2023, നവംബർ 14, ചൊവ്വാഴ്ച

ഡോ.മേരി പുന്നൻ ലൂക്കോസ് ; ജീവചരിത്രം

മലയാള നവോത്ഥാനത്തിന്റെ പതാകാവാഹകരില്‍ ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ പേര് മുന്‍ നിരയിലാണ്.. ഇന്ത്യന്‍ വനിതാചരിത്രത്തിലെ ഉജ്വലമായ അദ്ധ്യായമായിട്ടും നമുക്ക് അവരെക്കുറിച്ചൊ അവരുടെ സംഭവ നകളെക്കുറിച്ചോ നമുക്ക് വേണ്ടത്ര ധാരണയില്ലന്ന് തോന്നുന്നു.. ഇക്കഴിഞ്ഞ ദിവസമിട്ട ഒരു കുറിപ്പിൽ ഒരു പാട് അളുകൾ അവരെക്കുറിച്ച് കൂടുതൽ അറിയുവാൻ ആഗ്രഹം പ്രകടിപ്പിച്ചു... അതിനാലാണ് വീണ്ടും ഇത്തരത്തിലൊരു കുറിപ്പ്... ഇത്രയധികം പ്രശസ്തയായ ഒരു സ്ത്രീ രത്നം നമ്മുടെ നാട്ടുകാരിയായിരുന്നു എന്ന വസ്തുത വരും തലമുറയെങ്കിലും അറിയട്ടെ...എല്ലാവരും വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു... മേരി പുന്നൻ ലൂക്കോസ് ...അവരുടെ ജീവിതം, ജീവിതവിജയം തേടുന്നവർക്ക് ഒരു പ്രചോദനമാണ്.ഇന്ത്യയോ കേരളമോ അവരെ വേണ്ടത്ര മേരിയെ ആദരിച്ചിട്ടില്ല എന്നതൊരു വസ്തുതയാണന്ന് തോന്നിപ്പോകുന്നു... മരിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ലഭിച്ച പത്മശ്രീ ആയിരുന്നു അവര്‍ക്ക് സ്വതന്ത്ര ഇന്ത്യ നല്‍കിയ ഏക ബഹുമതി....സ്ത്രീ വിവേചനം കൊടികുത്തി നിന്ന ആ നാളുകളിൽ അതിനെതിരെ ഒറ്റക്ക് പടപൊരുതി ചരിത്രത്തിലേക്ക് തന്റെ പാത വെട്ടിത്തുറക്കുകയാണ് അവർ ചെയ്തത്. ആധുനിക ചികിത്സക്ക് കേരളത്തിൽ അടിത്തറ പാകിയ മഹതിയാണവർ. കേരള ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നമുക്കവരെ വിശേഷിപ്പിക്കാം. 

1886, ഓഗസ്റ്റ് 2 ന് കോട്ടയത്തെ ഐമനത്താണ് ജനനം.ഇവരുടെ ജന്മസ്ഥലം അയ്മനം ആണെങ്കിലും വിവാഹം ചെയ്തത് വെള്ളൂർ കന്നുകുഴി എന്ന കുടുംബത്തിലെ അംഗവും തിരുവിതാംകൂർ രാജ്യത്തെ ജഡ്ജിയുമായിരുന്ന ജസ്റ്റിസ്. പുന്നൻ ലൂക്കോസ് എന്ന വ്യക്തിയെ ആണ്... തിരുവതാംകൂർ രാജാവിന്റെ കൊട്ടാരം ഡോക്ടർ ആയിരുന്നു പിതാവായ TE പുന്നൻ. കേരളത്തിൽ നിന്നുള്ള ആദ്യത്തെ മെഡിക്കൽ ബിരുദധാരി എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു. 
അദ്ദേഹത്തിന്റെ മകളായ മേരി പഠനത്തിൽ മിടുമിടുക്കിയായിരുന്നു. ഒരു ഡോക്ടർ ആകണമെന്ന അഭിനിവേശം ചെറുപ്പത്തിൽ തന്നെ അവളിൽ ആളിക്കത്തിയിരുന്നു . 

തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽ സ്കൂളിൽ നിന്ന് സ്വർണ്ണ മെഡലോടെ മെട്രിക്കുലേഷൻ പാസ്സായി. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ സയൻസിൽ ബിരുദപഠനത്തിന് അപേക്ഷിച്ചുവെങ്കിലും ഒരു സ്ത്രീയാണെന്ന കാരണത്താൽ പ്രവേശനം നിക്ഷേധിക്കപ്പെട്ടു. എന്നാൽ ചരിത്ര പഠനത്തിന് പ്രവേശനം ലഭിച്ചതിനാൽ അത് പഠിച്ച് ബിരുദമെടുത്തു. 

 ഡോക്ടറായ തന്റെ പിതാവിന്റെ പാത പിന്തുടർന്ന് ഇംഗ്ലണ്ടിലാണ് മെഡിസിന് പഠിച്ചത്. ഇംഗ്ലണ്ടിൽ നിന്ന് ആദ്യം മെഡിസിനിൽ ബിരുദമെടുത്ത വനിത എന്ന വിശേഷണം അവിടെ ലഭിക്കുകയായിരുന്നു. 

ട്രെയ്ൽബ്ലേസർ എന്ന തന്റെ ആത്‌മകഥയിൽ ലണ്ടൻ യൂണിവേഴ്സിറ്റിയിലെ ആദ്യവർഷാവസാന പരീക്ഷയുടെ വ്യാകുലതകളെപ്പറ്റി അവർ പറയുന്നുണ്ട്. സയൻസ് വിഷയങ്ങൾ ഡിഗ്രിക്ക് പഠിക്കാതെ മെഡിസിൻ പഠിച്ചിരുന്ന നാലു വിദ്യാർത്ഥികളിൽ ഒരുവളായിരുന്നു മേരി. പരീക്ഷ കഴിഞ്ഞു റിസൾട്ട്‌ നോക്കിയ മേരി പരിഭ്രമവും പേടിയും മൂലം ലിസ്റ്റലെ തെറ്റായ പേജ് ആണ് നോക്കിയത്. ഇത് മനസ്സിലാക്കാതെ തന്റെ പേര് ലിസ്റ്റിൽ ഒരു സ്ഥലത്തും കാണാതെ ബോധം മറയുന്ന അവസരത്തിൽ ഒരു കൂട്ടുകാരി അഭിനന്ദിച്ചപ്പോഴാണ് ലിസ്റ്റിലെ തെറ്റായ ഭാഗമാണ് താൻ നോക്കിയതെന്ന് മനസ്സിലായത്. നിരാശ സന്തോഷത്തിന് വഴിമാറികൊടുത്തു. ഉടൻ വീട്ടിലേക്ക് കേബിൾ അടിച്ചു. വീട്ടിലെല്ലാവരും അതൊരാഘോഷമാക്കിമാറ്റി. 

അവിടെ നിന്നുള്ള ബിരുദം കൊണ്ട് അവർ തൃപ്തിപ്പെട്ടില്ല. അയർലാൻഡിലെ ഡബ്ലിനിലുള്ള റോട്ടുണ്ട (Rotunda ) ഹോസ്പിറ്റലിൽനിന്ന് പ്രസവ വിഷയത്തിലും സ്ത്രീ രോഗ ചികിത്സയിലും ( obstrectics and Gynecology )ബിരുദാനന്തര ബിരുദമെടുത്തശേഷം ശിശുരോഗ ചികിത്സയിൽ പരിശീലനവും നേടി. 

