2023, ഒക്‌ടോബർ 19, വ്യാഴാഴ്‌ച

ഓർത്തഡോക്സ് സഭാ ഭരണഘടനാ വിഷമുള്ളുകൾ നെടുമാവ് പള്ളിക്ക് പാരയാകുന്നു.

ഗബ്രിയേൽ മോർഗ്രിഗോറിയോസിനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് മെത്രാൻ ട്രസ്റ്റിനെയും അതിനെ നിയന്ത്രിക്കുന്ന സുന്നസദോസ് സെക്രട്ടറിയും, കോട്ടയം ഭദ്രാസന മെത്രാനുമായ യൂഹാനോൻ ദിയോസ്കോറിയോസിനെയും, വാഴൂർ സ്വദേശി കൂടിയായ മലങ്കര മെത്രാൻ മത്തായി മുന്നാമനെയും വെള്ള പൂശി പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ്  സ്കൂൾ ഉടമാവകാശം നഷ്ടപ്പെട്ട പാവം നെടുമാവ് പള്ളിക്കാർ ഇപ്പോഴും ധരിച്ചിരിക്കുന്നത്. ഇനി അവർ ആരോപിക്കുന്നത് പോലെ ഗബ്രിയേൽ ഗ്രീഗോറിയോസ് ആണ് കുറ്റവാളിയെങ്കിൽ സഭാ ഭരണഘടന പ്രകാരം അപ്പീൽ നൽകേണ്ടത് മെത്രാപോലീത്തൻ  ട്രസ്റ്റിനെ നിയന്ത്രിക്കുന്ന സുന്നദോസിനാണ്. അൽമായർക്ക് യാതൊരു പങ്കാളിത്തവും ഇല്ലാത്ത മെത്രാൻ സമിതിയിൽ നിന്ന് നീതിപൂർവ്വകമായ തീരുമാനം ഉണ്ടാകുമെന്ന് എങ്ങനെ പ്രതീക്ഷിക്കും. തിരുവനന്തപുരം ഭദ്രാസനത്തിലെ ചില പള്ളിസ്വത്തുക്കൾ അന്യാധീനപ്പെടുത്തിയതായി ഇടവകാംഗങ്ങൾ മെത്രാനെതിരെ നൽകിയ പരാതി ചുരുട്ടി കൂട്ടി ഓടയിലെറിഞ്ഞ് മെത്രാന് സംരക്ഷണ കവചം ഒരുക്കിയ മെത്രാൻ സിനഡിൽ നിന്ന് ഇക്കാര്യത്തിലും മറിച്ചൊരു നിലപാട് പ്രതീക്ഷിക്കേണ്ടതില്ല.

2017 ലെ വിധിയെ തുടർന്ന് മുവാറ്റുപുഴ അരമനയും, സ്വത്തുക്കളും മലങ്കര മെത്രാന് എഴുതി കൊടുക്കണമെന്ന മെത്രാൻ ട്രസ്റ്റ് നിർദ്ദേശം നടപ്പാക്കാതെ കണ്ടനാട് ഈസ്റ്റ് മെത്രാൻ തോമസ് അത്താനാസിയോസ് ഇപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്.

ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ചെയർമാനായ നിയമ പരിഷ്കാര കമ്മീഷൻ തയ്യാറാക്കിയ ചർച്ച് ആക്ട് നിയമമാക്കാതെ പൗരോഹിത്യ ജന്മിമാരുടെ  ഇത്തരം അധിനിവേശ ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കാൻ അൽമായർക്ക് കഴിയില്ല.
മത്തായി മൂന്നാമൻ കാതോലിക്കക്ക് സിന്താബാദ് വിളിച്ച് മത്തായി മൂന്നാമൻ കാതോലിക്കയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന അൽമായരുടെ സ്വത്തുകളിൽ നടത്തുന്ന അധിനിവേശത്തെ എങ്ങനെ ചെറുക്കാൻ കഴിയും.?
പൗരോഹിത്യ ജന്മിത്വത്തിന്റ അടിയാന്മാർ മാത്രമാണ് 1934 ഭരണഘടന പ്രകാരം അൽമായർ എന്ന തിരിച്ചറിവാണ് നിങ്ങൾക്കുണ്ടാകേണ്ടത്.
ഓർത്തഡോക്സ് സഭയിലെയും, യാക്കോബായ സഭയിലെയും, ഇതര ക്രൈസ്തവ സഭകളിലെയും മതസ്വത്ത് ഭരണം അതിന്റെ ഉടമകളായ അൽമായർക്ക് ലഭ്യമാകുന്ന നിയമ നിർമ്മാണത്തിൽ കൂടിയല്ലാതെ ഇത്തരം അധിനിവേശങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കഴിയില്ല.

