ലോകത്തെമ്പാടുമുള്ള ജനത ക്രിസ്‌മസ് ആഘോഷ വേളയിലായിരുന്നു. എല്ലാ ജനവിഭാഗങ്ങളും കൂടി ചേർന്ന് ആഘോഷിക്കുന്ന ഒന്നാണ് നമ്മുടെ നാട്ടിലും ക്രിസ്മസ്. എല്ലാ ഉത്സവവും എല്ലാവരുടേതുമായി തീരുന്ന കാഴ്ചകളാണ് ലോകത്തെവിടെയും.
ക്രിസ്‌മസിന്റെ നാളുകളിൽ ഇന്ത്യയുടെ പല ഭാഗത്തു നിന്നും ഉയർന്നു കേട്ട വാർത്തകൾ ആശങ്കാജനകമാണ്. ക്രിസ്‌മസ് ആഘോഷങ്ങൾക്കു നേരെ വലിയ ആക്രമണങ്ങളാണ് സംഘപരിവാർ ശക്തികൾ ഉയർത്തി വിട്ടതെന്ന് കാണാം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്‌മസ് നക്ഷത്രങ്ങളും കാരളും പുൽക്കൂടും പാപ്പയും ആശംസാ സന്ദേശങ്ങളുമെല്ലാം ദേശവിരുദ്ധമായി ഹിന്ദുത്വവാദികൾ പ്രഖ്യാപിച്ചു.
സംഘപരിവാറിന് ആധിപത്യമുള്ള മേഖലകളിലാണ് ഈ നഗ്നമായ ആക്രമണങ്ങൾ അരങ്ങേറിയിട്ടുള്ളത്. കരോൾ സംഘങ്ങൾ വ്യാപകമായി ആക്രമിക്കപ്പെട്ടു. പാപ്പയുടെ വേഷമിട്ട ഹിന്ദുമത വിശ്വാസിയായ ചെറുപ്പക്കാരന്റെ വസ്ത്രങ്ങൾ തന്നെ വലിച്ചു കീറി. ബംഗളൂരുവിലും ഇത്തരം ആക്രമണങ്ങൾ അരങ്ങേറുകയുണ്ടായി. ഛത്തീസ്ഗഢിലെ സ്ഥിതിയും വ്യത്യസ്തമല്ല. ആരാധനാലയങ്ങൾക്ക് അകത്തും ബൈബിൾ നശിപ്പിച്ച് വയോധികരെയും കുട്ടികളെയുമെല്ലാം ആക്രമിക്കുന്ന സ്ഥിതിയുണ്ടായി. നാരാണൻപുരിൽ ആയിരങ്ങളാണ് കലക്ടറേറ്റിന് മുന്നിൽ ആക്രമിക്കപ്പെട്ടത്.
ക്രിസ്ത്യൻ ജനവിഭാഗങ്ങൾക്കെതിരെ ആവർത്തിക്കുന്ന ആക്രമണത്തിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചതിന് തുടർച്ചയായാണ് ഇത്തരം സംഭവങ്ങൾ അരങ്ങേറിയത്. കഴിഞ്ഞ ക്രിസ്‌മസ് കാലഘട്ടത്തിലും ഇതിനു സമാനമായ ആക്രമണങ്ങൾ നടന്നിരുന്നുവെന്ന വസ്തുത നാം മറന്നുപോകരുത്. ഒഡിഷയിൽ നടന്ന ആക്രമണങ്ങൾ നമ്മുടെ മനസ്സിൽനിന്ന് മാഞ്ഞുപോകുന്നതല്ല. ഗ്രഹാം സ്റ്റെയിനിനെയും കുടുംബത്തെയും ചുട്ടുകൊന്ന സംഭവം രാജ്യം മറന്നിട്ടില്ല. ക്രിസ്ത്യൻ ജനവിഭാഗത്തിന്റെ സംരക്ഷകരായി സംഘപരിവാറിനെ പ്രതിഷ്‌ഠിക്കാനുള്ള ഗൂഢാലോചന നടത്തുന്നവരുടെ കണ്ണ് തുറപ്പിക്കുന്ന സംഭവങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെമ്പാടും അരങ്ങേറിയത്. എന്തുകൊണ്ടാണ് സംഘപരിവാർ ഇത്തരം കടുത്ത ആക്രമണങ്ങളിലേക്ക് വഴുതി വീഴുന്നത്. അതിനു പ്രധാന കാരണം ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുകയെന്ന അജൻഡയാണ് സംഘപരിവാറിനെ നയിക്കുന്നത് എന്നതാണ്.
