ജൂലായ് 12: മത മേധാവിത്വം തിരുവനന്തപുരം പാറ്റൂര്‍ പള്ളിയിലെ തെമ്മാടിക്കുഴി വിധിച്ച മേനാച്ചേരി പൗലോസ് പോള്‍ എന്ന എംപി പോളിൻറെ ഓർമ്മദിനം
ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യത്തിലും മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലും നവീന ഭാവുകത്വം സൃഷ്ടിച്ച സാഹിത്യ വിമര്‍ശകനാണ് എം.പി.പോള്‍. മലയാളിയുടെ സാഹിത്യ ജീവിതത്തെയും സാംസ്‌കാരിക ജീവിതത്തെയും നവീകരിച്ച പോളിന് പക്ഷെ തിരുവനന്തപുരം പാറ്റൂര്‍ പള്ളിയിലെ തെമ്മാടി കുഴിയില്‍ അന്ത്യവിശ്രമം കൊള്ളാനായിരുന്നു യോഗം, അതും 48-ാമത്തെ വയസ്സില്‍.
പളളിയേയും പട്ടക്കാരേയും അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ബിഷപ്പുമാര്‍ക്കേതിരെ കേസ് കൊടുക്കുകയും മറ്റും ചെയ്ത പോളിനോട് സഭയുടെ പ്രതികാര നടപടിയായിരുന്നു ആ തെമ്മാടിക്കുഴി. പക്ഷെ എം.പി. പോള്‍ വിമര്‍ശന സാഹിത്യ ചരിത്രത്തെ വിസ്മയിപ്പിച്ചു കൊണ്ട് ഇന്നും ആ തെമ്മാടിക്കുഴിക്ക് മുകളില്‍ അജയ്യനായി നിലകൊള്ളുന്നു.
തോമാശ്ലീഹാ ചതിച്ച ബ്രഹ്മദത്തൻ നമ്പൂതിരി- കേശവൻ നായർ പാരമ്പര്യത്തിൽ അഭിരമിക്കുന്ന ചില നസ്രാണികളിൽ നിന്നും വ്യത്യസ്തമായി നായരിസം കുട്ടിക്കളയല്ലെന്ന് ആദ്യം പറഞ്ഞയാൾ എംപി പോൾ ആയിരുന്നു. അതും നായന്മാരുടെ കേന്ദ്രമായ ചങ്ങനാശ്ശേരിയിൽ ജോലി ചെയ്യുമ്പോൾ.
സത്യം പറയാന്‍ ആരുടെയും മുഖം നോക്കേണ്ടതില്ലെന്ന് പോള്‍ ഉറച്ച് വിശ്വസിച്ചു. നിര്‍ഭയത്വം പോളിന്റെ മുഖമുദ്രയായിരുന്നു. അതു കൊണ്ടു തന്നെ സി.വി.രാമന്‍പിള്ളയുടെ മഞ്ചലെടുപ്പുകാരും, സ്തുതിപാഠകരുമായ തിരുവിതാംകൂറിലെ നായാന്മാരുടെ മുഖമടച്ചൊരു അടി കൊടുക്കാന്‍ എം.പി.പോളിന് രണ്ടാമതൊന്നും ആലോചിക്കേണ്ടി വന്നില്ല.
സി.വി.രാമന്‍പിള്ളയുടെ ചരിത്രനോവലായ ധര്‍മ്മരാജയെ കുറിച്ച് പോള്‍ ഇങ്ങനെ എഴുതി. ”ധര്‍മ്മരാജ ഗദ്യത്തിലുള്ള ഒരു നായര്‍ മഹാകാവ്യമാകുന്നു. എന്നു പറഞ്ഞാല്‍ അത് വിമര്‍ശകന്റെ വര്‍ഗ്ഗീയ മനസ്ഥിതി കൊണ്ടല്ല. നോവല്‍ കര്‍ത്താവിന്റെ വര്‍ഗ്ഗീയ മനസ്ഥിതി കൊണ്ടാണ്. തിരുവിതാംകൂര്‍ രാജ്യചരിത്രമാണ് ഈ കഥയിലെ പശ്ചാത്തലം. എന്നാല്‍ ഈ രാജ്യ ചരിത്രകഥയില്‍ സര്‍വ്വത്ര ഒരു വര്‍ഗ്ഗത്തിനാണ് പ്രാധാന്യം കല്‍പ്പിച്ചിരിക്കുന്നത്.”
