വേദ പഠനം (ലൂക്കോ. 19: 1-10)
സഖായിയും അനുതാപവും : തെറ്റിദ്ധാരണകൾ മാറട്ടെ .
ഡോ.തോമസ് അത്താനാസിയോസ് മെത്രാപ്പോലീത്ത
നമ്മുടെ വേദപഠനങ്ങളിലും പ്രാർഥനകളിലും ക്രിസ്തു പാപമോചനം നൽകിയ കൊടിയ പാപികളുടെ ലിസ്റ്റിൽ പെട്ടയാളാണ് ചുങ്കക്കാരനായ സഖായി. കള്ളൻ , ചുങ്കക്കാരൻ , വേശ്യ എന്നിവരാണല്ലോ ആ പട്ടികയിൽ ഉൾപ്പെട്ടവർ. ചുങ്കക്കാരനായ സഖായിയുടെ പാപം എന്ത് .അയാൾ അനുതാപം പ്രകടിപ്പിച്ചത് എപ്രകാരമായിരുന്നു .അതു നല്കുന്ന സൂചന എന്താണ് . ഇവ സംബന്ധിച്ച അന്വേഷണങ്ങൾ സഖായിയെക്കുറിച്ചും അനുതാപത്തെക്കുറിച്ചും ഉള്ള നമ്മുടെ പല ധാരണപ്പിശകുകളും മാറ്റുവാൻ സഹായകമാകും .
ലൂക്കോസ് സുവിശേഷകൻ സഖായിയെ വിശേഷിപ്പിക്കുവാൻ ഉപയോഗിക്കുന്ന രണ്ടു പദങ്ങൾ ' ധനികൻ', ' ചുങ്കക്കാരുടെ പ്രമാണി' എന്നിവയാണ് . ചുങ്കക്കാരുടെ പ്രമാണി എന്ന മലയാള തർജ്ജമ കൃത്യമല്ല . ചുങ്കക്കാരുടെ മേലധികാരി എന്നാണ് ശരിയായ വിവർത്തനം . ചുങ്കപ്പിരിവുസംവിധാനത്തിന്റെ മേധാവി എന്ന് അയാളെപ്പറ്റി പറയാം . ആ പ്രദേശത്തെ ഏറ്റവും വലിയ സർക്കാർ ഉദ്യോഗസ്ഥൻ ആയിരുന്നിരിക്കണം സഖായി. അദ്ദേഹത്തിനു ലഭിച്ചിരുന്ന കനത്ത ശമ്പളം കൊണ്ടും പിതൃസ്വത്തിന്റെ ബാഹുല്യം കൊണ്ടും ആയിരിക്കണം അയാൾ സമ്പന്നനായിത്തീർന്നത്. കർത്താവയാളുടെ വീട്ടിൽ രാപാർക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്ന സന്ദർഭത്തിൽ അയാളിൽ നിന്നുണ്ടാകുന്ന പ്രതികരണം ശ്രദ്ധേയമാണ്. അയാൾ ന്യായമായ പ്രകാരം ആർജ്ജിച്ച സ്വത്തിൽ പകുതി ദരിദ്രർക്ക് വിട്ടുകൊടുക്കുന്നു . അന്യായമായ സ്വത്ത് അയാളിൽ വന്നുചേർന്നിട്ടുണ്ടെങ്കിൽ അതിനു നാലിരട്ടി തിരികെ നൽകും എന്ന് പ്രഖ്യാപിക്കുന്നു . ദരിദ്രർക്ക് വിട്ടുകൊടുക്കുന്നത് കുടുംബസ്വത്തായും വേതനമായും അയാൾ ആർജ്ജിച്ച ധനത്തിന്റെ പകുതിയാണ്. അതായത് നീതിപൂർവ്വം ആർജ്ജിച്ചു എന്ന് സമൂഹം വിലയിരുത്തിയ സമ്പത്തിന്റെ പകുതി അദ്ദേഹം ദരിദ്ര വിഭാഗത്തിന്റെ പുലർച്ചയ്ക്കു വേണ്ടി നിരുപാധികം നൽകുന്നു . അത് അയാൾ ചെയ്യുന്നതായി പറയുന്നത് വർത്തമാനകാല ക്രിയാരൂപത്തിലാണ്. ഉടൻ തന്നെ ഉണ്ടാകുന്ന നടപടിയാണ് . അതായത് അയാൾ നീതിപൂർവ്വം സമ്പാദിച്ച സ്വത്തിൽ പകുതിയിൽ ദരിദ്രർക്ക് അവകാശം നൽകുന്നതിൽ തീരുമാനമായി കഴിഞ്ഞു . ദരിദ്ര വിഭാഗത്തിൽ നിന്ന് അയാളെ മാറ്റിനിർത്തുന്നത് തന്റെ ധനം ആയതുകൊണ്ട് അയാൾ അത് അവർക്കു നൽകി അവരുമായി അനുരഞ്ജന ശുശ്രൂഷ നിർവ്വഹിക്കുകയാണ് .
