കേരളത്തിൽ ഭൂരിപക്ഷ വർഗീയത വളർന്നതെങ്ങനെയാണ്? അതിൽ മ്അദനിയുടെ ഐഎസ്എസിന്റെ പങ്കെന്താണ്? മുസ്ലീം ന്യൂനപക്ഷ വർഗീയതയാണോ ആദ്യമുണ്ടായത്? കുഞ്ഞാലിക്കുട്ടി പങ്കുവച്ച അനുഭവകഥയുടെ വെളിച്ചത്തിൽ എത്തിച്ചേരുന്ന നിഗമനത്തോട് യോജിപ്പില്ല. എന്നാൽ ആ അനുഭവത്തിന്റെ ഭീകരത വാക്കുകളിലുള്ളതിനെ തമസ്കരിക്കാനില്ലതാനും. കുഞ്ഞാലിക്കുട്ടിയുടേത് സബ്ജക്റ്റീവ് ഇന്റർപ്രെറ്റേഷൻ ആണല്ലോ. ആ നിലയ്ക്ക്, എന്റെ ചില സബ്ജക്റ്റീവ് നിരീക്ഷണങ്ങൾ കൂടി ഇവിടെ പങ്കുവയ്ക്കുകയാണ്. അതിലെ ഒബ്ജക്റ്റിവിറ്റി സാമൂഹ്യശാസ്ത്രജ്ഞർക്കു വിടുന്നു.
എന്റെ ബാല്യത്തിലെ ചില സംഭാഷണങ്ങൾ പെറുക്കിയെടുത്താൽ മനസ്സിലാകുന്നത്, എഴുപതുകളിലും എൺപതുകളുടെ രണ്ടാംപാതിയിൽപോലും കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾക്കിടയിൽ വർഗീയതയും ജാതീയതയും വളരെ പ്രകടമായിരുന്നു എന്നാണ്. നിലയ്ക്കൽ സമരമാണ് കേരളത്തിലെ പരസ്യമായ ക്രിസ്ത്യൻ വർഗീയതയുടെ തലയ്ക്കേറ്റ ആദ്യത്തെ അടി. പിന്നീടങ്ങോട്ട് അത് പൊതുവിടത്തിൽ അടക്കിവയ്ക്കപ്പെടുന്നതും എന്നാൽ സ്വകാര്യയിടങ്ങളിൽ തഴച്ചുവളരുന്നതുമാണ് കണ്ടത്. എൺപതുകളവസാനിക്കുകയും തൊണ്ണൂറുകളാരംഭിക്കയും ചെയ്തപ്പോഴാവട്ടെ, രഥയാത്രകളും കർസേവയും രാമായണം സീരിയലും മറ്റും ചേർന്ന് ഹിന്ദുവർഗീയത മെല്ലെ വയസ്സറിയിക്കുക കൂടിയായിരുന്നു. കുമ്മനം രാജശേഖരൻ മുതൽ തിരുവഞ്ചൂർ വിപിനചന്ദ്രൻ വരെ തീതുപ്പി നടന്നകാലം. ഏതായാലും തീവ്രമായ ഭക്തിയോടൊപ്പം തന്നെയാണ് വർഗീയതയും വളർന്നത് എന്നതാണ് യാഥാർത്ഥ്യം.
സുറിയാനി ക്രിസ്ത്യാനി വർഗീയവാദിയാകുന്നത് മ്അദനി വന്നതുകൊണ്ടല്ല. അതിന് aryan supremacy theoryയോളം pernicious ആയ മറ്റൊരു സിദ്ധാന്തം കൂട്ടിനുണ്ടായിരുന്നു. കള്ളി, കാളിയാങ്കൽ, പകലോമറ്റം, ശങ്കരമംഗലം എന്നിങ്ങനെ നാലു നമ്പൂതിരിയില്ലങ്ങളെ തോമാ ശ്ലീഹാ നേരിട്ട് മതം മാറ്റിയെന്നും അവരുടെ പിൻതലമുറകളാണ് തങ്ങളെന്നുമുള്ള ഊറ്റം. അതായത്, കേരളത്തിലെ ക്രിസ്ത്യൻ വർഗീയതയുടെ വേരുപോലും കിടക്കുന്നത് ബ്രാഹ്മണബീജത്തിന്റെ മാഹാത്മ്യത്തിലാണ്.
