2024, സെപ്റ്റംബർ 1, ഞായറാഴ്‌ച

പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവ ശ്രേഷ്ഠരിൽ അതി ശ്രേഷ്ഠൻ © ഫിലിപ്പ് കുരുവിള

ഇൻഡ്യയിലെ എല്ലാ ക്രൈസ്തവ സഭാ വിഭാഗങ്ങളുടെയും സകല മെത്രാപ്പോലീത്തൻ മാർക്ക് ഇടയിലും "ശ്രേഷ്ഠൻ " എന്നു വിളിക്കപ്പെടുവാൻ ഏറ്റവും യോഗ്യതയുള്ളത് ഭാഗ്യസ്മരണാർഹനായ ശ്രേഷ്ഠ ആബൂൻ മോർ ബസ്സേലിയോസ് പൌലൂസ് രണ്ടാമൻ ബാവയാണെന്ന് പ്രസ്താവിച്ചത് സഹോദര സഭയിലെ ഒരു അഭിവന്ദ്യ മെത്രാപ്പോലീത്തയാണ്.

എല്ലാ അർത്ഥത്തിലും അദ്ദേഹം ശ്രേഷ്ഠൻ തന്നെയായിരുന്നു. വിശ്വാസ കാര്യത്തിലും, വാക്കിലും, പ്രവൃത്തിയിലും എല്ലാം, എല്ലാം...

എനിക്ക് വ്യക്തിപരമായി ബാവയോട് ഏറെ അടുപ്പവും കടപ്പാടുമുണ്ടായിരുന്നു.

എൻ്റെ മാതാപിതാക്കളുടെ വിവാഹ കൂദാശ ആശീർവദിച്ചത് ശ്രേഷ്ഠ ബാവാ, മാർ പീലക്സീനോസ് മെത്രാച്ചനായിരുന്ന കാലത്താണ്. 

എൻ്റെ പിതാമഹൻ തെക്കേത്തലയ്ക്കൽ റ്റി.പി. കുര്യനോടും (വലിയ നായ്ക്കരിയിൽ കുഞ്ഞ്) മാതാമഹൻ കൊച്ചേട്ട് എം.സി. ജോസഫിനോടും ബാവായ്ക്ക് സ്നേഹം നിറഞ്ഞ ബന്ധം ഉണ്ടായിരുന്നു.

നെൽകൃഷിക്ക് ഉള്ള നിലം ധാരാളവും, കൃഷിയിറക്കാനുള്ള പണം തീരെ കുറവും ഉള്ള അക്കാലത്ത് ഒരിക്കൽ  എൻ്റെ അമ്മയുടെ അപ്പൻ പിറമാടം ദയറായിൽ പോയി ഭജനയിരുന്നു. ബുദ്ധിമുട്ടുള്ള കാലത്ത് മഞ്ഞിനിക്കര ദയറായിലോ, ആലുവ തൃക്കുന്നത്തു സെമിനാരിയിലോ പാണംപടിക്കൽ പള്ളിയിലോ, പിറമാടം ദയറായിലോ ഒക്കെ പോയി പ്രാർത്ഥിച്ചിരിക്കുന്ന രീതി അപ്പച്ചനുണ്ടായിരുന്നു.

"ഇത്തവണ കൃഷിയിറക്കുന്നില്ലേ ജോസഫ് കുട്ടി ?"എന്ന മാർ പീലക്സീനോസ് മെത്രാച്ചൻ്റെ (പിൽക്കാലത്ത് ശ്രേഷ്ഠ ബാവാ) ചോദ്യത്തിന്  "ആവശ്യമായ പണമില്ലാത്തതിനാൽ ഇത്തവണ കൃഷിയിറക്കുന്നില്ല" എന്ന് അപ്പച്ചൻ മറുപടി നൽകി. 
ഒന്നും മിണ്ടാതെ മുറിക്ക് അകത്തേയ്ക്കു കയറിയ മെത്രാച്ചൻ ഇറങ്ങി വന്നപ്പോൾ കയ്യിലൊരു പൊതിയുണ്ടായിരുന്നു. അത് അപ്പച്ചന് നേരേ നീട്ടിയ മെത്രാച്ചൻ പറഞ്ഞു "ഇത് എൻ്റെ കുരിശു മാലയാണ്.ഇതു കൊണ്ടു പോയി പണമാക്കി കൃഷിയിറക്ക് " . "അതു വേണ്ട മെത്രാച്ചാ "എന്നു മറുപടി പറഞ്ഞ അപ്പച്ചനോട് മെത്രാച്ചൻ പറഞ്ഞത് " മനുഷ്യന് ഉപകാരപ്പെടുന്നില്ലെങ്കിൽ ഇതൊക്കെ ധരിച്ചു കൊണ്ട് നടന്നിട്ട് എന്ത് പ്രയോജനം ജോസഫു കുട്ടി?" എന്നാണ്.

