2020, ഒക്‌ടോബർ 6, ചൊവ്വാഴ്ച

എണ്ണ തൊട്ട് ശുദ്ധിയാക്കലും ചോതനയും

എഴുത്ത്. രാജീവ് പള്ളിക്കോണം

അയിത്തവും മറ്റു ജാത്യാചാരങ്ങളും നടമാടിയിരുന്ന പഴയ കാലത്ത് കേരളത്തിൽ നിലനിന്നിരുന്ന സമ്പ്രദായങ്ങളിൽ ഒന്നായിരുന്നു എണ്ണതൊട്ടു ശുദ്ധിയാക്കൽ. വിളക്കു തെളിക്കാനും പാചകത്തിനുമൊക്കെയായി മലയാളികൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന നല്ലെണ്ണയിലും വെളിച്ചെണ്ണയിലുമൊക്കെ കടന്നു കൂടിയ മാലിന്യങ്ങൾ അരിച്ചുനീക്കി ശുദ്ധിയാക്കുന്ന രീതിയാണ് ഇതെന്നു ധരിച്ചുവെങ്കിൽ തെറ്റി.

സവർണ്ണ ജനവിഭാഗങ്ങൾക്ക്  ഉപയോഗിക്കണമെങ്കിൽ അവർണ്ണർ തൊട്ടു പിടിച്ചുവന്ന എണ്ണയിൽ സ്പർശനം മൂലം കടന്നുകയറിയ അശുദ്ധി മാറ്റേണ്ടതുണ്ടായിരുന്നു. അതിനായി നിയോഗിക്കപ്പെട്ടത് നസ്രാണികളെയായിരുന്നു.

"തൈലാദിവസ്തുക്കളശുദ്ധമായാൽ
പൗലോസു തൊട്ടാലതു ശുദ്ധമാകും" എന്ന പഴഞ്ചൊല്ല് ഈ സമ്പ്രദായത്തെ സാധൂകരിക്കുന്നു. എന്തിനാണ് നസ്രാണികളെ ഇതിനായി ഏർപ്പാടാക്കിയത് എന്നു നോക്കാം.

എണ്ണ ഉദ്പാദിപ്പിക്കുന്നതിൻ്റെ ആദ്യഘട്ടത്തിൽ കൃഷിയും വിളവെടുപ്പുമെല്ലാം നടത്തുന്നത് അടിയാള സമൂഹത്തിൽ പെട്ടവർ. എണ്ണയാക്കുന്ന പ്രക്രിയ നടത്തുന്നവരും ജാതിയിൽ താണവർ. അവരെല്ലാം തൊട്ടും പിടിച്ചും വന്ന എണ്ണയാണല്ലോ ക്ഷേത്രങ്ങളിലും അരമനകളിലുമൊക്കെ ഉപയോഗിക്കേണ്ടി വരുന്നത്! അപ്പോൾ ആ "അശുദ്ധി" മാറ്റിയേ തീരൂ. അഥവാ മാറ്റാനായില്ലെങ്കിൽ എണ്ണയിൽ വറത്തും പൊരിച്ചും താളിച്ചുമൊക്കെ ഒന്നും കഴിക്കാനാവില്ല എന്നു മാത്രമല്ല, ഇരുളകറ്റാൻ വിളക്ക് തെളിക്കാൻ കഴിയാതെയും വരും.

അതിനായി ഏതോ കാലത്ത് ആരോ കണ്ടെത്തിയ പരിഹാരമാർഗ്ഗമായിരുന്നു നസ്രാണിയെ കൊണ്ട് തൊടുവിച്ച് എണ്ണ ശുദ്ധിയാക്കുന്ന സമ്പ്രദായം. നസ്രാണികളും ജാത്യാചാരങ്ങൾ മറ്റുള്ളവരോട് പുലർത്തിയിരുന്നുവെങ്കിലും ബ്രാഹ്മണർ നിശ്ചയിച്ച ജാത്യാചാരങ്ങൾക്ക് പുറത്തായിരുന്നു അവർ. നസ്രാണികളെ സംബന്ധിച്ചിടത്തോളം തങ്ങളുടെ ക്രിസ്തീയവിശ്വാസത്തിൽ പെടാത്തതായിരുന്നു അയിത്തവും. അതിനാൽ തന്നെ സവർണ്ണരായ ബ്രാഹ്മണർക്കും ക്ഷത്രിയർക്കും സ്വീകാര്യരായിരുന്നു അവർ.

