ക്സരൈസ്തവ മുദായം അവഗണിക്കപ്പെടുന്നതിന്റെ കെണികളും തന്ത്രങ്ങളും കേരള ക്രൈസ്തവ സമൂഹത്തിനു മുന്നിലേക്ക് തുറന്നുവച്ച ആദ്യ ലേഖനം. പല സാമൂഹിക മാറ്റങ്ങൾക്കും തിരിച്ചറിവിനും ഈ ലേഖനം പിന്നീടു വഴിയൊരുക്കി)
1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന് നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്ത്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് പ്രവര്‍ത്തനം ആരംഭിക്കുന്നത്. തുടര്‍ന്ന് 1993 ഒക്ടോബര്‍ 22ന് പ്രസിദ്ധീകരിച്ച എക്സ്ട്രാ ഓര്‍ഡിനറി ഗസറ്റിലൂടെ നിയമത്തിലെ ‘ന്യൂനപക്ഷം’ എന്ന നിര്‍വചനത്തില്‍ വരുന്ന മതവിഭാഗങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചു. അതു പ്രകാരം മുസ്ലിം, ക്രിസ്ത്യന്‍, സിക്ക്, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ ആണ് രാജ്യത്ത് ‘ന്യൂനപക്ഷ’ മതവിഭാഗങ്ങൾ. 2014 ജനുവരി 27നു പ്രസിദ്ധീകരിച്ച മറ്റൊരു അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെ ജൈന വിഭാഗത്തെയും ന്യൂനപക്ഷത്തില്‍ ഉള്‍പ്പെടുത്തി. 2006ല്‍ ന്യൂനപക്ഷവുമായി ബന്ധപ്പെട്ടകാര്യങ്ങള്ക്കു മാത്രമായി മൻമോഹന്‍സിംഗിന്റെ നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ന്യൂനപക്ഷ കാര്യ മന്ത്രാലയം(Ministry of Minority Affairs) സ്ഥാപിച്ചു. 2008ല്‍ കേരളത്തില്‍ പൊതുഭരണ വകുപ്പിനു കീഴില്‍ ന്യൂനപക്ഷ സെല്‍ പ്രവര്‍ത്തനം തുടങ്ങുകയും ക്രമേണ ന്യൂനപക്ഷക്ഷേമ വകുപ്പ് രൂപീകരിക്കപ്പെടുകയും ചെയ്തു. 2014ല്‍ മാത്രമാണ് കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന് നിലവില്‍ വരുന്നത്. കേരള സര്‍ക്കാരിന്റെ വെബ്സൈറ്റ് ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ രൂപീകരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്. “As a part of implementing Justice Rajindar Sachar Committee Report and Paloli Muhammed Kutty Committee report, a Minority Cell was constituted under General Administration Department in 2008. Subsequently a Minority Welfare Department was constituted in the State. ” രാജ്യത്തെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച സച്ചാര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടും സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് കേരളത്തിലെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിച്ച പാലോളി മുഹമ്മദ് കുട്ടി കമ്മീഷന് റിപ്പോര്‍ട്ടുമാണ് കേരളത്തില്‍ ന്യൂനപക്ഷ ക്ഷേമകാര്യ വകുപ്പ് തുടങ്ങാനുള്ള പ്രധാന കാരണം!
ഇതരന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു ആരും പ്രത്യേകിച്ചു പഠിച്ചില്ല എന്നു ചുരുക്കം. അതുകൊണ്ടു തന്നെ ന്യൂനപക്ഷക്ഷേമ വകുപ്പ് നിലവിൽ വന്നതിന്റെ ഗുണം ആർജിച്ചെടുക്കാൻ എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും കഴിഞ്ഞോ എന്നതും സംശയം.
അതിനാൽ, ചില വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നേടാന്‍ ലേഖകന്‍ ശ്രമിച്ചിരുന്നു. എന്നാൽ, എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി ലഭ്യമായിട്ടില്ല. എങ്കിലും ലഭ്യമായ വിവരങ്ങൾ ഈ രംഗത്തു പരിഹരിക്കപ്പെടേണ്ട ഗൗരവതരമായ അസമത്വം ഉണ്ടെന്നു ചൂണ്ടിക്കാട്ടുന്നാണ്.
