2023 ഏപ്രിൽ 14, വെള്ളിയാഴ്‌ച

വേട്ടക്കാരുടെ സ്‌നേഹനാട്യം - എം വി ഗോവിന്ദൻ എഴുതുന്നു

 കഴിഞ്ഞ ഞായറാഴ്‌ച ഈസ്റ്റർ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  ഡൽഹിയിലെ സേക്രട്ട്‌ ഹാർട്ട്‌ ചർച്ചിൽ നടത്തിയ സന്ദർശനവും സംസ്ഥാനത്തെ ബിജെപി നേതാക്കൾ ചില ബിഷപ് ഹൗസുകളിലും അരമനകളിലും നടത്തിയ സന്ദർശനവും വാർത്തയാകുകയുണ്ടായി. സാധാരണനിലയിൽ ഇത്തരം സന്ദർശനങ്ങൾ വലിയ വാർത്തയാകാറില്ല. പല രാഷ്ട്രീയ നേതാക്കളും ആരാധനാലയങ്ങൾ സന്ദർശിക്കുക നമ്മുടെ രാജ്യത്ത്‌ പതിവ്‌ രീതിയാണ്‌. അതിന്റെ ശരിതെറ്റുകൾ ഇഴകീറി പരിശോധിക്കാൻ ആരും തയ്യാറാകാറുമില്ല. എന്നാൽ, ബിജെപി നേതാക്കളും ആർഎസ്‌എസ്‌ പ്രചാരകരുമായ പ്രധാനമന്ത്രിയും അതു ചെയ്‌തപ്പോൾ സ്വാഭാവികമായും അത്‌ ചർച്ചയായി. കാരണം ക്രിസ്‌ത്യാനികളെ ആഭ്യന്തരശത്രുക്കളായി കണ്ട്‌ കഴിഞ്ഞ ഒരു നൂറ്റാണ്ടുകാലം വേട്ടയാടിയവരാണ്‌ സംഘപരിവാറുകാർ. അതിൽ ഇപ്പോഴും ഒരു കുറവും വന്നിട്ടില്ല. ഇത്‌ എഴുതുമ്പോഴും ഹരിയാനയിലും മറ്റും ക്രിസ്‌ത്യാനികൾക്കെതിരെ ഈ കാവിപ്പട ആക്രമണം നടത്തുകയാണ്‌.

ആർഎസ്‌എസിനും ബിജെപിക്കും വിശുദ്ധഗ്രന്ഥമാണ്‌ വിചാരധാര (ബഞ്ച്‌ ഓഫ്‌ തോട്ട്‌സ്‌). ആർഎസ്എസിന്റെ രണ്ടാമത്തെ സർസംഘ്ചാലകായ മാധവ സദാശിവ ഗോർവാൾക്കർ എഴുതിയതാണ്‌ ഇത്‌. അതിൽ ആഭ്യന്തര ഭീഷണിയെന്ന തലക്കെട്ടിൽ സുദീർഘമായ ഒരു അധ്യായമുണ്ട്‌. അതിൽ മുസ്ലിങ്ങൾ ഒന്നാമത്തെയും ക്രിസ്‌ത്യാനികൾ രണ്ടാമത്തെയും കമ്യൂണിസ്റ്റുകാർ മൂന്നാമത്തെയും ആഭ്യന്തര ഭീഷണികളായാണ്‌ ഗോൾവാൾക്കർ നിർവചിച്ചിട്ടുള്ളത്‌. ആ അധ്യായം തുടങ്ങുന്നത്‌ ഇപ്രകാരമാണ്‌: ‘രാജ്യത്തിനകത്തുതന്നെയുള്ള ശത്രുത പുലർത്തുന്ന ശക്തികൾ പുറമേനിന്നുള്ള ആക്രമണകാരികളേക്കാൾ ദേശീയ സുരക്ഷിതത്വത്തിന്‌ വളരെ കൂടുതൽ ഉപദ്രവകാരികളാണ്‌ എന്നത്‌ ലോകത്തിലെ നിരവധി രാജ്യങ്ങളുടെ ചരിത്രത്തിലെ ദുഃഖകരമായ പാഠമാണ്‌.’ ഇസ്ലാം മതമോ ക്രിസ്‌ത്യൻ മതമോ സ്വീകരിക്കുന്നു എന്നതിനർഥം മാതൃരാജ്യത്തിന്‌ കൂടുതൽ ശത്രുക്കളുണ്ടാകുന്നുവെന്ന്‌ മാത്രമാണെന്ന്‌ ഗോൾവാൾക്കർ ദൃഢമായി വിശ്വസിച്ചിരുന്നു. ഹിന്ദുസ്ഥാനിലെ ഹിന്ദുക്കളല്ലാത്ത ജനങ്ങൾ ഹിന്ദു സംസ്‌കാരവും ഭാഷയും സ്വീകരിച്ച്‌ ഹിന്ദുമതത്തെ ബഹുമാനിക്കാനും ആദരിക്കാനും പഠിക്കണമെന്നതാണ്‌ ആർഎസ്‌എസിന്റെ എന്നത്തെയും വീക്ഷണം.