ക്ഷേത്രങ്ങൾക്കും കോവിലകങ്ങൾക്കും തൊട്ടു മുന്നിലായി പഴക്കവും പാരമ്പര്യവും അവകാശപ്പെടുന്ന ഒരു ക്രൈസ്തവകുടുംബത്തെ കൊണ്ടുവന്ന് വസിപ്പിക്കുന്ന രീതി അതോടെ ആരംഭിച്ചു. നാടുവാഴിയോ ഊരാളന്മാരോ ക്ഷണിച്ചുവരുത്തുന്ന നസ്രാണികുടുംബത്തിന് കുടിവയ്ക്കാൻ പുരയിടം കൂടാതെ നിലങ്ങളും മറ്റു വസ്തുവകകളും അനുവദിച്ചു നൽകിയിരുന്നു. ക്ഷേത്രത്തിലേയ്ക്കും നമ്പൂതിരിയില്ലങ്ങളിലേക്കും കോവിലകങ്ങളിലേയ്ക്കും എണ്ണയെടുക്കുമ്പോൾ നസ്രാണി അതിൽ വിരൽ മുക്കി ശുദ്ധം വരുത്തി എന്ന് ഉറപ്പുവരുത്തിയിരുന്നു. അതുവരെയുണ്ടായ അശുദ്ധി കൊണ്ടുള്ള ദോഷം നസ്രാണിയെ ബാധിച്ചോളുമെന്നും തങ്ങൾ അതിൽ നിന്ന് ഒഴിവായി എന്നും സവർണ്ണർ ആശ്വസിച്ചു. വിരൽ മുക്കിയ നസ്രാണി ക്കാകട്ടെ ജാത്യാചാരങ്ങളിൽ വിശ്വാസമില്ലാതിരുന്നതിനാൽ അത്തരമൊരു ആശങ്ക ഒട്ടും അലട്ടിയിരുന്നതുമില്ല. മറിച്ച് മികച്ച ജീവിതസാഹചര്യങ്ങളും പദവികളും ലഭിക്കുന്നതിന് ഈ "ശുദ്ധീകരണപ്രക്രിയ" അവരെ സഹായിക്കുകയും ചെയ്തു. 

എണ്ണയെ കൂടാതെ ശർക്കരയും തൊട്ടു ശുദ്ധമാക്കി കൊടുക്കേണ്ടതുണ്ടായിരുന്നു.
എണ്ണയും ശർക്കരയും ശേഖരിച്ചു കൊണ്ടുവരികയും കച്ചവടം ചെയ്യുകയുമെന്ന ചുമതലയിലേക്ക് ഇതു ക്രമേണ മാറി. അതുകൊണ്ടു തന്നെ അങ്ങാടികളിലും അവരുടെ വീടുകളിൽ തന്നെയും എണ്ണവ്യാപാരം ചെയ്യുന്നതിനുള്ള കുത്തകാവകാശം അവർക്ക് സിദ്ധിച്ചു. നൂറ്റാണ്ടുകളോളം പരമ്പരാഗതമായ അവകാശമായി എണ്ണതൊട്ടു ശുദ്ധിയാക്കുന്ന ചുമതല ഓരോ ക്ഷേത്രത്തിനും മുന്നിൽ താമസിച്ചിരുന്ന ക്രിസ്ത്യാനി കുടുംബത്തിനും നിക്ഷിപ്തമായിരുന്നു. 

കഴിഞ്ഞ നൂറ്റാണ്ടിൻ്റെ ആരംഭത്തോടെ ജാതിവ്യവസ്ഥയും അയിത്താചരണങ്ങളും പുറന്തള്ളപ്പെട്ടതോടെ ഈ സമ്പ്രദായവും നിലച്ചുപോയി. വടക്കൻ കേരളത്തിൽ ഈ രീതി നിലനിന്നിരുന്നോ എന്നറിവില്ല. എങ്കിലും പഴയ കൊച്ചി-തിരുവിതാംകൂർ മേഖലയിൽ നിലനിന്നിരുന്നതായി തെളിവുകളുണ്ട്. പല പ്രധാന ക്ഷേത്രങ്ങൾക്കും സമീപം താമസിച്ചുവരുന്ന നസ്രാണികുടുംബങ്ങളുടെ പുരാതന കുടുംബരേഖകളിലും വാമൊഴിചരിത്രത്തിലും ഇതു വെളിപ്പെടുന്നുണ്ട്.

പ്രശസ്തമായ കാഞ്ഞിരപ്പള്ളിയിലെ വലിയപള്ളിയുടെ സ്ഥാപനചരിത്രത്തിലേക്ക് ഒന്ന് എത്തിനോക്കാം. പതിനാലാം നൂറ്റാണ്ടിൽ നിലയ്ക്കൽ പ്രദേശത്ത് വക്രപ്പുലി, പെരുമ്പാറ്റ എന്നീ അപരനാമങ്ങളിൽ അറിയപ്പെട്ടിരുന്ന കൊള്ളക്കാരുടെ ആക്രമണമുണ്ടാകുകയും അവിടെയുണ്ടായിരുന്ന ജനങ്ങൾ പലയിടങ്ങളിലേക്ക് പലായനം ചെയ്യുകയുമുണ്ടായി എന്ന് വാമൊഴിയായി നിലനിന്നു വരുന്ന ഒന്നാണ്. അത്തരത്തിൽ നസ്രാണികൾ വന്നുചേർന്നത് സംഘകാലത്തോളം പെരുമയുള്ള കാഞ്ഞിരപ്പള്ളി അങ്ങാടിയിലായിരുന്നു. സ്വന്തമായി ആരാധനാലയം ഇല്ലാതിരുന്നതിനാൽ വടക്ക് ദൂരെയുള്ള അരുവിത്തുറപ്പള്ളിയിലാണ് ആരാധനയ്ക്കായി അവർ പോയിരുന്നത്. AD 1449 ൽ അന്നത്തെ തെക്കുംകൂർ രാജാവായ വീരകേരളവർമ്മ ചിറ്റാറിൻ്റെ കരയിൽ പള്ളി വയ്ക്കുന്നതിനായി ക്രൈസ്തവപ്രമാണിയായ വലിയ വീട്ടിൽ തൊമ്മിമാപ്പിളയ്ക്ക് അനുമതി നൽകി.