ഇംഗ്ലണ്ടിൽ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിക്കുമ്പോഴാണ് 1915 ൽ പിതാവ് മരിക്കുന്നത്. തന്റെ എക്കാലത്തെയും താങ്ങും തണലുമായിരുന്ന അദ്ദേഹത്തിന്റെ വേർപാട് അവർക്ക് താങ്ങാനായില്ല. കൂടാതെ കേരളത്തിലെ അപരിഷ്കൃതമായ ചികിത്സാ രംഗത്ത് തനിക്കെന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹവും ഉണ്ടായിരുന്നു. പലരും പിന്തിരിപ്പിച്ചെങ്കിലും അവരുടെ തീരുമാനം ഉറച്ചതായിരുന്നു. അടിയന്തിര ചികൽസക്കുള്ള ഒരു കിറ്റുമായി അവർ യാത്ര തിരിച്ചു. ആ ഉപകരണങ്ങൾ അവർക്ക് തുടക്കത്തിൽ വളരെ സഹായകമായി. 

ഇന്ത്യയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല. ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയം. ഒരുവിധത്തിൽ ഇന്ത്യയിലെത്തിയ അവർ തകർന്നു പോയി. " ഒരു ചായ കുടിക്കാനുള്ള കപ്പുവരെ വീട്ടിൽ ഇല്ലായിരുന്നു. ഒരു രാജകുമാരിയായി ഇംഗ്ലണ്ടിലേക്ക് പോയ ഞാൻ തിരിച്ചെത്തിയപ്പോൾ ഒരു അനാഥനെപ്പോലെ ആയിപ്പോയിരുന്നു." എല്ലാം കൊള്ളയടിക്കപ്പെട്ടിരുന്നു. 

എല്ലാം തകർന്നപോലെയായ അവരെ തിരുവതാംകൂർ രാജാവായ ശ്രീമൂലം തിരുനാൾ രാമവർമ്മ സ്വാന്തനമേകി. സ്വന്തം പിതാവ് നഷ്ടപ്പെട്ടെങ്കിലും തന്നെ പിതാവിന്റെ സ്ഥാനത്ത്‌ കാണണമെന്ന് അവരോട് ആവശ്യപ്പെട്ടു. സ്ത്രീകൾക്ക് അദ്ദേഹം പ്രതേക പരിഗണന നൽകിയിരുന്നു. 1916 ൽ അദ്ദേഹം അവർക്ക് തൈക്കാട് വിമൻ ആൻഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ പ്രസവവിഭാഗത്തിന്റെ ചുമതല നൽകി. ക്രമേണ അവിടുത്തെ സൂപ്രണ്ടായി. അടിസ്ഥാന സൗകര്യങ്ങളുടെയും ഉപകാരണങ്ങളുടേയും അപര്യപ്തത മാത്രമല്ല സ്ത്രീകളെ ഡോക്ടർ ആയി അംഗീകരിക്കാത്ത ഒരു സമൂഹവും അവർക്ക് വെല്ലുവിളി ഉയർത്തി. 

തന്റെ ആദ്യകാല മെഡിക്കൽ അനുഭവങ്ങളുടെ പൊള്ളുന്ന യാഥാർഥ്യങ്ങൾ അവരുടെ ട്രെയ്ൽബ്ലേസർ( trailblazer ) എന്ന ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. പരമ്പരാഗത ചികിത്സാസമ്പ്രദായത്തിൽ വിശ്വസിച്ചിരുന്ന ജനങ്ങൾ ആശുപത്രികളെ സംശദൃഷ്ടിയോടെയാണ് നോക്കിയിരുന്നത്. വീടുവീടാന്തരം കയറിയിറങ്ങി ഹൃദയത്തിന്റെ 
ഭാഷയിൽ ജനങ്ങളോട് സംസാരിച്ചാണ് അവരുടെ വിശ്വാസം നേടിയത്. ആദ്യത്തെ കുഞ്ഞ് അമ്മയുടെ സ്വന്തം വീട്ടിലായിരിക്കണം പിറക്കേണ്ടത് എന്ന പരമ്പരാഗത വിശ്വാസം പലപ്പോഴും അമ്മയുടെയും കുഞ്ഞിൻെറയും ജീവൻ അപകടത്തിലാക്കി. ഒരു വൈദ്യുത വിളക്കുപോലും ലഭ്യമല്ലാതിരുന്ന ആശുപത്രിയിൽ ഹരിക്കയിൻ വിളക്കിന്റെ വെളിച്ചത്തിൽ നടത്തിയിരുന്ന സർജറിയെപ്പറ്റി അവർ എഴുതിയിട്ടുണ്ട്. പലപ്പോഴും വിളക്കുവെട്ടം സമ്മാനിച്ച സ്വന്തം നിഴലുകൾ ഈ സർജറിക്കിടയിൽ വഴിമുടക്കി പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ടായിരുന്നെന്ന് അവർ പറയുന്നു. 

