2024, ഏപ്രിൽ 18, വ്യാഴാഴ്‌ച

അഴിഞ്ഞാടിയത് കാവിപ്പട
 , കേസ് മദർ തെരേസ സ്കൂളിന് ; തെലങ്കാനയിൽ കോൺഗ്രസ് സർക്കാരിന്റെ ഇരട്ടത്താപ്പ്.

ക്രൈസ്തവസഭയുടെ കീഴിലുള്ള സെന്റ്‌ മദർ തെരേസ ഇംഗ്ലീഷ് മീഡിയം സ്കൂൾ സംഘപരിവാറുകാർ അടിച്ചു തകർത്തതിനു പിന്നാലെ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര വകുപ്പ്‌ ചുമത്തി കേസെടുത്ത്‌ തെലങ്കാനയിലെ കോൺഗ്രസ്‌ സർക്കാർ. വടക്കൻ ജില്ലയായ മഞ്ചേരിയയിലെ കണ്ണേപള്ളി ഗ്രാമത്തിലുള്ള സ്‌കൂളിൽ പട്ടാപ്പകൽ ഇരച്ചു കയറി ആക്രമണം നടത്തിയ ഒരാളെയും ദിവസങ്ങള്‍ക്കു ശേഷവും പിടികൂടിയിട്ടില്ല. ഇതോടെ, മുൻ എബിവിപി നേതാവായ കോൺഗ്രസ്‌ മുഖ്യമന്ത്രി രേവന്ത്‌ റെഡ്ഡി സംഘപരിവാറുകാരെ സംരക്ഷിക്കുകയാണെന്ന വിമർശം ശക്തമായി.

ചൊവ്വാഴ്‌ചയാണ്‌ ജയ്‌ശ്രീറാം വിളികളുമായി സംഘപരിവാർ അക്രമികൾ സ്‌കൂളും മദര്‍ തെരേസയുടെ രൂപവും കല്ലെറിഞ്ഞ് തകര്‍ത്തത്‌. സ്കൂളില്‍ കാവിക്കൊടിയും കെട്ടി. സ്കൂള്‍ മാനേജരെ വിളിച്ചിറക്കി നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു. സംഘര്‍ഷത്തില്‍ മാനേജർ കണ്ണൂർ സ്വദേശി വൈദികൻ ജെയ്‌മോന്‌ 
മര്‍ദനമേറ്റു. സ്ഥലത്തെത്തിയ പൊലീസ്‌ അക്രമികളെ അറസ്റ്റ്‌ ചെയ്യാൻ തയ്യാറായില്ല.

സംഭവം വിവാദമായതിനു പിന്നാലെ, സ്‌കൂൾ മാനേജർ, പ്രിൻസിപ്പൽ എന്നിവർ അടക്കമുള്ളവർക്ക് എതിരെ മതവികാരം വ്രണപ്പെടുത്തൽ, രണ്ടു വിഭാഗങ്ങൾക്കിടയിൽ മനപ്പൂർവം ശത്രുത വളർത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസെടുത്തു. ആക്രമണത്തിന്‌  നേതൃത്വം നൽകിയ നാലു പേരുടെ പേരടക്കം സ്‌കൂൾ അധികൃതർ പരാതി നൽകിയെങ്കിലും ആരെയും പിടികൂടിയിട്ടില്ല. അനധികൃതമായി കൂട്ടംചേരൽ, അതിക്രമിച്ച്‌ കടക്കൽ തുടങ്ങിയ
വകുപ്പുകൾ മാത്രമാണ്‌ അക്രമികൾക്ക് എതിരെ ചുമത്തിയത്‌.

ഹനുമാൻ ദീക്ഷ ആചരണത്തിന്റെ ഭാ​ഗമായി കുട്ടികൾ കാവിവേഷം ധരിക്കുന്നുണ്ടെങ്കിൽ, രക്ഷിതാക്കൾ സ്‌കൂൾ  അധികൃതരെ ഇത്‌ അറിയിക്കണമെന്ന്‌ ആവശ്യപ്പെട്ടതാണ് സംഘപരിവാറുകാരെ പ്രകോപിപ്പിച്ചത്. സ്‌കൂൾ അധികൃതരുടെ നിര്‍ദേശമാണ് ആക്രമണത്തിന്‌ കാരണമെന്നാണ് പൊലീസ് നിലപാട്. പരീക്ഷ നടക്കുന്നതിനാൽ പൊലീസ്‌ കാവലിൽ സ്‌കൂൾ പ്രവർത്തിക്കുന്നുണ്ടെന്ന്‌ ഫാദർ ജെയ്‌മോൻ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു. ഭീഷണിയുള്ളതിനാൽ ആരും സ്‌കൂൾ മേഖല വിട്ട്‌ പുറത്തു പോകുന്നില്ല.16 വർഷമായി തെലങ്കാനയിൽ മിഷണറി പ്രവർത്തനം നടത്തുന്ന അദ്ദേഹം പറഞ്ഞു.  
ആക്രമണം ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കിയതാണെന്ന്‌ സ്‌കൂൾ അധികൃതർ പറഞ്ഞു. മതപരമായ വസ്‌ത്രം ധരിച്ചെത്തിയ കുട്ടികളെ പരീക്ഷ എഴുതിച്ചില്ലെന്ന വ്യാജ വാർത്ത പ്രചരിപ്പിക്കുകയും പിന്നാലെ സംഘപരിവാറുകാർ ഗേറ്റ്‌ തകർത്തെത്തി ആക്രമണം നടത്തുകയായിരുന്നു. നാലു മണിക്കൂറോളം ആക്രമണം തുടർന്നു. 

Read more at: https://www.deshabhimani.com/post/20240418_28309/Telengana-school-attack-fir-filed-against-school-no-cases-against-mob

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