1000 വർഷമായി രാജ്യം യുദ്ധത്തിലാണെന്ന ഭഗവതിന്റെ പ്രസ്താവനയോട് ചരിത്രം വിയോജിക്കും. വൈദേശികാധിപത്യത്തിന് എതിരെയുള്ള സമരം 1947ൽ ഔപചാരികമായി അവസാനിച്ചു. പിന്നീടുണ്ടായത് മതനിരപേക്ഷത പ്രമാണമാക്കിയ സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കാണ്. അവിടെ ആഭ്യന്തരമായ യുദ്ധത്തിന് പ്രസക്തിയില്ല. ഹിന്ദുക്കൾ നടത്തിക്കൊണ്ടിരിക്കുന്ന സഹസ്രാബ്ദയുദ്ധം തുടരുകയാണെന്നും അത്യാവേശത്തിൽ ഉണ്ടാകുന്ന ആക്രമണങ്ങൾ സ്വാഭാവികമാണെന്നും ഭാഗവത് പറയുമ്പോൾ എല്ലാം വ്യക്തമാകുന്നുണ്ട്. ഡോൺ ക്വിക്സോട്ടിന്റെ സാങ്കൽപ്പിക യുദ്ധം കാറ്റാടികളോടായിരുന്നു. എതിരിടുന്നതിന് ഇരയെ കണ്ടെത്തുന്നതിനുള്ള വൃഥാശ്രമം ആർഎസ്എസ് മേധാവിയെ അപഹാസ്യനാക്കുന്നു. അപഹാസ്യത അലങ്കാരമായി അണിയുന്ന സംഘടനയാണ് അദ്ദേഹത്തിന്റേത്.
വ്യക്തിയുടെ അന്തസ്സും ഗരിമയും പ്രഖ്യാപിക്കുന്ന ഭരണഘടനയാണ് നമ്മുടേത്. ചാതുർവർണ്യത്തിന്റെ ദുഷ്ടമായ ആധിപത്യകാലത്ത്, സാഹോദര്യത്തിൽ അധിഷ്ഠിതമായ സമത്വം വിളംബരം ചെയ്യാൻ ഭൂരിപക്ഷം ഹിന്ദുക്കളായിരുന്ന ഭരണഘടനാ നിർമാണസഭയ്ക്കു കഴിഞ്ഞു. മാനവികതയുടെ ചരിത്രത്തിലെ മഹാത്ഭുതമായിരുന്നു അത്. അന്തസ്സുള്ള മനുഷ്യൻ, മതം ഏതായാലും ഭരണഘടനാപരമായ ഗർവോടെ തലയുയർത്തി നിൽക്കും. ഓരോരുത്തരും സ്വയം കേമന്മാർ ആകുകയെന്നത് ഭരണഘടന നിർദേശിക്കുന്ന മൗലിക കർത്തവ്യങ്ങളിൽപ്പെടുന്ന കാര്യമാണ്. മുസ്ലിങ്ങളും ക്രിസ്ത്യാനികളും ചതുർവർണങ്ങൾക്കു പുറത്തുള്ളവരും അവരിൽ ഉൾപ്പെടും, കേമത്തം നടിച്ചാൽ ഹിന്ദുസമൂഹം അംഗീകരിക്കില്ലെന്ന് ഹിന്ദുത്വ സംഘടനയുടെ അധിപൻ പറഞ്ഞാൽ അതിനെ ആദ്യം നിരാകരിക്കുന്നത് ഹിന്ദുക്കൾതന്നെ ആയിരിക്കും. പഴയ കാര്യങ്ങൾ ഓർത്തും പുതിയ കാര്യങ്ങൾ കണ്ടും ഉൽക്കൃഷ്ടതാ മനോഭാവം ഉണ്ടാകാം.
