ദൈവ വിശ്വാസം ധന സമ്പാദനത്തിനുള്ള എളുപ്പ മാർഗമായി മാറുമ്പോൾ അന്ധ വിശ്വാസങ്ങൾ പെരുകും. അന്ധവിശ്വാസങ്ങളെ തടയാൻ തയ്യാറാക്കിയ നിയമം ഇപ്പോഴും മോക്ഷം തേടി സർക്കാർ ഫയലിൽ ഉറങ്ങുന്നുണ്ട് . അന്ധ വിശ്വാസവും ദൈവ വിശ്വാസവും തമ്മിലുള്ള അഭേദ്യ ബന്ധം തന്നെയാണ് നിയമ നിർമ്മാണത്തിൽ പ്രകടമാകുന്ന അലംഭാവത്തിന് കാരണം. മതസ്വത്ത് ഭരണത്തിൽ സുതാര്യത ഉറപ്പു വരുത്താൻ കഴിയുന്ന നിയമ നിർമ്മാണ അധികാരം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തി ഇന്ത്യൻ ഭരണഘടന കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നൽകിയിട്ടുണ്ട്. കേരളത്തിൽ മാറി മാറി പല വട്ടം അധികാരം ലഭിച്ച നവോത്ഥാനത്തിന്റെ പിൻമുറക്കാരായ ഇടതുപക്ഷ സർക്കാരുകൾക്ക് ആ നിയമ നിർമ്മാണ അധികാരം കേരളത്തിൽ വിനിയോഗിക്കാൻ എന്തേ ഇനിയും കഴിയാത്തത് എന്ന പരിശോധനയും നടത്തുന്നത് നന്ന്.
മുമ്പ് രാജ ഭരണത്തിലായിരുന്ന ഹൈന്ദവ ക്ഷേത്രങ്ങൾ മാത്രമാണ് കേരളത്തിൽ ദേവസ്വം നിയമത്തിന്റെ പരിധിയിലുള്ളത്. മൺമറഞ്ഞ ആൾദൈവമായ സായിബാബയുടെ പേരിലുള്ള ആന്ധ്രയിലെ മുവ്വായിരം ക്ഷേത്രങ്ങൾ ഹിന്ദു റിലീജിയസ് ഇൻസ്റ്റിറ്റ്യൂഷൻസ് ആൻഡ് എൻഡോവ്മെന്റ് ആക്ട് 1987 നിയമത്തിന്റെ പരിധിയിലാക്കാൻ തീരുമാനിച്ചതിന്റെ വാർത്ത വായിക്കാം.https://m.timesofindia.com/city/hyderabad/govt-to-take-over-sai-baba-temples/articleshow/588154543.cms
മഹാരാഷ്ട്ര സർക്കാർ സായിബാബാ ട്രസ്റ്റ് സ്വത്തു ഭരണത്തിന് പാസാക്കിയ നിയമം ഇതാണ്
https://acrobat.adobe.com/link/review?uri=urn:aaid:scds:US:f7541e77-994a-3d44-b7b3-3e51cdae7612
സഹ്യന് അപ്പുറത്ത് മറ്റ് ഇടതുപക്ഷേതര സർക്കാരുകൾക്ക് പാസാക്കാൻ കഴിഞ്ഞതിന് സമാനമായ നിയമം നടപ്പിലാക്കാൻ അറക്കുന്ന കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്റെ വിമുഖതക്ക് എന്ത് ന്യായീകരണമാണുള്ളത് ? ഇന്ത്യൻ ഭരണഘടന ലെജിസ്ളേച്ചറുകൾക്ക് നൽകിയ അധികാരം ഉപയോഗിച്ച് നിയമ നിർമ്മാണം പൂർത്തിയാക്കിയ ഒരു സംസ്ഥാനത്തും സ്വത്തധികാര തർക്കങ്ങൾ മതങ്ങളുടെ സ്വകാര്യ
നിയമങ്ങളെ ആധാരമാക്കി സിവിൽ കോടതികൾ തീർപ്പ് കൽപ്പിക്കാറില്ല.
