീസ് പത്രോസ്‌ നാലാമൻ ബാവയുടെ ഒരു ദൗത്യവുമായി,  പനയ്ക്കൽ ഐപ്പൂരു മുതലാളിയും, അക്കര കുര്യൻ റൈട്ടറും കൽക്കട്ടായിൽ എത്തിയിരുന്നു.

ബ്രിട്ടീഷ് രാജ്ഞിയുടെ പുത്രൻ പ്രിൻസ് ഓഫ് വെയിൽസിനെ കാണുന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാൽ ഒരു വഴി തെളിഞ്ഞു.   

പാത്രീയർക്കീസ് ബാവയുടെ കൂടെ അംഗരക്ഷകരായി വന്ന ബ്രിട്ടിഷുകാരുമായി കേരളത്തിൽ വച്ച്
കുര്യൻ റൈട്ടർക്ക് പരിചയമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ നന്നായറിയാമായിരുന്ന കുര്യൻ റൈട്ടർ  ബ്രിട്ടീഷുകാർ ആയ അംഗരക്ഷകർ തിരികെ പോയപ്പോൾ വിലയേറിയ സമ്മാനങ്ങൾ കൊടുത്താണ് അവരെ യാത്രയാക്കിയത്. 

പ്രിൻസ് ഓഫ് വെയിൽസ് കൽക്കട്ടയിൽ വന്ന പ്രധാന കാര്യം ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും ആയി കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ്, സ്വാഭാവികമായും അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളും അവിടെ എത്തിയിരുന്നു.

അവിടെ ഒരു കുതിരപന്തയം കാണുവാൻ പോയപ്പോൾ അവിടെ വച്ച് ബാവയുടെ കുടെ വന്ന അംഗരക്ഷകരെ, ഐപ്പൂരുവും, കുര്യൻ റൈട്ടറും  കണ്ടുമുട്ടി.  അങ്ങനെ പ്രിൻസ് ഓഫ് വെയിൽസിനെ കാണുവാനുള്ള വഴി തെളിഞ്ഞു.

പാത്രീയർക്കീസ് ബാവയുടെ കത്ത് പ്രിൻസ് ഓഫ് വെയിൽസിനെ കാണിച്ചു. അന്ത്യോഖ്യാ പാത്രീയർക്കീസിൻ്റെ ദൗത്യവുമായി വന്നവർ എന്ന നിലയിൽ അവരെ രാജകുമാരൻ സ്വീകരിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തയായി മാത്യൂസ് മാർ അത്താനാസിയോസിനെ സ്വീകരിച്ചു കൊണ്ട് 1852 ൽ ഉത്രം തിരുനാൾ മഹാരാജവ് നൽകിയ രാജകീയ വിളംബരം അസ്ഥിരപ്പെടുത്തണം, എന്നുള്ളതായിരുന്നു ബാവായുടെ കത്തിൻ്റെ ഉള്ളടക്കം. നിങ്ങൾ തിരികെ നാട്ടിലെത്തുമ്പോൾ ഈ കാര്യം സംഭവിച്ചിരിക്കും എന്ന് പ്രിൻസ് ഓഫ് വെയിൽസ് വാക്കു കൊടുത്തു. 

അന്ത്യോഖ്യാ പാത്രീയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ബാവ തിരുവിതാകൂർ മഹാരാ ജാവ് ആയില്യം തിരുനാളുമായി കൂടിക്കാഴ്ച നടന്നു. രാജകീയ വിളംബരം റദ്ദു ചെയ്തു , കൊച്ചിരാജാവും അപ്രകാരം ചെയ്തു. 

മാത്യൂസ് മാർ അത്താനാസിയോസ് അശക്തനായി, പുലിക്കോട്ടിലിൻ്റെ ഭയവും ബലഹീനതയും മാറി. മിഷനറിമാരുടെ കൈയ്യിൽ അമർന്ന സഭയെ വീണ്ടെടുത്തു. 

1876 ൽ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു കുട്ടി. വിഖ്യാതനായ പാത്രീയർക്കീസ്  മലങ്കര സഭയെ മലങ്കര യാക്കോബായ സുറിയാനി സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി. 