തങ്ങൾ പറയുന്നത് കേട്ടും തങ്ങൾക്ക് വിധേയരായും ഹിന്ദുക്കളല്ലാത്തവർക്ക് വേണമെങ്കിൽ ഇവിടെ കഴിഞ്ഞുകൂടാമെന്ന് ഔദാര്യത്തോടെ പറയുന്ന ആർഎസ്എസ് മേധാവി ഏതു കാലഘട്ടത്തിന്റെ പ്രതിനിധിയാണ്. ജീവിക്കുന്നതിന് പൗരത്വമോ ഭരണഘടനയുടെ അനുവാദമോ ആവശ്യമില്ലെന്നിരിക്കേ കരുത്തിന്റെ ഔദാര്യത്തിലാണ് ദുർബലന്റെ ജീവിതമെന്ന് എങ്ങനെ പറയാൻ കഴിയും. അധികാരത്തിന്റെ ഔദാര്യമാണ് വ്യക്തിയുടെ ജീവിതമെന്ന് അടിയന്തരാവസ്ഥയിൽ കേട്ടിട്ടുണ്ട്. മതപരിവർത്തനത്തെ ആശങ്കയോടെ കാണുന്ന ആർഎസ്എസ് ഹിന്ദുമതത്തിലേക്ക് മുസ്ലിങ്ങളെയും ക്രിസ്ത്യാനികളെയും സ്വാഗതം ചെയ്യുന്നതിന്റെ യുക്തിയെന്താണ്. വീട്ടിലേക്കുള്ള മടക്കം തുടങ്ങിയ സിദ്ധാന്തങ്ങൾക്ക് ചരിത്രത്തിന്റെ പിൻബലമില്ല. എന്റെ സ്മൃതിയിൽ മറ്റൊരു ഗൃഹമില്ലാത്തതിനാൽ വീട്ടിലേക്ക് ഉള്ളതായി പറയപ്പെടുന്ന വഴികൾ എനിക്ക് അജ്ഞാതമാണ്. അധീശവർഗത്തിന് കീഴ്പ്പെട്ട് അപമാനകരമായി ജീവിക്കുകയെന്നത് ജൂതനിഗ്രഹത്തിനു മുന്നോടിയായി ഹിറ്റ്‌ലർ അവതരിപ്പിച്ച സിദ്ധാന്തമായിരുന്നു. ഹിറ്റ്‌ലറിൽനിന്ന് പ്രചോദനം ഉൾക്കൊള്ളുന്ന സ്വയംസേവക പ്രത്യയശാസ്ത്രത്തിന് മാറ്റം ഉണ്ടായിട്ടില്ലെന്നതിന് തെളിവാണ് ഭാഗവതിന്റെ അഭിമുഖം. ഹെഡ്ഗേവാറും ഗോൾവാൾക്കറും അപകടകരമായി പറഞ്ഞിട്ടുള്ളതിന്റെ മാറ്റൊലി മാത്രമാണ് നാഗ്പുരിൽനിന്ന് ഉണ്ടായത്.
ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രത്തിന്റെ പുനരാവിഷ്കാരമാണ് ന്യൂനപക്ഷങ്ങളോടുള്ള സമീപനത്തിൽ ആർഎസ്എസും ബിജെപിയും പ്രകടിപ്പിക്കുന്നത്. സമുദായങ്ങൾ തമ്മിൽ മാത്രമല്ല, സമുദായത്തിലെ വിഭാഗങ്ങൾക്കിടയിലും ഈ തന്ത്രം വിജയകരമായി പ്രയോഗിക്കപ്പെടുന്നുണ്ട്. മുസ്ലിങ്ങളുടെ നേരെ ഇടയ്ക്കിടെ നീട്ടപ്പെടുന്ന ആർഎസ്എസ് കരം അവരെ സ്വീകരിക്കാനുള്ളതല്ല. മുസ്ലിങ്ങളുടെ പെരുപ്പത്തിൽ ആകുലരാകുന്ന ഹിന്ദുത്വവാദികൾ തെരഞ്ഞെടുപ്പുകളിൽ മുസ്ലിങ്ങളുടെ മേൽക്കൈ ഇല്ലാതാക്കാനുള്ള തന്ത്രം ആവിഷ്കരിച്ചുകഴിഞ്ഞു. ഉത്തർപ്രദേശിലെ ഗണനീയമായ മുസ്ലിം സാന്നിധ്യം അപ്രസക്തമാകുന്ന രീതിയിൽ അവിടെ ബിജെപി മന്ത്രിസഭയിൽ ഒരു മുസ്ലിം മാത്രമാണുള്ളത്. കേന്ദ്രത്തിലോ ഇതര ബിജെപി സംസ്ഥാനങ്ങളിലോ അതുപോലുമില്ല. ഇപ്രകാരം രാഷ്ട്രീയമായി അപ്രസക്തമാക്കുന്നതിനുള്ള ശ്രമം നടക്കുന്നതിനിടെയാണ് അവരുടെ അസ്തിത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന പ്രസ്താവന ആർഎസ്എസ് ആസ്ഥാനത്തുനിന്ന് ഉണ്ടായത്. ആർഎസ്എസ് പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർമാർക്ക് നൽകിയ വേദോപദേശമാകയാൽ ഭാഗവതിന്റെ വാക്കുകൾക്ക് പ്രാധാന്യമുണ്ട്. ഇതാണ് ഇനി ആർഎസ്എസ് പ്രചരിപ്പിക്കാൻ പോകുന്നത്
