മലങ്കര സഭാ തർക്കം കേരളത്തിലെ ഭരണ/പ്രതിപക്ഷ മുന്നണികൾ നയം വ്യക്തമാക്കണം.
കേരളത്തിന്റെ സാമൂഹ്യ അന്തരീക്ഷം മലീമസമാക്കുന്ന സഭാ തർക്കങ്ങളും പള്ളി കയ്യേറ്റങ്ങളും എങ്ങിനെ പരിഹരിക്കും എന്നതിൽ എൽ.ഡി.എഫ് , യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ നിലപാട് വ്യക്തമാക്കണം. വ്യക്തമായ നിയമ നിർമ്മാണത്തിൽ കൂടി മാത്രമേ തർക്കങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്താൻ കഴിയൂ എന്ന യാഥാർത്ഥ്യം രാഷ്ട്രീയ മുന്നണികൾ തിരിച്ചറിയണം.
കൺകറന്റ് ലിസ്റ്റിൽ പെട്ട വിഷയമെന്നതിനാൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിയമ നിർമ്മാണാധികാരം ഉണ്ട്. പൊതു സിവിൾകോഡ് പ്രകടന പത്രികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ബി.ജെ.പിക്ക് മൃഗീയ ഭൂരിപക്ഷമുള്ള കേന്ദ്ര സർക്കാർ ഇന്ത്യക്കാകെ ബാധകമായ ക്രൈസ്തവ മതസ്വത്ത് ഭരണത്തിനുള്ള ദേശീയ നിയമം പാർലമെന്റിൽ പാസാക്കിയാൽ പ്രശ്നം വേഗത്തിൽ പരിഹരിക്കും. ഇന്ത്യയിലെ മുസ്ളീം മത സ്ഥാപനങ്ങൾക്ക് ബാധകമായ WAKF Act 1954 പാർലമെന്റ് പാസാക്കിയ കേന്ദ്ര നിയമമാണ്. The Scheduled Mosques (Administration and Management) Act
Act No.23, 1990 ഇന്ത്യൻ പാർലമെന്റ് പാസാക്കിയ മറ്റൊരു മത സ്വത്ത് ഭരണ നിയമമാണ്.
സംസ്ഥാനങ്ങൾക്കും ഇത്തരം നിയമ നിർമ്മാണാധികാരം ഇന്ത്യൻ ഭരണഘടന നൽകുന്നുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിൽ ഹൈന്ദവ ക്ഷേത്ര ഭരണത്തിനായി
Travancore-Cochin Hindu Religious Institutions Act, 1950, എന്ന നിയമം രൂപം കൊടുത്തത്. മുകളിൽ പറഞ്ഞ നിയമങ്ങളെല്ലാം കോൺഗ്രസ് സർക്കാരുകളുടെ സംഭാവന ആണെന്നതിനാൽ നിയമ നിർമ്മാണത്തിന് അനുകൂലമായ നിലപാട് ആയിരിക്കണം കോൺഗ്രസും സഖ്യ കക്ഷികളും കേന്ദ്രത്തിലും കേരളത്തിലും സ്വീകരിക്കേണ്ടത്. മുമ്പ് ഷഹാബാനു കേസ് സുപ്രീംകോടതി വിധിയെ മറികടക്കാൻ പാർലമെന്റിൽ നിയമം പാസാക്കിയ കോൺഗ്രസിന് മലങ്കര സഭാ കേസ് സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം എന്ന ആവശ്യത്തോട് എങ്ങിനെ മുഖം തിരിച്ച് നിൽക്കാൻ കഴിയും.?
സ്വാശ്രയ കോളജ് കോളജ് ഫീസ് നിർണ്ണയം , വിദ്യാർത്ഥി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം നടത്തിയ പാരമ്പര്യം ഉള്ളവരാണ് കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ. അന്യായമായ സുപ്രീംകോടതി വിധിയുടെ ഫലമായി പള്ളികൾ നിർമ്മിച്ച വിശ്വാസികളുടെ ഉടമാവകാശം നഷ്ടപ്പെടുത്തുന്ന കാട്ടു നീതിയെ മറികടക്കാൻ കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളുടെ സ്വത്തു ഭരണ നിയമത്തിന് രൂപം നൽകാൻ കേരളാ സർക്കാരിന് എന്തേ കഴിയാത്തത് ?