രണ്ടാമതായി പറയുന്ന വാക്യത്തിലെ ക്രിയ ഭാവികാലത്തിലാണ് . അത് ഒരു വാഗ്ദത്തമാണ് . നടപ്പാക്കൽ ഉപാധികളോടെ ( conditional)യും ആണ് . ആരിൽ നിന്നെങ്കിലും ന്യായരഹിതമായി തന്നിൽ ധനം വന്നു ചേർന്നിട്ടുണ്ടെങ്കിൽ അതിന് നിവൃത്തി ഉണ്ടാക്കുകയാണ് . അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നടക്കുന്ന പരിഹാര പ്രക്രിയയാണ് ഇത്. അന്യായമായി വന്നുചേർന്ന പണത്തിന് നാലിരരട്ടി നൽകാം എന്നല്ല അയാൾ പറയുന്നത്. അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കിൽ നല്കാം എന്നാണ് പ്രഖ്യാപിക്കുന്നത് . അതിൻെറ പ്രാഥമികമായ അർത്ഥം അങ്ങനെയുള്ള ധനം അയാളുടെ പക്കൽ ഇല്ല എന്നതാണ്. അതുകൊണ്ടാണ് അദ്ദേഹം കൊടുക്കാം എന്ന് ക്രിയയുടെ ഭാവി രൂപം ഉപയോഗിക്കുന്നത്. ആവശ്യപ്പെട്ടാലല്ലേ കൊടുക്കാനാവൂ . ചുരുക്കത്തിൽ അയാളുടെ കൈവശമുള്ളത് നിയമപരമായി സമ്പാദിച്ച പണം മാത്രമേയുള്ളൂ എന്നും അതിൽ പകുതിയിൽ പങ്ക് ദരിദ്രർക്ക് ഇപ്പോൾ തന്നെ കൊടുക്കുന്നു എന്നുമാണ്.
വീണ്ടും രണ്ടാമത്തെ ഭാഗം ഭാഷാപരമായ പഠനത്തിന് വിധേയമാക്കേണ്ടതുണ്ട്. അവിടെ ഉപയോഗിച്ചിരിക്കുന്ന മൂലഭാഷയിലെ ക്രിയാ പദം esoukopharteisa എന്നാണ് . അതായത് തന്റെ പേരിൽ പണാപഹരണാരോപണം ഉണ്ടെങ്കിൽ അതിന്റെ നിജസ്ഥിതി പോലും അന്വേഷിക്കാതെ നാലിരട്ടി തിരികെ നൽകാമെന്നാണ് സഖായി പറയുന്നത്. അടിസ്ഥാനപരമായി വ്യാജ ആരോപണം ആണെങ്കിൽ പോലും സംഖ്യയുടെ നാലിരട്ടി നൽകി അവരുമായി നിരപ്പാകുവാൻ തയ്യാറാകുന്ന മഹാമനസ്കനാണ് സഖായി എന്നു പറയേണ്ടി വരും . അതായത് നിയമപരമായി താൻ നേടിയ സ്വത്തിൽ പകുതിയിൽ ദരിദ്രന് അവകാശം നൽകുകയും താൻ വഞ്ചിച്ചു എന്ന് അടിസ്ഥാനരഹിതമായിപ്പോലും ആരെങ്കിലും ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിൽ നിരുപാധികമായി നിജസ്ഥിതി തിരക്കാതെ ആക്ഷേപം ഉന്നയിക്കുന്നവർക്ക് നാലിരട്ടി നൽകി നിരപ്പാകുവാനുള്ള സന്നദ്ധതയാണ് സഖായി പ്രകടിപ്പിക്കുന്നത് . അപരനുമായി ഇടർച്ച വരുത്തുന്ന ഘടകമാണ് ധനമെങ്കിൽ തുറന്ന മനസ്സോടെ അത് പരിഹരിക്കുന്ന മനുഷ്യനാണ് സഖായി. ഇവിടെ അയാൾ തന്റെ ഉദ്യോഗം രാജി വയ്ക്കുന്നതായി പറയുന്നില്ല. അവൻ ചുങ്കക്കാരുടെ അധികാരിയായി തുടരുന്നു . അധിനിവേശ ഭരണകൂടത്തിനു വേണ്ടിപ്പോലും തൊഴിൽ ചെയ്യുന്നതും പണം സമ്പാദിക്കുന്നതും അനുതപിക്കേണ്ട തെറ്റുകളല്ല എന്നിവിടെ സൂചന . ഉള്ള സമ്പത്തിന്റെ ദൈവഹിതപ്രകാരമുള്ള വിനിമയമാണ് സഖായിയുടെ അനുതാപ പ്രഖ്യാപനത്തിന്റെ ഉള്ളടക്കം. അതിനാൽ സഖായിയിൽ നിന്ന് ഉണ്ടായ അനുകൂല പ്രതികരണം ക്രിസ്തുവിന് ഇഷ്ടമായി.
