2023, ഡിസംബർ 24, ഞായറാഴ്‌ച

ക്രിസ്മസിന്റെ മതനിരപേക്ഷ ചാരുത

സമാധാനം, സാഹോദര്യം, സ്നേഹം തുടങ്ങി മാനവികതയുടെ അമൂല്യ സന്ദേശവുമായി ലോകം വീണ്ടുമൊരു ക്രിസ്മസ് ആഘോഷിക്കുകയാണ്.  മലയാളികൾ മതഭേദമന്യേ കൊണ്ടാടുന്ന ക്രിസ്മസ് അതിനാൽ തന്നെ നമ്മുടെ മതനിരപേക്ഷ സംസ്കാരത്തിന്റെ പ്രതീകവും കൂടിയാണ്. ക്രിസ്മസിന്റെ വരവ് വിളിച്ചോതി കേരളക്കരയിലെ ഓരോ വീട്ടിലും തെളിഞ്ഞു കത്തുന്ന നക്ഷത്ര വിളക്കുകൾ അതിന്റെ പ്രകാശിക്കുന്ന തെളിവുകളാണ്. ഓണവും വിഷുവും ക്രിസ്മസും റംസാനും ഒരേ നിറവിൽ ആഘോഷമാക്കുന്ന മലയാളിയുടെ മതനിരപേക്ഷ മനസ്സിന്റെ തെളിവ്.

കേരളത്തിന്റെ  ഈ മതനിരപേക്ഷ അടിത്തറ പക്ഷേ ചിലർക്ക് കണ്ണിലെ കരടാണ്. തങ്ങളുടെ വർഗീയ, വിദ്വേഷ രാഷ്ട്രീയം ഇവിടെ വേരു പിടിക്കാത്തതിനു കാരണം കേരളത്തിന്റെ മതനിരപേക്ഷ സംസ്കാരമാണെന്ന് അറിയുന്ന ബിജെപി, മലയാളി ഒറ്റ മനസ്സോടെ ആഘോഷിക്കുന്ന ക്രിസ്മസ് വേളയെ, ആ ഒരുമ തകർക്കുകയെന്ന അജൻഡ നടപ്പാക്കാനുള്ള അവസരമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നു. ക്രിസ്ത്യൻ ഭവനങ്ങളിലും പള്ളികളിലും ബിഷപ്പുമാരുടെ അരമനകളിലും "ക്രിസ്മസിന്റെ സ്നേഹ സന്ദേശവു'മായി ബിജെപി നേതാക്കൾ നടത്തുന്ന സന്ദർശനം  ക്രിസ്മസ് മുന്നോട്ടുവയ്ക്കുന്ന സാഹോദര്യത്തിന്റെ സന്ദേശത്തിന് നിരക്കുന്നതല്ലാതാകുന്നത് അതിൽ ഒളിഞ്ഞിരിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്കു കൊണ്ടാണ്.

ബിജെപിയടങ്ങുന്ന സംഘപരിവാറിന്റെ ആശയ അടിത്തറയായ വിചാരധാര മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും കമ്യൂണിസ്റ്റുകാരെയും ഇന്ത്യയുടെ "ആഭ്യന്തര ഭീഷണി' യായാണ് വിലയിരുത്തുന്നത്. "ജീവകാരുണ്യ' ത്തിന്റെ മുഖംമൂടിയണിഞ്ഞ് അധാർമികവും രാഷ്ട്രീയവുമായ തന്ത്രങ്ങൾ മെനയുന്നവരെന്ന് സംഘപരിവാറിന്റെ "ഗുരുജി' ആയ ഗോൾവാൾക്കർ രചിച്ച വിചാരധാര ക്രൈസ്തവരെ ആക്ഷേപിക്കുന്നു. ക്രൈസ്തവർ ന്യൂനപക്ഷമായ വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ സംഘപരിവാർ സംഘടനകൾ പിന്തുടർന്നു പോരുന്ന ക്രൈസ്തവവിരുദ്ധ അതിക്രമങ്ങൾ അവർ ക്രൈസ്തവരെ "ഭീഷണി' യായിത്തന്നെയാണ് കാണുന്നതെന്ന് തെളിയിക്കുന്നു.

