മനുഷ്യർ രോഗഭീതിയിലും യുദ്ധത്തിന്റെയും ഭീകരവാദത്തിന്റെയും ഭയത്തിലും നിറമിഴിയോടെ തേങ്ങിനിൽക്കെ, പ്രത്യാശയുടെ പ്രവാചകശബ്ദം ഫ്രാൻസിസ് മാർപാപ്പ വീണ്ടും പകരുന്നു. അതാണ് ‘ഫ്രത്തെത്തി തൂത്തി’ എന്ന പുതിയ ചാക്രികലേഖനം. ആഗോള കത്തോലിക്കാ സഭയുടെ അജപാലന ശുശ്രൂഷാനേതൃത്വം ഏറ്റെടുത്തശേഷം പ്രസിദ്ധീകരിച്ച മൂന്നാമത്തെ ‘എൻസിക്ലിക്കൽ’ അഥവാ ചാക്രികലേഖനമാണ് ഇത്.
2019 ഫെബ്രുവരിയിൽ ഫ്രാൻസിസ് പാപ്പ അബുദാബിയിലേക്ക് നടത്തിയ യാത്രയും അവിടെവച്ച് ഗ്രാൻഡ് ഇമാം അഹമ്മദ് അൽ‐ തയ്യേബുമായുള്ള കൂടിക്കാഴ്ചയും അവർ ഇരുവരും ഒരുമിച്ച് ഒപ്പുവച്ച ‘വിശ്വശാന്തിക്കും സഹവർത്തിത്വത്തിനുമായുള്ള മാനവസാഹോദര്യം’ എന്ന രേഖയുമൊക്കെയാണ് ‘സഹോദരർ സർവരും’ എഴുതാൻ തന്നെ പ്രചോദിപ്പിച്ചതെന്ന് പാപ്പ പലയാവർത്തി പറയുന്നുണ്ട്.മഹാമാരി കോവിഡ്‐ 19, നമ്മുടെ വ്യർഥമായ സുരക്ഷിതത്വ വ്യാമോഹങ്ങളെ തുറന്നുകാട്ടി എന്ന് ഏറ്റുപറയുന്നു. ഏകനായി ആർക്കും ജീവിതം വിജയിപ്പിക്കാനാകില്ല. ഒറ്റയ്ക്ക് കാണുന്നത് മരീചികയാണ്. സ്വപ്നങ്ങൾ പടുത്തുയർത്തുന്നത് ഒരുമിച്ചാണ്– അദ്ദേഹം പറഞ്ഞു.
ലോകം ഇന്നനുഭവിക്കുന്ന നിഴലും ഇരുളും ആദ്യ അധ്യായത്തിൽത്തന്നെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. പതിറ്റാണ്ടുകളുടെ യുദ്ധങ്ങളും പരാജയങ്ങളും നമ്മെ പഠിപ്പിച്ചത് സംയോജനങ്ങളുടെ സമവാക്യങ്ങൾ സ്വായത്തമാക്കാനാണ്. വിഘടനത്തിന്റെ അടയാളങ്ങളും ദീർഘകാലമായി ഉരുണ്ടുകൂടി. സമ്പത്തിന്റെയും ധനത്തിന്റെയും നീതിയുടെയും ആഗോളവൽക്കരണം സാഹോദര്യത്തിൽ നമ്മെ എത്തിച്ചിട്ടില്ല. വിഭജിച്ചുഭരിക്കുന്ന രാഷ്ട്രാന്തര സാമ്പത്തികശക്തികൾ ഐക്യത്തെ ക്ഷയിപ്പിക്കുന്നു.
പാതവക്കിലെ അപരിചിതൻ
യേശു പറഞ്ഞ നല്ല അയൽക്കാരന്റെ കഥയുടെ കാലികപ്രസക്തിയുള്ള വിചിന്തനമാണ് ‘സഹോദരർ സർവരും’ എന്ന പ്രബോധനത്തിന്റെ കാതൽ വിവരണം എന്നു പറയാം. പാതവക്കിൽ മുറിവേറ്റ് അവശനായിക്കിടക്കുന്ന അപരിചിതൻ ആരുമാകാം. ഇന്നും ആവർത്തിക്കപ്പെടുന്ന കഥയാണ് ഇത്. സാമൂഹ്യ രാഷ്ട്രീയ അവഗണനകളാലും ദേശീയ‐ അന്തർദേശീയ പ്രതിസന്ധികളാലും അവസരങ്ങൾ നഷ്ടപ്പെട്ട് വഴിയോരങ്ങളിൽ മുറിവേറ്റ് കിടക്കുന്നവർ നിരവധിയുണ്ട്.