സാബു കുര്യൻ 
കല്ലുപാലത്തിങ്കൽ തിരുവനന്തപുരം

2026 ജൂൺ 16, ചൊവ്വാഴ്ച

ഏലോഹിം, യാഹ്‌വെ എന്നീ ദൈവങ്ങൾചരിത്രപരവും ഭാഷാപരവും ദൈവശാസ്ത്രപരവുമായ വിശകലനം

ഏലോഹിം, യാഹ്‌വെ എന്നീ ദൈവങ്ങൾ
ചരിത്രപരവും ഭാഷാപരവും ദൈവശാസ്ത്രപരവുമായ വിശകലനം

അനീഷ് പ്ലാങ്കമൺ 

യഹൂദ–ക്രൈസ്തവ ഏകദൈവവിശ്വാസത്തിന്റെ അടിത്തറ രൂപപ്പെട്ടത് ഏലോഹിം എന്നും യാഹ്‌വെ എന്നും അറിയപ്പെടുന്ന രണ്ട് ദൈവനാമങ്ങളിലൂടെ ആണെന്ന് ബൈബിൾ ചരിത്രം സൂചിപ്പിക്കുന്നു. ആധുനിക ദൈവശാസ്ത്രം ഈ നാമങ്ങളെ ഒരേ ദൈവത്തിന്റെ സമാന്തര വിശേഷണങ്ങളായി വ്യാഖ്യാനിക്കുന്നുവെങ്കിലും, ചരിത്രപരവും ഭാഷാപരവുമായ പഠനങ്ങൾ കൂടുതൽ സങ്കീർണ്ണമായ ഒരു വികസനപ്രക്രിയയെ വെളിപ്പെടുത്തുന്നു. പുരാതന കനാൻ പ്രദേശത്തെയും തെക്കൻ മരുഭൂമി ഗോത്രങ്ങളെയും കേന്ദ്രീകരിച്ച് നിലനിന്ന വ്യത്യസ്ത ദൈവധാരണകളുടെ ലയനമാണ് ഈ നാമങ്ങളിലൂടെ പ്രതിഫലിക്കുന്നത്.

ഭാഷാശാസ്ത്രപരമായ ഉത്പത്തിയും വ്യാകരണ സവിശേഷതകളും

ഏലോഹിം എന്ന പദം ഹീബ്രുവിലെ എലോഹ് എന്ന ഏകവചന രൂപത്തിന്റെ ബഹുവചനമാണ്. ഇതിന്റെ വേരായി നിലകൊള്ളുന്നത് പുരാതന സെമിറ്റിക് ദൈവനാമമായ എൽ ആണ്. ഈ പദം ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. ഹീബ്രു ബൈബിളിൽ ഏലോഹിം എന്ന പദം ബഹുവചന രൂപത്തിലായിരുന്നാലും, ഇസ്രായേലിന്റെ ദൈവത്തെ സൂചിപ്പിക്കുമ്പോൾ അത് ഏകവചന ക്രിയകളോടെയാണ് ഉപയോഗിക്കുന്നത്. ഭാഷാശാസ്ത്രജ്ഞനായ Wilhelm Gesenius വ്യക്തമാക്കുന്നതുപോലെ, ഇത് ബഹുമതി ബഹുവചനത്തിന്റെ ഉദാഹരണമാണ് (ഉല്പത്തി 1:1
ആവർത്തനം 6:4). യാഹ്‌വെ എന്ന നാമം ഇസ്രായേലിന്റെ ദൈവത്തിന്റെ വ്യക്തിപരമായ നാമമായി ബൈബിൾ അവതരിപ്പിക്കുന്നു. ഈ നാമം ഹീബ്രുവിലെ ഹയാഹ് എന്ന ക്രിയയിൽ നിന്ന് ഉത്ഭവിച്ചതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. “ഞാൻ ആയിരിക്കുന്നവൻ” എന്ന ദൈവവാക്യം ഈ അർത്ഥത്തെ ശക്തിപ്പെടുത്തുന്നു.
(പുറപ്പാട് 3:14, 6:2–3)

