2026 ജൂൺ 17, ബുധനാഴ്‌ച

വിഖ്യാതനായ അന്ത്യോഖ്യാ പാത്രീയർക്കീസും വിക്ടോറിയ മഹാരാജ്ഞിയും © സാബു കുര്യൻ കല്ലും പാലത്തിങ്കൽ

വിഖ്യാതനായ അന്ത്യോഖ്യാ പാത്രീയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ബാവാ 1875 ൽ, ലണ്ടനിൽ ബ്രിട്ടീഷ് ചക്രവർത്തിനീ വിക്ടോറിയ മഹാ രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് രാജ്ഞി പാത്രീയർക്കീസ് ബാവായ്ക്ക് രണ്ടു പ്രാവശ്യം വിരുന്നൊരുക്കി. ബ്രിട്ടൻ്റെ അത്യുന്നത ബഹുമതി നൽകി രാജ്ഞി ബാവയെ ആദരിച്ചു. 

ഇന്ത്യാ കാര്യ സെക്രട്ടറി  സാലീസ്ബറി പ്രഭുവുമായും കൂടിക്കാഴ്ച നടത്തി. ഇൻഡ്യയിലെ വൈസ്രോയിക്കും, ഗവർണ്ണർമാർക്കുമുള്ള കത്തുകൾ പാത്രീയർക്കീസിന് കൈമാറി,
അതിനുശേഷം, ഐതിഹാസികമായ മലങ്കര സന്ദർശനം ആരംഭിച്ചു. ബ്രിട്ടീഷുകാരായ രണ്ട് അംഗരക്ഷകരെയും പാതിയർക്കീസ്     ബാവായുടെ കൂടെ രാജ്ഞി ഇന്ത്യയിലേക്ക് അയച്ചു. 

ഈ കാലത്താണ് 
ബ്രിട്ടീഷ് രാജ്ഞിയുടെ പുത്രൻ പ്രിൻസ് ഓഫ് വെയിൽസ് കൽക്കട്ടായിൽ എത്തിയത്, അന്ന് കൽക്കട്ട ആയിരുന്നു ഇൻ  ഡ്യയുടെ തലസ്ഥാനം പ്രിൻസ് ഓഫ് വെയിൽസിൻ്റെ ദർബാറിൽ പങ്കെടുക്കാൻ ഇൻഡ്യയിലെ എല്ലാ നാട്ടു രാജക്കൻമാരും എത്തി ചേരണം, തിരുവിതാം കൂർ മഹാരാജാവ്  ആയില്യം തിരുനാളിനും പങ്കെടുക്കണമായിരുന്നു. ബാവയുടെ കൂടെ വന്ന  
അംഗരക്ഷകർ കേരളത്തിൽ വന്നതിന് ശേഷം തിരികെ പോവുകയും പ്രിൻസ് ഓഫ് വെയിൽസിൻ്റെ അംഗരക്ഷ സംഘത്തിൽ ചേരുകയും ചെയ്തു. 

ഇതുമായി ബന്ധപ്പെട്ട ചരിത്ര പ്രസിദ്ധമായ ഒരു സംഭവം കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. 

നയതന്ത്രവിശാരദനായ അന്ത്യോഖ്യാ പാത്രിയർക്കീസ് പത്രോസ്‌ നാലാമൻ ബാവയുടെ ഒരു ദൗത്യവുമായി,  പനയ്ക്കൽ ഐപ്പൂരു മുതലാളിയും, അക്കര കുര്യൻ റൈട്ടറും കൽക്കട്ടായിൽ എത്തിയിരുന്നു.

ബ്രിട്ടീഷ് രാജ്ഞിയുടെ പുത്രൻ പ്രിൻസ് ഓഫ് വെയിൽസിനെ കാണുന്നത് അത്ര എളുപ്പമുളള കാര്യമല്ല. എന്നാൽ ഒരു വഴി തെളിഞ്ഞു.   

പാത്രീയർക്കീസ് ബാവയുടെ കൂടെ അംഗരക്ഷകരായി വന്ന ബ്രിട്ടിഷുകാരുമായി കേരളത്തിൽ വച്ച്
കുര്യൻ റൈട്ടർക്ക് പരിചയമുണ്ടായിരുന്നു. ഇംഗ്ലീഷ് ഭാഷ നന്നായറിയാമായിരുന്ന കുര്യൻ റൈട്ടർ  ബ്രിട്ടീഷുകാർ ആയ അംഗരക്ഷകർ തിരികെ പോയപ്പോൾ വിലയേറിയ സമ്മാനങ്ങൾ കൊടുത്താണ് അവരെ യാത്രയാക്കിയത്. 

പ്രിൻസ് ഓഫ് വെയിൽസ് കൽക്കട്ടയിൽ വന്ന പ്രധാന കാര്യം ഇന്ത്യയിലെ നാട്ടുരാജാക്കന്മാരും ആയി കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ്, സ്വാഭാവികമായും അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാളും അവിടെ എത്തിയിരുന്നു.

അവിടെ ഒരു കുതിരപന്തയം കാണുവാൻ പോയപ്പോൾ അവിടെ വച്ച് ബാവയുടെ കുടെ വന്ന അംഗരക്ഷകരെ, ഐപ്പൂരുവും, കുര്യൻ റൈട്ടറും  കണ്ടുമുട്ടി.  അങ്ങനെ പ്രിൻസ് ഓഫ് വെയിൽസിനെ കാണുവാനുള്ള വഴി തെളിഞ്ഞു.

പാത്രീയർക്കീസ് ബാവയുടെ കത്ത് പ്രിൻസ് ഓഫ് വെയിൽസിനെ കാണിച്ചു. അന്ത്യോഖ്യാ പാത്രീയർക്കീസിൻ്റെ ദൗത്യവുമായി വന്നവർ എന്ന നിലയിൽ അവരെ രാജകുമാരൻ സ്വീകരിച്ചു. മലങ്കര യാക്കോബായ സുറിയാനി സഭയുടെ മെത്രാപ്പൊലീത്തയായി മാത്യൂസ് മാർ അത്താനാസിയോസിനെ സ്വീകരിച്ചു കൊണ്ട് 1852 ൽ ഉത്രം തിരുനാൾ മഹാരാജവ് നൽകിയ രാജകീയ വിളംബരം അസ്ഥിരപ്പെടുത്തണം, എന്നുള്ളതായിരുന്നു ബാവായുടെ കത്തിൻ്റെ ഉള്ളടക്കം. നിങ്ങൾ തിരികെ നാട്ടിലെത്തുമ്പോൾ ഈ കാര്യം സംഭവിച്ചിരിക്കും എന്ന് പ്രിൻസ് ഓഫ് വെയിൽസ് വാക്കു കൊടുത്തു. 

അന്ത്യോഖ്യാ പാത്രീയർക്കീസ് ഇഗ്നാത്തിയോസ് പത്രോസ് നാലാമൻ ബാവ തിരുവിതാകൂർ മഹാരാ ജാവ് ആയില്യം തിരുനാളുമായി കൂടിക്കാഴ്ച നടന്നു. രാജകീയ വിളംബരം റദ്ദു ചെയ്തു , കൊച്ചിരാജാവും അപ്രകാരം ചെയ്തു. 

മാത്യൂസ് മാർ അത്താനാസിയോസ് അശക്തനായി, പുലിക്കോട്ടിലിൻ്റെ ഭയവും ബലഹീനതയും മാറി. മിഷനറിമാരുടെ കൈയ്യിൽ അമർന്ന സഭയെ വീണ്ടെടുത്തു. 

1876 ൽ ചരിത്രപ്രസിദ്ധമായ മുളന്തുരുത്തി സുന്നഹദോസ് വിളിച്ചു കുട്ടി. വിഖ്യാതനായ പാത്രീയർക്കീസ്  മലങ്കര സഭയെ മലങ്കര യാക്കോബായ സുറിയാനി സഭയെ സത്യവിശ്വാസത്തിൽ ഉറപ്പിച്ചു നിർത്തി. 

