2026 മാർച്ച് 11, ബുധനാഴ്‌ച

വലിയ നോയമ്പിലെ നാലാം ബുധനാഴ്ച - പ്രഭാത പ്രസംഗം – Mid Lent

മിശിഹായിൽ പ്രിയപ്പെട്ടവരേ,

ദൈവത്തിന്റെ സമാധാനവും ശാന്തിയും നിങ്ങളെല്ലാവരോടും കൂടെയിരിക്കട്ടെ.

വലിയ നോയമ്പിലെ ഈ നാലാം ബുധനാഴ്ച, ഓരോ വരിയും നമ്മെ ഒന്ന് നിൽക്കാനും, ഭയപ്പെടാനും, ആരാധിക്കാനും ക്ഷണിക്കുന്നത്ര സമ്പന്നമായ ഒരു സുവിശേഷ വായനയാണ് വിശുദ്ധ സഭ നമുക്ക് നൽകുന്നത്. ലളിതമായ ഒരു രംഗത്തോടെയാണ് ഇത് ആരംഭിക്കുന്നത്: പെരുന്നാളിന്റെ മധ്യത്തിൽ, നമ്മുടെ കർത്താവായ യേശുക്രിസ്തു ദൈവാലയത്തിൽ കയറി പഠിപ്പിക്കുന്നു. ജനങ്ങൾ ആശ്ചര്യപ്പെട്ടു കൊണ്ട് ചോദിക്കുന്നു: "പഠിക്കാതെ ഇവന് ഇതെങ്ങനെ അറിയാം?" അവർ ലോകത്തിന്റെ കണ്ണുകളിലൂടെയാണ് — ബിരുദങ്ങൾ, സ്ഥാപനങ്ങൾ, യോഗ്യതകൾ എന്നിവയിലൂടെയാണ് — അവനെ നോക്കിക്കണ്ടത്. എന്നാൽ ക്രിസ്തുവിന്റെ അധികാരം മനുഷ്യ നിർമ്മിതമായ ക്ലാസ് മുറികളിൽ നിന്നല്ല വരുന്നത്. അവൻ വചനത്തിന്റെ വെറുമൊരു വിദ്യാർത്ഥിയല്ല — അവൻ തന്നെയാണ് വചനം. തിരുവെഴുത്തുകൾ എഴുതിയവനായും, അത് നിവർത്തിക്കുന്നവനായും, അത് ജീവിക്കുന്നവനായും ഉള്ള ഒരാളെ പോലെ ആണ് അവൻ അത് സംസാരിക്കുന്നത്. ഇതാ, നോയമ്പിലെ ആദ്യത്തെ ചിന്താവിഷയം: ദൈവത്തിന്റെ ഏറ്റവും ആഴമേറിയ സത്യങ്ങൾ അഹങ്കാരത്തിനും പ്രകടനപരതയ്ക്കും വഴങ്ങി കൊടുക്കില്ല; മറിച്ച് വിനയത്തോടും, ഭയത്തോടും, ആഗ്രഹത്തോടും  കൂടി അവന്റെ മുൻപിൽ നിൽക്കുന്നവർക്കാണ് അവ വെളിപ്പെടുന്നത്.

