രാഹുൽ ഈശ്വറുമായി ബന്ധപ്പെട്ട് വർഷങ്ങൾക്ക് മുമ്പ് എനിക്ക് നേരിട്ടുണ്ടായ കൗതുകകരമായ ഒരു അനുഭവം ഫെയ്സ് ബുക്ക് പോസ്റ്റായി എഴുതണമെന്ന് നിരവധി തവണ വിചാരിച്ചതാണ്. പലവിധ കാരണങ്ങളാൽ അത് നടക്കാതെ പോയി. ഏറ്റവും ഒടുവിൽ ചങ്ങാതി ഇക്കുറി ജയിലിൽ ആയ വേളയിൽ
നല്ലൊരു അവസരമാണല്ലോയെന്ന് കരുതി അത് എഴുതുന്ന കാര്യം സജീവമായി ആലോചിച്ചുവെങ്കിലും തീരെ സമയം കിട്ടിയില്ല. ഇനി അതിന് പ്രസക്തിയില്ലല്ലോയെന്ന് കരുതിയിരിക്കവെ അയ്യപ്പ സ്വാമി തന്നെ അതിന് അവസരമൊരുക്കി തന്നിരിക്കുകയാണ്. അടുത്ത സുഹൃത്തുക്കളോടും ചില ബന്ധുക്കളോടും ഞാനിത് പലകുറി പറഞ്ഞിട്ടുള്ളതാണ്. കേന്ദ്ര മന്ത്രിയായിരുന്ന വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണിനെത്തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പുണ്യാഹം തളിച്ച സംഭവം 2007 മെയ് മാസത്തിലാണ് നടന്നത്. വയലാർ രവിയുടെ മകൻ രവികൃഷ്ണൻ ഹിന്ദുവല്ല എന്നായിരുന്നു ക്ഷേത്ര അധികൃതരുടെ പ്രത്യേകിച്ചും തന്ത്രിയുടെ വാദം . രവികൃഷ്ണയുടെ അമ്മ മേഴ്സി ക്രൈസ്തവ കുടുംബത്തിലാണ് ജനിച്ചത്.
രവി കൃഷ്ണയോടും ഭാര്യ നിഷയോടും (ചെന്നെയിലെ പ്രമുഖ മദ്യവ്യവവസായി എം.പി.പുരുഷോത്തമന്റെ മകൾ) അവരുടെ ആറുമാസം പ്രായമായ കുഞ്ഞിനോടുമൊപ്പമാണ് അന്ന് കേന്ദ്ര പ്രവാസകാര്യ മന്ത്രിയായ വയലാർ രവി ഗുരുവായൂരിൽ എത്തിയത്. കുഞ്ഞിന്റെ അച്ഛമ്മയായ മേഴ്സി രവി വന്നിരുന്നില്ല. ചോറൂണിന് പുറമെ കുഞ്ഞിന്റെ തുലാഭാരവും നടത്തുകയുണ്ടായി. ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ ക്ഷേത്രം തന്ത്രിയാണ് പരിഹാരക്രിയ നടത്തണമെന്ന് തീരുമാനിക്കുകയും അത് വേണമെന്ന് നിഷ്ക്കർഷിക്കുകയുമായിരുന്നു. ഇപ്പേഴത്തെ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന്റെ ജേഷ്ഠനായ ചേന്നാസ് രാമൻ നമ്പൂതിരിയായിരുന്നു തന്ത്രിയെന്നാണ് ഓർമ്മ.വയലാർ രവിയുടെ കുടുംബം ക്ഷേത്രത്തില്‍ എത്തിയതു. മുതല്‍ പുണ്യാഹം തളിച്ച സമയം വരെയുള്ള ആറു പൂജകളും ആറു ശീവേലികളുമാണ് വീണ്ടും നടത്തിയത്. അടുത്തയാഴ്ച്ച അത് വീണ്ടും ആവര്‍ത്തിക്കുവാനും തന്ത്രി നിർദ്ദേശിച്ചിരുന്നു. സംഭവം വിവാദമായി . അന്ന് വി.എസ്. അച്യുതാനന്ദനായിരുന്നു മുഖ്യമന്ത്രി. ജി.സുധാകരൻ ദേവസ്വം- പൊതുമരാമത്ത് മന്ത്രിയും. ഇരുവരും ശക്തമായ ഭാഷയിൽ പ്രതികരിക്കുകയുണ്ടായി.