നിങ്ങളിന്ന് ആരെപ്പോലെയാണ്? പാപ്പ ചോദിക്കുന്നു: പ്രസക്തവും പ്രയാസമേറിയതും നേരെയുമുള്ള ചോദ്യം. അവസരങ്ങൾ അവഗണിച്ച്, ചുറ്റുമുള്ള സഹനങ്ങൾ നമ്മെ സ്പർശിക്കാതെ കടന്നുപോകുന്നവരാണോ നാം? ഇന്നത്തെ പൗരനെന്ന നിലയിൽ, പുതിയ സാമൂഹ്യബന്ധത്തിന്റെ നിർമാതാക്കളെന്ന നിലയിൽ ഒരു ഉയിർത്തെഴുന്നേൽപ്പിന് ക്ഷണിക്കുകയാണ് ഈ പാഠം. പാപ്പ സമർഥിക്കുന്നു: നാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ജീവിതമെന്നത് കടന്നുപോകുന്നതല്ല, കണ്ടുമുട്ടുന്ന സമയമാണെന്നും നല്ല അയൽക്കാരന്റെ കഥ നമ്മെ ഓർമിപ്പിക്കുന്നു.
കഥയുടെ വിവരണം യേശു അവസാനിപ്പിക്കുന്നത് ഒരു അപേക്ഷയോടെയാണ്: ‘നീയും പോയി അതുപോലെ ചെയ്യുക’. ഇത് നമുക്കൊരു വെല്ലുവിളിയാണ്. സഹനത്തിന്റെ നടുവിൽ എല്ലാ ചേരിതിരിവുകളും വിട്ടുപേക്ഷിച്ച് എല്ലാവർക്കും നല്ല അയൽക്കാരാവുക. സാഹോദര്യത്തിലും സാമൂഹ്യ സൗഹൃദത്തിലേക്കും വളരാനും സഹകാരികളാകാനും വെല്ലുവിളിക്കുകയാണ് പാപ്പ, ‘സഹോദരർ സർവരും’ എന്ന പ്രബോധനത്തിലൂടെ.
‘സഹോദരർ സർവരും’ കാലിക പ്രസക്തമായ വിധത്തിൽ വ്യത്യസ്തവും ഭാവനാ സമ്പന്നവുമാകുന്നത് പാപ്പയുടെ പ്രവാചകസമാനമായ ഹൃദയത്തിൽനിന്ന് ഉയരുന്ന സന്ദേഹമില്ലാത്ത നിലപാടുകൾകൊണ്ടാണ്. ‘തുറവിയുള്ള ഒരു ലോകത്തിനായി ചിന്തിക്കുന്നതും സൃഷ്ടിക്കുന്നതും’ എന്ന മൂന്നാം അധ്യായംമുതൽ ഈ കാഴ്ചപ്പാടുകൾ കൂടുതൽ സുവ്യക്തമാണ്. ഒറ്റപ്പെട്ട ദ്വീപുപോലെ ജീവിക്കാൻ തുടങ്ങിയാൽ അവിടെ ജീവിതമില്ല; പ്രത്യുത മരണമാണ് മുന്നിലെത്തുന്നത് എന്നും വ്യക്തമാക്കുന്നു.
അതിർത്തികളില്ലാത്ത മനുഷ്യാവകാശങ്ങൾ
‘ഈ ലോകം എല്ലാവർക്കുംവേണ്ടിയുള്ളതാണ്. കാരണം, ഒരേ മനുഷ്യ മഹത്വത്തോടെയാണ് നാം ജൻമം കൊള്ളുന്നത്. വർണവും വർഗവും മതവും ജനനസ്ഥലവും ജീവിക്കുന്ന രാജ്യവുമൊന്നും ഈ അടിസ്ഥാന അവകാശ നിഷേധത്തിന് ന്യായീകരണമാകില്ല’. ‘ദരിദ്രരുമായി സ്വത്ത് പങ്കുവയ്ക്കാതിരിക്കുക എന്നത് അവരിൽനിന്ന് മോഷ്ടിച്ച് സ്വന്തമാക്കിയിരിക്കുക എന്നതുതന്നെയാണ്’. അതിർത്തികളില്ലാത്ത മനുഷ്യാവകാശം ഉറപ്പുവരുത്തുന്ന വിധത്തിൽ ‘അന്തർദേശീയ നൈതിക നിയമാവലി രൂപീകരിക്കേണ്ടിയിരിക്കുന്നു’.