പിന്നീട് കർത്താവ് നമ്മെ ദൈവാലയത്തിനും മുകളിലേക്ക് കൊണ്ടു പോകുന്നു: "സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്നവനും സ്വർഗ്ഗത്തിൽ ഇരിക്കുന്നവനുമായ മനുഷ്യ പുത്രനല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറിയിട്ടില്ല." ഒറ്റ വാചകത്തിൽ അവൻ നമ്മുടെ രക്ഷയുടെ മുഴുവൻ രഹസ്യവും പ്രഖ്യാപിക്കുന്നു. മനുഷ്യരാശിക്ക് സ്വന്തം ശക്തി കൊണ്ട് സ്വർഗ്ഗത്തിലേക്ക് കയറാൻ കഴിയില്ലായിരുന്നു. യുക്തി-ചിന്തകൾ കൊണ്ടോ, സ്വയം മെച്ചപ്പെടുത്തലുകൾ കൊണ്ടോ നമുക്ക് മുകളിലേക്ക് വഴി കണ്ടെത്താൻ കഴിയില്ലായിരുന്നു. മരണത്തെയും നാശത്തെയും ജയിക്കാൻ നമുക്ക് കഴിയില്ലായിരുന്നു. അതു കൊണ്ട് സ്വർഗ്ഗം താഴേക്ക് വന്നു. പുത്രൻ ഇറങ്ങി വന്നു. ഇതാണ് മനുഷ്യാവതാരത്തിന്റെ ലക്ഷ്യം: സത്യദൈവം മനുഷ്യനായി തീർന്നു, അങ്ങനെ മനുഷ്യൻ ദൈവത്തിലേക്ക് ഉയർത്തപ്പെടേണ്ടതിനായി. ഇതൊരു കവിതയല്ല; ഇത് വീണ്ടെടുപ്പിന്റെ ചാലകശക്തി തന്നെയാണ്. നാം 
'കർത്താവേ പ്രഭയുടെ ഉദയത്തിൽ  ...' എന്ന ഗീതം പാടുമ്പോൾ, അതിലെ രണ്ടാമത്തെ  സ്റ്റാൻസ വെറുതെ മനോഹരമായ ഒന്നല്ല — അത് അടിസ്ഥാനപരമായ ഒന്നാണ്: 
നിർമ്മല സൂനുവിനെ അയച്ചവനാം 
ആ താതൻ സ്തുത്യൻ ശുദ്ധൻ 
നിമ്മലമാം ഉദരത്തിങ്കൽ താൻ 
ഇറങ്ങി വസിച്ചു വിശുദ്ധമായ് 
അവനോട് തുല്യം നാമാവാൻ 
നമ്മെപ്പോലെ അവനായി തിരുവിഷ്ടത്താൽ നരനായി 
നമ്മെ തൻ പിതൃ സുതരാക്കി 
റൂഹായോട് ബന്ധിച്ചീടാൻ.

നമ്മെ സ്വർഗ്ഗത്തിലെ ദൈവ മക്കളാക്കുവാൻ, അവൻ നമ്മിൽ ഒരുവനായി തീർന്നു. ഓർത്തഡോക്സ് വിശ്വാസം എന്നത് വെറുതെ "ശരിയായിരിക്കുക" എന്നതല്ല. ഓർത്തഡോക്സ് വിശ്വാസം എന്നത് ജീവനുള്ള ഈ അത്ഭുതത്തെ കൂറിച്ചാണ് നമ്മെ അവന്റെ ജീവനിലേക്ക് ഉയർത്താൻ ദൈവം നമ്മുടെ അവസ്ഥയിലേക്ക് കടന്നു വന്നതിനെ കുറിച്ച്.