വിഷയത്തിൽ തന്ത്രിയെ പിന്തുണച്ച് കൊണ്ടും വയലാർ രവിയുടെ മകൻ ചെയ്തത് ഹീനമായ പ്രവൃത്തിയാണെന്ന് പറയാനായാണ് താഴമൺ കുടുംബാംഗവും ശബരിമല തന്ത്രി കണ്ഠരര് മഹേശ്വരരുടെ പേരമകനും ആണ് താനെന്ന് പറഞ്ഞാണ് രാഹുൽ ഈശ്വർ പത്ര സമ്മേളനം വിളിച്ചത്. അക്കാലത്ത് ഇയാൾ അത്രക്കൊന്നും പ്രസിദ്ധനായിരുന്നില്ല. പിന്നീടാണ് സൂര്യ ടിവിയിലെ ബിഗ്ബോസിൽ പങ്കെടുത്ത് കുപ്രസിദ്ധി നേടിയെടുത്തത്. അതിനിടെ ദൽഹിയിൽ ഏതോ നിരോധിത സംഘടനകളുടെ ഒരു രഹസ്യ യോഗത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു കേസിലും ചങ്ങാതിയുടെ പേര് ഉയർന്ന് കേട്ടിരുന്നു. ക്ഷേത്ര വിശുദ്ധി പരമ പ്രധാനമാണെന്ന് ആവർത്തിച്ച രാഹുൽ ഈശ്വർ ഈ പരിശുദ്ധിപൂജാദി കാര്യങ്ങളിൽ എപ്രകാരമാണ് കാത്തു സൂക്ഷിക്കുന്നതെന്ന് പറയാനാകുമെന്നും ആ പാരമ്പര്യം പിന്തുടരുന്ന കുടുംബാംഗമായ തനിക്ക് അത് എപ്രകാരമെന്ന് വിശദീകരിച്ച് പറയാനാകുമെന്നും ഈ ചെറുപ്പക്കാരൻ പറയുകയുണ്ടായി. അന്നേരം എനിക്ക് പെട്ടെന്ന് മനസ്സിൽ പൂജാരിയായ പഴയ സുഹൃത്തിനെ ഓർമ്മ വന്നു. തലേന്ന് രാത്രി ഞങ്ങളോടൊപ്പം ബീഫ് കഴിച്ച് പിറ്റേന്ന് രാവിലെ ക്ഷേത്രത്തിൽ പൂജ നടത്താൻ പോയിരുന്ന ആളായിരുന്നു അയാൾ. ഞാൻ അതിനെ തീരെ പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല വിശ്വാസികളെ കബളിപ്പിക്കലാണ് അതെന്നും തുറന്ന് പറയുകയും ചെയ്യുമായിരുന്നു. അവനെ മാത്രം മനസ്സിൽ ഓർത്ത് ഞാൻ രാഹുലിനോട്
താങ്കൾ ഈ പറയുന്ന വിശുദ്ധി പൂജ ചെയ്യുന്ന പൂജാരിമാർ പാലിക്കാറുണ്ടോ എന്ന തീർത്തും ന്യായമായ ചോദ്യം ഉന്നയിച്ചു. പൊടുന്നനെ രാഹുലിന്റെ ആവേശം തണുത്തു. അയാൾ നിശബ്ദനായി. സമ ചിത്തത വീണ്ടെടുത്ത ശേഷം ഇങ്ങിനെ പറഞ്ഞു. ‘ അങ്ങയുടെ ചോദ്യത്തിനുള്ളിൽ അടങ്ങിയിരിക്കുന്ന മുൾമുന എന്താണെന്ന് എനിക്ക് കൃത്യമായി മനസ്സിലായി’ എനിക്ക് പെട്ടെന്ന് ഒന്നും പിടി കിട്ടിയില്ല. എന്റെ മനസ്സിൽ എന്റെ കൂട്ടുകാരൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അന്നേരം എന്റെ അടുത്തിരുന്ന മാധ്യമ സുഹൃത്തുക്കളിൽ ആരോ ഒരാൾ അടക്കം പറഞ്ഞു. ‘ ഇവൻ കണ്ഠരര് മോഹനരര്ടെ മരുമോനാണല്ലോ?’ . സത്യം പറഞ്ഞാൽ അപ്പോഴാണ് എനിക്കും കത്തിയത്. അതിനെ കുറിച്ച് ഒന്നും പറയാതെ രാഹുൽ ഈശ്വർ തുടർന്നു. അമേരിക്കയിൽ പോയി ക്രിസ്തുമത വിശ്വാസികളായവർക്ക് ( കേരളത്തിൽ തന്നെയും) വേണ്ടി ഗണപതി ഹോമം അടക്കം രഹസ്യമായും ചിലപ്പോൾ പരസ്യമായും നടത്തുന്ന പൂജാരിമാരെയും നടത്തിച്ചവരേയും എനിക്കറിയാം. ൃഅത് അറിയാമായിരുന്നതിനാൽ അതേക്കുറിച്ചും ഞാൻ പ്രത്യേകം എടുത്ത് ചോദിച്ചു. നിരവധി പൂജാരി മാർ അത് വഴി പണം സമ്പാദിക്കുന്നത് അറിവുള്ളതിനാലാകണം രാഹുലിന് മറുപടിയേ ഉണ്ടായിരുന്നില്ല. എന്ത് തന്നെയായാലും രവി കൃഷ്ണ ഗുരുവായൂർ ക്ഷേത്രത്തെ അശുദ്ധപ്പെടുത്തി എന്ന നിലപാടിലായിരുന്നു രാഹുൽ ഈശ്വർ.