ഒഡിഷയിലെ മനോഹർ പുർ ഗ്രാമത്തിൽ 1999 ജനുവരി 22ന് പത്തും ആറും വയസ്സുള്ള രണ്ടു മക്കൾക്കൊപ്പം ചുട്ടു കൊല്ലപ്പെട്ട  ഗ്രഹാം സ്റ്റെയ്ൻസ് മുതൽ നരേന്ദ്ര മോദി സർക്കാർ തടവിലാക്കി പീഡിപ്പിച്ചു കൊന്ന ഫാദർ സ്റ്റാൻ സ്വാമിവരെയുള്ള സുവിശേഷ പ്രവർത്തകർ സംഘപരിവാറിന്റെ "ക്രൈസ്തവ പ്രേമ' ത്തിന്റെ സമീപകാല തെളിവുകളായി നമ്മുടെ മുന്നിലുണ്ട്. ഒഡിഷയിലെ തന്നെ  കണ്ഡമലിൽ 2007ലെ ക്രിസ്മസ് കാലത്ത് ക്രൈസ്തവരെ ലക്ഷ്യംവച്ച് നടന്ന ഏകപക്ഷീയമായ കലാപത്തിൽ തകർക്കപ്പെട്ടത് നൂറോളം ആരാധനാലയങ്ങൾ. കോൺവെന്റുകളും ക്രൈസ്തവ സ്ഥാപനങ്ങളും  ക്രൈസ്തവ ഭവനങ്ങളും തുടച്ചുനീക്കി പ്രദേശം ക്രൈസ്തവ മുക്തമാക്കുകയെന്ന ഉദ്ദേശ്യത്തിൽ നടന്ന കലാപം ലക്ഷ്യം കണ്ടുവെന്ന് ചരിത്രം. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ജാർഖണ്ഡ്, ഛത്തീസ്ഗഢ്‌ സംസ്ഥാനങ്ങളിൽ ക്രൈസ്തവ ആരാധനാലയങ്ങൾ തകർക്കുന്നതടക്കമുള്ള ആക്രമണങ്ങൾ നിരന്തരമായി നടക്കുന്നു. ദരിദ്രർക്കും ദളിതർക്കും ആദിവാസികൾക്കുമിടയിൽ സാമൂഹ്യസേവനം നടത്തുന്ന കന്യാസ്ത്രീകൾ അടങ്ങുന്ന മിഷനറി പ്രവർത്തകരെ മതംമാറ്റം ആരോപിച്ച് സംഘപരിവാർ സംഘടനകൾ ആക്രമിക്കുന്നത് കുത്തക കമ്പനികളും വൻകിട ഭൂവുടമകളും അടങ്ങുന്ന ചൂഷകവർഗത്തിനു വേണ്ടിയാണെന്നത് പലപ്പോഴും പുറംലോകം അറിയുന്നില്ല.

പ്രധാനമന്ത്രി മോദിയുടെ ഗുജറാത്തിലടക്കം ക്രിസ്മസ് ആഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയ "പരിവാറിൽ' പെട്ട ബിജെപി, കേരളത്തിൽ ക്രിസ്മസ് കാലത്ത് സ്നേഹസന്ദേശവുമായി അരമനകളും പള്ളികളും ക്രൈസ്തവ വീടുകളും കയറിയിറങ്ങുന്നത് കാണുമ്പോൾ ആട്ടിൻ തോലിട്ട ചെന്നായയുടെ കഥ ആർക്കെങ്കിലും ഓർമ വന്നാൽ അവരെ കുറ്റം പറയാനാകില്ല. സംഘപരിവാറിന്റെ വിദ്വേഷ രാഷ്ട്രീയം അപരന്മാരായി മുദ്രകുത്തി വേട്ടയാടുന്ന മുസ്ലിങ്ങൾക്കെതിരെ, ഒരു കൂട്ടുകക്ഷിയെയാണ് അവർ ക്രൈസ്തവരിൽ തിരയുന്നത്. ഇത്തരം കുത്സിത രാഷ്ട്രീയം  ഇവിടെ വിലപ്പോകില്ലെന്ന്  മതനിരപേക്ഷ സംസ്കാരത്തെ മുലപ്പാലിനൊപ്പം നുണഞ്ഞ ഓരോ മലയാളിയും പലവട്ടം സംഘപരിവാറിന് താക്കീത് നൽകിയതുമാണ്.