ഇതിനെ കുറിച്ച് പറയുമ്പോൾ, പ്രിയപ്പെട്ടവരേ, എനിക്ക് ഒരു വ്യക്തിപരമായ സാക്ഷ്യം പറയാതിരിക്കാൻ വയ്യ. ഞാൻ സ്ഥാനാരോഹണം ചെയ്യപ്പെട്ടപ്പോൾ, എനിക്ക് നൽകപ്പെട്ട പേരിന്റെ ഭാരം ഞാൻ പൂർണ്ണമായി മനസ്സിലാക്കിയിരുന്നില്ല. പിന്നീട്, അലക്സാണ്ട്രിയയിലെ വലിയ പാത്രിയർക്കീസായ അലക്സാണ്ട്രിയോസിനെ കുറിച്ച് അറിഞ്ഞപ്പോൾ, എന്റെ ഹൃദയം വിറച്ചു പോയി. സത്യത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു ഇടയനായിരുന്നു അദ്ദേഹം. വിലമതിക്കാനാവാത്ത ഒരു നിധിയെ തന്റെ ശെമ്മാശനും, ശിഷ്യനും, പിൻഗാമിയുമായ മോർ അത്താനാസിയോസിനെ അദ്ദേഹം സഭയ്ക്ക് സമ്മാനിച്ചു. ആ അത്താനാസിയോസ് അറിയൂസിനെ എതിരെ ഒരു തൂണു പോലെ നില കൊണ്ടു. പുത്രൻ ഹോമോവുസിയോസ് (homoousios) ആണെന്ന് അതായത് പിതാവിനോട് ഏകസത്തയാണെന്ന്  ഉറപ്പിക്കുന്നതിൽ ദൈവകൃപയാൽ അദ്ദേഹം സഹായിച്ചു. അങ്ങനെ ക്രിസ്തുമതം കേവലം ഒരു ധാർമ്മിക വ്യവസ്ഥയായി ചുരുങ്ങിപ്പോകാതെ, അത് യഥാർത്ഥത്തിൽ എന്താണോ അതായി  തന്നെ ജീവനുള്ള ദൈവത്തിന്റെ വെളിപ്പാടായി നിലനിൽക്കുന്നു. നമുക്ക് പൈതൃകമായി ലഭിച്ച പേരുകൾക്ക് പിന്നിലെ ജീവിതങ്ങളെ കുറിച്ച് പഠിക്കാൻ തുടങ്ങിയാൽ, പിന്നെ ലാഘവത്തോടെ ഇരിക്കാൻ കഴിയില്ല. ലൗകികമായ രീതിയിൽ നിങ്ങൾക്ക് അഹങ്കരിക്കാൻ കഴിയില്ല മറിച്ച് വിശുദ്ധമായ രീതിയിൽ നിങ്ങൾ ഭയപ്പെടുന്നു. കാരണം സഭയിലെ പേരുകൾ അലങ്കാരങ്ങളല്ല; അവ കിരീടങ്ങളാണെന്ന് നിങ്ങൾ തിരിച്ചറിയുന്നു.

അലക്സാണ്ട്രിയയിലെ ആ പാത്രിയർക്കീസായ മോർ അത്താനാസിയോസ്, ഓരോ ക്രിസ്ത്യാനിയും ഒരിക്കലെങ്കിലും രുചിച്ചു നോക്കേണ്ട ഒരു പുസ്തകം എഴുതിയിട്ടുണ്ട്: 'വചനത്തിന്റെ മനുഷ്യാവതാരം' (On the Incarnation of the Word). അതിൽ അദ്ദേഹം സ്ഫടികതുല്യമായ വ്യക്തതയോടെ സംസാരിക്കുന്നു: മനുഷ്യാവതാരം എന്നത് ഒരു താൽക്കാലിക സന്ദർശനമല്ല; നമ്മുടെ പ്രകൃതത്തെ സൗഖ്യമാക്കാനും നമ്മുടെ വിധി (destiny) പുനഃസ്ഥാപിക്കാനും ഉള്ള ദൈവത്തിന്റെ നിർണ്ണായകമായ പ്രവർത്തിയാണത്. നമ്മുടെ സഭയുടെ ക്രിസ്തുശാസ്ത്രപരമായ വിശ്വാസം വേരൂന്നിയിരിക്കുന്നത് ഈ മനുഷ്യാവതാര ദൈവശാസ്ത്രത്തിലാണ്. വചനം സത്യമായും ജഡമായി തീർന്നു  കാഴ്ചയിലല്ല, പ്രതീകാത്മകമായല്ല മറിച്ച് താൻ സ്വീകരിച്ചതിനെ സത്യമായും സൗഖ്യമാക്കാനും, തന്നോട് ചേർത്തതിനെ സത്യമായും ഉയിർപ്പിക്കാനും വേണ്ടി തന്നെ. ആശയങ്ങൾ കൊണ്ടല്ല നാം രക്ഷിക്കപ്പെടുന്നത്. ഒന്നാകലിനാലാണ് — ദൈവമനുഷ്യനായ യേശു ക്രിസ്തുവിലൂടെ ദൈവത്തിന്റെ ജീവനിൽ പങ്കുചേരുന്നതിലൂടെയാണ് നാം രക്ഷിക്കപ്പെടുന്നത്.