ന്യൂനപക്ഷം
“ന്യൂനപക്ഷ ക്ഷേമ പരിപാടികളില്‍ ഏതെങ്കിലും വിഭാഗത്തിന് പ്രത്യേക മുന്‍ഗണന നല്‍കണമെന്ന് കേന്ദ്രത്തിന്റെയോ കേരള സംസ്ഥാനത്തിന്റെയോ ഏതെങ്കിലും ഉത്തരവുകള്‍ ഉണ്ടോ? ഉണ്ടെങ്കില്‍ പ്രസ്തുത ഉത്തരവിന്റെ/ഉത്തരവുകളുടെ വിശദാംശങ്ങള്‍ നല്‍കുക” എന്ന ചോദ്യത്തിനു ലഭിച്ച മറുപടി ഇങ്ങനെ “സച്ചാര്‍ കമ്മീഷന് റിപ്പോര്‍ട്ട് കേരളത്തില്‍ നടപ്പാക്കാൻ ശ്രീ പാലൊളി മുഹമ്മദ് കുട്ടി അധ്യക്ഷനായ കമ്മിറ്റി കേരളത്തിലെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥയെക്കുറിച്ചു പഠിക്കുകയും റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആ വിഭാഗങ്ങള്‍ക്കായി പദ്ധതികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കിയിട്ടുള്ളത്. പിന്നീട് ടി ആനുകൂല്യങ്ങള്‍ മറ്റ് ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും 80 :20 അനുപാതത്തില്‍ നല്കി വരുന്നുണ്ട്”. പദ്ധതികളില്‍ 80 ശതമാനം വിഹിതവും ഒരു വിഭാഗത്തിനു ലഭിക്കുന്പോൾ കേവലം 20 ശതമാനം മാത്രമാണ് മറ്റ് അഞ്ചു ന്യൂനപക്ഷ മതവിഭാഗങ്ങള്ക്കുംകൂടി നീക്കിവച്ചിട്ടുള്ളതെന്നാണ് ഈ മറുപടിയിൽനിന്നു വ്യക്തമാകുന്നത്.
കണക്കുകള്‍ പറയട്ടെ!
വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളില്‍നിന്നു ലഭ്യമായ കണക്കുകള്‍ പരിശോധിച്ചാല്‍ ന്യൂനപക്ഷങ്ങളിൽ ഒരു വിഭാഗം കൂടുതൽ പരിഗണിക്കപ്പെടുകയും മറ്റുള്ളവർ താരതമ്യേന അവഗണിക്കപ്പെടുകയും ചെയ്യുന്നതായി കാണാം. ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിധവ/വിവാഹ മോചിത/ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഭവന നിര്‍മാണ പദ്ധതി പ്രകാരം സഹായം നല്കിയിരിക്കുന്നതിന്റെ വിവരങ്ങള്‍ പട്ടിക 1ല്‍ നല്‍കിയിട്ടുണ്ട്. 2016-17ല്‍ 985 മുസ്ലിം സ്ത്രീകള്‍ക്ക് ഈ ആനുകൂല്യം നേടിയെടുത്തപ്പോൾ വെറും 284 ക്രിസ്ത്യന്‍ വനിതകൾക്കു മാത്രമാണ് ഈ ആനുകൂല്യം നേടിയെടുക്കാൻ കഴിഞ്ഞത്.
മുന്‍ വര്‍ഷങ്ങളിലും ഇതേ പദ്ധതിയില്‍ ഈ അസമത്വം കാണാൻ കഴിയും. സ്വകാര്യ ഐടിസികളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിലെ കുട്ടികള്‍ക്ക് ഫീ-റീ-ഇമ്പേഴ്സ്മെന്റ് നല്കുന്ന പദ്ധതിപ്രകാരം സഹായം നല്കിയിരിക്കുന്നതിന്റെ പട്ടികയിലും ന്യൂനപക്ഷവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിന് ഷോര്‍ട്ട് ടേം റിസര്‍ച്ച് ഫെല്ലോഷിപ്പ് നല്കുന്ന പദ്ധതിയില്‍പ്പെടുത്തി സഹായം നല്കിയിരിക്കുന്നതിന്റെ വിവരങ്ങളും സമാന സ്ഥിതിയിലുള്ളതാണ്.
