1957ലെ ഇ.എം.എസ് സർക്കാർ പാസാക്കിയ വിദ്യാഭ്യാസ ബിൽ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ തടയാൻ കഴിയുന്ന സമഗ്ര നിയമം ആയിരുന്നു. രാഷ്ട്രപതി ആ നിയമത്തിന് അംഗീകാരം നൽകാതെ നിയമ പരിശോധനക്കായി സുപ്രീം കോടതിക്ക് സമർപ്പിച്ചു. സുപ്രീം റദ്ദാക്കിയ ചില വകുപ്പ് മാറ്റങ്ങളോടെ കേരളത്തിൽ ആ നിയമം എത്തിയപ്പോൾ ഭരണം നടത്തിയിരുന്നത് വിമോചന സമരത്തെ തുടർന്ന് അധികാരത്തിലെത്തിയ പട്ടം മന്ത്രിസഭ ആയിരുന്നു. സ്വകാര്യ സ്കൂൾ മാനേജർമാരുടെ പിന്തുണയോടെ നടന്ന വിമോചന സമര ഉൽപ്പന്നമായ പട്ടം മന്ത്രിസഭ സ്വകാര്യ സ്കൂൾ മാനേജർമാരുടെ സമ്മർദ്ദത്തിൽ വരുത്തിയ പരിഷ്കാരങ്ങളാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ കോഴക്കും , വിദ്യാഭ്യാസ കച്ചവടത്തിനും അടിസ്ഥാന കാരണം .
കേരളത്തിൽ പിന്നീട് പലപ്പോഴായി ഇടതുപക്ഷ സർക്കാരുകൾ അധികാരത്തിൽ വന്നെങ്കിലും പട്ടം മന്ത്രിസഭയുടെ വിദ്യാഭ്യാസ ബില്ലിലെ അറുവഷളൻ പിന്തിരിപ്പൻ പരിഷ്കാരങ്ങൾ തിരുത്താൻ ഒരിക്കൽ പോലും തയ്യാറായില്ല എന്നത് ഇടതു പക്ഷ സർക്കാരുകളുടെ ദൗർബല്യം തന്നെയാണ്. എയിഡഡ് സ്കുളിലെ വേതന സമ്പ്രദായം 1974 ൽ യൂണിവേഴ്സിറ്റി ആക്ട് ഭേദഗതിയിൽ കൂടി എയിഡഡ് കോളജ് ജീവനക്കാർക്കും ബാധകമാക്കി. മെറിറ്റിനെയും, സാമൂഹിക നീതിയെയും അവഗണിച്ച് കീശയിലെ കാശിന്റെ അളവ് അനുസരിച്ചുള്ള അദ്ധ്യാപക നിയമനരീതി വിദ്യാഭ്യാസ നിലവാരത്തിന് വരുത്തുന്ന ആഘാതം ഒട്ടും ചെറുതല്ല. നിയമനത്തിന്റെ സമ്പൂർണ്ണ അധികാരം മാനേജ്മെന്റിനും , വേതനം നൽകാനുള്ള ചുമതല സർക്കാരിനും എന്ന കാട്ടു നീതിയുടെ കാവൽക്കാരായി എത്രകാലം ഇടതുപക്ഷ പാർട്ടികൾക്ക് ഇനിയും തുടരാൻ കഴിയും ? നാടിന്റെ വികസനത്തിനായി നീക്കി വെക്കേണ്ട സർക്കാർ ഫണ്ട് എയിഡഡ് മേഖലയിലെ സേവനാനുകൂല്യത്തിന് ചിലവഴിക്കേണ്ട അശാസ്ത്രീയ സമ്പ്രദായം പൊളിച്ചെഴുതേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
മതസ്വത്ത് ഭരണത്തിന് ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് 1950 എന്നത് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് അംഗീകരിച്ച നിയമമാണ്. അത്തരമൊരു നിയമം കേരളത്തിൽ ഉണ്ടായിരുന്നങ്കിൽ മതസ്ഥാപനങ്ങൾ നടത്തുന്ന എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളിൽ ഇടപെടാൻ സർക്കാരിന് കഴിയുമായിരുന്നു.
സീറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസ് സംബന്ധിച്ച കേരളാ ഹൈക്കോടതി വിധിയിൽ ഇത്തരം ഒരു നിയമ നിർമ്മാണത്തിന് കേരളത്തിൽ തയ്യാറാകാത്ത സർക്കാർ അനാസ്ഥയെ ശക്തമായി വിമർശിച്ചിരുന്നു. ബോംബെ പബ്ളിക് ട്രസ്റ്റ് ആക്ട് തങ്ങൾക്ക് ബാധകമല്ലെന്നും കാനോൻ നിയമമാണ് ബാധകമെന്നും വാദിച്ച് കത്തോലിക്കാ സഭ ബോംബെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആ നിലപാടിനെ നിരാകരിച്ച് കത്തോലിക്കാ മതസ്വത്ത് ഭരണത്തിൽ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ട് ബാധകമാക്കി 1960 ൽ തന്നെ വിധി പറഞ്ഞിരുന്നു. ബോംബെ ഹൈക്കോടതി തള്ളിക്കളഞ്ഞ അതേ ഫ്യൂഡൽ കാനോൻ നിയമത്തിന്റെ ബലത്തിൽ ഭൂമി ഇടപാട് കേസിൽ കത്തോലിക്കാ സഭയെ പിന്തുണച്ച് സുപ്രീംകോടതിയിൽ കേരളാ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം ക്രൈസ്തവ സഭകൾക്കുള്ളിലെ നവോത്ഥാന പ്രസ്ഥാനങ്ങളെ ഏറെ നിരാശപ്പെടുത്തുന്നതാണ്.
സുപ്രീം കോടതി അംഗീകരിച്ച 1957 ലെ വിദ്യാഭ്യാസ നിയമത്തിലേക്ക് തിരിച്ച് പോയാൽ മാത്രമേ എയിഡഡ് നിയമന കോഴകൾ തടയാൻ കഴിയൂ. അതോടൊപ്പം മതസ്വത്ത് ഭരണത്തിന് സമഗ്രമായ നിയമ നിർമ്മാണവും ആവശ്യമാണ്. കേരളത്തിലെ ക്രൈസ്തവ സഭകളിലും , ഇതര മത സാമുദായിക സംഘടനകളിലും നടക്കുന്ന അന്തഛിദ്രങ്ങളും, സ്വത്തധികാര തർക്കങ്ങൾക്കും പ്രധാന കാരണം വിദ്യാഭ്യാസ കച്ചവടത്തിൽ കൂടി സംഭരിക്കുന്ന കൊള്ള മുതലിന്റെ പങ്കവകാശത്തിന് വേണ്ടിയുള്ളതാണ്. മതസ്വത്ത് ഭരണത്തിൽ തുല്യ നീതിയും ലിംഗ സമത്വവും ഉറപ്പു വരുത്തുന്ന സമഗ്ര മതസ്വത്ത് ഭരണ നിയമ നിർമ്മാണത്തിൽ സർക്കാർ പുലർത്തുന്ന അലംഭാവം നവോത്ഥാന ചിന്തകളിൽ നിന്നുള്ള ഒളിച്ചോട്ടമാണ്.
യഥാർത്ഥത്തിൽ എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കോഴ നിയമന സമ്പ്രദായം അതാതു മതങ്ങളിലെ ഭൂരിപക്ഷം വരുന്ന ദരിദ്രരായ വിശ്വാസികളുടെ താൽപര്യങ്ങളെ തന്നെയാണ് ഹനിക്കുന്നത്. ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിശ്വാസികൾ ലാഭക്കൊതി മൂത്ത പൗരോഹിത്യ അധികാരികളുടെ സ്വാധീന വലയത്തിലാണെന്ന തെറ്റിദ്ധാരണ തിരുത്താൻ സർക്കാർ തയ്യാറാകണം.
1957 ലെ നിയമം അനുശാസിക്കുന്നു പോലെ പി.എസ്.സി ലിസ്റ്റിൽ നിന്നുള്ള നിയമന രീതി അതാതു മതങ്ങളിലെ അക്കാദമിക് മികവുള്ള ദരിദ്രരായ ഉദ്യോഗാർത്ഥികൾക്ക് ഏറെ അനുഗ്രഹകരമാണ് എന്നതാണ് സത്യം. വിമോചന സമരകാലത്ത് നിന്നും കേരളം ഏറെ മുന്നോട്ടു പോയി എന്ന് തിരിച്ചറിവ് ആണ് സർക്കാരിന് ഉണ്ടാകേണ്ടത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