സുവിശേഷം പിന്നീട് രണ്ടാമതൊരു ചിത്രം നമുക്ക് നൽകുന്നു, അത് കുറച്ചു കാണാതെ അതിലേക്ക് ഉറ്റുനോക്കാൻ സഭ ആഗ്രഹിക്കുന്നു: "മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതു പോലെ മനുഷ്യപുത്രനും ഉയർത്തപ്പെടേണ്ടതാകുന്നു." മരുഭൂമിയിൽ വെച്ച് ജനങ്ങൾക്ക് പാമ്പുകടിയേറ്റു; മരണം പടർന്നു പിടിച്ചു; കഷ്ടപ്പാടുകൾ യാഥാർത്ഥ്യമായിരുന്നു. അപ്പോൾ, ദയയുള്ള ദൈവം പ്രവർത്തിച്ചു. കഷ്ടപ്പാടുകളെ വിശദീകരിക്കാൻ മാത്രമല്ല, മറിച്ച് ആ സാഹചര്യം മാറ്റാനും ജനങ്ങളെ സുഖപ്പെടുത്താനും ദൈവം മോശെയ്ക്ക് ജ്ഞാനം നൽകി. പിത്തളസർപ്പം ഉയർത്തപ്പെട്ടപ്പോൾ, അത് നോക്കിയവർ സൗഖ്യം പ്രാപിച്ചു — പിത്തളയ്ക്ക് ശക്തിയുള്ളതു കൊണ്ടല്ല, മറിച്ച് മരിക്കുന്ന ഒരു പാളയത്തിലേക്ക് കരുണ പകരാൻ ദൈവം ഉയർത്തപ്പെട്ട ഒരു അടയാളത്തെ ഉപയോഗിച്ചതു കൊണ്ടാണ്. ഇപ്പോൾ ക്രിസ്തു പറയുന്നു: അത് ഒരു നിഴൽ മാത്രമായിരുന്നു. യഥാർത്ഥ ഉയർത്തൽ കുരിശാണ്. മരുഭൂമി താൽക്കാലികമായിരുന്നു; ഇപ്പോൾ ലോകം തന്നെയാണ് മരുഭൂമി. സർപ്പത്തിന്റെ കടി ശാരീരികമായിരുന്നു; പാപത്തിന്റെ വിഷം കൂടുതൽ ആഴത്തിലുള്ളതാണ്. അതുകൊണ്ട് പരിഹാരവും വലുതായിരിക്കണം: മനുഷ്യപുത്രൻ ഉയർത്തപ്പെടണം, അവനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്നെ.

പിന്നീട് വരുന്നത് കേവലം പ്രശസ്തമായ ഒരു വചനമല്ല അത് പ്രപഞ്ചത്തിന്റെ ഹൃദയമിടിപ്പാണ്: "തന്റെ ഏകജാതനായ പുത്രനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു..." പ്രിയപ്പെട്ടവരേ, സുവിശേഷം ആരംഭിക്കുന്നത് ശിക്ഷാവിധിയിലല്ല, സ്നേഹത്തിലാണ്. തള്ളിക്കളയലിലല്ല, നൽകലിലാണ്. പാപികളെ വേട്ടയാടുന്ന ഒരു കോപിയായ ന്യായാധിപനായിട്ടല്ല പിതാവ് പുത്രനെ അയച്ചത്; മരിക്കുന്ന മനുഷ്യരാശിക്ക് രക്ഷിക്കുന്ന ഒരു ദാനമായിട്ടാണ് അവൻ പുത്രനെ അയച്ചത്. അതുകൊണ്ട് നോയമ്പ് എന്നത് നിരാശയുടെ കാലമല്ല. മുറിവേറ്റവരാണ് നാമെന്ന് ഒടുവിൽ സമ്മതിക്കുന്ന, അങ്ങനെ വൈദ്യന് നമ്മളെ സുഖപ്പെടുത്താൻ കഴിയുന്ന കാലമാണിത്. "ദൈവം തന്റെ പുത്രനെ ലോകത്തിലേക്ക് അയച്ചത് ലോകത്തെ വിധിക്കാനല്ല, മറിച്ച് ലോകം അവനിലൂടെ രക്ഷിക്കപ്പെടാനാണ്." ഇതാണ് ഓർത്തഡോക്സ് ക്രിസ്തുമതം: സഭ എന്നത് ഇതിനോടകം വിധിക്കപ്പെട്ടവർക്കുള്ള കോടതി മുറിയല്ല; സഭ എന്നത് മരിക്കുന്നവർക്കുള്ള ആശുപത്രിയും, തളർന്നവർക്കുള്ള അഭയസ്ഥാനവും, വീണ്ടെടുപ്പിന്റെ ഭവനവുമാണ്.