ബ്രാഹ്മണ്യം എന്നു പറയുമ്പോൾ ഒറ്റയ്ക്കൊറ്റയ്ക്കുള്ള നമ്പൂതിരി സുഹൃത്തുക്കളെ എടുത്ത് അവരൊക്കെ എത്ര നല്ലവരാണ് എന്ന് തടയിട്ടതുകൊണ്ടായില്ല. നന്മയുള്ള മനുഷ്യനും കരുണയില്ലാത്ത സിസ്റ്റവും ഒരുമിച്ചു വരുന്നിടത്ത് കരുണയറ്റ ആ സിസ്റ്റമാണ് വിരാജിക്കുക. ബ്രാഹ്മണ്യം എന്നാൽ നിങ്ങൾ കാണുന്ന സൽസ്വഭാവിയും സത്ഗുണസമ്പന്നനുമായ നമ്പൂതിരിയല്ല. അത്തരം ആൾക്കാരെ പോലും ഒപ്പം നിർത്തി തങ്ങളിൽ പെടാത്തവർക്ക് നരകമൊരുക്കിയ ഒരു സംവിധാനമാണ്. A sytem that was (and still is) pestilential to the outliers!
കേരളത്തിലില്ലായിരുന്ന വൈശ്യജാതിയുടെ കേടുതീർത്ത് കച്ചവടങ്ങളിലേർപ്പെട്ട് പണമുണ്ടാക്കിയത് തമിഴ് നാട്ടിൽ നിന്നുള്ള ചെട്ടികളും അറബിക്കച്ചവടക്കാരുമായി പങ്കുകച്ചവടം നടത്തിയിരുന്ന വണിക്കുകളുമാണ്. ഈ വണിക്കുകളിലേറിയ കൂറും മദ്ധ്യകേരളത്തിലെയും തെക്കൻ കേരളത്തിലെയും സുറിയാനി ക്രിസ്ത്യാനികളായ മാപ്പിളമാരായിരുന്നു. പിന്നൊരുവിഭാഗം വടക്കൻ കേരളത്തിലെ (മുസ്ലീം) മാപ്പിളമാരും. ഇവർക്ക് പ്രത്യക്ഷത്തിലല്ലെങ്കിലും പലവിധത്തിലും അധികാരം പ്രാപ്തമായിരുന്നു താനും. ചന്തകൾ നിയന്ത്രിച്ചിരുന്ന തരകന്മാരായും, മുതലാളിമാരായും (കൊല്ലം), വൈദ്യന്മാരായും (തേവലക്കര), പണിക്കന്മാരായും, പിള്ളമാരായും ഒക്കെ തരാതരംപോലെ സമൂഹത്തിൽ വിലയുറപ്പിച്ചിരുന്നയാളുകൾ. മൂലധനം കൈയിലുണ്ടായിരുന്നതിനാൽ അല്ലെങ്കിൽ കുറഞ്ഞപക്ഷം അതിന്റെ കൈകാര്യകർത്തൃത്വമെങ്കിലും ഉണ്ടായിരുന്നതിനാൽ ഇവരൊക്കെ സവർണ്ണരും ഉന്നതരുമായി. ഈ മേധാവിത്വം സുറിയാനി ക്രിസ്ത്യാനിയുടെ കൂട്ടായ വർഗീയമാനത്തിന് സഹായകമായി വർത്തിച്ച സാമൂഹ്യ സാഹചര്യമാണ് (തീണ്ടലൊഴിയാൻ നസ്രാണി തൊട്ടാൽ മതി). അതിനോടൊപ്പം ഉദയംപേരൂർ സുന്നഹദോസിലൂടെയുണ്ടായ വൈദേശികാധിപത്യം, കൂനൻകുരിശു സത്യത്തിലൂടെ നടന്ന ജാതീയമായ റിബല്യൻ, വട്ടിപ്പണക്കേസ് മുതൽ തുടങ്ങിയ സമുദായവഴക്കുകൾ, സിഎംഎസ് മിഷണറിമാർ സ്ഥാപിച്ച ആംഗ്ലിക്കൻ സഭയുടെ (സിഎസ്ഐ) പിളർന്നുമാറൽ, മുളന്തുരുത്തി സുന്നഹദോസും