വ്യവസ്ഥകൾക്ക് അനുസൃതമല്ലാത്ത മതം മാറ്റം ജാമ്യമില്ലാ കുറ്റമാക്കി പത്തു വർഷം വരെ ജയിലിലടയ്‌ക്കുന്ന നിയമവുമായി ഛത്തീസ്‌ഗഢിലെ ബിജെപി സർക്കാർ. ഇതിനായി ‘ഛത്തീസ്‌ഗഢ് നിയമവിരുദ്ധ മതംമാറ്റ തടയൽ നിയമം’ കരട് തയ്യാറാക്കി. ശിക്ഷ വർദ്ധനയടക്കം അവസാനഘട്ട ഭേദഗതികൾ വരുത്തി ഉടൻ നിയമസഭയിൽ അവതരിപ്പിക്കും. സംസ്ഥാനത്ത് ക്രിസ്‌ത്യൻ മിഷണറികളുടെ നേതൃത്വത്തിൽ മതപരിവർത്തനം സജീവമാണെന്നും അത് ഉടൻ അവസാനിപ്പിക്കുമെന്നും കഴിഞ്ഞമാസം മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് പ്രഖ്യാപിച്ചിരുന്നു.
മതം മാറുന്നവർ 60 ദിവസം മുമ്പ് വ്യക്തി വിവരങ്ങളടങ്ങിയ അപേക്ഷ ജില്ലാ മജിസ്‌ട്രേറ്റിന് സമർപ്പിക്കണം. ഇതിൽ പൊലീസ് പരിശോധന നടത്തും. തുടർന്ന്, മതംമാറ്റച്ചടങ്ങ് സംഘടിപ്പിക്കുന്നവർ ഒരു മാസം മുമ്പ് മറ്റൊരു അപേക്ഷ നൽകണം. മതം മാറിയ ആൾ ചടങ്ങ് നടന്ന് 60 ദിവസത്തിനുള്ളിൽ സത്യവാങ്‌മൂലം സമർപ്പിക്കുകയും ജില്ലാ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാകുകയും വേണം. ‘ചട്ടവിരുദ്ധ’മായാണ് മതംമാറ്റമെന്ന് മജിസ്‌ട്രേറ്റിന് ബോധ്യപ്പെട്ടാൽ അസാധുവാക്കാം. അംഗീകാരം നൽകുന്നതു വരെ സത്യവാങ്‌മൂലം നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും.
മതം മാറുന്നവരുടെയെല്ലാം വിവരമടങ്ങിയ രജിസ്റ്ററും സൂക്ഷിക്കും. മാത്രമല്ല, രക്തബന്ധമോ -ദത്തെടുക്കൽ വഴി ബന്ധമോ ഉള്ളവർക്ക് മതംമാറ്റത്തെ എതിർക്കാം. അവർ നൽകുന്ന പരാതിയിൽ കേസെടുക്കുന്നത് ജാമ്യമില്ലാക്കുറ്റം ചുമത്തിയാകും. സെഷൻസ് കോടതിയിലാകും വിചാരണ. പ്രായപൂർത്തിയാകാത്തവർ, സ്‌ത്രീകൾ, പട്ടികജാതി–വർഗ വിഭാഗങ്ങളെ ചട്ടവിരുദ്ധമായി മതം മാറ്റുന്നവർക്ക് രണ്ടുമുതൽ 10 വർഷംവരെ തടവും കാൽലക്ഷം രൂപ പിഴയും വിധിക്കാം.
കൂട്ട മത പരിവർത്തനത്തിന് പരമാവധി മൂന്നുമുതൽ 10 വർഷംവരെ തടവും അരലക്ഷം രൂപയുമാണ് ശിക്ഷ. ഇരകൾക്ക് അഞ്ചുലക്ഷം രൂപ നഷ്‌ടപരിഹാരത്തിനും വ്യവസ്ഥയുണ്ട്. ക്രൈസ്‌തവ വിഭാഗങ്ങൾക്കു നേരെ സംഘപരിവാർ ആക്രമണം രൂക്ഷമായ ഛത്തീസ്‌ഗഢിൽ നിയമം ദുരുപയോഗിക്കപ്പെടുമെന്ന ഭീതി ശക്തമാണ്.
https://www.deshabhimani.com/post/20240218_18354/chattisgarh
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