സാബു കുര്യൻ 
കല്ലുപാലത്തിങ്കൽ തിരുവനന്തപുരം

2026 ജൂൺ 16, ചൊവ്വാഴ്ച

ഏലോഹിം, യാഹ്‌വെ എന്നീ ദൈവങ്ങൾചരിത്രപരവും ഭാഷാപരവും ദൈവശാസ്ത്രപരവുമായ വിശകലനം

ഏലോഹിം, യാഹ്‌വെ എന്നീ ദൈവങ്ങൾ
ചരിത്രപരവും ഭാഷാപരവും ദൈവശാസ്ത്രപരവുമായ വിശകലനം

അനീഷ് പ്ലാങ്കമൺ 

യഹൂദ–ക്രൈസ്തവ ഏകദൈവവിശ്വാസത്തിന്റെ അടിത്തറ രൂപപ്പെട്ടത് ഏലോഹിം എന്നും യാഹ്‌വെ എന്നും അറിയപ്പെടുന്ന രണ്ട് ദൈവനാമങ്ങളിലൂടെ ആണെന്ന് ബൈബിൾ ചരിത്രം സൂചിപ്പിക്കുന്നു. ആധുനിക ദൈവശാസ്ത്രം ഈ നാമങ്ങളെ ഒരേ ദൈവത്തിന്റെ സമാന്തര വിശേഷണങ്ങളായി വ്യാഖ്യാനിക്കുന്നുവെങ്കിലും, ചരിത്രപരവും ഭാഷാപരവുമായ പഠനങ്ങൾ കൂടുതൽ സങ്കീർണ്ണമായ ഒരു വികസനപ്രക്രിയയെ വെളിപ്പെടുത്തുന്നു. പുരാതന കനാൻ പ്രദേശത്തെയും തെക്കൻ മരുഭൂമി ഗോത്രങ്ങളെയും കേന്ദ്രീകരിച്ച് നിലനിന്ന വ്യത്യസ്ത ദൈവധാരണകളുടെ ലയനമാണ് ഈ നാമങ്ങളിലൂടെ പ്രതിഫലിക്കുന്നത്.

ഭാഷാശാസ്ത്രപരമായ ഉത്പത്തിയും വ്യാകരണ സവിശേഷതകളും

ഏലോഹിം എന്ന പദം ഹീബ്രുവിലെ എലോഹ് എന്ന ഏകവചന രൂപത്തിന്റെ ബഹുവചനമാണ്. ഇതിന്റെ വേരായി നിലകൊള്ളുന്നത് പുരാതന സെമിറ്റിക് ദൈവനാമമായ എൽ ആണ്. ഈ പദം ശക്തിയെയും അധികാരത്തെയും സൂചിപ്പിക്കുന്നു. ഹീബ്രു ബൈബിളിൽ ഏലോഹിം എന്ന പദം ബഹുവചന രൂപത്തിലായിരുന്നാലും, ഇസ്രായേലിന്റെ ദൈവത്തെ സൂചിപ്പിക്കുമ്പോൾ അത് ഏകവചന ക്രിയകളോടെയാണ് ഉപയോഗിക്കുന്നത്. ഭാഷാശാസ്ത്രജ്ഞനായ Wilhelm Gesenius വ്യക്തമാക്കുന്നതുപോലെ, ഇത് ബഹുമതി ബഹുവചനത്തിന്റെ ഉദാഹരണമാണ് (ഉല്പത്തി 1:1
ആവർത്തനം 6:4). യാഹ്‌വെ എന്ന നാമം ഇസ്രായേലിന്റെ ദൈവത്തിന്റെ വ്യക്തിപരമായ നാമമായി ബൈബിൾ അവതരിപ്പിക്കുന്നു. ഈ നാമം ഹീബ്രുവിലെ ഹയാഹ് എന്ന ക്രിയയിൽ നിന്ന് ഉത്ഭവിച്ചതായി പൊതുവേ അംഗീകരിക്കപ്പെടുന്നു. “ഞാൻ ആയിരിക്കുന്നവൻ” എന്ന ദൈവവാക്യം ഈ അർത്ഥത്തെ ശക്തിപ്പെടുത്തുന്നു.
(പുറപ്പാട് 3:14, 6:2–3)

സിറിയയിലെ ഉഗാരിറ്റിൽ നിന്നു ലഭിച്ച പുരാവസ്തു രേഖകൾ പ്രകാരം, എൽ ആയിരുന്നു കനാന്യ ദേവസഭയുടെ പരമോന്നത ദൈവം. അഷെറ എന്ന ദേവിയോടൊപ്പം അദ്ദേഹം ദേവസഭയെ നയിച്ചതായി രേഖകൾ സൂചിപ്പിക്കുന്നു. ഈ ദേവസഭയെ ഇൽഹം എന്നാണ് വിളിച്ചിരുന്നത്. ഹീബ്രുവിലെ ഏലോഹിം എന്ന പദവുമായി ഇതിന് വ്യക്തമായ ഭാഷാപരമായ ബന്ധമുണ്ട് (സങ്കീർത്തനം  82:1, 
ഉല്പത്തി 33:20) 

for additional reading,  (പുരാവസ്തുശാസ്ത്രപരമായ തെളിവുകൾ, പ്രത്യേകിച്ച് സിറിയയിലെ ഉഗാരിറ്റ് (Ugarit) നഗരത്തിൽ നിന്ന് കണ്ടെത്തിയ മൺഫലകങ്ങൾ കനാന്യ മതത്തിന്റെ ഘടനയെ കൃത്യമായി വെളിപ്പെടുത്തുന്നു. ഈ ഫലകങ്ങൾ പ്രകാരം 'എൽ' (El) ആയിരുന്നു കനാന്യ ദേവസഭയുടെ പരമാധികാരിയായ പിതാവും സൃഷ്ടാവും. അദ്ദേഹം തന്റെ പത്നിയായ അഷെറയോടൊപ്പം (Asherah) ദേവസഭയെ ഭരിക്കുകയും എഴുപതോളം പുത്രന്മാരെ (Bene Elohim) പ്രസവിക്കുകയും ചെയ്തു. ഈ മക്കളിൽ പെട്ടവരായിരുന്നു കൊടുങ്കാറ്റിന്റെ ദൈവമായ ബാൽ (Baal), സമുദ്രത്തിന്റെ ദൈവമായ യാം (Yam), മരണത്തിന്റെ ദൈവമായ മോത് (Mot) എന്നിവർ. കനാന്യ ദേവസഭയെ 'ഇൽഹം' (Ugaritic: ʾlhm) എന്നാണ് വിളിച്ചിരുന്നത്, ഇത് ഹീബ്രുവിലെ ഏലോഹിം എന്ന പദവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.)

കനാന്യ രേഖകളിൽ യാഹ്‌വെയുടെ അഭാവം ശ്രദ്ധയിൽപ്പെടുത്തി കൊണ്ട് ചരിത്രകാരന്മാർ മുന്നോട്ടുവെക്കുന്ന സിദ്ധാന്തമാണ് കേന്യർ–മിദ്യാന്യർ സിദ്ധാന്തം. മോശെ മിദ്യാനിൽ അഭയം പ്രാപിച്ചതിനുശേഷമാണ് യാഹ്‌വെ എന്ന ദൈവനാമം ബൈബിൾ കഥയിൽ വ്യക്തമായി പ്രത്യക്ഷപ്പെടുന്നത്. യാഹ്‌വെ സീനായിൽ നിന്നും തെക്കൻ പ്രദേശങ്ങളിൽ നിന്നുമാണ് വരുന്നതെന്ന് പുരാതന കവിതകൾ വ്യക്തമാക്കുന്നു (ആവർത്തനം 33:2 ന്യായാധിപന്മാർ 5:4
ഹബുകുക്ക് 3:3)

ചരിത്രകാരിയായ Francesca Stavrakopoulou വിശദീകരിക്കുന്നതുപോലെ, വടക്കൻ ഗോത്രങ്ങളുടെ എൽ (El) ആധനയും തെക്കൻ ഗോത്രങ്ങളുടെ യാഹ്‌വെ (YHWH) ആരാധനയും ക്രമേണ ലയിച്ചു. ഈ പ്രക്രിയയെ ദേവസഭാ ലഘൂകരണം എന്നാണ് വിളിക്കുന്നത്. ഇതിന്റെ പ്രധാന തെളിവാണ് ആവർത്തനപുസ്തകത്തിലെ ഒരു പുരാതന പാഠഭേദം (ആവർത്തനം 32:8–9
സങ്കീർത്തനം 89:6).

ബൈബിളിലെ ആദ്യ അഞ്ച് പുസ്തകങ്ങൾ വിവിധ സ്രോതസ്സുകളുടെ സംയോജനമാണെന്ന് വിശദീകരിക്കുന്ന ഡോക്യുമെന്ററി സിദ്ധാന്തം ഈ ദൈവനാമ വ്യത്യാസങ്ങളെ വ്യക്തമായി വേർതിരിക്കുന്നു. ഈ സിദ്ധാന്തത്തിന്റെ പ്രധാന ശില്പികളിൽ Jean Astruc, Hermann Hupfeld, Julius Wellhausen എന്നിവർ ഉൾപ്പെടുന്നു (ഉല്പത്തി 2:4
പുറപ്പാട് 6:3).