എന്നാൽ അവ്യക്തമായി തുടരാൻ കർത്താവ് നമ്മെ അനുവദിക്കുന്നില്ല. എല്ലാ ഒഴികഴിവുകളെയും മുറിച്ചുകളയുന്ന ഒരു വര അവൻ വരയ്ക്കുന്നു: "വെളിച്ചം ലോകത്തിലേക്ക് വന്നു, എന്നാൽ മനുഷ്യർ വെളിച്ചത്തെക്കാൾ അധികം ഇരുട്ടിനെ സ്നേഹിച്ചു." ഇത് "പുറത്തുള്ള" നിരീശ്വരവാദികളെ കുറിച്ച് മാത്രമല്ല. ഇത് ഓരോ മനുഷ്യന്റെയും ഹൃദയത്തിലുള്ള ഒരു ആത്മീയ നിയമത്തെ കുറിച്ചാണ്. ഇരുട്ട് സുഖകരമാണ്, കാരണം അത് ഒളിപ്പിക്കുന്നു. വെളിച്ചം ആദ്യം വേദനിപ്പിക്കുന്നു, കാരണം അത് വെളിപ്പെടുത്തുന്നു. ഇതുകൊണ്ടാണ് വലിയ നോയമ്പ് ഇത്ര കരുണയുള്ളതും ഒപ്പം ഇത്ര കർക്കശവും ആയിരിക്കുന്നത്: സഭ വെളിച്ചം തെളിക്കുന്ന സമയമാണിത്. നമ്മളെ നാണം കെടുത്താനല്ല മറിച്ച് നമ്മെ രക്ഷിക്കാൻ. തിന്മ ചെയ്യുന്നവൻ വെളിച്ചത്തെ വെറുക്കുന്നു, കാരണം തിന്മ രഹസ്യമായി സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവയെ വെളിച്ചം തുറന്നു കാട്ടുന്നു. എന്നാൽ "സത്യം ചെയ്യുന്നവൻ വെളിച്ചത്തിലേക്ക് വരുന്നു, അവന്റെ പ്രവർത്തികൾ ദൈവത്തിൽ ചെയ്തതെന്ന് വെളിപ്പെടേണ്ടതിന് തന്നെ." ഇതാണ് മാനസാന്തരം: വെറുതെ ദുഃഖം തോന്നലല്ല, മറിച്ച് സ്വമേധയാ വെളിച്ചത്തിലേക്ക് ചുവടു വെക്കുന്നതും, വെളിപ്പെടുത്താനും വെടിപ്പാക്കാനും വീണ്ടും പണിയാനും ക്രിസ്തുവിനെ അനുവദിക്കുന്നതുമാണത്.

