2023, ജനുവരി 4, ബുധനാഴ്‌ച

വിവിധ ക്രൈസ്തവ സഭകളിലെ അൽമായ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഐക്യവേദി ഉണ്ടാകണം. എഴുത്ത് വി.ജെ.ജോൺ

.# കേരളത്തിലെ ക്രൈസ്തവ സഭകളുടെ സ്വത്ത് ഭരണത്തിന് ഉതകുന്ന നിയമ നിർമ്മാണം വീണ്ടും വിവിധ കോണുകളിൽ ചർച്ച് ചെയ്ത് വരികയാണ്. ഇന്നലെ വരെ ചർച്ച് ആക്ട് പോലെയുള്ള നിയമ നിർമ്മാണത്തെ എതിർത്തിരുന്ന ക്രൈസ്തവ സഭകൾക്കുള്ളിലെ പൗരോഹിത്യ കേന്ദ്രീകൃത  ഭരണ സംവിധാനത്തിലെ ജനവിരുദ്ധ നിലപാടുകൾക്കെതിരായ ശക്തമായ പ്രതിക്ഷേധ പ്രസ്ഥാനങ്ങൾ വിവിധ സഭകളിലായി ശക്തിപ്പെട്ടു വരുന്നത് ഏറെ ശുഭോദർക്കമാണ്. വിവിധ ക്രൈസ്തവ സഭകൾക്കുള്ളിലെ ഗ്രൂപ്പുകളെ നിയമ നിർമ്മാണമെന്ന പൊതു പ്ലാറ്റ്ഫോമിൽ അണിനിരത്തി മാത്രമേ ക്രൈസ്തവ സഭകൾക്കാകെ ബാധകമായ സ്വത്ത് ഭരണ നിയമ നിർമ്മാണ ആവശ്യം നേടിയെടുക്കാൻ കഴിയൂ

# യാക്കോബായ ഓർത്തഡോക്സ് തർക്കത്തെ തുടർന്ന് കേരള നിയമ സഭ പാസാക്കിയ സെമിത്തേരി നിയമ പരിധിയിൽ എല്ലാ ക്രൈസ്തവ സഭകളെയും ഉൾപ്പെടുത്തണമെന്ന് ആവശ്യം ഇതര ക്രൈസ്തവ സഭകളിലെ അൽമായ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ ഉയർത്തുന്നുണ്ട്. സെമിത്തേരി നിയമത്തിന്റെ പരിധിയിൽ എല്ലാ സഭകളെയും ഉൾപ്പെടുത്തുന്ന ഭേദഗതി ഉണ്ടാകേണ്ടതാണെന്ന പൊതു ആവശ്യത്തിന് പിന്നിൽ എല്ലാ ക്രൈസ്തവ സഭകളിലെയും പുരോഗമന നവോത്ഥാന പ്രസ്ഥാനങ്ങൾ അണിനിരക്കണം. നിലവിലുള്ള നിയമ പ്രകാരം മൃതദേഹം സംസ്കാരാവകാശം മാത്രമാണ് ലഭിക്കുക. മൃതദേഹം സംസ്കാരത്തിന് ബന്ധുക്കളുടെ പരിമിത സാന്നിധ്യം മാത്രമാണ് സെമിത്തേരി ഉടമാവകാശം ഉപയോഗിച്ച് പൗരോഹിത്യ നേതൃത്വം അനുവദിക്കുന്നത്. ഉറ്റവരുടെ കബറിടങ്ങളിൽ സ്മരണ ദിനങ്ങളിൽ പ്രവേശനവും പ്രാർത്ഥനയും നടത്താനുള്ള അനുമതിയും നിയമപ്രകാരം ഉറപ്പ് വരുത്തണം. പുരോഹിതരുടെ സ്വത്ത് ഭരണ വ്യവസ്ഥകളിൽ മാറ്റം വരുത്തുന്ന സമഗ്ര നിയമ നിർമ്മാണത്തിലൂടെ മാത്രമേ ഈ ലക്ഷ്യം സാധ്യമാകൂ. 