രണ്ടു വർഷത്തിനുശേഷം ഒരു വക്കീലായ KK ലൂക്കോസുമായുള്ള വിവാഹം നടന്നു. തന്നെക്കാൾ പ്രായം കുറഞ്ഞ ഒരാളെ വിവാഹം ചെയ്‌ത് സമൂഹത്തിലെ യാഥാസ്ഥിക കാഴ്ചപ്പാടുകൾക്കെതിരെ സ്വജീവിതത്തിലൂടെയും അവർ പ്രതികരിച്ചു. 

പ്രസവ മരണങ്ങൾ ധാരാളമായി നടന്നിരുന്ന സമൂഹത്തിൽ അവർ മിഡ്‌വൈഫറി പരിശീലന ക്ലാസുകൾ ആരംഭിച്ചു. മൂന്ന് വർഷത്തിനകം കേരളത്തിലെ പ്രസവങ്ങളുടെ പത്തു ശതമാനം അപരിഷ്കൃതമായ ഗ്രാമീണ മേഖലയിൽപ്പോലും മതിയായ യോഗ്യതയുള്ള മിഡ് വൈഫുകൾ കൈകര്യം ചെയ്യാൻ ആരംഭിച്ചു. 

1929 ഓടെ തിരുവതാംകൂറിലെ 50 ലക്ഷം ജനങ്ങളിൽ 16 ലക്ഷത്തിനും ആധുനിക മെഡിസിൻ കരഗതമായി. ആരോഗ്യരംഗത്ത് അവളുടെ നേതൃത്വത്തിൽ ഉണ്ടായ ഈ പുരോഗതി ഇന്ത്യയിലെങ്ങും മാതൃകയും പ്രചോദനവുമായി. 

ശ്രീമൂലം തിരുന്നാൾ രാജാവിന്റെ മരണശേഷം സ്ഥാനാരോഹണം ചെയ്ത മഹാറാണി സേതു ലക്ഷ്മിഭായിയുടെ കാലത്താണ് അവർ ഉയർച്ചയുടെ പടവുകൾ താണ്ടിതുടങ്ങിയത്. രാജ്ഞി അവരെ മെഡിക്കൽ ഡിപ്പാർട്മെന്റിന്റെ മേധാവിയാക്കി. 
സ്ത്രീകളുടെ ഉന്നമനത്തിന് രാജ്ഞിക്കുണ്ടായിരുന്ന പ്രതിബദ്ധതയും, ഡോക്ടർ മേരിയുടെ പ്രതിഭയും ഒന്നിച്ചപ്പോൾ കേരളത്തിൽ ആധുനിക ചികിത്സയുടെ നവ വസന്തം പിറന്നു. 1976 ൽ 90 -ാം വയസ്സിൽ സംഭവബഹുലമായ ആ ജീവിതത്തിന് തിരശ്ശീല വീണു. 

ഡോക്ടർ മേരി പുന്നൻ ലൂക്കോസിന്റെ ചില നേട്ടങ്ങൾ 

നാഗർകോവിലിലെ ക്ഷയരോഗ ആശുപത്രി ഡോക്ടർ മേരിയാണ് സ്ഥാപിച്ചത്. ഇത് പിന്നീട് കന്യാകുമാരി മെഡിക്കൽ കോളേജ് ആയി. 