പിൽക്കാല യഹൂദ ദൈവശാസ്ത്രത്തിൽ ഏലോഹിം ദൈവത്തിന്റെ നീതിയുടെയും പ്രകൃതി നിയമത്തിന്റെയും പ്രതീകമായി മാറി. യാഹ്‌വെ കാരുണ്യത്തിന്റെയും ബന്ധത്തിന്റെയും ദൈവമായി വ്യാഖ്യാനിക്കപ്പെട്ടു. ഈ രണ്ട് ഭാവങ്ങളും ഒന്നിക്കുന്നതിന്റെ പ്രതീകമായാണ് “യാഹ്‌വെ ഏലോഹിം” എന്ന ഇരട്ടനാമം ബൈബിളിൽ പ്രത്യക്ഷപ്പെടുന്നത് (ഉല്പത്തി 2:4
പുറപ്പാട് 34:6).

ചരിത്രപരവും ബൈബിൾ വിമർശനപരവുമായ പഠനങ്ങൾ വ്യക്തമാക്കുന്നത്, ഏലോഹിം എന്നും യാഹ്‌വെ എന്നും അറിയപ്പെട്ട ദൈവധാരണകൾ വ്യത്യസ്ത സാമൂഹ്യ–ഭൂമിശാസ്ത്ര പശ്ചാത്തലങ്ങളിൽ നിന്നാണ് വളർന്നുവന്നത് എന്നതാണ്. ഈ രണ്ട് പാരമ്പര്യങ്ങൾ ഇസ്രായേൽ സമൂഹത്തിന്റെ രൂപീകരണത്തിൽ ലയിച്ച് ഏകദൈവവിശ്വാസത്തിലേക്ക് പരിണമിച്ചു. പിൽക്കാല ദൈവശാസ്ത്രം ഇവയെ ദൈവത്തിന്റെ നീതിയുടെയും കാരുണ്യത്തിന്റെയും രണ്ട് മുഖങ്ങളായി പുനർവ്യാഖ്യാനം ചെയ്തു. ഇതിലൂടെ യഹൂദ–ക്രൈസ്തവ വിശ്വാസത്തിന്റെ ആന്തരിക സമന്വയം സാധ്യമായി.

കൂടുതൽ വായനക്കായി https://whatsapp.com/channel/0029Vb8tGlK6buMF65vEAG27

2026 ജൂൺ 15, തിങ്കളാഴ്‌ച

യാക്കോബായ സഭയിലെ അൽമായ പ്രമുഖൻ കോട്ടയം അക്കര കുര്യൻ റൈറ്റർ

(9) യാക്കോബായ സഭയിലെ അൽമായ പ്രമുഖൻ കോട്ടയം അക്കര കുര്യൻ റൈറ്റർ
-------------------------------------
പത്തൊമ്പതാം നൂറ്റാണ്ടിൽ മലങ്കര യാക്കോബായ സുറിയാനി സഭയുടെ ചരിത്രഗതിയെ തിരിച്ചു വിട്ട അൽമായ  പ്രമുഖരിൽ പ്രധാനിയാണ് കോട്ടയം അക്കര കുര്യൻ റൈറ്റർ (1829-1886) രണ്ടു മലങ്കര മെത്രാപ്പോലീത്താമാരുടെ വലംകൈയും, രണ്ടു തിരുവിതാംകൂർ രാജാക്കന്മാരുടെ ഉപദേഷ്ടാവും ആയിരുന്ന അദ്ദേഹത്തിൻ്റെ സംഭവബഹുലമായ ജീവിതകഥ ഓരോ യാക്കോബായ സുറിയാനിക്കാരനും (സിറിയൻ  ഓർത്തഡോക്സ് ) മനസ്സിലാക്കിയിരിക്കേണ്ടതാണ്.

1829 ൽ കോട്ടയത്ത് ജനിച്ച കുര്യൻ,
സി എം എസ് സ്കൂളിൽ ഇംഗ്ലീഷ് 
വിദ്യാഭ്യാസത്തിനു ശേഷം 1840 കളുടെ മധ്യത്തിൽ കൊച്ചിയിലെ ആദ്യ യൂറോപ്യൻ കമ്പനിയായ ആസ്പിൻവാൾ കമ്പനിയിൽ റൈറ്റർ ആയി ജോലിയിൽ പ്രവേശിച്ചു. അങ്ങനെ കൊച്ചിയിൽ താമസിച്ചു വരവേ കുര്യൻ, കുന്നംകുളം സ്വദേശികളായ പനക്കൽ ഐപ്പൂരു ,  പാത്തപ്പൻ എന്നീ  മുതലാളിമാരെ പരിചയപ്പെട്ടു. യാക്കോബായ സഭയിലെ അൽമായ  പ്രമുഖരായിരുന്നു കുന്നംകുളം പനയ്ക്കൽ മുതലാളിമാർ ഇവരുമായുള്ള ബന്ധം കുര്യൻ്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവായി. 

കുര്യൻ്റെ കഴിവും, ഉത്സാഹവും പനക്കൽ മുതലാളിമാരിൽ മതിപ്പുളവാക്കി, അവർ കുര്യനെ വെളിച്ചെണ്ണ വ്യാപാരിയായ ഉമ്മാഖാൻ സേട്ടുവിനെ പരിചയപ്പെടുത്തി. കുര്യൻ സേട്ടുവിൻ്റെ  മാനേജരായി, അദ്ദേഹത്തിൻ്റെ കാലശേഷം , വ്യാപാരം കുര്യൻ തന്നെ നടത്തി, അങ്ങനെ കൊച്ചിയിലെ അറിയപ്പെടുന്ന മുതലാളിയായി.സോപ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇംഗ്ലണ്ടിൽ വെളിച്ചെണ്ണയ്ക്ക് വളരെ വലിയഅളവിൽ ആവശ്യമുണ്ടായിരുന്നു. ഈ അനുകൂലമായ കാലാവസ്ഥ കുര്യൻ പ്രയോജനപ്പെടുത്തി. കുന്നംകുളത്തെ സുറിയാനി ക്രിസ്ത്യാനികളുടെ ചുമതലയിലായിരുന്നു ചാവക്കാട് തുറമുഖം പ്രവർത്തിച്ചിരുന്നത് (ബുക്കാനൻ്റെ കേരളം- ഡോക്ടർ പി കെ കരീം പേജ് 46, 61)

പുന്നത്തൂർ രാജാവിൽ നിന്നും ചാവക്കാട് കായൽ തീരത്ത് 300 ഏക്കർ തെങ്ങിൻ തോപ്പ് കുര്യൻ വിലയ്ക്ക് വാങ്ങി. അവിടെ ഒരു ബംഗ്ലാവും, ഒട്ടേറെ ചക്കുകളും  സ്ഥാപിച്ചു , പിന്നീട് ഈ സ്ഥലം ചക്കുകണ്ടം എന്ന് അറിയപ്പെട്ടു . പ്രതാപശാലിയായ കുര്യൻ റൈറ്റർ ചക്കുകണ്ടം ബംഗ്ലാവിൽ താമസിക്കുന്ന കാലം. 

1852ൽ, തിരുവിതാംകൂർ മഹാരാജാവ്  ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ അന്ത്യോഖ്യാ പാത്രിയർക്കീസിൻ്റെ സൂസാസ്തിക്കോനെ (അധികാര പത്രം) ആധാരമാക്കി, നൽകിയ രാജകീയ വിളംബരത്തിനു ശേഷം, വീരേതിഹാസം രചിച്ച പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസ് 1853 ൽ, പാലയൂർ പ്രദേശത്തെ എഴുന്നള്ളി വന്നു. കോട്ടയം പഴയ സെമിനാരിയിൽ മുതൽ പിടി അക്കര കോര ഉലഹന്നാൻ്റെ അനുജൻ എന്ന നിലയിൽ കുര്യൻ റൈറ്റർ പാലക്കുന്നത്ത് മെത്രാപ്പൊലീത്തയുടെ സൗഹൃദവലയത്തിലായി.