മെത്രാധിപത്യ അടിമത്വ വിരുദ്ധ ചിന്തകൾ മുമ്പും സജീവം

മലങ്കര സഭയുടെ സ്വാതന്ത്ര്യത്തിന്റെ മാഗ്നാകാർട്ടയെന്നാണ് ഓർത്തഡോക്സ് സഭാ വ്യക്താക്കൾ  സ്വന്തം ഭരണഘടനയെ വിശേഷിപ്പിക്കുന്നത്. ഓർത്തഡോക്സ് സഭാ ഭരണഘടന രൂപം കൊള്ളുന്നതിന് മുമ്പ് സഭാ ഭരണഘടനയുടെ സ്വഭാവം എന്തായിരിക്കുമെന്ന് വലിയ ചർച്ചകൾ നടന്നിരുന്നു. റോമൻ കത്തോലിക്ക സഭയുടെ പാരീസ് കാനോൻ സ്വന്തം കാനോനായി സ്വീകരിച്ച ഓർത്തഡോക്സ് സഭയുടെ പൗരോഹിത്യാധികാര  പക്ഷം റോമൻ കത്തോലിക്ക സഭയിലെ പോപ്പിന് സമാനമായ സ്വത്തധികാരം  മലങ്കര മെത്രാനും, ഇടവക മെത്രാനും വേണമെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഇതിനോട് ശക്തമായി വിയോജിക്കുന്ന അൽമായ പ്രമുഖർ ഏറെ ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് നിന്നും
 പ്രസിദ്ധീകരിച്ചിരുന്ന സുറിയാനി സഭയിലെ ചില ലേഖനങ്ങൾ ഇതിന് തെളിവാണ്. ഈ മാസികയിൽ  "നമ്മുടെ സഭ" എന്ന തലക്കെട്ടിൽ എം.വി.വർക്കി എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു.
"എന്റെ അഭിപ്രായത്തിൽ എപ്പിസ്കോപ്പൽ ഭരണം നമ്മുടെ സഭയിൽ നടപ്പാക്കുന്നത്  അന്ത്യോക്യാ പാത്രിയർക്കീസിന് ലൗകികാധികാരം  സമ്മതിച്ച് എഴുതി  കൊടുക്കുന്നതിനേക്കാൾ അപകടമാണെന്നാണ്. പാത്രിയർക്കീസ് ശീമയിൽ നിന്ന് കൽപ്പന അയച്ചാൽ എല്ലാം നടക്കുന്നതാണോ? നേരേ മറിച്ച്  പൂർണ്ണമായ എപ്പിസ്കോപ്പൽ ഭരണം മലങ്കര മെത്രാപ്പൊലീത്തായിക്കും,
അദ്ദേഹത്തിന്റെ സഹായികൾക്കും ലഭിക്കുന്ന പക്ഷം സഭയിൽ ലവലേശം സമാധാനം  ഉണ്ടാകുന്നതല്ല.അവർ കൽപ്പിക്കുന്നത് നാം അനുസരിക്കാൻ കടപ്പെട്ടവരാണ് .പക്ഷേ അനുസരിക്കാൻ മനസില്ലതാനും.അപ്പോ കൽപ്പന ലംഘനമായി, ശിക്ഷയായി, കേസായി."
തുടർന്ന് അദ്ദേഹം ഇങ്ങനെ പറയുന്നു.
