2024 ജനുവരി 27, ശനിയാഴ്‌ച
ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളുംദീപിക/ജിൻസ് നല്ലേപ്പറമ്പന്/2019
2024 ജനുവരി 13, ശനിയാഴ്‌ച
മാധ്യമങ്ങൾ പറയാത്ത വാർത്തകൾ
2024 ജനുവരി 2, ചൊവ്വാഴ്ച
മന്നത്ത് പത്മനാഭനും ആനന്ദതീർഥനും.© പ്രൊഫ. വി കാർത്തികേയൻ നായർ
സ്വന്തം സമുദായത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കു വേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്ത രണ്ട് മഹത് വ്യക്തികളാണ് മന്നത്ത് പത്‌മനാഭനും സ്വാമി ആനന്ദതീർഥനും. ഇരുവരുടെയും ജന്മദിനമാണ് ജനുവരി 2. മന്നത്തിനേക്കാൾ (1878–-1970) ഇരുപത്തേഴു വയസ്സിനിളയതാണ് ആനന്ദതീർഥൻ (1905–-1987). എന്നാൽ, അവരുടെ ലക്ഷ്യത്തിനും പ്രവർത്തനത്തിനും അന്തരമില്ല.
തലശേരിയിലെ ഒരു ഗൗഡ സാരസ്വത കുടുംബത്തിൽ പിറന്ന ആനന്ദഷേണായിയാണ് ഗാന്ധിമാർഗം സ്വീകരിച്ച് ആനന്ദതീർഥനായത്. ജാതി വെളിപ്പെടുത്താൻ വിസമ്മതിച്ച്, ഗുരുവായൂരമ്പലത്തിലെ കുളത്തിലിറങ്ങി കുളിച്ചതിനാൽ സവർണ ഗുണ്ടകൾ അദ്ദേഹത്തെ മർദിക്കുകയുണ്ടായി. അത് ഗുരുവായൂരിൽ ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിനു മുമ്പുള്ള കഥ. എന്നാൽ, സ്വാതന്ത്ര്യലബ്ധിക്കും ഇന്ത്യൻ ഭരണഘടന നിലവിൽ വന്നതിനും ശേഷം ഗുരുവായൂരിലെ ഊട്ടുപുരയിൽ താഴ്ന്ന ജാതിയിൽപ്പെട്ടവർക്കും ഭക്ഷണം നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് സത്യഗ്രഹം നടത്തിയതിനാൽ 1982ൽ അദ്ദേഹത്തിന് വീണ്ടും മർദനമേൽക്കേണ്ടി വന്നു. രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയാലും ഇല്ലേലും സവർണബോധവും അയിത്തവും മാറില്ലെന്ന സത്യം ഇപ്പോഴും നിലനിൽക്കുന്നു. ഗാന്ധിയൻ മാർഗത്തിലൂടെ അയിത്താചരണവും വിവേചനവും അവസാനിപ്പിക്കാമെന്ന അടിയുറച്ച വിശ്വാസം അദ്ദേഹത്തിനുണ്ടായിരുന്നു. ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിക്കുകയും ചെയ്തു. അദ്ദേഹം സ്ഥാപിച്ച ‘ജാതിനാശിനി’ സഭയിലൂടെ മിശ്രവിവാഹവും മിശ്രഭോജനവും പ്രോത്സാഹിപ്പിച്ചു. ഇവ രണ്ടും അയിത്തോച്ചാടനത്തിന്റെ മുന്നുപാധിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ കേരളത്തിൽ ഉദയം ചെയ്ത മധ്യവർഗ ബുദ്ധിജീവികളാണ് സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനത്തിനും കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യസമരത്തിനും ജന്മിവിരുദ്ധ കർഷകസമരങ്ങൾക്കും നേതൃത്വം കൊടുത്തത്. സന്യാസിശ്രേഷ്ഠരായ ചട്ടമ്പിസ്വാമിയുടെയും ശ്രീനാരായണഗുരുവിന്റെയും പ്രബോധനങ്ങൾ ജനമധ്യത്തിലെത്തിച്ചതും ഇവർ തന്നെയാണ്.