തീര്‍ന്നില്ല പോള്‍ തുടര്‍ന്ന് ഇങ്ങനെ എഴുതുന്നു ”ഏതാനും നായര്‍ തറവാടുകളുടെ ചരിത്രമാണ് തിരുവിതാംകൂര്‍ ചരിത്രമെന്നു തോന്നും. അത് ചില നായര്‍ പ്രഭുക്കളുടെ ചരിത്രം മാത്രം. കൃഷി ചെയ്ത് പാടുപെട്ട് അന്നന്നു ജീവിച്ചിരുന്ന അനേക ലക്ഷം നായന്മാരെ പറ്റിയോ മറ്റുള്ളവരെ പറ്റിയോ ഗ്രന്ഥകാരന് ഒന്നും പറയാനില്ല. രാജസേവനം ജീവിതത്തിന്റെ പരമോദ്ദേശമായി കരുതി ഏതു വാണിജ്യാദി വ്യാപാരങ്ങളെക്കാളും അഭികാമ്യമായത് ഒരു മാസപ്പടി ഉദ്യോഗമാണെന്നുള്ള മൂഢപാരമ്പര്യത്തെ തിരുവിതാംകൂറില്‍ സൃഷ്ടിച്ച ചില ‘ഇത്തികണ്ണി’ പ്രഭുക്കളെയാണ് ഈ ഗ്രന്ഥത്തില്‍ ആരാധ്യപാത്രങ്ങളായി നമ്മുടെ മുമ്പില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. അടിയന്‍, അടിയന്‍ എന്നു പറഞ്ഞ് തിരുമുമ്പില്‍ ഓച്ചാനിച്ചു നില്‍ക്കുന്ന ചില പരാന്നഭോക്താക്കളാണ് ഇതിലെ ആദര്‍ശപുരുഷന്മാര്‍. ഇതാണോ ജീവിത ദര്‍ശനം?അന്ധമായ രാജഭക്തിയും സ്വസമുദായ ഭക്തിയും സി.വി.യിലെ നോവലിസ്റ്റിനെ പരിമിതപ്പെടുത്തുന്നു,”
സി.വി.യെയും നായരിസത്തെയും അന്നേ ഇത്രയും ശക്തിയോടെ എതിര്‍ക്കാന്‍ പോളിന് കഴിഞ്ഞത് തന്റെ വിമര്‍ശനത്തിന്റെ ധീരതയും സത്യസന്ധതയും കൊണ്ടാണ്.
ഇംഗ്ളീഷ് അദ്ധ്യാപകനായിരുന്ന അദ്ദേഹം തന്റെ ഇംഗ്ളീഷ് പാണ്ഡിത്യത്തെ പറ്റിയും ജോലിയെപ്പറ്റിയും എഴുതിയത് ഇങ്ങനെ. ”എന്നെ ഒരു പണ്ഡിതനെന്നു വിളിക്കുന്നവരുണ്ട്. അവര്‍ അത് വിശ്വസിക്കുന്നുണ്ടായിരിക്കാം. പക്ഷേ എന്റെ ഭീമമായ അജ്ഞതയെ പറ്റി അവര്‍ക്കൊരു രൂപവുമില്ല. പിടിച്ചടക്കാന്‍ വന്ന ഒരു ജനത അടിമവര്‍ഗ്ഗത്തിനു മേല്‍ അടിച്ചേല്‍പ്പിച്ച ഒരു ഭാഷ ഞാന്‍ പഠിപ്പിക്കുന്ന രീതിയെപ്പറ്റി അവര്‍ ബഹുമാനം പ്രകടിപ്പിച്ചിട്ടുണ്ട്. ഞാന്‍ ആ ഭാഷയെ (ഇംഗ്ലീഷ്) എത്രമാത്രം വെറുക്കുന്നുവെന്ന് അവര്‍ അറിയുന്നില്ല. കാലയാപനത്തില്‍ ന്യായമായ മറ്റൊരു മാര്‍ഗ്ഗവും തുറന്നു കാണാത്തതു കൊണ്ട് മാത്രമാണ് ഞാനത് പഠിപ്പിക്കുന്നത്. നോക്കൂ, എത്രമാത്രം സ്വയം വിമര്‍ശനം നടത്തി കൊണ്ടാണ് അദ്ദേഹം എഴുതുന്നത്.
എം.പി. പോൾ. തിരുച്ചിറപ്പള്ളി കോളേജിലാണ് ആദ്യം ജോലി ചെയ്തത്. പിന്നീട് തൃശ്ശൂർ സെന്റ് തോമസ് കോളജ്, ചങ്ങനാശേരി എസ്.ബി. കോളജ്, എന്നിവിടങ്ങളിൽ ഇംഗ്ലീഷ് ഭാഷാധ്യാപകനായി ജോലി ചെയ്തു. തുടർന്ന് ജോലി രാജിവെച്ചിട്ട് “എം.പി. പോൾസ് ട്യൂട്ടോറിയൽ കോളജ് ”എന്ന പേരിൽ സ്വന്തമായി സമാന്തര വിദ്യാഭ്യാസ സ്ഥാപനം തുടങ്ങി.
1944 ല്‍ പുരോഗമന സാഹിത്യ സംഘം പ്രസിഡന്റായി. 1945-ല്‍ സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം രജിസ്റ്റര്‍ ചെയ്തു. അതിന്റെ പ്രഥമ അദ്ധ്യക്ഷനായി സംഘം തെരഞ്ഞെടുത്തതും പോളിനെയായിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