"സഭയുടെ കിഴ്നടപ്പ് നോക്കിയാൽ അത് പത്രാധിപർ പറയും പ്രകാരം ജനാധിപത്യത്തിൽ അടിസ്ഥാനപ്പെടുത്തിയിരിക്കയാണെന്ന് കാണാം.മലങ്കര അർക്കദായിക്കോനെ
(പിന്നീട് മെത്രാപ്പലീത്തായെ) തിരഞ്ഞെടുക്കാനുള്ള അധികാരം മലങ്കരയിലെ പള്ളി പ്രതിപുരുഷന്മാർക്ക് അഥവാ സുന്നഹദോസിനാണെന്നതിന് ൺ സംശയമില്ലല്ലോ. ഈ സുന്നഹദോസിന് "കൂട്ടം' എന്നാണ് പണ്ടു മുതൽക്കെ പറഞ്ഞു വരുന്ന പേര്.. ഓരോ ഇടവകയിൽ നിന്ന് ഒരു പട്ടക്കാരനെയും, രണ്ട് അ അത്മേനികളെയും ഇടവകക്കാർ തിരഞ്ഞെടുത്തയക്കുന്നു. ഈ പ്യതിപുരുഷന്മാരുടെ ഭൂരിപക്ഷപ്രകാരം മെത്രാപ്പോലീത്ത തിരഞ്ഞെടുക്കപ്പെടുന്നു." "കോട്ടയത്തെ കൂട്ടം " എനിക്ക് ഓർമ്മ വച്ചതു മുതൽ കേട്ടു തുടങ്ങിയതാണ്.അതിന് വളരെ മുമ്പ് ഈ കൂട്ടം അങ്കമാലിയിൽ കൂടി പോന്നിരുന്നു. നായന്മാർക്കും, നമ്പൂതിരിമാർക്കും ഇങ്ങനെ " കൂട്ടം" ഉണ്ടായിരുന്നു. ചില കിഴക്കൻ സഭകളിൽ അന്മേനികളും ചേർന്ന് മെത്രാന്മാരെ തെരഞ്ഞെടുക്കുന്ന പതിവ് ഉണ്ടായിരുന്നു എന്ന് അഡ്രിയാൻ ഫോർട്ടസ്ക്യൂ എന്ന ചരിത്രകാരൻ  പറയുന്നുണ്ട്. പക്ഷെ ഈ സമ്പ്രദായം അവിടെ നിന്ന് ഇവിടെ വന്നു ചേർന്നതായിരിക്കാം. അതെങ്ങനെയായാലും മെത്രാന്മാരുടെ തിരഞ്ഞെടുപ്പിൽ അന്മേനിക്ക് പങ്കുണ്ടെന്ന് മാത്രമല്ല, അവരുടെ വോട്ടു പ്രകാരം സംഗതി നടക്കാത്തക്ക വിധം അവർക്കു പ്രാബല്യവും ഉണ്ടായിരുന്നു എന്നതിന് സംശയമില്ല. റോമ്മാ സഭയിലോ, ആംഗ്ലിക്കൻ സഭയിലോ ഈ സമ്പ്രദായം ഇല്ലെന്ന് സ്പഷ്ടമാണല്ലോ.ഒരു മെത്രാനെ റോമ്മാ സഭയിൽ തെരഞ്ഞെടുക്കുന്നത് പാപ്പയാണ്." സമാനമായ അധികാരം ഓർത്തഡോക്സ് സഭാ മെത്രാന്മാർക്ക്  ഭരണഘടനയിൽ കൂടി നൽകുന്നത് പരമ്പരാഗതമായി ഇടവകാംഗങ്ങൾ അനുഭവിച്ചു പോന്ന ഭരണാവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ്.

