കരുണയോടെ നോക്കൂ, ബഹുരാഗം കേൾക്കൂ
©ഫാ. ബോബി ജോസ് കട്ടികാട്
ഫ്രാൻസിസ് പാപ്പയുടെ ജീവിതത്തെ നിർവചിക്കാൻ ഉതകുന്ന ഒരു രൂപകഥ ആയി തന്നെ ഇതിനെ വായിച്ചെടുക്കണം. 2019 ഒക്ടോബറിലാണ്. ലാറ്റിനമേരിക്കൻ ബിഷപ്പുമാരുടെ ഒത്തുചേരൽ വത്തിക്കാനിൽ നടന്നത്. Amazonian Synod (ആമസോണിയൻ സിനഡ്) എന്നാണത് വിശേഷിപ്പിക്കപ്പെടുന്നത്. തദ്ദേശജന്യമായ രീതികൾക്കും പരിസ്ഥിതിക്കുമൊക്കെ മുൻഗണന കൽപ്പിച്ചു കൊടുത്തുള്ള ഒത്തുചേരൽ. അതിനിടയിൽ സാംസ്കാരിക അനുരൂപണങ്ങളുടെ സൂചനയായി ഏതാനും ഗോത്രബിംബങ്ങൾ ട്രാസ് പൊന്റിന (Traspontina)യിലെ കാർമ ലൈറ്റ് ദേവാലയത്തിൽ പ്രദർശിപ്പിച്ചു
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പാച്ചാമാമായായിരുന്നു. പെറുവിലെ ഗോത്രങ്ങളിൽ ഒരു ഉർവരത സങ്കൽപ്പമാണത്. ഭൂമി മാതാവ് എന്നൊക്കെ അർഥം കൽപ്പിക്കാം. ഗർഭിണിയായ ഒരു നഗ്നസ്ത്രീയായാണ് അവരതിനെ കൊത്തിയിരിക്കുന്നത്. പോപ്പ് ബഹുദൈവാരാധനയിൽ പങ്കാളിയായെന്ന ആരോപണം വരും. ജീവനും പ്രകൃതിക്കുമുള്ള സങ്കീർത്തനം മാത്രമായി അതിനെ കണ്ടാൽ മതിയെന്നൊക്കെ പള്ളി സൗഹൃദം പറഞ്ഞു നോക്കി. കാര്യമായി ഫലിച്ചില്ല. ദൈവ സംരക്ഷകരായ രണ്ട് ചെറുപ്പക്കാർ പള്ളിയിൽ പ്രവേശിച്ച് ബിംബങ്ങളെ എടുത്ത് അടുത്തുള്ള ടൈബർ നദിയിലൊഴുക്കി തങ്ങളുടെ ദൈവത്തിന്റെ മാനം കാത്തു. കലയിലും ജീവിതത്തിലുമൊക്കെ ആഘോഷിക്കപ്പെടുന്ന പോളിഫോണി മതത്തിൽ മാപ്പില്ലാത്ത പാപമാണ്. വല്ലാതെ ഉലഞ്ഞു പോയി ആ മനുഷ്യൻ. വൈകാതെ നദിയിൽ നിന്നവ വീണ്ടെടുക്കപ്പെട്ടു. ഹൃദയ ഭാരത്തോടെ പോപ്പ്, മതാന്ധതയിൽ പെട്ട മനുഷ്യർ നിരന്തരം ലംഘിച്ചു കൊണ്ടിരിക്കുന്ന മാനുഷിക മുല്യങ്ങൾക്ക് വേണ്ടി മാപ്പ് പറയുന്നു:
"As bishop of this Dioces I ask forgiveness from those who
have been offended by this gesture".
നിങ്ങൾ പോകുന്നിടത്തൊക്കെ അവർ നിങ്ങൾക്ക് വിളമ്പി തരുന്നത് ഭക്ഷിക്കുക എന്നരുൾ ചെയ്ത ഒരാളുണ്ടായിരുന്നു. യേശുവാണത്. പല അടരുകമുള്ള സാംസ്കാരിക സങ്കലനത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള പാഠമാണത്, ഭക്ഷണം സംസ്കാരത്തിന്റെ നടുത്തുണ്ടാണ്. അത്തരം ഭംഗികളൊന്നും മൂന്ന് നൂറ്റാണ്ടിനപ്പുറം നീണ്ടില്ല. തങ്ങൾ എത്തിച്ചേർന്ന ദേശങ്ങളിലെ ആരാധനാ രീതികളെ ഫെറ്റിഷ് (an object worshipped, especially because a spirit is supposed to lodge in it) എന്നു വിളിച്ച് അപമാനിക്കുകയായിരുന്നു പൊതുവെയുള്ള രീതി.
