2023, ഒക്‌ടോബർ 29, ഞായറാഴ്‌ച

എപ്പിസ്കോപ്പമാർ മാത്രം ചേർന്നാൽ സഭയാകില്ല. ഇവർ യോഗ്യൻ എന്ന് അർത്ഥമുള്ള "ഓക്സിയോസ് " ഏറ്റ് ചൊല്ലുന്ന അൽമായർ കൂടി ചേരുമ്പോളാണ് സഭക്ക് പൂർണ്ണത ലഭിക്കുന്നത്.

നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയുടെ ഫേസ് ബുക്ക് ഔദ്യോദിക പേജിൽ ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തോട് ചോദിച്ച ചോദ്യങ്ങളാണ് താഴെ കൊടുത്തിട്ടുള്ളത്.
പൗരോഹിത്യ സ്വത്തധികാര അഹന്തയുടെ ചങ്ക് പിളർക്കുന്ന, ഇനിയും ഉത്തരം ലഭിക്കാത്ത ചോദ്യങ്ങൾ അവസാനിക്കുന്നത് ഇങ്ങനെയാണ്.

"സ്വന്തം വിശ്വാസികളെ അംഗീകരിക്കാൻ മടിയുള്ളവർ,  വിശ്വാസികൾ പള്ളി ഭണ്ഡാരത്തിൽ  സമർപ്പിക്കുന്ന   ക്ലാവുപിടിച്ച നാണയത്തുട്ടുകളും , വിയർപ്പ് ഗന്ധമുള്ള നോട്ടുകളും , പിടിയരി പിടിച്ച് ഉണ്ടാക്കിയെടുത്ത  വസ്തുവകകളും  കൂടി പാടെ  അവഗണിക്കണം. 
എന്നിട്ട് വേണം എല്ലാം പിടിച്ചടക്കാൻ ഇറങ്ങേണ്ടത് ".

ഇത് നെടുമാവ് പള്ളി ഇടവകാംഗങ്ങളുടെ മാത്രം സ്വകാര്യ ദുഖമായി അവഗണിച്ച് തള്ളേണ്ട വിഷയമല്ല.
"കൂദാശ കഴിഞ്ഞാൽ പള്ളിയും സ്വത്തുക്കളും, നേർച്ചപ്പണവും എപ്പിസ്കോപ്പക്ക് "എന്ന ക്ളാവ് പിടിച്ച കാലഹരണപ്പെട്ട  മാടമ്പി ജന്മിത്വ സമ്പ്രദായത്തെ ഇപ്പോഴും പൂവിട്ട് പൂജിക്കുന്ന കേരളത്തിലെ എല്ലാ എപ്പിസ്കോപ്പൽ സഭകളിലെയും തുല്യ ദുഃഖിതരായ അൽമായ സമൂഹങ്ങളിലെ നെടുമാവ്  പള്ളി ഇടവകാംഗങ്ങളോട് ഐക്യദാർഡ്യം പ്രകടിപ്പിക്കണം.

പരുമല  പള്ളിയിലേക്ക് വ്രണിത മനസ്സുകളുമായി  ഇടവകാംഗങ്ങൾ നടത്തുന്ന  തീർത്ഥ യാത്ര ഒരു പുതിയ സമര പ്രതീകമാണ്. മലങ്കര അസോസിയേഷന് രൂപം നൽകിയ മുളന്തുരുത്തി അസോസിയേഷനിൽ ഇടവക പള്ളി എന്ന നിലയിലായിരുന്നു പരുമല സെന്റ് പീറ്റേഴ്സ് പള്ളി പ്രതിനിധികൾ പങ്കെടുത്തത്. ഇന്ന് പരുമല പള്ളി ഇടവക പള്ളിയല്ല. ഇടവകാംഗങ്ങൾക്ക് ആത്മീയ കർമ്മങ്ങൾ മാത്രം ലഭിക്കും. സ്വത്ത് ഭരണാധികാരം പൂർണ്ണമായി ഇപ്പോൾ മെത്രാൻ ട്രസ്റ്റിന്റെ നിയന്ത്രണത്തിലായി.  സ്വത്തധികാരം പൂർണ്ണമായി നഷ്ടപ്പെട്ട് വ്രണിത മനസ്സുകളുമായി കഴിയുന്ന പരുമല സെന്റ് പീറ്റേഴ്സ് പള്ളി ഇടവകാംഗങ്ങളുടെ, സ്കൂൾ സ്വത്തധികാരം നഷ്ടപ്പെടുന്ന നെടുമാവ് പള്ളി ഇടവകാംഗങ്ങളും തുല്യ ദുഖിതരാണ്. 

