2020, ഒക്‌ടോബർ 12, തിങ്കളാഴ്‌ച

ചർച്ച് ആക്ട് പുരോഹിതരാൽ കവർന്നെടുക്കപ്പെട്ട വിശ്വാസികളുടെ പള്ളി സ്വത്ത് ഭരണാവകാശം വീണ്ടെടുക്കാനുള്ള വിമോചന പോരാട്ടം

മലങ്കരസഭാ തർക്കങ്ങൾ സംബന്ധിച്ച സുപ്രീംകോടതി വിധി മറികടക്കാൻ  നിയമ നിർമ്മാണം എന്നത് ഭരണഘടനാ വിരുദ്ധമെന്ന ഗീബൽസിയൻ കള്ളങ്ങളാണ് ഓർത്തഡോക്സ് സഭാ നേതൃത്വം സർക്കാരിനെയും , ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കാൻ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. 

ക്രൈസ്തവ സഭകൾക്ക് ബാധകമായ സമഗ്ര സ്വത്തു ഭരണ നിയമം കേരളത്തിൽ നിലവിലില്ലാത്തതു മൂലമാണ്  സ്വാതന്ത്ര്യത്തിന് മുമ്പ് 1934 ൽ രൂപം കൊണ്ട ഫ്യൂഡൽ മതനിയമാവലിയെ മാത്രം ആധാരമാക്കിയ വിധികൾ കോടതികളിൽ നിന്ന് ഉണ്ടാകുന്നത്. ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന്റെ വിധി പ്രകാരം ഇന്ത്യയിലുള്ള യാക്കോബായ സഭയുടെ കൈവശമുള്ള ദേവാലയങ്ങളുടെ മുഴുവൻ ഉടമാവകാശം ഓർത്തഡോക്സ് സഭക്കാണ് . അനുകൂല വിധി ലഭിച്ച് മൂന്ന് വർഷങ്ങൾക്ക് ഇടയിൽ പള്ളികളിൽ അവകാശവാദം ഉന്നയിച്ചു കൊണ്ട് കൊടുത്ത സിവിൾ കേസുകളെല്ലാം പള്ളി സ്വത്ത് ഭരണ നിയമത്തിന് രൂപം കൊടുക്കാത്ത കേരളത്തിൽ മാത്രമാണ്.

ചർച്ച് ആക്ടിന് സമാനമായ ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് ബാധകമായ മഹാരാഷ്ട്ര , ഗുജറാത്ത് സംസ്ഥാനങ്ങളിലും, മദ്ധ്യ പ്രദേശ്‌ പബ്ളിക് ട്രസ്റ്റ് ആക്ട് ബാധകമായ മദ്ധ്യപ്രദേശിലും യാക്കോബായ സഭാ പള്ളികളുടെ ഉടമാവകാശം നേടുന്നതിന്  ഓർത്തഡോക്സ് സഭ നാളിതു വരെ ഒറ്റ സിവിൾ കേസ് പോലും കൊടുക്കാത്തത് എന്തു കൊണ്ടാണ് ?  മതസ്വത്ത് ഭരണ നിയമം ഉള്ള സംസ്ഥാനങ്ങളിൽ സർവ്വാധികാര വ്യവസ്ഥകളുള്ള അവരുടെ ഭരണഘടനക്കോ, കോടതി വിധികൾക്കോ യാതൊരു മൂല്യവും ഇല്ല എന്നത് അവർക്കറിയാം.

വിവാദ സുപ്രീംകോടതി വിധി പ്രകാരം പള്ളികളുടെ സെമിത്തേരി ഉപയോഗിക്കാനുള്ള അവകാശം ഓർത്തഡോക്സ് ഭരണഘടന അംഗീകരിക്കുന്ന , ഓർത്തഡോക്സ് വികാരിയുടെ കൈവശമുള്ള ഇടവക രജിസ്റ്ററിൽ പേരുള്ളവർക്കു മാത്രമായിരുന്നു. ഈ കോടതി വിധി ഉയോഗിച്ചായിരുന്നു ഓർത്തഡോക്സ് സഭാ ഭരണഘടന അംഗീകരിക്കാത്ത യാക്കോബായ സഭാംഗങ്ങളുടെ മൃതദേഹ സംസ്കാരാവകാശം പോലീസിനെ ഉപയോഗിച്ച് നിഷേധിച്ചത്.