ജാതി ജന്മി നാടുവാഴി വ്യവസ്ഥയുടെ ഉൽപ്പന്നമായ അയിത്തം സമൂഹത്തിന്റെ പൊതു ശത്രുവാണെന്നും അതിനെ ആട്ടിയോടിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നുമാണ് ഇവർ പ്രഖ്യാപിച്ചത്. ബ്രാഹ്മണൻ നായർക്കും നായർ ഈഴവർക്കും ഈഴവർ പുലയർക്കും അയിത്തം കൽപ്പിച്ചിരുന്ന സമൂഹത്തിൽ ഒരു പൊതു ഇടത്തിന്റെ നിർമിതിക്ക് വിഘാതമായി നിൽക്കുന്നത് അയിത്തമാണെന്നും അതിനെ ഉൻമൂലനം ചെയ്യണമെന്നുമായിരുന്നു മന്നത്ത് പത്‌മനാഭൻ ആഹ്വാനം ചെയ്തത്. സ്വന്തം കുടുംബ ക്ഷേത്രത്തിൽ പുലയ വിഭാഗത്തിൽപ്പെട്ടയാളെ കയറ്റിയതും അമ്മ വിളമ്പിയ ചോറ് പുലയ വിഭാഗക്കാരനുമൊത്ത് കഴിച്ചതും വ്യക്തിപരമായി അദ്ദേഹത്തിന്റെ ഉൽപ്പതിഷ്ണത്വത്തിന്റെ തെളിവാണെങ്കിലും സ്വസമുദായത്തിൽപ്പെട്ട മറ്റുള്ളവർക്ക് അത്തരമൊരു മനോഭാവമില്ലായിരുന്നു. അവരുടെ മനോഭാവത്തിൽ മാറ്റം വരുത്തുകയെന്നതിനർഥം അവർണജനങ്ങളുടെ അവകാശം അംഗീകരിക്കുകയെന്നതാണ്. സ്വസമുദായം അനുഭവിച്ചിരുന്ന എല്ലാ അവകാശങ്ങളും സമൂഹത്തിലെ ഭൂരിപക്ഷം വരുന്ന ജനങ്ങൾക്കും ലഭ്യമാക്കുന്നതിനു വേണ്ടിയുള്ള സമരത്തിന്റെ മുന്നണിപ്പോരാളിയായതു കൊണ്ടാണ് മന്നത്ത് പത്മനാഭനും ആനന്ദതീർഥനും നവോത്ഥാന നായകരാകുന്നത്.
സ്വസമുദായം അനുഭവിച്ചിരുന്നതും അവർണർക്ക് നിഷേധിച്ചിരുന്നതുമായ രണ്ടവകാശങ്ങളാണ് സഞ്ചാര സ്വാതന്ത്ര്യവും ക്ഷേത്ര പ്രവേശനവും. ജാതി–-മത വ്യത്യാസമില്ലാതെ എല്ലാവർക്കും രാജവീഥികളിലൂടെ സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കുന്ന 1865ലെ രാജകീയ വിളംബരമുണ്ടായിരുന്നിട്ടും സവർണർ അതനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് 1893ൽ അയ്യൻകാളി വില്ലുവണ്ടി യാത്ര നടത്തിയത്. എന്നിട്ടും പ്രയോജനം കിട്ടാത്തതു കൊണ്ടാണ് മൂന്നു പതിറ്റാണ്ടിനു ശേഷം വൈക്കം സത്യഗ്രഹം സംഘടിപ്പിച്ചത്. മഹാത്മാഗാന്ധിയും ഇ വി രാമസ്വാമി നായ്ക്കരും പഞ്ചാബിലെ അകാലികളും ശ്രീനാരായണഗുരുവും അയ്യൻകാളിയും കെ പി കേശവമേനോനും കേളപ്പനും മന്നവും ടി കെ മാധവനും വേലുക്കുട്ടി അരയനും ഏക മനസ്സോടെ നടത്തിയ സമരമായിരുന്നു വൈക്കം സത്യഗ്രഹം. സഞ്ചാര സ്വാതന്ത്ര്യം അനുവദിക്കുന്നതിന് സർക്കാരും സവർണരും തടസ്സം പറഞ്ഞത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലായിരുന്നു. വിശ്വാസത്തെയും ആചാരത്തെയും മുറുകെപ്പിടിച്ചത് സവർണരായിരുന്നു. സവർണരിലെ മനോഭാവത്തിൽ മാറ്റം വരുത്തുന്നതിനും ഭൂരിപക്ഷം പേരും അയിത്താചാരണത്തിന് എതിരാണെന്ന് തെളിയിക്കുന്നതിനും വേണ്ടിയായിരുന്നു മന്നത്തിന്റെ നേതൃത്വത്തിൽ സവർണജാഥ സംഘടിപ്പിച്ചത്. വൈക്കത്തു നിന്ന് ആരംഭിക്കുമ്പോൾ നൂറു പേരുണ്ടായിരുന്ന ജാഥ തിരുവനന്തപുരത്ത് ശംഖുംമുഖത്ത് അവസാനിക്കുമ്പോൾ ഇരുപതിനായിരം പേരായി വളർന്നിരുന്നു.ബഹുജന ജാഥയ്‌ക്ക് സമൂഹത്തിന്റെ മനോഭാവത്തിൽ എന്തു മാറ്റം വരുത്താൻ കഴിയുമെന്ന് കാണിച്ചു കൊടുത്തതായിരുന്നു സവർണജാഥ. കേരളത്തിലെന്നു മാത്രമല്ല, ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു ബഹുജന ജാഥ സംഘടിപ്പിക്കപ്പെടുന്നത്
ജാതിവ്യവസ്ഥയുടെ സത്ത അയിത്തമാണെന്ന് കണ്ടെത്തുകയും അതിനെ ഉൻമൂലനം ചെയ്യുകയാണ് ലക്ഷ്യമെന്നു പ്രഖ്യാപിച്ചതും മന്നമായിരുന്നു. വൈക്കം സത്യഗ്രഹം അവസാനിപ്പിച്ചതിനു ശേഷം 1925 നവംബർ 27ന് ബോട്ടുജട്ടിയിൽ ചേർന്ന ഒരു പൊതുയോഗത്തിൽ അദ്ദേഹം ചെയ്ത പ്രസംഗം അയിത്തോച്ചാടനത്തിന്റെ മാനിഫെസ്റ്റോ ആയിരുന്നു. പ്രസംഗത്തിൽനിന്ന്: ‘എന്തിനാണ് സത്യഗ്രഹം തുടങ്ങിയത്. വഴി നടക്കാനല്ല. അയിത്തം നശിക്കാനാണ്. അയിത്തം നശിച്ചിട്ടില്ല. വഴികളെല്ലാം തുറന്നു കിട്ടി. അയിത്തം വീണ്ടും ഉണ്ടെന്ന് ഗവൺമെന്റ് സമ്മതിക്കുന്നു. അയിത്തം മതിലിനകത്ത് ഒളിച്ചിരിക്കുന്നു. അവിടെ ചെന്ന് പിടികൂടണം. ക്ഷേത്രത്തിൽ കടക്കുക തന്നെ വേണം. ഓടിക്കടക്കാൻ ശ്രമിക്കരുത്. സമാധാനപരമായി പ്രവർത്തിക്കണം.’
