2025, ഏപ്രിൽ 25, വെള്ളിയാഴ്‌ച

ഇനിവരുമോ ഇതുപോലൊരു പാപ്പ



വിജേഷ് ചൂടൽ

ഗാസ മുനമ്പിലെ ഹോളി ഫാമിലി കത്തോലിക്ക പള്ളിയിലേക്ക് ഒന്നരവർഷം മുമ്പൊരു ഫോൺ കോൾ വന്നു. എടുത്തത് പള്ളിയിൽ അറ്റകുറ്റ പണിക്കാരനായ ജോർജ് ആൻ്റണായിരുന്നു. 'അസലാ മു അലൈക്കും' എന്ന് അങ്ങേത്തലയ്ക്കൽ കേട്ട ശബ്ദം മാർപാപ്പയുടേത് ആണെന്നറിഞ്ഞ നിമിഷം അയാൾ നടുങ്ങി. വാക്കുകൾ വഴിമുട്ടി സംസാരിക്കാനാകാതെ പോയ അയാളെ പിറ്റേന്ന് പാപ്പ വിണ്ടും വിളിച്ചു. തന്റെ വീടും ബന്ധുക്കളും നഷ്ടപ്പെട്ടത് എങ്ങനെയെന്ന് ജോർജ് വിശദീകരിച്ചു. പാപ്പ ആശ്വസിപ്പിച്ചു. പിന്നീടയാൾ മാർപാപ്പയോട് വീഡിയോ കോളിൽ ദിനേന സംസാരിക്കുന്ന പ്രിയപ്പെട്ടവനായി. പാപ്പയിന്ന് റോമിലെ സെൻ്റ് മേരി മേജർ ബസിലിക്കയിൽ മണ്ണോടു ചേരുമ്പോൾ ഗാസയിലെ മനുഷ്യർക്ക് ആശ്വാസത്തിൻ്റെയും പിന്തുണയുടെയും ഉറവിടമാണ് നഷ്ടമാകുന്നത്. 'ദൈവമേ, ഞങ്ങളിപ്പോൾ അനാഥരായി പോകുന്നു'വെന്ന് അവർ വിളിച്ചു പറയുന്നു. ഗാസയിലെ ജീവിത വേദനകളിൽ കരഞ്ഞു വറ്റിയ ഒരുപാട് കണ്ണുകളിൽ ഒരേയൊരു മനുഷ്യനെ ഓർത്ത് മതഭേദമില്ലാത്ത സ്നേഹം നിറയുന്നു.

ഗാസയുടെ ഏറ്റവുമടുത്ത സുഹൃത്ത്

2023 ഒക്ടോബറിൽ സയണിസ്റ്റ് ക്രൂരതയുടെ പുതിയ പതിപ്പിന് ഇസ്രയേൽ തുടക്കമിട്ട ശേഷം എല്ലാ രാത്രികളിലും ഗാസയിലെ ഹോളി ഫാമിലി കത്തോലിക്ക പള്ളിയിലേക്ക് വത്തിക്കാനിൽ നിന്ന് ആ വിളി എത്തുന്നുണ്ടായിരുന്നു. വളരെ ചെറിയ ആ തുണ്ടു ഭൂമിയിലെ മനുഷ്യരോടൊന്നാകെ അത്രമാത്രം സ്നേഹോഷ്‌മളം ആയൊരു ബന്ധമായിരുന്നു പാപ്പയ്ക്ക്. പലരെയും പേരെടുത്ത് വിളിച്ച് വിശേഷങ്ങൾ തിരക്കാൻ മാത്രം അടുപ്പമുള്ള ആളായി ഏറെ തിരക്കുള്ള വലിയ ഇടയൻ. 20 ലക്ഷത്തോളം മുസ്ലിങ്ങളുള്ള മുനമ്പിൽ നൂറിൻ്റെ ഗുണിതങ്ങളിൽ എണ്ണാവുന്ന ക്രൈസ്തവർ മാത്രമേയുള്ളൂ. മാനവികതയാണ് തൻ്റെ മതമെന്ന് വിശ്വസിച്ച പാപ്പ ഗാസയിൽ വേദനിക്കുന്ന എല്ലാ മനുഷ്യരുടെയും സുഹൃത്തായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ മതത്തിലെ ഏറ്റവും വലിയ സഭയുടെ പരമോന്നത നേതാവ് മതനിരപേക്ഷ വിശ്വാസികളും നിരീശ്വരവാദികളും ഉൾപ്പെടെ സകലമാന മനുഷ്യർക്കും പ്രിയപ്പെട്ടവനായി മാറിയത് എന്തു കൊണ്ടായിരിക്കും. അയാൾ ഒരു മനുഷ്യനായിരുന്നു എന്നതു മാത്രമാണ് ഉത്തരം. എതിർക്കുന്നവരോടു മാത്രമല്ല. ഏറ്റവും നീചരോടു പോ ലും നിർമലസ്നേഹം പങ്കുവച്ചൊരു പച്ചമനുഷ്യൻ.