പൗരോഹിത്യ മാടമ്പിമാർ ഒരു കാര്യം ഓർമ്മിക്കണം
എപ്പിസ്കോപ്പമാർ മാത്രം ചേർന്നാൽ സഭയാകില്ല. ഇവർ യോഗ്യൻ എന്ന് അർത്ഥമുള്ള  "ഓക്സിയോസ് " ഏറ്റ് ചൊല്ലുന്ന അൽമായർ കൂടി ചേരുമ്പോളാണ് സഭക്ക് പൂർണ്ണത ലഭിക്കുന്നത്.

സ്വത്തധികാരം നഷ്ടപ്പെടുന്ന പരുമലയിലെയും, നെടുമാവിലെയും ഇടവകാംഗങ്ങളുടെ ചുടു കണ്ണുനീർത്തുള്ളികളിലെ തീപ്പൊരികൾ മഹാഗ്നിയായി പടർന്ന് എപ്പിസ്കോപ്പൽ മേധാവിത്വ സ്വത്ത് ഭരണ സംവിധാനം ചാമ്പലാക്കുന്ന സുദിനങ്ങൾ അകലെയല്ല.

ഇനി താഴെ നെടുമാവ് പള്ളി ഇടവകാംഗങ്ങൾ സഭാ നേതൃത്വത്തോട് ചോദിച്ച ചോദ്യങ്ങൾ താഴെ വായിക്കാം

"നെടുമാവ് സെൻറ് പോൾസ് പള്ളിയുടെ വകയായുള്ള വാഴൂർ സ്കൂൾ പുരയിടത്തിന്റെ ഉടമസ്ഥത സംബന്ധിച്ചു ചില കാര്യങ്ങൾ കൂടി പറയേണ്ടതുണ്ട്.

 1.കോർപ്പറേറ്റ് മാനേജർ അഭിവന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത നെടുമാവ് പള്ളിക്കെതിരെയും വികാരിക്കെതിരെയും കൈക്കാരനെതിരെയും നേടിയ ഇഞ്ചക്ഷൻ ഓർഡറിനെ പറ്റി മലങ്കര ഓർത്തഡോക്സ് സഭയിലെ മറ്റ് മെത്രാപ്പോലീത്തമാരുടെ നിലപാട് എന്താണ് ?

2. ഇഞ്ചക്ഷൻ മൂലം പ്രവേശനം നിരോധിച്ചതോടെ സ്കൂൾ കവാടത്തിനടുത്ത്   നിർമ്മിച്ചിരിക്കുന്ന പരിശുദ്ധ പരുമല കൊച്ചു തിരുമേനിയുടെ കുരിശും തൊട്ടിയിൽ  ഇടവകക്കാർ നടത്തിവരാറുള്ള ആരാധനകൾ നിഷേധിക്കപ്പെട്ടതിനെക്കുറിച്ച് മലങ്കര ഓർത്തഡോക്സ് സഭയിലെ ഇതര മെത്രാപ്പോലീത്തന്മാരുടെ നിലപാട് എന്താണ് ?

3.സഭയിലെ മെത്രാപ്പോലീത്തമാർക്ക് എതിരെ നിരവധി കേസുകൾ പലയിടത്തും ഉണ്ടായിട്ടുണ്ടെങ്കിലും സഭയിലെ ഒരു മെത്രാപ്പോലീത്ത വിശ്വാസികൾക്ക്  ആരാധന സ്വാതന്ത്ര്യം നിഷേധിച്ചുകൊണ്ട് ഇഞ്ചക്ഷൻ ഓർഡർ നേടിയതായി മുൻപ് ആരെങ്കിലും കേട്ടിട്ടുണ്ടോ ?

4.വാഴൂർ എൽ പി സ്കൂളിന്റെ തുടക്കക്കാർ 1930 ൽ മറ്റൊരു ക്രിസ്ത്യൻ വിഭാഗത്തിന്  ഈ സ്കൂൾ വിലക്ക് വിൽക്കാൻ തുടങ്ങിയപ്പോൾ അതറിഞ്ഞ് ഓർത്തഡോക്സ് സഭയുടെ സ്വത്തായി ആ സ്കൂൾ 400 രൂപക്ക്  വിലയ്ക്ക് വാങ്ങി നെടുമാവ്  പള്ളിക്ക് നൽകിയ ഞങ്ങളുടെ വന്ദ്യ  കരിങ്ങാണാമറ്റത്തിൽ അച്ചൻറെയും , ഞങ്ങളുടെ പൂർവികരുടെ ആത്മാക്കളെയും  കോടതി വ്യവഹാരം നൽകിയതിലൂടെ  അപമാനിക്കുകയല്ലേ?