മെത്രാച്ചൻ്റെ മാലയുമായി കോട്ടയത്തുള്ള വേങ്കടത്ത് ബാങ്കേഴ്സിൽ എത്തിയ അപ്പച്ചനോട് ബാങ്കുടമ മാത്തൂച്ചായൻ പറഞ്ഞത് ഇപ്രകാരമാണ് "ജോസഫ് കുട്ടിയ്ക്ക് എത്ര പണം വേണമെങ്കിലും ഞാൻ തരാം. പക്ഷേ, പീലക്സി നോസ് മെത്രാച്ചൻ്റെ മാല ഇവിടെ വയ്ക്കുന്ന കാര്യമേ ഉദിക്കുന്നില്ല".

 വേങ്കടത്തെ മാത്തുച്ചായനും , അപ്പച്ചനും കോട്ടയം സിംഹാസനപ്പള്ളി ഇടവകക്കാരും, സുഹൃത്തുക്കളും ആയിരുന്നു.

സ്വന്തം മാല എടുത്തു കൊടുത്ത മെത്രാച്ചനും, മാല ബാങ്കിൽ വയ്ക്കാതെ പണം നൽകിയ വേങ്കടത്തെ മാത്തുച്ചായനും അവരൊക്കെ തമ്മിലുണ്ടായിരുന്ന ആത്മബന്ധങ്ങളും ഒരു കാലഘട്ടത്തെ കുറിച്ചു കേട്ട ജീവനും, നൻമയും നിറഞ്ഞ ഓർമ്മകളായി മനസ്സിൽ അവശേഷിയ്ക്കുന്നു.

ഈ സംഭവത്തെ കുറിച്ച് പറയുമ്പോഴൊക്കെ അപ്പച്ചൻ്റെ കണ്ണു നിറഞ്ഞിരുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.

മനുഷ്യൻ്റെ നൊമ്പരങ്ങളുടെ മേൽ ആശ്വാസത്തിൻ്റെ പൂക്കൾ വിതറുന്നവനാണ് യഥാർത്ഥ ഇടയൻ എന്ന് കർദ്ദിനാൾ ഫുൾട്ടൻ ജെ. ഷീൻ.

തന്നെ ഉപദ്രവിയ്ക്കുന്ന ആരോടും പ്രതികാരം ചെയ്യാൻ ശ്രേഷ്ഠ ബാവാ മെനക്കെട്ടിരുന്നില്ല. അതിന് അദ്ദേഹത്തിന് സാധിക്കുമായിരുന്നുമില്ല. 
വന്ദ്യ ബോബി കട്ടിക്കാട് അച്ചൻ പറയും പോലെ "സാരമില്ല, പോട്ടെ, ഞാനതൊക്കെ എപ്പഴേ മറന്നു.." ഇതൊക്കെയായിരുന്നു തനിയ്ക്കു നേരിടേണ്ടി വന്ന ഉപദ്രവങ്ങളോടും, ഉപദ്രവകാരികളോടുമുള്ള അദ്ദേഹത്തിൻ്റെ ദൈവീകമായ പ്രതികരണം.

പക്ഷേ അദ്ദേഹത്തിൻ്റെ നിസ്സഹായതയുടെ കണ്ണുനീർ സ്വർഗ്ഗമേറ്റെടുക്കുന്നത് ലോകം കണ്ടിട്ടുണ്ട്. നിഷ്കളങ്കനായ ഹാബേലിൻ്റെ രക്തം ഭൂമിയിൽ നിന്നു നിലവിളിച്ചപ്പോൾ, ആ നിലവിളി സ്വർഗ്ഗം ഏറ്റെടുത്തതുപോലെ...

