2023, ഒക്‌ടോബർ 26, വ്യാഴാഴ്‌ച

ലോകത്ത് കത്തോലിക്കാ വിശ്വാസികള്‍ കൂടി; വൈദികരും കന്യാസ്ത്രീകളും കുറഞ്ഞു

ലോകത്ത് കത്തോലിക്കാ വിശ്വാസികളുടെ എണ്ണം കൂടിയപ്പോൾ ബിഷപ്പുമാരുടെയും വൈദികരുടെയും കന്യാസ്ത്രീകളുടെയും എണ്ണം കുറഞ്ഞു. വത്തിക്കാനുകീഴിലുള്ള ഫീദസ് ന്യൂസ് ഏജൻസിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

ഒക്ടോബർ 22-ലെ ലോക മിഷൻ സൺഡേയുടെ ഭാഗമായാണ് ഇത് പ്രസിദ്ധീകരിച്ചത്. ഓരോവർഷവും റിപ്പോർട്ട് തയ്യാറാക്കാറുണ്ട്. 2020 ഡിസംബർ 31 മുതൽ 2021 ഡിസംബർ 31 വരെയുള്ള കാലയളവാണ് കണക്കിലെടുത്തത്.

137.5 കോടി കത്തോലിക്കരാണുള്ളത്. മുൻവർഷത്തെക്കാൾ 1.62 കോടി കൂടുതൽ. യൂറോപ്പ് ഒഴികെ എല്ലാ ഭൂഖണ്ഡത്തിലും വിശ്വാസികൾ കൂടി.

ബിഷപ്പുമാരുടെ എണ്ണം 23 കുറഞ്ഞ് 5340 ആയി. 2347 വൈദികർ കുറഞ്ഞ് ആകെ 4,07,872 ആയി. യൂറോപ്പിൽമാത്രം 3632 വൈദികർ കുറഞ്ഞു. ആഫ്രിക്കയിലും ഏഷ്യയിലും യഥാക്രമം 1518-ഉം 719-ഉം വീതം കൂടി. 6,08,958 കന്യാസ്ത്രീകളാണുള്ളത്. 10,588 പേർ കുറഞ്ഞിട്ടുണ്ട്. യൂറോപ്പിൽമാത്രം കുറഞ്ഞത് 7804 പേർ.

വൈദികരുടെ എണ്ണം കുറഞ്ഞതിനാൽ വൈദിക-വിശ്വാസി അനുപാതത്തിൽ വ്യത്യാസം വന്നു. ഒരു വൈദികന് 3373 വിശ്വാസി എന്നതാണ് പുതിയ സ്ഥിതി. നേരത്തേയുള്ളതിനെക്കാൾ 59 എണ്ണം കൂടുതലാണിത്. അതേസമയം, സ്ഥിരം ഡീക്കന്മാരുടെ എണ്ണം 49,176 ആയി ഉയർന്നു. മുൻകണക്ക് സൂചിപ്പിച്ചിട്ടില്ല.

ലോകത്ത് കത്തോലിക്കാ സഭയുടെ കീഴിലുള്ളത് 74,368 കിന്റർഗാർട്ടനാണ്. ഇതിൽ 75.65 ലക്ഷം (മുക്കാൽകോടി) കുട്ടികളുണ്ട്. 1,00,939 പ്രൈമറി സ്കൂളുള്ളതിൽ 3.47 കോടി കുട്ടികളുണ്ട്. 49,868 സെക്കൻഡറി സ്കൂളുകളിലായി 1.94 കോടി കുട്ടികളാണുള്ളത്. 24,83,406 ഹൈസ്കൂൾ കുട്ടികളും 39,25,325 കോളേജ് വിദ്യാർഥികളുമുണ്ട്.

5405 ആശുപത്രികളും 15,276 വയോജന കേന്ദ്രങ്ങളുമുണ്ട്. സഭയ്ക്കുകീഴിൽ 9703 അനാഥാലയങ്ങളാണുള്ളത്. കൂടുതലും ഏഷ്യയിലാണ്. 3230.

https://newspaper.mathrubhumi.com/news/world/global-catholic-population-rises-vatican-1.9017283



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