ഇതേ മാസികയിൽ ചിത്രമെഴുത്ത് കെ.എം.വറുഗീസ് ഇങ്ങനെ എഴുതുന്നു.
"യൂറോപ്യൻ യുദ്ധം, സ്വയം ഭരണവാദം, പൗര സമത്വവും,ഉദ്യോഗ ജീവിതമത്സരം, എന്നിവ കൊണ്ട് കൊച്ചി തിരുവതാംകൂർ പൗരന്മാരുടെ ഹൃദയങ്ങൾ വികസ്വരമായിട്ടുണ്ടെന്നുള്ള കഥ ആർക്കാണ് വിസ്മരിക്കാൻ കഴിയുന്നത്.
ഈ സ്വാതന്ത്ര്യങ്ങളും, നവീന ലോക ദർശനങ്ങളും മതവിഷയമായ സംഗതികളിൽ കൂടെയും ജന ഹൃദയങ്ങളെ  സ്പർശിച്ചിട്ടുണ്ട്. പൗരോഹിത്യ ദുഷ്പ്രഭുത്വശക്തിയെ ഉന്നിദ്ര ബുദ്ധിയോടു കൂടി നിരീക്ഷിച്ചു തുടങ്ങുന്ന ഇന്നത്തെ മലങ്കര സുറിയാനിക്കാരെ യാഥാസ്ഥിതിക മത ശൃംഖലകൾ കൊണ്ട് ദീർഘകാലം ബന്ധിച്ചു കൊള്ളാം  എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കിൽ അവർ മത സംബന്ധമായ ഭരണ സ്വാതന്ത്യത്തെ അഭിമുഖീകരിക്കുന്നതായ ഒരു ആഭ്യന്തര കലാപത്തിന് വഴി തെളിയിക്കയാണെന്ന് ധൈര്യപൂർവ്വം പറവാൻ കഴിയും. വൈദിക ശാസ്ത്രാനുസൃതങ്ങളായ  അലങ്കാര പ്രയോഗങ്ങളിൽ ആരാധിക്കപ്പെടുന്നതായ വൈദിക സ്വേഛാ പ്രഭുത്വത്തിൽ ജന സമുദായത്തെ കുടുക്കി ഭരിക്കാൻ ശ്രമിക്കുമ്പോൾ രാഷ്ട്രീയ സ്വാതന്ത്യത്തിലും,സമുദായ അഭിവൃദ്ധിയിലും ഉൽകണ്ഠയുള്ള ജന സഞ്ചയം യാഥാസ്ഥിതികന്മാരായ വൈദിക നേതാക്കന്മാരെ ബഹിഷ്കരിക്കാൻ ഉത്സാഹിക്കയില്ലെന്ന് എങ്ങനെ വിശ്വസിക്കാം"


ചിത്രമെഴുത്ത് കെ.എം.വുഗീസിനെ പോലെയുള്ളവർ വർഷങ്ങൾക്ക് മുമ്പ് തുടങ്ങിവച്ച മെത്രാധിപത്യ സ്വത്ത് ഭരണം സംവിധാന വിരുദ്ധ പോരാട്ടങ്ങൾക്ക് ഇന്നും ഏറെ പ്രസക്തിയുണ്ട് എന്ന് തെളിയിക്കുന്നതാണ് നെടുമാവ് സെന്റ് പോൾസ് ഓർത്തഡോക്സ് സഭാ ഇടവകാംഗങ്ങൾ ഗബ്രിയേൽ മെത്രാനെതിരെ സ്വീകരിച്ച ശക്തമായ ചെറുത്ത് നിൽപ്പ്. 

കനൽ ഒരു തരി മാത്രം മതി. ഈ കനൽ നാളെ കേരളത്തിലെ എല്ലാ ക്രൈസ്തവ സഭകളിലെയും മെത്രാധിപത്യ സ്വത്ത് ഭരണം സംവിധാനത്തിന്റെ അടിത്തറയിളക്കുന്ന ശക്തമായ ജനകീയ പോരാട്ടമായി മാറുന്ന മഹാഗ്നിയായി പടരുക തന്നെ ചെയ്യും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