# 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വന്ന ഇന്ത്യൻ ഭരണഘടന ഇതിനകം 105 തവണ ഭേദഗതി ചെയ്തതാണ്.  സെമിത്തേരി നിയമവും. അതിന്റെ പ്രയോഗത്തിൽ അനുഭവപ്പെടുന്ന മനുഷ്യാവകാശ നിഷേധങ്ങൾ, ഇന്ത്യൻ ഭരണഘടന ഉയർത്തി പിടിക്കുന്ന "ഭരണഘടന ധാർമ്മികത" എന്നീ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തി ഭേദഗതി ചെയ്യാവുന്നതാണ്. ആ ദൗത്യം ജുഡീഷ്യറിക്ക് ഉള്ളതല്ല. ജുഡീഷ്യറി ഈ നിയമത്തിന്റെ പ്രയോഗത്തെ ഇതിനകം പുറത്തുവന്ന 1958 ,1995 , 2017 വിധിയെ അടിസ്ഥാനപ്പെടുത്തി ആയിരിക്കും വിലയിരുത്തുക. ദൗർഭാഗ്യകരമെന്ന് പറയട്ടെ മുകളിൽ പറഞ്ഞ മൂന്ന് വിധികളും ഓർത്തഡോക്സ് സഭ 1934 ൽ വിളിച്ചു ചേർത്ത അസോസിയേഷനെയും , അത് പാസാക്കിയ നിശ്ചയങ്ങളെയും ശരിവക്കുന്നതായിരുന്നു.  ആ വിധികളുടെ ബലത്തിലാണ് 1934 ഭരണഘടന യാക്കോബായ/ഓർത്തഡോക്സ് വിഭാഗങ്ങൾക്കാകെ ബാധകമാകുന്നത്. 

#ആ വിധികളെ അപ്രസക്തമാക്കുന്ന വിധി അതേ പരമോന്നത കോടതിയിൽ നിന്ന് ഉണ്ടാകുകയോ , ലെജിസ്ളേച്ചർ ഉചിതമായ നിയമ നിർമ്മാണം നടത്തുകയോ ചെയ്യാതെ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുകയില്ല. ഈ ഗ്രൂപ്പിൽ പലരും ഈ പ്രതിസന്ധിക്ക് കാരണക്കാർ എന്ന നിലയിൽ ഇപ്പോഴത്തെ സഭാ നേതൃത്വത്തെ മാത്രം പ്രതിക്കൂട്ടിൽ നിർത്തി വിമർശിക്കുന്നത് അപക്വം ആണ്. 

#ആദ്യ പ്രതികൂലവിധി വന്ന 1958 ൽ തന്നെ നിയമ നിർമ്മാണാവശ്യം ഉന്നയിച്ച് ജനങ്ങളെ അണിനിരത്തി അന്നത്തെ സർക്കാരിനെ കൊണ്ട് നിയമ നിർമ്മാണത്തിൽ കൂടി  വിധി മറികടക്കാൻ കഴിയാതെ പോയതിന് അന്നത്തെ സഭാ നേതൃത്വങ്ങളും കുറ്റക്കാരല്ലേ? പഴയകാല പിശകുകൾ ചിക്കി ചികഞ്ഞെടുത്ത് ഇപ്പോൾ നടത്തുന്ന പഴിചാരി വിമർശനങ്ങൾ ആഭ്യന്തര ജനകീയ പ്രതിരോധ ശക്തിയെ ദുർബ്ബലപ്പെടുത്താൻ മാത്രമേ സഹായിക്കു

# 1958 ,1965 യോജിപ്പുകളെ തുടർന്ന്  1934 ഭരണഘടന പ്രകാരം തെരഞ്ഞെടുക്കപ്പെട്ട മലങ്കര മെത്രാനോടു യോജിച്ച് നടത്തിയ പ്രവർത്തനങ്ങളും , പിന്നീട് യോജിപ്പു കാലത്ത് നടത്തിയ അസോസിയേഷനുകളിൽ പങ്കാളികളായതും 1934 ഭരണഘടനയോടുള്ള അംഗീകാരമായാണ് 1995ലെ വിധിയിൽ സുപ്രീംകോടതി കണ്ടെത്തിയത്. 

# ജസ്റ്റീസ് കെ.ടി.തോമസ് കമ്മീഷന്റെ മലങ്കര ചർച്ച് ബിൽ ഉന്നയിക്കപ്പെടുന്ന പ്രതിസന്ധികളെ പൂർണ്ണമായി പരിഹരിക്കാൻ സഹായകരമാകുമോ എന്നതിൽ എനിക്ക് സംശയം ഉണ്ട്. ആ ബില്ലിന്റെ ഉദ്ദേശം തർക്കമുള്ള പള്ളികളുടെ ഉടമാവകാശം ആർക്ക് എന്നതിന്റെ പരിഹാരം മാത്രമാണ്. 