ഈ ആശയാടിത്തറയിൽനിന്നുകൊണ്ടാണ്‌ ഇന്ത്യയിലെ മുസ്ലിങ്ങളെയും ക്രിസ്‌ത്യാനികളെയും അവർ വേട്ടയാടുന്നത്‌. എന്നാൽ, ക്രിസ്‌ത്യാനികൾക്കുനേരെ അവർ ഉയർത്തിയ ഏറ്റവും പ്രധാന ആരോപണം മതപരിവർത്തനം നടത്തുന്നുവെന്നാണ്‌. നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്തും ചാരിറ്റി മേഖലയിലും പ്രവർത്തിക്കുന്ന ക്രിസ്‌ത്യൻ സഭകൾ ആദിവാസികളെയും ദളിതരെയും വൻതോതിൽ മതം മാറ്റുകയാണ്‌ എന്നാണ്‌ സംഘപരിവാറുകാരുടെ വാദം. ഇവരുടെ പ്രചാരണം കേട്ടാൽ രാജ്യത്ത്‌ വൻതോതിൽ ക്രിസ്‌ത്യൻ ജനസംഖ്യ വർധിക്കുകയാണെന്ന്‌ തോന്നിപ്പോകും. എന്നാൽ, യഥാർഥ വസ്‌തുത കണ്ണുതുറപ്പിക്കുന്നതാണ്‌. 1500 വർഷമായി ക്രിസ്‌ത്യാനികൾ ഈ രാജ്യത്തുണ്ട്‌. എന്നാൽ, അവരുടെ ജനസംഖ്യ 2011ലെ സെൻസസ്‌ അനുസരിച്ച്‌ 2.30 ശതമാനം മാത്രമാണ്‌. കഴിഞ്ഞ നാലു ദശാബ്ദമായി ക്രിസ്‌ത്യൻ ജനസംഖ്യ കുറയുകയാണ്‌ എന്നതാണ്‌ മറ്റൊരു വസ്‌തുത. 1971ൽ 2.60 ശതമാനവും 1981ൽ 2.44 ശതമാനവും 1991ൽ 2.34 ശതമാനവും 2001ലും 2011ലും 2.30 ശതമാനവുമാണ്‌ ജനസംഖ്യ. വസ്‌തുത ഇതായിരിക്കെ ഇന്നും മതപരിവർത്തനം പറഞ്ഞാണ്‌ ക്രിസ്‌ത്യാനികൾക്കെതിരെ സംഘപരിവാർ ആക്രമണം നടക്കുന്നത്‌. മതപരിവർത്തനം തടയാൻ മതസ്വാതന്ത്ര്യനിയമം പാസാക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള ഏതാണ്ടെല്ലാ സംസ്ഥാന സർക്കാരുകളും തയ്യാറായിട്ടുമുണ്ട്‌.