ലക്ഷോപലക്ഷം വിശ്വാസികളുടെ സാന്ത്വനത്തിനു വേണ്ടി  പരിശുദ്ധപിതാവിനോടുള്ള അപേക്ഷകൾ നിറച്ച പ്രസംഗം അദ്ദേഹം എല്ലായ്‌പ്പോഴും അവസാ നിപ്പിച്ചിരുന്നത് 'എനിക്കുവേണ്ടി നിങ്ങൾ പ്രാർഥിക്കേണമേ' എന്നു പറഞ്ഞായിരുന്നു. ഇത് എന്തു കൊണ്ടെന്ന് തിരക്കിയ മാധ്യമ പ്രവർത്തകർക്ക് പാപ്പ മറുപടി നൽകി- 'ഞാനും ഒരു പാപിയാണല്ലോ.

'മാർക്‌സിസ്റ്റ് മാർപാപ്പ'

നല്ല മനുഷ്യനാകാൻ ഈശ്വര വിശ്വാസിയാകണമെന്ന് നിർബന്ധമില്ലെന്ന് തുറന്നു പറഞ്ഞ വൈദികനും പാവങ്ങളുടെ സമരപതാക ക്രിസ്‌തു വിൽ നിന്ന് തട്ടിയെടുത്തവരാണ് കമ്യൂണിസ്റ്റുകാരെന്ന് പ്രശംസ ചൊരിഞ്ഞ ക്രൈസ്തവനും ആയിരുന്നു ഫ്രാൻസിസ് പാപ്പ 'വത്തിക്കാനിലെ മാർക്സിസ്റ്റ് മാർപാപ്പ എന്ന പരിഹാസത്തെ ഒറ്റ വാച കം കൊണ്ട് പാപ്പ മുനയൊടിച്ചു- 'നല്ലതു ചെയ്യുന്നവരെ അങ്ങനെയാണ് വിളിക്കുന്നതെങ്കിൽ അമേരിക്കക്കാരുടെ പരിഹാസത്തെ ഞാനൊരു അംഗീകാരമായി കാണുന്നു.

ലോകത്തിലെ 140 കോടി കത്തോലിക്കരുടെ അധിപൻ, മുതലാളിത്തം ഏറ്റവും നന്നായാൽ അസമത്വത്തിന്റെ ഉറവിടമാണെന്നും ഏറ്റവും മോശമായാൽ കൊലയാളി ആണെന്നും വിശേഷിപ്പിച്ചു. സ്വതന്ത്ര വിപണിയുടെ മുതലാളിത്ത സാമ്പത്തിക ശാസ്ത്രത്തോടുള്ള വിമർശം ഫ്രാൻസീസ് പാപ്പയെ ഇടതുപക്ഷത്തിൻ്റെ ബിംബമാക്കി മാറ്റി. 'മാർപാപ്പ ഒരു ചുവന്ന പരിഷ്കരണ വാദിയാണോ' എന്ന ചോദ്യം അദ്ദേഹം സ്ഥാനമേറ്റ് രണ്ടുവർഷം പിന്നിടുമ്പോൾ ബിബിസി ഉൾപ്പെടെയുള്ള ആഗോള മാധ്യമങ്ങൾ ചർച്ചയായി ഉയർത്തി.

2015 മേയിൽ മോസ്കോയിലെ വിജയദിന പരേഡിൽ നിന്ന് മടങ്ങുമ്പോൾ ക്യൂബൻ നേതാവ് റൗൾ കാസ്ട്രോ റോമിൽ ഇറങ്ങി. ക്യൂബ്-അമേരിക്ക ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഫ്രാൻസിസ് പാപ്പ എടുക്കുന്ന താൽപ്പര്യത്തിന് നന്ദി പറയാൻ അദ്ദേഹം വത്തിക്കാനിലെത്തി. 'പാപ്പ ഈ രീതിയിൽ തുടർന്നാൽ, സത്യമായും ഞാൻ വീണ്ടും പ്രാർഥിക്കുകയും പള്ളിയിലേക്ക് മടങ്ങേണ്ടി വരികയും ചെയ്യും' എന്നാണ് റൗൾ പറഞ്ഞത്. ആ സെപ്ത‌ംബറിൽ ഫ്രാൻസിസ് പാപ്പ അമേരിക്കയിലേക്ക് പോകുവേ ക്യൂബയിലിറങ്ങി ചരിത്രത്തിൽ ആദ്യമായി അമേരിക്ക- ക്യൂബ നയതന്ത്രബന്ധം അക്കാലത്ത് മെച്ചപ്പെട്ട നിലയിൽ എത്തിയതിന്റെ ക്രെഡിറ്റ് കറുത്ത വംശജനായ ആദ്യ പ്രസിഡന്റ് ബറാക് ഒബാമയേക്കാളേറെ അവകാശപ്പെട്ടത് ആദ്യ ലാറ്റിനമേരിക്കൻ മാർപാപ്പയ്ക്കാണ്.

