മെയ്‌ത്തീ കുക്കി ‘നിയന്ത്രണ’രേഖയിലെ വളന്റിയർ പരിശീലനക്യാമ്പിൽനിന്ന് മടങ്ങുമ്പോൾ ഇരുട്ട് വീണുതുടങ്ങി. മൊയ്‌റാങ്–- ചുരാചന്ദ്‌പ്പുർ റോഡിലൂടെ യുദ്ധമേഖലയിലേക്കാണ് വളന്റിയർ സേനാംഗമായ ജൊതിൻ നയിച്ചത്. സംഘർഷമേഖലയിലൂടെയുള്ള രാത്രിയാത്ര അപകടം നിറഞ്ഞതാണ്. വേഗത്തിൽ നീങ്ങിയ വാഹനം പെട്ടെന്ന് ബ്രേക്കിട്ടു. മണൽചാക്കുകളാലും കല്ലുകളാലും റോഡിന്റെ ഒരുവശം അടച്ചിരിക്കുന്നു. കഴിഞ്ഞയാഴ്‌ച കാർബോംബ് പൊട്ടിയത് ഇവിടെയെന്ന് ഡ്രൈവർ പറഞ്ഞു. ചെറിയ കോൺക്രീറ്റ്‌പാലം സ്‌ഫോടനത്തിൽ തകർക്കാനായിരുന്നു ശ്രമം. കാർബോംബ് പൊട്ടിയ ഇടത്ത് രൂപപ്പെട്ട കുഴിയിൽ പാലത്തിന്റെ കമ്പികൾ തള്ളിനിൽക്കുന്നു.
സ്‌ഫോടനസ്ഥലത്തുനിന്ന് അൽപ്പം മാറി ബിഎസ്‌എഫ് താവളമുണ്ട്. പ്രത്യേകാനുമതി വാങ്ങി ബിഎസ്‌എഫ് ബങ്കറുകൾ കണ്ടു. ഏറ്റുമുട്ടുന്ന ഇരുവിഭാഗങ്ങളിൽ ഒന്നിന്റെ ബങ്കറുകൾ 150 മീറ്റർ അകലെയായുണ്ട്. അവിടെ സായുധധാരികൾ നിലയുറപ്പിച്ചിരിക്കുന്നത് ബൈനോക്കുലറിലൂടെ കാണാം. ഈ സംഘം ദിവസങ്ങൾക്കുമുമ്പ് മേഖലയിൽ വലിയ നാശം വരുത്തുകയും ഒരു പൊലീസ് കമാൻഡോ അടക്കം രണ്ടുപേരെ കൊലപ്പെടുത്തുകയും ചെയ്‌തിരുന്നു. ബിഎസ്‌എഫ് ക്യാമ്പിനു തൊട്ടുപിന്നിലായി അവരുടെ ബങ്കറുകൾ ഇപ്പോഴും തുടരുകയാണ്. വെള്ളക്കൊടിയുമായി ഒരു സംഘം ബിഎസ്‌എഫുകാർ ആ ബങ്കറുകൾക്കു മുന്നിലൂടെ നടന്നുനീങ്ങി. ആയുധമെടുത്ത് നിൽക്കുന്ന ഒരു കൂട്ടത്തോട് വെടിവയ്‌ക്കരുതെന്ന അഭ്യർഥനയുമായി കേന്ദ്രസേന നടന്നുനീങ്ങുന്ന ദയനീയ കാഴ്‌ച.
ജൊതിൻ മറ്റൊരു ‘അതിർത്തി’ഗ്രാമത്തിലേക്ക് നയിച്ചു. ഇരുട്ടിൽ പരന്നുകിടക്കുന്ന നെൽപ്പാടം. അകലെ കണ്ട വെളിച്ചം ചൂണ്ടി ജൊതിൻ പറഞ്ഞു–- ‘ഇത് അവരുടെ ബങ്കറാണ്. നമ്മുടെ ബങ്കർ അപ്പുറത്തുണ്ട്’. ചെളിയിൽ തെന്നുന്ന പാടവരമ്പിലൂടെ നേരിയ മൊബൈൽ വെളിച്ചത്തിൽ ജൊതിന്റെ ബങ്കറിലേക്ക് പ്രയാസപ്പെട്ട് നടക്കുമ്പോൾ അകലെയായി വെടിയൊച്ച കേട്ടു. വേഗത്തിൽ നടന്ന് ബങ്കറിലെത്തി. തൂണുകളായി നാട്ടിയ മുളങ്കുറ്റികൾക്കുമേൽ ടാർപോളിനും ടിൻഷീറ്റും പാകിയിട്ടുണ്ട്. ഉള്ളിലേക്ക് നൂഴ്‌ന്നുകയറണം. സംരക്ഷണമൊരുക്കാൻ മുന്നിൽ മണൽചാക്കുകൾ. ആയുധധാരിയായ വളന്റിയറും പൊലീസ് കമാൻഡോയും ബങ്കറിലുണ്ട്. വീണ്ടും വെടിയൊച്ചകൾ ഉയർന്നതോടെ ബങ്കറിലുള്ളവർ ജാഗ്രത്തായി. മടങ്ങാമെന്ന് ജൊതിൻ അറിയിച്ചു.
പാടവരമ്പിലൂടെ മടങ്ങുമ്പോൾ ഏതുനിമിഷവും വെടിയേൽക്കാമെന്ന ആശങ്ക മനസ്സിൽ നിറഞ്ഞു. പാടത്തെ റോഡുമായി ബന്ധിപ്പിക്കുന്ന മുളകളാൽ തീർത്ത പാലംകടന്ന് സുരക്ഷിതയിടം പിടിച്ചപ്പോൾ ആശ്വാസമായി. മറ്റൊരു ബങ്കർകൂടി രാത്രിയിൽ സന്ദർശിച്ചു. അവിടെ ആറ്–- ഏഴ് വളന്റിയർമാരാണ് ആയുധങ്ങളുമായി കാവലിന്. ബങ്കറിൽ കണ്ട ഇനാവു സിങ് കർഷകനാണ്. പകൽ കൃഷിപ്പണിയും രാത്രി ബങ്കർ ഡ്യൂട്ടിയും.
ചുരചന്ദ്‌പ്പുർ–- ബിഷ്‌ണുപ്പുർ ജില്ലാ അതിർത്തി നിലവിൽ ഇന്തോ–- പാക് നിയന്ത്രണരേഖപോലെ കലുഷിതമാണ്. മെയ്‌ത്തീ–- കുക്കി മനസ്സുകൾ രണ്ടു ശത്രുരാജ്യങ്ങളായി വേർപെട്ടു. ഭരണവാഴ്‌ച ഇവിടെ കാണാനേയില്ല. ജൊതിനോട് നന്ദി പറഞ്ഞ് മടങ്ങുമ്പോൾ അർധരാത്രിയോടടുത്തു
Read more: https://www.deshabhimani.com/news/national/manippur-live-deshabhimani-report/1103744
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