രാജ്യത്തെ വർഗീയവൽക്കരിക്കുക ലക്ഷ്യമാക്കി ആയോധ്യ വിഷയം ഉയർത്തിക്കൊണ്ടുവരികയും അതിന്റെ ഫലമായി ബാബ്‌റി മസ്‌ജിദ്‌ തകർക്കുകയും ചെയ്‌തതിന്‌ സമാന്തരമായാണ്‌ ക്രിസ്‌ത്യാനികൾക്കുനേരെയും വ്യാപകമായ ആക്രമണങ്ങൾ രാജ്യത്ത്‌ ആരംഭിച്ചത്‌. ഹിന്ദുത്വത്തിന്റെ പരീക്ഷണശാലയായ ഗുജറാത്തിലാണ്‌ വ്യാപകമായ ആക്രമണങ്ങൾക്ക്‌ തുടക്കമായത്‌.  തെക്കുകിഴക്കൻ ഗുജറാത്തിൽ ആദിവാസികൾ ഏറെ വസിക്കുന്ന ദാംഗ്‌സ്‌ ജില്ലയിലാണ്‌ ആദ്യമായി വൻതോതിലുള്ള ആക്രമണം നടന്നത്‌. ഗുജറാത്തിലെ ചിറാപുഞ്ചിയെന്നും കശ്‌മീരെന്നും വിളിക്കപ്പെടുന്ന ജില്ലയിലാണ്‌ വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗദളും വനവാസി കല്യാൺ സമിതിയും ചേർന്ന്‌ 1998ൽ രണ്ട്‌ ഡസനിലധികം ചർച്ചുകൾ തീയിടുകയും  പ്രാർഥനാലയങ്ങൾ നശിപ്പിക്കുകയും ചെയ്‌തത്‌. ഹിന്ദുക്കൾക്കെതിരെ അന്താരാഷ്ട്രതലത്തിൽ ക്രിസ്‌ത്യാനികൾ ഗൂഢാലോചന നടത്തുകയാണെന്ന ആരോപണമാണ്‌ അന്ന്‌ വിശ്വഹിന്ദുപരിഷത്ത്‌ നേതാവായ അശോക്‌ സിംഗാൾ ഉയർത്തിയത്‌. സംഘപരിവാർ ശക്തികൾ ഇപ്പോൾ ക്രിസ്‌ത്യാനികളെയും തേടിയെത്താൻ തുടങ്ങിയെന്ന്‌ അന്നത്തെ സിപിഐ എം ജനറൽ സെക്രട്ടറി ഹർകിഷൻ സിങ് സുർജിത് അഭിപ്രായപ്പെട്ടതും ഈ ഘട്ടത്തിലാണ്‌.

എന്നാൽ, മതപരിവർത്തനമെന്ന ആരോപണമുയർത്തി സംഘപരിവാർ നടത്തിയ ഏറ്റവും നികൃഷ്ടമായ ആക്രമണം ഗ്രഹാം സ്റ്റെയിൻസിനെ ചുട്ടുകൊന്നതായിരുന്നു. 1999 ജനുവരി 23ന്‌ ആയിരുന്നു ഇത്‌. സുവിശേഷകനായ ഗ്രഹാം സ്റ്റുവർട്ട് സ്റ്റെയിൻസിനെയും രണ്ടു കുട്ടികളെയും ബജ്റംഗദൾ പ്രവർത്തകൻ ചുട്ടുകൊല്ലുകയായിരുന്നു. ഇന്ത്യയിൽ കുഷ്ഠരോഗികളുടെയും ആദിവാസികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുകയായിരുന്നു ഓസ്‌ട്രേലിയൻ സ്വദേശിയായ സ്റ്റെയിൻസ്‌. ഒഡിഷയിലെ കിയോഞ്ചാർ ജില്ലയിലെ മനോഹരപുർ ഗ്രാമത്തിൽ തന്റെ സ്റ്റേഷൻ വാഗൻ വണ്ടിയിൽ രാത്രി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു കൊലപാതകം.  കൊലപാതകക്കേസിൽ ബജ്റംഗദൾ നേതാവ്‌ ധാര സിങ്ങിനെ 2003ൽ ശിക്ഷിച്ചു.