തിരുവനന്തപുരത്ത്‌ എക്സ്റേ ആൻഡ് റേഡിയം ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചു 

ആരോഗ്യരംഗത്തു മാത്രമല്ല പൊതുരംഗത്തും അവർ വ്യക്തിമുദ്ര പതിച്ചിട്ടുണ്ട്. YWCA യുടെ തിരുവനന്തപുരം ചാപ്റ്ററിന്റെ സ്ഥാപക പ്രസിഡന്റ്‌ അവരായിരുന്നു. 

ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളാണ്. 

1920ൽ കേരളത്തിലെ ആദത്തെ സിസേറിയൻ സർജറി ചെയ്‌ത് അവർ ചരിത്രം സൃഷ്ടിച്ചു. 

1922 ൽ അവരെ തിരുവതാംകൂർ നിയമസഭയിലേക്ക് (ശ്രീമൂലം പ്രജാസഭ ) നാമനിർദ്ദേശം ചെയ്യപ്പെട്ടു. നിയമസഭയിൽ എത്തിയ ആദ്യത്തെ വനിത സാമാജികയാണവർ. 

1924 ൽ തിരുവിതാംകൂറിന്റെ സർജൻ ജനറൽ ആയി അവർ നിയമിക്കപ്പെട്ടു. ഇന്നത്തെ ആരോഗ്യമന്ത്രിയുടെ സ്ഥാനം. 

1938ൽ ഇന്ത്യയുടെ സർജൻ ജനറൽ ആയി നിയമിക്കപ്പെട്ടപ്പോൾ ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ സർജൻ ജനറൽ ആയി അവർ. 

ഡോക്ടർ മേരിയാണ് കേരളത്തിലെ ആദ്യത്തെ വനിതാ സർജൻ. 

യൂണിവേഴ്സിറ്റി കോളേജിലെ ആദ്യത്തെ വനിതാ വിദ്യാർഥി 

മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദമെടുത്ത ആദ്യത്തെ വനിത 

തിരുവതാംകൂർ നിയമസഭയിലേക്ക് 1922 ൽ നാമനിർദ്ദേശം ചെയ്യപ്പെട്ട് നിയമസഭയിൽ എത്തിയ ആദ്യത്തെ വനിത സാമാജിക. 

ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് ആദ്യമായി മെഡിക്കൽ ബിരുദം എടുത്ത വനിത 

ഇന്ത്യയിലെ ആദ്യത്തെ സർജൻ ജനറൽ. 

ലോകത്തിലെ ആദ്യത്തെ വനിത സർജൻ ജനറൽ. 

അവസാനത്തെ തിരുവതാംകൂർ രാജാവ് ചിത്തിര തിരുനാൾ ബാലരാമവർമ്മ അവർക്ക് 'വൈദ്യശാസ്ത്രകുശല' അവാർഡ് സമ്മാനിച്ചു. 

.1975 ൽ വൈദ്യശാസ്ത്ര മേഖലക്ക് നൽകിയ സേവനങ്ങളെ പുരസ്‌ക്കരിച്ച് ഡോക്ടർ മേരിക്ക് പദ്മശ്രീ അവാർഡ് സമ്മാനിക്കപ്പെട്ടു. 

1976 ൽ 90 വയസ്സിലാണ് മേരി മരണപ്പെട്ടത്. 
ഇത്രയധികം റെക്കോർഡ് ഉടമയായ ഒരു സ്ത്രീരത്നം നമ്മുടെ നാട്ടുകാരിയായിരുന്നു എന്നത് തികച്ചും അഭിമാനകരമായ സംഗതിയാണ് എന്നതിൽ സംശയമില്ല....
NB :മേരി പുന്നൻ ലൂക്കോസിൻ്റെ പഴയകാല അപൂർവ്വ ചിത്രങ്ങൾ കമൻ്റ് ബോക്സിൽ 👇

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