നീതി പ്രവർത്തിക്കുന്നതു വഴി അയാൾ അബ്രഹാമിന്റെ പുത്രസ്ഥാനത്തിന് അർഹത പ്രാപിച്ച് രക്ഷയ്ക്ക് യോഗ്യനായതായി കർത്താവ് സാക്ഷ്യപ്പെടുത്തുന്നു . വംശാവലിയല്ല ഒരുവനെ അബ്രഹാമിന്റെ പുത്രൻ ആക്കുന്നത് പ്രത്യുത നീതിയുടെ നിർവ്വഹണമാണ് . തോമാശ്ലീഹായോടുള്ള ബന്ധം പറഞ്ഞ് അഭിമാനിക്കുന്ന നാമും ഇതു മനസ്സിലാക്കുന്നത് നല്ലതാണ് . മാർത്തോമായുമായ പാരമ്പര്യ ബന്ധം രക്ഷയിലേക്കു നയിക്കുന്നില്ല . ദൈവിക നീതിയുടെ നിർവ്വഹണമാണ് നമ്മെ അബ്രഹാമിന്റെയും മാർത്തോമാ ശ്ലീഹായുടെയുമൊക്കെ യഥാർത്ഥ സന്തതികൾ ആക്കുന്നത് . ബന്ധത്തെപ്പറ്റിയുള്ള അഭിമാനംകൊള്ളിക്കൽ അധികാര കേന്ദ്രങ്ങൾക്ക് കിളിരം വർദ്ധിപ്പിക്കുന്നതിനും ആധിപത്യം വിശ്വാസപരമാക്കുവാനുമുള്ള അധികാരികളുടെ ആസൂത്രിതതന്ത്രം എന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു . വിശ്വാസിസമൂഹത്തിൽ വീരസ്യത്തിന് ഇടമില്ല എന്ന് വിശ്വാസികൾ മനസ്സിലാക്കിയാലേ അനുതാപത്തിന്റെ പൊരുൾ വ്യക്തമാവുകയുള്ളൂ .
ലൂക്കോസിന്റെ സുവിശേഷത്തിൽ ധനികൻ സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കില്ല എന്ന് അസന്ദിഗ്ധമായി കർത്താവ് പ്രഖ്യാപിക്കുന്നു. "നിനക്കുള്ളതെല്ലാം വിറ്റ് എന്നെ അനുഗമിക്കുക " (ലൂക്കോ.18:18 - 30 )എന്ന് ധനിക യുവാവിനോട് കർത്താവ് രക്ഷയുടെ ഉപാധിയായി ആവശ്യപ്പെടുന്നതിന്റെ പശ്ചാത്തലത്തിലാണ് സഖായിയുടെ അനുതാപത്തിന്റെ അർത്ഥം വ്യക്തമാക്കുന്നതും അവന് കർത്താവ് രക്ഷ പ്രഖ്യാപിക്കുന്നതും .സഖായി കവർച്ചക്കാരനായ മനുഷ്യനായിരുന്നില്ല . നീതിപൂർവ്വം സമ്പാദിച്ച ധനത്തിന്റെ പകുതി ദരിദ്രർക്ക് അവകാശപ്പെട്ടതായി പരിഗണിച്ച് പൊതുവിനു നൽകി രക്ഷ നേടിയ നീതിമാനായ മനുഷ്യനായിരുന്നു എന്ന് മനസ്സിലാക്കി അവനെ അനുകരിക്കുവാനുള്ള ആഹ്വാനമാണ് ലൂക്കോസ് സുവിശേഷകൻ വിശ്വാസികൾക്ക് നൽകുന്നത് .