ന്യൂനപക്ഷ വിഭാഗത്തിലെ യുവജനങ്ങള്‍ക്കു വിവിധ മത്സരപരീക്ഷകള്‍ക്കു പരിശീലനം നല്‍കുന്നതിനായി മലപ്പുറം ജില്ലയില്‍ നാലും മറ്റു ജില്ലകളില്‍ ഒന്നു വീതവും പരിശീലന കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഒരു കേന്ദ്രത്തില്‍ അഞ്ചു ജീവനക്കാര്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്നവരായി നിലവിലുണ്ട്. ഈ കേന്ദ്രങ്ങള്‍ എല്ലാം നടത്താൻ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗത്തിലെ സംഘടനകൾക്കു മാത്രമാണ് അവസരം കിട്ടിയത്. ഈ സെന്ററുകളുടെ പേര് മുസ്ലിം യുവജനങ്ങള്‍ക്കായുള്ള കോച്ചിംഗ് സെന്ററുകള്‍ (Coaching Centres for Muslim Youth) എന്നാണ്. ഇവിടെയും 100 പേര്‍ക്കു പരിശീലനം നല്കുമ്പോള് 20 പേർ മാത്രമാണ് മറ്റു ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് അവസരം കിട്ടുന്നത്. ഈ സെന്ററിൽ ജോലി ലഭിച്ചിട്ടുള്ളവരുടെ വിവരങ്ങൾ വിവരാവകാശ മറുപടിയിൽ നൽകിയില്ല എന്നതും ശ്രദ്ധേയം.
ക്ഷേമപദ്ധതികളിലെ നീതി
അനീതി ഒഴിവാക്കാനാണ് ക്ഷേമപദ്ധതികൾ നടപ്പാക്കുന്നത്. പക്ഷേ, നടപ്പാക്കുന്പോൾ അതു ചില വിഭാഗങ്ങളോടുള്ള അനീതിയായി മാറിയാലോ?
ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നതാണ്. 2008-09 വര്‍ഷം മുതലാണ് ഈ പദ്ധതി ആരംഭിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിനനുസരിച്ചാണ് വിവിധ വിഭാഗങ്ങള്‍ക്കായി നല്‍കേണ്ട സ്കോളര്‍ഷിപ്പുകളുടെ എണ്ണം നിശ്ചയിച്ചിരിക്കുന്നത്. ഓരോ വര്‍ഷവും 2,15,670 പുതിയ സ്കോളര്‍ഷിപ്പുകളാണ് ഒന്നുമുതല്‍ 10 വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്കായി കേരളത്തിനു ലഭിക്കുന്നത്. ഓരോ വര്‍ഷവും സ്കോളര്‍ഷിപ്പ് ലഭിക്കുന്ന കുട്ടികള്‍ക്കു തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് പുതുക്കി ലഭിക്കുകയും ചെയ്യും. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അനുവദിക്കുന്ന കുട്ടികളുടെ എണ്ണം സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം 2017-18 വര്‍ഷത്തില്‍ കേരളത്തില്‍ 1,21,705 മുസ്ലിം കുട്ടികള്‍ക്കും 93,808 ക്രിസ്ത്യന്‍ കുട്ടികള്‍ക്കും 43 സിക്ക് കുട്ടികള്‍ക്കും 31 ബുദ്ധമതക്കാരായ കുട്ടികള്‍ക്കും 70 ജൈനമതക്കാരായ കുട്ടികള്‍ക്കും 13 പാഴ്സി കുട്ടികള്‍ക്കും പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് ലഭിക്കും.
