ജനാധിപത്യ യുഗത്തിൽ ജനങ്ങളുടെ താൽപര്യങ്ങൾക്കാണ് മുൻതൂക്കം നൽകേണ്ടത്. നാലായിരം കുടുംബങ്ങളിലായി ഇരുപതിനായിരത്തിൽ അധികം പ്രായപൂർത്തി ആയവർ അംഗങ്ങളായ മണർകാട് പള്ളിയിൽ കേവലം പത്തിൽ താഴെ മാത്രം പേർ വരുന്ന ഓർത്തഡോക്സ് പക്ഷത്തിന് പള്ളി വിട്ടു കൊടുക്കുന്ന അന്യായ കോടതി വിധി ജനവിരുദ്ധവും ആനുനിക ജനാധിപത്യ വീക്ഷണങ്ങൾക്ക് ഇണങ്ങുന്നതുമല്ല. യാക്കോബായ സഭാംഗങ്ങൾക്ക് ബഹു ഭൂരിപക്ഷം ഉള്ള അൻപതോളം ദേവാലയങ്ങിൽ നിന്നാണ് സമാനമായ രീതിയിൽ വിശ്വാസികൾക്ക് ആരാധനാവകാശവും , ഉടമാവകാശവും നഷ്ടപ്പെടുന്നത്.
.പള്ളി സ്വത്ത് ഭരണത്തിന് സിവിൾ നിയമമില്ലാത്തത് കേരളത്തിൽ മാത്രമാണ്. ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ടിന് സമാനമായ നിയമം കേരളത്തിൽ ഇല്ലത്തതിനാൽ ആണ് ഇത്തരം വിധികൾ ഉണ്ടാകുന്നത്. ഇന്ത്യൻ നീതി ന്യായ പീഠങ്ങൾ പുറപ്പെടുവിക്കുന്ന വിധികൾ ഭൂരിപക്ഷവും നീതി വിരുദ്ധ വിധികളാണെന്ന് അന്തരിച്ച വിഖ്യാത നിയമ പണ്ഡിതനും മുൻ സുപ്രീംകോടതി ന്യായാധിപനും ആയിരുന്ന ജസ്റ്റിസ് വി.ആർ കൃഷ്ണ അയ്യർ നടത്തിയ വിലയിരുത്തൽ ഏറെ പ്രസക്തമാണ്.
അന്യായമായ കോടതിവിധികൾ നീതിന്യായ പീഠങ്ങളിൽ നിന്നുണ്ടാകുന്നതിന് കാരണമായി ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ കണ്ടെത്തിയ മുന്നു പ്രധാനപ്പെട്ട കാരണങ്ങൾ ഇവയാണ്.
പഴയ കൊളോണിയൽ വീക്ഷണത്തിൽ രൂപീകൃത നിയമങ്ങൾക്ക് പകരം ഇന്ത്യൻ ഭരണഘടനക്ക് അനുസൃതമായി സ്വതന്ത്ര ഇന്ത്യക്ക് ഉചിതമായ നിയമ നിർമ്മാണ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ സർക്കാർ കാണിക്കുന്ന വീഴ്ചകളാണ് ഒന്നാമത്തേത്. രണ്ടാമതായി നിയമം സംബന്ധിച്ച അദിഭാഷകരുടെ നിരക്ഷരത . മൂന്നാമത്തേത് ഇന്ത്യൻ ന്യായാധിപരുടെ കാലഹരണപ്പെട്ട പഴഞ്ചൻ വീക്ഷണങ്ങൾ തന്നെ . അപലനീയമെന്ന് ജസ്റ്റിസ് വി.ആർ.കൃഷ്ണ അയ്യർ വിശേഷിപ്പിച്ച അതേ വീഴ്ചകൾ സ്വാതന്ത്ര്യം ലഭിച്ച് ഏഴുപത് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും രൗദ്രഭാവത്തിൽ ഇന്ത്യയിൽ നില നിൽക്കുന്നു എന്നതാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ദൗർബല്യം.
മലങ്കര സഭ സംബന്ധിച്ച വിധിയും വ്യക്തമായ നിയമ സംഹിതയുടെ അഭാവത്തിൽ മത നിയമാവലിയെ മാത്രം ആധാരമാക്കി പുറപ്പെടുവിച്ച അന്യായ വിധികളിലൊന്നാണ്. അരുൺ മിശ്രയുടെ വിധിയിൽ പള്ളി നിർമ്മിക്കാൻ പണം നൽകിയ ഇടവകാംഗങ്ങളെയും , അവരുടെ അനന്തരാവകാശികളായ പിന്മുറക്കാരെയും സ്വത്തവകാശമില്ലാത്ത ദേവാലയാരാധനാ ഭക്തർ (worshipers ) മാത്രമായാണ് അംഗീകരിച്ചിരിക്കുന്നത്. പള്ളിയുടെയോ , സ്ഥാപനങ്ങളുടെയോ നിർമ്മാണത്തിൽ ധനപരമായ യാതൊരു പങ്കാളിത്തവും ഇല്ലാത്ത ബാഹ്യ പൗരോഹിത്യ അധികാരികൾക്ക് സ്വത്തു ഭരണം നൽകുന്ന കോടതി വിധി ആധുനിക ജനാധിപത്യ സങ്കൽപ്പങ്ങൾക്ക് ഒട്ടും ഇണങ്ങുന്നതല്ല.
യഥാർത്ഥ ഉടമകളായ ഇടവകാംഗങ്ങളെ പള്ളിയിൽ നിന്ന് അന്യായമായി കുടിയൊഴിപ്പിക്കലിന് വിധേയമാകുന്നതും, അവർക്ക് സ്വീകാര്യമല്ലാത്ത പുരോഹിതരിൽ നിന്ന് ആത്മീയ കർമ്മങ്ങൾ സ്വീകരിക്കാൻ നിർബന്ധിക്കുന്നതും കാലഹരണപ്പെട്ട ജന്മിത്വത്തിന്റെ അവശിഷ്ടമായ മത നിയമാവലിയെ രാജ്യത്തിന്റെ ഭരണഘടനക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നതിന് തുല്യമാണ് .
ഈ അന്യായ വിധിയെ തിരുത്താൻ ഇടവകാംഗങ്ങൾക്ക് പള്ളി സ്വത്ത് ഭരണാവകാശം ലഭിക്കുന്ന നിയമ നിർമ്മാണത്തിന് സർക്കാർ അടിയന്തിരമായി തയ്യാറാകണം. ഇത് സംസ്ഥാന സർക്കാരിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്. പള്ളികൾ സ്ഥാപിച്ച വിശ്വാസികളുടെ ഭരണഘടനാദത്തമായ ഈ അവകാശമാണ് അംഗീകരിക്കേണ്ടത്.
ജസ്റ്റിസ് കൃഷ്ണ അയ്യർ ബാംഗ്ളൂരിലെ കേന്ദ്ര നിയമ യൂണിവേഴ്സിറ്റയിൽ നടത്തിയ പ്രഭാഷണത്തിലെ പ്രസക്തഭാഗം താഴെ നൽകുന്നു.
"we have, by and large, inherited and preserved a system which does little justice and much injustice. Among various reasons responsible for such failure of justice, the inaction of the legislatures is the most important. The "traditional lawyer's illiteracy, and the orthodox judge's ignorance" are also to be blamed."
#enact_church_act_2009
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