പത്ര സമ്മേളനം കഴിഞ്ഞ് താഴേക്ക് വന്ന നേരം ഞാൻ രാഹുലിനോട് ഒരു കാര്യം തുറന്നു പറഞ്ഞു. സത്യം പറയമല്ലോ ആ ചോദ്യം ഉന്നയിക്കും നേരം എനിക്ക് തന്റെ (അങ്ങനെ തന്നെയാണ് ഞാൻ സംബോധന ചെയ്തത്. ആ പ്രായത്തിലുള്ള മിക്കവരേയും അന്നും ഇന്നും എന്നും ഞാൻ താൻ, തനിക്ക് എന്നേ പറയാറുള്ളൂ) അമ്മാവന്റെ കാര്യം മനസ്സിൽ ഉണ്ടായിരുന്നേയില്ല. എന്റെ കൂട്ടുകാരനെയാണ് ഉദ്ദേശിച്ചത്. അത് കേട്ടപ്പോൾ രാഹുൽ ചെറുതായി ഒന്ന് പുഞ്ചിരിച്ചു. തന്നെയുമല്ല, വാർത്ത നന്നായി കൊടുക്കണമേയെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. അത് നിശ്ചയമായും കൊടുക്കുമെന്ന് ഉറപ്പും നൽകി.
ഈ സംഭവത്തിന് അന്ന് തന്നെ ഒരു രണ്ടാം ഭാഗം ഉണ്ടായി. വാർത്ത ഡെസ്ക്കിൽ എത്തിയപ്പോൾ ന്യൂസ് എഡിറ്ററായിരുന്ന പരേതനായ ശ്രീ.അസ്സയിൻ കാരന്തൂർ എന്നെ വിളിച്ചു. വയലാർ രവിയുടെ പ്രതികരണം വേണം. അതിന് വയലാർ രവി ദൽഹിയിൽ അല്ലല്ലേയെന്ന് ഞാൻ. അതിന് അദ്ദേഹം നൽകിയ മറുപടി ഇപ്പോഴും ചെവിയിലുണ്ട്. ഒന്ന് പോയൂടുണ്ടീ…. ചങ്ങായി കൊച്ചിയിൽ ഗവ. റസ്റ്റ് ഹൗസിലുണ്ട്. ദൽഹി ബ്യൂറോയിൽ വിളിച്ച് എല്ലാം കൃത്യമായി അറിഞ്ഞ് വിളിച്ചതാണ് അദ്ദേഹം. മറ്റ് പത്രക്കാർ ആർക്കും തന്നെ ഇക്കാര്യം അറിയാമായിരുന്നില്ല. ഞാൻ ഉടനെ പാഡുമെടുത്ത് കോൺവെൻറ് റോഡിലെ ബ്യൂറോയിൽ നിന്നും നേരെ റെസ്റ്റ് ഹൗസിലേക്ക് വെച്ചു പിടിച്ചു. റിസപ്ഷനിൽ പോയി ചോദിച്ചു. മിനിസ്റ്റർ മുകളിലുണ്ട് എന്ന് പറഞ്ഞു. ഒരു സെക്യൂരിറ്റി ചെക്കുമില്ലാത്ത കാലം .മുകളിലത്തെ വി.ഐ.പി സ്യൂട്ടിന് മുന്നിൽ കേന്ദ്ര മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുണ്ട്. ചേർത്തല സ്വദേശി. രാജേഷ് എന്നാണ് പേരെന്ന് തോന്നുന്നു. കാര്യം പറഞ്ഞു. അകത്ത് പോയി അനുവാദം വാങ്ങി തിരിച്ചു വന്നു. ഞാനകത്തേക്ക് പ്രവേശിക്കുബോൾ വയലാർരവി ടെലിവിഷനിൽ വാർത്ത കാണുകയാണ്. സൂക്ഷ്മം രാഹുൽ ഈശ്വറിന്റെ വാർത്താ സമ്മേളനം. എന്നോട് ഇരിക്കാൻ പറഞ്ഞ ശേഷം അദ്ദേഹം ചാനൽ വാർത്തകളിൽ ശ്രദ്ധിച്ച് കൊണ്ടിരുന്നു. രാഹുലിന്റെ പ്രതികരണം കേട്ട ഉടനെ ഞാൻ അവിടെ ഉണ്ട് എന്നതൊന്നും ഗൗനിക്കാതെ രോഷാകുലനായി മലയാളത്തിലെ ഒരു പച്ചത്തെറി പറയുകയുണ്ടായി. ഞാനാകട്ടെ ഭാവഭേദമില്ലാതെ കേട്ടിരുന്നു. ഒടുവിൽ വാർത്ത കാണൽ അവസാനിപ്പിച്ച ശേഷം അദ്ദേഹം എനിക്ക് നേരെ തിരിഞ്ഞു. എന്താ വിശേഷിച്ച്. ടി.വി ചൂണ്ടിക്കാണിച്ച് ഞാൻ പറഞ്ഞു. ദേ ഇത് തന്നെ വിഷയം. അതോ...? അതിൽ ഞാനെങ്ങനെ കക്ഷിയാകും. അത് ഉണ്ണി ( മകൻ രവി കൃഷ്ണ ) യാണ് മറുപടി പറയേണ്ടത്. എനിക്ക് വ്യക്തമായ അഭിപ്രായമുണ്ട്. പക്ഷെ നിങ്ങൾ അവനോട് ചോദിക്കൂ. എന്നിട്ട് മേശപ്പുറത്തുണ്ടായിരുന്ന ഒരു കടലാസ്സിൽ മകന്റെ ചെന്നൈയിലെ നമ്പർ കുറിച്ച് തന്നു. വിഷയത്തിൽ തന്റേതായ ഒരു പ്രതികരണവും കൊടുക്കേണ്ടതില്ലെന്ന് വയലാർ രവി ശാണ്ഠ്യം പിടിച്ചു. നേരത്തെ വാർത്ത കണ്ടപ്പോൾ രാഹുൽ ഈശ്വറിനെ കുറിച്ച് പറഞ്ഞ പ്രതികരണം ഒന്ന് ലൈറ്റാക്കി കൊടുത്തോട്ടെയെന്ന് ഞാൻ ധൈര്യമായി ചോദിച്ചപ്പോൾ പൊട്ടിച്ചിരിയായിരുന്നു മറുപടി. ഈ നേരമെല്ലാം ഞങ്ങളുടെ സംസാരമെല്ലാം സാകൂതം കേട്ട് കൊണ്ട് മുറിയിലെ തീൻ മേശക്ക് സമീപമുള്ള കസേരയിൽ വയലാർ രവിയുടെ പ്രിയ പത്നി പരേതയായ ശ്രീമതി മേഴ്സി രവി ഇരിപ്പുണ്ടായിരുന്നുവെന്നതാണ് ഏറ്റവും രസകരമായ കാര്യം. രോഗിണിയായിരുന്ന അവരോട് ഒരു ചോദ്യവും ചോദിക്കരുത് എന്ന് ഞാൻ നിശ്ചയിച്ചിരുന്നു. പുതിയകാല മാധ്യമ പ്രവർത്തനത്തിൽ ഇടിച്ച് കയറി അവരെ കൊണ്ട് എന്തെങ്കിലും പ്രതികരിപ്പിക്കാമായിരുന്നു. രോഗാവസ്ഥയിലും മനോഹരമായ ഒരു ചിരി എനിക്ക് സമ്മാനിക്കാൻ അവർ മറന്നില്ല എന്ന കാര്യം ഓർക്കുന്നു.