സിറിയയിലെ ഉഗാരിറ്റിൽ നിന്നു ലഭിച്ച പുരാവസ്തു രേഖകൾ പ്രകാരം, എൽ ആയിരുന്നു കനാന്യ ദേവസഭയുടെ പരമോന്നത ദൈവം. അഷെറ എന്ന ദേവിയോടൊപ്പം അദ്ദേഹം ദേവസഭയെ നയിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ഈ ദേവസഭയെ ഇൽഹം എന്നാണ് വിളിച്ചിരുന്നത്. ഹീബ്രുവിലെ ഏലോഹിം എന്ന പദവുമായി ഇതിന് വ്യക്തമായ ഭാഷാപരമായ ബന്ധമുണ്ട് (സങ്കീർത്തനം  82:1, 
ഉല്പത്തി 33:20) 

for additional reading,  (പുരാവസ്തുശാസ്ത്രപരമായ തെളിവുകൾ, പ്രത്യേകിച്ച് സിറിയയിലെ ഉഗാരിറ്റ് (Ugarit) നഗരത്തിൽ നിന്ന് കണ്ടെത്തിയ മൺഫലകങ്ങൾ കനാന്യ മതത്തിന്റെ ഘടനയെ കൃത്യമായി വെളിപ്പെടുത്തുന്നു. ഈ ഫലകങ്ങൾ പ്രകാരം 'എൽ' (El) ആയിരുന്നു കനാന്യ ദേവസഭയുടെ പരമാധികാരിയായ പിതാവും സൃഷ്ടാവും. അദ്ദേഹം തന്റെ പത്നിയായ അഷെറയോടൊപ്പം (Asherah) ദേവസഭയെ ഭരിക്കുകയും എഴുപതോളം പുത്രന്മാരെ (Bene Elohim) പ്രസവിക്കുകയും ചെയ്തു. ഈ മക്കളിൽ പെട്ടവരായിരുന്നു കൊടുങ്കാറ്റിന്റെ ദൈവമായ ബാൽ (Baal), സമുദ്രത്തിന്റെ ദൈവമായ യാം (Yam), മരണത്തിന്റെ ദൈവമായ മോത് (Mot) എന്നിവർ. കനാന്യ ദേവസഭയെ 'ഇൽഹം' (Ugaritic: ʾlhm) എന്നാണ് വിളിച്ചിരുന്നത്, ഇത് ഹീബ്രുവിലെ ഏലോഹിം എന്ന പദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.)

കനാന്യ രേഖകളിൽ യാഹ്‌വെയുടെ അഭാവം ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് ചരിത്രകാരന്മാർ മുന്നോട്ടുവെക്കുന്ന സിദ്ധാന്തമാണ് കേന്യർ–മിദ്യാന്യർ സിദ്ധാന്തം. മോശെ മിദ്യാനിൽ അഭയം പ്രാപിച്ചതിനുശേഷമാണ് യാഹ്‌വെ എന്ന ദൈവനാമം ബൈബിൾ കഥയിൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നത്. യാഹ്‌വെ സീനായിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നുമാണ് വരുന്നതെന്ന് പുരാതന കവിതകൾ വ്യക്തമാക്കുന്നു (ആവർത്തനം 33:2 ന്യായാധിപന്മാർ 5:4
ഹബുകുക്ക് 3:3)

ചരിത്രകാരിയായ Francesca Stavrakopoulou വിശദീകരിക്കുന്നതുപോലെ, വടക്കൻ ഗോത്രങ്ങളുടെ എൽ (El) ആധനയും തെക്കൻ ഗോത്രങ്ങളുടെ യാഹ്‌വെ (YHWH) ആരാധനയും ക്രമേണ ലയിച്ചു. ഈ പ്രക്രിയയെ ദേവസഭാ ലഘൂകരണം എന്നാണ് വിളിക്കുന്നത്. ഇതിന്റെ പ്രധാന തെളിവാണ് ആവർത്തനപുസ്തകത്തിലെ ഒരു പുരാതന പാഠഭേദം (ആവർത്തനം 32:8–9
സങ്കീർത്തനം 89:6).

ബൈബിളിലെ ആദ്യ അഞ്ച് പുസ്തകങ്ങൾ വിവിധ സ്രോതസ്സുകളുടെ സംയോജനമാണെന്ന് വിശദീകരിക്കുന്ന ഡോക്യുമെന്ററി സിദ്ധാന്തം ഈ ദൈവനാമ വ്യത്യാസങ്ങളെ വ്യക്തമായി വേർതിരിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രധാന ശില്പികളിൽ Jean Astruc, Hermann Hupfeld, Julius Wellhausen എന്നിവർ ഉൾപ്പെടുന്നു (ഉല്പത്തി 2:4
പുറപ്പാട് 6:3).