കേരളത്തിൽ അമൃതാനന്ദ മഠം , ചക്കളത്ത് കാവ് , മള്ളിയൂർ , നങ്ങ്യാർ കുളങ്ങര നാഗ ക്ഷേത്രം ഉൾപ്പെടെ എത്രയോ സ്വകാര്യ ക്ഷേത്രങ്ങൾ ദേവസ്വം നിയമത്തിന് പുറത്ത് അന്ധവിശ്വാസ ഉൽപ്പാദന കേന്ദ്രങ്ങളായി നില നിൽക്കുന്നുണ്ട്. അവയെല്ലാം പൗരോഹിത്യ അധികാര കേന്ദ്രീകൃത സ്വകാര്യ നിയമങ്ങളാലാണ് ആണ് ഇവയുട ഭരണം നിയന്ത്രിക്കപ്പെടുന്നത്.
കേരളത്തിലെ ക്രൈസ്തവ ആരാധനാലയങ്ങളുടെ സ്വത്ത് ഭരണത്തിന് ജസ്റ്റീസ് വി.ആർ.കൃഷ്ണ അയ്യർ ചെയർമാനായ നിയമ പരിഷ്കാര കമ്മീഷൻ തയ്യാറാക്കി നിയമ നിർമ്മാണത്തിന് 2009 ൽ കേരള സർക്കാരിന് നൽകിയ നിയമവും ( https://docs.google.com/document/d/1gklSEfuIMmg_Sp0E8JvOpMJ66_jQ_ZZdUeUjDF4LoJ0/edit?usp=drivesdk) പാസാക്കാതെ ഇപ്പോഴും സർക്കാർ ഫയലിൽ ഉറങ്ങുകയാണ്. ഈ നിയമം പാസാക്കാത്തതിന് കാരണം മതപൗരോഹിത്യത്തിന്റെ സമ്മർദ്ദത്തിന്റെ ഫലമായാണ്. യഥർത്ഥ മതവിശ്വാസികൾ പൗരോഹിത്യ ദുഷ് പ്രഭുത്വ അധികാര ശ്രേണിയോടൊപ്പമല്ല എന്ന തിരിച്ചറിവ് ആണ് സർക്കാരിന് ഉണ്ടാകേണ്ടത്. ഈ നിയമ നിർമ്മാണത്തെ കേരളത്തിലെ പൗരോഹിത്യ സ്വത്തധികാര വാദികൾ എതിർക്കുന്നത് ആരാധനാലയങ്ങൾ സർക്കാർ ഏറ്റെടുക്കുന്നു എന്ന വ്യാജാരോപണം വിശ്വാസികളുടെ ഇടയിൽ പ്രചരിപ്പിച്ചു കൊണ്ടായിരുന്നു. 1954 ലെ രചിലാൽ പനഞ്ചന്ത് കേസിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് വിധി പ്രകാരം മതസ്വത്ത് ഭരണ ഗവേണിംഗ് ബോർഡിൽ അതാതു മതവിശ്വാസികൾക്ക് അല്ലാതെ സർക്കാർ നോമിനികൾക്ക് പ്രാതിനിധ്യം ലഭിക്കില്ല എന്നത് സൗകര്യപൂർവ്വം മറച്ചു വച്ചാണ് വിശ്വാസികൾക്ക് സുതാര്യ മാനേജ്മെന്റ് പങ്കാളിത്തം ലഭിക്കുന്ന ചർച്ച് ആക്ടിനെ പൗരോഹിത്യ സ്വത്തധികാര വാദികൾ എതിർക്കുന്നത്. സുപ്രീം കോടതി വിധി വായിക്കാം
https://indiankanoon.org/doc/1307370/
ക്രൈസ്തവ സഭകൾക്ക് ഉള്ളിൽ തന്നെ ഉടലെടുക്കുന്ന തർക്കങ്ങൾക്ക് പ്രധാന കാരണം സ്വത്ത് വിനിയോഗ അവകാശ പ്രശ്നങ്ങൾ തന്നെയാണ്. അതാതു സഭകളിലെ പുരോഹിതരടക്കമുള്ള വിശ്വാസികൾക്ക് തുല്യ അധികാരങ്ങളോടെ സ്വത്ത് ഭരണം നടത്താൻ കഴിയുന്ന ജസ്റ്റീസ് കൃഷ്ണ അയ്യരുടെ നിയമം പാസാക്കിയിരുന്നെങ്കിൽ കേരളത്തിൽ സീറോ മലബാർ സഭയിലെ സ്വത്ത് വിനിയോഗ വിവാദമോ , പള്ളി ഉടമാവകാശം സംബന്ധിച്ച ഓർത്തഡോക്സ് /യാക്കോബായ തെരുവ് സംഘർഷങ്ങളോ ഉണ്ടാകില്ലായിരുന്നു .സമാനമായി ഇതര ക്രൈസ്തവ സഭകളിലും പ്രകടമാകുന്ന തർക്കങ്ങളും നിയമം മൂലം പരിഹരിക്കാൻ
കഴിയുമായിരുന്നു. ഹൈന്ദവ , ഇസ്ളാം മതം സ്ഥാപനങ്ങൾക്ക് ബാധകമായ ദേവസ്വം നിയമവും , വഖഫ് ആക്ടും നില നിൽക്കുന്ന കേരളത്തിൽ ക്രൈസ്തവ മത സ്ഥാപനങ്ങളുടെ മത സ്വത്ത് ഭരണത്തിൽ സമഗ്രമായ നിയമം രൂപീകരിക്കുന്നതിൽ സർക്കാർ വരുത്തുന്ന വീഴ്ച കേരളത്തിലെ സാമൂഹിക സൗഹൃദം കലുഷിതമാക്കുന്ന വർഗീയ ചേരിതിരിവിന് മതമൗലികവാദികൾ ഉപയോഗിക്കുന്നുണ്ട് എന്നത് സർക്കാർ തിരിച്ചറിയണം.
