2023, ഡിസംബർ 24, ഞായറാഴ്‌ച

സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു

https://deshabhimani.com/
സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു
വെബ് ഡെസ്ക്  Mon, 25 Dec 2023 01:01AM IST
സ്‌നേഹത്തിന്റെ ജന്മദിനം - ബ്ലസി എഴുതുന്നു
Share:

ക്രിസ്‌മസ്‌ ലോകം മുഴുവൻ ആഘോഷിക്കുന്ന സമയങ്ങളിലൂടെയാണ്‌ നാമിപ്പോൾ കടന്നുപോകുന്നത്‌. പക്ഷേ, ലോകത്തെക്കുറിച്ച്‌ മൊത്തമായി നമ്മൾ ചിന്തിക്കുമ്പോൾ, ക്രിസ്‌തുവിനെക്കുറിച്ചും ക്രിസ്‌മസിനെക്കുറിച്ചും പറയുമ്പോൾ സർവ മനുഷ്യർക്കും ഉണ്ടാകാവുന്ന മഹാസമാധാനം എന്നുള്ളതാണ്‌ പറയുക. ക്രിസ്‌തുവിന്റെ ആ കാലത്തുണ്ടാകുന്ന വചനം നമ്മോട്‌ സംസാരിക്കുന്നത്‌ സർവജനത്തിനും ഉണ്ടാകുന്ന മഹാസന്തോഷമായ സമാധാനത്തെക്കുറിച്ചാണ്‌. സമാധാനം വലിയ പ്രസക്തമായ കാലഘട്ടത്തിലാണ്‌ നാം ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. കാരണം ലോകത്ത്‌ ഒരു വിഭാഗം ആൾക്കാർ ഭയത്തിന്റെയും ഭീതിയുടെയും നാളുകളിലൂടെ കടന്നുപോകുമ്പോൾ തിരുപ്പിറവി ആഘോഷിക്കപ്പെടേണ്ട ഇടങ്ങളിലൊക്കെ, സർവ സാഹോദര്യവും സമാധാനവുമൊക്കെ നമ്മോട്‌ പറഞ്ഞ ക്രിസ്‌തുവിനെ മറന്നുകൊണ്ടുള്ള ഒരു ക്രിസ്‌മസ്‌ ആയിട്ടാണ്‌ ഇത്തവണ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കാരണം ക്രിസ്‌തുവിന്റെ ചിന്തകളും ദർശനങ്ങളുമൊക്കെ ഘോഷിക്കപ്പെടേണ്ട ഇടങ്ങളിൽ അത്‌ തമസ്‌കരിക്കുന്നു. ക്ഷമിക്കാനും സഹിക്കാനും ശത്രുവിനെ സ്‌നേഹിക്കാനും ശത്രുവിന്‌ മേശ ഒരുക്കാനും പറഞ്ഞിട്ടുള്ള ക്രിസ്‌തുവിന്റെ സ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു. ആ തരത്തിലാണ്‌ ലോകത്തിന്റെ പോക്ക്‌. പ്രത്യേകിച്ച്‌ ജറുസലേമിൽനിന്നുമൊക്കെയുള്ള സന്ദേശങ്ങൾ നമുക്ക്‌ ലഭിച്ചു കൊണ്ടിരിക്കുന്നത്‌. ഇങ്ങനെയുള്ള കാലഘട്ടത്തിലാണ്‌  ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌ എന്നുള്ളത്‌ ഈ നൂറ്റാണ്ടിലെ ചരിത്രപരമായ ഒരു ചോദ്യമാണ്‌. ക്രിസ്‌മസ്‌ വെറുമൊരു ആഘോഷമായിട്ടുമാത്രമായി കാണുകയും യഥാർഥമായ ക്രിസ്‌തുവിന്റെ അനുഭവം മറക്കുകയും ചെയ്യുന്നു.