വൈക്കം സത്യഗ്രഹം സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി മാത്രമല്ല, അയിത്തോച്ചാടനത്തിനു വേണ്ടിയുള്ളതാണെന്നതു പോലെതന്നെ ക്ഷേത്ര പ്രവേശനം ആരാധനയ്‌ക്കു വേണ്ടി മാത്രമല്ല, അയിത്തോച്ചാടനത്തിനു കൂടിയുള്ളതാണെന്നുമുള്ള പ്രഖ്യാപനമാണ് മന്നത്തിനെ ആചാര്യ പദവിയിലേക്ക് ഉയർത്തുന്നത്. ഈ പ്രഖ്യാപനമാണ് ആറു വർഷത്തിനു ശേഷം ക്ഷേത്ര പ്രവേശനത്തിനു വേണ്ടിയുള്ള ഗുരുവായൂർ സത്യഗ്രഹത്തിലേക്കു നയിച്ചത്. വൈക്കം സത്യഗ്രഹ നേതാക്കൾ തന്നെയാണ് ഗുരുവായൂർ സത്യഗ്രഹ നായകരെന്നതും യാദൃച്ഛികമല്ല.
നമ്പൂതിരി സമുദായത്തിനകത്തെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി വി ടി ഭട്ടതിരിപ്പാട് നടത്തിയ സമരത്തിനു സമാനമാണ് നായർ സ്ത്രീകളുടെ സ്വാതന്ത്ര്യത്തിനു വേണ്ടി മന്നം നടത്തിയ സമരവും. തറവാട്ടു കാരണവൻമാരുടെ ആഢ്യത്വം നിലനിർത്താൻ വേണ്ടി സമ്മന്തമെന്ന പേരിൽ നമ്പൂതിരിമാർക്ക് നായർ സ്ത്രീകളെ ദാനം ചെയ്യുന്ന സമ്പ്രദായത്തി എതിരെയുള്ള ഗർജനമാണ് ‘കണ്ടവന്റെ മക്കൾക്ക് ചോറു കൊടുക്കുന്ന ഏർപ്പാടാണ് മരുമക്കത്തായം’ എന്ന വാചകത്തിൽ മുഴങ്ങുന്നത്. പണ്ടാരപ്പാട്ട വിളംബരത്തിലൂടെ കൈവശ ഭൂമിയിൽ ഉടമസ്ഥാവകാശവും പിന്തുടർച്ചാവകാശവും ലഭിച്ച നായരായ പാട്ടക്കുടിയാന്മാരുടെ മക്കളും അനന്തരവന്മാരും തമ്മിലുള്ള വർഗസമരത്തിന്റെ വിജയമാണ് മരുമക്കത്തായം അവസാനിപ്പിച്ചു കൊണ്ടുള്ള 1925ലെ നായർ റെഗുലേഷൻ. പിതൃസ്വത്തിൽ മക്കൾക്ക് അവകാശം വേണമെന്ന എൻഎസ്എസിന്റെ ആവശ്യമാണ് നായർ സ്ത്രീകളെ സംബന്ധം ചെയ്യുന്നതിൽ നിന്ന് നമ്പൂതിരിമാരെ പിന്തിരിപ്പിക്കാൻ ഇടയാക്കിയത്. ഈ രണ്ട് കാര്യത്തിലൂടെ സംഭവിച്ചത് നായർ സ്ത്രീകളുടെ അവകാശസംരക്ഷണവും സ്വാതന്ത്ര്യവുമാണ്. അതോടു കൂടി സംബന്ധമെന്ന ഏർപ്പാട് അവസാനിച്ചെന്ന കാര്യം വസ്തുതയാണ്.