പിൽക്കാല യഹൂദ ദൈവശാസ്ത്രത്തിൽ ഏലോഹിം ദൈവത്തിന്റെ നീതിയുടെയും പ്രകൃതി നിയമത്തിന്റെയും പ്രതീകമായി മാറി. യാഹ്‌വെ കാരുണ്യത്തിന്റെയും ബന്ധത്തിന്റെയും ദൈവമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ രണ്ട് ഭാവങ്ങളും ഒന്നിക്കുന്നതിന്റെ പ്രതീകമായാണ് “യാഹ്‌വെ ഏലോഹിം” എന്ന ഇരട്ടനാമം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നത് (ഉല്പത്തി 2:4
പുറപ്പാട് 34:6).

ചരിത്രപരവും ബൈബിൾ വിമർശനപരവുമായ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഏലോഹിം എന്നും യാഹ്‌വെ എന്നും അറിയപ്പെട്ട ദൈവധാരണകൾ വ്യത്യസ്ത സാമൂഹ്യ–ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നാണ് വളർന്നുവന്നത് എന്നതാണ്. ഈ രണ്ട് പാരമ്പര്യങ്ങൾ ഇസ്രായേൽ സമൂഹത്തിന്റെ രൂപീകരണത്തിൽ ലയിച്ച് ഏകദൈവവിശ്വാസത്തിലേക്ക് പരിണമിച്ചു. പിൽക്കാല ദൈവശാസ്ത്രം ഇവയെ ദൈവത്തിന്റെ നീതിയുടെയും കാരുണ്യത്തിന്റെയും രണ്ട് മുഖങ്ങളായി പുനർവ്യാഖ്യാനം ചെയ്തു. ഇതിലൂടെ യഹൂദ–ക്രൈസ്തവ വിശ്വാസത്തിന്റെ ആന്തരിക സമന്വയം സാധ്യമായി.

കൂടുതൽ വായനക്കായി https://whatsapp.com/channel/0029Vb8tGlK6buMF65vEAG27

2026 ജൂൺ 15, തിങ്കളാഴ്‌ച

യാക്കോബായ സഭയിലെ അൽമായ പ്രമുഖൻ കോട്ടയം അക്കര കുര്യൻ റൈറ്റർ

(9) യാക്കോബായ സഭയിലെ അൽമായ പ്രമുഖൻ കോട്ടയം അക്കര കുര്യൻ റൈറ്റർ
-------------------------------------
പത്തൊമ്പതാം നൂറ്റാണ്ടിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രഗതിയെ തിരിച്ചു വിട്ട അൽമായ  പ്രമുഖരിൽ പ്രധാനിയാണ് കോട്ടയം അക്കര കുര്യൻ റൈറ്റർ (1829-1886) രണ്ടു മലങ്കര മെത്രാപ്പോലീത്താമാരുടെ വലംകൈയും, രണ്ടു തിരുവിതാംകൂർ രാജാക്കന്മാരുടെ ഉപദേഷ്ടാവും ആയിരുന്ന അദ്ദേഹത്തിൻ്റെ സംഭവബഹുലമായ ജീവിതകഥ ഓരോ യാക്കോബായ സുറിയാനിക്കാരനും (സിറിയൻ  ഓർത്തഡോക്സ് ) മനസ്സിലാക്കിയിരിക്കേണ്ടതാണ്.

1829 ൽ കോട്ടയത്ത് ജനിച്ച കുര്യൻ,
സി എം എസ് സ്കൂളിൽ ഇംഗ്ലീഷ് 
വിദ്യാഭ്യാസത്തിനു ശേഷം 1840 കളുടെ മധ്യത്തിൽ കൊച്ചിയിലെ ആദ്യ യൂറോപ്യൻ കമ്പനിയായ ആസ്പിൻവാൾ കമ്പനിയിൽ റൈറ്റർ ആയി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ കൊച്ചിയിൽ താമസിച്ചു വരവേ കുര്യൻ, കുന്നംകുളം സ്വദേശികളായ പനക്കൽ ഐപ്പൂരു ,  പാത്തപ്പൻ എന്നീ  മുതലാളിമാരെ പരിചയപ്പെട്ടു. യാക്കോബായ സഭയിലെ അൽമായ  പ്രമുഖരായിരുന്നു കുന്നംകുളം പനയ്ക്കൽ മുതലാളിമാർ ഇവരുമായുള്ള ബന്ധം കുര്യൻ്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. 