ഒരുപക്ഷേ ക്രിസ്‌തു ജനിച്ചില്ലായിരുന്നുവെങ്കിൽ സ്‌നേഹമാണ്‌  ദൈവമെന്ന്‌ നാം അറിയുമായിരുന്നില്ല. മറ്റെന്തെങ്കിലുമായിരിക്കും സ്‌നേഹമെന്നു പറഞ്ഞേനേ. സ്‌നേഹത്തിനെക്കുറിച്ച്‌ ഏറ്റവും നല്ല ഭാഷയിൽ സംസാരിച്ച ഒരാളാണ്‌ ക്രിസ്‌തു. അദ്ദേഹത്തിന്റെ പിറവി ആഘോഷിക്കുന്ന ഈ സമയത്ത്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയാതെ പോകുന്നതിന്റെ കാരണം വളരെ പ്രസക്‌തമാണ്‌. മനുഷ്യർക്ക്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയാതെ വരുന്ന ഘട്ടത്തിൽ എല്ലാ ആഘോഷങ്ങളും അപ്രസക്‌തമാകുകയാണ്‌. 

ക്രിസ്‌തുവിന്റെ ജനനത്തിലൂടെയാണ്‌  ശത്രുവിനെ സ്‌നേഹിക്കുകയെന്ന സന്ദേശം ഉയരുന്നത്‌. അല്ലെങ്കിൽ ഇന്നും ശത്രുവിനെ സ്‌നേഹിക്കാൻ കഴിയില്ല. ഇസ്രയേലിന്റെമാത്രം കാര്യമല്ല; മൊത്തമായി മനുഷ്യരുടെ ജാതി, മതം, രാഷ്‌ട്രീയം എന്നിവയൊക്കെ ചിന്തിച്ച്‌  മനുഷ്യന്‌ പരസ്‌പരം സ്‌നേഹിക്കാൻ കഴിയാത്ത കാലഘട്ടത്തിലൂടെയാണ്‌ നാം പോകുന്നത്‌. നമ്മുടെയൊക്കെ മനസ്സിൽ ക്രിസ്‌തു യഥാർഥമായി പിറക്കുന്നത്‌ മറ്റുള്ളവരെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുമ്പോഴാണ്‌. അതാണ്‌ ക്രിസ്‌മസ്‌ നൽകുന്ന ഏറ്റവും വലിയ സന്ദേശം.

കുട്ടിക്കാലത്ത്‌ ഓണവും ക്രിസ്‌മസുമെല്ലാം കിട്ടുന്ന അവധിക്കാലമാണ്‌. എല്ലാത്തിനുമുള്ള ഒരുക്കമുണ്ട്‌. ക്രിസ്‌മസ്‌ വിളക്കുകൾ ഉണ്ടാക്കൽ. മുള കീറി വർണക്കടലാസുകൊണ്ട്‌ ക്രിസ്‌മസ്‌ വിളക്കുകൾ ഉണ്ടാക്കുന്നതിലെല്ലാം കുട്ടികളുടെ വലിയ ഇടപെടലുണ്ട്‌. മുതിർന്നവർ ഉണ്ടാക്കുമ്പോൾ കുട്ടികൾ ഭാഗഭാക്കാകും. മുട്ടത്തോടിൽ പഞ്ഞി ഒട്ടിച്ച്‌ കളറടിച്ച്‌ ക്രിസ്‌മസ്‌ പാപ്പയെ ഉണ്ടാക്കുക, മുതിർന്നപ്പോൾ കാരൾ സംഘത്തിൽ പാട്ടുപാടാൻ പോകുക, അങ്ങനെ വളരെ ഇടപെടൽ ഉണ്ടാകുന്ന സമയമാണ്‌ ക്രിസ്‌മസ്‌. കേരളത്തിനു പുറത്തും വിദേശത്തുമുള്ള ബന്ധുക്കളും മറ്റും അവധിക്ക്‌ വരുന്നതും ക്രിസ്‌മസിനോ ഓണത്തിനോ ഒക്കെ ആയിരിക്കും.  അതുകൊണ്ടുതന്നെ വിളക്കുകൾ നിറഞ്ഞ,     വർണങ്ങളുടെ ആഘോഷമാണ്‌ ക്രിസ്മസ്‌.  ക്രിസ്‌ത്യൻ കുടുംബത്തിൽപ്പെട്ട എനിക്ക്‌ പാടാനൊന്നും അറിയില്ലായിരുന്നുവെങ്കിലും പള്ളിയിൽ ക്വയറിൽ പാട്ടു പഠിക്കാനും പാടാനുമൊക്കെ പോയിരുന്നു. 