ദാംഗ്‌സുമായി ചേർന്നുകിടക്കുന്ന മധ്യപ്രദേശിലെ ജാബുവ ആയിരുന്നു അടുത്ത ലക്ഷ്യം. ഗുജറാത്തിൽ കലാപാനന്തരം നടന്ന തെരഞ്ഞെടുപ്പിൽ  മുഖ്യമന്ത്രിയായ മോദിയുടെ വർഗീയമായ  പ്രചാരണത്തിനുശേഷമാണ്‌ ജാബുവയിൽ വ്യാപകമായ ക്രിസ്‌ത്യൻ വേട്ട നടന്നത്‌. 2003ലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തിനാണ്‌ മോദി എത്തിയത്‌. തെരഞ്ഞെടുപ്പിൽ വിജയിച്ച ബിജെപി ഉമാഭാരതിയുടെ നേതൃത്വത്തിൽ സർക്കാർ ഉണ്ടാക്കുകയും ചെയ്‌തു. ആദിവാസികളുടെ സംസ്‌കാരം നശിപ്പിക്കാനുള്ള ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ്‌ ക്രിസ്‌ത്യാനികൾ എന്നുപറഞ്ഞായിരുന്നു ജാബുവയിലെ ആക്രമണം. ബിജെപി സർക്കാർ അധികാരത്തിൽ വന്ന്‌ ദിവസങ്ങൾക്കുശേഷം 2004 ഫെബ്രുവരിയിലായിരുന്നു ക്രിസ്‌ത്യൻ പള്ളികളും സ്‌കൂളുകൾ അടക്കമുള്ള സ്ഥാപനങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെടുകയും അഗ്നിക്ക്‌ ഇരയാക്കപ്പെടുകയും ചെയ്‌തത്‌.  2008ൽ ഒഡിഷയിൽ നടന്ന കന്ദമൽ കലാപമാണ്‌ ക്രിസ്‌ത്യൻ വേട്ടയിൽ ഏറ്റവും വ്യാപകവും സംഘടിതവുമായത്‌. നാനൂറോളം ചെറുതും വലുതുമായ പള്ളികൾ തകർക്കപ്പെട്ടു. 39 ക്രിസ്‌ത്യാനികൾ കൊല്ലപ്പെട്ടു. നാലായിരത്തോളം ക്രസ്‌ത്യാനികളുടെ വീടുകളും അഗ്നിക്ക്‌ ഇരയാക്കപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്‌തു. ആർഎസ്‌എസ്‌, വിഎച്ച്‌പി, ബജ്‌റംഗദൾ പ്രവർത്തകരായിരുന്നു ഇതിനുപിന്നിൽ. ക്രിസ്‌ത്യാനികൾക്ക്‌ എതിരെയുള്ള ഈ നീക്കം ഇന്നും ശക്തമാണ്‌. നീതിക്കുവേണ്ടി പൊരുതിയ, പാർക്കിസൻസ്‌ രോഗിയായ ഫാദർ സ്റ്റാൻസ്വാമിയെ ജയിലിലടച്ച്‌ കൊലപ്പെടുത്തിയത്‌ അടുത്തകാലത്താണ്‌. 

നരേന്ദ്ര മോദി സർക്കാർ രണ്ടാമതും അധികാരത്തിൽ വന്നശേഷം രാജ്യത്ത്‌ ക്രിസ്‌തുമത വിശ്വാസികളും ആരാധനാലയങ്ങളും വ്യാപകമായി ആക്രമിക്കപ്പെടുകയാണ്‌. യുപി, മധ്യപ്രദേശ്‌, ഹരിയാന, ഒഡിഷ, ഛത്തീസ്‌ഗഢ്‌, ബിഹാർ, ജാർഖണ്ഡ്‌, കർണാടകം എന്നിവിടങ്ങളിലാണ്‌ കൂടുതൽ ആക്രമണങ്ങൾ. പള്ളികൾക്ക് തീയിടൽ, ബലപ്രയോഗത്തിലൂടെ ക്രിസ്‌തുമത വിശ്വാസികളെ ഹിന്ദുമതത്തിലേക്ക്‌ പരിവർത്തനം ചെയ്യൽ എന്നിങ്ങനെ അതിക്രമം നീളുന്നു. ദേശീയ ന്യൂനപക്ഷ കമീഷന്റെ കണക്കുപ്രകാരം പ്രതിവർഷം നൂറിലധികം ആക്രമണമാണ്‌ നടക്കുന്നത്‌. യുണൈറ്റഡ്‌ ക്രിസ്‌ത്യൻ ഫോറത്തിന്റെ കണക്കിൽ 2022ൽ 598 ആക്രമണമുണ്ടായി. 89 പാസ്റ്റർമാരും പുരോഹിതരും ആക്രമിക്കപ്പെട്ടു. 68 പള്ളി തകർത്തു.127 ആക്രമണത്തിൽ 82ഉം സംഘടിത കലാപങ്ങൾക്ക്‌ സമാനമായിരുന്നു.

