2020, സെപ്റ്റംബർ 20, ഞായറാഴ്‌ച

ബർ യൂഹാനോൻ റമ്പാച്ചന്റെ സമരം നവോത്ഥാന പോരാട്ടം

നീതി നിഷേധിക്കപ്പെടുന്ന ജനസമൂഹത്തിന്റെ അലമുറകൾ കണ്ടില്ലെന്ന് നടിച്ച് അവഗണിക്കാൻ കേരളത്തിലെ ഇടതു പക്ഷ  സർക്കാരിന് എങ്ങിനെ കഴിയുന്നു?

ഗുരുവായൂർ , വൈക്കം ക്ഷേത്ര പ്രവേശന സത്യഗ്രഹങ്ങൾ മതശാസനകളെ വ്യാഖ്യാനിച്ച് ക്ഷേത്രാരാധന അവകാശം നിഷേധിക്കപ്പെട്ട് പൗരോഹിത്യ അടിമനുകത്തിൽ കഴിഞ്ഞിരുന്ന വിശ്വാസികളുടെ മോചനത്തിനായുള്ള ഐതിഹാസിക സമരമായിരുന്നു. ഇതിന് സമാനമാണ് കഴിഞ്ഞ 33 ദിവസമായി വന്ദ്യ ബർ യൂഹാനോൻ റമ്പാച്ചൻ കേരളത്തിലെ ക്രിസ്ത്യൻ സഭകൾക്ക് ബാധകമാകുന്ന ചർച്ച് ആക്ട് ബിൽ 2009 നിയമം ആക്കണമെന്നു ആവശ്യപ്പെട്ടു നടത്തുന്ന നിരാഹാര സമരം.  

ക്ഷേത്ര പ്രവേശന വിളംബരം മതശാസനക്കെതിരായ നിയമ നിർമ്മാണം

ഗുരുവായൂർ വൈക്കം സത്യഗ്രഹം ബ്രാഹ്മണ്യ മത നിയമസംഹിത പ്രകാരം ബ്രാഹ്മണേതര പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേത്ര ആരാധനാവകാശം നിഷേധിക്കപ്പെട്ടതിന് എതിരായ സമരമായിരുന്നു. ഹൈന്ദവ ക്ഷേത്രങ്ങളിൽ ജാതി വ്യത്യാസങ്ങൾക്ക് അതീതമായി പ്രവേശനം അനുവദിക്കുന്ന രാജകീയ വിളംബരം മത നിയമങ്ങൾക്കു  പകരമായ നിർമ്മാണമായിരുന്നു.

ബർ യൂഹാനോൻ റമ്പാച്ചന്റെ സത്യഗ്രഹ സമരമാകട്ടേ ജന്മിത്വത്തിന്റെ അവശിഷ്ഠമായ ഓർത്തഡോക്സ് മത നിയമാവലിക്ക് വിധേയമാകാത്ത യാക്കോബായ വിശ്വാസി സമൂഹത്തിന് ആരാധാനാവകാശം നിഷേധിച്ച് ആരാധനാലയങ്ങളിൽ നിന്ന് കുടിയിറക്കുന്നതിന് എതിരായ സമരമാണ്. ഒരു പുരോഹിതൻ തന്നെ താൻ ഉൾക്കൊള്ളുന്ന ക്രൈസ്തവ സഭയിലെ പൗരോഹിത്യ അധികാര കേന്ദ്രീകൃത മത സ്വത്തു നിയമത്തിനെതിരായി പോരാടുന്നു എന്ന പ്രത്യേകതയും ഈ സമരത്തിനുണ്ട്.

മനുഷ്യാവകാശ പ്രമാണങ്ങൾക്കും ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന മൗലികാവകാശ തത്വങ്ങളും അവഗണിച്ച്  ജന്മിത്വത്തിന്റെ അവശിഷ്ടമായ ഓർത്തഡോക്സ് ഭരണഘടനയെ യാന്ത്രികമായി വ്യാഖ്യാനിച്ഛ് നടത്തുന്ന ജുഡീഷ്യൽ കുടിയൊഴിപ്പിക്കലാണ് ഇന്ന് കേരളത്തിലെ ക്രൈസ്തവ ദേവാലയങ്ങളിൽ നടക്കുന്നത്. 