രണ്ട് സഹസ്രാബ്ദങ്ങൾക്ക് ഇപ്പുറം ചെറിയ ചെറിയ സൂചനകളിലൂടെ അതിന് അനുതാപ ശുശ്രൂഷ ചെയ്യാനാണ് പാപ്പ ശ്രദ്ധിച്ചത്. അതുപോലും പിടിത്തം കിട്ടാത്ത മനുഷ്യർ എത്ര അടഞ്ഞവരാണ്. പുതുക്കി പണിയാത്ത ദൈവം ചെകുത്താനായി മാറുമെന്ന് പറഞ്ഞത് നമ്മുടെ ഭാഷയിൽ ആനന്ദാണ്. അവരെ ഉള്ളിൽ കണ്ടു കൊണ്ടാണ് സ്ലോവാക്യ സന്ദർശിക്കുമ്പോൾ ഇങ്ങനെ പറഞ്ഞത്. തൻ്റെ തന്നെ സമൂഹത്തിൽ പെട്ട വൈദികരോട് സംസാരിക്കുമ്പോഴായിരുന്നു അത്. സുഖമാണോ എന്ന ചോദ്യത്തിന് മറുപടിയായിട്ട്. ജീവിച്ചിരിക്കുന്നു, ചിലർ ഞാൻ മരിക്കണമെന്നു കരുതുമ്പോൾ പോലും. അതത്ര ഫലിതം ആയിരുന്നില്ല. ഉണ്ടെങ്കിൽ തന്നെ ഷേവിങ് റേസിലെ പത പോലെയാണ്. നാലു വർഷം മുമ്പൊരു സെപ്തംബറിൽ ആയിരുന്നു അത്.
യേശുവിന്റെ കരുണയിലേക്ക് തിരിഞ്ഞു നടക്കുകയല്ലാതെ സഭയുടെ മുമ്പിൽ വേറൊരു ഭാവിയില് വെന്ന് അയാൾ കരുതി. അങ്ങനെ ഉറ്റവരുടെ ഇടയിൽ അനഭിമതനായി. യേശുവിനെ കുറിച്ച് പ്രവചനങ്ങൾ പറയുന്ന വൈരുധ്യത്തിന്റെ ചിഹ്നമെന്ന വിശേഷണം അയാൾക്കും ഏതൊക്കെയോ അനുപാതങ്ങളിൽ വഴങ്ങും. മനുഷ്യനിലേക്ക് നോക്കു എന്നാണ് പല രീതികളിൽ അയാൾ പറയാൻ ശ്രദ്ധിച്ചത്. പണ്ട് മെക്സിക്കോയിൽ ഒരു വംശം അടിമുടി തുടച്ചു മാറ്റപ്പെട്ടു. യാഹി വംശമായിരുന്നു അത്. ഒരാൾ എങ്ങനെയോ രക്ഷപ്പെട്ടു. എന്നാൽ, അയാൾക്ക് പേരില്ല. ആ വംശത്തിന്റെ രീതിയനുസരിച്ച് ഒരാൾക്ക് സ്വയം പേരു പറഞ്ഞ് പരിചയപ്പെടുത്താനാകില്ല. അതിനൊരാൾ ഇനിയില്ലാത്തതു കൊണ്ട് അയാൾക്ക് നിശ്ശബ്ദനായി നിൽക്കേണ്ടി വന്നു. നരവംശ ശാസ്ത്രജ്ഞർ അയാളെ ഇഷി എന്നു വിളിച്ചു (1861 - March 25, 1918). യാനഭാഷയിൽ മനുഷ്യനെന്ന് മാത്രം അർഥം. വെറും മനുഷ്യൻ / വെറുതെ മനുഷ്യൻ . മറ്റൊന്നും ഇനി ആരായേണ്ടതില്ലെന്ന് മിന്നൽ വെളിച്ചത്തിന്റെ വരപ്രസാദം അയാൾക്കുണ്ടായി. നമ്മുടെ ദേശത്തിൻ്റെ ഗുരുവിന് അയാൾ വാക്കിൻ്റെ പ്രണാമമർപ്പിക്കുന്നത് സൂജന മര്യാദ കൊണ്ടാണെന്ന് നിങ്ങൾ കരുതുന്നുണ്ടോ.