കുര്യൻ്റെ കഴിവും, ഉത്സാഹവും പനക്കൽ മുതലാളിമാരിൽ മതിപ്പുളവാക്കി, അവർ കുര്യനെ വെളിച്ചെണ്ണ വ്യാപാരിയായ ഉമ്മാഖാൻ സേട്ടുവിനെ പരിചയപ്പെടുത്തി. കുര്യൻ സേട്ടുവിൻ്റെ  മാനേജരായി, അദ്ദേഹത്തിൻ്റെ കാലശേഷം , വ്യാപാരം കുര്യൻ തന്നെ നടത്തി, അങ്ങനെ കൊച്ചിയിലെ അറിയപ്പെടുന്ന മുതലാളിയായി.സോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ വെളിച്ചെണ്ണയ്ക്ക് വളരെ വലിയഅളവിൽ ആവശ്യമുണ്ടായിരുന്നു. ഈ അനുകൂലമായ കാലാവസ്ഥ കുര്യൻ പ്രയോജനപ്പെടുത്തി. കുന്നംകുളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ചുമതലയിലായിരുന്നു ചാവക്കാട് തുറമുഖം പ്രവർത്തിച്ചിരുന്നത് (ബുക്കാനൻ്റെ കേരളം- ഡോക്ടർ പി കെ കരീം പേജ് 46, 61)

പുന്നത്തൂർ രാജാവിൽ നിന്നും ചാവക്കാട് കായൽ തീരത്ത് 300 ഏക്കർ തെങ്ങിൻ തോപ്പ് കുര്യൻ വിലയ്ക്ക് വാങ്ങി. അവിടെ ഒരു ബംഗ്ലാവും, ഒട്ടേറെ ചക്കുകളും  സ്ഥാപിച്ചു , പിന്നീട് ഈ സ്ഥലം ചക്കുകണ്ടം എന്ന് അറിയപ്പെട്ടു . പ്രതാപശാലിയായ കുര്യൻ റൈറ്റർ ചക്കുകണ്ടം ബംഗ്ലാവിൽ താമസിക്കുന്ന കാലം. 

1852ൽ, തിരുവിതാംകൂർ മഹാരാജാവ്  ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ സൂസാസ്തിക്കോനെ (അധികാര പത്രം) ആധാരമാക്കി, നൽകിയ രാജകീയ വിളംബരത്തിനു ശേഷം, വീരേതിഹാസം രചിച്ച പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് 1853 ൽ, പാലയൂർ പ്രദേശത്തെ എഴുന്നള്ളി വന്നു. കോട്ടയം പഴയ സെമിനാരിയിൽ മുതൽ പിടി അക്കര കോര ഉലഹന്നാൻ്റെ അനുജൻ എന്ന നിലയിൽ കുര്യൻ റൈറ്റർ പാലക്കുന്നത്ത് മെത്രാപ്പൊലീത്തയുടെ സൗഹൃദവലയത്തിലായി.

മലങ്കര യാക്കോബായ സുറിയാനി സമുദായം ജന്മം നൽകിയ ഏറ്റവും പ്രതാപശാലിയായ മെത്രാപ്പോലീത്ത മാത്യൂസ് മാർ അത്താനാസിയോസും പ്രഭു തുല്യനായ കുര്യൻ  റൈറ്ററും  ആ ബന്ധം അങ്ങനെ ശക്തമായി. 1856 ലെ തൊഴിയൂർ മെത്രാൻ വാഴ്ചയിലും , കേസ് നടത്തിപ്പിലും കുര്യൻ പ്രമുഖ പങ്ക് വഹിച്ചു. തൊഴിയൂർ കേസിലെ വിജയം മാത്യൂസ് മാർ അത്താനോസ്യോസിനെ അധികാര ലഹരി പിടിപ്പിച്ചു.