റിപ്പോർട്ട് ചെയ്യുകയില്ല എന്ന ഉറപ്പിൽ വയലാർ രവി എന്നോട് വിഷയവുമായി ബന്ധപ്പെട്ട് ചില കാര്യങ്ങൾ പറഞ്ഞത് ഓർക്കുന്നു. താനൊരു ഹിന്ദു വിശ്വാസിയാണ്. തന്നെയുമല്ല, കടുത്ത ഗുരുവായൂരപ്പ ഭക്തനും. മകനും അവൻ്റെ ഭാര്യയും അങ്ങനെ തന്നെ.
മേഴ്സി രവിയെ ചൂണ്ടിക്കാണിച്ച് കൊണ്ട് പറഞ്ഞു. മേഴ്സി ക്രിസ്തു മതത്തിൽ
പെട്ട രണ്ട് പേരുടെ മകളായി ജനിച്ചുവെങ്കിലും ഞങ്ങളുടെ വിവാഹം ഹിന്ദുമത ആചാര പ്രകാരമാണ് നടന്നത്.
ഈഴവരിൽ മക്കത്തായ രീതി സ്വീകരിച്ചിരിക്കുന്ന കുടുംബമാണ് ഞങ്ങളുടേത്. അതിനാൽ ഉണ്ണി ഹിന്ദു തന്നെയാണ്. അവൻ്റെ വിദ്യാഭ്യാസ രേഖകളിലും ഹിന്ദു എന്ന് തന്നെയാണ്. ഹിന്ദുവായ ഒരു പെൺകുട്ടിയിൽ അവനുണ്ടായ കുഞ്ഞും ഹിന്ദു തന്നെയാണ്. എന്നിട്ടും ഇത്തരത്തിൽ കാര്യങ്ങൾ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണ്.
അന്നേരം പത്രസമ്മേളനത്തിലുണ്ടായ രസകരമായ അനുഭവം ഞാൻ വയലാർ രവിയോട് പങ്ക് വെച്ചു. അദ്ദേഹം അത് കൗതുകത്തോടെ കേട്ടിരുന്നു. പിരിയാൻ നേരം ഉണ്ണിയെ വിളിക്കാൻ മറക്കേണ്ട എന്ന് പറയാനും മറന്നില്ല. രവി കൃഷ്ണയുടെ നമ്പർ ചെന്നൈ ബ്യൂറോയിലേക്ക് നൽകാൻ ഞാൻ ശ്രീ.അസ്സയിന് കൈമാറി. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനും മന്ത്രി ജി.സുധാകരനും വിഷയത്തെ ഗൗരവത്തോടെ സമീപിച്ച കാര്യം അറിവുള്ളതാണെങ്കിലും ( മനസ്സിൽ സന്തോഷമുണ്ടെങ്കിൽ കൂടി) രാഷ്ട്രീയ നിലപാടുകൾ വ്യത്യസ്തമായത് കൊണ്ട് തന്നെയാകണം കൂടുതൽ ഒന്നും പറയാൻ വയലാർ രവി ഒരുക്കമായിരുന്നില്ല.
വാൽക്കഷ്ണം: ശബരിമലയിൽ തന്ത്രിക്ക് അയ്യപ്പൻ്റെ പിതാവിൻ്റെ സ്ഥാനം ആണെങ്കിൽ ഗുരുവായൂരിലെ തന്ത്രിക്ക്
ശ്രീ ഗുരുവായൂരപ്പൻ്റെ പ്രതി രൂപം തന്നെയാണത്രെ നിശ്ചയിച്ച് കൊടുത്തിരിക്കുന്നത്. ഇങ്ങനെ നിശ്ചയിച്ച് കൊടുക്കുന്നതും ഇവരൊക്കെ തന്നെ ആണെന്നതിനാൽ ശബരിമലയിൽ ഇതല്ല, ഇതിനപ്പുറവും നടക്കുന്നതിൽ അത്ഭുതമില്ല.
പ്രഭുവിൻ്റെ മക്കൾ എന്ന സിനിമയിൽ
സലീം കുമാർ അവതരിപ്പിക്കുന്ന
യുക്തിവാദിയായ കഥാപാത്രം ആവർത്തിച്ച് പറയുന്നുണ്ട്. ദൈവം ഇല്ല, പക്ഷെ അയ്യപ്പ സ്വാമിയുണ്ട്. എനിക്കും അത് തന്നെയാണ് തോന്നുന്നത്.
സ്വാമി ശരണം. അയ്യപ്പ ശരണം ✍🏻✍🏻✍🏻®Rajmohan Rajan
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