ഓർത്തഡോക്സ് സഭാ ഭരണഘടന അംഗീകരിക്കാത്ത യാക്കോബായ സഭാവിശ്വാസികളുടെ മൃതദേഹ സംസ്കാര അവകാശം സംരക്ഷിക്കാൻ കേരള സർക്കാർ പാസാക്കിയ സെമിത്തേരി നിയമം സുപ്രീംകോടതി വിധിയെ മറികടക്കാനുള്ള ആദ്യത്തെ നിയമ നിർമ്മാണമായിരുന്നു. സുപ്രീംകോടതി വിധിയെ മറികടക്കാൻ നിയമ നിർമ്മാണം എന്ന ആവശ്യം ഭരണഘടനാ വിരുദ്ധമെന്ന ഓർത്തഡോക്സ് സഭാ നിലപാട് ശരിയെങ്കിൽ കേരളത്തിലെ സെമിത്തേരി നിയമം അസാധുവാക്കാൻ എന്തേ നിയമം പാസാക്കി ഒൻപതു മാസം കഴിഞ്ഞിട്ടും ഓർത്തഡോക്സ് സഭ സിവിൾ കോടതിയെ സമീപിക്കാതിരുന്നത് ?

മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിലവിലുള്ളതു പോലെ സമഗ്രമായ പള്ളി സ്വത്ത് ഭരണ നിയമം നടപ്പിലായാൽ യാക്കോബായ/ഓർത്തഡോക്സ് ദേവാലയങ്ങളിലുള്ള സ്വത്തു ഭരണാവകാശം ഓർത്തഡോക്സ് പൗരോഹിത്യ നേതൃത്വത്തിന് നഷ്ടപ്പെടുമെന്ന ഭയം മൂലമാണ് ചർച്ച് ആക്ടിനെ അവർ എതിർക്കുന്നത്.

ഓർമ്മിക്കുക ചർച്ച് ആക്ട് നഷ്ടപ്പെട്ട ദേവാലയങ്ങൾ തിരികെ ലഭിക്കാൻ യാക്കോബായ സഭയെ സഹായിക്കുന്ന നിയമ സംഹിത മാത്രമല്ല , പള്ളികളുടെ ഉടമാവകാശവും, സഭയുടെ സ്വത്തു ഭരണവും വിശ്വാസികൾക്ക് ലഭിക്കുന്ന നിയമമാകയാൽ  എന്തിന് ഓർത്തഡോക്സ് സഭയിലെ വിശ്വാസികൾ ചർച്ച് ആക്ടിനെ എതിർക്കണം.?

വിശ്വാസികളിൽ നിന്ന് ചതി പ്രയോഗങ്ങളാൽ കവർന്നെടുക്കപ്പെട്ട പള്ളി /സഭാ സ്വത്ത് ഭരണാവകാശം വീണ്ടെടുക്കുന്നതിനുള്ള വിമോചന സ്വാതന്ത്യ സമരമാണ് ചർച്ച് ആക്ടിന് വേണ്ടിയുള്ള പോരാട്ടം. ഈ പോരാട്ടം പള്ളികൾ നഷ്ടപ്പെട്ട യാക്കോബായ സഭാവിശ്വാസികളും , പള്ളി സ്വത്ത് ഭരണാവകാശം പുരോഹിതരാൽ കവർന്നെടുക്കപ്പെട്ട  ഓർത്തഡോക്സ് സഭാവിശ്വാസികളും യോജിച്ചു നടത്തേണ്ട പോരാട്ടമാണ്.
http://kraisthavalokam.blogspot.com/2020/10/blog-post_12.html

#enactchurchact2009

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