പ്രബലനായ കുര്യൻ  റൈറ്ററും, വോക്കർ സായിപ്പും കൂടി 1860ൽ, ബ്രിട്ടീഷ് കൊച്ചിയിൽ നിന്നും വെസ്റ്റേൺ സ്റ്റാർ എന്ന പേരിൽ ആദ്യ ഇംഗ്ലീഷ് പത്രം തുടങ്ങി . 1864 ൽ, പശ്ചിമതാരക എന്ന ആദ്യ മലയാള പത്രവും തുടങ്ങി. 1866 നവംബർ 15ന് രൂപം കൊണ്ട ഫോർട്ട് കൊച്ചി നഗരസഭയുടെ സ്ഥാപനത്തിൽ  കുര്യൻ റൈറ്റർ  പ്രമുഖ പങ്കുവഹിച്ചു , ആദ്യകാല സംഘാടകനും, സ്ഥാപക അംഗവുമാണ്. 1859 ൽ, തിരുവതാംകൂറിൽ അബ്കാരി നിയമം നടപ്പിൽ വരുത്തിയ ആയില്യം തിരുനാൾ മഹാരാജാവിന്, അത് സംബന്ധിച്ച് നിയമാവലി തയ്യാറാക്കി കൊടുത്തത് കുര്യൻ റൈറ്ററാണ്. കേരളത്തിലെ ആദ്യ  അബ്കാരി  കോൺട്രാക്ടർ കോട്ടയം അക്കര കുര്യൻ റൈറ്ററാണ്.

1868 ൽ, മലങ്കര സഭയിൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിൻ്റെ ഏകാധിപത്യം വർദ്ധിച്ചപ്പോൾ, കുര്യൻ റൈറ്റർ മെത്രാപ്പോലീത്തായുമായി അകൽച്ചയിലായി , അന്ന് പുലിക്കോട്ടിൽ ബലഹീനൻ ആയിരുന്നു. കുര്യൻ റൈറ്റർ പുലിക്കോട്ടിലിനെ പിന്തുണച്ചു.

1876ൽ, വിഖ്യാതനായ അന്ത്യോഖ്യാ പാത്രിയർക്കീസ് പത്രോസ് നാലാമൻ ബാവ, ലണ്ടനിൽ ബ്രിട്ടീഷ് ചക്രവർത്തിനി വിക്ടോറിയ മഹാരാജ്ഞിയെ സന്ദർശിച്ച ശേഷം, മലങ്കരയിൽ  എഴുന്നള്ളി വന്നു .തിരുവെഴുത്ത് വിളബരം റദ്ദ് ചെയ്തു.  മലങ്കര മെത്രാപ്പോലീത്തായുടെ, ഏകാധിപത്യത്തിന് എതിരെ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപം കൊണ്ടു. 

കുര്യൻ റൈറ്റർ ആയില്യം തിരുനാൾ (1860-1880) മഹാരാജാവിൻ്റെയും, വിശാഖം തിരുനാൾ (1880-1885) മഹാരാജാവിൻ്റെയും മുഖ്യ ഉപദേഷ്ടാവായി. ചരിത്ര പ്രസിദ്ധമായ മുളംന്തുരത്തി സുന്നഹദോസിൻ്റെ വ്യവസ്ഥകളെല്ലാം എഴുതി ഉണ്ടാക്കിയത് പുലിക്കോട്ടിൽ തിരുമേനിയും, കുര്യൻ റൈറ്ററും കുടിയാണ് , പാത്രിയർക്കീസ് ബാവയെ കാണിച്ച് അനുവാദം വാങ്ങിയാണ് സുന്നഹദോസിൽ അവതരിപ്പിച്ചത്. സുന്നഹദോസിൽ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത് കുര്യൻ റൈറ്റർ ആയിരുന്നു. 

യാക്കോബായ സുറിയാനി സഭാചരിത്രത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിച്ച കോട്ടയം അക്കര സി.ജെ.കുര്യൻ, കുര്യൻ റൈറ്ററുടെ സഹോദര പുത്രനും, നിരണം ഇലഞ്ഞിക്കൽ ഇ. ജെ ജോൺ വക്കീൽ സഹോദരി പുത്രനുമാണ്.

റോയൽ കോടതി കേസ്  നടത്തിപ്പിൻ്റെ ബുദ്ധികേന്ദ്രം കുര്യൻ റൈറ്ററാണ്.
യാക്കോബായ സുറിയാനി സഭയിൽ, അൽമായ പൗരുഷത്തിൻ്റെ വീരേതിഹാസം രചിച്ച നസ്രാണി കേസരി അക്കര കുര്യൻ റൈറ്റർ 1886 ൽ നിര്യാതനായി കോട്ടയം പുത്തൻ പള്ളിയിൽ അടക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ  ശവസംസ്കാരത്തിന് ആചാരപ്രകാരം മുഖം മറക്കേണ്ട തുണി കരുതാതിരുന്നതിനാൽ പരുമല തിരുമേനി തൻ്റെ സ്ലീബായിൽ കെട്ടിയിരുന്ന ചുവന്ന പട്ട് എടുത്ത് മുഖം മൂടുകയാണ് ഉണ്ടായത് .
കോട്ടയം പുത്തൻ പള്ളിക്ക് അദ്ദേഹം ദാനം ചെയ്ത സെമിത്തേരിയിലെ ആദ്യത്തെ ശവസംസ്കാരം അദ്ദേഹത്തിൻ്റേത് ആയിരുന്നു.    