# അടിമുടി വിഷമുള്ളുകൾ നിറഞ്ഞ 1934 ഭരണഘടന നൂലാമാലകളിൽ നിന്ന് വിമോചിതമാകാൻ കഴിയണമെങ്കിൽ ഉടമാവകാശം നിർണ്ണയിക്കപ്പെട്ട ദേവാലയങ്ങൾ, അവ ഉൾപ്പെടുന്ന ഭദ്രാസനങ്ങൾ, ഭദ്രാസനത്തിലെ നിയന്ത്രിക്കുന്ന സ്വത്ത് ഭരണം എങ്ങനെ നടത്തും എന്നത് സംബന്ധിച്ച സമഗ്ര നിയമ നിർമ്മാണത്തിലൂടെ മാത്രമേ പരിഹാരം നേടാൻ കഴിയൂ . അതിന് 2009 ചർച്ച് ആക്ടോ, സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകരിച്ച ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ന് സമാനമായ മറ്റൊരു നിയമമോ ഉണ്ടാകേണ്ടി വരും. അത്തരം ഒരു നിയമ നിർമ്മാണം ഒരു സാമൂഹ്യ നവോത്ഥാന പ്രവർത്തനമാണ്.  അതിനായുള്ള ജനകീയ പ്രസ്ഥാനം രൂപപ്പെടുത്താൻ ഉതകുന്ന ചർച്ചകൾ ആകണം വിവിധ ക്രൈസ്തവ സഭകളിൽ ഉയർന്നു വരേണ്ടത്.

# ഇടക്കാലത്ത് രൂപം കൊണ്ട ബർ യൂഹാനോൻ റമ്പാൻ ഡയറക്ടർ ആയ മക്കാബി എന്ന സംഘടന ചർച്ച് ആക്ട് നടപ്പാക്കാൻ നടത്തിയ ശ്രമത്തെ തുടർന്ന്  ചർച്ച് ആക്ട് നടപ്പാക്കാനാവശ്യപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ മാർച്ച് ഏറെ ജനശ്രദ്ധ നേടിയതായിരുന്നു. അതിന്റെ തുടർ പ്രവർത്തനം ഏറ്റെടുക്കാൻ ആ സംഘടനക്ക് കഴിഞ്ഞില്ല. ക്രൈസ്തവ സഭകൾക്കുള്ളിലെ സ്വത്ത് ഭരണ സംവിധാനത്തിൽ ജനാധിപത്യം ഉറപ്പാക്കാൻ രൂപീകരിച്ച സംഘടന പിന്നീട് അടിമുടി റമ്പാൻ കേന്ദ്രീകൃത സംഘടനയായി മാറിയതോടെ അതിന്റെ സ്ഥാപക പ്രസിഡന്റ്, ജനറൽ സെക്രട്ടറി ഖജാൻജി ഉൾപ്പെടെയുള്ളവർ രാജി വച്ചൊഴിഞ്ഞതോടെ ആ സംഘടനയിലുള്ള പ്രതീക്ഷയും നഷ്ടപ്പെട്ടു. തുടക്കം മുതലേ ആ സംഘടനയുടെ പ്രചാരണ പ്രക്ഷോഭണ രംഗത്ത് ഞാനും പങ്കാളിയായിരുന്നു.

# സാമ്പത്തിക ഇടപാടുകളിലെ സുതാര്യത പ്രകടിപ്പിക്കേണ്ട സംഘടന മാസങ്ങളോളം അതിന്റെ കൗൺസിലിലോ , എക്സിക്യൂട്ടീവിലോ കണക്ക് പോലും അവതരിപ്പിക്കാതെ , റമ്പാച്ചന്റെ ഇഷ്ടക്കാരായ ചിലരെ മാത്രം ഉൾകൊള്ളിച്ച് പുനസംഘടിപ്പിച്ച് പ്രവർത്തിക്കുന്ന ആ സംഘടന ഇന്ന് മരവിക്കപ്പെട്ട് നിർജ്ജീവാവസ്ഥയിലാണ്.  ആ സംഘടനക്ക് ചർച്ച് ആക്ട് പ്രസ്ഥാനത്തെ മുന്നോട്ട് നയിക്കാൻ കഴിയില്ല. ബർയൂഹാനോൻ റമ്പാന്റെ ആസ്ഥാന ദേവാലയമായ പിറമാടം പള്ളിയിൽ ഓർത്തഡോക്സ് പക്ഷം പ്രവേശിക്കുമ്പോൾ നേരിയ പ്രതിക്ഷേധം പോലും ഉയർത്താൻ അദ്ദേഹം ഡയറക്ടർ ആയ സംഘടനക്ക് കഴിഞ്ഞില്ല എന്നത് നിലപാടുകളുടെ പാപ്പരത്വത്തിന്റെ തെളിവാണ്.

# മലങ്കര സിറിയൻ കൃസ്ത്യൻ മൂവ്മെന്റ് എന്ന പേരിൽ ഒരു രജിസ്റ്റേർഡ് സംഘടന കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്നുണ്ട്. നിയമ നിർമ്മാണം മുഖ്യ അജൻഡയായി ഇതിനകം കുറെ പ്രവർത്തനങ്ങൾ നടത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്. 

# ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ തയ്യാറാക്കിയ  2009 ലെ ചർച്ച് ആക്ട് ഇപ്പോഴും നിയമ പരിഷ്കാര കമ്മീഷൻ വെബ്സെറ്റിൽ ഇപ്പോഴും ഉണ്ട്. സംഘടിത വിമർശനങ്ങൾ ചില സഭകൾ അതിനെതിരെ ഉന്നയിച്ചതിനെ തുടർന്നാണ് അത് നടപ്പാക്കാൻ സർക്കാർ  തയ്യാറാകാത്തത്.  2009 ൽ നടത്തിയത് പോലെയുള്ള ചെറുത്ത് നിൽപ്പ് നടത്താനുള്ള ശേഷി ഇന്നത്തെ ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്ക് ഇല്ല.  സീറോ മലബാർ സഭയിൽ ഉടലെടുത്തിട്ടുള്ള സ്വത്ത് വിനിമയ തർക്കങ്ങളും , കുർബാന വിവാദവും , ലത്തീൻ കത്തോലിക്ക സഭയുടെ വിഴിഞ്ഞം സമരം പൊളിഞ്ഞതും സ്ഥിതിഗതികളിൽ വന്ന മാറ്റത്തിന്റെ സൂചനയാണ്. ഇതേ ക്രൈസ്തവ സഭകളിലെ സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളെ കൂടി യോജിപ്പിച്ച് നടത്തുന്ന ചെറുത്ത് നിൽപ്പ് പ്രസ്ഥാനത്തിന് മാത്രമേ ഈ ദൗത്യം നിറവേറ്റാൻ കഴിയൂ. ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നൽകാൻ യാക്കോബായ സഭാ നേതൃത്വത്തിന് പല കാരണങ്ങളാൽ ഇന്ന് കഴിയില്ല. പൗരോഹിത്യ സഭാ നേതൃത്വങ്ങളുടെ സ്വത്ത് വിനിമയം ഇടപാടുകൾ ചോദ്യം ചെയ്ത് അതാതു സഭകളിൽ ഉയർന്നു ജനകീയ പ്രസ്ഥാനങ്ങളുടെ ഇടപെടൽ മൂലമാണ്  സീറോ മലബാർ , സി.എസ്.ഐ സഭകളിലെ രണ്ടു പൗരോഹിത്യ ശ്രേഷ്ഠർ പ്രതികളായ സിവിൽ/ ക്രിമിനൽ കേസുകൾ കോടതിയുടെ മുന്നിലെത്തിയത്.

#1970 കാലഘട്ടത്തിൽ കോട്ടയത്ത് ഈപ്പൻ തോമസ് പാലാമ്പടം പ്രസിഡന്റ് ആയി രൂപം കൊണ്ട പൗരോഹിത്യ കേന്ദ്രീകൃതമല്ലാത്ത  ഒരു സംഘടനക്ക് മാത്രമേ ആ ദൗത്യം പൂർത്തീകരിക്കാൻ കഴിയൂ. 

# ആ സംഘടനയുടെ നേതൃത്വത്തിൽ ഇതര ക്രൈസ്തവ സഭകളിലെ അൽമായ നവോത്ഥാന സമിതികളെ കൂടി യോജിപ്പിച്ച് ചർച്ച് ആകടിന് അനുകൂലമായി പ്രചരണം പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയണം. യാക്കോബായ സഭകൾക്ക് പള്ളികൾ നഷ്ടപ്പെട്ട എറണാകുളം ജില്ലയിൽ മറൈൻ ഡ്രൈവിൽ  മാധ്യമ ശ്രദ്ധ ലഭിക്കത്തവിധം നിയമ നിർമ്മാണം ആവശ്യപ്പെട്ടുള്ള സമരങ്ങൾക്ക് തുടക്കമാകാം. നഷ്ടപ്പെട്ട പള്ളികൾ കേന്ദ്രീകരിച്ച് തുടർ പ്രക്ഷോഭങ്ങളിൽ കൂടി നിയമ നിർമ്മാണത്തിന് പിന്നിൽ ജനങ്ങളെ അണി നിരത്തിയുള്ള  തുടർ പ്രക്ഷോഭങ്ങളും നടത്തണം.

# ശക്തമായ ബഹുജന പ്രക്ഷോഭങ്ങളിൽ ഉരുത്തിരിയുന്ന സാമൂഹിക സമ്മർദ്ദങ്ങളിൽ  കൂടി മാത്രമേ നിയമ നിർമ്മാണാവശ്യങ്ങളോട് മുഖം തിരിഞ്ഞ് നിൽക്കുന്ന കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ തിരുത്താൻ കഴിയൂ എന്ന് തിരിച്ചറിവാണ് വേണ്ടത്.

#2024 ൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ നിയമ നിർമ്മാണത്തിന് ആവശ്യമായ ജനകീയ പിന്തുണ നേടിയെടുക്കാൻ കഴിയണം

 



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