" അരുളി കല്പിക്കുകയെന്നാൽ നമ്മുടെ തൊമ്മി മാപ്പിള കണ്ടെന്നാൽ പയിനാപ്പള്ളി ചെട്ടിയാരോട് താങ്കൾക്ക് തേട്ടമുള്ള പടിഞ്ഞാറേ മുറിപ്പറമ്പിൽ പള്ളിയും അങ്ങാടിയും വെപ്പിച്ചു കൊള്ളുമാറ് വേക്ക് ഇത് കൊല്ലം 624-ാം ആണ്ട് മേടം ഞായർ 21-ാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്ന് രാജശ്രീ വീരകേരളപ്പെരുമാൾ, ഇതു മേനോൻ കയ്യെഴുത്ത്" കാഞ്ഞിരപ്പള്ളി സെൻ്റ് മേരീസ് വലിയപള്ളിയിൽ നിന്ന് പിൽക്കാലത്തു കണ്ടെത്തിയ ഓലയിൽ നിന്നാണ് ഇതു വായിച്ചെടുത്തത്.

പള്ളി സ്ഥാപനത്തിനു ശേഷം വർഷങ്ങൾക്ക് ശേഷം അക്കാലത്തെ തെക്കുംകൂർ രാജാവായ ഉദയവർമ്മ കാഞ്ഞിരപ്പള്ളി സന്ദർശിക്കവേ പള്ളിയിലെ കൽവിളക്കിൽ തിരി തെളിയിക്കാതെ കാണുകയും അതിന് കാരണം അന്വേഷിക്കുകയും ചെയ്തു. സ്ഥിരമായി ഈ വിളക്ക് ജ്വലിപ്പിച്ച് നിർത്തുന്നതിനുള്ള എണ്ണ ചെലവിടാനുള്ള ശേഷി തങ്ങൾക്കില്ല എന്ന് നസ്രാണികൾ അറിയിച്ചതിനെ തുടർന്ന് ഓടിൽ തീർത്ത ചോതന (അളവുപാത്രം) പള്ളിക്ക് സംഭാവന ചെയ്യുകയും എണ്ണ അളക്കുന്നതിന് ഈ ചോതന മാത്രം ഉപയോഗിക്കണമെന്ന് കല്പിക്കുകയും ചെയ്തു. കൂടാതെ:

"അരുളി കല്പിക്കുകയാൽ നമ്മുടെ തൊമ്മി മാപ്പിള കണ്ടെന്നാൽ താങ്കളുടെ പള്ളിക്ക് വിളക്കുവപ്പിന് വകയായിട്ട് ചോതനയും വെയ്പ്പിച്ച് കുടം ഒന്നിന് അരയ്ക്കാൻ ഇടങ്ങഴി വെളിച്ചെണ്ണ വീതം എടുത്തു കൊള്ളുമാറു കല്പിച്ച് തരവും എഴുതിക്കൊടുത്ത് കൊല്ലം 697-ാം ആണ്ട് കന്നി ഞായർ 4-ാം തീയതി കാഞ്ഞിരപ്പള്ളി ഇടത്തിൽ ഇരുന്നരുളി കല്പിച്ച വേക്ക് ........."

ഈ കല്പനപ്രകാരം കാഞ്ഞിരപ്പള്ളി അങ്ങാടിയിൽ വില്പനയാകുന്ന ഓരോ ചോതന എണ്ണയ്ക്കും രണ്ടു തുടം എണ്ണ പള്ളിയിലെ വിളക്കു തെളിക്കാനായി മാറ്റിവയ്ക്കണം എന്നത് പ്രാബല്യത്തിലായി.

പഴയ നസ്രാണി കുടുംബങ്ങളിൽ ചിലരൊക്കെയും ചോതന എന്ന അളവു പാത്രം ഇന്നും സൂക്ഷിച്ചുവച്ചിരിക്കുന്നു. ചിത്രത്തിൽ കാണുന്നത് കോട്ടയത്ത് കൊല്ലപറമ്പിൽ മാത്തുച്ചൻ P K PK Mathew സൂക്ഷിച്ചിരിക്കുന്ന കളിമണ്ണിൽ നിർമ്മിച്ച പുറംപട്ട കെട്ടിയ ചോതനയാണ്.

കോട്ടയം കോടിമതയിൽ എണ്ണവ്യാപാരത്തിനായി എത്തിയ പാലത്തിങ്കൽ കുടുംബത്തിൻ്റെ കഥ
 Link ൽ
https://m.facebook.com/story.php?story_fbid=2143909619230528&id=100008345311855

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