ഹിന്ദുരാഷ്ട്രം സൃഷ്ടിക്കുന്നതിനു ഭീഷണിയായി നിൽക്കുന്ന ശക്തികൾ ആരൊക്കെയെന്ന് ഗുരുജി ഗോൾവാൾക്കർ ആർഎസ്എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയിൽ വ്യക്തമാക്കുന്നുണ്ട്. അതിൽ ഒന്നാമത്തെ ശത്രുവായി അവർ കാണുന്നത് മുസ്ലിങ്ങളെയാണ്. രണ്ടാമത്തെ ആന്തരിക ഭീഷണിയായി ക്രിസ്ത്യാനികളെയും മൂന്നാമത്തെ ആഭ്യന്തര ഭീഷണിയായി കമ്യൂണിസ്റ്റുകാരെയും വിചാരധാര എടുത്തുകാട്ടുന്നു. പേജ് 217 മുതൽ 242 വരെയുള്ളവ ഈ മൂന്ന് ‘ആന്തരികഭീഷണി'കളുടെയും ‘ആപത്തി'ക്കുറിച്ച് ബോധവൽക്കരിക്കാനാണ് ഉപയോഗിച്ചിട്ടുള്ളത്
നെഹ്റുവിനെയും ഗാന്ധിജിയെയും പോലുള്ള നേതാക്കളെപ്പോലും നീചമായി ആക്രമിച്ചു മുന്നോട്ടുപോകുന്ന കാഴ്ചപ്പാടാണ് വിചാരധാര മുന്നോട്ടു വയ്‌ക്കുന്നത്. ഹിന്ദുരാഷ്ട്ര സൃഷ്ടിയെ ശക്തമായി എതിർത്ത ഗാന്ധിജിയും നെഹ്റുവും രാജ്യദ്രോഹികളെന്ന നിലയിലാണ് കാണുന്നത്. ഇത്തരത്തിൽ രാജ്യത്തിന്റെ ജനാധിപത്യ രീതിയെയും ഫെഡറൽ ഘടനയെയും അട്ടിമറിച്ചു കൊണ്ട് ഇവർ മുന്നോട്ടുനീങ്ങുകയാണ്.
വിചാരധാരയിൽ ക്രിസ്ത്യാനികളെ അഭിസംബോധന ചെയ്യുന്ന ആദ്യ ഖണ്ഡിക തന്നെ പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ‘ക്രിസ്ത്യാനികളെ സംബന്ധിച്ചാണെങ്കിൽ ഒരു ബാഹ്യ നിരീക്ഷണത്തിൽ അവർ തീരെ നിരുപദ്രവികളായി മാത്രമല്ല, മനുഷ്യവർഗത്തോടുള്ള സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും മൂർത്തിമദ്ഭാവങ്ങളായി പോലും തോന്നും. മനുഷ്യവർഗത്തെ ഉദ്ധരിക്കുന്നതിനായി സർവശക്തനാൽ പ്രത്യേകം നിയുക്തരായവരാണ് തങ്ങളെന്ന മട്ടിൽ ‘സേവനം’, ‘മനുഷ്യന്റെ മുക്തി'തുടങ്ങിയ വാക്കുകൾ അവരുടെ പ്രഭാഷണങ്ങളിൽ ധാരാളം കേൾക്കാം. എല്ലായിടത്തും അവർ വിദ്യാലയങ്ങളും കോളേജുകളും ആശുപത്രികളും അനാഥാലയങ്ങളും നടത്തുന്നു. ശുദ്ധരും നിഷ്കളങ്കരുമായ നമ്മുടെ ആളുകൾ ഇവ കൊണ്ടെല്ലാം ഭ്രമിച്ചുപോകുന്നു. ഇത്തരം പ്രവർത്തനങ്ങൾക്കായി കോടിക്കണക്കിനു രൂപ ചെലവഴിക്കുന്നതിൽ ക്രിസ്ത്യാനികളുടെ യഥാർഥ ഉദ്ദേശ്യമെന്താണ്.
നമ്മുടെ നാടിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ ക്രിസ്ത്യൻ മിഷണറിമാർ വഹിച്ച പങ്ക് ആർക്കും നിഷേധിക്കാനാകുന്നതല്ല. മനുഷ്യസ്നേഹത്തിന്റെ സന്ദേശങ്ങളുയർത്തിപ്പിടിച്ചു ജീവിച്ച അനവധി മനുഷ്യസ്നേഹികളുടെ മതംകൂടിയാണ് അത്. ഇതിനെയാണ് അതിശക്തമായ ആക്രമണവുമായി സംഘപരിവാർ സമീപിക്കുന്നതെന്ന് കാണണം.
മിഷണറിമാരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ വിചാരധാര എടുത്തുപറയുന്നുണ്ട്. പരമ്പരാഗത മതവും തത്വജ്ഞാനവും സംസ്കാരവും ജീവിതരീതിയുമെല്ലാം തകർത്തുകളഞ്ഞ് അവരെയെല്ലാം ലോക ക്രൈസ്തവ ഫെഡറേഷൻ വിജയിപ്പിക്കണമെന്നാണ്. ഹിന്ദുമത രാഷ്ട്രമെന്ന മുദ്രാവാക്യമുയർത്തുന്ന ആർഎസ്എസിനെയും ഇസ്ലാമിക രാഷ്ട്രമെന്ന കാഴ്ചപ്പാടുമായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്ലാമിയെയും കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്നാൽ, ക്രൈസ്തവ ഫെഡറേഷൻ എന്ന ആശയം അവരുടെ തലയിൽ തിരുകിക്കൊടുത്ത് ആടിനെ പട്ടിയാക്കുന്ന പ്രചാരവേലയാണ് വിചാരധാരയിൽ മുന്നോട്ടുവയ്‌ക്കുന്നത്.
ക്രിസ്ത്യാനികളുടെ പ്രവർത്തനം മതവിരുദ്ധം മാത്രമല്ല, ദേശീയ വിരുദ്ധവുമാണ് എന്നതാണ് വിചാരധാരയിൽ എഴുതിവച്ചിരിക്കുന്നത്. ക്രിസ്ത്യാനികളെ ക്ഷേത്രധ്വംസകരായും ചിത്രീകരിക്കുന്നത് കാണാവുന്നതാണ്. ചരിത്രത്തിന്റെ ഒരു പിൻബലവുമില്ലാത്ത ഇത്തരം കള്ളപ്രചാരവേലകളാണ് ഈ പുസ്തകത്തിലുടനീളം കാണാനാകുന്നത്.
ന്യൂനപക്ഷങ്ങളെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കുന്ന തെറ്റായ പ്രചാരണരീതികളും അവലംബിക്കുകയാണ്. അവർ ഇങ്ങനെ രേഖപ്പെടുത്തുന്നു, ‘രാജ്യത്തിലെ ക്രൈസ്തവസഭകളും മുസ്ലിംലീഗും ഒന്നിച്ചുചേർന്ന് പഞ്ചാബ് മുതൽ മണിപ്പുരുവരെ, ഗംഗാസമതലം മുഴുവൻ മുസ്ലിങ്ങൾക്കും അർധദ്വീപും ഹിമാലയ പ്രദേശവും ക്രിസ്ത്യാനികൾക്കുമായി തമ്മിൽ പങ്കുവച്ച് എടുക്കുന്നതിനുള്ള ഒരു കരാറിൽ എത്തിച്ചേർന്നതായ വാർത്ത പത്രങ്ങളിൽ വന്നുകാണുകയുണ്ടായി.’ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ചേർന്ന് രാജ്യത്തെ പങ്കുവച്ച് എടുക്കുന്നുവെന്നതായിരുന്നു വിചാരധാരക്കാരന്റെ നിലപാട്. ഇത്തരം ആശയക്കാരാണ് ഇപ്പോൾ ക്രിസ്ത്യാനികൾക്കും മുസ്ലിങ്ങൾക്കും ഇടയിൽ വിടവുവരുത്താൻ പരിശ്രമിക്കുന്നുവെന്ന കാര്യം നാം വിസ്മരിക്കരുത്. സംഘപരിവാറിന്റെ ക്രൈസ്തവപ്രേമം ആട്ടിൻതോലിട്ട ചെന്നായയുടേതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
രാജ്യത്ത് ഹിന്ദുത്വ കോർപറേറ്റ് അമിതാധികാര പ്രവണതകളാണ് നടമാടിക്കൊണ്ടിരിക്കുന്നത്. ഇത്തരം നടപടികൾ വമ്പിച്ച ജനകീയ രോഷം രാജ്യത്ത് ഉയർത്തിക്കൊണ്ടുവന്നിട്ടുണ്ട്. ബിജെപിക്ക് ബദലുകളുള്ള എല്ലായിടത്തും ജനങ്ങൾ നൽകുന്ന പിന്തുണ ഇതിന് ഉദാഹരണങ്ങളാണ്. ഇത്തരമൊരു ഘട്ടത്തിൽ ജനങ്ങളെ വർഗീയമായി ധ്രുവീകരിച്ച് നേട്ടം കൊയ്യാനുള്ള ദേശീയ തലത്തിലുള്ള സംഘപരിവാർ ഗൂഢാലോചനയാണ് ക്രിസ്ത്യൻ വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങളിൽ തെളിയുന്നത്.
Read more: https://www.deshabhimani.com/articles/puthalath-dineshan-article/1063782
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