മലങ്കര യാക്കോബായ സുറിയാനി സമുദായം ജന്മം നൽകിയ ഏറ്റവും പ്രതാപശാലിയായ മെത്രാപ്പോലീത്ത മാത്യൂസ് മാർ അത്താനാസിയോസും പ്രഭു തുല്യനായ കുര്യൻ  റൈറ്ററും  ആ ബന്ധം അങ്ങനെ ശക്തമായി. 1856 ലെ തൊഴിയൂർ മെത്രാൻ വാഴ്ചയിലും , കേസ് നടത്തിപ്പിലും കുര്യൻ പ്രമുഖ പങ്ക് വഹിച്ചു. തൊഴിയൂർ കേസിലെ വിജയം മാത്യൂസ് മാർ അത്താനോസ്യോസിനെ അധികാര ലഹരി പിടിപ്പിച്ചു.

പ്രബലനായ കുര്യൻ  റൈറ്ററും, വോക്കർ സായിപ്പും കൂടി 1860ൽ, ബ്രിട്ടീഷ് കൊച്ചിയിൽ നിന്നും വെസ്റ്റേൺ സ്റ്റാർ എന്ന പേരിൽ ആദ്യ ഇംഗ്ലീഷ് പത്രം തുടങ്ങി . 1864 ൽ, പശ്ചിമതാരക എന്ന ആദ്യ മലയാള പത്രവും തുടങ്ങി. 1866 നവംബർ 15ന് രൂപം കൊണ്ട ഫോർട്ട് കൊച്ചി നഗരസഭയുടെ സ്ഥാപനത്തിൽ  കുര്യൻ റൈറ്റർ  പ്രമുഖ പങ്കുവഹിച്ചു , ആദ്യകാല സംഘാടകനും, സ്ഥാപക അംഗവുമാണ്. 1859 ൽ, തിരുവതാംകൂറിൽ അബ്കാരി നിയമം നടപ്പിൽ വരുത്തിയ ആയില്യം തിരുനാൾ മഹാരാജാവിന്, അത് സംബന്ധിച്ച് നിയമാവലി തയ്യാറാക്കി കൊടുത്തത് കുര്യൻ റൈറ്ററാണ്. കേരളത്തിലെ ആദ്യ  അബ്കാരി  കോൺട്രാക്ടർ കോട്ടയം അക്കര കുര്യൻ റൈറ്ററാണ്.

1868 ൽ, മലങ്കര സഭയിൽ പാലക്കുന്നത്ത് മാത്യൂസ് മാർ അത്താനാസിയോസിൻ്റെ ഏകാധിപത്യം വർദ്ധിച്ചപ്പോൾ, കുര്യൻ റൈറ്റർ മെത്രാപ്പോലീത്തായുമായി അകൽച്ചയിലായി , അന്ന് പുലിക്കോട്ടിൽ ബലഹീനൻ ആയിരുന്നു. കുര്യൻ റൈറ്റർ പുലിക്കോട്ടിലിനെ പിന്തുണച്ചു.

1876ൽ, വിഖ്യാതനായ അന്ത്യോഖ്യാ പാത്രിയർക്കീസ് പത്രോസ് നാലാമൻ ബാവ, ലണ്ടനിൽ ബ്രിട്ടീഷ് ചക്രവർത്തിനി വിക്ടോറിയ മഹാരാജ്ഞിയെ സന്ദർശിച്ച ശേഷം, മലങ്കരയിൽ  എഴുന്നള്ളി വന്നു .തിരുവെഴുത്ത് വിളബരം റദ്ദ് ചെയ്തു.  മലങ്കര മെത്രാപ്പോലീത്തായുടെ, ഏകാധിപത്യത്തിന് എതിരെ സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ രൂപം കൊണ്ടു. 

കുര്യൻ റൈറ്റർ ആയില്യം തിരുനാൾ (1860-1880) മഹാരാജാവിൻ്റെയും, വിശാഖം തിരുനാൾ (1880-1885) മഹാരാജാവിൻ്റെയും മുഖ്യ ഉപദേഷ്ടാവായി. ചരിത്ര പ്രസിദ്ധമായ മുളംന്തുരത്തി സുന്നഹദോസിൻ്റെ വ്യവസ്ഥകളെല്ലാം എഴുതി ഉണ്ടാക്കിയത് പുലിക്കോട്ടിൽ തിരുമേനിയും, കുര്യൻ റൈറ്ററും കുടിയാണ് , പാത്രിയർക്കീസ് ബാവയെ കാണിച്ച് അനുവാദം വാങ്ങിയാണ് സുന്നഹദോസിൽ അവതരിപ്പിച്ചത്. സുന്നഹദോസിൽ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തത് കുര്യൻ റൈറ്റർ ആയിരുന്നു. 

യാക്കോബായ സുറിയാനി സഭാചരിത്രത്തിൻ്റെ ഗതിവിഗതികളെ നിയന്ത്രിച്ച കോട്ടയം അക്കര സി.ജെ.കുര്യൻ, കുര്യൻ റൈറ്ററുടെ സഹോദര പുത്രനും, നിരണം ഇലഞ്ഞിക്കൽ ഇ. ജെ ജോൺ വക്കീൽ സഹോദരി പുത്രനുമാണ്.

റോയൽ കോടതി കേസ്  നടത്തിപ്പിൻ്റെ ബുദ്ധികേന്ദ്രം കുര്യൻ റൈറ്ററാണ്.
യാക്കോബായ സുറിയാനി സഭയിൽ, അൽമായ പൗരുഷത്തിൻ്റെ വീരേതിഹാസം രചിച്ച നസ്രാണി കേസരി അക്കര കുര്യൻ റൈറ്റർ 1886 ൽ നിര്യാതനായി കോട്ടയം പുത്തൻ പള്ളിയിൽ അടക്കപ്പെട്ടു. അദ്ദേഹത്തിൻ്റെ  ശവസംസ്കാരത്തിന് ആചാരപ്രകാരം മുഖം മറക്കേണ്ട തുണി കരുതാതിരുന്നതിനാൽ പരുമല തിരുമേനി തൻ്റെ സ്ലീബായിൽ കെട്ടിയിരുന്ന ചുവന്ന പട്ട് എടുത്ത് മുഖം മൂടുകയാണ് ഉണ്ടായത് .
കോട്ടയം പുത്തൻ പള്ളിക്ക് അദ്ദേഹം ദാനം ചെയ്ത സെമിത്തേരിയിലെ ആദ്യത്തെ ശവസംസ്കാരം അദ്ദേഹത്തിൻ്റേത് ആയിരുന്നു.    

സാബു കുര്യൻ കല്ലുപാലത്തിങ്കൽ , TVM  944 691 4095

2026 ജൂൺ 14, ഞായറാഴ്‌ച

ഗ്രിഗോറിയൻ ചിന്തകൾ പുതിയ ലോക വ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം.ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ഗ്രിഗോറിയൻ ചിന്തകൾ 
പുതിയ ലോക വ്യവസ്ഥിതിയിലേക്കുള്ള പ്രവേശനം.
ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്
 
ക്രൈസ്തവ പാരമ്പര്യത്തില്‍ ഒരു സഹോദരനോ സഹോദരിയോ വിട പറയുമ്പോള്‍ നാം വിലപിക്കരുത്. ദൈവഭക്തന്മാരുടെ മരണം സ്വര്‍ഗ്ഗത്തില്‍ സന്തോഷമുളവാക്കുന്നു. സ്വര്‍ഗ്ഗത്തില്‍ ഒരംഗം കൂടി പ്രവേശിക്കുന്നതിനാല്‍ മാലാഖമാര്‍ സന്തോഷിക്കുന്നു. നാമോ വിലപിക്കേണ്ട ആവശ്യമില്ല.

ലാസര്‍ മരിച്ച സമയത്ത്, ലാസറിന്‍റെ സഹോദരിമാരും സുഹൃത്തുക്കളും കരയുന്നതു കണ്ടിട്ട് കര്‍ത്താവും കരഞ്ഞു. ദുഃഖം മനുഷ്യസഹജമാണ്. എന്നാല്‍ കര്‍ത്താവ് എന്തുകൊണ്ട് കരഞ്ഞു എന്നത് പ്രസക്തിയുള്ള ചോദ്യമാണ്. അവരുടെ മരണത്തോടുള്ള ഭയവും ദുഃഖവും കണ്ടിട്ട് കര്‍ത്താവിന് അവരോടുണ്ടായ സഹതാപമായിരുന്നു അത്.

ജീവിച്ചിരിക്കുന്നവരെ ഉദ്ബോധിപ്പിക്കുക എന്നതാണ് മരണത്തിന്‍റെ ലക്ഷ്യം. മരണത്തിന് നമ്മെ ദൈവത്തില്‍നിന്നു വേര്‍പിരിക്കാനാവില്ല.

നാമെല്ലാവരും മാതൃഗര്‍ഭത്തില്‍ നിന്നാണ് ഈ ലോകത്തിലേക്ക് വന്നത്. ഗര്‍ഭസ്ഥ അവസ്ഥയില്‍ ശിശുവിന്, പുറത്തുള്ള ലോകത്തിലെ കാര്യങ്ങള്‍ മനസ്സിലാക്കുവാന്‍ സാധിക്കുകയില്ല; അറിയുവാന്‍ കഴിയുകയില്ല. ഗര്‍ഭസ്ഥ അവസ്ഥയില്‍ കഴിയുന്ന കാലയളവു പോലെയാണ് മനുഷ്യന്‍റെ 70-തോ 80-തോ വയസ്സു വരെയുള്ള ജീവിതവും. മരണശേഷം അടുത്ത പുതിയ ജീവിതത്തിലേക്കുള്ള പ്രവേശനമാണ്.

ഈ ശരീരത്തില്‍ നിന്നു നാം വാങ്ങിപ്പോകുമ്പോള്‍ സ്ഥലകാല പരിമിതിയുള്ള ഈ ലോകവും താനെ തിരോധാനം ചെയ്തിട്ട്, വര്‍ണ്ണിക്കാവതല്ലാത്ത മറ്റൊരു ലോകവ്യവസ്ഥിതിയിലേക്കു നാം പ്രവേശിക്കുന്നു. അവിടെ മാലാഖമാരെപ്പോലെ നാമും ജനനമരണങ്ങളോ സ്ഥലകാല പരിമിതികളോ ഇല്ലാത്ത ഒരു മനുഷ്യരാശിയായി തീരുന്നു.

അതിന്‍റെയും അടുത്ത ലോകമായ പുനരുത്ഥാനലോകത്തില്‍ പുതിയ ശരീരം നമുക്കു ലഭിക്കുന്നുവെങ്കിലും അവിടെ ജനനമരണങ്ങളോ വിവാഹബന്ധങ്ങളോ ഇല്ലെന്നു കര്‍ത്താവു നമ്മെ പഠിപ്പിക്കുന്നു (വി. ലൂക്കോസ് 20:35-36).
PMG

(ശരീരത്തില്‍ നിന്ന് വാങ്ങിപ്പോയ ശേഷമുള്ള അവസ്ഥയെക്കുറിച്ച് സുഹൃത്തായ ആചാര്യ പി. റ്റി. തോമസിന്‍റെ കബറടക്ക ശുശ്രൂഷാമദ്ധ്യേ മെത്രാപ്പോലീത്താ പ്രസംഗിച്ചത്)

2026 ജൂൺ 11, വ്യാഴാഴ്‌ച

അറേബ്യൻ മണലാരണ്യത്തിലെ മറക്കപ്പെട്ട കുരിശുകൾ: സൗദി അറേബ്യയിലെ പുരാതന ക്രിസ്തീയ ചരിത്രം*©എബി ജോയി, പുൽപ്പള്ളി

*അറേബ്യൻ മണലാരണ്യത്തിലെ മറക്കപ്പെട്ട കുരിശുകൾ: സൗദി അറേബ്യയിലെ പുരാതന ക്രിസ്തീയ ചരിത്രം*

.................എബി ജോയി, പുൽപ്പള്ളി


ഇന്ന് ക്രൈസ്തവ ആരാധനാലയങ്ങൾക്ക് പരസ്യമായ അനുമതിയില്ലാത്ത മണ്ണാണ് സൗദി അറേബ്യ. എന്നാൽ, ചരിത്രത്തിന്റെ താളുകൾ പിന്നോട്ട് മറിച്ചാൽ, ഇന്നത്തെ സൗദി അറേബ്യയുടെ മണ്ണിൽ കുരിശടയാളങ്ങൾ പതിച്ച പള്ളികളും, സന്യാസാശ്രമങ്ങളും, വിശ്വാസത്തിനുവേണ്ടി ജീവൻ ബലിനൽകിയ നിരവധി രക്തസാക്ഷികളും ഉണ്ടായിരുന്നു എന്ന സത്യം പലർക്കും പുതിയ അറിവായിരിക്കും. ക്രിസ്തുവർഷം നാലാം നൂറ്റാണ്ട് മുതൽ ഏഴാം നൂറ്റാണ്ട് വരെ അറേബ്യൻ ഉപദ്വീപിൽ സജീവമായിരുന്ന ആ പുരാതന ക്രൈസ്തവ സാന്നിധ്യത്തിന്റെ ചരിത്രവഴികളിലൂടെയുള്ള ഒരു യാത്ര.


1. എവിടെയായിരുന്നു പ്രധാന കേന്ദ്രങ്ങൾ?

പുരാതന കാലത്ത് സൗദി അറേബ്യയിൽ പ്രധാനമായും രണ്ട് മേഖലകളിലാണ് വലിയ രീതിയിൽ ക്രിസ്ത്യൻ സമൂഹങ്ങൾ നിലനിന്നിരുന്നതെന്ന് ചരിത്രകാരന്മാർ സാക്ഷ്യപ്പെടുത്തുന്നു:


നജ്‌റാൻ (Najran - തെക്കൻ സൗദി): യമൻ അതിർത്തിയോട് ചേർന്നുള്ള ഈ പച്ചപ്പുള്ള താഴ്‌വരയായിരുന്നു അറേബ്യയിലെ ഏറ്റവും വലിയ ക്രിസ്ത്യൻ നഗരം. ഇവിടെ ഭൂരിഭാഗം ജനങ്ങളും കത്തോലിക്കാ/ജാക്കോബൈറ്റ് (Miaphysite) വിശ്വാസികളായിരുന്നു. ഒരു വലിയ കത്തീഡ്രൽ പള്ളിയും ഇവിടെയുണ്ടായിരുന്നു.


കിഴക്കൻ തീരങ്ങൾ (Eastern Province): പേർഷ്യൻ ഗൾഫ് തീരങ്ങളായ അൽ-അഹ്സ (Al-Ahsa), ഖത്തീഫ്, ജുബൈൽ (Jubail) തുടങ്ങിയ പ്രദേശങ്ങൾ. ഇവിടെ കിഴക്കിന്റെ സഭ (Church of the East / Nestorian) ആയിരുന്നു സജീവം.


2. ചരിത്രപരമായ തെളിവുകൾ (Evidence & Proofs)

വെറും ഐതിഹ്യങ്ങളല്ല, മറിച്ച് ആധുനിക പുരാവസ്തു ഗവേഷണങ്ങളും ലിഖിതങ്ങളുമാണ് അറേബ്യയിലെ ക്രൈസ്തവ ചരിത്രത്തിന് അടിവരയിടുന്നത്:


എ. ജുബൈൽ ചർച്ച് (The Jubail Church): 1986-ൽ സൗദി അറേബ്യയിലെ ജുബൈലിൽ മരുഭൂമിയിൽ ഒരു വിനോദയാത്ര സംഘമാണ് യാദൃച്ഛികമായി ഈ പള്ളിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തുന്നത്. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ നിർമ്മിക്കപ്പെട്ട ഈ പള്ളി അറേബ്യൻ ഉപദ്വീപിലെ ഏറ്റവും പഴക്കമേറിയ പള്ളികളിലൊന്നായി കണക്കാക്കപ്പെടുന്നു. പള്ളിയുടെ ചുവരുകളിൽ മനോഹരമായ നാല് കൽക്കുരിശുകൾ കൊത്തിവെച്ചിട്ടുണ്ടായിരുന്നു.


ബി. നജ്‌റാനിലെ ലിഖിതങ്ങൾ (Najran Inscriptions): നജ്‌റാനിലെ പാറകളിൽ പുരാതന തെക്കൻ അറേബ്യൻ ലിപിയിലും (Sabaean) സിറിയക് ഭാഷയിലും കൊത്തിവെച്ചിട്ടുള്ള നിരവധി ലിഖിതങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 'അബ്രഹാം', 'മോസസ്' തുടങ്ങിയ പേരുകളും കുരിശിന്റെ രൂപങ്ങളും ഇതിലുണ്ട്. ഫ്രഞ്ച് പുരാവസ്തു സംഘങ്ങൾ നടത്തിയ പഠനങ്ങളിൽ ഇത് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.


