2020, സെപ്റ്റംബർ 27, ഞായറാഴ്‌ച

മലങ്കര സഭാ തർക്ക പരിഹാരം. സർവ്വകക്ഷിയോഗം വിളിക്കുക.

മലങ്കര സഭാ തർക്ക പരിഹാരം. സുവ്യക്തവും സുതാര്യവുമായ രാഷ്ട്രീയ നിലപാട് ആണാവശ്യം 

ബഹുമാനപ്പെട്ട. ഉമ്മൻചാണ്ടി,

അന്യായമായ കോടതിവിധിയാൽ പുറത്തിറക്കൽ ഭീഷണിയിൽ നുറുങ്ങിയ ഹൃദയവുമായി കഴിയുന്ന മണർകാട് പള്ളി ഇടവകാംഗങ്ങളെ സമാശ്വസിപ്പിക്കുവാൻ അങ്ങ് നടത്തിയ സന്ദർശനത്തിന് നന്ദി. അങ്ങയുടെ ആശ്വാസ വാക്കുകൾ അർത്ഥ പൂർണ്ണമാകണമെങ്കിൽ ഈ പ്രശ്നത്തിൽ സുവ്യക്തവും സുതാര്യവുമായ രാഷ്ട്രീയ നിലപാടുകൾ അങ്ങയുടെ ഭാഗത്തു നിന്ന് ഉണ്ടാകണം.

പ്രശ്ന പരിഹാരമാർഗം വിവാദ ഭയത്താൽ മനസിൽ ഒളിപ്പിക്കേണ്ടതല്ല

ദിവസങ്ങൾക്ക് മുമ്പ് അങ്ങ് തുത്തൂട്ടി സത്യഗ്രഹ വേദിയിൽ "മലങ്കര സഭാ പ്രശ്നം പരിഹാര നിർദ്ദേശം തനിക്കുണ്ടെന്നും വിവാദമാകുമെന്നതിനാൽ പരസ്യമാക്കില്ല"  എന്നും ആയിരുന്നല്ലോ പറഞ്ഞത്. കേരളത്തിൽ യാക്കോബായ /ഓർത്തഡോക്സ് തർക്കങ്ങൾ പരിഹരിക്കാൻ അങ്ങയുടെ മനസിലൊളിപ്പിച്ചു വച്ചിട്ടുള്ള പരിഹാരമാർഗം എന്താണെന്ന് അങ്ങ് പരസ്യപ്പെടുത്തുമോ ? അന്യായമായ സുപ്രീംകോടതി വിധിയാൽ കേരളത്തിലെ യാക്കോബായ സഭാംഗങ്ങൾക്ക് മഹാ ഭൂരിപക്ഷമുള്ള അൻപതിലധികം ദേവാലയങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് വിശ്വാസികൾ ആരാധനാവകാശങ്ങൾ നിഷേധിക്കപ്പെട്ട് തെരുവിൽ ഇറക്കപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.

സെമിത്തേരി നിയമ നിർമ്മാണത്തിൽ ഉണ്ടായ രാഷ്ട്രീയ ഭിന്നത ആവർത്തിക്കരുത്

ശവ സംസ്കാരാവകാശം നിഷേധിക്കപ്പെട്ട് തെരുവിലിറക്കപ്പെട്ട യാക്കോബായ സഭാംഗങ്ങളുടെ സങ്കടങ്ങൾ പരിഹരിക്കാൻ കേരളാ സർക്കാർ സെമിത്തേരി നിയമ നിർമ്മാണവുമായി നിയമ സഭയിൽ എത്തിയപ്പോൾ അങ്ങ് നേതൃത്വം നൽകുന്ന യു.ഡി.എഫ് എം.എൽ.എ മാർ ആ നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ തടയാൻ അങ്ങ് ഇടപെട്ടില്ല എന്നത് ഞങ്ങളെ ദുഖിപ്പിച്ചു. അവസാനം സെമിത്തേരി നിയമം നിയമസഭാ സബ്ജക്ട് കമ്മറ്റി പരിഗണനയിൽ എത്തിയപ്പോൾ ആ നിയമത്തിനെതിരായ വിയോജന കുറിപ്പ് എഴുതിയ രമേശ് ചെന്നിത്തല, എം.കെ.മുനീർ എന്നിവരെ പിന്തിരിപ്പിക്കാൻ ആ കമ്മറ്റിയിലെ അംഗമായ അങ്ങ് ശ്രമിച്ചില്ല എന്നതും ഞങ്ങളെ ഞെട്ടിച്ചു.