വെല്ലൂർ സി.എം.സി ഹോസ്പിറ്റലിന് സമീപമുള്ള ഇന്നത്തെ സെൻ്റ്. ലൂക്ക്സ് കത്തീഡ്രൽസ്ഥാപിച്ചത് യാക്കോബായ സഭയുടെ അങ്കമാലി ഭദ്രാസനാധിപനും , "മലങ്കരയുടെ ഉരുക്കു മനുഷ്യൻ" എന്നറിയപ്പെടുന്ന ഭാഗ്യസ്മരണാർഹനുമൊക്കെ ആയ അഭിവന്ദ്യ. ഗീവറുഗീസ് മാർ ഗ്രീഗോറിയോസ് (വയലിപ്പറമ്പിൽ) തിരുമേനിയായിരുന്നു. 1958 ലെ പരസ്പര യോജിപ്പോടെ, ബാഹ്യകേരളത്തിൻ്റെ അഭിവന്ദ്യ. മാത്യൂസ് മാർ അത്താനാസിയോസ് (വട്ടക്കുന്നേൽ ) തിരുമേനിയുടെ നിയന്ത്രണത്തിലായ പ്രസ്തുത പള്ളി 1970 കളിൽ ഉണ്ടായ വിഭജന സമയത്ത് മറുപക്ഷത്തിൻ്റെ കൈവശമായിത്തീർന്നു. ഇന്നും അങ്ങനെ തന്നെ.

ഈ പള്ളി യാക്കോബായക്കാരുടേത് ആയതിനാൽ തമിഴ്നാട് കോടതിയിൽ കേസ്സു ഫയൽ ചെയ്യണം എന്ന് 1975 ൽ , സഭാ ഭിന്നത പൂർത്തിയായ സമയത്ത് ആരോ ശ്രേഷ്ഠ ബാവയെ നിർബന്ധിച്ചു. ദൈവത്തെ ആരാധിയ്ക്കുന്ന ദൈവാലയത്തിൽ മനുഷ്യൻ തടസ്സമുണ്ടാക്കരുതെന്ന് നിർബന്ധം പിടിച്ച ശ്രേഷ്ഠ ബാവാ കേസ്സു ഫയൽ ചെയ്തുമില്ല, ആരെക്കൊണ്ടും ഫയൽ ചെയ്യാൻ അനുവദിച്ചുമില്ല.

സഭാഭിന്നത ഏറ്റവും രൂക്ഷമായ കണ്ടനാട് ഭദ്രാസത്തിൽ, തൻ്റെ അവസാനം വരെയും മറുപക്ഷത്തെ സകലരും പകർന്നു നൽകിയ ആദരവോടും, സ്നേഹത്തോടും (തിരിച്ചും) ക്രൈസ്തവ സാക്ഷ്യത്തോടെ, സ്വന്ത വിശ്വാസം ശക്തമായി നിലനിർത്തി കൊണ്ട്  തന്നെ പോകാൻ അദ്ദേഹത്തിനു സാധിച്ചു എന്നത് ഏറ്റവും വലിയ ദൈവകൃപ തന്നെയായിരുന്നു.

ബാവാ തിരുമേനി വെല്ലൂർ സി.എം. സി. ഹോസ്പിറ്റലിൽ ബ്രെയിൻ ട്യൂമർ ആണെന്നുള്ള സംശയത്തിൽ (അല്ലാ എന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു) അഡ്മിറ്റായിരുന്ന സമയത്തെ ചില കാര്യങ്ങൾ എൻ്റെ കസിൻ ഡോ .ഫീലിപ്പോസ് ജോൺ തെക്കേത്തലയ്ക്കൽ പങ്കുവച്ചത്, കുറിക്കുന്നത് നന്നായിരിയ്ക്കും എന്നു കരുതട്ടെ.

കാർഡിയോ തൊറാസിക് സർജറിയ്ക്കായി ഹോസ്പിറ്റലിൽ ഒരു അപ്പച്ചനെ admit ചെയ്തിരുന്നു. സഭാവഴക്കിൽ മറുപക്ഷത്ത് നില കൊണ്ടിരുന്ന അദ്ദേഹം ദിവസേനയുള്ള റൌണ്ട്സിൻ്റെ സമയത്ത് സഭാസംബന്ധമായ കാര്യങ്ങളെക്കുറിച്ച് ഡോക്ടറുമായി , തീവ്രതയോടെ, എന്നാൽ സ്നേഹത്തോടെ തർക്കിച്ചിരുന്നു.