മാറുമറയ്ക്കാതെ വേണം സ്ത്രീയും പുരുഷനും ക്ഷേത്രങ്ങളിൽ പ്രവേശിക്കേണ്ടതെന്ന ആചാരത്തെ മന്നം പരസ്യമായി വെല്ലുവിളിച്ചു. ‘നായർ സ്ത്രീകളെ മാറു മറയ്ക്കാതെ കാണാൻ ആഗ്രഹിക്കുന്ന ഒരു ദേവൻ അമ്പലത്തിലിരിപ്പുണ്ടോ. നമ്മുടെ വംശത്തിന്റെ മാന സംരക്ഷണത്തിനു വേണ്ടി ഇതിനെ ഉടനെ ധ്വംസിക്കേണ്ടതാണ്. ഇതിന് കഴിയുന്നില്ലെങ്കിൽ സഹോദരിമാർ ക്ഷേത്രത്തോട് നിസ്സഹകരിക്കണം’ സ്ത്രീയുടെ സ്വാതന്ത്ര്യവും മാനവും കാത്തു സൂക്ഷിക്കാൻ ആവശ്യമാണെങ്കിൽ ദേവാലയ ബഹിഷ്കരണമാകാമെന്ന പ്രഖ്യാപനം നടത്താൻ മന്നത്തിനല്ലാതെ മറ്റാർക്കാണ് കഴിയുക.
കേരളത്തിലെ രണ്ട് പ്രബല സമുദായങ്ങളായ നായൻമാരും ഈഴവരും തമ്മിൽ പലേടത്തും ലഹളകൾ നടന്നിരുന്നു. കലാപത്തിന്റെ ഫലമായി മർദനമേൽക്കേണ്ടിവരുന്നത് സാധുക്കളാണേലും അതിനു കാരണമാകുന്നത് ഇരു വിഭാഗത്തിലെയും പ്രമാണിമാരുടെ സ്വാർഥതാൽപ്പര്യമാണ്. ഇത് അവസാനിപ്പിക്കുന്നതിനു വേണ്ടിയാണ് എസ്എൻഡിപി യോഗം നേതാവും കോൺഗ്രസുകാരനുമായിരുന്ന ആർ ശങ്കറുമായി സഹകരിച്ചു കൊണ്ട് മന്നത്ത് പത്‌മനാഭൻ ഹിന്ദു മഹാമണ്ഡലം രൂപീകരിച്ചത്. തൽഫലമായി ലഹളകൾ അവസാനിപ്പിക്കാൻ സാധിച്ചു. എന്നു മാത്രമല്ല 1949ൽ തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് രൂപീകൃതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധ്യക്ഷനായി മന്നവും അംഗമായി ആർ ശങ്കറും ഉത്തരവാദിത്വം ഏറ്റെടുത്തതോടെ അണികൾ തമ്മിലുള്ള കലഹം അനാവശ്യമാണെന്ന ബോധ്യം എല്ലാവരിലുമുണ്ടായി. സ്വാതന്ത്ര്യലബ്ധിയെ തുടർന്ന് രാഷ്ട്രീയ സാഹചര്യം മാറുകയും ഭരണഘടന നിലവിൽ വരികയും ചെയ്തതോടു കൂടി സാമുദായിക സംഘടനകൾ രൂപീകരിച്ച കാലഘട്ടത്തിൽ നിന്ന് വ്യത്യസ്തമായ അന്തരീക്ഷം ഉണ്ടാവുകയാൽ വ്യത്യസ്ത ജാതികളിൽപ്പെട്ടവർ തമ്മിലടിക്കേണ്ട കാര്യമില്ലെന്ന് എല്ലാവർക്കും മനസ്സിലാകുകയും ചെയ്തു.
മന്നത്ത് പത്‌മനാഭനും സ്വാമി ആനന്ദതീർഥനും വ്യത്യസ്ത മാർഗത്തിലൂടെ ആണെങ്കിലും അവർണരുടെയും അവശരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് യത്നിച്ചത്. തങ്ങൾക്കു ലഭ്യമായ അവകാശങ്ങൾ സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭിക്കണമെന്ന ജനാധിപത്യ ബോധവും സമത്വ ബോധവുമാണ് ഇവരെ വ്യത്യസ്തരായ പരിഷ്കർത്താക്കളാക്കുന്നത്. അതു കൊണ്ടാണ് ഇവർ വർത്തമാനകാലത്തും പ്രസക്തരാകുന്നത്.
2023 ഡിസംബർ 31, ഞായറാഴ്‌ച
ഇടത്തല്ല ഇടതുപക്ഷം, കോൺഗ്രസ് ഗാന്ധിയേയും സഭകൾ ക്രിസ്തുവിനേയും കൈവിട്ടു: ഗീവര്ഗീസ് മാര് കൂറിലോസ്......
2023 ഡിസംബർ 24, ഞായറാഴ്‌ച
ക്രിസ്മസിന്റെ മതനിരപേക്ഷ ചാരുത
സമാധാനം, സാഹോദര്യം, സ്നേഹം തുടങ്ങി മാനവികതയുടെ അമൂല്യ സന്ദേശവുമായി ലോകം വീണ്ടുമൊരു ക്രിസ്മസ് ആഘോഷിക്കുകയാണ്. മലയാളികൾ മതഭേദമന്യേ കൊണ്ടാടുന്ന ക്രിസ്മസ് അതിനാൽ തന്നെ നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്റെ പ്രതീകവും കൂടിയാണ്. ക്രിസ്മസിന്റെ വരവ് വിളിച്ചോതി കേരളക്കരയിലെ ഓരോ വീട്ടിലും തെളിഞ്ഞു കത്തുന്ന നക്ഷത്ര വിളക്കുകൾ അതിന്റെ പ്രകാശിക്കുന്ന തെളിവുകളാണ്. ഓണവും വിഷുവും ക്രിസ്മസും റംസാനും ഒരേ നിറവിൽ ആഘോഷമാക്കുന്ന മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ തെളിവ്.
കേരളത്തിന്റെ ഈ മതനിരപേക്ഷ അടിത്തറ പക്ഷേ ചിലർക്ക് കണ്ണിലെ കരടാണ്. തങ്ങളുടെ വർഗീയ, വിദ്വേഷ രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തതിനു കാരണം കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരമാണെന്ന് അറിയുന്ന ബിജെപി, മലയാളി ഒറ്റ മനസ്സോടെ ആഘോഷിക്കുന്ന ക്രിസ്മസ് വേളയെ, ആ ഒരുമ തകർക്കുകയെന്ന അജൻഡ നടപ്പാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ക്രിസ്ത്യൻ ഭവനങ്ങളിലും പള്ളികളിലും ബിഷപ്പുമാരുടെ അരമനകളിലും "ക്രിസ്മസിന്റെ സ്നേഹ സന്ദേശവു'മായി ബിജെപി നേതാക്കൾ നടത്തുന്ന സന്ദർശനം ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെ സന്ദേശത്തിന് നിരക്കുന്നതല്ലാതാകുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കു കൊണ്ടാണ്.
ബിജെപിയടങ്ങുന്ന സംഘപരിവാറിന്റെ ആശയ അടിത്തറയായ വിചാരധാര മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇന്ത്യയുടെ "ആഭ്യന്തര ഭീഷണി' യായാണ് വിലയിരുത്തുന്നത്. "ജീവകാരുണ്യ' ത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാർമികവും രാഷ്ട്രീയവുമായ തന്ത്രങ്ങൾ മെനയുന്നവരെന്ന് സംഘപരിവാറിന്റെ "ഗുരുജി' ആയ ഗോൾവാൾക്കർ രചിച്ച വിചാരധാര ക്രൈസ്തവരെ ആക്ഷേപിക്കുന്നു. ക്രൈസ്തവർ ന്യൂനപക്ഷമായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ പിന്തുടർന്നു പോരുന്ന ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ അവർ ക്രൈസ്തവരെ "ഭീഷണി' യായിത്തന്നെയാണ് കാണുന്നതെന്ന് തെളിയിക്കുന്നു.
ഒഡിഷയിലെ മനോഹർ പുർ ഗ്രാമത്തിൽ 1999 ജനുവരി 22ന് പത്തും ആറും വയസ്സുള്ള രണ്ടു മക്കൾക്കൊപ്പം ചുട്ടു കൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയ്ൻസ് മുതൽ നരേന്ദ്ര മോദി സർക്കാർ തടവിലാക്കി പീഡിപ്പിച്ചു കൊന്ന ഫാദർ സ്റ്റാൻ സ്വാമിവരെയുള്ള സുവിശേഷ പ്രവർത്തകർ സംഘപരിവാറിന്റെ "ക്രൈസ്തവ പ്രേമ' ത്തിന്റെ സമീപകാല തെളിവുകളായി നമ്മുടെ മുന്നിലുണ്ട്. ഒഡിഷയിലെ തന്നെ കണ്ഡമലിൽ 2007ലെ ക്രിസ്മസ് കാലത്ത് ക്രൈസ്തവരെ ലക്ഷ്യംവച്ച് നടന്ന ഏകപക്ഷീയമായ കലാപത്തിൽ തകർക്കപ്പെട്ടത് നൂറോളം ആരാധനാലയങ്ങൾ. കോൺവെന്റുകളും ക്രൈസ്തവ സ്ഥാപനങ്ങളും ക്രൈസ്തവ ഭവനങ്ങളും തുടച്ചുനീക്കി പ്രദേശം ക്രൈസ്തവ മുക്തമാക്കുകയെന്ന ഉദ്ദേശ്യത്തിൽ നടന്ന കലാപം ലക്ഷ്യം കണ്ടുവെന്ന് ചരിത്രം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കുന്നതടക്കമുള്ള ആക്രമണങ്ങൾ നിരന്തരമായി നടക്കുന്നു. ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കുമിടയിൽ സാമൂഹ്യസേവനം നടത്തുന്ന കന്യാസ്ത്രീകൾ അടങ്ങുന്ന മിഷനറി പ്രവർത്തകരെ മതംമാറ്റം ആരോപിച്ച് സംഘപരിവാർ സംഘടനകൾ ആക്രമിക്കുന്നത് കുത്തക കമ്പനികളും വൻകിട ഭൂവുടമകളും അടങ്ങുന്ന ചൂഷകവർഗത്തിനു വേണ്ടിയാണെന്നത് പലപ്പോഴും പുറംലോകം അറിയുന്നില്ല.
പ്രധാനമന്ത്രി മോദിയുടെ ഗുജറാത്തിലടക്കം ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ "പരിവാറിൽ' പെട്ട ബിജെപി, കേരളത്തിൽ ക്രിസ്മസ് കാലത്ത് സ്നേഹസന്ദേശവുമായി അരമനകളും പള്ളികളും ക്രൈസ്തവ വീടുകളും കയറിയിറങ്ങുന്നത് കാണുമ്പോൾ ആട്ടിൻ തോലിട്ട ചെന്നായയുടെ കഥ ആർക്കെങ്കിലും ഓർമ വന്നാൽ അവരെ കുറ്റം പറയാനാകില്ല. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം അപരന്മാരായി മുദ്രകുത്തി വേട്ടയാടുന്ന മുസ്ലിങ്ങൾക്കെതിരെ, ഒരു കൂട്ടുകക്ഷിയെയാണ് അവർ ക്രൈസ്തവരിൽ തിരയുന്നത്. ഇത്തരം കുത്സിത രാഷ്ട്രീയം ഇവിടെ വിലപ്പോകില്ലെന്ന് മതനിരപേക്ഷ സംസ്കാരത്തെ മുലപ്പാലിനൊപ്പം നുണഞ്ഞ ഓരോ മലയാളിയും പലവട്ടം സംഘപരിവാറിന് താക്കീത് നൽകിയതുമാണ്.
ഉദാത്തമായ മാനവികതയുടെ പ്രകാശനവേളകളാകേണ്ട ക്രിസ്മസ് പോലുള്ള സന്ദർഭങ്ങൾ ദുഷ്ടവും സങ്കുചിതവുമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗിക്കുന്നവരുടെ യഥാർഥ മുഖം വിവേകികളായ മതമേലധ്യക്ഷന്മാർ അടക്കമുള്ള ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ട്. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമങ്ങൾ അർഹിക്കുന്ന അവഗണനയോടെ അവർ തള്ളിക്കളയുകയും ചെയ്യുന്നു.
മുൻ വർഷങ്ങളിലെപോലെതന്നെ ക്രിസ്മസ് കൈപൊള്ളാതെ ആഘോഷിക്കാൻ വേണ്ടതെല്ലാം ഒരുക്കാൻ ഇക്കുറിയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിൽ അഭിനന്ദനാർഹമാണ്. ഉത്സവവേളകളിൽ ഉണ്ടായേക്കാവുന്ന പൊതുവിപണിയിലെ വിലക്കയറ്റം ഒഴിവാക്കാൻ സഹകരണ ചന്തകളിലൂടെ സാധ്യമായി. 965 രൂപ വിലയുള്ള സാധനങ്ങൾ 462.50 രൂപയ്ക്ക് ലഭ്യമാക്കിയ ജില്ലാ ആസ്ഥാനങ്ങളിലെ സപ്ലൈകോ സഹകരണ ചന്ത ക്രിസ്മസ് തലേന്നും തുറന്ന് പ്രവർത്തിച്ചു. പൊതു വിപണിയേക്കാൾ വലിയ വിലക്കുറവിൽ സഹകരണ ചന്തകളിൽ സബ്സിഡി –- സബ്‌സിഡി ഇതര സാധനങ്ങൾ ലഭ്യമാക്കാനായി. സപ്ലൈകോയുടെ ആയിരത്തറുനൂറിലേറെ ഔട്ട്‌ലെറ്റുകളിലും വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയതോടെ ക്രിസ്മസ് ഷോപ്പിങ്ങിലെ ആശങ്ക അകന്നു.
ലോകമെങ്ങും ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുമ്പോൾ മലയാളികൾ അതിൽ പങ്കുചേരുന്നത് ഒരൊറ്റ മനസ്സോടെയാണ്. യേശുക്രിസ്തു ഉദ്ഘോഷിച്ച മഹത്തായ മാനവിക മൂല്യങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളാനുള്ള വിശാല മനസ്ഥിതിയുടെ പ്രതിഫലനമാണത്. അതിനാൽതന്നെ മലയാളികളേവരും ക്രിസ്മസിന്റെ ആഹ്ലാദാഘോഷങ്ങളുടെ അവകാശികളുമാണ്. ഏവർക്കും സന്തോഷ
പൂർണമായ ക്രിസ്മസ് ആശംസ...
https://www.deshabhimani.com/post/20231224_11247/deshabhimani-editorial-christmas
സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു

ക്രിസ്‌മസ് ലോകം മുഴുവൻ ആഘോഷിക്കുന്ന സമയങ്ങളിലൂടെയാണ് നാമിപ്പോൾ കടന്നുപോകുന്നത്. പക്ഷേ, ലോകത്തെക്കുറിച്ച് മൊത്തമായി നമ്മൾ ചിന്തിക്കുമ്പോൾ, ക്രിസ്‌തുവിനെക്കുറിച്ചും ക്രിസ്‌മസിനെക്കുറിച്ചും പറയുമ്പോൾ സർവ മനുഷ്യർക്കും ഉണ്ടാകാവുന്ന മഹാസമാധാനം എന്നുള്ളതാണ് പറയുക. ക്രിസ്‌തുവിന്റെ ആ കാലത്തുണ്ടാകുന്ന വചനം നമ്മോട് സംസാരിക്കുന്നത് സർവജനത്തിനും ഉണ്ടാകുന്ന മഹാസന്തോഷമായ സമാധാനത്തെക്കുറിച്ചാണ്. സമാധാനം വലിയ പ്രസക്തമായ കാലഘട്ടത്തിലാണ് നാം ക്രിസ്‌മസ് ആഘോഷിക്കുന്നത്. കാരണം ലോകത്ത് ഒരു വിഭാഗം ആൾക്കാർ ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലൂടെ കടന്നുപോകുമ്പോൾ തിരുപ്പിറവി ആഘോഷിക്കപ്പെടേണ്ട ഇടങ്ങളിലൊക്കെ, സർവ സാഹോദര്യവും സമാധാനവുമൊക്കെ നമ്മോട് പറഞ്ഞ ക്രിസ്‌തുവിനെ മറന്നുകൊണ്ടുള്ള ഒരു ക്രിസ്‌മസ് ആയിട്ടാണ് ഇത്തവണ എനിക്ക് തോന്നിയിട്ടുള്ളത്. കാരണം ക്രിസ്‌തുവിന്റെ ചിന്തകളും ദർശനങ്ങളുമൊക്കെ ഘോഷിക്കപ്പെടേണ്ട ഇടങ്ങളിൽ അത് തമസ്‌കരിക്കുന്നു. ക്ഷമിക്കാനും സഹിക്കാനും ശത്രുവിനെ സ്‌നേഹിക്കാനും ശത്രുവിന് മേശ ഒരുക്കാനും പറഞ്ഞിട്ടുള്ള ക്രിസ്‌തുവിന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു. ആ തരത്തിലാണ് ലോകത്തിന്റെ പോക്ക്. പ്രത്യേകിച്ച് ജറുസലേമിൽനിന്നുമൊക്കെയുള്ള സന്ദേശങ്ങൾ നമുക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ് ക്രിസ്‌മസ് ആഘോഷിക്കുന്നത് എന്നുള്ളത് ഈ നൂറ്റാണ്ടിലെ ചരിത്രപരമായ ഒരു ചോദ്യമാണ്. ക്രിസ്‌മസ് വെറുമൊരു ആഘോഷമായിട്ടുമാത്രമായി കാണുകയും യഥാർഥമായ ക്രിസ്‌തുവിന്റെ അനുഭവം മറക്കുകയും ചെയ്യുന്നു.
ഒരുപക്ഷേ ക്രിസ്‌തു ജനിച്ചില്ലായിരുന്നുവെങ്കിൽ സ്‌നേഹമാണ് ദൈവമെന്ന് നാം അറിയുമായിരുന്നില്ല. മറ്റെന്തെങ്കിലുമായിരിക്കും സ്‌നേഹമെന്നു പറഞ്ഞേനേ. സ്‌നേഹത്തിനെക്കുറിച്ച് ഏറ്റവും നല്ല ഭാഷയിൽ സംസാരിച്ച ഒരാളാണ് ക്രിസ്‌തു. അദ്ദേഹത്തിന്റെ പിറവി ആഘോഷിക്കുന്ന ഈ സമയത്ത് പരസ്‌പരം സ്‌നേഹിക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണം വളരെ പ്രസക്‌തമാണ്. മനുഷ്യർക്ക് പരസ്‌പരം സ്‌നേഹിക്കാൻ കഴിയാതെ വരുന്ന ഘട്ടത്തിൽ എല്ലാ ആഘോഷങ്ങളും അപ്രസക്‌തമാകുകയാണ്.
ക്രിസ്‌തുവിന്റെ ജനനത്തിലൂടെയാണ് ശത്രുവിനെ സ്‌നേഹിക്കുകയെന്ന സന്ദേശം ഉയരുന്നത്. അല്ലെങ്കിൽ ഇന്നും ശത്രുവിനെ സ്‌നേഹിക്കാൻ കഴിയില്ല. ഇസ്രയേലിന്റെമാത്രം കാര്യമല്ല; മൊത്തമായി മനുഷ്യരുടെ ജാതി, മതം, രാഷ്‌ട്രീയം എന്നിവയൊക്കെ ചിന്തിച്ച് മനുഷ്യന് പരസ്‌പരം സ്‌നേഹിക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ് നാം പോകുന്നത്. നമ്മുടെയൊക്കെ മനസ്സിൽ ക്രിസ്‌തു യഥാർഥമായി പിറക്കുന്നത് മറ്റുള്ളവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ്. അതാണ് ക്രിസ്‌മസ് നൽകുന്ന ഏറ്റവും വലിയ സന്ദേശം.
കുട്ടിക്കാലത്ത് ഓണവും ക്രിസ്‌മസുമെല്ലാം കിട്ടുന്ന അവധിക്കാലമാണ്. എല്ലാത്തിനുമുള്ള ഒരുക്കമുണ്ട്. ക്രിസ്‌മസ് വിളക്കുകൾ ഉണ്ടാക്കൽ. മുള കീറി വർണക്കടലാസുകൊണ്ട് ക്രിസ്‌മസ് വിളക്കുകൾ ഉണ്ടാക്കുന്നതിലെല്ലാം കുട്ടികളുടെ വലിയ ഇടപെടലുണ്ട്. മുതിർന്നവർ ഉണ്ടാക്കുമ്പോൾ കുട്ടികൾ ഭാഗഭാക്കാകും. മുട്ടത്തോടിൽ പഞ്ഞി ഒട്ടിച്ച് കളറടിച്ച് ക്രിസ്‌മസ് പാപ്പയെ ഉണ്ടാക്കുക, മുതിർന്നപ്പോൾ കാരൾ സംഘത്തിൽ പാട്ടുപാടാൻ പോകുക, അങ്ങനെ വളരെ ഇടപെടൽ ഉണ്ടാകുന്ന സമയമാണ് ക്രിസ്‌മസ്. കേരളത്തിനു പുറത്തും വിദേശത്തുമുള്ള ബന്ധുക്കളും മറ്റും അവധിക്ക് വരുന്നതും ക്രിസ്‌മസിനോ ഓണത്തിനോ ഒക്കെ ആയിരിക്കും. അതുകൊണ്ടുതന്നെ വിളക്കുകൾ നിറഞ്ഞ, വർണങ്ങളുടെ ആഘോഷമാണ് ക്രിസ്മസ്. ക്രിസ്‌ത്യൻ കുടുംബത്തിൽപ്പെട്ട എനിക്ക് പാടാനൊന്നും അറിയില്ലായിരുന്നുവെങ്കിലും പള്ളിയിൽ ക്വയറിൽ പാട്ടു പഠിക്കാനും പാടാനുമൊക്കെ പോയിരുന്നു.
ക്രിസ്‌തു സ്നേഹമല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഒരു ക്രിസ്‌തുമതവിശ്വാസി ആകില്ലായിരുന്നു. സ്‌നേഹം എന്ന ഉദാത്തമായ വികാരത്തെക്കുറിച്ച് ലോകത്തോട് ആദ്യമായി സംസാരിച്ച വ്യക്‌തി ക്രിസ്‌തുവായിരുന്നു. ബുദ്ധൻ ക്ഷമയെക്കുറിച്ച് പഠിപ്പിച്ചു. സ്‌നേഹമാണ് ദൈവമെന്ന് പഠിപ്പിച്ചതും ശത്രുവിനെയും സ്‌നേഹിക്കണമെന്ന വലിയ തത്വചിന്ത മനുഷ്യരിലേക്ക് പടർത്തിയതും ക്രിസ്‌തുവാണ്. അതിനുശേഷമാണ് മറ്റുള്ള പല മഹാന്മാരും അതുമായി ബന്ധപ്പെട്ട പല കാര്യവും പറഞ്ഞതും. പിന്നീട് മാർക്‌സിയൻ ചിന്തകളിൽ ഒരാൾ മറ്റൊരാൾക്കു വേണ്ടി കരുതുകയെന്ന തത്വങ്ങളിലുമൊക്കെ ക്രിസ്‌തുവിന്റെ ദർശനം കാണാം. അതാണ് ഞാൻ ക്രിസ്‌തുവിനെ മനസ്സിൽ കൊണ്ടുനടക്കാനുള്ള മുഖ്യകാരണം. നന്മ സമൂഹത്തിന് ഏറ്റവും ആവശ്യമാണ്. രണ്ടോ മൂന്നോ പേർക്ക് ഒരു ബസിൽ ഒരുമിച്ചിരുന്ന് പോകണമെന്നുണ്ടെങ്കിൽപ്പോലും ഉള്ളിൽ നന്മ വേണം. എന്റെ സിനിമകളിലും കഥകളിലുമെല്ലാം അത് നിഴലിക്കുന്നുവെങ്കിൽ അത് ക്രിസ്‌തുവിന്റെ സ്വാധീനംതന്നെയാണ്.
ഇത്തരത്തിൽ സമൂഹത്തിനെ ചേർത്തുനിർത്താൻ, പ്രത്യേകിച്ച് പാർശ്വവൽക്കരിക്കപ്പെട്ട അന്ധനും ദരിദ്രനും കുഷ്‌ഠരോഗികളും വേശ്യാസ്‌ത്രീകളുമൊക്കെ പുറന്തള്ളപ്പെട്ട ഘട്ടത്തിൽ അവരെ ചേർത്തുനിർത്താനും അവരെ സ്‌പർശിക്കാനും കഴിയുന്ന സാമൂഹ്യബോധം പകർന്നത് ക്രിസ്‌തുവാണ്. അവിടെയാണ് ക്രിസ്‌തുവിന്റെ പ്രസക്‌തി.
ലോകം മുഴുവൻ മാനവികത വെല്ലുവിളി നേരിടുന്ന കാലത്താണ് നാം ഇത്തവണ ക്രിസ്‌മസ് ആഘോഷിക്കുന്നത്. മൂന്നു മാസത്തോളമായി ക്രിസ്‌തു പിറന്ന മണ്ണിൽ യുദ്ധം നടക്കുകയാണ്. അതിനുംമുമ്പ് തുടങ്ങിയ മറ്റൊരിടത്ത് യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ലോകസമാധാനത്തെക്കുറിച്ച് സംസാരിച്ചവരുടെയൊക്കെ വാക്കുകൾ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു. അവിടെ പ്രതികരണംപോലുമില്ല. ഈയൊരു സാഹചര്യത്തിൽ സ്നേഹത്തിന്റെ സന്ദേശമുയർത്തി, മാനവരാശിയുടെ ഒരുമയ്ക്കായി നമുക്ക് ക്രിസ്മസ് ആഘോഷിക്കാം. ആ സ്നേഹ സന്ദേശം തന്നെയാണ് ക്രിസ്മസിന്റെ പ്രസക്തി.
https://www.deshabhimani.com/post/20231224_11250/blessy