ക്രിസ്‌‌മസിന്‌ മുന്നോടിയായി 2020ലും 2021ലുമായി 104 ആക്രമണമാണ്‌ നടന്നത്‌. ഛത്തീസ്‌ഗഢിലെ നാരായൺപുരിൽ നൂറുകണക്കിനുപേർ ആയുധങ്ങളുമായി എത്തി പള്ളി ആക്രമിച്ചത് ഈ വർഷമാണ്. ബിജെപി ജില്ലാ പ്രസിഡന്റ്‌ അടക്കമുള്ളവരാണ്‌ പ്രതികൾ. ഫെബ്രുവരിയിലാണ്‌ രാജ്യത്തെ എൺപതോളം ക്രിസ്‌ത്യൻ സംഘടനകൾ ഡൽഹിയിൽ വൻ പ്രതിഷേധം ഉയർത്തിയത്‌. 21 സംസ്ഥാനത്തിൽ ക്രിസ്‌ത്യാനികൾ അരക്ഷിതരാണ്‌ എന്നാണ്‌ അവർ വിളിച്ചുപറഞ്ഞത്‌. എന്നാൽ, ഇതിൽ കേരളംപെടുന്നില്ല. എത്‌ മതസ്ഥരായാലും സുരക്ഷിതമായി ജീവിക്കാൻ പറ്റുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലൊന്ന്‌ കേരളമാണ്‌ എന്നത്‌ ഇവിടത്തെ മതനിരപേക്ഷ ജനാധിപത്യ അടിത്തറയുടെ കരുത്താണ്‌ വെളിപ്പെടുത്തുന്നത്‌. സംസ്ഥാനങ്ങളിൽനിന്ന്‌ ആക്രമണസംഭവങ്ങളുടെ റിപ്പോർട്ട് തേടണമെന്ന്‌ സുപ്രീംകോടതി നിർദേശിച്ചെങ്കിലും കേന്ദ്രം അനങ്ങിയില്ല.

ഓർത്തഡോക്‌സ്‌ സഭാധ്യക്ഷൻ ബസേലിയോസ്‌ മാർത്തോമ്മ  മാത്യൂസ്‌ തൃതീയൻ  കാതോലിക്കാബാവാ  തുറന്നുപറഞ്ഞതുപോലെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ ക്രിസ്‌ത്യൻവേട്ടയ്‌ക്ക്‌ ഒരു കുറവും വന്നിട്ടില്ല. പലയിടത്തും ബിജെപിക്കാരാണ്‌ ആക്രമണങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌. അപലപിക്കാനോ തള്ളിപ്പറയാനോ കേന്ദ്രം ഭരിക്കുന്ന ബിജെപിയോ പ്രധാനമന്ത്രിയോ മന്ത്രിമാരോ ഇതുവരെയും തയ്യാറായിട്ടില്ല. കേരളത്തിൽനിന്നുള്ള കേന്ദ്ര മന്ത്രിയും വ്യത്യസ്‌തനല്ല. അവരാണ്‌ ഇപ്പോൾ ക്രിസ്‌ത്യാനികളെ തേടി ഇറങ്ങിയിട്ടുള്ളത്‌. ആട്ടിൻതോലിട്ട ഈ ചെന്നായക്കൂട്ടത്തെ തിരിച്ചറിയാനുള്ള ബുദ്ധിയും വിവേകവും ക്രിസ്‌ത്യാനികൾക്കുണ്ട്‌. ബിജെപിയുടെ ഈ ഇരട്ടത്താപ്പ്‌ അവർക്ക്‌ തിരിച്ചറിയാനാകും.


Read more: https://www.deshabhimani.com/articles/modi-s-visit-sacred-heart-cathedral/1085667



2023 ഏപ്രിൽ 12, ബുധനാഴ്‌ച

വിചാരധാരയോ, വചനധാരയോ?

2023 ഫെബ്രുവരി 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായത് എന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നു പോയതാകും. രാജ്യമാകെ  തുടരുന്ന ക്രൈസ്തവ വേട്ടയില്‍ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് നടത്തിയ പ്രത്യക്ഷ പ്രതികരണത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022-ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്ക് എതിരെ നടന്നു എന്നാണ് United Christian Forum ത്തിന്റെ കണ്ടെത്തല്‍.

ബി ജെ പി ഭരണത്തില്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ സുരക്ഷിതർ ആണെന്ന സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവന വന്‍ വിവാദമായി. ഏപ്രില്‍ 9-ലെ ഈസ്റ്റര്‍ ദിനത്തില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്സ് ദിനപത്രത്തില്‍ പ്രത്യക്ഷപ്പെട്ട അഭിമുഖത്തിലെ നിര്‍ണ്ണായക വെളിപ്പെടുത്തലാണ് കേന്ദ്രത്തിലെ മോദി ഭരണത്തിനുള്ള പ്രത്യക്ഷ സ്തുതിയായി പരിണമിച്ചത്.