ഓപ്പറേഷൻ്റെ തലേന്ന് അപ്പച്ചൻ്റെ മക്കൾ ശ്രേഷ്ഠ ബാവയെക്കൊണ്ട് അപ്പച്ചൻ്റെ തലയിൽ കൈവച്ചു പ്രാർത്ഥിയ്ക്കണം എന്ന ആഗ്രഹം ഡോക്ടറുമായി പങ്കുവച്ചു. ബാവയ്ക്ക് സൌകര്യമുള്ള സമയത്ത് മുറിയിൽ അപ്പച്ചനെ എത്തിച്ചുകൊള്ളാമെന്നും അറിയിച്ചു.

ഈ വിവരം ഡോക്ടർ ബാവാ തിരുമേനിയോട് പങ്കുവച്ച ഉടനെ ബാവാ, ഡോക്ടറുടെ കയ്യിൽ പിടിച്ച് " നമുക്ക് അദ്ദേഹത്തിൻ്റെ മുറിയിലേയ്ക്ക് പോകാം ഡോക്ടറേ "എന്നു പറഞ്ഞു എഴുന്നേറ്റു.

"ബാവയുടെ സൌകര്യം അറിയിച്ചാൽ ,അവർ അപ്പച്ചനെ മുറിയിലേയ്ക്ക് കൊണ്ടുവരും " എന്ന് ഡോക്ടർ പറഞ്ഞു

അതിനുള്ള ബാവയുടെ മറുപടി ഏറെ ഹൃദയസ്പർശിയായി തോന്നി.
"എൻ്റെ ഡോക്ടറേ ഞാൻ ഇവിടെ വെറുതെ ഇരിയ്ക്കുന്നു. നാളെ Operationന് വിധേയനാകേണ്ട ആളെ നാം എന്തിന് ബുദ്ധിമുട്ടിയ്ക്കണം?"

പോകും വഴി അപ്പച്ചൻ മറുപക്ഷക്കാരനാണ് എന്ന് ഡോക്ടർ സൂചിപ്പിച്ചു. പെട്ടെന്ന് നിന്ന ബാവാ ഡോക്ടറുടെ മുഖത്തേയ്ക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് പറഞ്ഞത്രേ "എൻ്റെ ഡോക്ടറെ, മനുഷ്യൻ്റെ രോഗാവസ്ഥയ്ക്ക് സഭാ വ്യത്യാസമോ ജാതിമത വ്യത്യാസങ്ങളോ ഇല്ല. അവരുടെ നൊമ്പരങ്ങളിൽ അവർക്കു വേണ്ടി പ്രാർത്ഥിയ്ക്കുക എന്നതാണാവശ്യം "
അതു പറഞ്ഞ ബാവാ ഡോക്ടറേയും കൊണ്ട് കുറെക്കൂടെ വേഗത്തിൽ നടന്നത്രെ.

എന്തായാലും ബാവാ പ്രാർത്ഥിയ്ക്കുകയും അപ്പച്ചൻ ഓപ്പറേഷനെ തുടർന്നു പരിപൂർണ്ണമായി സുഖപ്പെട്ട് മടങ്ങുകയും ചെയ്തു.

ഏറെ പ്രാർത്ഥനയ്ക്കു ശേഷം ലഭിച്ച മകന്  കാൻസർ ആണെന്നും വിദേശത്തു കൊണ്ടുപോയി "ബോൺ മാരോ "സർജ്ജറിയ്ക്കു വിധേയനാക്കണമെന്നുമുള്ള വെല്ലൂരെ ഡോക്ടേഴ്സിൻ്റെ നിർദ്ദേശം കേട്ട മാതാപിതാക്കൾ ബാവയുടെ സമക്ഷം കുഞ്ഞിനെ കൊണ്ടുവരികയും, വേദനയോടെ വിവരങ്ങൾ ധരിപ്പിയ്ക്കുകയും ചെയ്തപ്പോൾ ആ ബാലനെ കെട്ടിപ്പിടിച്ച് ചുംബിച്ചു കൊണ്ട് ബാവാ പൊട്ടിക്കരഞ്ഞു. കുഞ്ഞിൻ്റെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് "ധൈര്യമായി പൊയ്ക്കൊൾക . കുഞ്ഞിന് ഒരു ദോഷവും വരികയില്ല "എന്ന് ദൈവാത്മാവിൽ കൽപ്പിക്കുകയും ചെയ്തു. ഇതിനും ഡോക്ടർ. ഫീലിപ്പോസ് ദ്യക്സാക്ഷിയാണ്.

