2025, ഏപ്രിൽ 11, വെള്ളിയാഴ്‌ച

സഭാ ഗാത്രത്തിലെ ഇത്തിൾക്കണ്ണികൾ

തായ് മരത്തിൻ്റെ പോഷകമാണ് ഇത്തിക്കണ്ണികൾ കവർന്നെടുക്കുന്നത് ഇത് യഥാസമയം മുറിച്ചു മാറ്റിയില്ലെങ്കിൽ ഏതു വൻമരവും ക്രമേണ മുരടിക്കും. സഭാ ഗാത്രത്തിലെ പാഴ് മരങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ. നൂറ്റാണ്ടുകളെ അതിജീവിച്ചു വളർന്ന ക്രൈസ്‌തവ സമൂഹം പരിഷ്‌കൃത നയങ്ങളും സാമൂഹിക പ്രതിബദ്ധതയും പ്രൗഢവിശ്വാസവും കൊണ്ടാണ് സമസ്ത മലാകത്തും സമാദരണീയമായത്. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാക്കുന്ന സമൂഹങ്ങളിൽ നിന്ന് വ്യത്യസ്‌തമായി, കേന്ദ്രീകൃത അധികാരശ്രേണിയും ക്രൈസ്‌തവർക്കുണ്ട്. വേറിട്ട പന്ഥാവിലൂടെ ചിട്ടയായി മുന്നേറാൻ ഘടനാപരമായ ഈ സവിശേഷതയും കാരണമായി.

എന്നാൽ, വർത്തമാനകാലത്ത് നടക്കുന്ന വ്യാജ രോഗശാന്തി ശുശ്രൂഷകൾ ധന്യമായ പാരമ്പര്യത്തിലൂടെ വളർന്ന ഈ വിശ്വാസി സമൂഹത്തെ പരിഹാസത്തിന്റെ പടുകൂഴിയിലേക്ക് തള്ളിയിടുന്നു. അൽമായർ മുതൽ വൈദികർ വരെയുള്ള ' പാസ്‌റ്റർ സംഘ'ങ്ങളിൽ നിന്ന് വിട്ടു നിന്നില്ലെങ്കിൽ സഭയുടെ തേജസിനും ആയുസ്സിനും അത് ക്ഷതമേൽപ്പിക്കുക തന്നെ ചെയ്യും. 30 വെള്ളിക്കാശിന് യൂദാസ് യേശുവിനെ കൊടുത്തത് തന്നിൽ അർപ്പിതമായ ദൗത്യം നിറവേറ്റാനായിരുന്നു. ഇന്ന് യേശുവിനെ വിറ്റ് കീശ വീർപ്പിക്കുന്നവരെ യൂദാസിനോട് പോലും താരതമ്യം ചെയ്‌തുകൂടാ

യേശു വന്നത് അത്ഭുത പ്രവൃത്തികളുടെ ആചാര്യനായല്ല. അനിവാര്യമായ സാഹചര്യങ്ങളിൽ അടയാളങ്ങളായി അവ സംഭവിക്കുകയായിരുന്നു. യേശൂനാമത്തിൽ രോഗ സൗഖ്യദായക സംഘങ്ങൾ ' അത്ഭുത' ത്തിന്റെ പ്രഭാ കേന്ദ്രങ്ങളായി വിലസുമ്പോൾ കളങ്കപ്പെടുന്നത് മഹിതമായ ക്രൈസ്തവദർ ശനങ്ങളാണ്.

മനസിന് അപരിമേയമായ ശക്‌തിയുണ്ടെന്നും അവ വിനിയോഗിക്കപ്പെടുന്നില്ല എന്നും ദാർശനിക വീക്ഷണമുണ്ട്. അതിനാൽ അത്ഭുതങ്ങൾ അസംഭവ്യങ്ങളല്ല. അതീവ തീക്ഷ്‌ണമായ വിശ്വാസത്തിൽ നിന്ന് ഉരുവം പ്രാപിക്കുന്ന ചൈതന്യത്തിന്റെ ബഹിർസ്‌ഫുരണമാണ് അത്ഭുതം എന്ന് പറയാം. സൂര്യ കിരണങ്ങൾ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുമ്പോൾ അഗ്നി ഉണ്ടാകുന്നതു പോലെ അത് സംഭവിക്കാം.

ദൃഢവിശ്വാസം കടുകുമണിയോളം എങ്കിലും ഉണ്ടെങ്കിൽ മനസ് ദൈവിക ശക്തിയുടെ ചാലക ബിന്ദുവാകും. എന്നാൽ, ഇത് അനായാസം ഏതെങ്കിലും പാസ്‌റ്റർ വിലാസത്തിലേക്ക് വന്നു വീഴുകയില്ലെന്നും ദൃശ്യ ശ്രവ്യാനുഭവങ്ങൾ എല്ലായിപ്പോഴും യാഥാർത്ഥ്യങ്ങൾ അല്ലെന്നും തിരിച്ചറിയണം.

ഡിജിറ്റൽ യുഗത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന പ്രാർത്ഥനാ തട്ടിപ്പുകൾ ക്രൈസ്‌തവരെ പൊതുമണ്ഡലത്തിൽ എത്രത്തോളം അവമതിപ്പിന് ഇടയാക്കുന്നു എന്ന് ചിന്തിക്കേണ്ടതുണ്ട്. അന്യമതാചാരങ്ങൾ പലതും അപരിഷ്കൃതമെന്ന് മുദ്രചാർത്തുന്ന ക്രൈസ്തവർ സ്വയം വിമർശനത്തിനും തയാറാകേണ്ടിയിരിക്കുന്നു.

ചിലർക്ക് ആശ്വാസം ലഭിക്കുന്നുവെന്ന് ന്യായീകരണം കണ്ടെത്തി മാറി നിൽക്കാതെ തട്ടിപ്പ് കൂട്ടങ്ങൾക്ക് എതിരെ സഭ പ്രതിരോധം തീർക്കേണ്ടതുണ്ട്. അടുത്തുള്ള ദേവാലയത്തിൽ നിന്ന് പ്രാപ്ത‌മായ ആത്മഹർഷവും ആശ്വാസവും മറ്റൊരിടത്ത് ലഭിക്കുമെങ്കിൽ അതും പഠന വിധേയമാക്കണം.

ചുരുക്കം ചില വൈദികർ പരസ്യമായി ഇത്തരം ഇത്തിക്കണ്ണികൾക്ക് എതിരെ ശബ്ദം ഉയർത്തുന്നുണ്ടെന്ന് ശ്ലാഘനീയം തന്നെ. സഭാ നേത്യത്വം ഔദ്യോഗികമായി നിലപാട് പ്രഖ്യാപിച്ചാൽ വിശ്വാസികൾ പുനർ വിചിന്തനത്തിന് തയാറാകും എന്നതിൽ സംശയമില്ല.

-സിറിയക് മാത്യു
( മുതിർന്ന മാധ്യമ പ്രവർത്തകൻ )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