ഹിന്ദുസ്ഥാൻ ഹിന്ദുസ്ഥാനായി തുടരണമെന്ന് ഭാഗവത് പറയുമ്പോൾ എന്താണ് അദ്ദേഹത്തിന്റെ മനസ്സിലിരിപ്പെന്ന് വ്യക്തമാകുന്നുണ്ട്. ഭരണഘടനാ നിർമാണസഭയിൽ നിരാകരിക്കപ്പെട്ട പേരാണ് ഹിന്ദുസ്ഥാൻ. ഭാരതം എന്നും ഇന്ത്യ എന്നും രണ്ടു പേരുകളാണ് രാജ്യത്തിന് നൽകപ്പെട്ടിട്ടുള്ളത്. പേരുകൾ തോന്നുംപടി മാറ്റാനുള്ളതല്ല. തമിഴ്നാട് നിയമസഭയിൽ സംസ്ഥാനത്തിന്റെ പേര് ഗവർണർ തമിഴകം എന്നാക്കിയതും അതിനെതിരെ പ്രതിഷേധമുണ്ടായതും ഇതിനോട് ചേർത്തു വായിക്കണം. സംസ്ഥാനത്തിന്റെ പേരുമാറ്റം ഗവർണറുടെ അധികാരത്തിൽപ്പെട്ട കാര്യമല്ല. അത് പാർലമെന്റിന്റെ അധികാരമാണ്. 1968ൽ പാർലമെന്റ് പാസാക്കിയ നിയമത്തിലൂടെയാണ് മദ്രാസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം തമിഴ്നാടായത്. തമിഴ്നാടിന്റെ കാര്യത്തിൽ ഗവർണർ രവി എടുത്ത സ്വാതന്ത്ര്യമാണ് കൂടുതൽ അപകടകരമായ രീതിയിൽ ഇന്ത്യയുടെ കാര്യത്തിൽ ഭാഗവത് എടുത്തത്. ഭരണഘടനയ്ക്കും നിയമത്തിനും അതീതമായ അധികാരകേന്ദ്രമാണ് നാഗ്പുരിലെ ആർഎസ്എസ് കാര്യാലയമെന്ന ധ്വനിയും പേര് മാറ്റിപ്പറഞ്ഞ വർത്തമാനത്തിലുണ്ട്.
മുസ്ലിങ്ങൾ ഇവിടെ തുടരുന്നതിൽ കുഴപ്പമില്ലെന്നു പറയുന്ന ഭാഗവത് അവരെ ആഭ്യന്തരശത്രുക്കളായി കാണുന്നു. തരംപോലെ ക്രിസ്ത്യാനികളെയും ഈ ഗണത്തിൽപ്പെടുത്തും. അവർക്കെതിരെയാണ് യുദ്ധം നടക്കുന്നത്. യുദ്ധത്തിൽ അതിസാഹസികതയും അത്യാവേശവുമുണ്ടാകും. അപ്പോൾ ചിലതൊക്കെ സംഭവിക്കും. വംശീയമായ ആക്രമണത്തിനും വംശഹത്യക്കും പ്രത്യക്ഷമായിത്തന്നെയുള്ള ആഹ്വാനമായി ഈ വാക്കുകൾ വ്യാഖ്യാനിക്കപ്പെടും. ചാനൽ ചർച്ചയിൽ വക്താക്കൾ അർഥംപറഞ്ഞ് വ്യാഖ്യാനിക്കുന്നതുപോലെയല്ല അണികൾ നേതാവിനെ മനസ്സിലാക്കുന്നത്.
എല്ലാ മനുഷ്യരും സമന്മാരാണ് എന്ന ഭരണഘടനാ വാക്യത്തെ അടിസ്ഥാനമാക്കി യുഎസ് സുപ്രീംകോടതിയെ സമീപിച്ച ഡ്രെഡ് സ്കോട്ട് എന്ന നീഗ്രോ അടിമയോട് ചീഫ് ജസ്റ്റിസ് ടോണി പറഞ്ഞത് മനുഷ്യർ എന്ന വിഭാഗത്തിൽ അടിമകൾ പെടുന്നില്ല എന്നായിരുന്നു. മുസ്ലിങ്ങളെക്കുറിച്ച് ഭാഗവത് പറഞ്ഞതിലും ഈ ന്യായം പ്രതിഫലിക്കുന്നുണ്ട്. മതാധിഷ്ഠിതമായ പൗരത്വമെന്ന അപകടകരമായ സിദ്ധാന്തം പൗരത്വനിയമ ഭേദഗതിയിലൂടെ കൊണ്ടുവന്നവർക്ക് രണ്ടാംതരം പൗരത്വമെന്ന ആശയം അനായാസം നടപ്പാക്കാനാകും. കേമന്മാരാണെന്ന ചിന്ത ഉപേക്ഷിക്കണമെന്ന് മുസ്ലിങ്ങളെ ഉപദേശിക്കുന്നതിന്റെ അർഥം കൂടുതൽ ഉൽക്കൃഷ്ടരായവർ ഇവിടെ ഉണ്ടെന്നാണ്. ഒന്നുകിൽ അവർക്കൊപ്പം ചേരാം; അല്ലെങ്കിൽ അവർക്കു താഴെ കഴിയാം.
Read more: https://www.deshabhimani.com/articles/mohan-bhagavat-rss-agenda/1067114
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