ആ കുഞ്ഞ് ഇന്ന് ഉന്നതമായ നിലയിൽ ഭാര്യയോടും മക്കളോടുമൊപ്പം ജീവിക്കുന്നു എന്നും കുറിച്ചു കൊള്ളട്ടെ.

നിഷ്കളങ്കതയും, സൌ മ്യതയും, എളിമയുമായിരുന്നു ശ്രേഷ്ഠപിതാവിൻ്റെ മുഖമുദ്ര. ഒരു കുഞ്ഞിനോടുപോലും ആദരവോടും, കരുതലോടും, നിറഞ്ഞ സ്നേഹത്തോടും കൂടിമാത്രമേ ബാവയ്ക്ക് ഇടപെടാൻ ആകുമായിരുന്നുള്ളൂ.

 ബാവാ തന്നെ തയ്യാറാക്കിയ ചായ, തനിയ്ക്കും തൻ്റെ ഡ്രൈവർക്കുമായി ഇരു കൈകളിലും പിടിച്ചു കൊണ്ടുവന്ന് തന്ന പൌരസ്ത്യ കാതോലിക്കയായ ശ്രേഷ്ഠ പിതാവിൻ്റെ രീതി തന്നെ വല്ലാതെ അത്ഭുതപ്പെടുത്തിക്കളഞ്ഞെന്ന് സി.എസ്. ഐ. സഭയുടെ ബിഷപ്പായിരുന്ന അഭിവന്ദ്യ .സാം മാത്യു തിരുമേനി എഴുതിയതോർക്കുന്നു.

പാണ്ഡിത്യത്തിൻ്റെ നിറകുടമായിരുന്നു ശ്രേഷ്ഠ ബാവാ. മലങ്കര കത്തോലിക്കാ സഭയുടെ കോട്ടയത്തെ പ്രശസ്തമായ "സീരി പഠന കേന്ദ്രത്തിൽ " നടന്ന ആദ്യത്തെ World Syriac Conference, സുറിയാനി ഭാഷയിൽ അനായാസം, അനർഗ്ഗളമായി പ്രസംഗിച്ചു കൊണ്ട് ഉത്ഘാടനം ചെയ്തതും, കോട്ടയം രൂപതയുടെ ഭാഗ്യസ്മരണാർഹനായ അഭിവന്ദ്യ. കുറിയാക്കോസ് കുന്നശ്ശേരി പിതാവും, അന്നത്തെ കോട്ടയം കളക്ടർ ശ്രീമതി ലിസി ജേക്കബും ഒക്കെ ബാവയുടെ പ്രസംഗം കേട്ട് അത്ഭുതം കൂറിയതും എല്ലാം ഇന്നും ഓർക്കുന്നു.

പ്രശസ്തമായ ചെറായി പുതുശ്ശേരി തറവാട്ടിലെ പ്രഗത്ഭനായ ജോസഫ് കത്തനാരുടെ മകൻ ഇൻഡ്യയിലെ സഭകളുടെ എല്ലാം മാതാവായ യാക്കോബായസുറിയാനി സഭയുടെ പൌരസ്ത്യ കാതോലിക്ക ആയിത്തീർന്നെങ്കിലും അദ്ദേഹത്തിൻ്റെ ജീവിതവഴി തൻ്റെ നാഥനായ ക്രിസ്തുവിനെ അനുസ്മരിപ്പിക്കുമാറ്എന്നും കല്ലും മുള്ളും നിറഞ്ഞതായിരുന്നു എന്നതിൽ തർക്കമില്ല.

അരമന എന്നു വിശ്വാസികൾ പേരിട്ടു വിളിച്ച ഇടത്ത് താമസിക്കുമ്പോഴും പ്രഗത്ഭനായ പൌരസ്ത്യ കാതോലിക്കായും അരമനവാസ്സികളും, കഞ്ഞിവയ്ക്കാനുള്ള അരിയെക്കുറിച്ച് ഭാരപ്പെട്ടിട്ടുള്ളതും പട്ടിണി കിടന്നിട്ടുള്ളതും ആരും അറിഞ്ഞിട്ടില്ല. ശ്രേഷ്ഠ ബാവാ ആരെയും അറിയിച്ചിട്ടുമില്ല.
 ഒരിയ്ക്കൽ ,ആഹാരത്തിനുള്ള വകയില്ലല്ലോ ബാവാ എന്ന വേദന പങ്കുവച്ച വന്ദ്യ. പ്ലാവിലയിൽ യൂഹാനോൻ റമ്പാച്ചനോട്, അബ്രഹാം പിതാവ് ഇസ്സഹാക്കിനോട് പറഞ്ഞതു പോലെ "ദൈവം കരുതിക്കൊള്ളും റമ്പാച്ചാ " എന്നു ബാവാ മറുപടി പറഞ്ഞു എന്നു കേട്ടിട്ടുണ്ട്.

