"കൃഷിഭൂമി കർഷകന്" എന്ന മുദ്രാവാക്യം കറാച്ചി എ.ഐ.സി.സി സമ്മേളനം അംഗീകരിച്ചത് 1920 ൽ രൂപം കൊണ്ട അഖിലേന്ത്യാ കിസാൻ സഭയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ കൃഷിക്കാർ നടത്തിയ ഉജ്ജ്വലമായ നിരവധി പോരാട്ടങ്ങളുടെ ഫലമായിട്ടായിരുന്നു. 1926ൽ ട്രേഡ് യൂണിയൻ ആക്ട് നിലവിൽ വരും മുമ്പേ നിയമ വിരുദ്ധമായി തന്നെ സംഘടിച്ച തൊഴിലാളി സംഘടനകളും കൃഷിക്കാരോടൊപ്പം ചേർന്ന് നടത്തിയ പ്രക്ഷോഭണങ്ങൾ ആയിരുന്നു ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തെ ജനകീയ പോരാട്ടമായി ഉയർത്തിയത്.
കൃഷിചെയ്യുന്ന ഭൂമിയിൽ വിയർപ്പൊഴുക്കി വിത്തിറക്കി വിളയെടുക്കുന്ന കൃഷിക്കാർക്ക് കൃഷിഭൂമിയിലോ , വിളയിലോ അവകാശമില്ലാത്ത ജന്മിത്വ വ്യവസ്ഥകൾക്ക് എതിരായ മുദ്രാവാക്യമായിരുന്നു "കൃഷിഭൂമി കൃഷിക്കാരന് " എന്ന മുദ്രാവാക്യം.
ക്രൈസ്തവ സഭാവിശ്വാസികൾ പ്രാദേശികമായി സംഘടിച്ച് തങ്ങളുടെ വിശ്വാസാചാരപ്രകാരം ആരാധന നടത്താൻ പ്രാദേശികമായി സമാഹരിച്ച സമ്പത്ത് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ദേവാലയങ്ങൾ പുരോഹിതനാൽ കൂദാശ ചെയ്യപ്പെടുന്നതോടു കൂടി ദേവാലയത്തിന്റെ ഉടമാവകാശം പുരോഹിതനിൽ നിക്ഷിപ്തമാകുന്ന കാടൻ മത നിയമാവലികളും ജന്മിത്വത്തിന്റെ അവശിഷ്ടം തന്നെയാണ്.
കൃഷിഭുമിയിൽ കൃഷിക്കാർക്ക് ഉടമാവകാശം നിഷേധിക്കുന്ന ഭൂപ്രഭുക്കന്മാരും, വിശ്വാസികളുടെ സമ്പത്താൽ നിർമ്മിക്കപ്പെട്ട ദേവാലയങ്ങളുടെ ഉടമാവകാശം വിശ്വാസികൾക്ക് നിഷേധിച്ച് തെരുവിലിറക്കുന്ന പൗരോഹിത്യ പ്രഭുക്കളും ഒരേ തൂവൽ പക്ഷികൾ തന്നെ. ജനാധിപത്യം പൂർണ്ണമാകണമെങ്കിൽ ഇത്തരം പ്രഭുക്കളിൽ കേന്ദ്രീകരിച്ചിരിക്കുന്ന സ്വത്തവകാശം യഥാർത്ഥ ഉടമകൾക്ക് ലഭ്യമാക്കുന്ന നിയമ നിർമ്മാണങ്ങൾ ഉണ്ടായേ തീരൂ.
മതപരമായ സ്വത്തു ഭരണം അതാതു മതവിശ്വാസികൾ സുതാര്യമായും , അഴിമതി രഹിതമായും നടത്തുമെന്ന് ഉറപ്പു വരുത്തുന്ന നിയമ നിർമ്മാണാധികാരം ഇന്ത്യൻ ഭരണഘടന കേന്ദ സംസ്ഥാന സർക്കാരുകൾക്ക് നൽകുന്നുണ്ട്. ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന 1950 ൽ തന്നെ ബോംബെ പ്രൊവിൻസ് സർക്കാർ പാസാക്കിയ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ഇത്തരത്തിൽ ഇന്ത്യയിൽ ആദ്യം രൂപം കൊണ്ട മതസ്വത്ത് ഭരണ നിയമം ആണ്. ഈ നിയമത്തിന് ചില ഭേദഗതി നിർദ്ദേശങ്ങളോടെ 1954 ൽ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകാരം നൽകി. ഇന്ത്യയിൽ നിരവധി സംസ്ഥാനങ്ങളിൽ സമാനമായ നിയമങ്ങൾ നിലവിലുണ്ട്.
