2023, ജനുവരി 21, ശനിയാഴ്‌ച

മതം മാറിയാൽ മൃതദേഹം ഗ്രാമത്തിൽ 
അടക്കാൻ സമ്മതിക്കില്ല . കണ്ണ്‌ തുറക്കാത്ത 
‘ദൈവങ്ങൾ’ , 
കണ്ണടയ്‌ക്കുന്ന സർക്കാർ ; ഛത്തീസ്‌ഗഢിൽ മതവൈരം മൃതദേഹങ്ങളോടും

സംഘപരിവാർ ഭീഷണിയെത്തുടർന്ന്‌ ചേത്തിഭായിയുടെ മൃതദേഹം അമാബേഡാ ഗ്രാമത്തിലെ 
കുഴിയിൽനിന്ന്‌ പുറത്തെടുക്കുന്നു 

റായ്‌പുർ (ഛത്തീസ്‌ഗഢ്‌)  
‘നിങ്ങളെപ്പോലുള്ളവരുടെ മൃതദേഹങ്ങളൊന്നും ഈ മണ്ണിൽ അടക്കാൻ പറ്റില്ല. അശുദ്ധമാകും. ഞങ്ങളുടെ  ദേവൻമാർ സഹിക്കില്ല. ഗ്രാമത്തിനു പുറത്ത്‌ അടക്കണം’–- അമ്മ മരിച്ചതിന്റെ തീരാവേദനയിൽ തളർന്ന മുകേഷ്‌കുമാർ നരേട്ടിയോട്‌ അമാബേഡാ ഗ്രാമത്തലവനും പ്രമാണികളും ആക്രോശിച്ചു. മഞ്ഞപ്പിത്തം ബാധിച്ച്‌ നവംബർ ഒന്നിനാണ്‌ അമ്മ ചേത്തിഭായി മരിച്ചത്‌
ആദിവാസികൾക്കുള്ള ശ്‌മശാനത്തിൽ സംസ്‌കരിക്കാൻ അനുമതി തേടി ചെന്നതാണ്‌ ഈ ഇരുപത്തഞ്ചുകാരൻ. എന്നാൽ, അമ്മ ക്രൈസ്‌തവ വിശ്വാസം സ്വീകരിച്ചതുകൊണ്ടുമാത്രം ആറടിമണ്ണ്‌ നിഷേധിച്ചു. സംഘപരിവാർ പിന്തുണയുള്ള ജൻജാതി സുരക്ഷാമഞ്ച്‌ പോലെയുള്ളവരും എതിർത്തതോടെ മുകേഷും സഹോദരി യോഗേശ്വരിയും അമ്മയുടെ മൃതദേഹം സ്വന്തം വീടിനോടുചേർന്ന്‌ സംസ്‌കരിച്ചു. ഇതറിഞ്ഞ്‌ ഗ്രാമീണരല്ലാത്ത സംഘം ഇരച്ചെത്തി. മൃതദേഹം കുഴിമാന്തി പുറത്തെടുക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. പൊലീസ്‌ ഇടപെട്ട്‌ തൽക്കാലം പ്രശ്‌നം തീർത്തിട്ടും പിറ്റേന്ന്‌ ബസാർചൗക്കിൽ ബിജെപി മുൻ എംഎൽഎ ഭോജ്‌രാജ്‌നാഗ്‌ മൃതദേഹം പുറത്തെടുക്കുമെന്ന്‌ ഭീഷണി മുഴക്കി. അന്ന്‌ അർധരാത്രിതന്നെ അതിനു ശ്രമമുണ്ടായി.
മൃതദേഹം മറ്റൊരിടത്ത്‌ മാറ്റി സംസ്‌കരിക്കണമെന്ന്‌ കാൻകേർ പൊലീസും ആവശ്യപ്പെട്ടു. ഒരിക്കൽ സംസ്‌കരിച്ച മൃതദേഹം പുറത്തെടുക്കാനാകില്ലെന്ന്‌ മുകേഷ്‌ തീർത്തുപറഞ്ഞു. ‘അധികം കളിച്ചാൽ മാവോയിസ്‌റ്റെന്ന്‌ പറഞ്ഞ്‌ എൻകൗണ്ടറിൽ തീർക്കുമെന്നായിരുന്നു’ പൊലീസ്‌‘സംഘ’ത്തിന്റെ ഭീഷണി. മുകേഷും സഹോദരിയും ഗ്രാമംവിട്ടോടി രക്ഷപ്പെട്ടു.

ഉടൻ പൊലീസ്‌ മേൽനോട്ടത്തിൽ മൃതദേഹം 100 കിലോമീറ്റർ അകലെ മാറ്റി സംസ്‌കരിച്ചു. ഛത്തീസ്‌ഗഢിൽ ക്രൈസ്‌തവർക്കെതിരായ അതിക്രമങ്ങൾ നേരിട്ട്‌ മനസ്സിലാക്കാനെത്തിയ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ടിനോട്‌ അനുഭവിക്കുന്ന വേദനകളുടെ കെട്ടഴിക്കുകയായിരുന്നു പാസ്റ്റർ സനോറാം ഗോട്ട

ഇപ്പോൾ എവിടെയുണ്ടെന്നറിയാത്ത മുകേഷിന്റെ മാത്രം അനുഭവമല്ല ഇത്‌. കാൻകേറിലെ പല ഗ്രാമങ്ങളിലും ക്രൈസ്‌തവർക്ക്‌ ഈ അനഭവമുള്ളതായി എസ്‌പി ശലഭ്‌കുമാർ സിൻഹ സ്ഥിരീകരിച്ചു. നാരായൺപുർ ജില്ലയിലും സമാന സംഭവങ്ങളുണ്ടെന്ന്‌ കലക്ടർ അജീത്‌വസന്ത്‌ പറഞ്ഞു. 

മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതുപോലും വിലക്കിയിട്ടും കോൺഗ്രസ്‌ സർക്കാർ  കണ്ണടയ്‌ക്കുന്നു. ഗ്രാമങ്ങളിൽനിന്ന്‌ ദൂരെ മാറി സെമിത്തേരികളിൽ സംസ്‌കരിക്കാൻ ഉപദേശിച്ചും പൊലീസ്‌ വഴി സമ്മർദം ചെലുത്തിയും തടിയൂരുകയാണ്‌ സർക്കാർ.


Read more: https://www.deshabhimani.com/news/national/mukesh-kumar-naretti-mothers-funeral-clash/1069105

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