സി. ഹിംയരൈറ്റ്സ് ഗ്രന്ഥം (Book of the Himyarites): സിറിയക് ഭാഷയിൽ എഴുതപ്പെട്ട ഈ പുരാതന ഗ്രന്ഥം അറേബ്യയിലെ ക്രിസ്ത്യാനികളുടെ ജീവിതത്തെയും അവർ നേരിട്ട പീഡനങ്ങളെയും കൃത്യമായി വിവരിക്കുന്ന ഒന്നാംതരം ചരിത്രരേഖയാണ്.


3. നജ്‌റാനിലെ രക്തസാക്ഷികൾ (The Martyrs of Najran - AD 523)

സൗദിയിലെ ക്രൈസ്തവ ചരിത്രത്തിലെ ഏറ്റവും ദാരുണവും എന്നാൽ വിശ്വാസതീക്ഷ്ണവുമായ അധ്യായമാണിത്. ക്രിസ്തുവർഷം 523-ൽ യമൻ പ്രദേശം ഭരിച്ചിരുന്ന 'ധു നുവാസ്' (Dhu Nuwas) രാജാവ് നജ്‌റാൻ നഗരം ഉപരോധിച്ചു. അവിടുത്തെ ക്രിസ്ത്യാനികളോട് ക്രിസ്തുമതം ഉപേക്ഷിക്കാൻ അവൻ ആവശ്യപ്പെട്ടു.


എന്നാൽ 'അബ്ദുള്ള ഇബ്ൻ താമിർ' എന്ന നേതാവിന്റെ കീഴിൽ അണിനിരന്ന ക്രൈസ്തവർ തങ്ങളുടെ വിശ്വാസം തള്ളിപ്പറയാൻ വിസമ്മതിച്ചു. ഇതിൽ കോപാകുലനായ രാജാവ് വലിയ കിടങ്ങുകൾ കീറി അതിൽ തീക്കുണ്ഡങ്ങൾ ഒരുക്കി. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയാണ് ആ കിടങ്ങുകളിലെ തീയിലേക്ക് എറിഞ്ഞും വാളുകൊണ്ട് വെട്ടിയും കൊലപ്പെടുത്തിയത്. കുഞ്ഞുങ്ങളെ നെഞ്ചോട് ചേർത്തുപിടിച്ച് ആ അമ്മമാർ തീയിലേക്ക് നടന്നുപോയതായി ചരിത്രം രേഖപ്പെടുത്തുന്നു.


4. അവർ എങ്ങനെയാണ് ചരിത്രത്തിൽ നിന്ന് ഇല്ലാതായത്?

നജ്‌റാൻ കൂട്ടക്കൊലയ്ക്ക് ശേഷം ക്രിസ്ത്യൻ സാമ്രാജ്യമായ ബൈസാന്റിയത്തിന്റെ (റോം) സഹായത്തോടെ എത്യോപ്യയിലെ അക്സുമൈറ്റ് (Axumite) സൈന്യം അറേബ്യയിലെത്തുകയും ധു നുവാസ് രാജാവിനെ പരാജയപ്പെടുത്തി വീണ്ടും ക്രൈസ്തവ ഭരണം സ്ഥാപിക്കുകയും ചെയ്തു. എന്നാൽ ഏഴാം നൂറ്റാണ്ടിൽ ഇസ്‌ലാം മതത്തിന്റെ ഉദയത്തോടെ കാര്യങ്ങൾ മാറിമറിഞ്ഞു. രണ്ട് പ്രധാന ഘട്ടങ്ങളിലൂടെയാണ് അവിടെ ക്രൈസ്തവ സാന്നിധ്യം പൂർണ്ണമായി ഇല്ലാതായത്:


എ. നാടുകടത്തൽ (The Expulsion under Caliph Umar): പ്രവാചകൻ മുഹമ്മദ് നബിയുടെ കാലത്ത് നജ്‌റാനിലെ ക്രിസ്ത്യാനികളുമായി സമാധാന ഉടമ്പടി ഉണ്ടായിരുന്നു. അവർ ജിസ്യ (നികുതി) നൽകി അവിടെ ജീവിച്ചു. എന്നാൽ രണ്ടാം ഖലീഫയായ ഉമറിന്റെ ഭരണകാലത്ത് (AD 634-644), "അറേബ്യൻ ഉപദ്വീപിൽ രണ്ട് മതങ്ങൾ ഒരുമിച്ച് നിലനിൽക്കരുത്" എന്ന പുതിയ രാഷ്ട്രീയ നയത്തിന്റെ ഭാഗമായി നജ്‌റാനിലെ ക്രിസ്ത്യാനികളോട് അറേബ്യ വിട്ടുപോകാൻ കൽപ്പിച്ചു. ഇതോടെ സൗദിയുടെ ഉൾപ്രദേശങ്ങൾ ക്രിസ്ത്യൻ വിമുക്തമായി.


ബി. സ്വാഭാവികമായ ലയനവും പീഡനങ്ങളും (Assimilation & Isolation): കിഴക്കൻ സൗദിയിലെ (ഗൾഫ് തീരത്തെ) നെസ്റ്റോറിയൻ ക്രിസ്ത്യാനികൾ നാടുകടത്തപ്പെട്ടിരുന്നില്ല. എന്നാൽ മറ്റ് ക്രിസ്ത്യൻ കേന്ദ്രങ്ങളിൽ നിന്ന് അവർ പൂർണ്ണമായി ഒറ്റപ്പെട്ടുപോയി. കാലക്രമേണ, പുതിയ ഭരണകൂടത്തിന്റെ പീഡനങ്ങളാലും കഠിനമായ നികുതിഭാരങ്ങളാലും അവിടുത്തെ അറബ് ഗോത്രങ്ങൾ ഇസ്‌ലാം മതത്തിലേക്ക് മാറാൻ തുടങ്ങി. ഒൻപതാം നൂറ്റാണ്ടോടെ അവിടുത്തെ അവസാനത്തെ പള്ളിയും ജനങ്ങളില്ലാതെ അടഞ്ഞുപോയി.


അറേബ്യൻ മരുഭൂമിയിലെ പ്രതികൂല സാഹചര്യങ്ങളിലും കഠിനമായ പീഡനങ്ങളിലും ക്രിസ്തുവിശ്വാസം മുറുകെപ്പിടിച്ച ആ പുരാതന ജനവിഭാഗത്തിന്റെ ചരിത്രം വെറുമൊരു ഭൂതകാല ഓർമ്മപ്പെടുത്തലല്ല. മറിച്ച്, ലോകത്തിന്റെ ഏത് കോണിലും ഏത് കഠിനമായ സാഹചര്യത്തിലും ജീവസ്സുറ്റതായി നിലനിൽക്കാൻ ക്രിസ്തുവിശ്വാസത്തിന് സാധിക്കുമെന്ന വലിയൊരു സന്ദേശമാണ് അത് നമുക്ക് നൽകുന്നത്. ഈ ചരിത്രം നമ്മുടെ വിശ്വാസ വേരുകളെ കൂടുതൽ ആഴമുള്ളതാക്കാൻ പ്രചോദനമാകട്ടെ.

മൈലാപ്പൂർ: മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം


മൈലാപ്പൂർ: ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും

​ലിറ്റർജിക്കൽ റിസർച്ച് സെന്റർ പഠനപരമ്പര

​PUBLISHED ON APRIL 28, 2026

​ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഭാഗമായി വടക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലെ പല പട്ടണങ്ങളിലും തോമാശ്ലീഹാ സഭാസമൂഹത്തിന് രൂപം കൊടുത്തു. പാർത്ഥ്യരാജ്യത്തിന്റെ ഭാഗമായിരുന്ന വടക്കേ ഇന്ത്യയിൽ തന്റെ ആദ്യ പ്രേക്ഷിതയാത്രയുടെ സമയത്തും കേരളം ഉൾപ്പെടുന്ന ‘തമിഴകം’ എന്നറിയപ്പെട്ടിരുന്ന തെക്കേ...ഇന്ത്യയിൽ രണ്ടാമത്തെ പ്രേക്ഷിതയാത്രയിലുമാണ് സഭയ്ക്ക് ആരംഭം കുറിച്ചത്.