പ്രിയപ്പെട്ടവരേ, നാം നോയമ്പിന്റെ മധ്യദിനങ്ങളിലാണ്, ഇന്ന് നാം ഗാഗുൽത്തായെ മധ്യത്തിൽ സ്ഥാപിക്കുന്നു. ഇതൊരു അലങ്കാരമല്ല. ഇത് നമ്മുടെ യാത്രയിൽ സഭ നമ്മെ പിടിച്ചുനിർത്തി പറയുന്നതാണ്: നോക്കൂ. ഇതാ മനുഷ്യപുത്രന്റെ ഉയർത്തൽ. ഇതാ നിങ്ങളുടെ സൗഖ്യം. ഇതാ നിങ്ങളുടെ വിധി. നാം അവഗണിക്കാൻ പാടില്ലാത്ത മറ്റൊരു ചിന്ത കൂടിയുണ്ട്: ഗാഗുൽത്താ മധ്യത്തിൽ സ്ഥാപിക്കപ്പെടുമ്പോൾ, അത് നിങ്ങൾക്ക് പാരമ്പര്യമായി ലഭിച്ച പേരിനെ ഓർക്കാനുള്ള വിളി കൂടിയാണ് — ഒരു കിരീടം പോലെ നിങ്ങളുടെ മേൽ ഇരിക്കുന്ന ആ വിശുദ്ധന്റെയോ രക്തസാക്ഷിയുടെയോ പേര്. ഓർത്തഡോക്സ് സഭയിൽ, കിരീടങ്ങൾ ആദ്യമേ നൽകപ്പെടുന്നു — മാമോദീസയിലും, വിവാഹത്തിലും, ക്രിസ്തീയ ജീവിതത്തിന്റെ വ്യക്തിത്വത്തിൽത്തന്നെയും — അതിനുശേഷമാണ് ആ കിരീടത്തിന് യോഗ്യമായ ജീവിതം നാം ജീവിക്കുന്നത്. പേര് എന്നത് നിസ്സാരമായ ഒന്നല്ല; അതൊരു ഉത്തരവാദിത്തമാണ്. അതൊരു മാതൃകയാണ്. അതൊരു വിളിയാണ്. നിങ്ങൾ വളരേണ്ടതായ ഒരു വാഗ്ദാനമാണത്. നിങ്ങൾ ഒരു വിശുദ്ധന്റെ പേരാണ് സ്വീകരിച്ചതെങ്കിൽ, നിങ്ങളുടെ ജീവിതം സാവധാനം ആ വിശുദ്ധന്റെ ജീവിതത്തിന്റെ ഒരു പ്രതിധ്വനിയായി മാറണം. അങ്ങനെ നിത്യതയിൽ, അവരുടെ പേര് ധരിച്ച ഒരു അപരിചിതനായല്ല, മറിച്ച് അവരുടെ വഴി പഠിച്ച ഒരു മകനായി നിങ്ങൾക്ക് അവരുടെ കൂടെ നിൽക്കാൻ സാധിക്കും.

അതുകൊണ്ട് ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു  ബാലഹീനനായ എനിക്ക് വേണ്ടിയും ഞാൻ ഇത് അപേക്ഷിക്കുന്നു  പിതാക്കന്മാരുടെ പേരുകൾ വഹിക്കുന്ന ഓരോ മെത്രാപ്പോലീത്തമാർക്കും (bishops) വേണ്ടി പ്രാർത്ഥിക്കുക: ആ പേരുകൾക്കും, ആ കിരീടങ്ങൾക്കും, സുവിശേഷത്തിനും യോഗ്യരായി ജീവിക്കാൻ ഞങ്ങൾക്ക് സാധിക്കേണ്ടതിന്. അത്താനാസിയോസിനെ സമ്മാനിച്ച വലിയ അലക്സാണ്ട്രിയോസിനോട് ചേർന്നു നിൽക്കാൻ ഞാൻ കഠിനമായി പ്രയത്നിക്കണം. നിങ്ങളിൽ ഓരോരുത്തരും ഈ ആത്മീയ യാഥാർത്ഥ്യം തിരിച്ചറിയണം: നിങ്ങളുടെ പേര് ഒരു കിരീടമാണ്; നിങ്ങളുടെ വിശ്വാസം ഒരു വിളിയാണ്; നിങ്ങളുടെ ജീവിതം നിങ്ങളുടെ വഴിപാടാണ്. ഗാഗുൽത്താ മധ്യത്തിൽ കാണുമ്പോൾ ഓർക്കുക: നിങ്ങളെ സൗഖ്യമാക്കാനാണ് ക്രിസ്തു ഉയർത്തപ്പെട്ടത്, വെളിച്ചത്തിന്റെ മക്കളായി ജീവിക്കാൻ നിങ്ങളും ഇപ്പോൾ ഉയരേണ്ടതുണ്ട്.