ഭരണഘടനാ ധാർമ്മികതാ സങ്കൽപ്പങ്ങളെ അടിമുടി ലംഘിച്ച് പള്ളികളിൽ നിന്ന് വിശ്വാസി സമൂഹത്തെ കുടിയൊഴിപ്പിക്കുന്നതിന് എതിരായ  പോരാട്ടമാണ് ബർ യൂഹാനോൻ റമ്പാച്ചന്റെ നിരാഹാര സമരത്തിൽ കൂടി കേരളം സാക്ഷ്യം വഹിക്കുന്നത്. 

കൃഷിക്കാർക്ക് ഭൂവടമാവകാശം നിഷേധിച്ച് ജന്മി തമ്പുരാക്കന്മാർ നടത്തിയ അന്യായ കുടിയൊഴിപ്പിക്കലിന് എതിരായി ഐതിഹാസികമായ സമരങ്ങൾക്ക് നേതൃത്വം നൽകിയവരുടെ പിൻമുറക്കാരായ കമ്മ്യൂണിസ്റ്റ് പാർട്ടികൾ നേതൃത്വം നൽകുന്ന  സർക്കാർ ഈ ധർമ്മ സമരത്തോട് സ്വീകരിക്കുന്ന നിസംഗ നിലപാട് അപലനീയമാണ്. അത് തിരുത്തിയേ മതിയാകൂ.

സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പ് 1934 ൽ രൂപം കൊണ്ട ജന്മിത്വത്തിന്റെ അവശിഷ്ടമായ പൗരോഹിത്യാധികാര കേന്ദ്രീകൃതമായ ഓർത്തഡോക്സ് സഭയുടെ മത നിയമാവലിയെ മാത്രം ആധാരമാക്കി മലങ്കര സഭാ കേസിൽ ജസ്റ്റീസ് അരുൺ മിസ്ര വിധി പറയാൻ കാരണം ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ടിന് സമാനമായ ഒരു പൊതു നിയമം കേരളത്തിൽ ഇല്ല എന്നത് കൊണ്ടാണെന്ന്  സുപ്രീം കോടതി വിധിയിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. 

നിയമ നിർമാണം സുപ്രീംകോടതി വിധിക്കെതിരല്ല എന്ന് തെളിഞ്ഞിട്ടും സഭാ തർക്ക പരിഹാരത്തിന് സമഗ്രമായ പള്ളി സ്വത്ത് പൊതു നിയമ നിർമ്മാണത്തിന് എന്തേ കേരളാ സർക്കാർ തയ്യാറാകാത്തത്? നീതി നിഷേധിച്ച് അടിച്ചമർത്തിയവർക്ക് വേണ്ടി പോയ കാലത്ത് പൊരുതിയ വാഗ്ഭടാനന്ദൻ , ചട്ടമ്പി സ്വാമികൾ , ശ്രീനാരായണ ഗുരു , സഹോദരൻ അയ്യപ്പൻ , അയ്യൻ കാളി , പൊയ്കയിൽ യോഹന്നാൻ തുടങ്ങിയ നവോത്ഥാന നായകരുടെ ശ്രേണിയിൽ ബർ യൂഹാനോൻ റമ്പാച്ചന്റെ നാമവും ഭാവി സാംസ്കാരിക ചരിത്രകാരന്മാർ രേഖപ്പെടുത്തും.

ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ നിയമ മന്ത്രിയും , മുൻ സുപ്രീം കോടതി ജസ്റ്റീസുമായിരുന്ന നിയമ പരിഷ്കാര കമ്മീഷൻ ചെയർമാൻ വി.ആർ കൃഷ്ണ അയ്യർ ക്രോഡീകരിച്ച് നിയമ നിർമ്മാണത്തിനായി സർക്കാരിന് സമർപ്പിച്ച ചർച്ച് ആക്ട് 2009 നിയമമാക്കാൻ അടിയന്തിര നടപടികൾ സർക്കാർ സ്വീകരിക്കണം. അത് സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്.


Enact #ChurchAct2009

Save #YohanonRamban

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