​തെക്കേ ഇന്ത്യയിലെ രണ്ടാമത്തെ പ്രധാന പട്ടണം ആയിരുന്നു മൈലാപ്പൂർ. ഒന്നാമത്തെ പ്രധാന പട്ടണം കേരളത്തിൽ മലബാർ തീരത്തുള്ള മുസ്സിരിസും. അന്നത്തെ ഇന്ത്യയിലെ നാലാമത്തെ പ്രധാന പട്ടണം ആയിരുന്നു മൈലാപ്പൂർ. ഗുജറാത്തിലെ ബാറുച്ച്, കേരളത്തിലെ മുസിരിസ്, പാക്കിസ്ഥാനിലെ ഇപ്പോഴുള്ള തക്ഷശില എന്നിവയായിരുന്നു പ്രാധാന്യത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഈ നാലു പട്ടണങ്ങളിൽ മൈലാപ്പൂരിന് ഒരു പ്രത്യേകസ്ഥാനം ഉണ്ടായിരുന്നു. അതായത്, ചൈന ഉൾപ്പെടെയുള്ള കിഴക്കൻ രാജ്യങ്ങളിലേക്കുള്ള കവാടമായി (Gateway to the East) കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ തെക്കേ ഇന്ത്യയിലെ പ്രധാന പട്ടണങ്ങളായ മുസിരിസ് പടിഞ്ഞാറേയ്ക്കുള്ള കവാടവും മൈലാപ്പൂർ കിഴക്കോട്ടുള്ള കവാടവുമായി പരിഗണിക്കപ്പെട്ടിരുന്നത് ഈ രണ്ടു പട്ടണങ്ങളുടെയും പ്രാധാന്യം എടുത്തു കാണിക്കുന്ന കാര്യങ്ങളാണ്. ഇവയിൽ മുസിരിസ് തോമാശ്ലീഹാ വന്നിറങ്ങിയ സ്ഥലവും മൈലാപ്പൂർ അപ്പസ്തോലന് അന്ത്യവിശ്രമം നൽകിയതുമായ സ്ഥലങ്ങളുമാണ്. മൈലാപ്പൂരിലെ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ഈ പട്ടണത്തെ മാർത്തോമാ ക്രിസ്ത്യാനികളുടെ, ഭാരതക്രൈസ്തവരുടെ ഏറ്റവും പ്രിയപ്പെട്ട, പ്രധാനപ്പെട്ട സ്ഥലമാക്കിതീർത്തു. ഭാരതസഭയുടെ തുടക്കവും കേന്ദ്രസ്ഥാനവും മൈലാപ്പൂർ എന്ന് തന്നെ പറയാം. ആദ്യ നൂറ്റാണ്ടുകളിൽ സഭാകേന്ദ്രമായി പ്രവർത്തിച്ചിരുന്നത് മൈലാപ്പൂർ ആയിരുന്നു. മധ്യനൂറ്റാണ്ടുകളുടെ...ആരംഭഘട്ടത്തിൽ കൊല്ലവും തുടർന്ന് കൊടുങ്ങല്ലൂരും സഭാകേന്ദ്രങ്ങളായി ഭവിച്ചു. ഏഴാം നൂറ്റാണ്ട് മുതൽ പോർച്ചുഗീസുകാരുടെ ആഗമനം (പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യം) വരെ കൊടുങ്ങല്ലൂരിലായിരുന്നു മാർത്തോമാ ക്രിസ്ത്യാനികളുടെ മെത്രാപ്പോലീത്തമാർ താമസിച്ചിരുന്നത് എന്നാണ് പോർച്ചുഗീസ് രേഖകളിലുള്ളത്. തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതും ശ്ലീഹായെ കബറടക്കിയതും മൈലാപ്പൂരിലാണ് എന്ന് തെളിയിക്കുന്ന അനേകം ചരിത്രരേഖകൾ ഉണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വിരചിതമായ (തോമായുടെ നടപടികൾ) എന്ന ഗ്രന്ഥമാണ് ഏറ്റവും പ്രധാന തെളിവ്. ഈ ഗ്രന്ഥത്തിന്റെ പതിമൂന്നാം അധ്യായത്തിൽ തോമായുടെ രക്തസാക്ഷിത്വം വളരെ വിശദമായി ചിത്രീകരിക്കുന്നുണ്ട്. അനേകം സഭാ പിതാക്കന്മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും...കബറിടവും സംബന്ധിച്ച വളരെയേറെ കാര്യങ്ങൾ അവരുടെ ഗ്രന്ഥങ്ങളിൽ കുറിച്ചിട്ടുള്ളത് ഇന്ന് നമുക്ക് ലഭ്യമാണ്. പുരാവസ്തു ഗവേഷണ പഠനങ്ങളും വിദേശയാത്രികരുടെ വിവരണങ്ങളും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. മൈലാപ്പൂരിലെ തോമായുടെ കബറിടം വളരെ പൂജനീയം ആയിട്ടാണ് പഴയ നൂറ്റാണ്ടുകളിൽ കരുതിയിരുന്നതെന്ന് പോർച്ചുഗീസ് ചരിത്രഗ്രന്ഥങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്രൈസ്തവർ മാത്രമല്ല അക്രൈസ്തവരും ഭയഭക്ത്യാദരവുകളോടെയാണ് ഈ പൂജ്യസ്ഥലം കണ്ടിരുന്നത് എന്നും അവർ രേഖപ്പെടുത്തിയിട്ടുണ്ട്. തോമായുടെ കബറിടം മാർത്തോമാ ക്രിസ്ത്യാനികളുടെ ആധ്യാത്മികജീവിതത്തിൽ സുപ്രധാന പങ്ക് വഹിച്ചിരുന്നു. മൈലാപ്പൂർ കബറിടത്തിങ്കലേക്കുള്ള തീർത്ഥാടനങ്ങൾ അവർ പതിവായി നടത്താറുണ്ടായിരുന്നു. മൈലാപ്പൂർ തീർത്ഥാടനം ജീവിത സായൂജ്യമായാണ് ക്രൈസ്തവർ കരുതിയിരുന്നത്. മൈലാപ്പൂരിൽ നിന്ന് കൊണ്ടുവന്നിരുന്ന തിരുശേഷിപ്പായ മണ്ണ് രോഗങ്ങൾ സുഖപ്പെടുത്താൻ വരെ ശക്തിയുള്ളതായിരുന്നുവെന്ന് അവർ വിശ്വസിച്ചിരുന്നു.

റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ

തോമാശ്ലീഹാ തെക്കേ ഇന്ത്യ മുഴുവൻ നിർബാധം യാത്ര ചെയ്തു. അന്നത്തെ പരിമിതമായ സൗകര്യങ്ങളൊന്നും ദൈവരാജ്യപ്രഘോഷണത്തിന് അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. മറ്റ് അപ്പസ്തോലന്മാരുടെയും സ്ഥിതി അക്കാലത്ത് വ്യത്യസ്തമായിരുന്നില്ല. വിശുദ്ധ പൗലോസിന്റെ പല ലേഖനങ്ങളിലും ഇക്കാര്യം കാണാവുന്നതാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറും തെക്കു കിഴക്കും തീരപ്രദേശങ്ങളിലാണ് തോമസ് പ്രധാനമായും തന്റെ രണ്ടാം പ്രേക്ഷിതയാത്രയിൽ സുവിശേഷം പ്രഘോഷിച്ചത്. 'തോമായുടെ നടപടികളിൽ' നിന്നും ഇക്കാര്യം മനസ്സിലാക്കാൻ സാധിക്കും.

​സാൻതോം മൈലാപ്പൂർ, സെന്റ് തോമസ് മൗണ്ട്, ചിന്നമല എന്നിങ്ങനെ തെക്കു കിഴക്കൻ പ്രദേശത്തെ മൂന്നു പ്രധാനസ്ഥലങ്ങളാണ് തോമസിന്റെ രക്തസാക്ഷിത്വവും കബറിടവുമായി ബന്ധപ്പെട്ട് ഇന്ന് കാണാനുള്ളത്. ഇവ മൂന്നും തമ്മിൽ വലിയ ബന്ധമുണ്ട്. അടുത്തടുത്ത സ്ഥലങ്ങളും ഇന്നത്തെ ചെന്നൈ പട്ടണത്തിന്റെ ഭാഗങ്ങളും ആണ്. വിദേശരാജ്യങ്ങളുമായി ഈ തീരപ്രദേശത്തിനും ഇതിലെ പട്ടണങ്ങൾക്കും പ്രത്യേകിച്ച് മൈലാപ്പൂരിനും ബന്ധം ഉണ്ടായരുന്നെങ്കിലും വിദേശികൾക്ക് ​കൂടുതൽ ബന്ധം മലബാർ തീരത്തുള്ള മുസിരിസ്, നിരണം, പുറക്കാട് എന്നിവയോട് ആയിരുന്നു. തെക്കു കിഴക്കൻ തീരപ്രദേശത്തെ ഏറ്റവും പ്രധാന പട്ടണം ആയിരുന്നതുകൊണ്ടാണ് മൈലാപ്പൂരിനെ ‘കിഴക്കിന്റെ കവാടം’ എന്ന് വിളിച്ചിരുന്നത്.