ഓരോ സംസ്ഥാനത്തെയും ജനസംഖ്യയ്ക്ക് അനുസരിച്ചു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കു സഹായം അനുവദിക്കുന്ന രീതി ലിസ്റ്റ് പരിശോധിക്കുമ്പോള്‍ മനസിലാകും. പ്രീമെട്രിക് സ്കോളര്‍ഷിപ്പിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നീതിപുലര്‍ത്തുന്നുണ്ടെങ്കിലും പൊതുവേ കേന്ദ്രപദ്ധതികളില്‍ ആ നീതിയൊന്നുമില്ലാ എന്നതാണ് വാസ്തവം. പല പദ്ധതികളും ചില വിഭാഗങ്ങൾക്കു മാത്രം ഗുണകരമായി മാറുന്നതാണ്. കൂടാതെ, മദ്രസ അധ്യാപകര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കുക, മദ്രസ ബിരുദത്തിനു സര്‍വകലാശാലാ ബിരുദ തുല്യത നല്‍കുക, ഉര്‍ദു, അറബി ഭാഷാ പഠനത്തിനു പ്രത്യേക സഹായങ്ങള്‍ നല്‍കുക എന്നിങ്ങനെ ഒട്ടേറെ ക്ഷേമപദ്ധതികള്‍ വേറെയും നിലവിലുണ്ട്.
കേരളാ ന്യൂനപക്ഷകമ്മീഷന്റെ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പട്ടികയില്‍ 2011ലെ സെന്‍സസ് വിവരമനുസരിച്ചു കേരളത്തിലെ ജനസംഖ്യയില്‍ 54.73% ഹിന്ദുക്കളും 26.56% മുസ്ലിംകളും 18.38% ക്രിസ്ത്യാനികളും 0.01% സിക്കുകാരും 0.01% ബുദ്ധമതക്കാരും 0.01% ജൈനമതക്കാരുമാണ്. ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും ജനസംഖ്യയിലുള്ള വ്യത്യാസം 8.18 ശതമാനം. അപ്പോള്‍ 55:44:1 എന്ന അനുപാതം എങ്കിലും മുസ്ലിം ക്രിസ്ത്യന്‍ മറ്റു ന്യൂനപക്ഷസമുദായങ്ങള്‍ എന്നിങ്ങനെ അനുപാതം പാലിച്ചു നടപ്പാക്കിയെങ്കിൽ മാത്രമേ എല്ലാവർക്കും അതിന്റെ ഗുണം ലഭ്യമാകൂ. ഇപ്പോഴുള്ള അനുപാതം 80 :20 എല്ലാവർക്കും ഗുണപരമായി മാറുന്നില്ലെന്നു ചുരുക്കം.
ഇങ്ങനെ പിന്തള്ളിപ്പോകുന്ന ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷ വിഭാഗങ്ങൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. ആനുകൂല്യങ്ങളെക്കുറിച്ചു ബോധവത്കരിക്കാനും അധികാരികളെ അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി നേടിയെടുക്കാനും സമുദായ നേതാക്കൾ അടുക്കമുള്ളവർ മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഈ പിന്നോക്കാവസ്ഥ പരിഹരിക്കപ്പെടുകയില്ല.
പിന്നോക്കാവസ്ഥയും ക്രൈസ്തവരും
മുസ്ലിം സമുദായത്തിന്റെ പിന്നോക്കാവസ്ഥയെക്കുറിച്ചുള്ള സച്ചാര്‍, പാലോളി കമ്മീഷന് റിപ്പോര്‍ട്ടുകള്‍ പ്രകാരമാണ് അവർക്കു കൂടുതൽ പരിഗണന വരുന്നതെന്നു പലരും ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ സര്‍ക്കാര്‍ ജോലിക്ക് 12 ശതമാനം സംവരണം നാളുകളായി മുസ്ലിംകള്ക്ക് ലഭിക്കുന്നുണ്ട്. എന്നാൽ, ലത്തീന്‍ കത്തോലിക്കര്‍ക്കും ആംഗ്ലോ ഇന്ത്യന്സിനുംകൂടി നാലു ശതമാനവും സംവരണത്തിന്റെ പേരില്‍ എപ്പോഴും പഴി കേള്‍ക്കുന്ന പട്ടികജാതിക്ക് എട്ടു ശതമാനവും പട്ടികവര്‍ഗത്തിന് രണ്ടു ശതമാനവും മാത്രമാണ് കേരളത്തില്‍ നിലവിലുള്ള സംവരണം.
ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥ മാത്രം പഠിച്ചാൽ മതിയോ? കേരളത്തിലെ ക്രൈസ്തവരുടെ പിന്നോക്കാവസ്ഥയെക്കുറിച്ചും പഠിക്കേണ്ടതല്ലേ? പഠിക്കാന്‍ കമ്മീഷനെ വയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകേണ്ടതല്ലേ? വിദ്യാഭ്യാസ, കാര്‍ഷിക വായ്പയെടുത്തു കടക്കെണിയിലായ ആയിരക്കണക്കിനു ക്രൈസ്തവർ ഈ നാട്ടിലുണ്ട്. ഇവരെ രക്ഷിക്കാനും ന്യൂനപക്ഷ ക്ഷേമവകുപ്പ് പദ്ധതികൾ ആവിഷ്കരിക്കേണ്ടതല്ലേ? കഴിവുണ്ടായിട്ടും സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് അകറ്റി നിര്‍ത്തപ്പെടുന്ന ക്രൈസ്തവ യുവാക്കളെ എങ്ങനെയാണ് സര്‍ക്കാര്‍ സഹായിക്കുക? നാട്ടില്‍ തൊഴില്‍ ലഭിക്കാത്തതിനാല്‍ പ്രവാസികളാക്കപ്പെടുന്ന ക്രിസ്ത്യന്‍ യുവത്വത്തിന്റെയും ചെറുപ്പക്കാര്‍ പ്രവാസികളാക്കപ്പെടുമ്പോള്‍ നാട്ടില്‍ ഒറ്റപ്പെട്ടു പോകുന്ന വയോധിക സമൂഹത്തിന്റെയും പ്രശ്നങ്ങള്‍ പഠിക്കാനും പരിഹാരം നിര്‍ദേശിക്കാനും ന്യൂനപക്ഷ കമ്മീഷനോ ഡിപ്പാര്‍ട്ട്മെന്റോ സന്നദ്ധരാകേണ്ടതല്ലേ? ക്രൈസ്തവ യുവാക്കളില്‍ സംരഭകത്വം വളര്‍ത്താനും സ്വയം തൊഴില്‍ വായ്പ്കള്‍ നല്‍കാനും സംവിധാനമുണ്ടാകണം. കേരളാ സ്റ്റേറ്റ് മൈനോറിറ്റീസ് ഡെവലപ്പ്മെന്റ് ഫിനാന്‍സ് കോര്പ്പറേഷന് കുറഞ്ഞ പലിശയ്ക്ക് സ്വയം തൊഴില്‍ വായ്പകള്‍ നല്‍കുന്നുണ്ട്. എന്നാൽ, ഇതിന്റെ പ്രയോജനവും ക്രൈസ്തവർക്കു നാമമാത്രമാണെന്നതാണ് സത്യം. (പട്ടിക 4 കാണുക.)