സാബു കുര്യൻ കല്ലുപാലത്തിങ്കൽ , TVM  944 691 4095

2026 ജൂൺ 14, ഞായറാഴ്‌ച

ഗ്രിഗോറിയൻ ചിന്തകൾ പുതിയ ലോക വ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം.ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഗ്രിഗോറിയൻ ചിന്തകൾ 
പുതിയ ലോക വ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം.
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
 
ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിട പറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗം കൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല.

ലാസര്‍ മരിച്ച സമയത്ത്, ലാസറിന്‍റെ സഹോദരിമാരും സുഹൃത്തുക്കളും കരയുന്നതു കണ്ടിട്ട് കര്‍ത്താവും കരഞ്ഞു. ദുഃഖം മനുഷ്യസഹജമാണ്. എന്നാല്‍ കര്‍ത്താവ് എന്തുകൊണ്ട് കരഞ്ഞു എന്നത് പ്രസക്തിയുള്ള ചോദ്യമാണ്. അവരുടെ മരണത്തോടുള്ള ഭയവും ദുഃഖവും കണ്ടിട്ട് കര്‍ത്താവിന് അവരോടുണ്ടായ സഹതാപമായിരുന്നു അത്.

ജീവിച്ചിരിക്കുന്നവരെ ഉദ്ബോധിപ്പിക്കുക എന്നതാണ് മരണത്തിന്‍റെ ലക്ഷ്യം. മരണത്തിന് നമ്മെ ദൈവത്തില്‍നിന്നു വേര്‍പിരിക്കാനാവില്ല.

നാമെല്ലാവരും മാതൃഗര്‍ഭത്തില്‍ നിന്നാണ് ഈ ലോകത്തിലേക്ക് വന്നത്. ഗര്‍ഭസ്ഥ അവസ്ഥയില്‍ ശിശുവിന്, പുറത്തുള്ള ലോകത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല; അറിയുവാന്‍ കഴിയുകയില്ല. ഗര്‍ഭസ്ഥ അവസ്ഥയില്‍ കഴിയുന്ന കാലയളവു പോലെയാണ് മനുഷ്യന്‍റെ 70-തോ 80-തോ വയസ്സു വരെയുള്ള ജീവിതവും. മരണശേഷം അടുത്ത പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണ്.

ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ ലോകവും താനെ തിരോധാനം ചെയ്തിട്ട്, വര്‍ണ്ണിക്കാവതല്ലാത്ത മറ്റൊരു ലോകവ്യവസ്ഥിതിയിലേക്കു നാം പ്രവേശിക്കുന്നു. അവിടെ മാലാഖമാരെപ്പോലെ നാമും ജനനമരണങ്ങളോ സ്ഥലകാല പരിമിതികളോ ഇല്ലാത്ത ഒരു മനുഷ്യരാശിയായി തീരുന്നു.

അതിന്‍റെയും അടുത്ത ലോകമായ പുനരുത്ഥാനലോകത്തില്‍ പുതിയ ശരീരം നമുക്കു ലഭിക്കുന്നുവെങ്കിലും അവിടെ ജനനമരണങ്ങളോ വിവാഹബന്ധങ്ങളോ ഇല്ലെന്നു കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു (വി. ലൂക്കോസ് 20:35-36).
PMG

(ശരീരത്തില്‍ നിന്ന് വാങ്ങിപ്പോയ ശേഷമുള്ള അവസ്ഥയെക്കുറിച്ച് സുഹൃത്തായ ആചാര്യ പി. റ്റി. തോമസിന്‍റെ കബറടക്ക ശുശ്രൂഷാമദ്ധ്യേ മെത്രാപ്പോലീത്താ പ്രസംഗിച്ചത്)