ഉദാത്തമായ മാനവികതയുടെ പ്രകാശനവേളകളാകേണ്ട ക്രിസ്മസ് പോലുള്ള സന്ദർഭങ്ങൾ ദുഷ്ടവും സങ്കുചിതവുമായ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി ദുരുപയോഗിക്കുന്നവരുടെ യഥാർഥ മുഖം വിവേകികളായ മതമേലധ്യക്ഷന്മാർ അടക്കമുള്ള ക്രൈസ്തവസമൂഹം തിരിച്ചറിയുന്നുണ്ട്. കുളം കലക്കി മീൻ പിടിക്കാനുള്ള ശ്രമങ്ങൾ അർഹിക്കുന്ന അവഗണനയോടെ അവർ തള്ളിക്കളയുകയും ചെയ്യുന്നു.

മുൻ വർഷങ്ങളിലെപോലെതന്നെ ക്രിസ്മസ് കൈപൊള്ളാതെ ആഘോഷിക്കാൻ വേണ്ടതെല്ലാം ഒരുക്കാൻ ഇക്കുറിയും കേരളത്തിലെ എൽഡിഎഫ് സർക്കാരിന് കഴിഞ്ഞുവെന്നത് കടുത്ത സാമ്പത്തിക ഞെരുക്കത്തിന്റെ സാഹചര്യത്തിൽ അഭിനന്ദനാർഹമാണ്. ഉത്സവവേളകളിൽ ഉണ്ടായേക്കാവുന്ന  പൊതുവിപണിയിലെ വിലക്കയറ്റം ഒഴിവാക്കാൻ സഹകരണ ചന്തകളിലൂടെ സാധ്യമായി. 965 രൂപ വിലയുള്ള സാധനങ്ങൾ  462.50 രൂപയ്ക്ക് ലഭ്യമാക്കിയ ജില്ലാ ആസ്ഥാനങ്ങളിലെ സപ്ലൈകോ സഹകരണ ചന്ത ക്രിസ്മസ് തലേന്നും തുറന്ന് പ്രവർത്തിച്ചു. പൊതു വിപണിയേക്കാൾ വലിയ വിലക്കുറവിൽ സഹകരണ ചന്തകളിൽ സബ്സിഡി –- സബ്‌സിഡി ഇതര സാധനങ്ങൾ ലഭ്യമാക്കാനായി. സപ്ലൈകോയുടെ ആയിരത്തറുനൂറിലേറെ ഔട്ട്‌ലെറ്റുകളിലും വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാക്കിയതോടെ ക്രിസ്മസ് ഷോപ്പിങ്ങിലെ ആശങ്ക അകന്നു.

ലോകമെങ്ങും ക്രൈസ്തവർ ക്രിസ്മസ് ആഘോഷിക്കുമ്പോൾ മലയാളികൾ അതിൽ പങ്കുചേരുന്നത് ഒരൊറ്റ മനസ്സോടെയാണ്. യേശുക്രിസ്തു ഉദ്ഘോഷിച്ച മഹത്തായ മാനവിക മൂല്യങ്ങളുടെ അന്തസ്സത്ത ഉൾക്കൊള്ളാനുള്ള വിശാല മനസ്ഥിതിയുടെ പ്രതിഫലനമാണത്. അതിനാൽതന്നെ മലയാളികളേവരും  ക്രിസ്മസിന്റെ ആഹ്ലാദാഘോഷങ്ങളുടെ അവകാശികളുമാണ്. ഏവർക്കും സന്തോഷ
പൂർണമായ ക്രിസ്മസ് ആശംസ...

https://www.deshabhimani.com/post/20231224_11247/deshabhimani-editorial-christmas




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