5. സ്ക്കൂൾ നടത്തുന്ന കോർപ്പറേറ്റ് മാനേജ്മെന്റിന്  ലഭിക്കുന്ന തുകയുടെ വിഹിതം പള്ളിയുടെ വികസനത്തിന് തരികയോ നെടുമാവിലെ  ഇടവകാംഗങ്ങൾക്ക് ജോലിയിൽ സംവരണമോ മറ്റാനു കൂല്യങ്ങളോ നാളിതുവരെ നൽകിയിട്ടുണ്ടോ?

6. ഒരു പുരയിടത്തിന്റെ സർക്കാരിൻറെ പക്കൽ ഉള്ള ഔദ്യോഗിക രേഖയാണ് തണ്ടപ്പേർ രജിസ്റ്റർ (അഥവാ BTR ). ആ തണ്ടപ്പേർ രജിസ്റ്ററിലും സർക്കാരിൻറെ മറ്റു  റവന്യൂ രേഖകളിലും അതിലുപരി നാളിതുവരെ വില്ലേജിൽ കരമടയ്ക്കുകയും ചെയ്ത നെടുമാവ്  പള്ളിക്കാർ കോർപ്പറേറ്റ് മാനേജ് മെറ്റിന്റെ ഭീഷണികൾക്ക്  മുന്നിൽ അടിയറവ് വച്ച് കീഴടങ്ങണമോ?

7. പാമ്പാടി കോളേജിൽ നിന്നും പ്രീഡിഗ്രി വേർപെടുത്തിയപ്പോൾ എന്തുകൊണ്ടാണ് കോർപ്പറേറ്റ് മാനേജ്മെൻറ് തൊട്ടടുത്തുള്ള വാഴൂർ ഹൈസ്കൂളിന് പ്ലസ് ടു അനുവദിക്കാതിരുന്നത് ?കിട്ടേണ്ടിയിരുന്ന ആ സൗകര്യം സഭയുടെ മറ്റ് സ്കൂളിന് നൽകിയ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ ഇപ്പോഴത്തെ പ്ലസ് ടു പ്രേമം നമ്മൾ തിരിച്ചറിയേണ്ടതുണ്ട്. പിന്നീട് ഒരു പഞ്ചായത്തിൽ ഒരു പ്ലസ്ടൂ സ്കൂൾ എന്ന നിയമം വന്നതോടെ അത്തരം സാദ്ധ്യതകളും അടഞ്ഞു.
അതേപോലെ പ്ലസ് ടു വരുമെന്ന് ആഗ്രഹിച്ച് നിർമ്മിച്ച  ഫർണിച്ചറുകളും മറ്റും സ്കൂളിൽനിന്ന് അന്നത്തെ കോർപ്പറേറ്റ് മാനേജർ എടുത്തുകൊണ്ടുപോയത് നെടുമാവ്കാർ മറന്നിട്ടില്ല. ഇതൊക്കെയാണ് യാഥാർത്ഥ്യം എന്നിരിക്കെ വികസനത്തിന്റെ പേര് പറഞ്ഞ് പള്ളി വക സ്കൂൾ പുരയിടം സ്വന്തമാക്കാൻ ശ്രമിക്കുന്ന കോർപ്പറേറ്റ് മാനേജ്മെന്റിനെതിരെ കൂടുതൽ ജാഗ്രതയോടെ നിൽക്കേണ്ടതുണ്ട്.. നെടുമാവ് പള്ളി ഒരു വികസനത്തിനും എതിരു നിന്നിട്ടില്ല എന്നത് മാത്രമല്ല സ്കൂളിന് വേണ്ടി  പള്ളിയെക്കൊണ്ട് കഴിയുന്നത് നാളിതുവരെ ചെയ്തിട്ടുമുണ്ട്.

സ്വന്തം വിശ്വാസികളെ അംഗീകരിക്കാൻ മടിയുള്ളവർ,  വിശ്വാസികൾ പള്ളി ഭണ്ഡാരത്തിൽ  സമർപ്പിക്കുന്ന   ക്ലാവുപിടിച്ച നാണയത്തുട്ടുകളും , വിയർപ്പ് ഗന്ധമുള്ള നോട്ടുകളും , പിടിയരി പിടിച്ച് ഉണ്ടാക്കിയെടുത്ത  വസ്തുവകകളും  കൂടി പാടെ  അവഗണിക്കണം. 
എന്നിട്ട് വേണം എല്ലാം പിടിച്ചടക്കാൻ ഇറങ്ങേണ്ടത്...
https://m.facebook.com/story.php?story_fbid=6813911362031281&id=100002374551852&mibextid=Nif5oz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