സുവിശേഷ സാക്ഷ്യപ്രകാരം മനുഷ്യന്റെ അന്ത്യന്യായവിധിയുടെ മാനദണ്ഡം പാപ - പുണ്യങ്ങളും ആത്മീയ അഭ്യാസ നിർവ്വഹണ (മത്താ. 7:22, 23)ങ്ങളും ഒന്നുമല്ല പ്രത്യുത അതു ദരിദ്രനോടും പരദേശിയോടും എന്തിന് കുറ്റവാളികളോടും (മത്താ.25:41-46) പോലുമുള്ള വിശ്വാസിയുടെ സമീപനമാണ് . ധനവാന്റെയും ലാസറിന്റെയും ഉപമയിലും (ലൂക്കോ. 16: 19-31) ഉള്ള പ്രമേയം ഇതു തന്നെ. ക്രിസ്തു സ്നേഹത്തിൽ പ്രേരിതനായി ദൈവത്തോടും അന്യനോടുമുള്ള കരുതലാണ് രക്ഷാമാർഗ്ഗം എന്ന് നല്ല ശമരിയക്കാരന്റെ ഉപമയുടെ ആമുഖ ഭാഗവും വ്യക്തമാക്കുന്നു . അതുകൊണ്ട് അനുതാപ - പശ്ചാത്താപ സങ്കല്പങ്ങളും രക്ഷാധാരണകളുമെല്ലാം ഒരു പൊളിച്ചെഴുത്തിന് വിധേയമാക്കേണ്ടിയിരിക്കുന്നു .
പാപമോചനവും രക്ഷയും പള്ളിവികാരിയുടെ മുമ്പിൽപോയി കണക്കു വച്ചതുകൊണ്ട് കിട്ടുന്ന കാര്യമല്ല. അത് ഒരു ധനകാര്യ വിഷയം കൂടിയാണ് . അതുപോലെ അനുരഞ്ജന കാര്യവും . നിരപ്പാകലിന്റെ ഭാഗമായി നിയമപരമായി ലഭിച്ച ധനം ദരിദ്രനുകൂടെ കിട്ടുന്ന വിധം പങ്കുവച്ച് അവരുമായി അനുരജ്ഞനപ്പെടുന്നതുവഴി സിദ്ധിക്കുന്നതാണ് പാപമോചനവും രക്ഷയും എന്ന കാര്യം നമ്മുടെ അനുതാപപ്രക്രിയയിൽ കാണാറില്ല . വരുന്നവരുടെയൊക്കെ നിറുകയിൽ കുരിശു വരച്ച് പാപമോചനം നൽകുവാനുള്ള സിദ്ധികളൊന്നും വികാരിയച്ചനില്ല . അനുതാപത്തിന്റെ ഏറ്റുപറച്ചിലും അതനുസരിച്ചുള്ള അനുരജ്ഞനപ്രവൃത്തികളും ഉണ്ടാകുമ്പോൾ ചേർന്നുനിന്ന് പാപമോചനത്തിന് ആശീർവ്വാദം കൊടുക്കുവാനുള്ള ദൈവകൃപയാണ് വൈദികനുള്ളത് എന്നത് അച്ചനും വിശ്വാസിയും ഓർക്കുക. ഞായറാഴ്ച രാവിലെ പള്ളിയിൽ അച്ചന്റെ മുമ്പിൽ കുലച്ച വാഴ പോലെ നിന്ന് നിറുകയിൽ റൂശ്മ ചെയ്യിപ്പിച്ചതു കൊണ്ട് ആരും പാപമോചനം പ്രാപിക്കുന്നില്ല .സഭയിൽ എളുപ്പമാർഗ്ഗത്തിലുള്ള പാപമോചനത്തിന് അടുത്ത കാലത്ത് ആരോ സൃഷ്ടിച്ചെടുത്ത അർത്ഥശൂന്യവഴികൾ തിരിച്ചറിഞ്ഞ് യഥാർത്ഥ അനുതാപത്തിന്റെ ദിനങ്ങളിലേക്ക് നോമ്പുകാലത്ത് പ്രവേശിക്കുവാൻ ഇടയാകട്ടെ .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