നിയമ സഭാ സാമാജികരുടെ നിസംഗ നിലപാട്‌ അപലനീയം

ഇതിനകം യാക്കോബായ സഭാംഗങ്ങൾ കോടതി വിധിയാൽ തെരുവിലിറക്കപ്പെട്ട ദേവാലയങ്ങളിൽ സിംഹഭാഗവും എറണാകുളം ജില്ലയിലാണെന്നത് അങ്ങ് അറിയുമല്ലോ. എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന നിയമസഭാംഗങ്ങളിൽ അധികവും യു.ഡി.എഫ് എം.എൽ.മാരാണല്ലോ? ഇക്കഴിഞ്ഞ നിയമ സഭാ സമ്മേളനത്തിൽ സർക്കാരിനെതിരെ സമർപ്പിച്ച അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുത്ത എറണാകുളം ജില്ലയിലെ യു.ഡി.എഫ് എം.എൽ.എമാർ ആരും തെരുവിലിറക്കപ്പെട്ട യാക്കോബായ സഭാംഗങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ എന്തേ ശ്രദ്ധയിൽ പെടുത്താതിരുന്നത് ?

ഇന്ത്യയിൽ മതസ്വത്ത് നിർമാണങ്ങളിലേറെയും പാസാക്കിയത് കോൺഗ്രസ് സർക്കാരുകൾ

കേരളത്തിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് ബാധകമായ സമഗ്രമായ മതസ്വത്ത് ഭരണ നിയമം ഇല്ലാത്തതിനാലാണ് ഫ്യൂഡൽ കാലത്ത് രൂപം കൊണ്ട മതനിയമത്തെ വ്യാഖ്യാനിച്ച് അന്യായവിധികൾ കോടതികളിൽ നിന്ന് ഉണ്ടാകുന്നത്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന 1950 ൽ തന്നെ കോൺഗ്രസ് ഭരിച്ചിരുന്ന ബോംബെ പ്രൊവിൻസ് സർക്കാർ എല്ലാ മത സ്ഥാപനങ്ങളുടെയും സ്വത്തു ഭരണം സംബന്ധിച്ച് പാസാക്കിയ സമഗ്ര നിയമമാണ് ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950. ഈ നിയമത്തിന് 1954 ൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകാരവും ലഭിച്ചിരുന്നു. സമാനമായ മതസ്വത്ത് ഭരണ നിയമങ്ങൾ മദ്ധ്യപ്രദേശ് ,ഗോവ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പാസാക്കിയതും കോൺഗ്രസ് സർക്കാരുകൾ തന്നെ.

മതസ്വത്ത് ഭരണ നിയമമില്ലാത്ത് കേരളത്തിൽ മാത്രം

എന്നാൽ കേരളത്തിൽ ഹൈന്ദവ ക്ഷേത്രങ്ങളുടെ ഭരണം സംബന്ധിച്ച നിയമം 1950 ൽ തന്നെ പാസാക്കിയെങ്കിലും മാറി മാറി കേരളത്തിൽ അധികാരത്തിൽ വന്ന കോൺഗ്രസ് സർക്കാരുകൾ ഉൾപ്പെടെ ഒരു സർക്കാരും ക്രൈസ്തവ ദേവാലയ സ്വത്തു ഭരണ നിയമം പാസാക്കാൻ തയ്യാറായില്ല. 1970 മുതൽ നിയമ സഭാംഗമായ അങ്ങേക്ക് മൂന്നു തവണ മന്ത്രിയാകാനും , രണ്ടു തവണ മുഖ്യമന്ത്രിയാകാനും അവസരം ലഭിച്ചിട്ടും ഭരണഘടനാപരമായ നിയമ നിർമ്മാണ ഉത്തരവാദിത്ത നിർവ്വഹണത്തിലെ വീഴ്ചയിൽ അങ്ങും ഉത്തരവാദിയാണ്.  