ഇതാ അവസാനത്തെ അത്ഭുതം: മനുഷ്യാവതാരത്തിന്റെ ലക്ഷ്യം പാപമോചനം മാത്രമല്ല. അത് ഉയർച്ചയാണ്. അത് രൂപാന്തരമാണ്. അത് ദൈവമക്കളാകലാണ്. അത് പങ്കുചേരലാണ്. അവൻ മഹത്വത്തിൽ എന്തായിരിക്കുന്നുവോ അത്  കൃപയാൽ  നാം ആയിത്തീരുന്നതിന് വേണ്ടി ക്രിസ്തു നാം എന്താണോ അത് ആയിത്തീർന്നു. വിശുദ്ധ കുർബാനയിൽ, ഇതൊരു വിദൂരമായ സിദ്ധാന്തമല്ല. അത് ഇതിനോടകം നൽകപ്പെട്ടു കൊണ്ടിരിക്കുന്നു. നാം ദൈവീക ജീവനിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. നാം വിശുദ്ധമായ പങ്കുചേരലിലേക്ക് ക്ഷണിക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥത്തിൽ, നാം ഇതിനോടകം മുടിചൂടപ്പെട്ടവരാണ്  കാരണം ക്രിസ്തു നമ്മിൽ അവന്റെ പ്രവർത്തി ആരംഭിച്ചുകഴിഞ്ഞു.

അതുകൊണ്ട് നമുക്ക് വെളിച്ചത്തിലേക്ക് വരാം. നമുക്ക് ഇരുട്ടിനെ സ്നേഹിക്കാതിരിക്കാം. നമ്മുടെ മുറിവുകളെ നമുക്ക് ഒളിപ്പിക്കാതിരിക്കാം. നോയമ്പിനെ ഒരു പതിവ് ചടങ്ങായി കാണാതിരിക്കാം. ഉയർത്തപ്പെട്ട മനുഷ്യപുത്രനെ നമുക്ക് നോക്കാം, ലോകത്തിന്റെ ജീവനു വേണ്ടി തന്റെ ഏകജാതനായ പുത്രനെ നൽകിയ പിതാവിന്റെ സ്നേഹം നമുക്ക് സ്വീകരിക്കാം. നമ്മുടെ കിരീടങ്ങൾക്കും, നമ്മുടെ പേരുകൾക്കും, വിശുദ്ധർക്കും, നമ്മുടെ മധ്യത്തിൽ സ്ഥാപിച്ചിരിക്കുന്ന കുരിശിനും യോഗ്യരായി നമുക്ക് ജീവിക്കാം. നമ്മുടെ വാക്കുകളിലൂടെ മാത്രമല്ല, ക്രിസ്തുവിനാൽ പ്രകാശപൂരിതമായ ജീവിതങ്ങളിലൂടെ ലോകം നമ്മിലൂടെ ദൈവത്തിന്റെ മഹത്വം അനുഭവിക്കട്ടെ.

പിതാവാം ദൈവത്തിന്റെ സ്നേഹവും ഏകജാതനായ പുത്രന്റെ കൃപയും ജീവനുള്ള പരിശുദ്ധ റൂഹായുടെ സംബന്ധവും സഹവാസവും നിങ്ങളോടുകൂടെ ഉണ്ടായിരിക്കട്ടെ.
ആമേൻ.

https://www.facebook.com/share/p/14YM77Euycd/

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