​മൈലാപ്പൂർ കൂടാതെ കിഴക്കൻ തീരപ്രദേശത്തെ മറ്റു പ്രധാന പട്ടണങ്ങൾ കാവേരി പട്ടണവും പുതുശ്ശേരിയും ആയിരുന്നു. തെക്ക് കാവേരി പട്ടണം മുതൽ വടക്ക് സുപട്ടണം (മൈലാപ്പൂർ) വരെ ക്രൈസ്തവരുടെ സാന്നിധ്യമുണ്ടായിരുന്നു എന്നാണ് അടുത്തകാലത്തെ പഠനങ്ങൾ തെളിയിക്കുന്നത്. തീരപ്രദേശങ്ങളിലെ പട്ടണങ്ങൾക്ക് വിദേശരാജ്യങ്ങളുമായി ബന്ധമുണ്ടായിരുന്നതോടൊപ്പം ഇവ

തമ്മിലും ധാരാളമായ കച്ചവട ബന്ധം ഉണ്ടായിരുന്നു. ഈ ബന്ധം കരമാർഗ്ഗവും കടൽമാർഗ്ഗവും സാധ്യമായിരുന്നു. മലബാർ ചോളമണ്ഡലം തീരപ്രദേശങ്ങളിൽ കണ്ടെത്തിയ റോമൻ സ്വർണ്ണനാണയങ്ങൾ ഇവയുടെ വൈദേശിക വാണിജ്യ ബന്ധം വ്യക്തമാക്കുന്നുണ്ട്. അതിനാൽ തോമാശ്ലീഹായുടെ ഈ പ്രദേശങ്ങളിലെ പട്ടണങ്ങൾ കേന്ദ്രീകരിച്ചുള്ള പ്രേഷിത പ്രവർത്തനവും അനായാസമായിരുന്നു എന്നു വേണം കരുതാൻ. കച്ചവടക്കാരും യാത്രക്കാരും ഉപയോഗിച്ചിരുന്ന ഇത്തരം മാർഗ്ഗങ്ങൾ ശ്ലീഹായും ഉപയോഗിച്ചിട്ടുണ്ട്. കാടുകളും മലകളും നദികളും കടന്നുള്ള യാത്ര അന്ന് അസാധാരണമായിരുന്നില്ല. കിഴക്കൻ തീരപ്രദേശത്തെ പ്രധാന പട്ടണമായ മൈലാപ്പൂരിൽ സംഭവിച്ച വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ആ പട്ടണത്തെ മാർത്തോമാ ക്രിസ്ത്യാനികളുടെ വിശുദ്ധസ്ഥലം ആക്കിതീർത്തു.

​റവ.ഡോ. ജയിംസ് പുലിയുറുമ്പിൽ

വിശുദ്ധ ഗ്രിഗറി നസിയാൻസൻ ഭാരതസഭയെ കുറിച്ച്© ഫാം.ജയിംസ് പുലിയുറമ്പിൽ

ലിറ്റർജിക്കൽ റിസർച്ച് സെന്റർ പഠനപരമ്പര

PUBLISHED ON MARCH 20, 2026

​വിശുദ്ധ ഗ്രിഗറി നസിയാൻസൻ ഭാരതസഭയെ കുറിച്ച്

​329 ൽ ജനിച്ച വിശുദ്ധ ഗ്രിഗറി 361 ൽ വൈദികനായി അഭിഷിക്തനായി. താമസിയാതെ തന്നെ അദ്ദേഹത്തിന്റെ സുഹൃത്തായിരുന്ന വിശുദ്ധ ബേസിൽ ഗ്രിഗറിയെ മെത്രാനായി വാഴിച്ചു. എന്നാൽ അദ്ദേഹം കുറേ വർഷത്തേക്ക് മെത്രാനടുത്ത ജോലി ചെയ്യാതെ ഏകാന്തതയിൽ ജീവിച്ചു.

ഗ്രിഗറിയുടെ മാതാപിതാക്കളുടെ മരണശേഷം കോൺസ്റ്റാന്റിനോപ്പിളിലെ ജനങ്ങളുടെ നിർബന്ധം മൂലം 379ൽ അദ്ദേഹം അവരുടെ മെത്രാനായി ശുശ്രൂഷ ആരംഭിച്ചു. പിന്നീട് അദ്ദേഹം നസിയാൻസനിലെ മെത്രാനായി. ഗ്രീക്കുസഭ വിശുദ്ധ നസിയാൻസനെ അവരുടെ ദൈവശാസ്ത്രജ്ഞനായി അംഗീകരിക്കുന്നുണ്ട്.

​380 ൽ കോൺസ്റ്റാന്റിനോപ്പിളിൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ആര്യൻ പാഷണ്ഡികൾക്കെതിരെ സംസാരിച്ചു. ആ അവസരത്തിൽ അദ്ദേഹം ഓരോ അപ്പസ്തോലനും സുവിശേഷം അറിയിച്ച രാജ്യങ്ങളെക്കുറിച്ച് സംസാരിച്ചു. ഇന്ത്യയിൽ സുവിശേഷം അറിയിച്ചത് തോമാശ്ലീഹാ ആണെന്നും അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്: അപ്പസ്തോലന്മാർ പ്രവർത്തിച്ച രാജ്യങ്ങളിൽ അവർ പരദേശികൾ ആയിരുന്നില്ല. അവിടെയെല്ലാം അവർ സുവിശേഷത്തിന്റെ വെളിച്ചം പ്രസരിപ്പിച്ചു. മരണത്തിന്റെ നിഴലിൽ കഴിഞ്ഞിരുന്നവർക്ക് പ്രകാശം ലഭിച്ചു. പത്രോസ് യഹൂദയായിലും പൗലോസ് വിജാതീയരുടെ ഇടയിലും ലൂക്കാ അക്കായിയായിലും അന്ത്രയോസ് എപ്പിറസിലും യോഹന്നാൻ എഫേസോസിലും തോമസ് ഇന്ത്യയിലും മർക്കോസ് ഇറ്റലിയിലും സുവിശേഷം അറിയിച്ചു.

​അവർ പ്രവർത്തിച്ച രാജ്യങ്ങൾ ഒരിക്കലും അവർ സ്വന്തമായി കണക്കാക്കിയില്ല. അവർ ദൈവത്താൽ നിയോഗിക്കപ്പെട്ടവരാണ് എന്നുള്ള ചിന്തയാണ് അവരെ ഭരിച്ചത്. ദൈവം ഇസ്രായേൽക്കാരോട് പറഞ്ഞിട്ടുണ്ട് ' രാജ്യം ഏതാണ്, നിങ്ങൾ രാജ്യത്തിന്റേതല്ല'.

​വേദപുസ്തകം പഠിപ്പിക്കുന്നത് തന്നെയാണ് ഗ്രീക്ക് തത്വശാസ്ത്രവും പഠിപ്പിക്കുന്നത്. ഒരു മനുഷ്യനും ഈ ഭൂമിയുടെതല്ല, ആർക്കും ഈ ഭൂമിയുടെ മേൽ അവകാശമില്ല, എല്ലാവരും ഇവിടെ പരദേശികളാണ്, യഥാർത്ഥരാജ്യം സ്വർഗ്ഗമാണ്, അതുകൊണ്ട് ഈ ലോകത്തോട് അനുരൂപപ്പെടരുത്, ലോകത്തിന്റെ വശീകരണങ്ങളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കുക. ഗ്രിഗറി വ്യക്തമായ ഭാഷയിൽ പറയുന്നുണ്ട്, യൂദയാ എങ്ങനെ പത്രോസിന്റെ പ്രേഷിത പ്രവർത്തനരംഗമായിരുന്നോ അതുപോലെയാണ് ഇന്ത്യ തോമസ് അപ്പസ്തോലനും. വിജ്ഞാനത്തിന്റെ കേന്ദ്രമായിരുന്ന ആതൻസ് സർവകലാശാലയിൽ പഠിച്ചിരുന്ന ഗ്രിഗറിക്ക് ഇന്ത്യയെ കുറിച്ച് നല്ല അറിവ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അപ്പസ്തോലൻ തോമസിന്റെ പ്രേഷിതരംഗം ഇന്ത്യ ആണെന്ന് വ്യക്തമായും കൃത്യമായും വിശുദ്ധ ഗ്രിഗറി അവതരിപ്പിക്കുന്നത്.

https://syromalabarvision.com/8725/