കോടതിവിധികളെ മറികടക്കാൻ പാസാക്കിയ നിയമങ്ങൾ അനവധി

ഷഹാബാനു സുപ്രീംകോടതി വിധിയെ മറികടക്കാൻ രാജീവ് ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നപ്പോൾ പാർലമെന്റിൽ പ്രത്യേക നിയമം പാസാക്കിയത് അങ്ങേക്ക് അറിയുമല്ലോ ? സ്വാശ്രയ കോളജ് വിഷയത്തിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ കേരള നിയമ സഭ പാസാക്കിയ നിയമ നിർമ്മാണത്തിൽ അങ്ങും പങ്കാളിയായതല്ലേ?  ക്രൈസ്തവ ദേവാലയ സ്വത്തു ഭരണത്തിൽ പള്ളികൾ സ്ഥാപിച്ച ഇടവകാംഗങ്ങളുടെ സ്വതന്ത്ര സ്വത്തു ഭരണാവകാശം ഉറ്റപ്പു നൽകുന്ന നിയമ നിർമ്മാണം മാത്രമാണ് കേരളത്തിലെ ദൗർഭാഗ്യകരമായ പള്ളി കയ്യേറ്റങ്ങൾക്ക് പരിഹാരമാർഗം. യാക്കോബായ സഭ ഔദ്യോദികമായി സർക്കരിനോട് ആവശ്യപ്പെടുന്നതും നിയമ നിർമ്മാണമാണ് എന്നതും അങ്ങ് ഓർമ്മിക്കുക.

അങ്ങ് പ്രതിനിധാനം ചെയ്യുന്ന പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് പള്ളിയിലെ നാലായിരം കുടുംബങ്ങളിലെ ഇരുപതിനായിരം വോട്ടർമാർ ആരാധനാവകാശം നിഷേധിക്കപ്പെട്ട് ജുഡീഷ്യൽ കുടിയൊഴിപ്പിക്കൽ ഭീഷണിയിലാണിപ്പോൾ.

നിയമ സഭയിൽ ഐകകണ്ഠേന പാസാക്കിയ നിയമങ്ങളേറെ

ഈ ജനകീയ പ്രശ്നങ്ങൾ സംബന്ധിച്ച് അങ്ങ് നേതൃത്വം നൽകുന്ന യു.ഡി.എഫിന്റെ നിലപാടാണ് യാക്കോബായ സഭാംഗങ്ങൾക്ക് അറിയേണ്ടത്. മുല്ലപ്പെരിയാർ ഡാം , കരുണ മെഡിക്കൽ കോളജ് , മരട് ഫ്ളാറ്റ് , തിരുവനന്തപുരം വിമാനത്താവളം ,കസ്തൂരി രംഗൻ റിപ്പോർട്ട് പ്രശ്നങ്ങളിൽ കേരളാ നിയമ സഭയിൽ എൽ.ഡി.എഫ്,യു.ഡി.എഫ് മുന്നണികൾ യോജിച്ച നിലപാട് സ്വീകരിച്ചതിന് സമാനമായ പൊതു നിലപാട് രാഷ്ട്രീയ മുന്നണികളിൽ നിന്ന് ഉണ്ടാകണമെന്നാണ് മണർകാട് പള്ളി ഇടവകാംഗങ്ങൾ ആഗ്രഹിക്കുന്നത്. 

സർവ്വകക്ഷിയോഗത്തിൽ രാഷ്ട്രീയ സമവാക്യമുണ്ടാകണം

മലങ്കര സഭാ തർക്ക പരിഹാരത്തിനുള്ള നിയമ നിർമ്മാണത്തിന് രാഷ്ട്രീയ സമവാക്യത്തിന് രൂപം നൽകാൻ സർവ്വ കക്ഷി യോഗം വിളിച്ചു ചേർക്കാൻ അങ്ങ് കേരളാ മുഖ്യമന്ത്രിയോട്  ആവശ്യപ്പെടണം.

സുവ്യക്തമായ രാഷ്ട്രീയ നിലപാടിന് പകരം സങ്കുചിത രാഷ്ട്രീയ ലക്ഷ്യത്തോടെ സ്വീകരിക്കുന്ന അവസരവാദ പരമായ നിലപാടുകളെ തിരിച്ചറിയാൻ ശേഷിയുള്ളവരാണ് യാക്കോബായ സഭാംഗങ്ങളെന്ന് തിരിച്ചറിയാൻ അങ്ങും , ഇതര രാഷ്ട്രീയ മുന്നണികളും തിരിച്ചറിയുക.

തണുപ്പുള്ളപ്പോഴാണ് കമ്പിളി പുതപ്പിനാവശ്യം. പഞ്ചായത്ത് /അസംബ്ളി തെരഞ്ഞെടുപ്പ് വേനൽച്ചൂടിൽ കമ്പിളി പുതപ്പുമായി എത്തുന്നവർ ആരായാലും അവരെ പടിക്ക് പുറത്തു നിർത്താൻ യാക്കോബായ സഭാംഗങ്ങൾ മടിക്കില്ലെന്ന് എല്ലാ രാഷ്ട്രീയ മുന്നണികളും ഓർമ്മിക്കുന്നത് നന്ന്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