2023, ജൂലൈ 4, ചൊവ്വാഴ്ച

നീതികിട്ടാതെ പൊലിഞ്ഞ സ്റ്റാൻ സ്വാമി

നമ്മെയെല്ലാം നടുക്കിയും വേദനിപ്പിച്ചും ഫാ. സ്റ്റാൻ സ്വാമി കടന്നു പോയിട്ട്‌ ബുധനാഴ്‌ച രണ്ടുവർഷം തികയുന്നു.  ആദിവാസികൾ അടക്കമുള്ള നിസ്വജനവിഭാഗത്തിനായി ജീവിതം സമർപ്പിച്ച ഈ ജസ്യൂട്ട്‌ വൈദികൻ അമിതാധികാരപ്രയോഗ വാഴ്‌ചയുടെ ഇരയായി മാറുകയായിരുന്നു. പുണെ  ഭീമ കൊറേഗാവ്‌ കേസിൽപ്പെടുത്തി ജാർഖണ്ഡിലെ റാഞ്ചി ആശ്രമത്തിൽ നിന്ന്‌ കോവിഡ്‌ കാലത്ത്‌ എൻഐഎ അറസ്റ്റു ചെയ്‌തു കൊണ്ടു പോയ എൺപത്തിനാലുകാരൻ മതിയായ ചികിത്സയോ പരിചരണമോ കിട്ടാതെ ഒമ്പതു മാസം മഹാരാഷ്‌ട്ര തലോജ ജയിലിൽ കഴിഞ്ഞു. ഗുരുതര പാർക്കിസൻസ്‌ രോഗം ബാധിച്ചിരുന്ന ഫാ. സ്റ്റാൻ സ്വാമിക്ക്‌ ദ്രാവകരൂപത്തിൽ ഭക്ഷണം കഴിക്കാനുള്ള സിപ്പർ പോലും നിഷേധിക്കപ്പെട്ടു. 50 ദിവസത്തെ നിയമയുദ്ധത്തിനു ശേഷമാണ്‌ സിപ്പർ ലഭ്യമാക്കണമെന്ന കോടതി വിധി ജയിൽ അധികൃതർ അംഗീകരിച്ചത്‌.  ഒടുവിൽ കോവിഡ്‌ ബാധിച്ച്‌  ആരോഗ്യനില അങ്ങേയറ്റം വഷളായപ്പോഴും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല.  കോടതിയിൽ  15 ദിവസം നീണ്ട വാദപ്രതിവാദങ്ങൾക്കു ശേഷം  സ്വകാര്യ ആശുപത്രിയിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ ചികിത്സയിലിരിക്കെ 2021 ജൂലൈ അഞ്ചിന്‌ അദ്ദേഹം അന്ത്യശ്വാസം വലിച്ചു. ഫാ. സ്റ്റാൻ സ്വാമിയുടെ മരണത്തെ കസ്റ്റഡിക്കൊലപാതകം എന്നാണ്‌ രാജ്യാന്തര  മനുഷ്യാവകാശ ഏജൻസികൾ വിലയിരുത്തിയത്‌.

സാമൂഹ്യശാസ്‌ത്രത്തിൽ രാജ്യത്തെയും വിദേശത്തെയും സർവകലാശാലകളിൽനിന്ന്‌ ഉന്നത ബിരുദങ്ങൾ നേടിയ ഫാ. സ്റ്റാൻസിലാവൂസ്‌ ലൂർദ്‌സ്വാമി എന്ന ഫാ. സ്റ്റാൻ സ്വാമി ജനനത്താൽ  തമിഴ്‌നാട്ടുകാരൻ ആയിരുന്നു. സർവകലാശാല അധ്യാപകവൃത്തി വിട്ടാണ്‌ ജാർഖണ്ഡിൽ എത്തി ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചത്‌. ആദിവാസികൾ അനുഭവിക്കുന്ന കൊടും ചൂഷണത്തെ കുറിച്ച്‌ പഠിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന പല സത്യങ്ങളും അദ്ദേഹം മനസ്സിലാക്കി. ഖനനമേഖലയിലെ കോർപറേറ്റുകളുടെ അന്യായ നടപടികളെ എതിർക്കുന്ന ആദിവാസികളെ കള്ളക്കേസുകളിൽ കുടുക്കുന്നതിനെതിരെ ഫാ. സ്റ്റാൻ സ്വാമി നിയമവഴിയിൽ നീങ്ങി. നൂറോളം കേസിൽ,  പ്രതികളാക്കപ്പെട്ട ആദിവാസി യുവാക്കളുടെ നിരപരാധിത്വം തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആദിവാസികൾക്ക്‌ അവകാശപ്പെട്ട ഭൂമി തട്ടിയെടുക്കാൻ സർക്കാർ പിന്തുണയോടെ ഖനിമാഫിയ നടത്തിയ  ശ്രമങ്ങളും  പുറത്തു കൊണ്ടു വന്നു. ഈ വിഷയത്തിൽ സമൂഹമാധ്യമത്തിൽ നടത്തിയ പ്രതികരണത്തിന്റെ പേരിൽ ജാർഖണ്ഡിലെ മുൻ ബിജെപി സർക്കാർ ഫാ. സ്റ്റാൻ സ്വാമിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. ‘ഗോരക്ഷ’ സംഘങ്ങൾ നടത്തുന്ന ആക്രമണങ്ങളിൽ അദ്ദേഹം ഇരകളുടെ ഭാഗത്തു നിന്നു. ഇതോടെ കോർപറേറ്റുകളുടെയും ബിജെപി നേതൃത്വത്തിന്റെയും കണ്ണിലെ കരടായി മാറിയ ഫാ. സ്റ്റാൻ സ്വാമിയെ ആസൂത്രിതമായി കേസിൽ കുടുക്കി.