വിജയിച്ച രാഷ്ട്രീയ നേതാവായി മോദിയെ അഭിനന്ദിക്കുന്ന അഭിമുഖത്തില്‍ ബിജെപിയുടെ കേരളത്തിലെ സ്വീകാര്യത വര്‍ധിക്കുന്നതായും അദ്ദേഹം വിലയിരുത്തുന്നുണ്ട്. ക്രൈസ്തവര്‍ക്ക് എതിരായ പീഡനങ്ങള്‍ ഇന്ത്യയില്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്ന കര്‍ദിനാളിന്റെ പരാമര്‍ശം, പക്ഷേ, സമകാലീക ക്രിസ്ത്യന്‍ ന്യൂനപക്ഷ വേട്ടയെ വല്ലാതെ ലളിതവല്‍ക്കരിക്കുന്ന പ്രസ്താവനയായി ചെറുതായി പോയെന്ന വിമര്‍ശനം എല്ലായിടത്തു നിന്നും ഉണ്ടായി.

2023 ഫെബ്രുവരി 20-ന് ഡല്‍ഹിയിലെ ജന്തര്‍ മന്ദിര്‍ ജനസാന്ദ്രമായത് എന്തിനാണെന്ന കാര്യം കര്‍ദിനാള്‍ മറന്നു പോയതാകും. രാജ്യമാകെ  തുടരുന്ന ക്രൈസ്തവ വേട്ടയില്‍ ശക്തമായി പ്രതിഷേധിച്ചു കൊണ്ട് നടത്തിയ പ്രത്യക്ഷ പ്രതികരണത്തില്‍ നൂറുകണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. 2022-ല്‍ മാത്രം 598 അതിക്രമങ്ങള്‍ ക്രൈസ്തവര്‍ക്ക് എതിരെ നടന്നു എന്നാണ് United Christian Forum ത്തിന്റെ കണ്ടെത്തല്‍. ഛത്തീസ്ഗഡിലെ നാരായണ്‍പൂരില്‍ നിന്നും ആയിരത്തോളം പേരാണ് ഹൈന്ദവ തീവ്ര സംഘടനകളുടെ ഭീഷണി ഭയന്ന് ഗ്രാമം വിട്ടോടിയത്. മധ്യപ്രദേശിലെ ജാബുവാ രൂപതയിലെ വിവിധ പള്ളികളില്‍ പൊലീസ് സംരക്ഷണയിലാണ് വിശുദ്ധ വാരാചാരണം പൂര്‍ത്തിയാക്കിയത്. മതംമാറ്റ നിരോധന നിയമങ്ങളുടെ വ്യാപകമായ ദുരുപയോഗത്തിലൂടെ ക്രൈസ്തവരുടെ ജീവനും സ്വത്തിനും നിരന്തരം ഭീഷണി ഉയരുന്നതും കര്‍ദിനാള്‍ കാണാതെ പോയത് എന്തെന്ന ചോദ്യവും വിമര്‍ശകര്‍ ഉന്നയിക്കുന്നുണ്ട്. 

ബിജെപിക്ക് സമ്പൂര്‍ണ്ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് ഇപ്പോള്‍ കരുതാനാകില്ലെന്ന് കര്‍ദിനാള്‍ ആവര്‍ത്തിക്കുമ്പോഴും, കേരളത്തിനു പുറത്ത് ക്രൈസ്തവര്‍ക്ക് കാര്യങ്ങള്‍ ശുഭകരമല്ലെന്ന് തന്നെയാണ് വസ്തുതകള്‍ വ്യക്തമാക്കുന്നത്.