രേഖയുടെ ഏഴാം അധ്യായം ഊന്നൽകൊടുക്കുന്ന സുപ്രധാന കാര്യങ്ങളിലൊന്ന് രാഷ്ട്രങ്ങൾ തമ്മിലുള്ള സംശയവും ശത്രുതയും യുദ്ധവുമാണ്. ‘യുദ്ധ സന്നാഹങ്ങൾക്കുവേണ്ടി ചെലവിടുന്ന ഭീമമായ തുക ലോകത്തിൽനിന്ന് വിശപ്പ് തുടച്ചുനീക്കാനുള്ള ആഗോളഫണ്ടിനായി വകയിരുത്തണം ’എന്നതാണ് പാപ്പ ഫ്രാൻസിസിന്റെ സ്വപ്നവും നിലപാടും. സഹോദരർ സർവരും എന്ന ഈ പ്രബോധനത്തിലും വധശിക്ഷ സ്വീകാര്യമല്ല എന്നും ആഗോളതലത്തിൽത്തന്നെ അത് നിർത്തലാക്കണമെന്നും പാപ്പ വാദിക്കുന്നു. ഇതേ നിലപാട് മുൻകാലങ്ങളിലും പാപ്പ വ്യക്തമാക്കിയിരുന്നു. പാപ്പ ആവർത്തിക്കുന്നു: ‘കൊലയാളിയായി മാറിയ മനുഷ്യന്റെയും വ്യക്തിമാഹാത്മ്യം നഷ്ടമാകുന്നില്ല. അവനും ഈ മണ്ണിൽ ഒരിടമുണ്ടാകണം’ .
‘ഫ്രത്തേത്തി തൂത്തി’യുടെ അവസാന അധ്യായത്തിന്റെ തലക്കെട്ട് ‘വിശ്വസാഹോദര്യത്തിനായി മതങ്ങൾ’ എന്നാണ്. അക്രമവും തീവ്രവാദവും ഒരു മതവും അനുശാസിക്കുന്നതല്ല. സാഹോദര്യത്തിലേക്കും വിശ്വശാന്തിയിലേക്കും ലോകത്തെ നയിക്കാൻ മതങ്ങൾ പ്രതിജ്ഞാബദ്ധരാകണം. മതനേതാക്കൾ കൈകോർക്കണം . ‘സഹോദരർ സർവരും’ എന്ന പ്രബോധനം പാപ്പ ഉപസംഹരിക്കുന്നത് രണ്ട് പ്രാർഥനകളോടെയാണ്. ആദ്യപ്രാർഥനയുടെ അവസാനഭാഗം ഇപ്രകാരമാണ്. ‘ലോകത്തിലെ എല്ലാ മനുഷ്യരോടും രാജ്യങ്ങളോടും ഹൃദയങ്ങൾ തുറന്ന് ജീവിക്കാൻ ഇടയാക്കേണമേ. എല്ലാ മനുഷ്യരിലും ദൈവം ചൊരിഞ്ഞ നന്മയും സൗന്ദര്യവും തിരിച്ചറിയാൻ സഹായിക്കണമേ. പ്രത്യാശ പങ്കുവച്ച്, പൊതുസംരംഭങ്ങൾക്ക് പങ്കാളികളായി ഐക്യത്തിൽ നിലനിർത്തണമേ’. യുദ്ധവും ഭീതിയും ദാരിദ്ര്യവും വിശപ്പുമില്ലാത്ത ഒരു ലോകത്തിലേക്ക് നീങ്ങണമെങ്കിൽ പാപ്പയോടൊപ്പം വിശ്വസാഹോദര്യത്തിന്റെ വിപ്ലവഗീതം നാമിന്ന് ഏറ്റുപാടണം. അതാണ് ‘സഹോദരർ സർവരും’ നല്കുന്ന പ്രസക്തമായ പ്രവാചക ആഹ്വാനം.
(കണ്ണൂർ രൂപതാ ബിഷപ് ആണ് ലേഖകൻ)
Read more: https://www.deshabhimani.com/articles/news-articles-08-10-2020/899625
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