കേരളത്തിലെ ഭൂവുടമാവകാശം നിയമ നിർമ്മാണത്തിലൂടെ കൃഷിക്കാർക്ക് കൈമാറുന്ന ചരിത്ര പ്രധാനമായ ഭൂപരിഷ്കരണ നിയമത്തിന് രൂപം കൊടുക്കാൻ ധീരത കാണിച്ച കമ്മ്യൂണിസ്റ്റ് പാർട്ടികളാണ് കേരളാ സർക്കാരിന് നേതൃത്വം നൽകുന്നത്. ജന്മിത്വത്തിന്റെ അവശിഷ്ടമായ പൗരോഹിത്യാധികാര കേന്ദ്രീകൃത പള്ളി സ്വത്ത് ഭരണ നിയമാവലിക്ക് പകരം ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 സമാനമായ നിയമത്തിന് രൂപം കൊടുക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകാത്തതാണ് അത്ഭുതകരം .
പഴയ ബോംബെ പ്രൊവിൻസ് പ്രവിശ്യയിൽ ഉള്ള ഇപ്പോഴത്തെ മഹാരാഷ്ട്ര , ഗുഗറാത്ത് സംസ്ഥാനങ്ങളിലെ എല്ലാ മത സ്ഥാപനങ്ങളുടെയും സ്വത്തു ഭരണ നിർവ്വഹണം ഈ നിയമപ്രകാരം രൂപം കൊടുത്ത ട്രസ്റ്റ് കമ്മറ്റികളാണ് ഇപ്പോഴും നിർവ്വഹിക്കുന്നത്. ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകരിച്ച മത സ്വത്ത് നിയമം ആണെന്നതും കേരളത്തിലെ ഭരണ പ്രതിപക്ഷ മുന്നണികൾ മറക്കരുത്. മഹാരാഷ്ട്രയിലും , ഗുജറാത്തിലും സർക്കാർ പാസാക്കിയ ട്രസ്റ്റ് നിയമത്തിന് കീഴ്പെട്ട് പ്രവർത്തിക്കാൻ മടിയില്ലാത്ത കേരളത്തിലെ ക്രൈസ്തവ സഭകളുടെ നിലപാടുകളിലെ വൈരുദ്ധ്യങ്ങൾ കേരളീയ സമൂഹവും , ഭരണ പ്രതിപക്ഷ മുന്നണികളും വിലയിരുത്തണം.
കേരള നിയമ നിർമ്മാണ പരിഷ്കാര കമ്മീഷൻ ചെയർമാൻ ഇന്ത്യിലെ പ്രഗത്ഭ നിയമജ്ഞൻ ജസ്റ്റിസ് വി.ആർ.കൃഷ്ണ അയ്യർ ക്രോഡീകരിച്ച് സംസ്ഥാന സർക്കാരിന് സമർപ്പിച്ച കേരളാ ക്രിസ്ത്യൻ ചർച്ച് പ്രോപ്പർട്ടി ആക്ട് 2009 കരട് നിയമത്തിൽ വെള്ളം ചേർക്കാതെയുള്ള നിയമ നിർമ്മാണമാണ് ആവശ്യം.