തന്റെ അടയാളപദമായി അയാൾ വത്തിക്കാനിലേക്ക് കൊണ്ടു വന്നത് ബ്യൂണസ് ഐറിസിൽ മെത്രാനായി മാറിയപ്പോൾ സ്വീകരിച്ച അതേ വാക്യമാണ്. miserando atque eligendo, കരുണയോടെ നോക്കി വിളിച്ചു എന്ന് സാരം. സുവിശേഷത്തിൽ ചുങ്കം പിരിച്ചിരുന്ന മാത്യുവിലേക്ക് യേശുവെത്തിയ പാഠഭാഗത്തെ വിശുദ്ധ ബീഡ് വായിച്ചെടുത്ത രീതിയായിരുന്നു അത്. പതിനേഴാം വയസ്സിൽ മാത്യുവിന്റെ തിരുനാൾ ദിനത്തിലാണ് ജീവിതം യേശു പാദങ്ങളിൽ അർപ്പിക്കാൻ ഉതകുന്ന വിധത്തിൽ അയാൾക്കൊരു സ്നേഹാനുഭവം ഉണ്ടായത്. തന്നിലേക്കെത്തിയ കരുണയ്ക്ക് ശിഷ്ടജീവിതം കൊണ്ടയാൾ ചുങ്കം കൊടുക്കുകയായിരുന്നു. അവസാനത്തോളം കരുണയായിരുന്നു അയാളുടെ ഇഷ്ടപദം. സംഭാഷണങ്ങളിലും പ്രഭാഷണങ്ങളിലും ആ പദം ആവർത്തിച്ചു കൊണ്ടേയിരുന്നു...
കുടിയേറ്റത്തിൻ്റെ പശ്ചാത്തലമുള്ള ഒരാളെന്ന നിലയിൽ അയാൾ പല കാരണങ്ങളാൽ കാലുവെന്ത നായയെപ്പോലെ ഓടുന്ന മനുഷ്യരിലേക്ക് ഏകാഗ്രമായി അവർക്ക് ഓരോരുത്തർക്കും പേരും മുഖവുമുണ്ടെന്ന് പറഞ്ഞ് നമ്മളെ ശകാരിച്ചു. തന്നെ സന്ദർശിക്കാൻ വന്ന മറ്റൊരു ദേശത്തിലെ ഭരണാധികാരിയോട് അയാളുടെ വസ്ത്രത്തെ പരിഹസിച്ച് ഉറക്കെ ചിരിക്കുന്ന മനുഷ്യരുടെ കാലമായതു കൊണ്ടാകണം അയാൾക്കിത്രയും ചന്തം.
സാങ്കേതികമായി അയാളും ഒരു രാഷ്ട്രത്തിന്റെ അധികാരിയാണ്. 110 ഏക്കർ വിസ്തീർണവും ഏതാണ്ട് 800 പേർ മാത്രം പാർക്കുന്ന നഗരം, അളവിലും ആളിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാര രാഷ്ട്രമാണ്. രോഗക്കിടക്കയിൽ പോലും ഗാസയിൽ ചിതറി വീഴുന്ന മനുഷ്യരെക്കുറിച്ച് വ്യാകുലപ്പെട്ടു കൊണ്ടേയിരുന്നു. ഞങ്ങൾ അനാഥരായി എന്നാണ് ഗാസയിൽ നിന്ന് ഇപ്പോൾ കേൾക്കുന്ന വിഷാദം. കഴിഞ്ഞ ദിവസത്തെ ഒരു ബിബിസി വാർത്തയുടെ ശീർഷകവും അതായിരുന്നു.
ന്യൂനപക്ഷത്തോടൊപ്പം നിൽക്കുന്നതാണ് ശരിയെന്ന് തിരിച്ചറിയുമ്പോഴാണ് ഒരാൾ രാഷ്ട്രീയമു ള്ള വ്യക്തിയാകുന്നത്. എണ്ണം കൊണ്ടല്ല അത് നിശ്ചയിക്കുന്നത്. കൂട്ടത്തിൽ സ്വാധീനവും ബലവും കുറഞ്ഞത് ആരാണോ അവരോടൊപ്പം ആയിരിക്കുക. 40 പേരുള്ള ഒരു ഏകാധ്യാപക വിദ്യാലയത്തിലും കുട്ടികൾ തന്നെയാണ് ന്യൂനപക്ഷം. ഏതിലും എവിടെയും അതിലാണയാൾ ഏറ്റവും ശ്രദ്ധിച്ചത്. സുവിശേഷ ഭാഷയിൽ ഗലീലിയൻ പ്രഭവത്തെ തിരിച്ചു പിടിക്കുക. ഗലിലിയ കടലോരമാണ്. ദേശത്തിൻ്റെ വിളുമ്പാണത്. അവിടെ നിന്നാണ് അത് ആരംഭിച്ചത് അവിടെ നിന്നാണ് അത് അകന്നു പോയത്. മടങ്ങി വരു എന്നാണയാൾ ഒരു വ്യാഴവട്ടമായി പറഞ്ഞു കൊണ്ടിരിക്കുന്നത്. ദരിദ്രരുടെ എളിയ സഭയെന്നയാൾ സഭയെ പുനർനിർവചി ച്ചു. അതിനെ മിനുക്കി കൊണ്ടിരിക്കുകയാണ് പഞ്ച ഭൂതങ്ങളിലേക്ക് ഇപ്പോൾ അലിഞ്ഞ് പോകുന്ന ഒരാൾക്കുള്ള കുലീന തർപ്പണം.
https://www.deshabhimani.com/epaper/newspaper/kottayam/2025-04-26?page=6&type=fullview
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