മാർത്തോമ്മാ സഭയുടെ രൂപീകരണവും അടക്കമുള്ള കാര്യങ്ങൾ, പിന്നീട് വിഘടിച്ചും ഒരുമിച്ചും വീണ്ടും വിഘടിച്ചും ഇപ്പോഴും തുടരുന്ന ബാവാമെത്രാൻ മൂപ്പിളമത്തർക്കങ്ങൾ ഒക്കെത്തന്നെ സാമുദായികതയ്ക്കും അതോടൊപ്പം വർഗീയതയ്ക്കും നൂറ്റാണ്ടുകളിലൂടെ വെള്ളവും വളവും നൽകിയിട്ടുണ്ട്.
അതേ സമയം ഹിന്ദുവർഗീയത അത്രമേൽ രൂക്ഷമാകാതെയിരുന്നതിന് നന്ദിപറയേണ്ടതും കേരളത്തിൽ ശക്തമായിരുന്ന ജാതിവിവേചനത്തോടാണ്. ജാതിവിവേചനം ഇത്രത്തോളമുണ്ടായിരുന്നില്ലെങ്കിൽ കേരളം എമ്പണ്ടേ ഹിന്ദുത്വക്കാർ ഭരിച്ചേനെ. ബിഡിജെഎസിന്റെ രാഷ്ട്രീയദൗത്യം ഈ ജാതിവിവേചനം എന്ന വേലി പൊളിക്കാതെ തന്നെ, സമുദായങ്ങൾ ചാടിക്കടന്ന് ഒരു ഹിന്ദുത്വവികാരം വളരുന്നതിന് തറയൊരുക്കുകയായിരുന്നു. അതിൽ വിജയിച്ചതുകൊണ്ടാണ് ഇപ്പോൾ ഹിന്ദുത്വവികാരം കേരളത്തിൽ തുറന്നുപ്രകടിപ്പിക്കാൻ ആളുകൾക്കു കഴിയുന്നത്.
ഇതിലേക്ക് അടിത്തറയൊരുക്കുന്നതിൽ കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള ദേവീ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു നടന്ന അഷ്ടമംഗല ദേവപ്രശ്നങ്ങളും അതിലെ വിധികളെ തുടർന്ന് വ്യാപിച്ച ലക്ഷാർച്ചനകളും സഹസ്രനാമാർച്ചനകളും പൊങ്കാലകളും മറ്റും സഹായകമായിട്ടുണ്ട്. എന്നാൽ അത്തരം നീക്കങ്ങളെയൊന്നും കുറ്റം പറയാൻ ഞാൻ ആളല്ല. ആരാധനാക്രമങ്ങളുടെ ഏകീകരണത്തിലൂടെ ജാതിയുടെ വേലികളെ ദുർബലമാക്കാനും അതേ സമയം ആചാരപരമായ വിവാഹ, മരണാനന്തര ചടങ്ങുകളിലൂടെ ജാതിമതിലുകളെ ശക്തമായി നിലനിർത്താനും സാധിക്കുന്ന തരത്തിൽ ഒരു quantum fluidity (ഒരേ സമയം particle ആയും wave ആയും നിലനിൽക്കുന്നത്) കേരളത്തിലെ ഭിന്നജാതികൾ ആർജിച്ചെടുത്ത കാലമാണ് നാം പിന്നിട്ടത്. ഭൂപരിഷ്കരണം നേർപ്പിച്ച് നേർപ്പിച്ച് നാം കെട്ടിപ്പടുത്ത ലക്ഷംവീടു കോളനികളും ഹരിജൻ കോളനികളുമൊക്കെ അതിന്റെ ലക്ഷ്യമെന്തായിരുന്നാലും ഈ quantum fluidityയെ കാലങ്ങൾകൊണ്ട് സഹായിച്ചിട്ടേയുള്ളൂ. അവയൊക്കെ ghetoകളായാണ് പരിണമിച്ചത് എന്ന സ്വത്വവാദ വിമർശനങ്ങൾ ശ്രദ്ധിക്കുക.