പുര കത്തുമ്പോൾ വാഴ വെട്ടുന്നതു പോലെയുള്ള മുതലെടുപ്പ് രാഷ്ട്രീയ ഒളിച്ചുകളികൾ അവസാനിപ്പിച്ച് സുവ്യക്തമായ രാഷ്ട്രീയ നിലപാടുകളാണ് രാഷ്ട്രീയ മുന്നണികൾക്ക് ഉണ്ടാകേണ്ടത്. മിക്ക ദിവസങ്ങളിലും രാവിലെ ബി.ജെ.പി പ്രസിഡന്റ് കെ.സുരേന്ദ്രനും , ഉച്ചകഴിഞ്ഞ് യു.ഡി.എഫ്.ചെയർമാൻ രമേശ് ചെന്നിത്തലയും , വൈകിട്ട് മുഖ്യമന്ത്രി പിണറായി മലങ്കരസഭാ തർക്കങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ നിയമ നിർമ്മാണം എന്നത് ഭരണഘടനാ വിരുദ്ധമെന്ന ഗീബൽസിയൻ കള്ളങ്ങളാണ് ഓർത്തഡോക്സ് സഭാ നേതൃത്വം സർക്കാരിനെയും , ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ക്രൈസ്തവ സഭകൾക്ക് ബാധകമായ സമഗ്ര സ്വത്തു ഭരണ നിയമം കേരളത്തിൽ നിലവിലില്ലാത്തതു മൂലമാണ് സ്വാതന്ത്ര്യത്തിന് മുമ്പ് 1934 ൽ രൂപം കൊണ്ട ഫ്യൂഡൽ മതനിയമാവലിയെ മാത്രം ആധാരമാക്കിയ വിധികൾ കോടതികളിൽ നിന്ന് ഉണ്ടാകുന്നത്. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ വിധി പ്രകാരം ഇന്ത്യയിലുള്ള യാക്കോബായ സഭയുടെ കൈവശമുള്ള ദേവാലയങ്ങളുടെ മുഴുവൻ ഉടമാവകാശം ഓർത്തഡോക്സ് സഭക്കാണ് . അനുകൂല വിധി ലഭിച്ച് മൂന്ന് വർഷങ്ങൾക്ക് ഇടയിൽ പള്ളികളിൽ അവകാശവാദം ഉന്നയിച്ചു കൊണ്ട് കൊടുത്ത സിവിൾ കേസുകൾ പള്ളി സ്വത്ത് ഭരണ നിയമത്തിന് രൂപം കൊടുക്കാത്ത കേരളത്തിൽ മാത്രമാണ്.
ചർച്ച് ആക്ടിന് സമാനമായ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് ബാധകമായ മഹാരാഷ്ട്ര , ഗുജറാത്ത് സംസ്ഥാനങ്ങളിലും, മദ്ധ്യ പ്രദേശ് പബ്ളിക് ട്രസ്റ്റ് ആക്ട് ബാധകമായ മദ്ധ്യപ്രദേശിലും യാക്കോബായ സഭാ പള്ളികളുടെ ഉടമാവകാശം നേടുന്നതിന് ഓർത്തഡോക്സ് സഭ നാളിതു വരെ ഒറ്റ സിവിൾ കേസ് പോലും കൊടുക്കാത്തത് എന്തു കൊണ്ടാണ് ? മതസ്വത്ത് ഭരണ നിയമം ഉള്ള സംസ്ഥാനങ്ങളിൽ സർവ്വാധികാര വ്യവസ്ഥകളുള്ള അവരുടെ ഭരണഘടനക്കോ, കോടതി വിധികൾക്കോ യാതൊരു മൂല്യവും ഇല്ല എന്നത് അവർക്കറിയാം.
വിവാദ സുപ്രീംകോടതി വിധി പ്രകാരം പള്ളികളുടെ സെമിത്തേരി ഉപയോഗിക്കാനുള്ള അവകാശം ഓർത്തഡോക്സ് ഭരണഘടന അംഗീകരിക്കുന്ന , ഓർത്തഡോക്സ് വികാരിയുടെ കൈവശമുള്ള ഇടവക രജിസ്റ്ററിൽ പേരുള്ളവർക്കു മാത്രമായിരുന്നു. ഈ കോടതി വിധി ഉയോഗിച്ചായിരുന്നു ഓർത്തഡോക്സ് സഭാ ഭരണഘടന അംഗീകരിക്കാത്ത യാക്കോബായ സഭാംഗങ്ങളുടെ മൃതദേഹ സംസ്കാരാവകാശം പോലീസിനെ ഉപയോഗിച്ച് നിഷേധിച്ചത്.
ഓർത്തഡോക്സ് സഭാ ഭരണഘടന അംഗീകരിക്കാത്ത യാക്കോബായ സഭാവിശ്വാസികളുടെ മൃതദേഹ സംസ്കാര അവകാശം സംരക്ഷിക്കാൻ കേരള സർക്കാർ പാസാക്കിയ സെമിത്തേരി നിയമം സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ആദ്യത്തെ നിയമ നിർമ്മാണമായിരുന്നു. സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം എന്ന ആവശ്യം ഭരണഘടനാ വിരുദ്ധമെന്ന ഓർത്തഡോക്സ് സഭാ നിലപാട് ശരിയെങ്കിൽ കേരളത്തിലെ സെമിത്തേരി നിയമം അസാധുവാക്കാൻ എന്തേ നിയമം പാസാക്കി ഒൻപതു മാസം കഴിഞ്ഞിട്ടും ഓർത്തഡോക്സ് സഭ സിവിൾ കോടതിയെ സമീപിക്കാതിരുന്നത് ?