പണം എന്ന വ്യാജ ദൈവം

മുതലാളിത്തത്തിന്റെയും സാമ്രാജ്യത്വത്തിൻ്റെയും കടുത്ത വിമർശകനായിരുന്നു ഫ്രാൻസിസ്‌ പാപ്പ. അർജൻറീനയിലെ ഇടതുപക്ഷ-പെറോണിസ്റ്റ് ആശയഗതികളിൽ വളർന്ന് രൂപപ്പെട്ട പുരോഗമനപരമായ തൊഴിലാളിവർഗ വീക്ഷണം അദ്ദേഹം ജീവിത കാലമത്രയും തുടർന്നു. അർജന്റീനയിൽ, തന്റെ പുരോഹിതന്മാർ ദരിദ്രർക്കിടയിൽ ജീവിച്ച് ലോകത്തെ അവരുടെ കണ്ണു കളിലൂടെ കാണണമെന്ന് അദ്ദേഹം നിർബന്ധിച്ചു. അതേ സമീപനം അദ്ദേഹം വത്തിക്കാനിലേക്കും കൊണ്ടു വന്നു. തൊഴിലില്ലായ്മയും അസമത്വവും സൃഷ്ട‌ിച്ച ദുരന്തത്തിന് കാരണമായ സാമ്പത്തിക വ്യവസ്ഥയുടെ കേന്ദ്ര ബിന്ദുവിൽ പണം എന്നു പേരുള്ള വ്യാജ ദൈവമാണുള്ളതെന്ന് തുറന്നടിച്ചു. അദ്ദേഹം സ്ത്രീകളുടെയും മുസ്ലിങ്ങളുടെയും പാദങ്ങൾ കഴുകി ചുംബിച്ചു പരിക്കേറ്റ മനുഷ്യരുടെ കാൽപ്പാദങ്ങളിലെ പ്ലാസ്റ്റർ കാസ്റ്റുകളിൽ ദൈവവചനങ്ങൾ എഴുതി. സ്ഥലം മാറിയതിനാൽ തന്റെ പത്രങ്ങൾ റദ്ദാക്കാൻ ബ്യൂനസ് ഐറിസിലെ വാർത്താ വിൽപ്പനക്കാരനെ ഫോൺ വിളിച്ചു. മാർപാപ്പയായി സ്ഥാനമേറ്റ ശേഷം ആദ്യ മുൻഗണന എന്തെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകി ദരിദ്രർക്കായി ദരിദ്രരുടെ സഭ'.

കൊട്ടാരജീവിതവും ആഡംബര വാഹനങ്ങളും ഒഴിവാക്കി ചെറിയ വീട്ടിൽ താമസിച്ച അദ്ദേഹം വേദനിക്കുന്ന മനുഷ്യർക്ക് ഒപ്പമായിരുന്നു എപ്പോഴും. ലോകത്തിൻ്റെ ഏത് കോണിലും ദരിദ്രരെയും പീഡിതരെയും പാപികളെയും പാപ്പ ഹൃദയത്തോടു ചേർത്തു പിടിച്ചു. പശ്ചാത്തപിക്കുന്ന മനസ്സുമായി എത്തുന്നവരിൽ ദൈവത്തിൻ്റെ കരുണക്ക് എത്തിച്ചേരാനും തുടച്ചു നീക്കാനും കഴിയാത്ത ഒരു പാപവുമില്ലെന്ന് സഭയുടെ ന്യായവിധികളിൽ ഫ്രാൻസിസ് എഴുതിച്ചേർത്തു.