രാജ്യത്ത് ക്രൈസ്തവര്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് എതിരെ ബാംഗ്‌ളൂര്‍ ആര്‍ച്ച്ബിഷപ്പ് പീറ്റര്‍ മച്ചാഡോ, സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ട് കോടതി, ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് അടിയയന്തിര റിപ്പോര്‍ട്ട് തേടിയെന്ന വാര്‍ത്ത ഇതിനോട് ചേര്‍ത്തു വായിക്കണം. ആള്‍ക്കൂട്ട  അക്രമങ്ങൾ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതി തേടുകയുണ്ടായി. ഛത്തീസ്ഗഡില്‍ മാത്രം 600 അതിക്രമങ്ങള്‍ നടന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രാർത്ഥനാ സമ്മേളനങ്ങൾ തടസ്സപ്പെടുത്തിയും, വ്യാജ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തും അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യം അതീവ ഗുരുതരമെന്നാണ് ഹര്‍ജിയിലുള്ളത്. വിദ്വേഷ പ്രസംഗങ്ങള്‍ തുടരുന്ന നേതാക്കളെ നിയന്ത്രിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ ഒന്നും ചെയ്യുന്നില്ല. എന്നാല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ഇതെല്ലാം നിഷേധിക്കുന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. കര്‍ണ്ണാടക സര്‍ക്കാര്‍ 2023-ല്‍ പാസ്സാക്കിയ മതം മാറ്റ നിരോധന നിയമം ആര്‍ട്ടിക്കിള്‍ 25-ന്റെ നഗ്നമായ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ആര്‍ച്ചുബിഷപ്പ് കോടതിയിലെത്തി. ന്യൂനപക്ഷങ്ങള്‍ക്ക് അവരുടെ മതം പ്രസംഗിക്കാനോ, പ്രചരിപ്പിക്കാനോ അനുവദിക്കാത്ത വകുപ്പുകള്‍ കൊണ്ട് സമൃദ്ധമായ പ്രസ്തുത നിയമം പാവങ്ങള്‍ക്കു വേണ്ടി എന്തു ചെയ്താലും അതെല്ലാം മതംമാറ്റ നിരോധനത്തിന്റെ പരിധിയിൽ  ഉള്‍പ്പെടുത്തി  ഇരിക്കുകയാല്‍ പിന്‍വലിക്കണം എന്നാണ് ആര്‍ച്ചുബിഷപ് മച്ചാഡോയുടെ ആവശ്യം. 

ഭാരതീയ കത്തോലിക്കാ സഭയിലെ ഉത്തരവാദിത്വപ്പെട്ട ആര്‍ച്ചുബിഷപ്പ് നയിക്കുന്ന അതീവ ഗരുതരമായ ഇത്തരം ആശങ്കകളെ അവഗണിച്ചു കൊണ്ട് ഇന്ത്യയില്‍ ക്രൈസ്തവര്‍ സുരക്ഷിതർ ആണെന്ന് കര്‍ദിനാള്‍ പറയുമ്പോള്‍ സുരക്ഷിതത്വത്തിന്റെ അര്‍ത്ഥവും, അത് ഏതാനും പേരുടെ മാത്രമെന്ന അനര്‍ത്ഥവും തമ്മില്‍ വല്ലാതെ കൂടിക്കുഴയുന്നുണ്ട്. ഇക്കാര്യത്തില്‍ അഖിലേന്ത്യാ മെത്രാന്‍ സമിതിയുടെ  നിലപാട് എന്തെന്ന് അറിയാന്‍ താല്പര്യമുണ്ട്.

ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലാണ്. സര്‍വധര്‍മ്മ സമഭാവനയെ അടിസ്ഥാനമാക്കിയാണ് അതിന്റെ നിലയും നില്പും. വനവാസ കാലത്ത് ഭരതനോട് നിരീശ്വരരും നിസ്സാരരുമായിരുന്ന ചര്‍വാകന്മാരുടെ പോലും ക്ഷേമം തിരക്കുന്ന തുറവിയുടെ രാമരാജ്യ പാരമ്പര്യത്തെ അവഗണിച്ചു കൊണ്ട്, അപരവല്‍ക്കരണത്തിൽ കൂടി അനുസ്യൂതം തുടരുന്ന 'ശത്രുസംഹാരം', തുറവിയും ആതിഥ്യവും ആന്തരീക അടയാളമായി സ്വീകരിച്ച ഭാരതത്തിന് തീരാകളങ്കമാണ്.