ഭീമ കൊറേഗാവിൽ  കലാപമുണ്ടാക്കാൻ ശ്രമിച്ചെന്ന്‌ ആരോപിച്ച്‌ 2018 ജനുവരിയിൽ മഹാരാഷ്‌ട്രയിലെ അന്നത്തെ ബിജെപി സർക്കാർ എടുത്ത കേസിൽ പ്രതികളാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 16  മനുഷ്യാവകാശ പ്രവർത്തകരെയും ധൈഷണികരെയും അറസ്റ്റു ചെയ്യുകയുണ്ടായി. ഫാ. സ്റ്റാൻ സ്വാമിക്ക്‌  ഈ കേസിൽ ബന്ധമുണ്ടെന്നതിന്റെ തെളിവുകൾ അദ്ദേഹത്തിന്റെ ലാപ്‌ടോപ്പിൽ നിന്ന്‌ കിട്ടിയെന്നാണ്‌ എൻഐഎ അവകാശപ്പെട്ടത്‌. റാഞ്ചിയിലെ ആശ്രമത്തിൽ എൻഐഎ സംഘം റെയ്‌ഡ്‌ നടത്തിയിരുന്നു. എന്നാൽ, ഈ  തെളിവുകൾ അദ്ദേഹത്തിന്റെ ലാപ്‌ടോപ് ഹാക്ക്‌ ചെയ്‌ത്‌ തിരുകിക്കയറ്റിയതാണെന്ന്‌ അമേരിക്കയിലെ ഡിജിറ്റൽ ഫോറൻസിക്‌ സ്ഥാപനം ആഴ്‌സണൽ കൺസൾട്ടിങ്‌ പിന്നീട്‌ കണ്ടെത്തി. 2017നും 2019നും ഇടയിലാണ്‌ ഇത്തരത്തിൽ നാൽപ്പതോളം ഡിജിറ്റൽ ഫയലുകൾ ഫാ. സ്റ്റാൻ സ്വാമിയുടെ ലാപ്‌ടോപ്പിൽ നിക്ഷേപിക്കപ്പെട്ടത്‌. ഭീമ കൊറേഗാവ്‌ കേസിൽ പ്രതി ചേർക്കപ്പെട്ട മലയാളി സാമൂഹ്യ പ്രവർത്തകൻ റോണ വിൽസൺ, അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്‌ എന്നിവരുടെ കംപ്യൂട്ടറുകളിലും ഹാക്കിങ്‌ വഴി കൃത്രിമത്തെളിവുകൾ നിക്ഷേപിച്ചെന്ന്‌ ആഴ്‌സണൽ കൺസൾട്ടിങ്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇവർ മൂന്നുപേരും ഒരേ കേന്ദ്രത്തിൽ നിന്നുള്ള ആക്രമണത്തിനാണ്‌ വിധേയരായതെന്ന്‌ ആഴ്‌സണൽ റിപ്പോർട്ടിൽ പറഞ്ഞു.

ഇവർക്കു പുറമെ തെലുഗു കവി വരവര റാവു, മനുഷ്യാവകാശ പ്രവർത്തകരും ദളിത്‌ ചിന്തകരുമായ ഡോ. ആനന്ദ്‌ തെൽതുംബ്‌ഡെ, സുധീർ ധാവ്‌ലെ, സാമൂഹ്യ പ്രവർത്തകരായ മഹേഷ്‌ റാവത്ത്‌, ഗൗതം നവ്‌ലഖ, വെർണൻ ഗൊൺസാലസ്‌,  അരുൺ ഫെരേര, സുധ ഭരദ്വാജ്‌, പ്രൊഫ. ഹനി ബാബു, പ്രൊഫ. ഷോമ സെൻ, കലാകാരന്മാരായ സാഗർ ഗോർഖെ, ജ്യോതി ജഗ്‌തപ്, ‌ രമേശ്‌ ഗെയ്‌ച്ചൂർ എന്നിവരാണ്‌ ഈ കേസിൽ അറസ്റ്റിലായ മറ്റുള്ളവർ. എൺപത്തൊന്നുകാരനായ  വരവര റാവുവിനും ചികിത്സാർഥം ജാമ്യം ലഭിക്കാൻ ദീർഘമായ നിയമപോരാട്ടം നടത്തേണ്ടി വന്നു.
മരണാനന്തരം ഫാ. സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ പരിഗണിച്ച ബോംബെ ഹൈക്കോടതി അദ്ദേഹത്തിന്റെ സേവനങ്ങളെ പ്രകീർത്തിച്ചു. നീതി കിട്ടാതെ ഫാ. സ്റ്റാൻ സ്വാമി ഏകാധിപത്യ വാഴ്‌ചയിലെ വേട്ടയ്‌ക്ക്‌ ഇരയായപ്പോൾ മൗനം പാലിച്ചവരുണ്ട്‌.  സ്വന്തം കാര്യം നോക്കാൻ അറിയാത്തതിന്റെ കുഴപ്പമാണെന്ന്‌ വിധിക്കുകയും ചെയ്‌തു. ഇപ്പോൾ  മണിപ്പുർ കലാപം ഇവരിൽ പലരുടെയും കണ്ണ്‌ തുറക്കാൻ ഇടയാക്കിയിട്ടുണ്ട്‌


Read more: https://www.deshabhimani.com/articles/bhima-koregaon-case-stan-swamy/1102021



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