[ഭൗതിക ശാസ്ത്രത്തിൽ quantum എന്ന വാക്ക് ഒറ്റയ്ക്കെടുത്താൽ a discrete quantity of energy proportional in magnitude to the frequency of the radiation it represents എന്നാണ് വിശദീകരണം. മേൽപ്പറഞ്ഞ സാമൂഹിക സാഹചര്യത്തിലും ഇതേ വിശദീകരണം ചെറിയ മാറ്റങ്ങളോടെ സാധ്യമാണ്]
മതപാഠശാലകളാണ് വർഗീയതയ്ക്കു വഴിയൊരുക്കിയത് എന്ന നിലയിലുള്ള ലളിതവായനകൾ നമുക്കുമുന്നിലുണ്ട്. അതിനോടു ഞാൻ യോജിക്കുന്നില്ല. ഗ്രന്ഥങ്ങളുടെ പാരായണം, അവയെ അർത്ഥമറിഞ്ഞു മനസ്സിലാക്കൽ, അതിനായി അവ എഴുതപ്പെട്ട ഭാഷയും കാലഘട്ടവും അറിയുന്നത്, തുടങ്ങിയ പ്രവൃത്തികളൊക്കെ വർഗീയതയ്ക്ക് എതിരെ പ്രവർത്തിക്കാൻ തക്കതായ ആയുധങ്ങളാണ്. ഡോ. ധർമ്മരാജ് അടാട്ടിനെ പോലെയുള്ളയാളുകൾ എത്ര ഗംഭീരമായി അത്തരം കാര്യങ്ങളെ ഉപയോഗിച്ചിട്ടുണ്ട്. മലയാളം ബ്ലോഗിങ്ങിന്റെ പുഷ്കലകാലത്ത് ഗോപാലകൃഷ്ണനെന്ന IISH സ്ഥാപകനെ പൊളിച്ചടുക്കിയ യത്നവും ഓർമിക്കാം. എന്നാൽ ഇവയുടെ ദുരുപയോഗം, ഇക്കാര്യങ്ങളിലുള്ള അല്പജ്ഞാനം, വൈകാരികമായി കാര്യങ്ങളെ സമീപിക്കുന്ന രീതിശാസ്ത്രം, ഇതൊക്കെ വർഗീയതയെ - അത് ക്രിസ്ത്യൻ, ഇസ്ലാമിക, ഹിന്ദുത്വ വർഗീയതകളെ ഒരേ പോലെ - സഹായിച്ചിട്ടുണ്ട്. ചരിത്രപരവും വൈരുദ്ധ്യാത്മകവുമായ (historical and dialectical) ചിന്തയുടെ അഭാവം, പൊതുജീവിതത്തിൽ ലോജിക്കിനു മേൽ ലളിതയുക്തികൾ നേടുന്ന മേധാവിത്വം, സാമൂഹ്യശാസ്ത്ര അടിത്തറയില്ലാതെയുള്ള ശാസ്ത്ര പഠനം, എന്നിവയൊക്കെ ഇതേ പോലെ തന്നെ വർഗീയതയേയും വലതുപക്ഷത്തേയും പല കാലങ്ങളിലും സഹായിച്ചിട്ടുള്ള കാര്യങ്ങളാണ്.