1957 ൽ കേരളത്തിൽ അധികാരത്തിലെത്തിയ പ്രഥമ കമ്മ്യൂണിസ്റ്റ് സർക്കാരാണ് "കൃഷി ഭൂമി കൃഷിക്കാരന് " എന്ന ജന്മിത്വ വിരുദ്ധ മുദ്രാവാക്യം പ്രാവർത്തികമാക്കുന്ന കാർഷിക ബന്ധ നിയമങ്ങളും ,ഭൂപരിഷ്കരണ നിയമവും നടപ്പിലാക്കിയത്. ഭൂപരിഷ്കരണ നിയമം നടപ്പിലാക്കിയത് ഭൂവുടമാവകാശം നഷ്ടപ്പെടുന്ന ജന്മിമാരുടെ ചെറുത്തു നിൽപ്പിനെ രാഷ്ട്രീമായും , നിയമപരമായും ചെറുത്തു കൊണ്ടു തന്നെയായിരുന്നു.
എന്നാൽ മതസ്വത്തു ഭരണ നിയമ നിർമ്മാണത്തിലാകട്ടേ ജന്മിത്വത്തിനെതിരായ പോരാട്ടത്തിന്റെ അനുഭവ സമ്പത്തുള്ള കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് പങ്കാളിത്തമുള്ള സർക്കാരുകൾ മാറി മാറി അധികാരത്തിൽ എത്തിയിട്ടും ഭരണഘടനാപരമായ ഉത്തരാവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടു.
വി.എസ്.അച്ചുതാനന്ദൻ കേരളത്തിൽ മുഖ്യമന്ത്രി ആയിരിക്കെ നിയമപരിഷ്കാരനു വേണ്ടി ചെയർമാൻ ജസ്റ്റിസ് വി.ആർ.കൃഷ്ണ അയ്യർ ക്രോഡീകരിച്ച കേരളാ ക്രിസ്ത്യൻ ചർച്ച് ആൻഡ് ഇൻസ്റ്റിറ്റ്യൂഷൻ പ്രോപ്പർട്ടി ബിൽ 2009 ലക്ഷണമൊത്ത സമഗ്ര ക്രിസ്ത്യൻ മതസ്വത്ത് നിയമം ആണ്. ആ നിയമ രൂപീകരണ സമയത്ത് നിയമ പരിഷ്കാര കമ്മീഷന് മുമ്പിൽ രേഖാ മൂലം യാതൊരു എതിർപ്പും പ്രകടിപ്പിക്കാത്ത കൈസ്തവ സഭാ പൗരോഹിത്യ നേതൃത്വങ്ങളുടെ പിൻവാതിൽ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിയമ നിർമ്മാണത്തിന് തയ്യാറാകാത്ത സർക്കാർ നയം അപലനീയമാണ്.
സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പ് രൂപീകൃതമായ മതസ്വത്ത് നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി അടുത്ത കാലത്തുണ്ടായ സുപ്രീംകോടതി വിധിയാൽ സ്വന്തം സമ്പത്താൽ നിർമ്മിക്കപ്പെട്ട നൂറുകണക്കിന് ദേവാലയങ്ങളുടെ ഉടമാവകാശം നഷ്ടപ്പെട്ട് വിശ്വാസി സമൂഹം തെരുവിലിറക്കപ്പെട്ടത് വ്യക്തമായ മതസ്വത്ത് ഭരണ നിയമത്തിന്റെ അഭാവത്താലാണ്.
മതസ്വത്ത് പൊതു നിയമത്തെ കേരളത്തിലെ ക്രൈസ്തവ വിശ്വാസികൾ പൊതുവെ സ്വാഗതം ചെയ്യുന്നു എന്നതിന്റെ തെളിവാണ് നിയമ നിർമ്മാണം ആവശ്യപ്പെട്ട് 2019 നവംഭർ 27 ന് തിരുവനന്തപുരത്ത് നടന്ന സെക്രട്ടേറിയറ്റ് മാർച്ചിലെ ജന ലക്ഷങ്ങളുടെ പങ്കാളിത്തം. പള്ളികളിൽ നിന്ന് പുറത്താക്കപ്പെട്ട വിശ്വാസി സമൂഹം ഇപ്പോൾ നിയമ നിർമ്മാണം ആവശ്യപ്പെട്ട് പ്രക്ഷോഭണ രംഗത്താണ്.
ഈ പ്രക്ഷോഭ സമരങ്ങൾ ഒത്തു തീർപ്പാക്കാൻ സമരത്തിന് നേതൃത്വം നൽകുന്ന ജോയിന്റ് ക്രിസ്ത്യൻ കൗൺസിലിനെ ചർച്ചക്ക് വിളിക്കാൻ മുഖ്യ മന്ത്രി അടിയന്തിരമായി തയ്യാറാകണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