പാപ്പയുടെ ശത്രുക്കൾ

ഗാസയിലെയും ഉക്രയ‌ിലെയും യുദ്ധങ്ങൾ മുതൽ കാലാവസ്ഥാ വ്യതിയാനവും കുടിയിറക്കലും വരെ നിരവധി വിഷയങ്ങളിൽ അദ്ദേഹം ലോക നേതാക്കളുമായി ഏറ്റുമുട്ടി. ഇന്ന് പാപ്പയുടെ അന്ത്യ കുർബാനയിൽ പങ്കെടുക്കുന്ന ലോകനേതാക്കളിൽ പലരും അതിൻ്റെ ചൂടറിഞ്ഞവരാണ്. 2010ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ഡോണൾഡ് ട്രംപ് മെക്സിക്കോയുടെ അതിർത്തിയിൽ മനോഹരമായ വൻമതിൽ പണിയുമെന്ന് വാഗ്ദ‌ാനം ചെയ്തു. തൊട്ടു പിന്നാലെ മെക്സിക്കോയിലേക്കുള്ള യാത്രയ്ക്കിടെ പാപ്പ തുറന്നടിച്ചു 'എവിടെയും മതിലുകൾ പണിയുന്നതിനെക്കുറിച്ചു മാത്രം ചിന്തിക്കുകയും പാലങ്ങൾ പണിയാതിരിക്കുകയും ചെയ്യുന്നയാൾ ഒരിക്കലും ക്രൈസ്തവനല്ല'. ജനുവരിയിൽ സത്യപ്രതിജ്ഞക്ക് തലേന്ന് കൂട്ട ന ടുകടത്തലിനുള്ള ട്രംപി ന്റെ പദ്ധതിയെക്കുറിച്ച് ഫ്രാൻസിസ് പറഞ്ഞു. “അസന്തുലിതാവസ്ഥ നികത്താൻ പണമില്ലാത്ത ദരിദ്രരെ നികൃഷ്ടരാക്കുന്ന നടപടി അപമാനകരമായിരിക്കും. കാര്യങ്ങൾ പരിഹരിക്കാനുള്ള വഴിയല്ല ഇത്.

പാപ്പയായശേഷം ഒരിക്കലും ജന്മനാട്ടിലേക്ക് മടങ്ങിയിട്ടില്ലാത്ത ഫ്രാൻസിസ് അർജന്റീനയിലെ വലതുപക്ഷ  ഭരണാധികാരികളുടെ മുതലാളിത്ത - സാ മ്രാജ്യത്വ നയങ്ങളോട് കടുത്ത എതിർപ്പ് പുലർത്തിയിരുന്നു. ഇതിൻ്റെ പേരിൽ 'ഭൂമിയിലെ തിന്മയുടെ പ്രതിനിധി' എന്ന് പാപ്പയെ വിശേഷിപ്പിച്ചയാളാണ് നിലവിലെ തീവ്ര വലതുപക്ഷ പ്രസിഡന്റ് ജാവിയർ മിലി . ഖനനവും വനനശീകരണവും കൊണ്ട് ആമസോൺ കാടുകൾ നശിപ്പിക്കുന്നതിനെതിരെ ശക്തമായി പ്രതികരിച്ചത് ബ്രസീലിലെ മുൻ തീവ്രവലതുപക്ഷ പ്രസിഡന്റ് ജെയ്ർ ബോൾസനാരോയെ പാപ്പയുടെ ശത്രുവാക്കി. ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് പുസ്ത‌കത്തിൽ എഴുതിയ പാപ്പ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു ഉൾപ്പെടെ യുള്ള ഇസ്രയേലി നേതാക്കളുടെ കണ്ണിലെ കരടായിരുന്നു, യുദ്ധം അവസാനിപ്പിക്കാൻ കഴിയാത്തത് ക്രൂരതയാണെന്ന് ഉക്രയിനെയും റഷ്യയെയും അദ്ദേഹം പലവട്ടം ഓർമിപ്പിച്ചു.

സ്വയംവിമർശകൻ

തന്റെയും സഭയുടെയും സ്വയം വിമർശകനുമായിരുന്നു പരമാധ്യക്ഷൻ 2017 നവംബറിൽ മാർപാ പ്പ മ്യാൻമർ സന്ദർശിച്ചപ്പോൾ രോഹിൻഗ്യൻ സമുഹത്തെ വ്യക്തമായി അംഗീകരിച്ചില്ല എന്ന വിമർശം ഉയർന്നു. തൊട്ടടുത്തമാസം ബംഗ്ലാദേശിൽ എത്തിയപ്പോൾ, പീഡിതസമൂഹത്തെ അംഗീകരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു- "ഇന്ന് ദൈവത്തിന്റെ സാന്നിധ്യത്തെ ഞാൻ രോഹിൻഗ്യകൾ എന്നും വിളിക്കുന്നു'. പൗരോഹിത്യത്തിന്റെയും സഭാ നേതൃത്വത്തിൻറേതുമായി ചരിത്രത്തിലുള്ള പല തെറ്റുകൾക്കും വിശ്വാസികളോടും ലോകത്തോടും മാപ്പപേക്ഷിച്ച മഹാഇടയനാണ് മടങ്ങുന്നത്. ഉയിർത്തെഴുന്നേൽക്കുന്ന സ്നേഹത്തിന്റെ കനിവും കരുതലുമായി പീഡിതരെ ചേർത്തു പിടിക്കാൻ ഇനിവരുമോ ഇതു പോലൊരു പാപ്പ.

https://www.deshabhimani.com/epaper/newspaper/kottayam/2025-04-26?page=6&type=fullview


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