ചെറിയ വലിയ തിരുത്ത്
കേരളത്തില്‍ ന്യൂനപക്ഷ കമ്മീഷന് സ്ഥാപിച്ചുകൊണ്ടുള്ള ഉത്തരവില്‍ ‘ഒരു ന്യൂനപക്ഷ സമുദായാംഗം ചെയര്‍ പേഴ്സണ്‍ ആയും, ‘മറ്റൊരു’ ന്യൂനപക്ഷ സമുദായാംഗം അംഗമായും ഒരു ന്യൂനപക്ഷ സമുദായത്തില്‍നിന്നുള്ള സ്ത്രീ വനിതാ അംഗമായും കമ്മീഷന് രൂപികരിക്കുന്നു എന്നായിരുന്നു പ്രസ്താവിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ ഉത്തരവില്‍ ചെറിയ ഒരു വ്യത്യാസം വരുത്തി ‘ഓര്‍ഡിനന്‍സ്’ ഇറക്കുകയും പിന്നീട് ആ നിയമഭേദഗതി നിയമസഭയില്‍ പാസാക്കുകയും ചെയ്തു. നിയമത്തിലെ മേല്നിര്ദേശത്തിലുള്ള ‘മറ്റൊരു’ എന്നതിനെ ‘ഒരു’ എന്നാക്കിയ ‘ചെറിയ’ ആ ‘തിരുത്ത്’ കൈയടിച്ചു പാസാക്കിയവര്‍ അതിനു പിന്നിലെ അനീതി തിരിച്ചറിഞ്ഞതേയില്ല അഥവാ അറിഞ്ഞതായി ഭാവിച്ചില്ല. ‘മറ്റൊരു’ എന്നത് ‘ഒരു’ ആകുമ്പോള്‍ കമ്മീഷന് അംഗങ്ങള്‍ എല്ലാവരും ഒരു വിഭാഗത്തിൽനിന്നു മാത്രമായാലും നിയമപരമായി തെറ്റല്ലാതാവും. ഇങ്ങനെയൊരു പഴുത് ഉണ്ടാക്കിയത് ന്യൂനപക്ഷങ്ങളുടെ പൊതുനന്മയ്ക്ക് ഉതകുന്നതാണോയെന്നു വിലയിരുത്തേണ്ടതാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ചെയര്‍മാനു സംസ്ഥാന ചീഫ് സെക്രട്ടറിയുടെയും മെമ്പര്‍മാര്‍ക്ക് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെയും സ്റ്റാറ്റസും ശമ്പളവും അലവന്‍സുകളും ലഭിക്കുന്നുണ്ടെന്നും കമ്മീഷന് മെമ്പറുടെ പ്രതിമാസ ശമ്പളം രണ്ടു ലക്ഷം രൂപയ്ക്കു മുകളില്‍ ആണെന്നുംകൂടി തിരിച്ചറിയുക.
ഉണരേണ്ട സമയം
ഒരു ന്യൂനപക്ഷ സമുദായമെന്ന നിലയില്‍ നിലനില്‍പ്പിന് അത്യാവശ്യമായ സ്വത്വബോധവും സംഘടനാ ബോധവും ക്രൈസ്തവർക്കു നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണോയെന്നു സംശയിക്കണം. സമുദായത്തിന്റെ കാര്യം സംസാരിക്കുന്നവരെ വര്‍ഗീയവാദികളായി മുദ്രകുത്താനും സഭയെയും നേതാക്കളെയും വിമര്‍ശിച്ചു പുരോഗമനവാദികളായി ചമയാനുമാണ് മിക്കവരും ഉത്സാഹം കാണിക്കുന്നത്.
ക്രൈസ്തവർ അടക്കം ഒാരോ ന്യൂനപക്ഷ വിഭാഗങ്ങളും തങ്ങളുടെ നിലനില്‍പ്പിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങള്‍ തിരിച്ചറിയാനും അവയ്ക്കു പരിഹാരം കാണാനും ജാഗ്രത കാണിക്കേണ്ടിയിരിക്കുന്നു. പല തൊഴിൽ മേഖലകളിലും ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷങ്ങൾ ഇല്ലാതായി മാറുകയാണ്.
സര്‍ക്കാര്‍ ജോലികളില്‍ അവസരം കുറയുന്നു. ക്രൈസ്തവ യുവത്വം പ്രവാസികളാകേണ്ടി വരുന്നു. സമുദായത്തിനു വാര്‍ധക്യം ബാധിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാൽ ക്രൈസ്തവ സാന്നിധ്യം ഒട്ടേറെ മേഖലകളില്‍ മങ്ങിമങ്ങി ഇല്ലാതാവുകയാണ്. കഴിഞ്ഞ തലമുറയുടെ ദീര്‍ഘവീക്ഷണത്തിന്റെയും ത്യാഗത്തിന്റെയും ഫലം ആവോളം അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ച നമുക്ക് അടുത്ത തലമുറയോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെ കടന്നുപോകാന്‍ സാധിക്കില്ല. അതു മറക്കാതിരിക്കാം, ജാഗ്രത കാണിക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