അന്ധവിശ്വാസങ്ങളെ ഇല്ലായ്മ തടയാൻ മാത്രം നിയമം ഉണ്ടായാൽ ലക്ഷ്യം നേടാൻ കഴിയില്ല. ഈ വൈറസിന്റെ ഉൽപ്പാദക ഫാക്ടറികളാകുന്ന ആരാധനാലയങ്ങളുടെ സ്വത്ത് ഭരണം സുതാര്യമാകുന്ന നിയമ നിർമ്മാണം കൂടാതെയുള്ള അന്ധവിശ്വാസ നിർമ്മാർജ്ജന നിയമ രൂപികരണം കേവലം തൊലി പുറമെയുള്ള ചികിത്സ മാത്രമാകും. ഇക്കാര്യത്തിൽ മാതൃകയായ ബോബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 ന് സമാനമായ സ്വത്തു ഭരണ നിയമം കൂടി നിർമ്മിക്കാതെ ശാശ്വത പരിഹാരം ഉണ്ടാകില്ല. നവോത്ഥാനത്തിന്റെ പിൻമുറക്കാരാകേണ്ട ഇടതു പക്ഷ സർക്കാർ പൗരോഹിത്യ മൂലധന താൽപര്യത്തിന് പകരം അതാതു മതങ്ങളിലെ മഹാഭൂരിപക്ഷം വിശ്വാസി സമൂഹത്തിന്ന് ഇന്ത്യൻ ഭരണഘടന നൽകുന്ന സ്വത്ത് ഭരണ അവകാശത്തിനാകണം പ്രാധാന്യം നൽകേണ്ടത്. സുപ്രീം കോടതിയിൽ ഭരണഘടനാ ബഞ്ച് അംഗീകരിച്ച ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 വായിക്കാം
https://charity.maharashtra.gov.in/Portals/0/Files/B.P.T.Act,1950.pdf
കേരളത്തിന്റെ സാംസ്കാരിക ബോധത്തെ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് സ്വാതന്ത്ര്യ പൂർവ്വ കാലഘട്ടത്തിലെ സാമൂഹിക പരിഷ്കർത്താക്കൾ അന്നത്തെ പാരമ്പര്യ മത മൗലിക വാദങ്ങളുടെ എതിർപ്പുകളെ അതി ജീവിച്ച് നടത്തിയ നവോത്ഥാന ആശയ പ്രചരണങ്ങളാണ്. അവർ തുടങ്ങി വച്ച നവോത്ഥാനത്തിന്റ തുടർച്ച ഉറപ്പാക്കാൻ ബാധ്യസ്ഥരായ ഇടതു പക്ഷ സർക്കാരിൽ നിന്നാണ് മതസ്വത്ത് ഭരണ സമഗ്ര നിയമം കേരളത്തിലെ നവോത്ഥാന പക്ഷ ജനതി പ്രതീക്ഷിക്കുന്നത്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന ഏതൊരു അലംഭാവത്തിനും ഉത്തരം നൽകാൻ ഇടതുപക്ഷം തയ്യാറാകേണ്ടി വരും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