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ളതു പോലെ സമഗ്രമായ പള്ളി സ്വത്ത് ഭരണ നിയമം നടപ്പിലായാൽ യാക്കോബായ/ഓർത്തഡോക്സ് ദേവാലയങ്ങളിലുള്ള സ്വത്തു ഭരണാവകാശം ഓർത്തഡോക്സ് പൗരോഹിത്യ നേതൃത്വത്തിന് നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് ചർച്ച് ആക്ടിനെ അവർ എതിർക്കുന്നത്.
ഓർമ്മിക്കുക ചർച്ച് ആക്ട് നഷ്ടപ്പെട്ട ദേവാലയങ്ങൾ തിരികെ ലഭിക്കാൻ യാക്കോബായ സഭയെ സഹായിക്കുന്ന നിയമ സംഹിത മാത്രമല്ല , പള്ളികളുടെ ഉടമാവകാശവും, സഭയുടെ സ്വത്തു ഭരണവും വിശ്വാസികൾക്ക് ലഭിക്കുന്ന നിയമമാകയാൽ എന്തിന് ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ ചർച്ച് ആക്ടിനെ എതിർക്കണം.?
വിശ്വാസികളിൽ നിന്ന് ചതി പ്രയോഗങ്ങളാൽ കവർന്നെടുക്കപ്പെട്ട പള്ളി /സഭാ സ്വത്ത് ഭരണാവകാശം വീണ്ടെടുക്കുന്നതിനുള്ള വിമോചന സ്വാതന്ത്യ സമരമാണ് ചർച്ച് ആക്ടിന് വേണ്ടിയുള്ള പോരാട്ടം. ഈ പോരാട്ടം പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ സഭാവിശ്വാസികളും , പള്ളി സ്വത്ത് ഭരണാവകാശം പുരോഹിതരാൽ കവർന്നെടുക്കപ്പെട്ട ഓർത്തഡോക്സ് സഭാവിശ്വാസികളും യോജിച്ചു നടത്തേണ്ട പോരാട്ടമാണ്.
http://kraisthavalokam.blogspot.com/2020/10/blog-post_12.html
#enactchurchact2009 സമകാലീന രാഷ്ട്രീയ പ്രശ്നങ്ങൾ വിശദീകരിക്കുന്ന പത്രസമ്മേളനങ്ങൾ നടത്താറുണ്ട്. മലങ്കര സഭാ പ്രശ്നം സംബന്ധിച്ചുള്ള തങ്ങളുടെ സമീപനങ്ങൾ ഓരോ മുന്നണിയും കേരളത്തിലെ ജനങ്ങളോട് തുറന്നു പറയട്ടേ. എങ്കിൽ മാത്രമേ നെല്ലും പതിരും തിരിച്ചറിയാൻ കേരളീയർക്ക് കഴിയൂ.
തർക്ക പരിഹാരത്തിനായി മുഖ്യ മന്ത്രി വിളിച്ചു ചേർത്ത അനുരജ്ഞന ചർച്ചകളൊന്നും ഇതുവരെ ഫലവത്തായില്ല. ഇരു സഭകളുമായി അടുത്ത ചർച്ച പത്തു ദിവസം കഴിഞ്ഞാണ് നടക്കുക. അതിന് മുമ്പ് പ്രശ്ന പരിഹാരത്തിന് രാഷ്ട്രീയ സമവാക്യമുണ്ടാകാൻ സർവ്വ കക്ഷി യോഗം വിളിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. ഇടവകപള്ളികളുടെ സ്വത്ത് ഭരണാവകാശം ഇടവകാംഗങ്ങൾക്ക് ബാഹ്യ നിയന്ത്രണമില്ലാതെ ലഭിക്കുന്ന നിയമ നിർമ്മാണം മാത്രമാണ് പ്രശ്ന പരിഹാരമാർഗം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