വന്ദ്യ. പ്ലാവിലയിൽ റമ്പാച്ചൻ ഇന്നും ബാവയെക്കുറിച്ച് പറയുമ്പോൾ ഇതൊക്കെ ഓർക്കാറുണ്ട്.

അനേകർ പ്രകോപിപ്പിച്ചിട്ടും, പ്രകോപിതനാകാതെ, ക്രിസ്തുവിൽ ചാരി ജീവിച്ച ശ്രേഷ്ഠ പിതാവ് അന്ത്യം വരെയും വഴി തെറ്റാതെ വിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തോടുള്ള വിധേയത്വത്തിലും വിശ്വാസ സ്ഥിരതയിലും ജീവിച്ചു കടന്നു പോയി എന്നത് അദ്ദേഹത്തിൻ്റെ നിർമ്മലമായ മനസ്സാക്ഷിയുടെ അടയാളമായി ഇന്നും നിലനിൽക്കുന്നു.

ഒരു സാധാരണ അംബാസിഡർ കാറിൽ , തന്നെ ഏറെ ആദരിക്കുകയും സ്നേഹിക്കുകയും ചെയ്ത തൻ്റെ പ്രിയപ്പെട്ട ഡ്രൈവർ ബഹു. ഏലിയാസ് ചേട്ടനൊപ്പം മുൻസീറ്റിൽ മാത്രം ഇരുന്നു യാത്ര ചെയ്തിരുന്ന വിശുദ്ധൻ്റെ മുഖം ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്നു.

 മുവാറ്റുപുഴ അരമനയിൽ ചെന്നു കണ്ടാൽ ഉടനെ ചോദിക്കുക "മോൻ വല്ലതും കഴിച്ചോ?" എന്നാവും .എല്ലാവരോടും അങ്ങനെ തന്നെ.

 ഒരു ചെറിയ കഷണം പുട്ടും, ഒരു ചെറു മുറി ഏത്തപ്പഴം പുഴുങ്ങിയതും അല്ലെങ്കിൽ കഞ്ഞിയും പയറുമൊക്കെ ഏതു സാധാരണക്കാരൻ്റെയും കൂടെയിരുന്ന് കഴിക്കുന്ന, മറ്റുള്ളവരെ വയറു നിറച്ചു കഴിപ്പിയ്ക്കുന്ന ശ്രേഷ്ഠ പിതാവിനെ എങ്ങിനെ മറക്കും?

മലങ്കരയുടെ പ്രകാശ ഗോപുരം എന്ന് ശ്രേഷ്ഠ പിതാവിനെ വിശേഷിപ്പിച്ചത് മലയാള മനോരമ ദിനപ്പത്രമാണ്. ഇതോടൊപ്പം കൊടുത്തിരിയ്ക്കുന്ന പുണ്യവാൻ്റെ ഫോട്ടോയും, ബാവാ കാലം ചെയ്തതിൻ്റെ പിറ്റേന്ന് "മനോരമ " പ്രസിദ്ധീകരിച്ചതാണ്.

 ജീവിച്ചിരുന്നപ്പോഴും വാങ്ങിപ്പോയ ശേഷവും പ്രകാശ ഗോപുരമായി ശോഭിച്ച ,ശോഭിയ്ക്കുന്ന പിതാവിന് യാത്രാമൊഴിയായി, ശ്രേ ഷ്ഠ ബാവയ്ക്ക് പ്രിയപ്പെട്ടവനായ ഡോ.ഡി. ബാബു പോൾ ഐ.എ.എസ്, കുറിച്ചിട്ട വരികളോർത്ത് നിർത്തട്ടെ
"ശ്രേഷ്ഠ പിതാവെ സമാധാനത്തോടെ വസിയ്ക്കുക
അക്കരനാട്ടിൽ വീണ്ടും കാണാം "🙏
https://www.facebook.com/share/p/YgbkUxi8P9wfhmCj/?mibextid=Nif5oz

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