വർഗീയതയുടെ വളർച്ചയെ കുറിച്ചു പറയുമ്പോൾ തിരുവനന്തപുരത്തു നടന്ന ഒരു പത്രയുദ്ധം കൂടി പറയേണ്ടതുണ്ട്. തലസ്ഥാന നഗരിയിൽ കോഴിക്കോടു നിന്ന് മാതൃഭൂമി പത്രം വരുമ്പോൾ കേരള കൗമുദി തിരുവനന്തപുരത്തിന്റെ പത്രമായിരുന്നു. അഗ്രഹാരങ്ങളിൽ മുതൽ ചാളകളിൽ വരെ വരുത്തുന്നതും വായിക്കപ്പെടുന്നതുമായ ഏക വർത്തമാന പത്രം. ആ വ്യാപക സ്വീകാര്യതയെ പൊളിച്ച് സവർണ്ണഭവനങ്ങളിലേക്ക് മാതൃഭൂമി കയറിപ്പറ്റിയത് ഒരു ക്ഷേത്രോത്സവത്തിന്റെ സഹായത്താലാണ്. അന്നേ വരെ അത്ര പ്രശസ്തമൊന്നുമല്ലാതിരുന്ന, ഏതാനും നായർ കുടുംബങ്ങളുടെ കൂട്ടായ ഉടമസ്ഥതയിലുള്ള ട്രസ്റ്റിന്റെ കീഴിൽ ഭരിക്കപ്പെടുന്ന, ആറ്റുകാൽ എന്ന ക്ഷേത്രവും അവിടുത്തെ തമിഴ് സ്വാധീനമുള്ള പൊങ്കാല എന്ന ഉത്സവവും നഗരത്തിന്റെയാകെ ഉത്സവമാക്കി മാറ്റുന്നതും എഴുതിപ്പൊലിപ്പിച്ച് വർഷങ്ങൾകൊണ്ട് അതിനെ വർധമാനമാക്കുന്നതും ഇന്നിപ്പോൾ ചരിത്രകാരനായിപ്പോലും പലരും വാഴ്ത്തിപ്പാടുന്ന ഐതിഹ്യമെഴുത്തുകാരൻ മലയിൻകീഴ് ഗോപാലകൃഷ്ണന്റെയും മറ്റും നേതൃത്വത്തിൽ ചെറുപ്പക്കാരുടെ ഒരു മാതൃഭൂമി ബ്യൂറോയാണ്. പത്രങ്ങൾ ബ്ലാക്ക് ആൻഡ് വൈറ്റിൽ ഇറങ്ങിക്കൊണ്ടിരുന്ന കാലത്ത് ഒന്നാം പുറത്ത് കളർ പടം അച്ചടിച്ചും ഫുൾ പേജ് പുൾ ഔട്ട് ഇറക്കിയും അവർ മാർക്കറ്റിങ് ചെയ്തു. ദോഷം പറയരുതല്ലോ, മനോരമയും ഈ കളിയിൽ പിന്നാക്കം നിന്നില്ല. എന്നാൽ അതോടുകൂടി തിരുവനന്തപുരത്ത് കേരളകൗമുദിയുടെ അപ്രമാദിത്വം തീരുകയായിരുന്നു. ഇങ്ങനെ പലവിധമായ വിധത്തിൽ ഭക്തിവ്യവസായത്തെ വളർത്താനും അതുവഴി വലതുപക്ഷത്തേയും വർഗീയതയേയും പരിപോഷിപ്പിക്കാനും പത്രമാദ്ധ്യമങ്ങൾ അവയുടേതായ പങ്കുവഹിച്ചിട്ടുണ്ട്. ഇവയൊന്നും തന്നെ മ്അദനി ഉണ്ടാക്കിയവയല്ല എന്നു പ്രത്യേകം പറയണം.
(എഴുതിയെഴുതി തുടർന്നു പറയാനുള്ള താത്പര്യം പോയി. ഇനി വല്ല പ്രകോപനവുമുണ്ടായാൽ ബാക്കി എഴുതാം.)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