സ്വാതന്ത്ര്യപ്രാപ്തി വേളയില്‍, മതരാജ്യമായി മാറിപ്പോകാമായിരുന്ന ഭാരതത്തെ മതേതര രാജ്യമായി  പുതുക്കിപ്പണിത നെഹ്‌റുവിയന്‍ കാലത്തെ അവഗണിച്ചു കൊണ്ട് ഹൈന്ദവികതയെ തീവ്രദേശീയതയായി മാറ്റിപ്പണിയുന്ന മോദികാലം ക്ഷേത്ര നിര്‍മ്മാണത്തെ രാഷ്ട്ര നിര്‍മ്മാണമായി അവതരിപ്പിക്കുകയാണ്.

സവര്‍ക്കറുടെ 'ആരാണ് ഹിന്ദു'വെന്ന ചോദ്യത്തിന് 'ഇന്ത്യയെ മാതൃരാജ്യമായും, പുണ്യസ്ഥലമായും പരിഗണിക്കുന്നയാള്‍' എന്ന ഉത്തരത്തിനുള്ളില്‍ ഹിന്ദുത്വവും ദേശീയതയും ഒന്നായി ഉള്ളടങ്ങുന്നു എന്ന അപകടമുണ്ട്. ഗോള്‍ വാര്‍ക്കറുടെ 'വിചാരധാര'യില്‍ ഇന്ത്യയുടെ ആഭ്യന്തര ശത്രുക്കളായി ക്രിസ്ത്യാനികളും, മുസ്ലീമുകളും, കമ്മ്യൂണിസ്റ്റുകാരും ഇന്നും മാറ്റമില്ലാതെ തുടരുമ്പോള്‍, സഭാനേതൃത്വത്തിന്റെ വിചാരധാരയില്‍ അടിയന്തിര മാറ്റമുണ്ടായതിന്റെ ‍അടിസ്ഥാനം എന്തെന്നതിൽ വിശ്വാസികള്‍ അത്ഭുതപ്പെടുന്നു! 

ഈസ്റ്റര്‍ ദിനത്തില്‍ ഏതാനും ക്രിസ്ത്യന്‍ വീടുകളിലും, അരമനകളിലും ബി ജെ പി നേതാക്കള്‍ നടത്തിയ സന്ദര്‍ശനം രാഷ്ട്രീയ പ്രേരിതം അല്ലായിരുന്നുവെന്ന് സമര്‍ത്ഥിക്കുമ്പോഴും, സന്ദര്‍ശനത്തിലെ രാഷ്ട്രീയം മതേതര കേരളത്തിന് മനസ്സിലാകുന്നുണ്ട്. വിരുന്നു വന്നവരോട് സ്റ്റാന്‍സ്വാമി കൊല്ലപ്പെട്ടത് എങ്ങനെയെന്നും കാന്ദമാലില്‍ ഇപ്പോഴും നീതി വൈകുന്നത് എന്തു കൊണ്ടെന്നും ചോദിക്കാതെ തങ്ങളുടെ 'രാഷ്ട്രീയമര്യാദ' മെത്രാന്മാര്‍ കാണിച്ചു. ക്രൈസ്തവര്‍ക്ക് എതിരെ രാജ്യത്താകെ പെരുകുന്ന ആള്‍ക്കൂട്ടാക്രമങ്ങളെ അപലപിക്കാതെ കുറ്റകരമായ മൗനം തുടരുന്ന പ്രധാനമന്ത്രിയെ, ഈസ്റ്റര്‍ ദിനത്തില്‍ ഡല്‍ഹി കത്തീഡ്രലില്‍ പ്രാര്‍ത്ഥനാ ഗീതം കേള്‍പ്പിച്ച് മടക്കിയ സഭാ നേതൃത്വം അതേ കുറ്റത്തില്‍ നിശ്ശബ്ദ പങ്കാളിയായി.

ഏകശിലാത്മകമായ ഭൂരിപക്ഷാധിത്യം ഏകാധിത്യ പ്രവണതകളോടെ ഭാരതത്തില്‍ ചുവടുറപ്പിക്കുന്ന പുതിയ കാലത്ത്, ജനാധിപത്യവും മതേതരത്വവും അപരിചിതമാകുന്ന അപകട സാധ്യതകളെ കുറിച്ച് പുറത്തു പറയുകയെന്ന ഉത്തരവാദിത്വം നിസ്സാര നേട്ടങ്ങള്‍ക്കു വേണ്ടി നിറവേറ്റാതിരുന്നാല്‍ കാലം മാപ്പ് തരില്ല. സഭാനേതൃത്വം ഇത് മറന്നു പോകരുത്. 


https://www.sathyadeepam.org/editorial/vchrdra