ക്രിസ്‌തു സ്നേഹമല്ലായിരുന്നുവെങ്കിൽ ഞാൻ ഒരിക്കലും ഒരു ക്രിസ്‌തുമതവിശ്വാസി ആകില്ലായിരുന്നു. സ്‌നേഹം എന്ന ഉദാത്തമായ വികാരത്തെക്കുറിച്ച്‌ ലോകത്തോട്‌ ആദ്യമായി സംസാരിച്ച വ്യക്‌തി ക്രിസ്‌തുവായിരുന്നു. ബുദ്ധൻ ക്ഷമയെക്കുറിച്ച്‌ പഠിപ്പിച്ചു. സ്‌നേഹമാണ്‌ ദൈവമെന്ന്‌ പഠിപ്പിച്ചതും ശത്രുവിനെയും സ്‌നേഹിക്കണമെന്ന വലിയ തത്വചിന്ത മനുഷ്യരിലേക്ക്‌ പടർത്തിയതും ക്രിസ്‌തുവാണ്‌. അതിനുശേഷമാണ്‌ മറ്റുള്ള പല മഹാന്മാരും അതുമായി ബന്ധപ്പെട്ട പല കാര്യവും പറഞ്ഞതും. പിന്നീട്‌ മാർക്‌സിയൻ ചിന്തകളിൽ  ഒരാൾ മറ്റൊരാൾക്കു വേണ്ടി കരുതുകയെന്ന തത്വങ്ങളിലുമൊക്കെ  ക്രിസ്‌തുവിന്റെ ദർശനം കാണാം. അതാണ്‌ ഞാൻ ക്രിസ്‌തുവിനെ മനസ്സിൽ കൊണ്ടുനടക്കാനുള്ള മുഖ്യകാരണം. നന്മ സമൂഹത്തിന്‌ ഏറ്റവും ആവശ്യമാണ്‌. രണ്ടോ മൂന്നോ പേർക്ക്‌ ഒരു ബസിൽ ഒരുമിച്ചിരുന്ന്‌ പോകണമെന്നുണ്ടെങ്കിൽപ്പോലും ഉള്ളിൽ നന്മ വേണം. എന്റെ സിനിമകളിലും കഥകളിലുമെല്ലാം അത്‌ നിഴലിക്കുന്നുവെങ്കിൽ അത്‌ ക്രിസ്‌തുവിന്റെ സ്വാധീനംതന്നെയാണ്‌.

ഇത്തരത്തിൽ സമൂഹത്തിനെ ചേർത്തുനിർത്താൻ, പ്രത്യേകിച്ച്‌ പാർശ്വവൽക്കരിക്കപ്പെട്ട അന്ധനും ദരിദ്രനും കുഷ്‌ഠരോഗികളും വേശ്യാസ്‌ത്രീകളുമൊക്കെ പുറന്തള്ളപ്പെട്ട ഘട്ടത്തിൽ അവരെ ചേർത്തുനിർത്താനും അവരെ സ്‌പർശിക്കാനും കഴിയുന്ന സാമൂഹ്യബോധം പകർന്നത്‌ ക്രിസ്‌തുവാണ്‌. അവിടെയാണ്‌ ക്രിസ്‌തുവിന്റെ പ്രസക്‌തി. 

ലോകം മുഴുവൻ മാനവികത വെല്ലുവിളി നേരിടുന്ന കാലത്താണ്‌ നാം ഇത്തവണ ക്രിസ്‌മസ്‌ ആഘോഷിക്കുന്നത്‌. മൂന്നു മാസത്തോളമായി ക്രിസ്‌തു പിറന്ന മണ്ണിൽ യുദ്ധം നടക്കുകയാണ്‌. അതിനുംമുമ്പ്‌ തുടങ്ങിയ മറ്റൊരിടത്ത്‌ യുദ്ധം ഇനിയും അവസാനിച്ചിട്ടില്ല. ലോകസമാധാനത്തെക്കുറിച്ച്‌ സംസാരിച്ചവരുടെയൊക്കെ വാക്കുകൾ നഷ്‌ടമായിക്കൊണ്ടിരിക്കുന്നു. അവിടെ പ്രതികരണംപോലുമില്ല.  ഈയൊരു സാഹചര്യത്തിൽ സ്നേഹത്തിന്റെ സന്ദേശമുയർത്തി, മാനവരാശിയുടെ ഒരുമയ്ക്കായി നമുക്ക് ക്രിസ്മസ് ആഘോഷിക്കാം. ആ സ്നേഹ സന്ദേശം തന്നെയാണ് ക്രിസ്മസിന്റെ പ്രസക്തി.

https://www.deshabhimani.com/post/20231224_11250/blessy


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